വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന് സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? പരിശോധിക്കാം; ഗവ. രേഖകള്‍ മാത്രം പരിഗണിച്ച്. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം ആകെ ലാഭം 49,560 കോടി രൂപയെന്നാണ് വിവരസാങ്കേതിക മന്ത്രാലയം പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചത്. ഇതില്‍ 26,408 കോടി പാചക വാതക സബ്‌സിഡി ഇനത്തിലും 14,000 കോടി പൊതു വിതരണ സംവിധാനത്തില്‍നിന്നും 7633 കോടി തൊഴിലുറപ്പു പദ്ധതിയില്‍നിന്നും 1519 കോടി രൂപ മറ്റു പദ്ധതികളില്‍ നിന്നുമാണ്. പാചക വാതക സബ്‌സിഡിയിനത്തിലെ ലാഭം 2014-15 ല്‍ 14,672 കോടിയും 2015-16ല്‍ 6,912 കോടിയും 2016-17ല്‍ 4,824 കോടി രൂപയുമാണ്. ലാഭം കണക്കാക്കിയ രീതികൂടി പരിശോധിക്കേണ്ടതുണ്ട്. ഒരു വര്‍ഷം ഒരു വീടിന് അനുവദിച്ചിട്ടുള്ള പരമാവധി സിലിണ്ടറുകളുടെ എണ്ണമായ 12 കൊണ്ട് ഒരു വര്‍ഷത്തെ ശരാശരി സബ്‌സിഡി നിരക്കിനെ ഗുണിച്ച് അതിനെ ഒരു വര്‍ഷം ആകെ റദ്ദു ചെയ്‌തിട്ടുള്ള കണക്ഷനുകളുടെ എണ്ണവുമായി വീണ്ടും ഗുണിക്കുകയായിരുന്നു. ഈ കണക്കുകൂട്ടലില്‍ പല പ്രശ്‌നങ്ങളുണ്ട്. ഒന്ന്: 2014 നവംബറിലാണ് ആധാര്‍ അധിഷ്‌ഠിത സബ്‌സിഡി വിതരണം ആരംഭിച്ചത്. 2010 മുതല്‍ പാചകവാതക ഗുണഭോക്‌തൃ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രക്രിയ (ഡീഡൂപ്ലിക്കേഷന്‍)ഉണ്ടായിരുന്നു. അത്തരത്തില്‍ റദ്ദാക്കപ്പെട്ട കണക്ഷനുകള്‍ കൂടി ആധാര്‍ മൂലമുള്ള ലാഭക്കണക്കില്‍പ്പെടുത്തിയിരിക്കുന്നു. രണ്ട്, ഇന്ത്യയില്‍ ഒരു കുടുംബത്തിന്റെ ശരാശരി പാചകവാതക സിലിണ്ടര്‍ ഉപയോഗം 6.27 ആണെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌തന്നെ പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വില്‍പ്പനയില്‍ ആനുപാതിക വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. അപ്പോള്‍ 12 കൊണ്ടുള്ള ഗുണനം തെറ്റാണെന്നു കാണാം. മൂന്ന്, സബ്‌സിഡി സ്വയം ഉപേക്ഷിച്ച ആളുകളുടെ എണ്ണം ഇതില്‍നിന്നു കുറവു ചെയ്യേണ്ടതുണ്ട്. നാല്, സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭത്തിന്റെ 92 ശതമാനവും അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമാണ്. സി.എ.ജി. റിപ്പോര്‍ട്ടിലെ പേജ് 50ല്‍ ഇത് വ്യക്‌തമായി പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ ആകെ ലാഭം 1763.93 കോടിയാണ്. അഞ്ച്, 2015 നവംബര്‍ 30ലെ ക്യാബിനറ്റ് സെക്രട്ടറിയുടെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. ഇരട്ടിപ്പു നീക്കം ചെയ്യുന്നത് മാസാടിസ്‌ഥാനത്തിലാണ്. മാസാമാസം സബ്‌സിഡി ഇനത്തിലും വ്യതിയാനം ഉണ്ടാകുന്നു. അതുകൊണ്ട് ഒരു വര്‍ഷം ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണത്തെ ശരാശരി സബ്‌സിഡി കൊണ്ടു ഗുണിക്കുന്നത് വളരെ വലിയ ലാഭക്കണക്കുകളിലേക്കെത്തിക്കും. ഓരോ മാസത്തെയും കണക്ക് പ്രത്യേകം എടുത്ത് ആകെ ലാഭം കൂട്ടി നോക്കേണ്ടിയിരുന്നു. അതു പ്രകാരം ലാഭം വെറും 91 കോടി രൂപ മാത്രമാണ്. ആറ്, ഇതുവരെ നാം ലാഭം കണക്കാക്കിയത് ആധാര്‍ പദ്ധതി പ്രാബല്യത്തില്‍വരുത്താനുള്ള ചെലവു കണക്കിലെടുക്കാതെയാണ്. ഇതുകൂടി പരിഗണിച്ച് ഐ.ഐ.എസ്.ഡി. എന്ന കനേഡിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആധാര്‍ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടായിരിക്കുന്നത് 97 കോടി രൂപയുടെ നഷ്‌ടമാണ്. റിസര്‍വ് ബാങ്കിന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. 50,000 കോടി രൂപയുടെ കണക്കില്‍ രണ്ടാമത്തെ വലിയ ഭാഗം പൊതു വിതരണ സംവിധാനത്തില്‍ നിന്നുമാണ്. 2.33 കോടി ഡൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിലൂടെ 14,000 കോടി രൂപ ലാഭിച്ചു എന്നായിരുന്നു വാദം. 2016 സെപ്‌റ്റംബര്‍ 15ന് ഭക്ഷ്യ സെക്രട്ടറിയുടെ കോണ്‍ഫറന്‍സില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വത്‌കരണത്തിലൂടെ കണ്ടെത്തിയ ഇരട്ടിപ്പുകളും സാമ്പത്തിക നിലയില്‍ വന്ന മാറ്റം മൂലം (ബി.പി.എല്‍/എ.പി.എല്‍) സംഭവിച്ച കുറവും സ്‌ഥലം മാറ്റവും മരണവും കുടിയേറ്റവും ആധാര്‍ അധിഷ്‌ഠിത ഡീഡ്യൂപ്ലിക്കേഷനും എല്ലാം ചേര്‍ന്നതാണ് ഈ 2.33 കോടി. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം ആധാര്‍ സീഡിങ് ആരംഭിച്ചിട്ടേയില്ലാത്ത അസമില്‍ 72,746 റേഷന്‍ കാര്‍ഡുകളാണ് റദ്ദാക്കപ്പെട്ടത്. 100% ആധാര്‍ സീഡിങ് നടത്തിയ കേരളത്തില്‍ ഒരു കാര്‍ഡ് പോലും റദ്ദാക്കപ്പെട്ടിട്ടുമില്ല. അതില്‍നിന്ന് 14,000 കോടിയുടെ അവകാശവാദം അസംബന്ധമാണെന്നു വ്യക്‌തം. തൊഴിലുറപ്പു പദ്ധതിയിലോ മറ്റു പരിപാടികളിലോ ഉണ്ടായിട്ടുള്ള ലാഭം എങ്ങനെ കണക്കാക്കിയെന്ന് വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. അതിനര്‍ഥം പാചകവാതക സബ്‌സിഡിയിലും പൊതുവിതരണ സംവിധാനത്തിലും നല്‍കിയതുപോലുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ സാധൂകരിക്കാന്‍ നിലവിലില്ല എന്നാണ്. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ പദ്ധതികൊണ്ട് സര്‍ക്കാരിനോ ജനത്തിനോ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന് സര്‍ക്കാര്‍രേഖകളില്‍നിന്നുതന്നെ വ്യക്‌തം. ആയിരങ്ങളാണ് ആധാര്‍ ഇല്ലാത്തതിന്റെ പേരിലും ഉണ്ടായിരുന്നിട്ടും പല സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരിലും റേഷനും പെന്‍ഷനും ചികിത്സയും നിഷേധിക്കപ്പെട്ടു നരകിക്കുന്നത്. കുട്ടികള്‍ വിശന്നു മരിക്കുമ്പോള്‍ ഓരോ മരണവും ആധാര്‍ ഡീഡൂപ്ലിക്കേഷന്റെ ലാഭക്കണക്കിലെഴുതിച്ചേര്‍ത്ത് ഭരണകൂടം ആനന്ദിക്കുകയാണ്. 50,000 കോടിയുടെ നുണ ആവര്‍ത്തിക്കപ്പെടുകയാണ്.
തെരുവില്‍ പ്രതിഷേധിക്കുന്നവരോട് നിങ്ങള്‍ കോടതി വിധി ഒന്നു വായിച്ചു നോക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. വിധി വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് നീതി നിഷേധത്തിന്റെ ചിത്രമാണെന്ന് അധികാരികളോടും കോടതിയോടും പറയേണ്ടത് സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്ന ഓരോ പൗരരുടേയും കടമയാണ്.
“സാമൂഹികോദ്ഗ്രഥനത്തേയും ഭരണഘടനാമൂല്യങ്ങളേയും ദോഷകരമായി ബാധിക്കുന്ന ജാതി വ്യവസ്ഥയുടെ ശാശ്വതീകരണമാകരുത് ഒരു നിയമത്തിന്റെ ഫലം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്റെ വ്യാഖ്യാനം സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാകണം. അതുകൊണ്ട് നിഷ്‌കളങ്കരായ പൗരര്‍ക്കുമേല്‍ ജാതീയമായി കുറ്റം ചാര്‍ത്തപ്പെടുന്നത് തടയേണ്ടതുണ്ട്.” എസ് സി/എസ് ടി നിയമത്തിലെ മര്‍മധാനമായ വകുപ്പുകള്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ ഒരു ഭാഗമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ജാതീയമായ വിവേചനം കാണിച്ചു എന്ന ഒരു കീഴ്ജീവനക്കാരന്റെ പരാതി വ്യാജമാണെന്നു പറഞ്ഞുകൊണ്ട് മഹാരാഷ്ട്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ. സുഭാഷ് കാശിനാഥ് സമര്‍പ്പിച്ച പരാതിയിന്മേലാണ് ജസ്റ്റിസുമാരായ എ.കെ.അഗര്‍വാള്‍, യു യു ലളിത് എന്നിവരടങ്ങുന്ന ബഞ്ച് സുപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. സ്ത്രീധനവിരുദ്ധ നിയമത്തിന്റെ (498എ) അന്തസത്ത ചോര്‍ത്തിക്കളയും വിധം ദുര്‍ബലപ്പെടുത്തിയ വിധിയും ഇതേ ബഞ്ചില്‍ നിന്നുമായിരുന്നു എന്നത് യാദൃശ്ചികമാകാം. ഈ കേസിലും പുന:പരിശോധനാ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. മൂന്നു നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുള്ളത്: 01. എസ്/എസ് ടി നിയമപ്രകാരമുള്ള കേസുകളില്‍ നിയമത്തിന്റെ 18-ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദനീയമല്ലെന്നത് തെറ്റാണ്. പരാതി വ്യാജമാണെങ്കില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണ്. 02. സര്‍ക്കാര്‍ ജീവനക്കാരന്റെ കാര്യത്തിലാണെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് നിയമനാധികാരിയുടെ അനുമതി വാങ്ങിയിരിക്കണം. മറ്റുള്ളവരുടെ കാര്യത്തില്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ അനുമതി വേണം. അനുമതികള്‍ രേഖാമൂലം ആരോപണ വിധേയനും മജിസ്‌ട്രേറ്റിനും കൈമാറിയിരിക്കണം. 03. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് ഡി.എസ്.പി. തലത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ട് 04. മേല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതിരുന്നാല്‍ അച്ചടക്ക നടപടിയും കോടതിയലക്ഷ്യ നടപടിയും ഉണ്ടായിരിക്കുന്നതാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2016-ല്‍ 40, 801 കേസുകളാണ എസ്.സി./എസ്.ടി. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ ചാര്‍ജ്ഷീറ്റിംഗ് നിരക്ക് 77 ശതമാനമാണ്. ശിക്ഷിക്കപ്പെടുന്നതാകട്ടെ 15.4 ശതമാനം മാത്രവും. ഇതിനു കാരണം പരാതികള്‍ വ്യജമായതുകൊണ്ടല്ല, പ്രോസിക്ക്യൂഷന്‍ ദുര്‍ബലമായിരുന്നതുകൊണ്ടാണെന്ന് ഗവണ്മെന്റ് രേഖകള്‍ തന്നെ പറയുന്നു. അതുകൊണ്ടാണ് തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുവാനുള്ള നിയമത്തിലും മറ്റുമുള്ളതുപോലെ, ദുരുപയോഗങ്ങള്‍ക്കെതിരെയുള്ള വകുപ്പ് എസ് സി/എസ്ടി നിയമത്തില്‍ വേണ്ട എന്നും വ്യാജ പരാതികള്‍ ഉണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മതിയായ വകുപ്പുകള്‍ കൊണ്ട് കൈകാര്യം ചെയ്യവുന്നതുമാണെന്നുമുള്ള നിലപാട് ഗവണ്മെന്റ് സ്വീകരിച്ചത്. നിയമത്തിലെ ജാതീയതയെക്കുറിച്ചു വ്യാകുലപ്പെടുന്ന കോടതി ചരിത്രപരവും സാമൂഹ്യവുമായ യാഥര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു എന്നു പറയാതെ വയ്യ. അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടേക്കാവുന്നവരെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കു വച്ചു കൊണ്ട് കോടതി പറയുന്നത് ഉന്നതമായ സാമൂഹിക മൂല്യങ്ങളെക്കുറിച്ചും, പരാവകാശങ്ങളെക്കുറിച്ചും, മൗലീക അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കോടതികള്‍ ഇടപെടെണ്ടതിലെ അനിവാര്യതയെക്കുറിച്ചും അതിന്റെ സാധുതയെക്കുറിച്ചുമാണ്. സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14, 19, 21) തുടങ്ങി മൗലീകാവകാശങ്ങള്‍ ഉല്ലംഘിക്കപ്പെട്ടാല്‍, അവ സംരക്ഷിക്കാന്‍ കോടതിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാം. എന്നാലത് നിയമപരമായ അവ്യക്തത ഉള്ള സന്ദര്‍ഭങ്ങളിലാണ്. ഇവിടെ നിയമം വളരെ വ്യക്തമാണ്. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യവും സ്പഷ്ടമാണ്. ഇത് ഭരണഘടനയുടെ ആത്മാവായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, അഭിമാനം എന്നീ മൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനുള്ള സാമൂഹിക ഇടപെടലുകളുടെ ഭാഗമാണ്. പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാരുടെ സംരക്ഷണത്തിനും ഉന്നമനത്തിനായി ഇടപെടാന്‍ ഗവണ്‍മെന്റുകളെ അധികാരപ്പെടുത്തുന്ന ആര്‍ട്ടിക്കിള്‍ 46, അസ്പൃശ്യതയമക്കെതിരെയുള്ള അവകാശം (ആര്‍ട്ടിക്കിള്‍17) എന്നിവയുടെ ലക്ഷ്യവും അത് തന്നെ. അതിന്റെ തുടര്‍ച്ചയായാണ് 1955ലെ അസ്പൃശ്യതാ വിരുദ്ധ നിയമവും, 1976ലെ സിവില്‍ അവകാശ സംരക്ഷണ നിയമവും വരുന്നത്. ജാതീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ നിയമങ്ങള്‍ അപര്യാപ്തമാണെന്ന തിരിച്ചറിവില്‍ നിന്നാണ് 1989-ല്‍ എസ്.സി./എസ.ടി. അതിക്രമം തടയല്‍ നിയമം കൊണ്ട് വരുന്നത്. തുടര്‍ന്നും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം നേടാനായില്ല എന്നു കണ്ടപ്പോള്‍ ഒരു ഭേദഗതിയിലൂടെ 2016-ല്‍ നിയമം വീണ്ടും ശക്തിപ്പെടുത്തുകയുണ്ടായി. അതായത് മൗലീകാവകാശങ്ങളില്‍ നിന്നും നിര്‍ദ്ദേശകതത്വങ്ങളില്‍ നിന്നും 2016-ലെ നിയമം വരെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സമത്വാധിഷ്ഠിതമായ ക്ഷേമരാഷ്ട്ര സങ്കല്പത്തിലേക്കുള്ള ചവിട്ടുപടികളാണ്. ആ വഴിയിലാണ്, സുപ്രീം കോടതിയുടെ ഈ പിന്നോട്ടു നടത്തം. ഇവിടെ പരമോന്നത നീതിപീഠത്തിന്റെ തന്നെ മുന്‍കാല തീര്‍പ്പുകളെ അവഗണിച്ചിട്ടുള്ളതായി കാണാം. ഇന്ത്യന്‍ ശിക്ഷാ നിയമം 438-ാം വകുപ്പിലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള അവകാശം എസ്.സി./എസ്,ടി, ആക്ട് അനുസരിച്ച് പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ഉണ്ടാവില്ല എന്നു പറയുന്ന നിയമത്തിലെ 18-ാം വകുപ്പ് ഭരണാഘടനാ വിരുദ്ധമല്ലെന്ന് 1995-ല്‍ ബലോത്തിയ കേസില്‍ സുപ്രീം കോടതി വിധിച്ചതാണ്. ഈ വിധിയില്‍ പട്ടിക ജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ അനുഭവിക്കുന്ന സാമൂഹ്യ നീതികളും എസ്.സി./എസ്.ടി ആക്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അസ്പൃശ്യതയ്‌ക്കെതിരായ മൗലീകാവകാശം (അര്‍ട്ടിക്കിള്‍ 17) ലംഘിക്കപ്പെടുന്ന തരത്തിലുള്ള കുറ്റങ്ങളെ അസാധാരണ വിഭാഗത്തില്‍ പെടുത്തേണ്ടവയാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെടൂന്നതില്‍ സമത്വത്തിനു വേണ്ടിയുള്ള അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 14) ലംഘനം ഇല്ല എന്നും വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ 14-ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന സമത്വ സങ്കല്പ്പനത്തിന് ഉപോദ്ബലകമാകുകയാണ് അട്രോസിറ്റീസ് ആക്ട്. അതുപോലെ തന്നെ പഴയ ക്രിമിനല്‍ കോഡിന്റെ ഭാഗമല്ലാതിരുന്ന 1973-ല്‍ മാത്രം കൊണ്ടുവന്ന സെക്ഷന്‍ 438 പ്രകാരമുള്ള മുന്‍കൂല ജാമ്യം ജീവിക്കാനുള്ള് അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 21) ഭാകമാകുന്നില്ല എന്നും അന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കാമെന്നിരിക്കെ ചെറിയ കുറ്റങ്ങള്‍ക്കുപോലും ജാമ്യം നിഷേധിക്കുന്നത് ശരിയല്ല എന്ന വാദവും കോടതി അംഗീകരിച്ചില്ല. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്വാധീനങ്ങള്‍കൊണ്ട് വളരെ ശക്തരായ കുറ്റാരോപിതര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അവര്‍ അക്കാലം കൊണ്ട് ഇരകളെ ഭീഷണിപ്പെടുത്തുകയും ശരിയായ അന്വേഷണത്തെ തടയുകയും ചെയ്യൂം എന്നാണ് കോടതി അന്ന് പറഞ്ഞത്. മറ്റൊരു സുപ്രധാന വിധി 2017-ലെ മഞ്ജു ദേവി കേസിലേതാണ്, സെക്ഷന്‍ 18 പ്രകാരം മുന്‍കൂര്‍ ജാമ്യം പാടില്ല എന്നാണ് ജറ്റിസുമാരായ് ആര്‍.കെ അഗര്‍വാളും അശോക് ഭൂഷണൂം ഉത്തരവിട്ടത്. ഈ രണ്ടു വിധികളെയും കുറിച്ച് പരാമര്‍ശിക്കുക മാത്രം ചെയ്തുകൊണ്ട് അതിലെ കാര്യ കാരണങ്ങളെ മറികടക്കാന്‍ ഒരു ശ്രമം പോലും, നടത്താതെയാണ് കഴിഞ്ഞ മാസം കോടതി എസ്.സി./എസ്.ടി. ആക്ടില്‍ വെള്ളം ചേര്‍ത്തത്. 1995-ല്‍ കോടതി പരിഗണിച്ചു തള്ളിയ അതേ വാദങ്ങളാണ് സെക്ഷന്‍ 18-നെതിരെ ഇപ്പോള്‍ കോടതി പറയുന്നത്.ജുഡീഷ്യല്‍ മര്യാദ വച്ച് കേസ് ഒരു വലിയ ബഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ചീഫ് ജസ്റ്റിസിനോടാവശ്യപ്പെടുകയായിരുന്നു വേണ്ടത്. ഇക്കാര്യങ്ങളൊക്കെ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഗവണ്മെന്റ് ഉന്നയിക്കുമെന്നു കരുതുന്നു. കോടതിയുടെ 4 നിര്‍ദ്ദേശങ്ങളും ആക്ടിനെ സംബന്ധിച്ച് വലിയ പിന്നോട്ടു നടത്തമാണ്. ശരിയല്ലാത്ത പരാതികളിന്മേല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാം എന്ന നിര്‍ദ്ദേശം എങ്ങനെയാണ് നടപ്പിലാക്കാനാകുക? വിചാരണയ്ക്കു മുന്‍പ് തന്നെ പരാതി ശരിയാണോ അതോ വ്യാജമാണോ എന്ന് എങ്ങനെ മനസിലാക്കും? ഇതൊക്കെ വിചാരണാവേളയിലാണ് പരിഗണിക്കേണ്ടത് എന്ന് മഞ്ജുള ദേവി കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. അധികാരവും പണവും സാമൂഹിക-സാംസ്‌കാരിക മേധാവിത്വവുമുള്ളവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുകയും അങ്ങനെ അവര്‍ എല്ലാ തരത്തിലും കേസിനെ സ്വാധീനിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുകയാണ് കോടതി ചെയ്തത്. നിയമനാധികാരിയുടെ അല്ലെങ്കില്‍ ജില്ല സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ അനുമതി തേടണം എന്ന നിര്‍ദ്ദേശവും അനാവശ്യ കാലതാമസത്തിലേക്കും മറ്റുമാണ് വഴിവയ്ക്കുക. ഇവിടെ പരാതി സര്‍ക്കാര്‍ ഉദ്യോഗസ്ത്ഥന്റെ കാര്യം മാത്രമായിരുന്നു എങ്കിലും, പൊതു ജനങ്ങള്‍ക്കു കൂടി മുന്‍കൂര്‍ അനുമതിയുടെ അമിതാനുകൂല്യം അനുവദിച്ചു കൊടുക്കുക വഴി തങ്ങളുടെ വിചാരധാര ഏതു വഴിയ്ക്കാണെന്നു ബെഞ്ച് വ്യക്തമാകി.ഡി എസ് പിയുടെ പ്രാഥമിക അന്വേഷണത്തിനു ശേഷമേ എഫ്.ഐ.ആര്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവും കാലവിളംബത്തിനും ആത്യന്തികമായി കുറ്റാരോപിതരുടെ രക്ഷയ്ക്കുമാണ് ഉപകരിക്കുക. ഇതൊക്കെ പറയാന്‍ അംബേദ്ക്കറെ തന്നെ വിധിന്യായത്തില്‍ കൂട്ടു പിടിച്ചിരിക്കുന്നു എന്നതാണ് വലിയ വൈരുദ്ധ്യം. ഭരണഘടനാ നിര്‍മാണ സമിതിയില്‍ 1949-ല്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ, ജാതി ദേശ വിരുദ്ധമാണെന്നും അത് ദേശീയോദ്ഗ്രഥനത്തെ തകര്‍ക്കുമെന്നുമുള്ള ഭാഗം ഉദ്ധരിച്ചുകൊണ്ട് ജാതീയതനാടിനെ തകര്‍ക്കുമെന്നും ദേശരാഷ്ട്രം ഇല്ലാതായാല്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സാഹോദര്യം എന്ന വലിയ ബോധം നമുക്കു നഷ്ടമാകുമെന്നും അതുകൊണ്ട് ജാതീയടിസ്ഥാനത്തില്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ കുറ്റരോപിതരായി തീര്‍ന്നേക്കാവുന്ന നിയമങ്ങളെ നിയന്ത്രിക്കണം എന്നുമുള്ള യുക്തിയിലേക്കാണ് കോടതി ചെന്നെത്തുന്നത്. ഇതിന് ഉപോദ്ബലകമായ വസ്തുതകളോ, മുന്‍കാല വിധികളിലെ ശരിയായ നിരീക്ഷണങ്ങളെഅസ്ഥിരപ്പെടുത്താന്‍ പോന്ന നിയമ വൈജ്ഞാനികതയോ വിധിയില്‍ ഇല്ല താനും. തെരുവില്‍ പ്രതിഷേധിക്കുന്നവരോട് നിങ്ങള്‍ കോടതി വിധി ഒന്നു വായിച്ചു നോക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. വിധി വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് നീതി നിഷേധത്തിന്റെ ചിത്രമാണെന്ന് അധികാരികളോടും കോടതിയോടും പറയേണ്ടത് സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്ന ഓരോ പൗരരുടേയും കടമയാണ്. നൂറ്റാണ്ടുകളായി ബ്രാഹ്മണിക്കല്‍ വ്യവസ്ഥിതിയുടെ പിശാച നീതിയും ദുരിതങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് പ്രതിരോധത്തിനായി ഉണ്ടായിരുന്ന ഏക നിയമ പരിരക്ഷയും ഇല്ലാതാക്കപ്പെടൂന്നു എന്ന തോന്നല്‍ പ്രത്യക്ഷത്തില്‍ തന്നെ ഉള്ള സാഹചര്യത്തിലാകാം മുതിര്‍ന്ന അഭിഭാഷകയും ഇന്ത്യയുടെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഇന്ദിര ജയ് സിംഗ് ”സുപ്രീം കോടതിയിലെ രണ്ട് ഉന്നത ജാതിക്കാരായ ജഡ്ജിമാര്‍ എസ്.സി/എസ്.ടി വിഭാഗക്കാരെ സംരക്ഷിക്കുന്ന എസ്.സി./എസ്.ടി. ആക്ടിനെ് ബ്രാഹ്മണരെ സംരക്ഷിക്കുന്നതാക്കി മാറ്റി. സുപ്രീം കോടതിയില്‍ എസ്.സി/എസ്.ടി. ജഡ്ജിമാര്‍ ആരുമില്ലാത്തതില്‍ അത്ഭുതപ്പെടാനില്ല” എന്ന് ട്വീറ്റ് ചെയ്തത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍, ജസ്റ്റിസട് എ.കെ. അഗര്‍വാള്‍, ജസ്റ്റിസ്. യു.യു. ലളിത് എന്നിവര്‍ മുന്നോട്ടു വയ്ക്കുന്ന വിചാരധാരയുടെ അടിസ്ഥാനത്തില്‍, ഉന്നത നീതീപീഠങ്ങളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാരുടെ പ്രാധിനിത്യമില്ലായ്മയെക്കുറിച്ച് ഗൗരവ പൂര്‍ണമായ പര്യാലോചനകള്‍ നടത്തുവാന്‍ പൊതുസമൂഹവും ഗവണ്മെന്റുകളും തയ്യാറാകേണ്ടതുണ്ട്.
