“വിഢിക്കിഴവന്മാർ” എന്നു തലക്കെട്ട്, ഒപ്പം പരമോന്നത നീതിപീഠത്തിലെ മൂന്ന് ജഡ്ജിമാരുടെ തല കുത്തനെയുള്ള ചിത്രവും! 1987-ൽ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മിറർ, പ്രസിദ്ധമായ സ്പൈക്യാച്ചർ വിധി ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടനയിൽ നിന്നും വിരമിച്ച പീറ്റർ റൈറ്റിന്റെ ആത്മകഥ ദേശസുരക്ഷാ രഹസ്യങ്ങൾ പരസ്യപ്പെടുത്തി എന്ന പേരിൽ നിരോധിച്ച ഗവണ്മെന്റ് നടപടിയെ ശരിവച്ച വിധിയെ വിമര്ശിക്കുകയായിരുന്നു പത്രം. റിപ്പോർട്ട് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ന്യായാധിപനായിരുന്ന ലോർഡ് ടെംപിൾടൺ പ്രതികരിച്ചത് ഇങ്ങനെ “ഞാൻ ഒരു വൃദ്ധനാണ് എന്ന കാര്യം സത്യമാണ്. ഞാൻ ഒരു വിഢിയാണോ എന്നത് മറ്റുള്ളവരുടെ കാഴ്ചപ്പാടാണ്, ഞാൻ സ്വയമങ്ങനെ കരുതുന്നില്ലെങ്കിലും.” ഡെയ്‌ലി മിററിനെതിരെ കോടതിയലക്ഷ്യ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. 2016-ൽ ബ്രക്‌സിറ്റ് വിധിവന്നപ്പോൾ ഡെയ്‌ലി മെയിൽ പത്രം ന്യായാധിപരെ വിശേഷിപ്പിച്ചത് “ജനവിരുദ്ധർ എന്നാണ്” അതിനും നടപടികൾ ഉണ്ടായില്ല. നാം കോടതിയലക്ഷ്യ നിയമം കടംകൊണ്ട രാജ്യത്തെ കാര്യമാണ് പറയുന്നത്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി ലിബറൽ ജനാധിപത്യ രാജ്യങ്ങളിലൊന്നും തന്നെ കോടതിയലക്ഷ്യം പ്രയോഗിക്കപ്പെടുന്നില്ല. അതൊരു കാലഹരണപ്പെട്ട നിയമമായാണ് കണക്കാക്കപ്പെടുന്നത്. കാരണം ആധുനിക ജനാധിപത്യ സമൂഹങ്ങളുടെ നിലനിൽപ്പിന് അനിവാര്യമായ അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലീകാവകാശത്തിനുമേലുള്ള നിയന്ത്രമാണത്.ആരുടെയെങ്കിലും ഒരു അഭിപ്രായപ്രകടനം കൊണ്ട് ഇല്ലാതാവുന്നതല്ല വ്യവസ്ഥിതിയുടെ നെടുംതൂണായ ജുഡീഷ്യറി എന്ന ബോധ്യം ജനാധിപത്യസമൂഹങ്ങളിലാകെയുണ്ട്. എന്നാൽ നമ്മുടെ സുപ്രീംകോടതി ക്രിമിനൽ കോടതിയലക്ഷ്യത്തെ വളരെ ഗൗരവതരമായാണ് കണക്കിലെടുക്കുന്നത്.
സ്വാഭിപ്രായം പങ്കുവച്ച രണ്ടു ട്വീറ്റുകളുടെ പേരിൽ പരമോന്നതനീതിപീഠം പൗരാവകാശങ്ങൾക്കു വേണ്ടിയും അഴിമതിക്കെതിരെയും നിരന്തരം പോരാടുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷണെ കുറ്റക്കാരനെന്നു വിധിച്ചിരിക്കുന്നു. അദ്ദേഹത്തോട് ഒരു രൂപ പിഴയടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം ചെയ്തത് ഗൌരവതരമായ കുറ്റമാണെങ്കിലും കോടതിയതിന്റെ മഹാമാനസ്കതയിൽ ശിക്ഷ ഒരു രൂപയായി പരിമിതപ്പെടുത്തുന്നതായാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം തടവും അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കും നേരിടേണ്ടിവരും. പിഴയുടെ വലിപ്പമല്ല കുറ്റക്കാരനാണ് എന്ന കണ്ടെത്തലും ആ വിധിയിലേക്കെത്തിച്ച നാൾവഴികളുമാണ് നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ടത്.
മഹേക് മഹേശ്വരി എന്ന വ്യക്തിയാണ് പ്രശാന്ത് ഭൂഷനെതിരെ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. 1971-ലെ കോടതിയലക്ഷ്യനിയമത്തിന്റെ സെക്ഷൻ 15(1)(ബി) അനുസരിച്ച് ക്രിമിനൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്യുന്നതിന് അറ്റോണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ അനുമതി വേണം. എന്നാൽ ഈ ഹർജിയിൽ അതൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രാഥമിക ഘട്ടത്തിൽ ഹർജി തള്ളിപ്പോകേണ്ടതാണ്, എന്നാൽ പരാതി സുപ്രീംകോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് സൈഡിന് വിടാനുള്ള അസാധാരണമായ തീരുമാനമാണ് രജിസ്ട്രി കൈക്കൊണ്ടത്. ഈ ന്യൂനത ഉള്ളതുകൊണ്ട് ഹർജി നേരിട്ട് പരിഗണിക്കാതെ ഇതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു നമ്മുടെ സുപ്രീംകോടതി. അങ്ങനെയാണ് ജസ്റ്റിസ്. അരുൺ മിശ്ര, ജസ്റ്റിസ് ഗവായി, ജസ്റ്റിസ് കൃഷ്ണ മുരളി എന്നിവരുടെ ബഞ്ചിൽ എത്തിയത്. “പ്രഥമദൃഷ്ട്യാ, നീതിനിർവഹണത്തിന് മാനഹാനിയുണ്ടാക്കുന്നതും, സുപ്രീംകോടതിയുടെ അന്തസ്സിനെയും അധികാരത്തെയും അട്ടിമറിക്കുന്നതുമാണ് ഈ ട്വീറ്റുകൾ” എന്ന നിരീക്ഷണത്തോടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
കേസ് പരിഗണിച്ചപ്പോൾ ഈ നിയമ പ്രശ്നം കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ കോടതിയലക്ഷ്യനടപടികൾ ഭരണഘടനാകോടതികൾക്ക് ഭരണഘടനാദത്തമായ അധികാരമാണെന്നും അത് കോടതിയലക്ഷ്യ നിയമത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല എന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ അനുച്ഛേദം 129 ആണ് കോടതിയലക്ഷ്യത്തെക്കുറിച്ചു പരാമർശിക്കുന്നത്. സുപ്രീംകോടതിയ്ക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന അനുച്ഛേദം 142 പോലും നിയമങ്ങൾക്ക് വിധേയമാണ്. എന്നാൽ 129-ന് ഇത്തരത്തിലുള്ള യാതൊരു പരിമിതികളും ഭരണഘടന ഏർപ്പെടുത്തുന്നില്ല, അതുകൊണ്ടുതന്നെ 1979-ലെ നിയമത്തിനു വിരുദ്ധമെന്ന വാദം അർത്ഥശൂന്യമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
കോടതികളുടെ മഹത്വവും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിനാണ് കോടതിയലക്ഷ്യ നിയമവൈജ്ഞാനികത നിലവിലുള്ളത്. രാജാവിന്റെ ദൈവീകാധികാരവുമായി ബന്ധപ്പെട്ടാണ് അതിന്റെ ഉദ്ഭവം. ന്യായാധിപൻ രാജാവിന്റെ ന്യായബോധത്തിന്റെ പ്രതിപുരുഷൻ തന്നെയായിരുന്നു. അദ്ദേഹത്തെ അധികാരസ്ഥാനത്തുള്ളവർ അനുസരിക്കാതെ വരുമ്പോൾ കോടതിയലക്ഷ്യമാകുന്ന സ്ഥിതിയുണ്ടാകുന്നു. അതു പ്രധാനമായും അധികാരവും സ്വാധീനവുമുള്ള ആളുകളെ ഉദ്ദേശിച്ചാണ്. അവരാണല്ലോ കോടതികളോട് അനാദരവ് കാണിക്കുവാനും ഉത്തരവുകൾ അവഗണിക്കാനും സാധ്യതയുള്ളത്. ആ അർത്ഥത്തിൽ പൊതുജനത്തെ സംരക്ഷിക്കാനുള്ളതുകൂടിയായിരുന്നു കോടതിയലക്ഷ്യം.