സര്‍വെയിലന്‍സ് കാപ്പിറ്റലിസം അഥവാ നിരീക്ഷണ മുതലാളിത്തം എന്നൊരു വാക്കുണ്ട്. 2015-ല്‍ ഹാര്‍വാര്‍ഡ് അക്കാഡമിക്ക് ആയ ശോശന്ന സുബോഫ് ആണ് ആ പദം ആദ്യമായി ഉപയോഗിച്ചത്. ഉപഭോക്താക്കളെ അവരറിയാതെ നിരീക്ഷിച്ച്, വിവരങ്ങള്‍ ശേഖരിച്ച്, ആ വിവരങ്ങള്‍ കച്ചവടത്തിനായി ഉപയോഗിക്കുന്ന, വ്യക്തിത്വങ്ങളെ വിവരസൂചകങ്ങളായി ക്രോഡീകരിച്ച് മുതലാളിത്തച്ചന്തയില്‍ വില്പ്പനക്കുപയോഗിക്കുന്ന, സംവിധാനത്തെ സൂചിപ്പിക്കുന്നതാണ് ഈ പദം. നാം ഫേയ്‌സ്ബുക്ക് തുറക്കുമ്പോള്‍, ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ അലോചിച്ചുകൊണ്ടിരുന്ന, അല്ലെങ്കില്‍ അല്പ്പം മുന്‍പ് തെരഞ്ഞുകൊണ്ടിരുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ വളരെ കൃത്യമായി കയറി വരുന്നത്, നമുക്ക് താത്പര്യമുള്ള വസ്തുക്കളുടെ മാത്രം പരസ്യങ്ങള്‍ ഇ-മെയിലുകളായും, മെസേജുകളായും, ഓട്ടൊമേറ്റഡ് ടെലി-കോളുകളായും ഒക്കെ വന്നെത്തുന്നത് എല്ലാം ഈ വ്യ്വസ്ഥിതികൊണ്ടാണ്. ഇന്റര്‍നെറ്റില്‍ നമ്മള്‍ തിരയുന്ന വാക്കുകള്‍, ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ നടത്തുന്ന ഇടപാടുകള്‍,യൂ-ടൂബില്‍ കണ്ട വിഡിയോ… അങ്ങനെ എല്ലാം ഓരോ നിരീക്ഷിക്കപ്പെടൂന്നു, സങ്കീര്‍ണമായ ഗണിതശാസ്ത്ര മാതൃകകള്‍ മുഖേന വിശകലനം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നാം കയറുന്ന മാത്രയില്‍ അല്പ്പം മുന്‍പ് നാം ഫ്‌ളിപ്പ്കാര്‍ട്ടില്‍ തെരഞ്ഞ ഉത്പന്നങ്ങളുടെ പരസ്യം നമുക്കായി തുറക്കപ്പെടൂന്നത്, രാവിലെ ജോലിക്കായി നമ്മള്‍ഇറങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ ഓഫീസിലെത്താന്‍ ഇത്രസമയം എടുക്കും എന്ന് നമ്മുടെ സ്മാര്‍ട്ട് ഫോണ്‍വിളിച്ചു പറയുന്നത്.ഫേയ്‌സ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിങ്ങനെയുള്ള എല്ലാ സംരംഭങ്ങളുടെയും ബിസിനസ് മോഡല്‍ സര്‍വെയിലന്‍സ് കാപ്പിറ്റലിസത്തില്‍ അധിഷ്ഠിതമാണ്. കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍-വിവര-വിശകലന-സംവിധാനങ്ങള്‍ (<ആശഴ ഉമമേ അിമഹ്യശേര>െ) വ്യാപകമായതോടെ, എല്ലാ വ്യാപാരമേഖലകളിലും ഇത് ധാരാളമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ക്രമേണ വിവരം അഥവ ഡാറ്റ വലിയ വിപണി മൂല്യമുള്ള ഒരു ചരക്കായി മാറി. അഗോള കുത്തകകളുടെ ലാഭാര്‍ത്തിയില്‍ എല്ലാ ധാര്‍മിക മൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് വ്യക്തി വിവരങ്ങള്‍ അനധികൃതമായും കബളിപ്പിക്കലുകളിലൂടെയും സ്വന്തമാക്കി സാമ്പത്തിക ചൂഷണത്തിന്റെ ഉപാധിയാക്കി മാറ്റി. വിവര സഞ്ചയങ്ങള്‍ മാര്‍ക്കറ്റിന് ഏറ്റവും പ്രിയപ്പെട്ടതായി. ‘വിവരമാണ് പുതിയ കാലഘട്ടത്തിലെ എണ്ണ’ എന്ന് ലാഭക്കൊതിയന്മാര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ സര്‍വെയിലന്‍സ് ക്യാപിറ്റലിസം മാര്‍ക്കറ്റിന്റെ അതിരുകള്‍ ഭേദിച്ചുകൊണ്ട്, നമ്മുടെ സമൂഹത്തിന്റെ സമഗ്രബോധധാരയെ വഴിതിരിച്ചു വിടുന്ന, ഹൈജാക്ക് ചെയ്യുന്ന, മനശാസ്ത്രപരമായ ഉപചാപങ്ങള്‍കൊണ്ട് രാഷ്ട്രീയാധികാര വ്യവസ്തിഥിയെ, തെരഞ്ഞെടുപ്പ് ഫലങ്ങളെ ഒക്കെ സ്വാധീനിക്കുന്ന ഒരു സാംസ്‌കാരിക ആയുധമായി മാറുന്ന ഭീതീജനകമായ കാഴ്ച്ചയാണ് ‘ഫേയ്‌സ്ബുക്ക്-കേംബ്രിഡ്ജ് അനലിറ്റിക്ക’ കേസില്‍ നമ്മള്‍ കാണുന്നത്. രാഷ്ട്രീയ അധികാര വ്യവസ്ഥിതിയെ സ്വാധീനിക്കാന്‍ ആദ്യം വേണ്ടത് സംസ്‌കാരത്തെ സ്വാധീനിക്കുകയാണ്. സംസ്‌കാരത്തെ സ്വാധീനിക്കാനോ, അതിന്റെ അടിസ്ഥാന ഘടകമായ മനുഷ്യരെ സ്വാധീനിക്കുക എന്നതും. അതിനായി സൂക്ഷ്മ ലക്ഷ്യ വേധികളായ പ്രചാരണ തന്ത്രങ്ങളാണ് ഉപയോഗികുന്നത്. ഉദാഹരണത്തിന്, ഒരു രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാനായി ഒരു പാട് മാര്‍ഗങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിക്കാറുണ്ട്. പ്രചാരണ രേഖകള്‍ പുറത്തിറക്കുക, മൈതാന പ്രസംഗങ്ങള്‍ സംഘടിപ്പിക്കുക, അടിത്തട്ടില്‍ സൂക്ഷ്മ തലത്തില്‍ ഓരോ വോട്ടറേയും അഭിസംബോധനചെയ്യുക എന്നിങ്ങനെ. എന്നാലിവിടെ സൂക്ഷ്മ പ്രചാരണത്തിന്റെ രീതിയില്‍ ഒരു വിപ്ലവം സംഭവിച്ചിരിക്കുന്നു. ഒരു വോട്ടര്‍ എന്നതിലുപരി, ഓരോ മനുഷ്യരെയും ഒരോ വ്യക്തി എന്ന നിലയില്‍ സമീപിക്കുവാനും സ്വാധീനിക്കുവാനും കഴിയുന്ന തരത്തിലേക്ക് വന്‍-വിവര-വിശകലന സംവിധാനങ്ങള്‍ വന്നെത്തിയിരിക്കുന്നു. ഇവിടെ കേംബ്രിഡ്ജ് അനലിറ്റിക്ക ഒരു ഫെയ്‌സ്ബുക്ക് ആപ്പ്‌ളിക്കേഷന്‍ ഉണ്ടാക്കി ഉപഭോക്താക്കളുടെ രാഷ്ട്രീയ-സാമൂഹ്യ-മനശാസ്ത്ര വിശകലനം സാധ്യമാകുന്ന കുറെയധികം ചോദ്യങ്ങള്‍ക്ക് അവരേക്കൊണ്ട് ഉത്തരം പറയിക്കുകയുമാണ് ചെയ്തത്. കൂടാതെ നിരവധി ആളുകളുടെ ഫേയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ ശേഖരിച്ചു എന്നും പറയപ്പെടുന്നു. അങ്ങനെ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓരോ വ്യക്തിയുടേയും അഭിരുചികള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും അനുസൃതമായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടൂത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി അതിനെ മാനസികമായി പരുവപ്പെടുത്താന്‍, സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായ്യൂം, വിഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാന പ്രസംഗത്തില്‍ ഒരു സമൂഹത്തെ അഭിസംബോധനചെയ്യുകയാണ് രാഷ്ട്രീയക്കാരന്‍ ചെയ്യുന്നതെങ്കില്‍, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളില്‍ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കില്‍, ഇവിടെ സാമൂഹികമായ കേള്‍വികളെ , സംവാദങ്ങളെ, വര്‍ത്തമാനങ്ങളെ എല്ലാം ഇല്ലതാക്കിക്കൊണ്ട് ഓരോ മനുഷ്യരുടേയും ചെവിയില്‍ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധര്‍. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തില്‍ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണ് ഇന്ന് നിരീക്ഷണ മുതലാളിത്തം. സമകാലിക സാഹചര്യത്തില്‍, വിവരം പലരും പറയുന്നതുപോലെ ലാഭത്തിന് കച്ചവടം ചെയ്യപ്പെടുന്ന കേവലം എണ്ണയല്ല, അധികാരമാണ്. ഇതു മനസിലാക്കിക്കൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്കു പുറമേ, സര്‍ക്കാരുകളും വിവരശേഖരണത്തിനായി വന്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. വിവര സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും വിവരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റിയും സമൂഹികാവബോധമുള്ള പക്വത വന്ന ജനാധിപത്യ രാജ്യങ്ങളൊക്കെയും ഇത്തരം പദ്ധതികളില്‍ നിന്ന് പിന്മാറുമ്പോഴും പാകിസ്താന്‍, ബാംഗ്ലാദേശ്, ഇന്ത്യ ഉള്‍പ്പടെ ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രജ്യങ്ങളില്‍ അന്താരാഷ്ട്ര ധനകാര്യ സ്ഥപനങ്ങളുടെ സഹായത്തോടെയും അല്ലാതെയും ആധാര്‍ പോലുള്ള അപകടകരമായ വിവര ശേഖരങ്ങള്‍ നിര്‍മിക്കപ്പെടുകയാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ വിവര സാങ്കേതിക-ബയൊമെട്രിക്ക് കമ്പനികള്‍ തങ്ങളുടെ സ്വന്തം രാജ്യങ്ങളില്‍ ഒരുകാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കപ്പെടില്ലാത്ത യന്ത്ര സാമഗ്രികളും സാങ്കേതിക വിദ്യയും മൂന്നാം ലോക രാജ്യങ്ങളില്‍ നിക്ഷേപിച്ച് ലാഭം കൊയ്യുകയാണ്. പ്രത്യക്ഷത്തില്‍ തന്നെ ജാനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണിത്. ഗവണ്മെന്റുകളെ, രാഷ്ട്രീയപ്പാര്‍ട്ടികളെ, നേതാക്കളെ, ജനങ്ങള്‍ക്കു ഗുണപരമായി നിയന്ത്രിക്കാനും സ്വാധീക്കാനും കഴിയും എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില വിവര-വിശകലന കമ്പനികലുടെ സേവനം തേടുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനത്തെ മാനസികമായി പരുവപ്പെടുത്താനും മാനിപ്പുലേറ്റ് ചെയ്യാനും തെരഞ്ഞെടുപ്പു ഫലങ്ങള്‍ തീരുമാനിക്കാനും കഴിയുമെന്നു വന്നാല്‍ അതിനര്‍ത്ഥം ജനാധിപത്യം പരാജയപ്പെട്ടു എന്നാണ്. കേന്ദ്രീകൃത വിവര ശേഖരങ്ങളില്‍ ക്രോഡീകരിക്കപ്പെടൂന്ന ആധാര്‍ പോലുള്ള ഏകീകൃത ഐഡന്റിഫയറുകള്‍ വോട്ടേഴ്‌സ് ലിസ്റ്റുമായും മറ്റും ബന്ധിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. ബാലറ്റിന്റെ രഹസ്യ സ്വഭാവവും സമൂഹത്തിന്റെ ജനായത്ത അധികാരവും സാങ്കേതികതയ്ക്ക് അടിയറവ് വയ്ക്കുന്നത് ഒരിക്കലും ഭൂഷണമല്ല. നിരീക്ഷണ മുതലാളിത്തം ലോകം കീഴടക്കുന്ന കാലഘട്ടത്തില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നത് പ്രസക്തമായ ചോദ്യമാണ്. ഗവണ്മെന്റുകള്‍ക്ക് എന്തു ചെയ്യനാകും? നമുക്ക് എന്തു ചെയ്യാനാകും? ഫേസ്ബുക്ക് തലവന്‍ സൂക്കര്‍ ബര്‍ഗിനെ വേണമെങ്കില്‍ നേരിട്ട് വിളിച്ചു വരുത്തി നടപടിയെടുക്കും എന്നൊക്കെ കെന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്ത സമ്മേളനം നടത്തി പറഞ്ഞത് ഒരു തമാശയായി കണക്കാക്കിയാല്‍ മതി. കാരണം ഇത്തരത്തിലുള്ള വിവര ചോരണങ്ങളെ, ദുരുപയോഗങ്ങളെ നേരിടാനുള്ള നിയമ സംവിധാനം രജ്യത്തു നിലവിലില്ല. ലോകത്തെ ഏറ്റവും വലിയ വിവര ശേഖരണ പദ്ധതി നടപ്പിലാക്കുന്നു എന്നു മേനി നടിക്കുമ്പോഴും അതിന് സുരക്ഷയോ സുതാര്യതയോ ഉറപ്പു വരുത്തുന്ന വിവരസംരക്ഷണ/സ്വകാര്യതാ നിയമങ്ങള്‍ നമുക്കില്ല. ആകെ ഉള്ളത് 2000-ത്തിലെ വിവര സാങ്കേതികതാ നിയമമാണ്. അതാകട്ടെ പല്ലും, സ്വനനാളവും ഇല്ലാത്ത ഒരു കാവല്‍ നായയെപ്പോലെയാണ്. കടിക്കാന്‍ പോയിട്ട് കുരയ്ക്കാന്‍ പോലുമാകില്ല. ഐ ടി ആക്ടിന്റെ റൂള്‍ 3 പ്രകാരം സെന്‍സിറ്റീവ് പേഴ്‌സണല്‍ ഡേറ്റയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത് പാസ്‌വേഡുകള്‍, സാമ്പത്തിക വിവരങ്ങള്‍, ലൈംഗീകാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളാണ്. ദുരുപയോഗത്തിന് ഏറെ സാധ്യതകളുള്ള മൊെബെല്‍ ബിഗ് ഡേറ്റ, ഇമെയില്‍, ചാറ്റ് ലോഗ്, ഇന്റര്‍നെറ്റ് ശീലങ്ങള്‍, സര്‍ച്ച് ഹിസ്റ്ററി, ലോഗുകള്‍, ലൊക്കേഷന്‍ എന്നിങ്ങനെയുള്ള വിവരങ്ങളും ഇതിന്റെ പരിധിയില്‍ പെടുത്തേണ്ടതുണ്ട്. സെക്ഷന്‍ 43 എ യുടെ കീഴില്‍ ഇപ്പോള്‍ വാണിജ്യ/പ്രഫഷണല്‍ സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. അതായത് ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇപ്പോള്‍ അതിപ്രധാന വിവരങ്ങള്‍ സൂക്ഷിക്കുന്ന യു.ഐ.ഡി.എ.ഐ., എന്‍.പി.സി.ഐ. തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ നിയമത്തിന് പുറത്താണ്. സെക്ഷന്‍ 72 എ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയുടെ വിവരങ്ങള്‍ ഏതൊരു ഏജന്‍സിയില്‍നിന്നു നഷ്ടപ്പെടുകയോ ചോരുകയോ ചെയ്താല്‍, അതുകൊണ്ട് അയാള്‍ക്ക് എത്രതന്നെ നഷ്ടം വന്നാലും, വിവരങ്ങള്‍ ആ വ്യക്തിക്ക് ദോഷമുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ ചോര്‍ത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഏജന്‍സി നിയമ നടപടികള്‍ക്ക് വിധേയമാകൂ. ഈ പഴുതുപയോഗിച്ച് ഏതു തരത്തിലുള്ള അനാസ്ഥയില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയും. നിരന്തരം ചോര്‍ച്ചകളും സുരക്ഷാ ഭീഷണിയും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആധാറിനെ സംബന്ധിച്ചാകട്ടെ സാധാരണക്കര്‍ക്ക്, ഇരകള്‍ക്ക് പരാതി ബോധിപ്പിക്കാന്‍ ഒരു ഇടം പോലും ഇല്ല. 29 സംസ്ഥാനങ്ങള്‍ക്കും 7 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ആകെ 8 റീജിയണല്‍ ഓഫീസുകള്‍ മാത്രമാണുള്ളത്. വിവരം ദുരുപയോഗം ചെയ്യപ്പെട്ടാല്‍, (ഉദാഹരണത്തിന് അനുമതിയില്ലാതെ ഉപഭോക്താവിന്റെ വിരലടയാള വിവരം ഉപയോഗിച്ച് പേയ്‌മെന്റ് ബാങ്ക് അക്കൗൂണ്ട് ഓപ്പണ്‍ ചെയ്യുകയും അതുമൂലം സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും അക്കൗണ്ടില്‍ എത്താതിരിക്കുകയും ചെയ്ത എയര്‍ടല്‍ വിവാദം പോലെ), വിവരം മോഷ്ടിക്കപ്പെട്ടാല്‍ (500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വില്ക്കപ്പെടുന്നതു പോലെ) ഒക്കെ ഇരകള്‍ക്ക് കോടതിയെപ്പോലും സമീപിക്കാനാകില്ല. കാരണം അധാര്‍ ആക്ട് 2016, സെക്ഷന്‍ 47 പ്രകാരം ആധാര്‍ അഥോറിറ്റി (<ഡകഉഅക>)യ്ക്ക് മാത്രമാണ് പരാതിയുമായി മുന്നോട്ടു പോകാന്‍ കഴിയുക. അവര്‍ കൂടി പ്രതിയായേക്കാവുന്ന കേസില്‍ അവര്‍ നടപടികള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുക്കില്ല എന്നത് പകല്‍ പോലെ വ്യക്തമാണല്ലൊ. 2011-ല്‍ ആധാര്‍ പദ്ധതിയെക്കുറിച്ച് പഠിച്ച പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ആധാര്‍ ലക്ഷ്യബോധമില്ലാത്തതും അരക്ഷിതവും അപകടകരവും ധനനഷ്ടവും ദേശീയ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകാവുന്നതുമായ ഒരു പദ്ധതിയാണ് എന്നു കണ്ടെത്തിക്കൊണ്ട് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം രാജ്യത്ത് സ്വകാര്യത സംരക്ഷണ നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ചാണ്. എന്നിട്ടും സ്വകാര്യത ഒരു മൗലീകാവകാശമല്ല എന്നു വരെയുള്ള പ്രാകൃത വാദങ്ങള്‍ വരെ ഉന്നയിച്ച ഒരു ഗവണ്മെന്റാണ് നമുക്കുള്ളത്. ഒടുവില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ജമ്പോ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേനസ്വകാര്യത ഒരു മൗലീകാവകാശമണെന്ന് വിധിക്കുകയുണ്ടായി. കോടതി വിധിയില്‍ സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തെയും ഈ അവകാശം തടയുന്നു എന്നതാണ്. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ളബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട് എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തന്മായ സ്വകാര്യതാ നിയമം സര്‍ക്കാര്‍ കൊണ്ടു വരേണ്ടതുണ്ട്്. ഇതേക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ശ്രീ കൃഷ്ണ കമ്മീഷന്റെ പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതൊക്കെ എന്നു നടക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നിരുന്നാലും വ്യക്തിപരമായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ വ്യക്തി വിവരങ്ങളും ചിത്രങ്ങളും ഇഷ്ടാനിഷ്ടങ്ങളും ലൊക്കേഷനുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വലിച്ചു വാരിയിടുന്നത് അവസാനിപ്പിക്കണം. വെബ്‌സൈറ്റുകളുടെ പ്രൈവസി സെറ്റിംഗ്‌സ് പരമാവധി ഫലപ്രദമായി ഉപയോഗിക്കണം. അതോടൊപ്പം വിവിധ ആപ്പ്‌ളിക്കേഷനുകള്‍ക്ക് നമ്മുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ശേഖരിക്കനുള്ള അനുമതി കൊടുക്കാതിരിക്കുക. ”ആരാണ് നിങ്ങളെ പ്രേമിക്കുന്നത്?” എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി എത്തുന്ന ഒരു ആപ്പിന് നിങ്ങള്‍ നല്കുന്ന അനുമതി വച്ച് നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെയാകെ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതിയാണ് കൊടുക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിറ്റ് ഈ കമ്പനികള്‍ ശതകോടികള്‍ ഉണ്ടാക്കുന്നു്. നമ്മുടെ തെരഞ്ഞെടുപ്പ് ഫലം വരെ തീരുമാനിക്കുന്നു. ഇത്തരം അനാവശ്യ കളികളില്‍ ഏര്‍പ്പെടാതിരിക്കുക. ഫേയ്‌സ്ബുക്കിലാണെങ്കില്‍ സെറ്റിംഗ്‌സില്‍ ആപ്പ് സെട്ടിംഗ്‌സില്‍ പോയി അനാവശ്യ ആപ്പ്‌ളിക്കേഷനുകള്‍ നീക്കം ചെയ്യുക. മറ്റുള്ളവയ്ക്കു നല്കിയിട്ടുള്ള അനുമതികള്‍ പരിശോധിച്ച് ആവശ്യമുള്ളതു മാത്രം നല്കുക. പ്ലഗ്ഗിനുകള്‍ പരമാവധി ഒഴിവാക്കുക. ഏതൊരു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും ”ലോഗിന്‍ വിത്ത് ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ ഗൂഗിള്‍” എന്ന എളുപ്പ വഴി ഉപയോഗിച്ചാല്‍ ഈ വെബ്‌സൈറ്റുകള്‍ക്കെല്ലാം നമ്മുടെ ക്കൗണ്ട് വിവരങ്ങളും, ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നമ്മുടെ പുതിയ ലോഗിന്‍ വിവരങ്ങളും ലഭിക്കും. ഇതൊഴിവാക്കാന്‍ അല്പ്പം സമയമെടുത്തിട്ടാണെങ്കിലും പുതിയ വെബ്‌സൈറ്റുകളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യുക. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക. അതത്ര ചെറിയ കാര്യമല്ല താനും. ഇനിയും നാം മനസിലാവര്‍ത്തിക്കേണ്ടതായ, മനസിലാക്കേണ്ടതായ കാര്യംഫേയ്‌സ്ബുക്കും ആധാറുമൊക്കെ കേവലം സുരക്ഷാ പ്രശ്‌നമല്ല, മറിച്ച് നിരീക്ഷണ മുതലാളിത്തത്തിന്റെ സാംസ്‌കാരിക-അധികാര ആയുധങ്ങളാണ് എന്നതാണ്. അതിന് കടിഞ്ഞാണിടാന്‍ തിരിച്ചറിവും ഇച്ഛാ ശക്തിയുമുള്ള ഒരു രാഷ്ട്രീയം ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ ലേഖനം മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ വായിക്കാവുന്നതാണ് (on 01/04/2018)