കൊളോണിയൽ കാലത്തെ പിൻപറ്റി രണ്ടു തരം കോടതിയലക്ഷ്യങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. ഒന്ന്, സിവിൽ കോടതിയലക്ഷ്യം. രണ്ട്, ക്രിമിനൽ കോടതിയലക്ഷ്യം. കോടതിയലക്ഷ്യ നിയമത്തിലെ വകുപ്പ് 2(ബി) അനുസരിച്ച് കോടതിയുത്തരവുകൾ മനപൂർവം അനുസരിക്കാതിരിക്കുന്നതാണ് സിവിൽ കൻടംപ്റ്റ്. പി.ആർ.എസ്. റിവ്യൂ നൽകുന്ന കണക്ക് അനുസരിച്ച് 2018 വരെ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമായി ഇത്തരത്തിലുള്ള 96,993 സിവിൽ കോടതിയലക്ഷ്യ കേസുകൾ നിലവിലുണ്ട്. നമ്മുടെ രാജ്യത്തെ പ്രധാനവ്യവഹാരി ഗവണ്മെന്റ് ആയതുകൊണ്ടും കോടതിഉത്തരവുകൾ നടപ്പിലാക്കാനുള്ള ബാധ്യത ഗവണ്മെന്റുകൾക്ക് ഉള്ളതുകൊണ്ടും അതിൽ ബഹുഭൂരിപക്ഷത്തിലും പ്രതിസ്ഥാനത്ത് ഗവണ്മെന്റ് തന്നെയായിരിക്കും. കോടതിയലക്ഷ്യത്തിൽ ഏറ്റവും ഗൗരവസ്വഭാവമുള്ളത് ഉത്തരവുകൾ അനുസരിക്കാതിരിക്കലാണ് എന്നിരിക്കെ ഈ കേസുകൾ എത്രമാത്രം തിടുക്കത്തോടെ തീർപ്പാക്കപ്പെടുന്നുണ്ട് എന്ന ചോദ്യം പ്രധാനമാണ്. ഇതിൽ ഇല്ലാത്ത താത്പര്യം ക്രിമിനൽ കോടതിയലക്ഷ്യത്തിന് ഉണ്ടാകേണ്ടുന്ന കാര്യമില്ല. പക്ഷേ, അനതിസാധാരണമായ വേഗതയിലാണ് ഈ ലോക് ഡൗൺ കാലത്തുപോലും പ്രശാന്ത് ഭൂഷണെതിരെയുള്ള കേസുകൾ പരിഗണിക്കപ്പെട്ടത്. ഒപ്പം 2009-ൽ അദ്ദേഹം ‘തെഹൽക്ക’യിലെഴുതിയ ഒരു ലേഖനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റൊരു കോടതിയലക്ഷ്യ കേസും പൊടിതട്ടിയെടുത്തു കോടതി.