നോട്ട് നിരോധനം പ്രഖ്യപിച്ച് 15 മാസം പിന്നിട്ടിട്ടും തിരിച്ചു വന്ന നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് നമ്മുടെ റിസര്‍വ് ബാങ്ക്. കള്ളപ്പണവും കള്ളനോട്ടും കൈക്കൂലിയും ഭീകരവാദവും ഒക്കെ നിര്‍ബാധം തുടരുന്നുണ്ട്. 4 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിന് ലാഭമുണ്ടാകും എന്നു സുപ്രീം കോടതിയില്‍ പറഞ്ഞെങ്കിലും ഗവണ്മെന്റിന് റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ചു കൊണ്ടിരുന്ന ലാഭ വിഹിതത്തില്‍ 30,000 കോടി രൂപയുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്. യാതൊരു പഠനവും തയ്യാറെടുപ്പുമില്ലാതെയാണ് ഡീമോണിട്ടൈസേഷന്‍ നടത്തിയത് എന്ന വിമര്‍ശനം ബലപ്പെട്ടു വരുന്ന സമയത്താണ് ഇതു സംബന്ധിച്ച് ബി ജെ പി ഗവണ്മെന്റ് തന്നെ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രക്കാരനായ അനില്‍ ബോക്കില്‍ നേതൃത്വം നല്‍കുന്ന ‘അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍’ എന്ന സംഘടനയുടെ നിര്‍ദ്ദേശങ്ങളാണ് മോഡിയുടെ ‘നവംബര്‍ 8 വിപ്ലവത്തിന്റെ’ ചാലകശക്തി എന്നാണ് പറയപ്പെടുന്നത്. രണ്ട് നിര്‍ദ്ദേശങ്ങാണ് അവര്‍ മുന്നോട്ടു വച്ചത്. 1. നോട്ടു നിരോധനം: ഇന്ത്യയില്‍ വലിയ നോട്ടുകളുടെ അനുപാതം വളരെ കൂടുതലാണ്, അത് കുറച്ചു കൊണ്ടു വരേണ്ടതുണ്ട് അതിനായി വലിയ മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കണം 2. നിലവിലുള്ള എല്ലാ നികുതികളും പിന്‍വലിച്ച് ബാങ്ക് ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുക (ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ്). ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംസ്ഥാന ധനമന്ത്രാലയങ്ങളുടേയും അസൂത്രണ കമ്മീഷന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഫോര്‍ പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍.ഐ.എഫ്.പി.)-യെ ഹരിയാന, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തി. വിശദമായ പഠനത്തിനു ശേഷം അവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, 2017 ജൂണ്‍ 12ന്. അപ്പോഴേയ്ക്കും പക്ഷേ നോട്ട് നിരോധനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. എങ്കിലും എന്‍.ഐ.എഫ്.പി.യുടെ നിഗമനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.ആദ്യമായി കമ്മറ്റി പരിശോധിച്ചത് രണ്ടു കാര്യങ്ങളാണ്. 1. രാജ്യത്ത് ആവശ്യത്തിലധികം പണം നോട്ടുകളായി ഉണ്ടോ? 2. വലിയ മൂല്യമുള്ള നോട്ടുകളുടെ അനുപാതം അസാധരണമാം വിധം കൂടുതലാണോ? സമ്പദ്ഘടനയില്‍ കറന്‍സിയുടെ ആവശ്യകത നിര്‍ണയിക്കുന്ന ഘടകങ്ങള്‍- ജി ഡി പി,കയറ്റുമതി, ഇറക്കുമതി, പണപ്പെരുപ്പം, പലിശ നിരക്ക്, സ്‌പെഷ്യലൈസേഷന്റെ തോത്- സമഗ്രമായി പഠിച്ച സമിതി കണ്ടെത്തിയിരിക്കുന്നത് രാജ്യത്ത് സമ്പദ്ഘടന ആകശ്യപ്പെടുന്നതിലും അധികം കറന്‍സി ഇല്ല എന്നാണ്. രണ്ടാമതായി, സാമ്പത്തിക സൂചകങ്ങളും പാല്‍, മുട്ട, ബ്രഡ്, വെള്ളം എന്നിങ്ങനെ അവശ്യ വസ്തുക്കളുടെ വിലയും എല്ലാം പരിശോധിച്ച് ഇരുപത്തഞ്ചോളം രാജ്യങ്ങളുമായി താരതമ്യ പഠനം നടത്തിയതിനു ശേഷം പറയുന്നു, മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വലിയ നോട്ടുകളുടെ സര്‍ക്കുലേഷന്‍ കൂടുതലാണെന്ന വാദവും തെറ്റാണെന്ന്. മൊത്തം കറന്‍സിയുടെ 86% 500, 1000 രൂപ നോട്ടുകള്‍ അണെന്നത് വലിയ കുഴപ്പമാണെന്ന അര്‍ത്ഥക്രാന്തിയുടെ വാദത്തെ അമേരിക്കയേയും ബ്രിട്ടനേയും ഉള്‍പ്പടെ ഉദാഹരിച്ച് എന്‍.ഐ.എഫ്.പി. തള്ളുന്നു. മാത്രമല്ല ഈ നോട്ടുകള്‍ പിന്‍വലിച്ചാല്‍ ശേഷുക്കുന്ന വലിയ നോട്ടുകള്‍കൊണ്ട് കറന്‍സി സര്‍ക്കുലേഷന്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുക തന്നെവേണം എന്നും അവര്‍ തിരിച്ചറിഞ്ഞു.അതായത് അര്‍ത്ഥക്രാന്തി മുന്നോട്ടു വച്ച നോട്ടുറദ്ദാക്കലിനുള്ള അടിസ്ഥാന ന്യായീകരണങ്ങള്‍ തന്നെ തെറ്റാണ് എന്ന് എന്‍.ഐ.എഫ്.പി. പഠനം വ്യക്തമാക്കുന്നു. മാത്രമല്ല നോട്ടു നിരോധനം കൊണ്ടുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട് അതില്‍. 1. ജി.ഡി.പി.വളര്‍ച്ചയില്‍ ഉടന്‍ പ്രതീക്ഷിക്കാവുന്ന വലിയ കുറവ്, 2. ഉദ്പാദന നിരക്കില്‍ ഇടിവ്, 3. ബാങ്കില്‍ നിക്ഷേപം കൂടുന്നതുകൊണ്ട് വായ്പ്പ ലഭ്യത വര്‍ധിച്ചാല്‍ തന്നെ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വച്ച് അതുകൊണ്ട് വലിയ പ്രയോചനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല, 4. റിസര്‍വ് ബാങ്കിന്റെ വരുമാനം കുറയും, 5. ഉപഭോഗം കുറയുന്നതിനാല്‍ പരോക്ഷ നികുതി വരുമാനത്തില്‍ കുറവ് വരും. 6. സമ്പദ്ഘടന ഔപചാരികമാകുന്നതിനാല്‍ വരുമാന നികുതി ദായകരുടെ എണ്ണം വര്‍ദ്ധിച്ചേക്കാം എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യക്ഷ നികുതി വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടാകുമോ എന്നത് സംശയകരമാണ്, 7. അര്‍ത്ഥക്രാന്തി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം ഇല്ലതാകണമെന്നില്ല, കാരണം കള്ളപ്പണം പണമായി മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്. 8. കള്ള നോട്ടും ഭീകരപ്രവര്‍ത്തനവും തടയുന്നതിനും നോട്ടു നിരോധനം ഉപകരിക്കുമെന്നു പറയാനാകില്ല. കാരണം അവര്‍ക്ക് എപ്പോഴും മറ്റു മാര്‍ഗങ്ങള്‍ തേടാം. സമാന്തര സമ്പദ്ഘടനയേക്കുറിച്ചും ഭീകര സംഘടനകളുടെ ഫണ്ടിംഗിനെക്കുറിച്ചും പ്രതിപാദിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡിജിറ്റല്‍ പണമിടപാടുകളിലൂടെയും ഇതൊക്കെ നടത്താനാകും എന്ന് പഠന റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് ‘നവംബര്‍ 8 വിപ്ലവ’ത്തിനു ശേഷം മാസം പതിനഞ്ചു പിന്നിടുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ഗവണ്മെന്റ് ഏജന്‍സിയായ എന്‍.ഐ.എഫ്.പി.യുടെ ഈ റിപ്പോര്‍ട്ടിനെങ്കിലും കാത്തിരുന്നെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്‍ തിരിച്ചടിയും ജനങ്ങള്‍ക്ക് ദുരിതവും സമ്മാനിച്ച നോട്ട് നിരോധനം എന്ന ദുരന്തം ഒഴിവാകുമായിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഇത്തരം ഒരു വിനാശകരമായ സാമ്പത്തിക നയം നടപ്പിലാക്കാന്‍ ഗവണ്മെന്റിനെ ഉപദേശിച്ചത് ആരായിരുന്നു? എന്തായിരുന്നു അതിനു പിന്നിലെ താത്പര്യം? ഇതൊന്നും നമ്മള്‍ ഒരുപക്ഷേ ഒരിക്കലും അറിയാന്‍ പോകുന്നില്ല. തിരിച്ചു വന്ന നോട്ടെണ്ണിത്തീര്‍ക്കാന്‍ ആവശ്യത്തിന് നോട്ടെണ്ണല്‍ യന്ത്രം ഇല്ലെന്നു പറഞ്ഞു നമ്മുടെ സാമാന്യബുദ്ധിയെ അപഹസിക്കുന്ന അധികാരികളില്‍ നിന്നും നമുക്ക് ഉത്തരങ്ങള്‍ പ്രതീക്ഷിക്കാനാകുമോ?
മൗനത്തിന് ഒരു രാഷ്ട്രീയമുണ്ട്; ഭയത്തിന്റെ രാഷ്ട്രീയം, സംവാദങ്ങളെ റദ്ദു ചെയ്യുന്ന രാഷ്ട്രീയം. ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതിരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്ന അധികാര തന്ത്രമാണത്. ഇത് ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും സ്വഭാവമാണ്.
വര്‍ഷങ്ങളായി ആധാര്‍ അഥോറിറ്റി (UIDAI) ചെയ്യുന്നതും ഇതു തന്നെ. വിമര്‍ശനങ്ങളെ, ആശങ്കകളെ, ആകുലതകളെ കണ്ടില്ലെന്നു നടിക്കുക. പകരം വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങളിലൂടെ വീഴ്ച്കള്‍ മറച്ചു വയ്ക്കുക. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ആധാര്‍ എടുപ്പിക്കുക. പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്ന പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പീഢിപ്പിക്കുക. കോടതിയില്‍ പോലും ഇതേ നയമാണ് അനുവര്‍ത്തിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല എന്ന് കോടതിയില്‍ ആവര്‍ത്തിക്കുകയും പുറത്ത് വന്ന് ജനങ്ങളെ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ അവസാന തിയതി നീട്ടിയെന്ന ന്യായം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകുന്നു. ഒടുവില്‍ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും ആധാര്‍ ഇല്ലാത്തതുമൂലം ആര്‍ക്കും ഒരാനുകൂല്യവും നിഷേധിക്കരുതെന്നും, 6 പദ്ധതികള്‍ക്കൊഴിച്ച് ഒന്നിനും ആധാര്‍ ഉപയോഗിക്കുകപോലും ചെയ്യരുത് എന്നും കോടതി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയപ്പോള്‍, ‘സ്വകാര്യത’ മൗലീകവകാശമല്ല എന്ന ഭീതീദമായ നിലപാട് സ്വീകരിച്ചുകൊണ്ട് പിന്നെയും കേസ് വൈകിപ്പിച്ചു, രണ്ടു വര്‍ഷത്തിലേറെ. കാരണം ആധാര്‍ അഥോറിറ്റിയ്ക്കറിയാം കോടതിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ മൗനത്തിന്റെ മതിലുകള്‍ കൊണ്ടതിനെ പ്രതിരോധിക്കാനാകില്ലെന്ന്. അതുകൊണ്ടാണ് കഴിഞ്ഞ ബുധനാഴ്ച്ച കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ പോലും വാദങ്ങള്‍ ഉന്നയിക്കാനുള്ള സമയം ക്ലിപ്തപ്പെടുത്തണം എന്ന വിചിത്ര വാദം അവരുന്നയിച്ചത്.പക്ഷേ ഈ തന്ത്രമിനി അധികനാള്‍ നീട്ടിക്കൊണ്ടു പോകാനാകില്ല. മൗനം കൊണ്ടു മറയ്ക്കനാകാത്ത കോടതി മുറിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് വിമര്‍ശകരെ ചില രഷ്ട്രീയ-സാമൂഹ്യ കളങ്ങളിലേക്ക് ഒതുക്കുവാനുള്ള ശ്രമം നടക്കുന്നത്. പണവും, അധികാരവും, പദവിയും ഉപയോഗിച്ച് ആധാര്‍ പ്രചാരണ വാര്‍ത്തകളും പരസ്യങ്ങളും കൊണ്ട് പത്ര-മാധ്യമങ്ങള്‍ നിറച്ച കഴിഞ്ഞ വാരം പദ്ധതിക്കെതിരെ ‘ആസൂത്രികമായ ഗൂഢാലോചനയും പ്രചാരണവും’ നടക്കുന്നു എന്ന വാദവുമായി അതോറിറ്റിയും നന്ദന്‍ നിലെകനിയുംരംഗത്തെത്തിയത് അതുകൊണ്ടാണ്.
എന്നാല്‍ ഇക്കാര്യങ്ങള്‍ക്കുപ്പടെ പഴുതടച്ച മറുപടി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയില്‍ പരാതിക്കാര്‍ തങ്ങളുടെ വാദമുഖങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ആശങ്കളുയര്‍ത്തിയിട്ടുള്ളവരെല്ലാം സമൂഹത്തില്‍ ആദരവ് നേടിയ വ്യക്തിത്വങ്ങളാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രധാന പരാതിക്കാരന്‍ പട്ടുസ്വാമി മുന്‍ ഹൈക്കോടതി ജഡ്ജിയാണ്, സുധീഷ് വോമ്പാട്കരേ 35 വര്‍ഷം സൈനീക സേവനം നടത്തിയ വ്യക്തിയാണ്, അരുണ റൊയ് മുന്‍ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥയും സമൂഹ്യ പ്രവര്‍ത്തകയുമാണ്, ബെസ്വാദ വില്‍സണ്‍ സഫായി കര്‍മചാരി അന്ദോളന് നേതൃത്വം നല്കുന്നു, കേണല്‍ മാത്യൂ തോമസ്, ഡോ. കല്യാണി സെന്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധന്‍ ആനന്ദ് വെങ്കട്ട്, ഐ ഐ ടി പ്രഫസര്‍ റീതിക ഖേര, സാമ്പത്തിക വിദഗ്ദ്ധന്‍ ജീന്‍ ഡ്രീസ് എനിങ്ങനെ മുഖ്യ പരാതിയുടെ ഭാഗമായവരെല്ലാം പ്രമുഖരാണ്. ഉന്നയിക്കുന്ന വിഷയങ്ങളാകട്ടെ അതീവ പ്രാധാന്യമര്‍ഹിക്കുന്നതും.
ഭരണകൂടവും നമ്മള്‍ പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായി പരിവര്‍ത്തനപ്പെടുത്തുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പദ്ധതിയാണ് ആധാര്‍. ഒരോ ഇന്ത്യന്‍ പൗരന്റെയും ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നു. പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, മൂച്വല്‍ ഫണ്ട് നിക്ഷേപം, പി എഫ്, ഇന്‍ഷുറന്‍സ്, ചികിത്സ, റേഷന്‍, സബ്‌സിഡി, മരുന്ന്, പെന്‍ഷന്‍ എന്നു വേണ്ട ചിലയിടങ്ങളില്‍ ശ്മശാനങ്ങളില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. ഇത് ആധാറിനെ ഒരു ‘കില്ലര്‍ സ്വിച്ച്’ പോലെയാക്കുന്നു. ആധാര്‍ റദ്ദു ചെയ്യപ്പെട്ടാല്‍ (UIDAI യ്ക്ക് അത് ചെയ്യാനുള്ള അധികാരം ഉണ്ട്), വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍, ഈ സംഗതികളെല്ലാം അയാള്‍ക്ക് നഷ്ടപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം അത് മരണതുല്യമാണ്.
കൂടാതെ ഒരോരുത്തരുടെയും ദിവസേനയുള്ള ഓരോ ചലനങ്ങളും സാങ്കേതികമായി അടയാളപ്പെടുത്തപ്പെടുന്നതുകൊണ്ട് നമ്മളൊരോരുത്തരുടെയും കഴുത്തിലണിഞ്ഞ ഇലക്ട്രോണിക്ക് ചങ്ങല ആധാര്‍ മാറുന്നു. രാഷ്ട്രീയ സമൂഹ്യ ചലനങ്ങളെ ഇല്ലാതാക്കി ജനാധിപത്യത്തെ ദുര്‍ബലമാക്കി, രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്നു. ഇത് ഭരണ ഘടന അനുവദിക്കുന്നതല്ല. കാരണം ഭരണഘടന ഉറപ്പു നല്‍കുന്നതും ‘സ്വകാര്യത വിധിയില്‍’ പ്രത്യേകം പരാര്‍ശിക്കപ്പെട്ടിട്ടുള്ളതുമായ പൗരനു സ്വന്തം ശരീരത്തിനുമേലുള്ള അവകാശത്തേയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തേയും ഇത് ഇല്ലാതാക്കുന്നു.
ആധാറിന്റെ രൂപഘടന അടിസ്ഥനപരമായി തെറ്റാണ് എന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചത്. 2009-ല്‍ ഒരു നിയമ പിന്‍ബലവും ഇല്ലാതെ, പ്ലാനിംഗ് കമ്മീഷന്റെ ഒരു ഉത്തരവ് വഴിയാണ് ആധാര്‍ ആരംഭിച്ചത്. പ്രായോഗികതാ പഠനമോ ശാസ്ത്രീയ പഠനമോ ഉണ്ടായിരുന്നില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള അവകാശം ജനങ്ങളോടോ ഭരണകൂടത്തിനോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കുകയായിരുന്നു. ജനങ്ങളുമായി നിയമപരമായ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മറ്റു സ്ഥപനങ്ങളുമായി വിവരങ്ങള്‍ പങ്കു വയ്ക്കുന്നതുപോലെയല്ല പൊതുജനത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആധാര്‍ ഏജന്‍സികള്‍. ആധാര്‍ അഥോറിറ്റിയുമായി ഉള്ള ധാരണാ പത്രത്തിലാകട്ടെ രജിസ്ട്രാര്‍മാര്‍ക്ക് ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പടെ സൂക്ഷിക്കാനുള്ള അവകാശവുമുണ്ട്. ഇതൊടൊപ്പം ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരമോഷണങ്ങളുമാകുമ്പോള്‍ ആധാര്‍ ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയായി മാറുന്നു. കാണ്‍പൂരില്‍ ആധാര്‍ മാഫിയ ഓപ്പറേറ്റര്‍മാരുടേ കൃത്രിമ വിരലടയാളങ്ങള്‍ പേപ്പറിലും റെസിനിലും ഉണ്ടാക്കി സമാന്തര എന്റോള്‍മെന്റ് സെന്ററുകള്‍ നടത്തുകയും പലരുടേയും ബയോമെട്രിക് വിവരങ്ങള്‍ കൂട്ടിക്കലര്‍ത്തി വ്യാജ ആധാറുകള്‍ നല്കുകയും ചെയ്ത വാര്‍ത്തയും പരാമര്‍ശിക്കപ്പെട്ടു.
ആധാര്‍ പദ്ധതി സാമ്പത്തികമായും, സാങ്കേതികമായും നിയമപരമായും നിലനില്ക്കുന്നതല്ലെന്നു ചൂണ്ടിക്കാണിച്ച 2011-ലെ പാര്‍ലമെന്റിന്റെ സ്റ്റന്‍ഡിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടും. പിന്നീട് 2016-ല്‍ എങ്ങനെയാണ് പാര്‍ലമെന്ററി മര്യാദകളെയും രാജ്യസഭയേയും മറികടന്ന് ആധാര്‍ ആക്ട് ഒരു മണി ബില്ല് ആയി പാസാക്കിയെടുത്തതും ചര്‍ച്ചയായി.
ഇതോടൊപ്പം വിരലടയാളം ഉപയോഗിച്ച് ആളെ തിരിച്ചറിയുന്ന ബയോമെട്രിക് സാങ്കേതിക വിദ്യയുടെ അടിസ്ഥാനപരമായ പരിമിതിയും കോടതിയുടെ പരിഗണനയ്ക്കു വന്നു. പാസ്‌വേര്‍ഡോ പിന്‍ നമ്പറോ സ്മാര്‍ട്ട് കാര്‍ഡോ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുന്നതുപോലെ 100 ശതമാനം കൃത്യത കാണിക്കുന്ന സംവിധാനമല്ല ബയോമെട്രിക്‌സ്. കേന്ദ്രീകൃതവിവരശേഖരത്തില്‍സൂക്ഷിച്ചിരിക്കുന്ന വിരലടയാളവുമായി നമ്മള്‍ പിന്നീട് നല്കുന്ന വിരളടയാളം താരതമ്യം ചെയ്തു നോക്കിയാണ് ആളെ തിരിച്ചറിയുക. വിരലടയാളം സൂക്ഷിക്കപ്പെടുന്നത് അളവുകളായാണ്. രേഖകള്‍ തമ്മിലുള്ള അകലം സംഗമസ്ഥലങ്ങള്‍ എങ്ങനെ വിവിധങ്ങളായ 100 വിവരങ്ങള്‍. ഇത് 100 ശതമാനവും ഒത്തു വരുന്ന തരത്തില്‍ രണ്ടാമതൊരിക്കല്‍ കൂടി വിരലടയാളം നല്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം നമ്മള്‍ വിരലടയാള യന്ത്രത്തില്‍ വിരല്‍ പതിപ്പിക്കുന്ന രീതി, നല്കുന്ന ബലം, അന്തരീക്ഷത്തിലെ ഈര്‍പ്പം, യന്ത്രത്തിന്റെ ബ്രാന്‍ഡ് അങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നു. അതുകൊണ്ട് ഒരു ടോളറന്‍സ് പരിധി സൊഫ്റ്റ്‌വെയറില്‍ എപ്പോഴും കാണും. ഉദാഹരണത്തിന് 100-ല്‍ 95 അല്ലെങ്കില്‍ 90 എന്നിങ്ങനെ. ഈ പരിധി ഒരു പാട് കുറച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഉള്ള മനുഷ്യര്‍ തിറിച്ചറിയപ്പെടാതിരിക്കാനും പരിധി കൂട്ടിയാല്‍ തെറ്റായ മനുഷ്യര്‍ തിരിച്ചറിയപ്പെടാന്മുള്ള സാധ്യതകള്‍ ഉണ്ട്. അതുകൊണ്ട് ഈ പിഴവ് പൂര്‍ണമായും ഒഴിവാക്കാനാകില്ല. അതായത് ബയോമെറ്റ്രിക് സംവിധാനത്തില്‍ എപ്പോഴും രണ്ടു തരത്തിലുള്ള പിഴവുകള്‍ക്ക് സാധ്യതയുണ്ട് എന്നു സാരം. ആന്ധ്രയിലും മറ്റും റേഷന്‍ കടകളില്‍ വിരലടയാള പരിശോധന ഏര്‍പ്പെടുത്തിയപ്പോള്‍ ശരിയായ വ്യക്തികള്‍ക്ക് റേഷന്‍ നിഷേധിക്കപ്പെട്ട സംഭവങ്ങള്‍ 20 ശതമാനം വരെ ആയിരുന്നു. 20% പേര്‍ക്ക് അവരുടെ മൗലീകാവകാശം നിഷേധിക്കപ്പെട്ടു എന്നു സാരം. അങ്ങനെ സങ്കേതിക സംവിധനങ്ങളുടെ സാധ്യതകള്‍ക്ക് വിട്ടുകൊടുത്ത് നിഷേധിക്കാന്‍ കഴിയുന്നതാണോ അവകാശങ്ങള്‍എന്ന അടിസ്ഥാനപരമായ ചോദ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഇനിയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടാനുണ്ട്. പൊതു സമൂഹത്തിനു നേരെ ഉയര്‍ത്തിയിരുന്ന മൗനത്തിന്റെ മതില്‍കൊണ്ട് കോടതിയില്‍ പ്രതിരോധമുയര്‍ത്താന്‍ കഴിയില്ല. ചോദ്യങ്ങള്‍ ഉന്നയിച്ച പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കാന്‍ ശ്രമിച്ചതുപോലെ അഭിഭാഷകരെ ഒതുക്കാനാകില്ല. നിഷേധത്തിന്റെ, ധാര്‍ഷ്ട്യത്തിന്റെ, അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ വിള്ളല്‍ വീണ് തുടങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലൂടെ രാജ്യവും പരമോന്നത നീതിപീഠവും കടന്നുപോകുമ്പോള്‍ ആധാര്‍ ഒരു അഗ്നി പരീക്ഷയാണ്. സമാനമായ കേസുകള്‍ ഉയര്‍ന്നു വന്ന വിദേശ രാജ്യങ്ങളിലൊക്കെയും നീതിപീഠം ജനങ്ങള്‍ക്കൊപ്പമായിരുന്നു. ഭരണകൂടത്തിന്റെ മൗലീക സ്വഭാവത്തെ പുനര്‍നിര്‍ണയിക്കാന്‍ പോന്ന ഈ പ്രശ്‌നത്തില്‍ നീതി ഇന്ത്യന്‍ പീഠം ജനങ്ങള്‍ക്കൊപ്പം നില്ക്കുമോ? നമുക്ക് കാത്തിരിക്കാം.
500 രൂപ; വെറും അഞ്ഞൂറു രൂപയാണ് കോടിക്കണക്കിനു രൂപ ചെലവിട്ട് പരിപാലിച്ചു പോരുന്ന 100 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ക്ക് തട്ടിപ്പുകാര്‍ ഇട്ട വില! രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയുടെ വെബ്‌സൈറ്റില്‍ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐ ഡി യും പാസ്‌വേര്‍ഡും അവര്‍ വില്ക്കുന്നു. ‘ദി ട്രിബ്യൂണി’ന്റെ ലേഖിക രചന ഖൈരയണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. ആധാറിന്റെ കേന്ദ്രീകൃത വിവരശേഖരത്തില്‍ (ചീഡൃ) നിന്നുമാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഇതിനെ ഏറ്റവും അപകടകരമാക്കുന്നത്. ഇതിനോടകം 1 ലക്ഷം പേര്‍ക്കെങ്കിലും ഇത്തരത്തില്‍ ആധാര്‍ ഡാറ്റാബേസില്‍ അനധികൃതമായി കടന്നുകൂടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 210 ഗവണ്മെന്റ് വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഗവണ്മെന്റ് സമ്മതിക്കുകയുണ്ടായി. റിലയന്‍സ് ജിയോയുടെ കണക്ഷന്‍ എടുത്തവരുടെ ആധാര്‍ വിവരങ്ങള്‍ <ാമഴശരമുസ.രീാ> എന്ന വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നു. ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ലഭ്യമാക്കുന്ന ഒരു ആന്‍ഡ്രോയിഡ് ആപ്പ് വികസിപ്പിച്ച് പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്ത ഒരു ഐ ഐ ടി ക്കാരനെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ അറസ്റ്റു ചെയ്തിരുന്നു. ആധാര്‍ ഓപ്പറേറ്റര്‍മാരുടെ വിരലടയാളങ്ങള്‍ കൃത്രിമമായി നിര്‍മിച്ച്, നിയമവിരുദ്ധമായി സമാന്തര ആധാര്‍ കേന്ദ്രങ്ങള്‍ നടത്തി വന്ന സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ആര്‍ക്കൊക്കെ ഏതൊക്കെ പേരില്‍ ഏതൊക്കെ വിവരങ്ങള്‍ ഉപയോഗിച്ച് ആധാര്‍ നല്കിയിട്ടുണ്ട് എന്നത് ആര്‍ക്കുമറിയില്ല. ഇന്നലെ ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്റെ കൈവശവും ഉണ്ടായിരുന്നു ‘ഒറിജിനല്‍’ ആധാര്‍. 100 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ആധാര്‍ പദ്ധതി ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആധാര്‍ പദ്ധതിയുടെ അടിസ്ഥാന ഡിസൈന്‍ തന്നെ വിവര ചോരണങ്ങള്‍ക്കും ചോര്‍ച്ചകള്‍ക്കും സഹായകമാണ്. സൈബര്‍ സുരക്ഷയുടെയും വിവരസുരക്ഷയുടേയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരുമാണ്. സൈബര്‍ സുരക്ഷ സംബന്ധിച്ച വ്യക്തമായ നയപരിപാടികളൊന്നും ഇന്ത്യക്കില്ലെങ്കിലും പൊതുവില്‍ ലോകം അംഗീകരിച്ച സൈബര്‍ സുരക്ഷയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഇവയാണ്: (1) വികേന്ദ്രീകരണവും (2) ആനുപാതികത (3)സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍. (1) വികേന്ദ്രീകരണം: ഒരു ഡാറ്റ ബേസും സുരക്ഷിതമല്ല. സി ഐ എ, മൊസ്സാദ് സൈബര്‍ പൂട്ടുകള്‍ പോലും ഹാക്കര്‍മാര്‍ തുറക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ ഭീഷണി മുന്നില്‍ കണ്ടുകൊണ്ടു വേണം പദ്ധതികള്‍ക്ക് രൂപം നല്‍കുവാന്‍.എല്ലാ വിവരങ്ങളും കൂടി ഒരേ സ്ഥലത്ത് ശേഖരിക്കപ്പെട്ടാല്‍ അത് തട്ടിപ്പുകാര്‍ക്ക് ഒരു നിധിനിക്ഷേപമായിത്തീരും. എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അതുകൊണ്ടുള്ള നാശനഷ്ടം കുറയ്ക്കുവാനായി വിവരശേഖരങ്ങളെ വികേന്ദ്രീകരിക്കുകയാണ് ലോകം. ഉദാഹരണത്തിന് കേന്ദ്രീകൃത വിവരശേഖരങ്ങള്‍ക്ക് പകരം ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് നല്കാം. അപ്പോള്‍ ഒരു ഹാക്കിംഗില്‍ നഷ്ടപ്പെടുക ഒരു വ്യക്തിയുടെ വിവരം മാത്രമാണ്. 100 കോടി ജനങ്ങളുടെ വിവരങ്ങള്‍ എടുക്കാന്‍ 100 കോടി സ്മാര്‍ട് കാര്‍ഡുകള്‍ കൈക്കലാക്കേണ്ടി വരും. മാത്രമല്ല മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയേടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്. (2) ആനുപാതികത: വിവരങ്ങള്‍ എന്തിനു വേണ്ടിയാണോ ശേഖരിക്കുന്നത് അതിന് ആനുപാതികമായ, ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂ. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള ഒരു സ്ഥലത്ത് പ്രവേശിക്കാന്‍ ഒരു വ്യക്തിയ്ക്ക് പ്രായപൂര്‍ത്തിയായോ എന്നു മാത്രം രേഖപ്പെടുത്തിയ (18 വയസു തികഞ്ഞവര്‍ക്ക് ഒരു പ്രത്യേക നിറമുള്ള കാര്‍ഡ് നല്കാം) തിരിച്ചറിയല്‍ രേഖ മതിയാകും. ഗേറ്റിലെ സെക്ക്യൂരിറ്റി വന്നിരിക്കുന്ന ആളുടെ ജനനത്തിയതിയുംഅഡ്രസും ജാതിയും മതവും ബയോമെട്രിക് വിവരങ്ങളും ഒന്നും അറിയേണ്ട കാര്യമില്ല. ഒരുപാട് വിവരങ്ങള്‍ എല്ലായിടത്തും വെളിപ്പെടുത്തുന്നത് ദുരുപയോഗങ്ങള്‍ക്ക് കാരണമാകും. ആധാര്‍ പദ്ധതിയില്‍ വളരെ അടിസ്ഥാനപരമായ ചില വിവരങ്ങല്‍ മാത്രമെ ശേഖരിക്കുന്നൊള്ളൂ എന്ന് അവകാശപ്പെടുമ്പോഴും നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ പരാധീനതയാണ്. കൂടാതെ കെ വൈ ആര്‍ പ്ലസ് എന്ന പേരില്‍ എന്റോള്‍മെന്റ് സമയത്ത് മറ്റൊരു അപേക്ഷാ ഫോറത്തില്‍ ജാതിയും മതവും ബാങ്ക് അക്കൗണ്ടും ഉള്‍പ്പടെയുള്ള സമഗ്ര വിവരങ്ങള്‍കൂടി ശേഖരിച്ച് സ്റ്റേയ്റ്റ് റസിഡന്‍ഷ്യല്‍ ഡാറ്റ ഹബ് (ശൃധ്) എന്ന പേരില്‍ ആധാറുമായി ബന്ധിപ്പിച്ച് സൂക്ഷിക്കുന്നുണ്ട്. ആധാര്‍ ഇ-കെ.ഐ.സി സംവിധാനം സ്വകാര്യ കമ്പനികള്‍ക്ക് നമ്മുടെ വിവരങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നല്കുന്നു എന്നതാണ് മറ്റൊന്ന്. തിരിച്ചറിയലാണ് കാര്യമെങ്കില്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ വിരലടയാളം പരിശോധിക്കുന്ന സമയത്ത് ”യെസ്/നോ” എന്ന് മാത്രം പ്രതികരണം ലഭ്യമാക്കുന്ന സംവിധാനം മതിയാകുമായിരുന്നു. 2016-ലാണ് ”യെസ്/നോ” സംവിധാനം മാറ്റി വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് നല്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്.റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ കമ്പോള ചൂഷണങ്ങളുടെ വലിയ സാധ്യതകളാണ് ആധാര്‍ തുറക്കുന്നത്. ആധാര്‍-ജി.എസ്.ടി.എന്‍ വിവരങ്ങള്‍ ചേര്‍ത്താല്‍ ഒരു മാസം 320കോടി ഇടപാടൂകളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ജി.എസ്.ടി.എന്‍ ഒരു സ്വകാര്യ കമ്പനിയാണെന്നത് ചൂഷണ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.
(3) സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍: പദ്ധതി രൂപകല്‍പനയുടെ എല്ലാ തലങ്ങളും സ്വകാര്യത-സുരക്ഷാ പരിഗണനകള്‍ക്കനുസൃതമായിരിക്കണം. സാങ്കേതിക സംവിധാനങ്ങള്‍, നിയമങ്ങള്‍, മാര്‍ഗനിര്‍ദ്ദേശക രേഖകള്‍, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍, സ്വകാര്യതാഘാത പഠനം, ഉപരി-സംവിധാനത്തിലെ പ്രശ്‌നങ്ങള്‍, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ പെരുമാറ്റ ശൈലികള്‍… അങ്ങനെ എല്ലാത്തിലും ഈ ജാഗ്രത വേണം. പക്ഷേ ആധാര്‍ ഈ മേഖലകളിലെല്ലാം പരാജയപ്പെടുന്നു. ആധാര്‍ ചോര്‍ച്ചകളെക്കുറിച്ച്അഥോറിറ്റിയുടെ പ്രതികരണങ്ങള്‍ തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. ഇത്രയൊക്കെ വെളിപ്പെട്ടിട്ടും എല്ലാം നിഷേധിക്കുന്ന സമീപനം തന്നെ വിവരസംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് അധികാരികളുടെ നിര്‍മമത വ്യക്തമാക്കുന്നു. സുരക്ഷ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ സ്വകാര്യ കമ്പനികളും മറ്റും ആ വ്യക്തിയ്ക്ക് പ്രതിഫലവും ഉപഹാരങ്ങളും നല്കുന്ന ലോകത്ത് ആധാര്‍ പോരായ്മകള്‍ ചൂണ്ടിക്കണിക്കാന്‍ ശ്രമിച്ച രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത ചരിത്രമാണ് നമുക്കുള്ളത്. ട്രിബ്യൂണ്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അവര്‍ നല്കുന്ന വിശദീകരണവും അപഹാസ്യമാണ്. 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കിട്ടും എന്നു വ്യക്തമായപ്പോഴും കേന്ദ്രീകൃത വിവരസഞ്ചയം സുരക്ഷിതമെന്ന വാദം ആവര്‍ത്തിക്കുകയണ് അഥോറിറ്റി. ആധാറിലെ പരാതി പരിഹാര സംവിധാനം വഴി ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്യുകയാണുണ്ടായിട്ടുള്ളതെന്നും. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയുമെന്നും ആണ് അവരുടെ വാദം. എന്നാല്‍ 100 കോടി മനുഷ്യരുടെ വിവരങ്ങള്‍ പരസ്യമായി എന്നതാണ് യഥാര്‍ത്ഥ്യം. ഇനി അവരെ ട്രാക്ക് ചെയ്തതുകൊണ്ടെന്ത്? മാത്രമല്ല ഒരു പത്ര പ്രവര്‍ത്തക സംഗതി വെളിച്ചത്തു കൊണ്ടുവന്നതുകൊണ്ട് മാത്രമാണ് ഇത് അഥോറിറ്റി അറിഞ്ഞത്. എത്രയോ നാളുകളായി ആളുകളുടെ വിവരങ്ങള്‍ ഇങ്ങനെ മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. രചനി ഖൈര ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇനിയും എത്ര നാള്‍ ഇതു തുടരുമായിരുന്നു? ഇത് കണ്ടെത്തിയത് ഗവണ്മെന്റോ അഥോറിറ്റിയോ അല്ല എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. ഇത്തരത്തില്‍ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍ മാസങ്ങള്‍ കഴിഞ്ഞാലും അത് കണ്ടെത്താന്‍ ഇവര്‍ക്കു കഴിയില്ല എന്നതാണതിനര്‍ത്ഥം. ബയോമെട്രിക്ക് വിവരങ്ങള്‍ സുരക്ഷിതമാണ് അതുകൊണ്ട് കുഴപ്പമില്ല എന്നു പറയുന്നത് അസംബന്ധമാണ്. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളും പ്രധാനപ്പെട്ട വ്യക്തി വിവരങ്ങളാണ്. ആധാര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പങ്കു വച്ചാല്‍ 3 വര്‍ഷം തടവു ശിക്ഷ വേണമെന്നു വ്യവസ്ഥ ചെയ്തതും ഇതേ അഥോറിറ്റി തന്നെയാണെന്നോര്‍ക്കണം.
കേന്ദ്രീകൃത വിവരശേഖരം അപകടത്തിലായാല്‍ മാത്രമല്ല ഇവിടെ നഷ്ടം സംഭവിക്കുന്നത്. പദ്ധതിയുടെ വിവിധ തലങ്ങളില്‍ വിവരചോരണത്തിനുള്ള സാധ്യതകള്‍ ഉണ്ട്. എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍, വെരിഫിക്കേഷന്‍ കേന്ദ്രങ്ങള്‍, ഇ-കെ.വൈ.സി കേന്ദ്രങ്ങള്‍, മൈക്രോ എ.ടി.എമ്മുകള്‍ തുടങ്ങി എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടാകാം. പലപ്പോഴും സോഫ്റ്റ്‌വെയര്‍ ഹാക്കുകള്‍ ആവശ്യമില്ല. കാര്‍ഡ് ഉരയ്ക്കുന്ന യന്ത്രങ്ങളില്‍ സ്ഥാപിച്ച് തട്ടിപ്പുകള്‍ നടത്തുന്ന സ്‌കിമ്മറുകള്‍ പോലെ വിരലടയാളവും ആധാറും ശേഖരിച്ചു സൂക്ഷിക്കുന്ന ബയോമെട്രിക്ക് സ്‌കിമ്മറുകള്‍ ഉപയോഗിക്കാം. എത്രയോ ഗവണ്മെന്റ്/സ്വകാര്യ വെബ്‌സൈറ്റുകള്‍ വഴിയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യു.ഐ.ഡി.എ.ഐ.യ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെയെതിരെ നമ്മെ സംരക്ഷിക്കേണ്ട ആധാര്‍ നിയമമാകട്ടെ പല്ലു തല്ലിക്കൊഴിച്ചു കളഞ്ഞ ഒരു സിംഹമാണ്. നിയമമനുസരിച്ച് ഈ ആക്ടിനു കീഴില്‍ ചെയ്യുന്ന ഒരു കാര്യത്തിനും ഗവണ്മെന്റിനെയോ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയെയോ ഉദ്യോഗസ്ഥരേയൊ ശിക്ഷിക്കാനാകില്ല. ഒരു പ്രശ്‌നമുണ്ടായാല്‍ കോടതിയേപ്പോലും സമീപിക്കാന്‍ നമ്മള്‍ പൗരര്‍ക്ക് കഴിയില്ല. നടപടി ആരംഭിക്കാന്‍ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയ്ക്കു മാത്രമേ സാധിക്കുകയൊള്ളൂ. സ്വയം പ്രതിയാകാന്‍ ആരാണ് തയ്യാറാകുക. സ്വകാര്യത നിയമങ്ങളില്ലാത്ത നാട്ടില്‍, സ്വകാര്യത മൗലീകാവകാശമല്ലെന്നു വാദിച്ച നാട്ടില്‍, ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്.
ഇക്കാലയളവില്‍ വിവിധ കാരണങ്ങളാല്‍ 50,000 എന്റോള്‍മെന്റ് കേന്ദ്രങ്ങളെ യു.ഐ.ഡി.എ.ഐ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഈ ഓപ്പറേറ്റര്‍മാര്‍ ചേര്‍ത്തിട്ടുള്ള ആധാര്‍ വിവരങ്ങളില്‍ എത്ര മാത്രം വ്യാജമാണെന്ന് ആര്‍ക്കും അറിയില്ല. ഇതിനു പുറമെയാണ് യു പി യില്‍ പിടിയിലായതുപോലെയുള്ള സമാന്തര ഏജന്‍സികള്‍. കൃത്രിമ വിരലടയാളങ്ങള്‍ ഉപയോഗിച്ച് ഇവര്‍ നല്കിയിട്ടുള്ള ആധാര്‍ നമ്പറുകള്‍. ഇതൊക്കെ കണ്ടെത്താന്‍ പ്രായോഗികമായ മാര്‍ഗങ്ങളില്ലെന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. കോടിക്കണക്കിന് ആധാര്‍ നമ്പര്‍ ഉടമകളെ നേരിട്ട് പോയി കണ്ടെത്തി പരിശോധിച്ചുറപ്പു വരുത്തേണ്ടി വരും. നിലവില്‍ യാതൊരു വിധ പരിശോധനകളുമില്ലാതെ നല്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. ഇന്ത്യന്‍ പൗരനെന്നല്ല, ഇവിടെ വരുന്ന ഏതു വൈദേശികകര്‍ക്കും ശ്രമിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന വിലാസത്തില്‍ ‘ഒറിജിനല്‍’ ആധാര്‍ ലഭിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. റിസര്‍ ബാങ്കിന്റെ റിസര്‍ച്ച് വിംഗായ (ഈഡ്ബ്ബ്ട്) ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതു പോലെ ”ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, വൈദേശിക ശക്തികള്‍ക്കും ആഭ്യന്തര ശത്രുക്കള്‍ക്കുംഏളുപ്പം ഉന്നം വയ്ക്കാന്‍ കഴിയുന്ന ഒരൊറ്റ ലക്ഷ്യം ലഭ്യമായിരിക്കുന്നു. അതാണ് ആധാര്‍. മുന്‍പൊന്നും സങ്കല്പ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തെയും സമ്പദ്ഘടനയേയും തകര്‍ക്കാന്‍ ആധാര്‍ സംവിധാനത്തെ ആക്രമിക്കുന്നതിലൂടെ സാധ്യമാകും. അത്തരമൊരു ആക്രമണം സംഭവിച്ചാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉണ്ടാകുന്ന നഷ്ടം കണക്കുകൂട്ടാനാകുന്നതിനുമപ്പുറമായിരിക്കും”.ആധാറിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയും സമാനമായ അഭിപ്രായത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത് എന്നത് ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.