കോടതിയക്ഷ്യനിയമത്തിലെ വകുപ്പ് 2(സി) ആണ് ക്രിമിനൽ കോടതിയലക്ഷ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. അവിടെ കോടതിയെ അപകീർത്തിപ്പെടുത്തുന്ന, നീതിനിർവഹണത്തിൽ മുൻവിധിയോ ഇടപെടലോ ഉണ്ടാക്കാൻ സാധ്യതയുണ്ടാകുന്ന കോടതിയെ തടസ്സപ്പെടുത്തുന്ന വാക്കോ പ്രവർത്തിയോ രചനകളോ സങ്കേതങ്ങളോ ചിഹ്നങ്ങളോ ഒക്കെ കോടതിയലക്ഷ്യമാണെന്നാണ്. ഇതിൽ ഏറ്റവും അവ്യക്തവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായ വകുപ്പാണ് 2(സി)(1). അപകീർത്തിപ്പെടുത്തുക എന്നതാണ് കുറ്റം. കുറച്ചുവർഷങ്ങൾക്ക് മുൻപ് അരുന്ധതി റോയ്‌ക്കെതിരെയും ഇപ്പോൾ പ്രശാന്ത് ഭൂഷണെതിരെയും ഒക്കെ പ്രയോഗിച്ചത് ഇതേ വകുപ്പാണ്. എത്രയോ സുപ്രധാന കേസുകൾ വാദത്തിനും വിധിപ്രസ്താവത്തിനുമായി കാത്തിരിക്കുമ്പോഴാണ് സുപ്രീംകോടതി ഒരുപതിറ്റാണ്ടു മുൻപേയുള്ള കോടതിയലക്ഷ്യക്കേസുപോലും തപ്പിയെടുത്ത് ലിസ്റ്റ് ചെയ്യുന്നത്. 19000-ത്തിലേറെ കേസുകൾ സുപ്രീംകോടതിയിൽ ഊഴം കാത്തു കിടക്കുന്നുണ്ട് എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവെ പറയുന്നു. അതിൽ കശ്മീരിലെ അനുച്ഛേദം 370 റദ്ദുചെയ്തതുമായി ബന്ധപ്പെട്ടത് ഉൾപ്പടെ ഗൗരവതരമായ ഭരണഘടനാപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കേസുകൾ ഉണ്ട്, ആധാർ പുനഃപരിശോധനാ ഹർജിയുണ്ട്, ഡീമോനടൈസേഷൻ സംബന്ധിച്ച് ഹർജിയുണ്ട്, ഇലക്ടറൽബോണ്ട് കേസ് ഉണ്ട്, ഒരുപാട് ഹേബിയസ് കോർപ്പസ് ഹർജികളുണ്ട്, ജാമ്യാപേക്ഷകളുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ വേണം പ്രശാന്ത്ഭൂഷൻ കേസിനെ വിലയിരുത്തേണ്ടത്.
ഇവിടെ പ്രശാന്ത് ഭൂഷന്റെ രണ്ടു ട്വീറ്റുകളാണ് വിവാദബിന്ദു. ആദ്യത്തേതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബോബ്ടെ നാഗ്പൂരിൽ ഹാർലിഡേവിഡ്സൻ ബൈക്കിൽ ഇരുന്നു പോസ് ചെയ്ത ഫോട്ടോക്കൊപ്പം ഭൂഷൻ ഇങ്ങനെ കുറിച്ചു: “സുപ്രീംകോടതി ലോക്ക്ഡൗണിൽ ആയിരിക്കുകയും പൗരർക്ക് നീതി ലഭിക്കാനുള്ള മൗലീകാവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത കാലത്ത്, ചീഫ് ജസ്റ്റിസ് നാഗ്പൂരിൽ, രാജ്ഭവനിൽ, ഒരു ബിജെപി ലീഡറുടെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപയുടെ ബൈക്ക് ഹെല്മറ്റോ, മാസ്കോ ഇല്ലാതെ ഓടിക്കുന്നു.”. രണ്ടാമത്തേത് ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശത്തെക്കുറിച് പ്രശാന്ത് ഭൂഷൺ സ്വന്തം ആകുലതകൾ പങ്കുവയ്ക്കുന്ന ട്വീറ്റ് ആണ്. “ഭാവിചരിത്രകാരന്മാർ കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ ഒരുപ്രഖ്യാപിത അടിയന്തരാവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്ന് പരിശോധിക്കുമ്പോൾ, ഈ നശീകരണത്തിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാന നാല് ചീഫ് ജസ്റ്റിസുമാരുടെ, പങ്കും അടയാളപ്പെടുത്തും” ഈ രണ്ടു ട്വീറ്റുകളും കോടതിയലക്ഷ്യമാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ.
ആദ്യട്വീറ്റിൽ ചീഫ് ജസ്റ്റിസിനെ വ്യക്തിപരമായി പറഞ്ഞതിനെപ്രതി കോടതിയലക്ഷ്യമൊന്നുമില്ല. എന്നാൽ അതിന്റെ രണ്ടാം ഭാഗം കോടതിയെ മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എന്നാണ് കണ്ടെത്തൽ. കോവിഡ് കാലത്തും കോടതി പ്രവർത്തിക്കുന്നുണ്ട്, വീഡിയോ കോൺഫറൻസിംഗിലൂടെ. എന്നിട്ടും ട്വീറ്റിലൂടെ അസത്യം പ്രചരിപ്പിച്ചു. എന്നാൽ കോടതിയിവിടെ ലോക്ക്ഡൌൺ എന്ന വാക്കിന് ‘അടച്ചുപൂട്ടുക’ എന്ന അർഥം കണ്ടുപോയി എന്ന് തോന്നുന്നു. കോടതിയുൾപ്പടെ രാജ്യം മുഴുവൻ ലോക്ക്ഡൌൺ ആണ്. നമ്മളെല്ലാവരും അവരവരുടെ ജോലികൾ പരമാവധി വീട്ടിലിരുന്നും, വീഡിയോ കോൺഫറൻസിംഗ് വഴിയോ ഒക്കെയാണ് ചെയ്യുന്നത്. സുപ്രീംകോടതിയിലും സാധാരണനിലയിലുള്ള പ്രവർത്തനം നടക്കുന്നില്ല. ഹിയറിംഗുകൾ വിഡിയോകോൺഫറൻസിംഗിൽകൂടിയാണ്. അത് പക്ഷെ ശരിയായ പ്രവർത്തനത്തിന് പകരമാകുന്നില്ല എന്നത് മുതിർന്ന അഭിഭാഷകരും നിയമജ്ഞരുമെല്ലാം അഭിപ്രായയപ്പെട്ടിട്ടുള്ളതാണ്. പ്രശാന്ത് ഭൂഷൺ തന്നെ ഓൺലൈനായി കോടതിയിൽ ഹാജരായിട്ടുണ്ട്. അതിനർത്ഥം കോടതിയിൽ ലോക്ക്ഡൌൺ ഇല്ല എന്നാണോ?
രണ്ടാമത്തെ ട്വീറ്റിന്റെയും ആദ്യഭാഗത്തോട് കോടതിയ്ക്ക് വിയോജിപ്പില്ല. കഴിഞ്ഞ ആറു വർഷങ്ങളിൽ ഇന്ത്യയിൽ ജനാധിപത്യം ദുർബലപ്പെട്ടു എന്നത് പ്രശാന്ത് ഭൂഷന്റെ നിരീക്ഷണവും അഭിപ്രായവുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്നാൽ അതിൽ നാല് ചീഫ് ജസ്റ്റിസുമാരുടെ കാര്യം പരാമർശിച്ചത് കോടതിയലക്ഷ്യമാണ് എന്നാണ് കണ്ടെത്തൽ. ഭാവിയിൽ ചരിത്രകാരന്മാർ ഈ കാലഘട്ടത്തിലെ ജനാധിപത്യം ദുര്ബലപ്പെട്ടതിനെക്കുറിച്ചു പറയുമ്പോൾ അതിൽ സുപ്രീംകോടതിയുടെ പ്രവർത്തിയും വിമർശിക്കപ്പെടും എന്നത് സ്വാഭാവികമായ ഒരു പ്രസ്താവന മാത്രമല്ലേ? ഭാവി ചരിത്രകാരന്മാർ അങ്ങനെ വിലയിരുത്തിയാൽ അത് കോടതിയലക്ഷ്യമാകുമെന്നാണോ വിധിയിലൂടെ അർത്ഥമാക്കുന്നത്? അടിയന്തരാവസ്ഥക്കാലത്തെ ഇതേ സുപ്രീംകോടതിയുടെ പ്രവർത്തനം ഇന്ന് വ്യാപകമായി വിമര്ശിക്കപ്പെടുന്നുണ്ടല്ലോ. അതൊക്കെ കോടതിയലക്ഷ്യമാകുമോ?