ആധാര്‍ കേസില്‍ ഭരണഘടനാബെഞ്ച് രൂപീകരിക്കാതെ നവംബര്‍ മാസവും കടന്നുപോയി. 851 ദിവസങ്ങള്‍ പിന്നിടുന്നു, ഭരണഘടനാബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ട്. 2 വര്‍ഷവും 3 മാസവും 21 ദിവസവും. അവസാനമായി ആധാര്‍ കേസില്‍ കോടതി വാദം കേട്ടു എന്ന് പറയാവുന്നത് 2015 ആഗസ്ത് മാസത്തിലാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന, നമ്മുടെ വ്യവസ്ഥിതിയുടെ തന്നെ ഭാഗധേയം നിര്‍ണയിക്കാന്‍ പോന്ന ഒരു ബൃഹത് പദ്ധതിയുടെ ഭരണഘടനാ സാധുതയാണ് പരിശോധിക്കപ്പെടേണ്ടത്. 2015ലെ വിധിയ്ക്ക് വിരുദ്ധമായി ആധാറിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുകയും, വാര്‍ദ്ധക്യ കാല ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും, ചികിത്സ കിട്ടാതിരിക്കുകയും ബാങ്ക് അകൗണ്ടുകള്‍ കൊള്ളയടിക്കപ്പെടുകയും ഒക്കെ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഈ കാലവിളംബം. എന്തായാലും അവസാനം ഒരു ഇടക്കാല ഉത്തരവിനായി ഇന്ന് കേസ് ഭരണഘടനാ ബഞ്ച് വാദത്തിനെടുക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖന്‍വില്‍ക്കര്‍,ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. ആധാര്‍ കേസില്‍ 2013-ലിം 2015-ലും ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ച ബഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് ചലമേശ്വരിന്റെ അഭാവം ശ്രദ്ധേയമാണ്. ഇനി രണ്ടു പ്രവര്‍ത്തി ദിനങ്ങള്‍ കൂടിയേ ഈ വര്‍ഷം സുപ്രീം കോടതിയ്‌ക്കൊള്ളൂ. അതിനു മുന്‍പ് ഒരു തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഒരു ഇടക്കാല ഉത്തരവാണ് കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ പക്ഷം 2015-ലെയും 2016-ലെയും ഉത്തരവുകള്‍ ഗവണ്മെന്റ് പാലിക്കണം എന്ന നിര്‍ദ്ദേശമെങ്കിലും ഉണ്ടായേതീരു. 2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി. പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, കേസു തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് നവംബര്‍ അവസാനവാരം ഭരണഘടനാ ബഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഈ അവസരത്തില്‍ 2012 മാര്‍ച്ച് 8ന് ഫ്രഞ്ച് ഭരണഘടനാ കോടതി (French Constitutional Council), ഫ്രാന്‍സില്‍ അന്ന് നിലവിലുണ്ടായിരുന്ന ബയോമെട്രിക് ഐഡന്റിറ്റി പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച കാര്യം ഓര്‍ക്കുന്നു. സ്വകാര്യതാ വിധിയില്‍ നമ്മുടെ സുപ്രീം കോടതിയും എടുത്തു പറഞ്ഞ ‘ആനുപാതികത (proportionality)’ ആണ് ഫ്രഞ്ചു കൗണ്‍സിലും പരിഗണിച്ചത്. വിധിയില്‍ നിന്ന്: “The collection, regitsration, preservation, consultation and communication of personal data have to be justified by a general interest reason and carried put properly and proportionally. Regarding the nature of the recorded data, the range of thtereatment, the technical characteristics and conditions of the consultation, the provisions of article touch the right to privacy in a way that cannot be considered as proportional to the meant purpose.” ഉദ്ദേശ്യ ലക്ഷ്യത്തിന് ആനുപാതികമായ പരിപാടിയല്ല ഇത് എന്നു സാരം. പ്രപ്പോര്‍ഷണാലിറ്റിയേക്കുറിച്ച് സ്വകാര്യത വിധിയിലും വിശദീകരിക്കുന്നുണ്ട്. ലക്ഷ്യങ്ങളും അതിനുവേണ്ടി സ്വീകരിക്കുന്ന നടപടികളും തമ്മില്‍ ഒരു യുക്തിസഹമായ ബന്ധമുണ്ടായിരിക്കണം. എന്നു മാത്രമല്ല ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ മറ്റു മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ ഇല്ല എന്നും സ്ഥാപിക്കാന്‍ കഴിയണം. കൂടാതെ, ആധാര്‍ ആക്ട് സ്വകാര്യതയെ ലംഘിക്കുന്നെങ്കില്‍ അത് ന്യായവും, നീതിപൂര്‍വകവും, യുക്തിസഹവുമാണെന്നു കൂടി സ്ഥാപിക്കാനാകണം. ഈ മാനദണ്ഡങ്ങളില്‍ ഏതു പരിഗണിച്ചാലും ആധാര്‍ പരാജയപ്പെടും എന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളായ വിരലടയാളവും, കണ്ണിന്റെ സ്‌കാനും എല്ലാം നിബന്ധപൂര്‍വം ശേഖരിച്ചു സൂക്ഷിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. സെന്‍സസ് ആക്ടില്‍ എന്നല്ല പ്രിസണ്‍സ് ആക്ടില്‍ പോലും നല്‍കുന്ന സ്വകാര്യതാ പരിരക്ഷകള്‍ ആധാറിലില്ല. 1948-ലെ സെന്‍സന്‍ ആക്ടില്‍, സെക്ഷന്‍ 15 പ്രകാരം സെന്‍സസിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധനയ്ക്കായി ഏതെങ്കിലും ഏജന്‍സിക്കു നല്‍കുവാനോ, കോടതികളില്‍ തെളിവായി സ്വീകരിക്കാനോ കഴിയില്ല. പ്രിസണേഴ്‌സ് ആക്ട് 1920, സെക്ഷന്‍ 7 അനുസരിച്ച് ഒരു കുറ്റവാളി മോചിതനാകുന്ന ദിവസം അയാളുടെ അളവുകളും ഫോട്ടോയും ഒപ്പും മറ്റു വിവരങ്ങളുമെല്ലാം നശിപ്പിച്ചിരിക്കണം എന്നു പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അവ സൂക്ഷിക്കുവാന്‍ കഴിയൂ. ജയില്‌മോചിതര്‍ക്കു കിട്ടുന്ന പരിരക്ഷ പോലും ഇല്ലാതെയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആധാര്‍ പദ്ധതിയ്ക്കു കീഴില്‍ കഴിയേണ്ടി വരിക. സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്. വിവിധ സ്വകാര്യ കമ്പനികള്‍ക്കു വരെ നമ്മുടെ വിലപ്പെട്ട വിവരങ്ങള്‍ കയ്യടക്കുവാന്‍ സഹായകമാം വിധമാണ് ആധാര്‍ പദ്ധതിയുടെ ഘടന. ഒരു വ്യക്തിയുടെ വിരലടയാളം അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ച് എയര്‍ട്ടല്‍ മൊബൈല്‍ കമ്പനി പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും അനേകായിരം പേരുടെ സംബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും അതിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത്തരത്തില്‍ 47 കോടി രൂപ എയര്‍ട്ടല്‍ അക്കൗണ്ടുകളിലേക്ക് മാത്രം പോയി എന്നാണ് കണക്ക്. ആധാര്‍ ജിയോ നമ്പറുമായി ബന്ധിപ്പിച്ചവരുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യമായിരുന്നു. ആധാര്‍ നമ്പറും വിവരടയാളവും അനധികൃതമായി സൂക്ഷിച്ച് പിന്നീട് ഉപഭോക്താവ് അറിയാതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കും എ-മുദ്രയും സുവിധ ഇന്‍ഫോസിസും അന്വേഷണം നേരിടുകയാണ്.ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി (ഡകഉഅക) പറയുന്നത് അവര്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നും ആ വിവരങ്ങള്‍ ആധാര്‍ ആക്റ്റ് പ്രകാരം പങ്കു വയ്ക്കാനോ മറ്റ് ഡേറ്റാബേസുകളുമായി ബന്ധിപ്പിച്ച് ആളുകളുടെ വിവരങ്ങല്‍ സമാഹരിക്കാനൊ കഴിയില്ല എന്നുമാണ്. എന്നാല്‍ ഇതിനായി സംസ്ഥാന തലത്തില്‍ സമാന്തര വിവരസഞ്ചയങ്ങള്‍ (സ്റ്റേറ്റ് റസിഡബ്റ്റ് ഡേറ്റ ഹബ്ബ് അഥവാ എസ്.ആര്‍.ഡി.എച്ച്) ഉണ്ടാക്കി അവ വിവിധ സേവനങ്ങളുമായി ബന്ധപ്പെടുത്തി ഒരു സര്‍വൈലന്‍സ് സംവിധാനമാക്കി മാറ്റുകയാണ്. എസ്.ആര്‍.ഡി.എച്ചുകള്‍ ആധാര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നവയല്ല. ജാര്‍ഖണ്ഡില്‍, ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടഒരു ദളിത് കുടുംബത്തിലെ പതിനൊന്നു വയസുകാരി വിശക്കുന്നു എന്നു കരഞ്ഞുകൊണ്ട് മരിച്ചുവീണ നാട്ടില്‍ ആധാര്‍ പാവങ്ങളെ സഹായിക്കാനാണെന്നും പറഞ്ഞു വരുന്നത് കാപട്യമാണ്. ആധാര്‍ ഇല്ലാത്തതുകൊണ്ട് നഷ്ടപരിഹാരം ലഭിക്കതെ പോകുന്ന ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍, പെന്‍ഷനും, ചികിത്സയും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടൂന്നവര്‍, തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുത്തിട്ടും കൂലി കിട്ടാത്തവര്‍, കാര്‍ഷിക കടാശ്വാസത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടും ആധാര്‍ ഡേറ്റാബേസിലെ പിഴവൂമൂലം കടാശ്വാസം ലഭിക്കാത്തവര്‍, ഇവരെല്ലാമാണ് ആധാറിന്റെ ഇരകള്‍. ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തതുകൊണ്ടു മാത്രം പണം നഷ്ടപ്പെട്ടവരും കബളിക്കപ്പെട്ടവരും ഈ നാട്ടുകാരാണ്. ആധാര്‍ ഹനിക്കുന്നത് രാജ്യത്തെ ഏറ്റവും ദുര്‍ബലരായ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെത്തന്നെയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഘടക വിരുദ്ധമായാണ് ആധാര്‍ മുന്നോട്ടു പോകുന്നത്. ഭോപ്പാല്‍ ദുരന്തബാധിതര്‍ക്കുവരെ നഷ്ടപരിഹാരത്തിന് വരെ ആധാര്‍ നിര്‍ബന്ധമാക്കുക വഴി പ്രഖ്യാപനത്തിലെ പ്രതിവിധികള്‍ക്കുള്ള അവകാശത്തെ(ആര്‍ട്ടിക്കിള്‍ 8), സ്വകാര്യതയെക്കെതിരെ (ആര്‍ട്ടിക്കിള്‍ 12), ആധാറില്ലാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുന്നതിലൂടെ സംസാര സ്വാതന്ത്ര്യത്തെ (ആര്‍ട്ടിക്കിള്‍ 19), ആധാറില്ലാത്തവര്‍ക്ക് പെന്‍ഷനും ഇ.പി.എഫും നിഷേധിക്കുന്നതിലൂടെ സമ്മൊഹ്യസുരക്ഷയ്ക്കുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 22) , ആധാര്‍ ഇല്ലാത്തവര്‍ക്ക് റേഷനും ഉച്ചക്കഞ്ഞിയും നിഷേധിക്കുന്നതിലൂടെ ഭക്ഷണത്തിനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 25), വിവിധ ഹൗസിംഗ് പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെയും ചികിത്സ നിഷേധിക്കുന്നതിലൂറ്റെയും ആര്‍ട്ടിക്കിള്‍ 25, സ്‌കോളര്‍ഷിപ്പുകള്‍ക്കും സര്‍വ ശിക്ഷ അഭിയാനും നിര്‍ബന്ധമാക്കിയതിലൂടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 26), തൊഴിലുറപ്പ് പദ്ധതിക്കും മറ്റു സ്വയം തൊഴില്‍ പദ്ധതികള്‍ക്കും നിര്‍ബന്ധമാക്കുന്നതിലൂടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 25). അങ്ങനെ മനുഷ്യാവകാശ തത്വങ്ങളെ അപഹസിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു ആധാര്‍. ഇതിനിടയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചുകൊണ്ട് ഗവണ്മെന്റ് മുന്നോട്ടു വന്നു. ഒരു ഇടക്കാല ഉത്തരവിനെ തടയാനും കേസ് നീട്ടി വയ്ക്കാനുമുള്ള ഒരു അവസാനവട്ട ശ്രമമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. പെന്‍ഷനും ചികിത്സാ സഹായവും ഉച്ചക്കഞ്ഞിയും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കപ്പെട്ടതുമൂലം ഏറ്റവും പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് അതു നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുമ്പോള്‍, ബാങ്ക് അക്കൗണ്ട് ലിങ്കിംഗിന്റെ അവസാന തിയ്യതി നീട്ടി വച്ചു എന്നത് ഇടക്കാല ഉത്തരവിടാതിരിക്കാന്‍ ഒരു കാരണമായിക്കൂട. ഒരു മനുഷ്യാവകാശ ദിനം കൂടി കടന്നു പോകുമ്പോള്‍ നമ്മുടെ പരമോന്നത നീതിപീഠം ചെവികൊടുക്കേണ്ടത് ആധാറിന്റെ വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങള്‍ക്കപ്പുറം ഉയരുന്ന അശരണരുടെ രോദനങ്ങള്‍ക്കാണ്. തിരുത്തേണ്ടത് ഭരണഘടനയ്ക്കും കോടതിവിധികള്‍ക്കും പുല്ലുവിലപോലും നല്‍കാത്ത അധികാരി വര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തെയാണ്.
Our Sorrows will never be sad enoughOur joys will never be happy enoughOur dreams never big enoughOur lives never important enoughTo matter…. Arundhathi Roy (God of Small Things)
ആല്‍ബര്‍ കമ്യൂ പറഞ്ഞു: ലോകത്തിലെ ഏറ്റവും മനോഹരമായ തത്വശാസ്ത്രം ആത്മഹത്യയാണ്. രോഹിത് വെമുലയുടെ തത്വശാസ്ത്രം പക്ഷേ, ജീവിതത്തിന്റേതായിരുന്നു. ഇല്ലായ്മയുടേയും ദുരിതാനുഭവങ്ങളുടേയും കടുത്ത അവഗണനയുടേയും സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നും ജന്മാന്തര ദുരിതങ്ങളോടു പടവെട്ടി രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ പ്രവേശനം നേടിയ പ്രതിഭാശാലിയായ യുവാവായിരുന്നു രോഹിത്. വളരെ ചെറുപ്രായം മുതല്‍ അച്ഛന്റെ സ്‌നേഹമെന്തെന്നറിയാതെ വളര്‍ന്ന കുട്ടി. ഒരു തയ്യല്‍ മെഷീനില്‍ അമ്മ തുന്നിയെടുത്ത ജീവിതം. ദാരിദ്ര്യത്തിലും ദുരിതങ്ങളിലും പതറാതെ, ഇടറാതെ അറിവിന്റെ വിശാലമായ ആകാശങ്ങള്‍ തേടിയ യുവാവ്. സാഹചര്യങ്ങളെ ഓര്‍ത്ത് വിലപിക്കാനുള്ളതല്ല, ജീവിതം പൊരുതി ജയിക്കാനുള്ളതാണെന്ന് ലോകത്തിനും തന്റെ സമുദായത്തിനും കാണിച്ചുകൊടുത്ത വിദ്യാര്‍ത്ഥി. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായി JRF സ്‌കോളര്‍ഷിപ്പോടെയാണ് രോഹിത് പഠിച്ചിരുന്നത്. JRF ലഭിച്ച സന്തോഷത്തില്‍ മധുരവുമായി തന്നെ കാണാന്‍ വന്ന രോഹിതിനോട് അധ്യാപകന്‍ ചോദിച്ചത് ”ഇത്തവണ ചോദ്യങ്ങള്‍ അത്ര എളുപ്പമായിരുന്നല്ലേ?” എന്നാണ്. ആ നേരം അധ്യാപകന്റെ മുഖത്തു വിരിഞ്ഞ അവിശ്വസനീയതയുടെ ഭാവം. അവന്‍ നല്‍കിയ മധുരം അല്‍പം എടുത്ത് കഴിച്ചുവെന്നു വരുത്തി തിരിച്ചുനല്കുമ്പോള്‍അത് അസഹിഷ്ണുതയുടെ ഭാവപ്പകര്‍ച്ചയാണെന്ന് രോഹിത് തിരിച്ചറിഞ്ഞിരുന്നു. ദളിത് അവസ്ഥയെക്കുറിച്ചുള്ള ഈ തിരിച്ചറിവുകളാണ് രോഹിത്തിന്റെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തിയത്. തന്റെ Facebook വാളില്‍ രോഹിത് എഴുതി: ചരിത്രത്തില്‍, ഒരു ദിവസം, അരണ്ട വെളിച്ചത്തില്‍ മഞ്ഞച്ചു പഴകിയ താളുകളില്‍ നിങ്ങളെന്നെ കണ്ടുമുട്ടും. ഞാന്‍ അല്‍പം കൂടി ബുദ്ധികാട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഗ്രഹിക്കും, ആ രാത്രി എന്നെ നിങ്ങളോര്‍ക്കും, ഒരു മന്ദസ്മിതത്തോടെ എന്നെ നിങ്ങളറിയും അന്ന്, ആ ദിവസം ഞാന്‍ പുനര്‍ജനിക്കും. (ഉയിര്‍ക്കും)വേദനയുടെ എരിയുന്ന വിളക്കും വിഷചഷകവും കയ്യിലേന്തിയ യുഗാന്തരങ്ങള്‍ക്കപ്പുറം ജന്മാന്തര ദുരിതങ്ങളുടെ പ്രകാശവേഗങ്ങള്‍ക്കപ്പുറം ഒരു നക്ഷത്രമായി പുനര്‍ജനിക്കുമെന്ന് രോഹിത് കരുതിയിരുന്നു. അയാള്‍ എഴുതിയതൊക്കെ അയാളനുഭവിച്ച വേദനയാണ്, അതിലേറെ വേദന അയാളനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാളുടെ വാചകങ്ങളില്‍ ദുരിതത്തിന്റെ വിത്തുകളുണ്ട്. സ്വയം ശൂന്യമെന്ന് ചിന്തിക്കേണ്ടുന്ന ആത്മബോധത്തിന്റെ ദൈന്യതലങ്ങളിലേക്ക് അയാളെ ആട്ടിപ്പായിച്ച സാമൂഹ്യവ്യവസ്ഥിതിയുടെ അവസാനം കുറിക്കുന്ന പോരാട്ടത്തിന്റെ വിത്തുകള്‍. അത് മൂവായിരത്തിലേറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശ്രേണിബദ്ധ അസമത്വത്തിന്റെ സാമൂഹ്യഘടനയെ തച്ചുടയ്ക്കുക തന്നെ ചെയ്യും.
Carl Sagan
രോഹിത്, കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രസാഹിത്യകാരനാകാനായിരുന്നു നിന്റെ ഒരു മോഹം. ഞങ്ങള്‍ക്കു നീ ബാക്കിയാക്കുന്നത് നിന്റെ വാക്കുകള്‍ മാത്രമാണ്. ഇന്നു ഞങ്ങളുടെ ഓരോ വാക്കിനും നിന്റെ മരണത്തിന്റെ ഭാരമുണ്ട്, ഓരോ കണ്ണുനീര്‍ത്തുള്ളിയും നിന്റെ പൂര്‍ത്തീകരിക്കാത്ത സ്വപ്നം പേറുന്നുണ്ട്. നീ പറയുന്ന സ്‌ഫോടനാത്മകമായ നക്ഷത്രധൂളിയായ് ഞങ്ങള്‍ മാറും. ഈ നിഷ്ഠൂരമായ ജാതിവ്യവസ്ഥയെ തകര്‍ത്തെറിയും. ഈ രാജ്യത്തെ ഓരോ യൂണിവേഴ്‌സിറ്റിയിലും, കോളേജിലും സ്‌കൂളിലും നിന്റെ സമരവീര്യം ഞങ്ങളുടെ മുദ്രാവാക്യത്തില്‍ നിറയും. മീനാ കന്ദസ്വാമിയുടെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത് രാജ്യത്തിന്റെ വിവിധ സര്‍വ്വകലാശാലകളില്‍ ഉരുത്തിരിയുന്ന പൊതുവികാരമാണ് ”ചലോ HCU ” എന്ന പേരില്‍ രാജ്യത്തിന്റെ വിവധഭാഗങ്ങളില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് ഒഴുകിയെത്തുന്നത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയില്‍ മാത്രമല്ല ആഫ്രിക്കയില്‍ പെന്‍സില്‍വാലിയ, ന്യൂയോര്‍ക്കില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍, കേംബ്രിഡ്ജില്‍, യേല്‍…….പ്രതിഷേധം ശക്തി പ്രാപിക്കുക തന്നെയാണ്.രോഹിതിന് എന്താണ് സംഭവിച്ചത്? രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യമായല്ല, ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലും ആദ്യത്തെ സംഭവമല്ലത്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ അല്ലെങ്കില്‍ അതിലേറെ ജാതിവിവേചനം നിലനില്‍ക്കുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. ഇതേക്കുറിച്ച് പഠിച്ചിട്ടുള്ള നിരവധി കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അതാതു സ്ഥാപനങ്ങളില്‍ ഒരിക്കലും തുറക്കാത്ത അലമാരകളില്‍ ഭദ്രമായി ഇരിക്കുന്നുണ്ട്. രോഹിത് ഒരു പ്രതീകമായിരുന്നു. നിര്‍ഭയ സ്ത്രീയുടെ അവകാശ സംരക്ഷണത്തിന്റെ വെളിച്ചമായതുപോലെ. അതിനു പ്രധാനകാരണം യൂണിവേഴ്‌സിറ്റി അധികാരികളുടേയും ഭരണസംവിധാനത്തിന്റേയും ഭാഗത്തു നിന്നുണ്ടായ പക്ഷപാതപരമായ സമീപനം പകല്‍പോലെ വ്യക്തമാണ്എന്നതാണ്.സവര്‍ണ്ണ ഹൈന്ദവ വിദ്യാര്‍ത്ഥി, എ ബി വി പിയും ക്യാമ്പസിലെ അംബേദ്കറൈറ്റ് സംഘടനയായ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനും തമ്മിലുള്ള സംഘര്‍ഷമാണ് പിന്നീട് രോഹിത്തിന്റെ മരണത്തിലേക്കു നയിച്ച നടപടികളുടെ ആരംഭം. യാക്കൂബ് മേമന്റെ വധശിക്ഷയുള്‍പ്പെടെയുള്ള പലകാര്യങ്ങളിലും അടഅ സ്വീകരിച്ച നിലപാടുകള്‍ ABVP യെ ചൊടിപ്പിച്ചിരുന്നു. മുസാഫിര്‍ നഗര്‍ കലാപത്തിന്റെ രാഷ്ട്രീയം പറയുന്ന ”മുസാഫിര്‍ നഗര്‍ ബാക്കി ഹേ” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ASA-ABVP തര്‍ക്കമുണ്ടായിരുന്നു. അടഅ കൊള്ളക്കാരുടെ ഒരു കൂട്ടമാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റിടുന്നു. ASA പ്രതിഷേധത്തെ തുടര്‍ന്ന് സുശീലിന് പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറയേണ്ടി വരുന്നു. ഇത് 2015 ആഗസ്റ്റ് 3 നാണ്. തുടര്‍ന്ന് അന്നു രാത്രി 30 ASA പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ മുറിയിലെത്തി മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സുശീല്‍കുമാര്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. യൂണിവേഴ്‌സിറ്റിയ്ക്ക് പരാതി നല്‍കുന്നു. ഇതേ തുടര്‍ന്നാണ് രോഹിത് ഉള്‍പ്പെടെ അഞ്ച് അടഅ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാകുന്നത്.സുശീലിന്റെ പരാതിയെത്തുടര്‍ന്ന് സര്‍വ്വകലാശാലയുടെ ജൃീരീേൃശമഹ ആീമൃറ പരാതി അന്വേഷിച്ചു. കഴമ്പില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. ”കൃഷ്ണചൈതന്യ ഹോസ്പിറ്റലില്‍ നിന്നോ, ഡോ.അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നോ സുശീല്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്നതിന് തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. സുശീല്‍ കുമാറിന് നടത്തിയ ശസ്ത്രക്രിയ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.” ഇരു സംഘടനകള്‍ക്കും മുന്നറിയിപ്പു നല്കി പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. ABVP യ്ക്കു വേണ്ടി രാഷ്ട്രീയ ഭരണ സമ്മര്‍ദ്ദങ്ങള്‍ ശക്തമായി. 2015 ആഗസ്റ്റ് 31ന് സമര്‍പ്പിക്കപ്പെട്ട അന്തിമ റിപ്പോര്‍ട്ടില്‍ അടഅ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നും 5 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. പ്രശാന്ത്, രോഹിത്, സേഷ്ഠ, വിജയ്, സുകണ്ണ എന്നീ അഞ്ചു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡു ചെയ്തു. SFI ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. വൈസ്ചാന്‍സലറായിരുന്ന പ്രൊഫ. ആര്‍.പി. ശര്‍മ്മ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും സംഭവം പുതിയ കമ്മിറ്റിയെകൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനമായി. എന്നാല്‍, പിന്നീട് വൈസ്ചാന്‍സലറായി ചാര്‍ജ്ജെടുത്ത അപ്പാറാവു ഈ തീരുമാനം അട്ടിമറിച്ചു. അന്വേഷണം ഉണ്ടായില്ല. സര്‍വ്വകലാശാലയുടെ Executive Council രോഹിത് ഉള്‍പ്പെടെ അഞ്ച് അടഅ പ്രവര്‍ത്തകരെ ഹോസ്റ്റല്‍, ലൈബ്രറി, കാന്റീന്‍, ഉള്‍പ്പെടെ കാമ്പസിലെ പൊതു ഇടങ്ങളില്‍ നിന്നും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഭ്രഷ്ട് കല്പിച്ചുകൊണ്ടുള്ള അസാധാരണമായ നടപടി സ്വീകരിക്കുകയായിരുന്നു. നിരാലംബരായ വിദ്യാര്‍ത്ഥികള്‍ അന്നുമുതല്‍ തെരുവിലാണ് താമസിച്ചിരുന്നത്. ദളിത് ഘെറ്റോ എന്നാണ് അവരതിനെ വിളിച്ചത്. 14 ദിവസം ഇവരുമായി ചര്‍ച്ച നടത്താന്‍ പോലും വൈസ്ചാന്‍സലര്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു രോഹിതിന്റെ ജീവത്യാഗം.ABVP നേതാവ് സുശീല്‍കുമാര്‍, BJP നേതാവും കേന്ദ്രമന്ത്രിയുമായ ബന്‍ഡാരു ദത്താത്രേയയെ സമീപിക്കുന്നതാണ് രാഷ്ട്രീയ അധികാര സമ്മര്‍ദ്ദങ്ങളുടെ തുടക്കം. 2015 ആഗസ്റ്റ് 17ന് ”ജാതിവെറിയരും തീവ്രവാദികളും- ദേശവിരുദ്ധരുമായ അടഅ വിദ്യാര്‍ത്ഥികള്‍ സുശീലിനെ മര്‍ദ്ദിച്ചുവെന്നും അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാനവവിഭവശേഷി മന്ത്രി ശ്രീമതി സമൃതി ഇറാനിക്ക് കത്തെഴുതുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് സെപ്തംബര്‍ 3, സെപ്തംബര്‍ 24, ഒക്‌ടോബര്‍ 6, ഒക്‌ടോബര്‍ 20, നവംബര്‍ 19 തീയതികളിലായി അഞ്ചു കത്തുകളാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചിട്ടുള്ളത്. കത്തുകളിലെ വാക്കുകള്‍ ശ്രദ്ധിക്കുക. ഒരു വിദ്യാര്‍ത്ഥി സംഘടനയെ വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയെ ദേശവിരുദ്ധരാണെന്ന അപകടകരമായ സൂചന എത്ര ലാഘവത്തോടെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നു കാണുക..മോഡി ഗവണ്‍മെന്റ് അധികാരത്തിലേറിയ ശേഷം ഇതാദ്യമായല്ല ദളിത് സംഘടനകളുമായി ബന്ധപ്പെട്ട് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. മദ്രാസ്സ് IIT യിലെ അംബേദ്ക്കര്‍ -പെരിയോര്‍- സ്റ്റഡിസെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഓര്‍ക്കുക. കേന്ദ്രഗവണ്‍മെന്റിന്റേയും മോഡിയുടേയും സാമ്പത്തിക- സാമൂഹ്യ നയങ്ങളെ വിമര്‍ശിച്ചതിനായിരുന്നു നടപടി. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഗവണ്‍മെന്റ് നടപടിയില്‍ നിന്നും പിന്മാറിയത്. സത്യവിരുദ്ധ പ്രചാരങ്ങളുടെ സംഘമുഖം
ദളിത് സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ നുണപ്രചാരങ്ങള്‍ കൊണ്ടും സംഘബലത്തെ രാഷ്ട്രീയാധികാരം കൊണ്ടും നേരിടുക എന്നത് സവര്‍ണ്ണഫാഷിസത്തിന്റെ പൊതു രീതിയാണ്. ഇവിടെ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസ്സോസിയേഷനെക്കുറിച്ചുയരുന്ന ആദ്യആരോപണം അവര്‍ ദേശവിരുദ്ധരാണ് എന്നതാണ്. യാക്കൂബ് മേമന്റെ വധശിക്ഷ വിമര്‍ശിച്ചുകൊണ്ട് നിലപാടെടുത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനകത്തുനിന്നു കൊണ്ട് വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നത് ദേശവിരുദ്ധരാകുന്നത് എങ്ങനെയാണ്? വധശിക്ഷയ്‌ക്കെതിരെ ഒരു പൊതു നിലപാടെടുക്കുന്നതിനെ ഭീകരപ്രവര്‍ത്തനത്തിനുള്ള പിന്തുണയായി ചിത്രീകരിക്കപ്പെടുന്നതിന്റെ പിന്നിലുള്ള യുക്തിയെന്താണ്.?യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ പ്രതികരിച്ച ഏകസംഘടനയല്ല അടഅ . The Hindu വും IndianExpress ഉം ഉള്‍പ്പെടെയുള്ള രാജ്യത്തെ പത്രമാധ്യമങ്ങളില്‍ പലതും ഈയൊരു നിലപാടെടുത്തിട്ടുണ്ട്. ഞഅണ യുടെ മുന്‍ മേധാവി ബി.രാമന്‍, എം.ജി മോഹന്‍ദാസ്, എച്ച്.എസ് ബേദി, പി.ബി സാവന്ത്, എച്ച് സുരേഷ്, കെ.പി സുബ്രഹ്മണ്യം, എസ്.എന്‍ ഭാര്‍ഗവ, കെ ചന്ദ്ര, മാര്‍ക്കണ്‌ഡേയ കട്ജു തുടങ്ങിയ നിരവധി മുന്‍ ജഡ്ജിമാര്‍ രാംജഠ് മലാനി, ശത്രുഘ്‌നന്‍ സിന്‍ഹ, മണിശങ്കര്‍ അയ്യര്‍, സീതാറാം യെച്ചൂരി, ശശി തരൂര്‍, റ്റി ശിവ, ദിവാകര്‍ ഭട്ടാചാര്യ, കെ.ടി എസ് തുളസി, എന്‍ റാം, നസ്‌റുദ്ദീന്‍ ഷാ, മഹേഷ് ഭട്ട്, തുഷാര്‍ ഗാന്ധി തുടങ്ങി രാഷ്ട്രീയ സാംസ്‌ക്കാരിക മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാടു പ്രമുഖര്‍ ഇതേ നിലപാടെടുത്തിട്ടുവള്ളരാണ്.ഇവരൊക്കെ ദേശവിരുദ്ധരാണോ? മറ്റൊരുവാദം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്യുന്നത് തെറ്റാണ് എന്നതാണ്. പക്ഷേ, ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങനെയാണ് കോടതികള്‍ വിമര്‍ശനാതീതമാകുന്നത്? നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തന്നെ കോടതിവിധികളെ വിമര്‍ശിക്കാറില്ലേ. ദേശീയ ജുഡീഷ്യല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടുവന്ന സുപ്രീം കോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് നമ്മുടെ ധനകാര്യ മന്ത്രി തന്നെ രംഗത്തു വന്നില്ലേ? അതെല്ലാം ആരോഗ്യകരമായ ജനാധിപത്യസംവിധാനത്തിന് അനിവാര്യമാണ്. ഇത്തരം ഭിന്നാഭിപ്രായങ്ങളും ആശയസംവാദങ്ങളുമാണ് ജനാധിപത്യത്തെ ജീവത്താക്കുന്നത്. എതിര്‍ രാഷ്ട്രീയമുള്ളവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നത് ഫാഷിസത്തിന്റെ രീതിയാണ്, ജനാധിപത്യത്തിന്റേതല്ല. രണ്ടാമത്തെ വലിയ നുണയായിരുന്നു രോഹിത് ദളിതനല്ല എന്ന പ്രചാരണം. ആന്ധ്രാപ്രദേശ് റവന്യു വകുപ്പ് നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് പുറത്തു വന്നതോടെ ആ വാദവും പൊളിഞ്ഞു. രോഹിതിന്റെ അച്ഛന്‍ ദളിതനല്ല, പിന്നോക്ക വിഭാഗക്കാരന്‍ മാത്രമാണ് എന്നതാണ് സംഘപരിവാര്‍ ഉയര്‍ത്തിയ വാദം. വളരെ ചെറു പ്രായത്തില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ് രോഹിതിനെ. ഒരു ദളിത് സ്ത്രീയായ അമ്മയ്‌ക്കൊപ്പം ഒരു ദളിതനായാണ് രോഹിത് വളര്‍ന്നതും ജീവിച്ചതും. അച്ഛന്‍ ഏതു വിഭാഗക്കാരനാണെങ്കിലും രോഹിതിന്റെ സ്വത്വവും വ്യക്തിത്വവും രൂപപ്പെട്ടത് ഒരു ദളിതനായി തന്നെയാണ്. അതാണ് രാജ്യത്ത് നിലവിലുള്ള നിയമം. അതാണ് നാട്ടുനടപ്പും.NSS ന്റെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജാതി നാം അറിയുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ ആരാണെന്നും അയാളുടെ ജാതി ഏതെന്നും നോക്കിയല്ലല്ലോ? ഈശ്വരന്‍ നമ്പൂതിരിക്കു ജനിച്ചതാണെങ്കിലും മന്നം വളര്‍ന്നതും ജീവിച്ചതും നായരായാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ ജാതിയും. രോഹിതിന്റെ ഉപേക്ഷിച്ചു പോയ അച്ഛനെ കണ്ടെത്തിയാനയിച്ച് അത് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പുച്ഛമടക്കി വിളമ്പുന്ന വക്താക്കളാരും മന്നത്തിന്റെ പിതൃത്വം തേടി പോയതായി അറിയില്ല.മൂന്നാമത്തെ നുണ സുശീല്‍കുമാറിനെ രോഹിതും കൂട്ടരും മര്‍ദ്ദിച്ചു എന്നാണ്. മുപ്പതുപേര്‍ കൂട്ടം ചേര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് വലിച്ചു പുറത്തിട്ട് വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് യൂണിവേഴ്‌സിറ്റിയ്ക്കും പിന്നീട് കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്. Proctorial Board ന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നുണ്ട് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരാരും അങ്ങനെയൊരു അക്രമം കണ്ടതായി മൊഴി നല്‍കിയിട്ടില്ല എന്ന്.ആഗസ്റ്റ് 4ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുശീല്‍ അപ്പെന്റിസൈറ്റിസിനുള്ള ശസ്ത്രക്രിയയ്ക്കാണ് വിധേയനായത് എന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. അതാകട്ടെ ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദനത്തിന്റെ ഫലമല്ല താനും. തോളില്‍ ‘നിസാര’ മായ ഒരു പാടുണ്ടായിരുന്നു എന്നല്ലാതെ ആക്രമണ വിധേയനായതിന്റെ ഒരു ലക്ഷണവും സുശീലിന് ഉണ്ടായിരുന്നില്ല. 2015 ഒക്‌ടോബര്‍ 3ന്, ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള 7 പേജ് വരുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതുകൊണ്ടു തന്നെ പരാതി തള്ളിക്കളയണമെന്നുമാണ് പോലീസ് കമ്മീഷണര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റൊരു ദുരാരോപണം ASA നക്‌സലൈറ്റ് ആണെന്നായിരുന്നു. അങ്ങനെയല്ലെന്നതിന് ഏറ്റവും വലിയ തെളിവ് ഈ നുണപ്രചാരണങ്ങള്‍ തുടരുവാന്‍ ഇവരൊക്കെ ഇപ്പോഴും ജീവനോടെ ഉണ്ട് എന്നതാണ്. ഭരണഘടന അനുവദിക്കുന്ന ഇടങ്ങളിലൂടെ തന്നെയാണ് ASA യുടെ രാഷ്ട്രീയവും നീങ്ങിയത്. കാര്യങ്ങള്‍ വിശദീകരിക്കാനായി മന്ത്രി സ്മൃതി ഇറാനി നടത്തിയ പത്ര സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെല്ലാം തന്നെ സത്യവിരുദ്ധമായിരുന്നു. രോഹിതിന്റെ ജീവത്യാഗവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഗവണ്‍മെന്റിന്റെ ആദ്യവാദം അത് യൂണിവേഴ്‌സിറ്റിയ്ക്കകത്തുള്ള പ്രശ്‌നമാണ്, അതില്‍ ഗവണ്‍മെന്റ് ഇടപെടാറില്ല എന്നാണ്. എങ്കില്‍പ്പിന്നെ എന്തിനാണ് സുശീലിന്റെ പരാതിയില്‍ അഞ്ചു തവണ യൂണിവേഴ്‌സിറ്റിയ്ക്കു കത്തു നല്കി സമ്മര്‍ദ്ദത്തിലാക്കിയത് എന്ന് വിശദീകരിക്കുവാന്‍ ഭരണകൂടത്തിനു കഴിയണം. രോഹിതിന്റേയും കൂട്ടരുടേയും ശിക്ഷ നിര്‍ദ്ദേശിച്ച യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് സമിതിയുടെ തലവന്‍ ഒരു ദളിതനായിരുന്നു എന്ന മന്ത്രിയുടെ വാദവും നട്ടാല്‍ കുരുക്കാത്ത കള്ളമാണ്. 2010 ല്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ പി. ബലരാജ് എന്ന ദളിത് ഗവേഷകവിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജാതിവിവേചനത്തിന്റെ ആരോപണം നേരിട്ടിട്ടുള്ള പ്രൊഫ. വിപിന്‍ ശ്രീവാസ്തവ ആയിരുന്നു എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തലവന്‍. ഹോസ്റ്റല്‍ വാര്‍ഡന്‍ ദളിതനാണെന്ന പ്രസ്താവനയും കാര്യങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ്. തീരുമാനങ്ങള്‍ നടപ്പാക്കുക എന്നല്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ യാതൊരു അധികാരമോ പങ്കോ ഇല്ലാത്ത ഒരു തസ്തികയില്‍ ദളിതനായിരുന്നു എന്ന യാദൃശ്ചികത പോലും ആയുധമാക്കാനുള്ള ശ്രമം.മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റിയിലെ SC / ST Employees Federation രംഗത്തു വന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഉള്‍പ്പെടെ പത്ത് അദ്ധ്യാപകര്‍ ഇതേതുടര്‍ന്ന് ഭരണപരമായ പദവികളെല്ലാം രാജി വച്ചുകൊണ്ട് പ്രതിഷേധിച്ചു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദളിതരല്ലാത്ത ചില അദ്ധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. പ്രൊഫ. പി. അനുപമ, പ്രൊഫ. സൗമ്യ. ഡി എന്നിവര്‍ ജനുവരി 25ന് തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് പദവികളെല്ലാം രാജി വച്ചു. യൂണിവേഴ്‌സിറ്റിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒരു ദളിതനെന്ന നിലയ്ക്ക് അവഗണന ഏറ്റു വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. സുശീലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടു പോലും ഭരണരംഗത്തുള്ളവര്‍ തന്നെ കാണിച്ചിട്ടില്ലെന്ന് സി.എം.ഒ രവീന്ദര്‍കുമാര്‍ പറയുന്നു.അസത്യപ്രചാരണങ്ങളിലൂടെ രോഹിതിനേയും അയാളുടെ രാഷ്ട്രീയത്തേയും അയാളുടെ മരണത്തെ പോലും അവഹേളിച്ചുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ തങ്ങളുടെ രാഷ്ട്രീയമെന്തെന്ന് സ്വയം വെളിപ്പെടുത്തുകയാണ്. ‘അടക്കാനാവാത്ത ദുഃഖം’ പുറത്തേക്കു പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് അഞ്ചു ദിവസങ്ങള്‍ വേണ്ടി വന്നു. രോഹിത് ആത്മഹത്യ ചെയ്ത ആദ്യ അഞ്ചു ദിവസങ്ങളിലും നിരവധി പൊതു സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കുകയും കാര്‍ഷിക ഇന്‍ഷുറന്‍സ് മുതല്‍ പാക്കിസ്ഥാനിലെ ഭീകരാക്രമണം വരെയുള്ള നിരവധി വിഷയങ്ങളില്‍ ട്വീറ്റ് ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി അഞ്ചാം ദിവസം പ്രസ്താവനയുമായി എത്തുന്നത് രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തിയ സമ്മര്‍ദ്ദഫലമായാണ്. ഈ പ്രസ്താവന വരേണ്ടിയിരുന്നത് സംഭവം നടന്ന ജനുവരി 17നോ 18നോ ആയിരുന്നു. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ജനം ആഗ്രഹിക്കുന്നത് നടപടികളാണ്, വാചക കസര്‍ത്തല്ല. പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ അതിരൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വരികയുണ്ടായി. ഈ ഗവണ്‍മെന്റ് അധികാരത്തിലേറിയ ശേഷം ദളിത് സംഘടനകള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്ന് കകഠ മദ്രാസിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീ എല്‍. പുനിയ അഭിപ്രായപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രിയും BJP ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ സഞ്ജയ് പാസ്വാനും ഗവണ്‍മെന്റ് നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചു. വി.സിയെ ഉടന്‍ പുറത്താക്കണമെന്നും സംഭവത്തില്‍ ഇആക അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതീകരിക്കാനാകാത്ത ക്രൂരകൃത്യമാണ് അരങ്ങേറിയത്. സംസ്ഥാന ഗവണ്‍മെന്റും, യൂണിവേഴ്‌സിറ്റി അധികൃതരും, ഭണ്ഡാരുവും, സ്മൃതി ഇറാനിയുമെല്ലാം ഇതിനുത്തരവാദികളാണ് അദ്ദേഹം പറയുന്നു. എന്നിട്ടും ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു ദളിത് അംഗം പോലും പ്രതികരിക്കാത്തത് സവര്‍ണ്ണ ഹൈന്ദവ ദാസ്യത്തിന്റെ രാഷ്ട്രീയമാണ് വെളിപ്പെടുത്തുന്നത്. നമ്പൂതിരി മുതല്‍ നായാടി വരെ ഒരുമിച്ചുണരുന്ന ഭാരതം സ്വപ്നം കാണുന്നവര്‍ രോഹിതിന്റെ മരണം ഒരു ‘ഹിന്ദു’ വിന്റെ മരണമായി ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു വരാത്തതിന്റെ പിന്നിലെ രാഷ്ട്രീയം വായിച്ചെടുക്കേണ്ടതുണ്ട്. രണ്ട്
ഭീമ കൊറെഗാവ്
മഹാരാഷ്ട്രയില്‍ പൂനെയ്ക്കടുത്ത് ഭീമ കൊറെഗാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കര്‍ സ്ഥലത്തിനകത്ത് ഒരു യുദ്ധസ്മാരക സ്ഥൂപമുണ്ട്. എല്ലാ പുതുവര്‍ഷ ദിനത്തിലും അത് പുഷ്പാലംകൃതമാകും. വിവിധ പ്രദേശങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് മനുഷ്യര്‍ അവിടെഎത്തിച്ചേരുന്നു. രാഷ്ട്രീയ പ്രസംഗങ്ങള്‍, സംഗീത കലാപരിപാടികള്‍, പുസ്തകശാലകള്‍, വാണിഭശാലകള്‍, വിനോദകേന്ദ്രങ്ങള്‍….ആകെ ഒരുത്സവം പോലെയാണ് ആ ദിവസം. 1927 ജനുവരി ഒന്നിന് ഡോ ബി.ആര്‍ അംബേദ്കര്‍ ഈ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇന്നും ആ ചടങ്ങ് തുടരുന്നു.ഈ സ്ഥൂപം വൈദേശികര്‍ക്കെതിരെ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന്റെ സ്മൃതി ഗോപുരം അല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതാണിത്. 1818 ല്‍ പുതുവര്‍ഷ ദിനത്തിലാണ് കേണല്‍ എഫ് എഫ് സ്റ്റോണ്‍ടന്റെ നേതൃത്വത്തിലുള്ള 500 സൈനികര്‍ ഭീമാ നദി കടന്ന് ഇരുപത്തയ്യായിരത്തോളം വരുന്ന സുസജ്ജമായ പെഷവ രാജസേനയെ പരാജയപ്പെടുത്തി വെന്നിക്കൊടി നാട്ടിയത്. മൂന്നാംഇംഗ്ലീഷ്- മറാഠാ യുദ്ധത്തിലെ പ്രധാന വഴിത്തിരിവായാണ് ബ്രിട്ടീഷുകാര്‍ ഈ വിജയത്തെ കാണുന്നത്. പടിഞ്ഞാറന്‍ ഭാരതത്തില്‍ മറാഠി സാമ്രാജ്യത്തെ കീഴ്‌പ്പെടുത്തി ബ്രിട്ടീഷ് ഭരണത്തിനു തുടക്കം കുറിച്ചത് ഈ യുദ്ധമാണ്. ഇന്നും അത് ആഘോഷിക്കപ്പെടുന്നതിന്റെ അയുക്തികതയാണ് ഭാരത്തിന്റെ ചരിത്രത്തില്‍ ദളിത് – ഹൈന്ദവ രാഷ്ട്രീയ ധാരകളെ വേര്‍തിരിക്കുന്ന സൈദ്ധാന്തിക യുക്തി. മഹാരാഷ്ട്രയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടിട്ടുള്ള സമുദായമാണ് മഹറുകള്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കു പുറത്ത് മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന പഞ്ചമര്‍. ശിവജിയുടെ കാലഘട്ടത്തില്‍ നിന്നും പെഷവരുടെ കാലത്തിലേക്കെത്തുമ്പോഴേയ്ക്കും ബ്രാഹ്മണിക്കല്‍ ഹൈന്ദവതയുടെ ഏറ്റവും മനുഷ്യത്വ രഹിതമായ ക്രമത്തിലേയ്ക്ക് സമൂഹം പരിണമിച്ചിരിക്കുന്നു. മഹറുകളെ സൈന്യത്തിലോ മറ്റു പൊതു ജോലികളിലേക്കോ പരിഗണിച്ചിരുന്നില്ല. ജനപഥങ്ങളില്‍ അവര്‍ പിന്നില്‍ ചൂലും കെട്ടിയാണ് നടക്കേണ്ടിയിരുന്നത്. നടക്കുമ്പോള്‍ അവരുടെ കാല്‍പ്പാടുകള്‍ പോലും മണ്ണില്‍ അവശേഷിക്കുന്നത് അശുദ്ധി ആയിരുന്നത്രേ. തുപ്പല്‍ മണ്ണില്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ കുടവും കെട്ടിത്തൂക്കിയാണ് അവര്‍ നടന്നത്. അത്രയധികം നീചമായ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക അടിമത്തത്തില്‍ നിന്നുമുള്ള വിമോചനമായാണ് മഹറുകള്‍ ബ്രിട്ടീഷ് വിജയത്തെ കാണുന്നത്. വിജയം കുറിച്ച അഞ്ഞൂറു സൈനികര്‍ മഹറുഭാഗത്തു നിന്നായിരുന്നു. യുദ്ധസ്മാരകത്തില്‍ അവരുടെ പേരുകള്‍ മുദ്രണം ചെയ്തിരിക്കുന്നു.സൈന്യത്തില്‍ നിന്നു മാത്രമല്ല സമൂഹത്തില്‍ നിന്നും തങ്ങളെ അകറ്റി നിര്‍ത്തിയ അനീതി അധികാര വ്യവസ്ഥിതിയ്ക്കു നേരെയുള്ള അമര്‍ത്തിയടക്കിയ രോഷമാണ് കാല്‍ ലക്ഷത്തോളം വരുന്ന പെഷവ സൈന്യത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ മഹര്‍ സൈനീകര്‍ക്ക് ശക്തി നല്‍കിയത്. അവരെ സംബന്ധിച്ചിടത്തോളം വിമോചനമെന്നത് യുഗങ്ങളായുള്ള ബ്രാഹ്മണിക്കല്‍ ഇംപീരിയലിസത്തില്‍ നിന്നുള്ള വിടുതലായിരുന്നു.
എല്ലാ ഭിന്നതകളും മാറ്റി വച്ചുകൊണ്ട് ‘സ്വരാജി’നായി അണിചേരുവാന്‍ ആവശ്യപ്പെട്ട ഗാന്ധിജിയോട് ‘Mr.Gandhi, I have no home land” എന്ന് അംബേദ്കറെക്കൊണ്ട് പറയിപ്പിച്ചതും ഇതു തന്നെയാണ്. ഒരു പക്ഷേ, ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നില്ലെങ്കില്‍ ഒരു അംബേദ്കര്‍ രൂപപ്പെടുമായിരുന്നില്ല. പിതാവ് സൈനീകനായതുകൊണ്ട് മാത്രമാണ് ക്ലാസ്സ് മുറിയുടെ അകന്ന മൂലയിലെങ്കിലുമിരുന്ന് അംബേദ്കര്‍ക്ക് പഠിക്കാന്‍ കഴിഞ്ഞത്. ”ബ്രിട്ടീഷുകാരാണ് എനിക്ക് ദീക്ഷ നല്‍കിയത്” എന്ന് നാരായണ ഗുരു പറഞ്ഞതിന്റെ പിന്നിലും കാരണം മറ്റൊന്നല്ല. അതുകൊണ്ടു തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരിക്കലും ദളിത് ആക്ടിവിസത്തെ ഉള്‍ക്കൊള്ളാനാവാത്തതും. ആയിരക്കണക്കിന് വര്‍ഷത്തെ സാമൂഹ്യ ജീവിതത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു അകലമാണത്. നൂറ്റാണ്ടുകളായി മരിച്ചു വീണ നിസ്സഹായജന്മങ്ങളുടെ ശവക്കൂനയ്ക്കു മേല്‍ ചവുട്ടി തലയുയര്‍ത്തി നിന്ന് സൂര്യനെ നോക്കി ചിരിച്ചുകൊണ്ടാണ് ഈ ലോകം എത്ര സുന്ദരമാണെന്നും, നമ്മുടെ പാരമ്പര്യം എത്ര പ്രൗഢമാണെന്നും ഹിന്ദുത്വ വാദികള്‍ പറയുന്നത്. റിസര്‍വേഷന്‍ മൂലം ‘ അവസരം’ നഷ്ടപ്പെടുന്ന പാവപ്പെട്ട സവര്‍ണ്ണരെക്കുറിച്ച് Youth for Equality സംസാരിക്കുന്നത്. നമ്മുടെ സിനിമകളിലും സാഹിത്യത്തിലും മുഖ്യധാരാ മാധ്യമങ്ങളിലുമെല്ലാം സൃഷ്ടിക്കപ്പെടുന്ന സവര്‍ണ്ണ യുവത്വത്തിന്റെ നിഷ്‌ക്കളങ്കമായ ഈ തുല്യതാ കാമന ചരിത്ര നിരാസത്തിന്റേയും സമൂഹത്തിന്റെ ബോധപൂര്‍വ്വമുളള മറവികളുടേയും ഫലമാണ്. ദളിത് രാഷ്ട്രീയം പക്ഷേ ഓര്‍മ്മകളെ ചികഞ്ഞെടുക്കുകയാണ്. മറവിക്കെതിരെയുള്ള ഓര്‍മ്മകളുടെ സമരമാണത്. അധികാരവ്യവസ്ഥിതിയോടുള്ള കലഹവുമാണത്. അതുകൊണ്ടു തന്നെയാണ് കാമ്പസ്സുകളില്‍ വളര്‍ന്നു വരുന്ന ദളിത് ആക്ടിവിസം നമ്മുടെ പൊതുബോധത്തെ അലോസരപ്പെടുത്തുന്നത്, ഭയപ്പെടുത്തുന്നത്.
വിവേചനത്തിന്റെ മൂലകങ്ങള്‍
ഒരു കാലഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസമേഖല സവര്‍ണ്ണരുടെ കുത്തകയായിരുന്നു. നൂറുശതമാനവും സവര്‍ണ്ണര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഇടം. അവിടേക്ക് ദളിതര്‍ കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതിവിവേചനപരമായ സംഘടിത ആശയപ്രചാരണങ്ങള്‍ കൂടുതല്‍ പ്രകടമാകാന്‍ കാരണം. സ്വാതന്ത്ര്യാനന്തരം പ്രാഥമിക വിദ്യാഭ്യാസം സാര്‍വ്വത്രികമാവുകയും ചെവിയില്‍ ഈയമുരുക്കിയൊഴിക്കപ്പെട്ടവരുടെ പിന്‍മുറക്കാര്‍ സാക്ഷരത നേടുകയും ചെയ്തപ്പോഴും ഉന്നത വിദ്യാഭ്യാസം സവര്‍ണ്ണ സംവരണ മേഖലയായിരുന്നു. ബിരുദ-ബിരുദാനന്തര മേഖലകളിലേക്ക് പിന്നോക്കവിഭാഗങ്ങളെത്തിയിരുന്നില്ല. 1970-80 കാലഘട്ടം മുതല്‍ ചിത്രം മാറാന്‍ തുടങ്ങി. ഉന്നതവിദ്യാഭ്യാസരംഗത്തും അധഃസ്ഥിതരുടെ സാന്നിധ്യമുണ്ടായി. നൂറ്റാണ്ടുകളായി സവര്‍ണ്ണര്‍ കൈയടക്കിവച്ചിരുന്ന പ്രത്യേക അവകാശമേഖലകളിലേക്ക് അവര്‍ കടന്നു വരാന്‍ തുടങ്ങി. രോഹിത് വിമുല തന്നെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത് ജനറല്‍ മെറിറ്റിലാണ്. ഇതൊക്കെ അവസര നഷ്ടമായാണ് സവര്‍ണ്ണ-വരേണ്യവര്‍ഗ്ഗം മനസ്സിലാക്കിയത്. അവര്‍ക്ക്, ന്യായീകരിക്കാനാവാത്ത ചരിത്രപശ്ചാത്തലം കൊണ്ട് വന്നു ചേര്‍ന്ന പ്രത്യേക അവകാശങ്ങള്‍ അനിവാര്യമായ രീതിയില്‍ കുറഞ്ഞു വരുന്നതു മാത്രമാണെന്നും അധഃസ്ഥിതര്‍ നടന്നു കയറുന്നത് അവര്‍ക്കു കൂടി അവകാശപ്പെട്ട ഇടങ്ങളിലേക്കു മാത്രമാണെന്നും അംഗീകരിക്കപ്പെട്ടില്ല. ഇതിഹാസങ്ങളിലെ ദ്രോണാചാര്യ സിന്‍ഡ്രോം ആവേശിച്ച ഗുരുക്കന്മാരുടെ മുന്നില്‍ പെരുവിരല്‍ അറുത്തു സമര്‍പ്പിക്കാന്‍ പുതുകാലത്തെ ഏകലവ്യന്മാര്‍ തയ്യാറാകാത്തത് അസഹിഷ്ണുതയുടെ മറ്റൊരു മുഖം തുറക്കുന്നു. കഴിവ്-കാര്യക്ഷമത ( Merit-Efficiency) സംവാദങ്ങളുടെ അടിസ്ഥാനപരമായ പിശക് അവിടെയാണ്. മുന്‍ യു ജി സി ചെയര്‍മാനും, Indian Council For Social Science Research ന്റെ തലവനുമായ ഡോ. സുഖദേവ് തൊറാട്ടിന്റെ നേതൃത്വത്തില്‍ ഡല്‍ഹി AIIMS -ല്‍ നിലനില്ക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് ഒരു പഠനം നടത്തി, അതിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ക്ലാസ്സ്മുറികളില്‍, ഹോസ്റ്റലില്‍, കാന്റീനില്‍ അങ്ങനെ എല്ലാ മേഖലകളിലും വിവേചനവും ഒറ്റപ്പെടുത്തലുകളും വ്യാപകമായിരുന്നു. ഹോസ്റ്റലുകളില്‍ സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ നിന്നു മാറി ദളിത് കുട്ടികളെല്ലാം അകന്ന ഒരു മൂലയിലാണ് താമസിച്ചിരുന്നത്. ഒരു തരം ഘെറ്റോയിസേഷന്‍ തന്നെ. സവര്‍ണ്ണ മുറികള്‍ക്കടുത്ത് താസിച്ചിരുന്ന ദളിത് വിദ്യാര്‍ത്ഥി ഒരു ദിവസം ഹോസ്റ്റലില്‍ എത്തുമ്പോള്‍ മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. വാതിലില്‍ ഇവിടെ നിന്നും പുറത്തു പോവുക എന്ന് എഴുതി വച്ചിരുന്നു. സാംസ്‌കാരിക പരിപാടികളില്‍ നിന്നും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ നിന്നും അവരെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഷെഡ്യൂളുകള്‍ മാറുന്നതു പോലും ക്ലാസ്സ് മോണിറ്റര്‍മാര്‍ അവരെ അറിയിക്കാറില്ലത്രേ. AIIMSഅധികൃതര്‍ പക്ഷേ, തൊറാട്ടു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. തൊട്ടടുത്ത വര്‍ഷം കാമ്പസ്സില്‍ ഒരു ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പഠിക്കുവാന്‍ അകകങട വീണ്ടും സമീപിച്ചപ്പോഴാണ് ഈ വിവരമറിയുന്നത്. തുടര്‍ന്ന് അന്വേഷണ ചുമതല താനേറ്റെടുക്കില്ല എന്ന് അടുത്തിടെ Scroll.in നു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.2007-2013 കാലഘട്ടത്തില്‍ ഹൈദരാബാദിലെ യൂണിവേഴ്‌സിറ്റികളില്‍ 9 ദളിത് ആത്മഹത്യകള്‍ നടന്നു. അതില്‍ രണ്ടെണ്ണം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ഇതേതുടര്‍ന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനുത്തരവിട്ടു. 30 വിദഗ്ദ്ധരടങ്ങുന്ന സമിതിയാണ് പഠനം നടത്തിയത്. രൂക്ഷമായ ജാതി വിവേചനം, ഹീനരെന്നു മുദ്രകുത്തി അപമാനിക്കല്‍, വെറുപ്പ്, വേദന, പരാജയഭീതി, പരാജയം…….കാലങ്ങളായുള്ള അപകര്‍ഷതാ ബോധത്തിന്റേയും അമിത പ്രതീക്ഷകളുടേയും ഉത്തരവാദിത്തങ്ങളുടേയും മാനസികഭാരവും പേറി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എത്ര നാള്‍ പിടിച്ചു നില്ക്കാനാകും? ഒപ്പം ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും തടഞ്ഞുവയ്ക്കുക, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡും ഗൈഡന്‍സും നല്കാതിരിക്കുക.ഇന്റേണല്‍ അസ്സസ്സ്‌മെന്റുകളില്‍ വിവേചനം കാണിക്കുക. ഇക്കാര്യത്തിലൊന്നും ചെയ്യാതിരുന്നത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയാണെന്ന് തൊറാട്ടു പറയുന്നു.2014ല്‍ HCU വില്‍ ഇതേ വിഷയത്തെക്കുറിച്ച് പഠിച്ച് പ്രമുഖ സോഷ്യോളജിസ്റ്റ് സഹ്ജീല്‍ ഹെഗ്‌ഡെയും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേലും ഒരു തുടര്‍ നടപടിയും ഉണ്ടായിരുന്നില്ല.കാലാകാലങ്ങളില്‍ അധികാര സ്ഥാനങ്ങളിലുള്ളവര്‍ സ്വീകരിച്ച നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് വീണ്ടും ഒരു കുടുംബത്തിന്റേയും സമുദായത്തിന്റേയും മുഴുവന്‍ പ്രതീക്ഷകളും ചുമലേന്തിയ ഒരു ജീവിതം കൂടി അകാലത്തിലവസാനിക്കുവാന്‍ ഇടയാക്കിയത്. പരമ്പരാഗതമായ ബ്രാഹ്മണ-ബനിയ മധ്യവര്‍ഗ്ഗ പശ്ചാത്തലത്തില്‍ വളര്‍ന്ന ഹിന്ദുത്വ സംഘടനകള്‍ക്ക് ബിംബ കല്‍പ്പനകള്‍ക്കപ്പുറത്തേക്ക് ദളിത് വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. ക്ഷേത്ര പ്രവേശന സമരങ്ങള്‍ മുതല്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വരെയുള്ള വിഷയങ്ങളിലൊന്നും അവര്‍ ദളിതര്‍ക്കൊപ്പം നിന്നിട്ടുമില്ല. പക്ഷേ ഹിന്ദുത്വ ശക്തികള്‍ക്ക് വളരണമെങ്കില്‍ ദളിതരുടെ വോട്ട് വേണമായിരുന്നു.രാജ്യത്ത് ദളിത് രാഷ്ട്രീയം ഉയര്‍ന്നു വന്ന 1970 കള്‍ മുതല്‍ അവര്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ദളിത്പ്രതീകങ്ങളെ, പ്രതി പുരുഷന്‍മാരെ ദൈവങ്ങളായി അര്‍ദ്ധദൈവങ്ങളായി ഉയര്‍ത്തി കാണിക്കുവാന്‍ ആരംഭിച്ചു. 1983 ല്‍ ഞടട സാമ്രാജിക് സംരസ്ത ക്യാമ്പയിന്‍ ആരംഭിച്ചു. മിശ്രഭോജന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ഉത്തരേന്ത്യയില്‍ സുഹല്‍ ദേവിനെപ്പോലെയുള്ള ദളിത് വീര നായകരെ മുസ്ലീങ്ങളില്‍ നിന്നും നാടിനെ രക്ഷിക്കാനായി പരിശ്രമിച്ച ‘രാഷ്ട്ര രക്ഷക് ശിരോമണി’ യായി ചിത്രീകരിച്ചു. അംബേദ്കറെപ്പോലും അത്തരത്തില്‍ സ്വന്തമാക്കി അപ്രസക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഭരണാഘടന ദിവസം ആചരിക്കുന്നു. ലണ്ടന്‍ ഹൗസ് സ്വന്തമാക്കുന്നു. മനോഹരമായ മ്യൂസിയം ഒരുങ്ങുന്നു.അതേ സമയം അംബേദ്കറെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്ന് പറഞ്ഞ് പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നു. ദളിത് ഗവേഷകര്‍ ഇവിടെ സ്‌കോളര്‍ഷിപ്പ് പോലും ലഭിക്കാതെ വലയുമ്പോള്‍, ഗ്രാമങ്ങളില്‍ പട്ടിണികൊണ്ട് മരിച്ചു വീഴുമ്പോള്‍ ഗവണ്‍മെന്റ് ഏറ്റവും ദളിത് വിരുദ്ധമായ സ്വകാര്യ ലാഭാര്‍ത്ഥിയുടെ നെറികെട്ട സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടു പോകുന്നു.അവരുടെ ഗ്രാമങ്ങള്‍, മലമേടുകള്‍, വനങ്ങള്‍, നദികള്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നു. ബഡ്ജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, സ്‌പെഷ്യല്‍ എസ്. സി ഫണ്ട് എല്ലാം വെട്ടിക്കുറക്കുന്നു. തൊഴിലുറപ്പ് പദ്ധതിയും ഉച്ചക്കഞ്ഞി പദ്ധതിയും പോലും ഞെരുക്കത്തിലാണ്. അവര്‍ക്കുവേണ്ടത് പ്രതീകങ്ങള്‍ മാത്രമാണ്. അംബേദ്കറെ ദൈവമാക്കി വിഗ്രഹമാക്കി മാറ്റുന്നത് ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ ചിന്തകളെ ഭയമാണ്. ഹിന്ദുത്വ രാഷ്ട്രീയം ഏറ്റവുമധികം ഭയപ്പെടുന്നത്, മാര്‍ക്‌സിനെയോ, ലെനിനെയോ, ഗാന്ധിജിയെയോ അല്ല അംബേദ്കറെയാണ്. ഒരു മനുഷ്യന്റെ മൂല്യം ഒരു വോട്ട്. ഹീനജാതിക്കാരനായ ഒരു കറുത്ത ചെറുക്കന്‍. നിശൂന്യമായ മനസ്സിലെ, ആശയും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഒരുമിച്ച് ഒന്നായി അര്‍ത്ഥരഹിതമായി ഒരു തമോഗര്‍ത്തത്തിലേക്കെന്നപോലെ വലിച്ചു താഴ്ത്തുന്ന സിംഗുലാരിറ്റിയില്‍ നിന്നുകൊണ്ട് തന്റെ മരണപത്രത്തില്‍ രോഹിത് എഴുതുന്നു. Value of a man was reduced to his immmediate identity and nearest possibility to a thing.എന്താണ് തൊട്ടടുത്ത സ്വനം?അത് അവന്‍ ദളിതനാണെന്നുളളതാണ്. എന്താണ് ഏറ്റവും അടുത്ത സാധ്യത?2010 ല്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ തൂങ്ങിമരിച്ച ഗവേഷക വിദ്യാര്‍ത്ഥി (അദ്ദേഹത്തിന് ഗൈഡിനെ കൊടുത്തിരുന്നില്ല.) ബല്‍രാജിനോട് ”കന്നുകാലികളെ മേയ്ക്കാന്‍ പൊയ്ക്കൂടെ” എന്ന് ചോദിച്ച പ്രൊഫസര്‍ക്ക് അറിയുമായിരിക്കാം. രാഷ്ട്രീയ സത്യസന്ധത മുമ്പെങ്ങുമുണ്ടാവാത്ത തരത്തിലുള്ള പ്രതിഷേധസ്വരങ്ങള്‍ രോഹിതിന്റെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുമ്പോള്‍ അതിന് പക്ഷം പിടിക്കുന്നവരുടെ രാഷ്ട്രീയ സത്യസന്ധതയും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. എല്ലാതരത്തിലുമുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പു നല്‍കുന്നഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് 67 വര്‍ഷം തികയുമ്പോഴും നമ്മുടെ രാജ്യത്ത് ”എന്റെ ജനനമായിരുന്നു എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം” എന്നു ഒരു പൗരന്പറയേണ്ടി വരുന്നെങ്കില്‍ ആരാണ് അതിനുത്തരവാദി അല്ലാത്തത്? ജന്മം ശാപമായി കരുതേണ്ടി വരുന്ന ജനതയോടു മറുപടി പറയാന്‍ ആര്‍ക്കാണ് കഴിയുക?ഇന്ന് SFI ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും, CPI(M) ഉം കോണ്‍ഗ്രസ്സും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും അടഅ യ്‌ക്കൊപ്പമുണ്ട്. ഈ ആറര പതിറ്റാണ്ടു കാലം നിങ്ങളെവിടെയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചാല്‍ എന്തു മറുപടിയാണുള്ളത്? സംവരണ വിഷയത്തില്‍പ്പോലും ഒരു നിലപാടെടുക്കുവാന്‍ ഇവിടത്തെ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നോ? വളരെക്കാലം സാമ്പത്തിക സംവരണം എന്ന ആശയമല്ലെ കൊണ്ടു നടന്നത്? ചാതുര്‍വര്‍ണ്യവ്യവസ്ഥിതി രാജ്യത്തെ സവര്‍ണ്ണസമ്പന്നര്‍ക്ക് പൈതൃകമായ നല്കിയ ‘സാംസ്‌കാരിക മൂലധന’മാണ് മെറിറ്റ് എന്നു മനസ്സിലാക്കുന്നതില്‍ ഇവിടത്തെ ഇടതുപക്ഷം പൊതുവേയും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ വിശേഷിച്ചും പരാജയപ്പെട്ടു. രോഹിത് ആഗ്രഹിച്ചത് ഒരു ശാസ്ത്ര സാഹിത്യകാരനാകാനാണ്. ഭൗതിക ശാസ്ത്രത്തിലെന്നപോലെ സാമൂഹ്യശാസ്ത്രത്തിലും ഒരു Grand Unified Theory അയാള്‍ സ്വപ്നം കണ്ടിരിക്കാം. ഭൗതിക ശാസ്ത്രത്തില്‍ സ്ഥൂലപ്രപഞ്ചത്തെ, ഭൂമിയെയും നക്ഷത്രത്തെയും സൗരയൂഥങ്ങളേയും മനസ്സിലാക്കാനും പഠിക്കുവാനും നമ്മെ സഹായിക്കുന്നത് ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികതാ സിന്ധാന്തമാണ്. ഉദാഹരണത്തിന് ഒരു സാറ്റലൈറ്റ് കൃത്യമായി ഭ്രമണപഥത്തിലെത്തിക്കാന്‍ നമുക്ക് വേണ്ടത് ഈ ഗണിത പദ്ധതിയാണ്. എന്നാല്‍ സൂക്ഷ്മ പ്രപഞ്ചത്തെ, ഒരു തന്മാത്രയ്ക്കകത്തെ, ആറ്റത്തിനകത്തെ ഭൗതികതയെ മനസ്സിലാക്കാന്‍ അതു മതിയാകില്ല. അതി സൂക്ഷ്മ കണങ്ങളെ തരംഗാവര്‍ത്തികളെ നാം മനസ്സിലാക്കുന്നത് ക്വാണ്ടം ഭൗതികം ഉപയോഗിച്ചു കൊണ്ടാണ്. ഇതു രണ്ടും ഒന്നു ചേരുന്ന, സൂക്ഷ്മ പ്രപഞ്ചത്തേയും സ്ഥൂലപ്രപഞ്ചത്തേയും ഒരേ സമയം വിശദീകരിക്കുവാന്‍ കഴിയുന്ന, ഏകീകൃത സിദ്ധാന്തത്തെയാണ് Stephen Hawkings, Grand Unified Theory എന്നു വിളിക്കുന്നത്. സര്‍വ്വതിന്റേയും സിദ്ധാന്തം എന്നും വിളിക്കാം. പക്ഷേ, നിലവിലുള്ള രണ്ടു തിയറികള്‍ അതിന്റേതായ മേഖലകളില്‍ പൂര്‍ണ്ണ വിജയമാകുമ്പോഴും രണ്ടും സമന്വയിപ്പിക്കുവാന്‍ സാധിക്കുന്നില്ലാ എന്നതാണ് ഭൗതികശാസ്ത്രം ഇന്നു നേരിടുന്ന വെല്ലുവിളി.സമൂഹത്തിന്റെ വിമോചന സ്വപ്നങ്ങളിലാകട്ടെ മാര്‍ക്‌സിസം എന്നും പ്രതീക്ഷയും പ്രചോദനവുമായിരുന്നു. മുതലാളിത്ത ചൂഷണത്തിന് ഒരു ശാസ്ത്രീയ വിശകലനം നല്കിയത് മാര്‍ക്‌സിസമാണ്. വൈരുദ്ധ്യാത്മകഭൗതികവാദവും ചരിത്രപരമായ ഭൗതികതയും വര്‍ഗ്ഗസമരവുമെല്ലാം എല്ലാ കാലത്തും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് അര്‍ത്ഥവും ആവേശവുമായിരിക്കും. ലോകത്തെ വ്യാഖ്യാനിക്കാനും മാറ്റിത്തീര്‍ക്കാനും ഉതകുന്ന മാര്‍ക്‌സിസം പക്ഷേ, ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം പോലെയാണ് സ്ഥൂലപ്രപഞ്ചത്തെ, സ്ഥൂല സമൂഹത്തെ വായിക്കുവാന്‍, മനസ്സിലാക്കാന്‍, മാറ്റിത്തീര്‍ക്കാന്‍ അത് ഉതകും. സമൂഹത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്കെത്തുമ്പോള്‍ പക്ഷേ, മാര്‍ക്‌സിസത്തിനു വിശകലനം ചെയ്യാനാകാത്ത വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമുണ്ട്, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള പ്രാക്തന ജാതീയ സമൂഹങ്ങളില്‍. ക്വാണ്ടം ഭൗതികത, സ്വത്വ ബോധങ്ങളുടെ, ജാതി ബന്ധനങ്ങളുടെ, സാംസ്‌കാരിക അധീശത്വങ്ങളുടെ അവസ്ഥാന്തരങ്ങള്‍ പകര്‍ന്നാടുകയാണ്. ഹൈ എനര്‍ജി പരീക്ഷണങ്ങളില്‍ ഒരേ സമയം ഒന്നിലേറെ വഴികളിലൂടെ സഞ്ചരിക്കുന്ന സൂക്ഷ്മ കണങ്ങളെപ്പോലെ. അത് അനിശ്ചിതത്വങ്ങളുടേയും സാധ്യതകളുടേയും ലോകമാണ്. അത് മനസ്സിലാക്കുന്നതില്‍ മാര്‍ക്‌സിസം പരാജയപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അത് ഏറ്റവും പ്രകടമായി മനസ്സിലാക്കാന്‍ കഴിയുന്നത് ഭൂപരിഷ്‌ക്കരണത്തിന്റെ ചരിത്രത്തിലൂടെയാണ്. കര്‍ഷകന് ഭൂമി എന്ന ലക്ഷ്യം ഫലപ്രാപ്തിയോടടുത്തപ്പോഴാണ് കര്‍ഷകന്‍ എന്ന പൊതു വര്‍ഗ്ഗബോധത്തിനകത്തെ ഗുരുതരമായ ഉപവര്‍ഗ്ഗഭേദങ്ങള്‍ വെളിപ്പെട്ടു വന്നത്. അതാകട്ടെ, സമൂഹത്തലാഴത്തിലിഴ ചേര്‍ന്ന ജാതീയതയുമായി ബന്ധപ്പെട്ടതാണ്. അംബേദ്ക്കര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത് അതിനെയായിരുന്നു. ജാതി വ്യവസ്ഥിതി എന്നത് തൊഴിലിന്റെ വിഭജനമല്ല, തൊഴിലാളികളുടെ വിഭജനമാണ് എന്ന അംബേദ്കറൈറ്റ് നിരീക്ഷണത്തിന്റെ പ്രസക്തി ഇവിടെയാണ്. സാമൂഹിക ശാസ്ത്രത്തിലെ ക്വാണ്ടം ഭൗതികമാണ് ജാതി സമവാക്യങ്ങള്‍. സ്ഥൂലസമൂഹത്തില്‍ മാര്‍ക്‌സിസവും സൂക്ഷ്്മ തലതതില്‍ അംബേദ്ക്കറിസവും സാമൂഹിക-സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കുന്നു. ഇതു രണ്ടും തമ്മിലുള്ള ലയനമായിരിക്കും ഒരു പക്ഷെ, സമ്പൂര്‍ണ്ണവിമോചനത്തിന്റെ Grand Unified Theory സൂക്ഷ്മ പ്രപഞ്ചത്തെ വിശദീകരിക്കാന്‍ ഉതകുന്ന ക്വാണ്ടം മെക്കാനിസം സ്ഥൂല പ്രപഞ്ചത്തെ വായിക്കുന്ന പൊതു ആപേക്ഷികതാ സിദ്ധാന്തവും സമന്വയിക്കുന്ന പൊതു സിദ്ധാന്തം പോലെ മാര്‍ക്‌സിസവും അംബേദ്ക്കറിസവും സമന്വയിപ്പിക്കുന്ന വിമോചനത്തിന്റെ പുതിയ പ്രത്യയശാസ്ത്രം രോഹിത് സ്വപ്നം കണ്ടിരുന്നിരിക്കണം.
2014 ആഗസറ്റ് 13 ന് രോഹിത് എഴുതി, ”മാര്‍ക്‌സിസത്തില്‍ നിന്ന് അംബേദ്ക്കറിസത്തിലേക്കുള്ള എന്റെ രാഷ്ട്രീയ മാറ്റം കൂടുതല്‍ മാനവികമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹസങ്കല്പത്തിധിഷ്ഠിതമായ പുതിയ ഒരു നാളേയ്ക്കു വേണ്ടിയുള്ള ബോധപൂര്‍വ്വമായ് ശ്രമമാണ്. അങ്ങനെ ദേശീയതയുടെ അല്ലെങ്കില്‍ ഭൂരിപക്ഷ സാംസ്‌കാരിക ഐക്യത്തിന്റെ പേരിലുള്ള വരേണ്യ വര്‍ഗ്ഗത്തിന്റെ ഉദാരതയുടേയും ഐക്യ ദാര്‍ഢ്യത്തിന്റേയും മുഖംമൂടികള്‍ ചീന്തിയെറിയുവാന്‍. വര്‍ഗ്ഗ-ജാതി-ലിംഗ അടിമത്വ വ്യവസ്ഥകളെ ഒരു നാണവും ഇല്ലാതെ പിന്‍പറ്റുകയും അതേസമയം പുരോഗമനം പ്രസംഗിക്കുകയും ചെയ്യുന്ന വരേണ്യവര്‍ഗ്ഗ ഹിപ്പോക്രസി തുറന്നുകാട്ടുവാന്‍ സാംസ്‌ക്കാരിക സങ്കുചിതത്വവും വര്‍ഗ്ഗീയ രാഷ്ട്രീയവും കൈകോര്‍ക്കുമ്പോള്‍ അധഃകൃത വര്‍ഗ്ഗത്തിന്റെ, ദ്രാവിഡരുടെ ചരിത്രവും അടയാളപ്പെടുത്തുവാന്‍. സ്വാതന്ത്ര്യത്തിന്റെ അമിത ആഘോഷങ്ങള്‍ക്കിടയില്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുവാന്‍……….മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന വീക്ഷണത്തില്‍ നിന്നുകൊണ്ട് ബാബ സാഹേബ് അംബേദ്കര്‍ സ്വപ്നം കണ്ട സമൂഹം ഞാനും സ്വപ്നം കാണുന്നു. അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.രോഹിത്തിന്റേത് മഹത്തായ ഒരു സ്വപ്നമായിരുന്നു. പിശാചനീതിയുടെ കാവല്‍ക്കാര്‍ പാതിവഴിയില്‍ അവസാനിപ്പിച്ച മഹത്തായ അന്വേഷണമായിരുന്നു. അവസാനമായി അവന്‍ എഴുതിയ വരികളുടെ മൂര്‍ച്ച; അതൊരു അസാധാരണ വ്യാകരണമാണ്. ഒരു ദര്‍ശനവും കുറ്റപത്രവുമാണ്. ”എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും മാരകമായ അപകടം.” ആ വാക്കുകള്‍ ചരിത്രമാണ്.അധികാരം അതിന്റെ ഇരകളുടെ വേദനയെ നന്ദികേടായാണ് കാണുന്നത്. രോഹിത് അവരെ നീ മറന്നേക്കുക. ജന്മം ഒരു ദുരന്തമായിത്തീര്‍ന്നവര്‍ ഇനിയുമുണ്ട്. ഒരിക്കലും അംഗീകരിക്കപ്പെടാത്തവര്‍, ഒരിക്കല്‍പ്പോലും ഒന്നുറക്കെ സംസാരിച്ചിട്ടില്ലാത്തവര്‍, നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്തവര്‍…….കാലത്തിന്റെ കവിള്‍ത്തടത്തിലെ ഘനീഭവിച്ച കണ്ണുനീര്‍ത്തുള്ളികള്‍, രോഹിത്തുമാര്‍ ഇനിയും ഉണ്ടാകും. അകാലത്തില്‍ എരിഞ്ഞു തീരാന്‍ വിധിക്കപ്പെട്ട സ്വപ്നങ്ങളുമായി, തോരാത്ത കണ്ണുനീരായി നിസ്സഹായതയുടെ പരകോടിയിലെ നിശ്ശൂന്യതയായി, ജാതി ഉന്മൂലനം വിമോചനസ്വപ്നങ്ങളോടിണചേരുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതി ഉദയം കൊള്ളുന്നതുവരെ. അംബേദ്കര്‍ പറയുന്നു: ജാതിയുടെ അടിത്തറയില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്കൊന്നും നിര്‍മ്മിക്കുവാനാകില്ല. ഒരു രാജ്യമോ ധാര്‍മ്മികതയോ നിര്‍മ്മിക്കുവാന്‍ കഴിയില്ല. ജാതീയതയ്ക്കുമേല്‍ പണിയുന്നതെന്തും തകര്‍ന്നടിയുക തന്നെ ചെയ്യും അത് ഒരിക്കലും പൂര്‍ണ്ണമാവുകയില്ല. ജാതി ബന്ധങ്ങളുടെ ക്വാണ്ടം ഭൗതികതയെ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനവീക്ഷണങ്ങളോട് സമന്വയിപ്പിക്കുന്ന ഒരു സമഗ്ര ദര്‍ശനം രൂപപ്പെടേണ്ടതുണ്ട്മാര്‍ക്‌സിസത്തില്‍ നിന്ന് അംബേദ്കറിസത്തിലൂടെ ‘ദളിത് മാര്‍ക്‌സിസ’ത്തിലേക്ക് വികസിക്കുന്ന ദാര്‍ശനിക അന്വേഷണമാണ് കാലം ആവശ്യപ്പെടുന്നത്. അതു തന്നെയായിരുന്നു രോഹിത് വെമുലയുടെ ജീവിതവും.
ഇ.എം.എസ്. നമ്പൂതിരിപ്പാട്, 1995 ഒക്‌ടോബര്‍ ഏഴിനു ഫ്രണ്ട്‌ലൈന്‍ മാസികയില്‍ ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും; മാര്‍ക്‌സിസ്‌റ്റ് നിര്‍വചനം എന്ന ലേഖനമെഴുതുകയുണ്ടായി. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ വര്‍ഗവും ജാതി ബന്ധങ്ങളും സംബന്ധിച്ച മാര്‍ക്‌സിയന്‍ വിശദീകരണമൊന്നും അതിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാടാണ്. 1992-ലെ ഇന്ദ്രസാനി കേസില്‍ സുപ്രീം കോടതി ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം ശരിവയ്‌ക്കുകയും ക്രീമിലെയര്‍ എന്ന സങ്കല്‍പ്പം കൊണ്ടുവരികയും ചെയ്‌ത പശ്‌ചാത്തലത്തില്‍, 1958ല്‍ ഭരണപരിഷ്‌കരണ സമിതിയുടെ അധ്യക്ഷനായിരിക്കെ താന്‍ മുന്നോട്ടു വച്ച ആശയമാണു പിന്നീടു ക്രീമിലെയറായതെന്ന് അദ്ദേഹം പറയുന്നു. ക്രീമിെലയര്‍ സംവിധാനത്തിലെ വലിയ പോരായ്‌മയും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പിന്നാക്ക സമുദായങ്ങളിലെ നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍നിന്നു മതിയായ ആളുകളില്ലാതെ വന്നാല്‍ അതു പൊതുവിഭാഗത്തിന് പോകും. അത്തരം സാഹചര്യങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍കാരെ സംവരണത്തിനു പരിഗണിക്കണം. ഒപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്ന നിര്‍ദേശമുണ്ട്. ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും എന്ന വിഷയം പറഞ്ഞുവന്ന് ഒടുവില്‍, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നിലുള്ളവര്‍ക്കും സംവരണമെന്ന, 1958ല്‍ ആരംഭിച്ച, സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്ന, തന്റെ യാന്ത്രിക-മാര്‍ക്‌സിയന്‍ കാഴ്‌ച്ചപ്പാടിലേക്കു തന്നെയാണ് ഇ.എം.എസ്. 1995-ലും ചെന്നെത്തുന്നത്. അടിസ്‌ഥാനപരമായി സംവരണം സോഷ്യലിസത്തിലേക്കുള്ള കുറുക്കുവഴിയല്ല. ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നതു സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്‌തമാകുന്നത്. ഭരണഘടനയുടെ അടിസ്‌ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്‌ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്. നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ നാല്‍പ്പത്താറും ഇതോടു ചേര്‍ത്തു വായിക്കാം. പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്‌ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണത്. ഏതൊക്കെ വിഭാഗങ്ങളുടെ പ്രാതിനിധ്യമാണു ഭരണഘടനയില്‍ പറയുന്നത്? 1. ജാതി-മത-വര്‍ഗ ഭേദമന്യേ എല്ലാ സ്‌ത്രീകളുടേയും കുട്ടികളുടെയും സര്‍വതോമുഖമായ ഉന്നമനത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കാം (ആര്‍ട്ടിക്കിള്‍ 15(3) 2. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (ആര്‍ട്ടിക്കിള്‍ 15(4) 3. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക് (ആര്‍ട്ടിക്കിള്‍ 16(4)). ഇവിടെ പറഞ്ഞിരിക്കുന്ന പിന്നോക്ക വിഭാഗം എന്നത് ആര്‍ട്ടിക്കിള്‍ 15(4)-ലെ സമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗം ആണെന്ന് സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. 4. സാമൂഹിക അനീതികളില്‍ നിന്നും എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ദുര്‍ബല വിഭാഗങ്ങള്‍ക്ക് (ആര്‍ട്ടിക്കിള്‍ 46) 5. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് (അവസാനം പറഞ്ഞ 3 വകുപ്പുകള്‍ പ്രകാരവും). ഇവിടെയൊന്നും സാമ്പത്തിക സംവരണത്തിനു സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 46-ല്‍ അവശ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് സാമ്പത്തിക സംവരണ വാദികള്‍ ഉയര്‍ത്തുന്നത്. ദുര്‍ബല വിഭാഗം എന്ന പ്രയോഗത്തിന് സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗമെന്ന വ്യാഖ്യാനം നല്‍കാനായിരുന്നു ശ്രമം. സമൂഹിക അനീതിയില്‍നിന്നും മറ്റു ചൂഷണങ്ങളില്‍ നിന്നും സരക്ഷിക്കപ്പെടണം എന്ന ഭാഗം കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട് എന്നതാണ് വിദഗ്‌ധമതം. സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീം കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു. സാമ്പത്തിക സംവരണത്തെ കോടതി ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഏതെങ്കിലും ഒരു ജാതിയിലെ വ്യക്‌തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി വ്യക്‌തികള്‍ക്കല്ല, വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണം അനുവദിക്കാന്‍ കഴിയുക. ദാരിദ്ര്യം എന്നത് ഒരു വിഭാഗത്തെ നിര്‍ണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാല്‍ തന്നെയും അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രര്‍ എന്ന നിലയ്‌ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകള്‍ക്കു മാത്രമല്ല പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രര്‍ക്കു മാത്രമായി സംവരണം ഏര്‍പ്പെടുത്തുന്നത് ആര്‍ട്ടിക്കിള്‍ 14 ഉറപ്പുതരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളിടെയും ലംഘനമാകും. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണ്. എന്നുകരുതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാരെ അവഗണിക്കണം എന്നല്ല. ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ആണെങ്കില്‍ അവര്‍ക്കും, മറ്റെല്ലാ ദരിദ്രര്‍ക്കും വേണ്ടത്, സംവരണം അല്ല; സ്‌കോളര്‍ഷിപ്പുകളാണ്. മറ്റെല്ലാ വിഭാഗങ്ങളിലേയും ദരിദ്രരെപ്പോലെ മുന്നോക്കക്കാരിലെ ദരിദ്രവിഭാഗത്തിനും തൊഴിലുറപ്പുപദ്ധതി പോലെയുള്ള പരിപാടികളുടെ ഭാഗമാകാം. കൃഷിപ്പണി, തെങ്ങുകയറ്റം, മീന്‍ പിടിത്തം, മുടിവെട്ട്, നിര്‍മാണത്തൊഴില്‍, മരപ്പണി, ഇരുമ്പു പണി അങ്ങനെ ചരിത്രപരമായി പിന്നാക്കവിഭാഗം മാത്രം ചെയ്‌തുപോന്ന മറ്റ് തൊഴിലുകളുടെ ഭാഗമാകാം. തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്‌താവാകാം. ഇ.എം.എസ്. പറഞ്ഞതുപോലെതന്നെ മാര്‍ക്‌സിസത്തിന്റേയും അടിസ്‌ഥാന പ്രമാണം ദരിദ്ര നാരായണ സേവയാണ്. അതിനര്‍ത്ഥം ക്യാന്‍സര്‍പോലെ വളരുന്ന സാമ്പത്തിക അസമത്വത്തിന് ഉത്തരം സംവരണമാണെന്നല്ല. രാഷ്‌ട്രീയ ജനാധിപത്യത്തിനൊപ്പം വളര്‍ന്നുവരേണ്ടിയിരുന്ന സാമ്പത്തിക ജനാധിപത്യത്തെ റദ്ദു ചെയ്യുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെ മനസിലാക്കിക്കൊണ്ട്, സാമ്പത്തിക രംഗത്തെ മാര്‍ക്‌സിയന്‍ ബദല്‍ കണ്ടെത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. അതാണു പുരോഗമനം. അതുമാത്രമാണു പുരോഗമനം. പി.ബി. ജിജീഷ്
This article was first published in Mangalam Daily on 18/11/2017
ആളുകള്‍ നെട്ടോട്ടമോടുകയാണ്, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ബാങ്ക് അക്കൗണ്ട് റദ്ദായിപ്പോകും എന്നാണ് ഭീഷണി. ഒരു ദിവസം ഒന്നു വീതം മൂന്നു നേരം ആഹാരത്തിനു മുന്‍പും ആഹാരത്തിനു ശേഷവും ഭീഷണി മെസേജുകള്‍ വരുന്നുണ്ട്. എ ടി എമ്മില്‍ കയറിയാലും, ഇന്റര്‍നെറ്റ് ബാങ്കിങ്ങിനു ശ്രമിച്ചാലും, ബാങ്കില്‍ പോയാലുമെല്ലാം ഭീഷണിപത്രങ്ങള്‍ മുന്‍പില്‍ തെളിയും. പുതിയ ബാങ്ക് അക്കൗണ്ടു തുറക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് പറയുന്നു. ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഒന്നും പുറപ്പെടുവിച്ചിട്ടില്ല എന്ന് വിവരാവകാശപ്രകാരമുള്ള മറുപടി ലഭിക്കുന്നു. ഞങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും ‘ബാധകമായ സന്ദര്‍ഭങ്ങളി’ലെല്ലാം ആധാര്‍ നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്കിന്റെ ക്ലാരിഫിക്കേഷന്‍ വരുന്നു. ആകെ ജഗപൊകയാണ്. ജനങ്ങള്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. യാഥര്‍ത്ഥ്യം എന്താണ് ?
RTI Reply from Reserve Bank of India
RBI-Clarification-on RTI
ആധാര്‍-ബാങ്ക് അക്കൗണ്ട് ബാന്ധവം ആരംഭിക്കുന്നത് 2010 മുതലാണ്. യതൊരു വെരിഫിക്കേഷനുമില്ലാത്ത ആധാര്‍ ഒരു ഐ ഡി പ്രൂഫ് ആയി ആദ്യ ഘട്ടതില്‍ ആര്‍ ബി ഐ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 2010 ഡിസംബര്‍ 16ന് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി എം എല്‍ ആക്ട്) ല്‍ വരുത്തിയ ഭേദഗതികള്‍ വഴി ആധാര്‍ ‘ചെറുകിട അക്കൗണ്ടുകള്‍’ തുറക്കുന്നതിന് ഉപയോഗിക്കാന്‍ തീരുമാനമായി. അത്തരം അക്കൗണ്ടുകളില്‍ വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ക്രയവിക്രയം നടത്തുവാന്‍ പാടില്ല, ഒരു സമയത് 50,000 രൂപയില്‍ കൂടുതല്‍ ബാലന്‍സ് ഉണ്ടാകാന്‍ പാടില്ല, മാസം 10000 രൂപയില്‍ കൂടുതല്‍ നിക്ഷേപം പാടില്ല. അങ്ങനെ ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ ഗവണ്മെന്റ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2011-ല്‍ ആര്‍ ബി ഐ ഈ നിയന്ത്രണവും എടുത്തു കളഞ്ഞു. <ഞആക/201112/207 ; ഉആഛഉ.അങഘ.ആഇ.ചീ. 36/ 14.01.001/201112>. ഇപ്പോള്‍ ഇതാ പി എം എല്‍ ആക്ടില്‍ വരുത്തിയ മറ്റൊരു ഭേദഗതി പ്രകാരം 2017 ഡിസംബര്‍ 31-ന് മുന്‍പ് എല്ലാ ബാങ്ക് അക്കൗണ്ടുകളിലും ആധാര്‍ എ-കെ വൈ സി നിര്‍ബന്ധമാക്കിയിരിക്കുന്നു. തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിനു വേണ്ടിയാണിത് എന്നാണ് വാദം. അതിന്റെ ന്യായാന്യായങ്ങളിലേക്ക് മറ്റൊരവസരത്തില്‍ കടക്കാം. ഇപ്പൊള്‍ നമുക്ക് ഈ നോട്ടിഫിക്കേഷന്റെ നിയമ സാധുത പരിശോധിക്കാം.
Notification of amendments to PML act GSR 538(E) dated 01/07/2017
01/07/2017 ലെ ജി എസ് ആര്‍ 538(ഇ) നമ്പര്‍ നോട്ടിഫിക്കേഷന്‍ വഴിയാണ് മോദി ഗവണ്മെന്റ് പി എം എല്‍ ആക്ട് പ്രകാരം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത്. പി എം എല്‍ ആക്റ്റ് സെക്ഷന്‍ 73 (1) എച്ച്, ഐ, ജെ, കെ വകുപ്പുകള്‍ അനുസരിച്ച് എന്ന് നോട്ടിഫിക്കേഷന്‍ പറയുന്നു. എന്നാല്‍ സെക്ഷന്‍ 73(1) എച്ച് 2013-ല്‍ നീക്കം ചെയ്തിട്ടുള്ളതാണ്. ഇല്ലാത്ത നിയമപ്രകാരം എങ്ങനെ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും? മറ്റു വകുപ്പുകള്‍ ഉപയോഗിച്ച് ചട്ടങ്ങള്‍ ഊണ്ടാക്കാമെന്നിരിക്കലും അങ്ങനെ ഉണ്ടാക്കിയ ചട്ടങ്ങള്‍ക്കും ഭേദഗതികള്‍ക്കും പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന്, പ്രസ്തുത ആക്ടിലെ 74, 75 വകുപ്പുകള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്.
Section 74, PML Act
ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിഞ്ജാപനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ല. അതുകൊണ്ട് തന്നെ പി എം എല്‍ ആക്ട് അനുസരിച്ച് അതിന് നിയമപ്രാബല്യവുമില്ല. മാത്രവുമല്ല ആധാര്‍ ഒരു സേവനത്തിനും നിര്‍ബന്ധിതമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്. ആധാര്‍ ഇല്ലാത്തതുകൊണ്ട് ആര്‍ക്കും ഒരു സേവനവും നിഷേധിക്കപ്പെടരുത്്. പൊതു വിതരണ സംവിധാനം, പാചകവാതക വിതരണം, തൊഴിലുറപ്പു പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍, ജന്‍ ധന്‍ യോജന, ഇ പി എഫ്, എന്നിങ്ങനെ 6 പദ്ധതികള്‍ക്കു മാത്രം ആധാര്‍ ഉപയോഗിക്കാമെന്നും അതില്‍ തന്നെ നിര്‍ബന്ധമാക്കാന്‍ കഴിയില്ല എന്നുമായിരുന്നു ഉത്തരവ്. ആധാര്‍ നിര്‍ബന്ധിതമല്ലെന്നും അത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടില്ലെന്നുമുള്ള വസ്തുത ടി വി, റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് പൊതു ജനങ്ങളെ അറിയിക്കണം എന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. ആധാര്‍ ആക്ട് പാര്‍ലമെന്റ് പാസാക്കി നിയമമായതിനു ശേഷം 2016 സെപ്തംബറില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി ഇതേ നിലപാട് ആവര്‍ത്തിച്ചു. ഏറ്റവുമടുത്ത് സ്വകാര്യതാ വിധിയില്‍ ഉള്‍പ്പടെ കോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നിശ്ചയമായും ഈ കോടതി വിധിക്ക് എതിരാണ്. കോടതിയലക്ഷ്യമാണ്.
Supreme Court Order on Aadhaar
ജൂലൈ ഒന്നിലെ നോട്ടിഫിക്കേഷന്‍ നില നില്‍ക്കുന്നതാണെങ്കില്‍ തന്നെ, സ്വാഭാവികമായും അതിനെ തുടര്‍ന്ന് ആര്‍ ബി ഐ യുടെ സര്‍ക്കുലര്‍ വരേണ്ടതാണ്. അതാണ് കീഴ്‌വഴക്കം. അത് ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും റിസര്‍വ് ബാങ്ക് ക്ലാരിഫിക്കേഷന്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ തര്‍ക്കത്തിനു പ്രസക്തിയില്ല. അതു പ്രകാരം ‘ബാധകമായ സന്ദര്‍ഭങ്ങള്‍’ ഏതൊക്കെയാണ്? അത് മേല്‍പ്പറഞ്ഞ പി എം എല്‍ നോട്ടിഫിക്കേഷന്‍ ബാധകമാകുന്ന സന്ദര്‍ഭങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന ഭേദഗതികളിലെ സെക്ഷന്‍ 17(എ) അനുസരിച്ച് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ ഇപ്പോള്‍ നല്‌കേണ്ടതില്ല. അക്കൗണ്ട് തുറന്ന തിയ്യതി മുതല്‍ ആറ് മാസത്തിനകംആധാര്‍ ഹാജരാക്കിയാല്‍ മതിയാകും. നിലവിലുള്ള അക്കൗണ്ടുകള്‍ക്ക് 2017 ഡിസംബര്‍ 31-ന് മുന്‍പ് ആധാര്‍ ഇ-കെ വൈ സി വെരിഫിക്കേഷനും നടത്തേണ്ടതുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.
Aadhaar-Deadline
അതായത് 2017 ഡിസംബര്‍ 31-ന് മുന്‍പ് റിസര്‍വ് ബാങ്ക് പറഞ്ഞ ‘ബാധകമായ സന്ദര്‍ഭങ്ങള്‍’ ഉണ്ടാകില്ല എന്നു സാരം. അതിനു മുന്‍പ് നവംബറില്‍ ആധാര്‍ കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കോടതി ഇത്തരം ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാതിരിക്കില്ല. അതുവരെ നിയമവിരുദ്ധമായ, അപകടകരമായ ആധാര്‍ ഭ്രാന്തിന് തലവയ്ച്ചു കൊടുക്കാതിരിക്കുക. കോടതി ഉത്തരവ് അനുസരിച്ചു മാത്രം കാര്യങ്ങള്‍ തീരുമാനിക്കുക്ക.
This article first appeared in Mangalam Daily on 24/10/2017