ഇന്ത്യൻ ജുഡീഷ്യറി ജനാധിപത്യത്തിന്റെ നാലു തൂണുകളിൽ ഒന്നാണെന്നല്ല, ജനാധിപത്യത്തിന്റെ നെടുംതൂണാണ്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾ ജനാധിപത്യത്തിന്റെ നെടുംതൂണിളക്കുന്നതാണ്. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ നമ്മുടെ രാജ്യത്തിൻറെ അന്തസ്സിനെ ഇകഴ്ത്തുന്നതാണ്. അതുകൊണ്ടുതന്നെ നിയമത്തിന്റെ ഉരുക്കുകരങ്ങൾ ഇത്തരം പ്രവർത്തികൾക്കുമേൽ പതിയേണ്ടതുണ്ട് എന്നാണ് വിധിപ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ കൃത്യമായ നിയമയുക്തി വിശദീകരിക്കപ്പെട്ടിട്ടില്ല.അഭിഭാഷകനും നിയമഗവേഷകനുമായ ഗൗതം ഭാട്ടിയ എഴുതിയത് ഈ വിധിയെക്കുറിച്ച് വിശകലനം നടത്താൻ ഒന്നുമില്ല, കാരണം ഇതിൽ യുക്തിയേയില്ല എന്നാണ്. 108 പേജ് ദൈർഘ്യമുള്ള വിധിയിൽ 98 പേജും പഴയ വിധികളുടെ ഉദ്ധരണികളാണ്. ബാക്കിയുള്ള ചുരുക്കം പേജുകളിൽ ഈ ട്വീറ്റ് മേൽ പ്രസ്താവിച്ചപ്രകാരമുള്ളതാണ് എന്ന് പറഞ്ഞിരിക്കുന്നു. സാധാരണഗതിയിൽ വിധികളിൽ കൃത്യമായ റീസണിംഗ് ഉണ്ടാകും. ഉദാഹരണത്തിന് പണ്ട്, ഇന്ദിരാഗാന്ധി മന്ത്രിസഭാംഗമായിരുന്ന ശിവശങ്കർ, സുപ്രീംകോടതി കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടമാണ് എന്നു പറഞ്ഞതിനെതിരെയുള്ള കോടതി വിധിയിൽ 34 പേജ് അദ്ദേഹത്തിന്റെ പ്രസ്താവന എന്തുകൊണ്ട് കോടതിയലക്ഷ്യമാകുന്നു എന്നു വിശദീകരിക്കാനാണ് ഉപയോഗിക്കുന്നത്.
കൂടാതെ, പ്രശാന്ത് ഭൂഷൻ കോടതിയിൽ സമർപ്പിച്ച സുദീർഘമായ മറുപടിയെക്കുറിച്ച് വിധിയിൽ പരാമര്ശമേയില്ല. തന്റെ ബോധ്യങ്ങളെക്കുറിച്ചും അതു സാധൂകരിക്കുന്നതിന് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെ കാലത്തു നടന്ന അസ്വാഭാവികമായ സംഭവങ്ങളെക്കുറിച്ചും അതിൽ വിശദീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഉയർന്ന ലൈംഗീകപീഡന ആരോപണം സംബന്ധിച്ച കോടതി നടപടികൾ, ജഡ്ജ് ലോയയുടെ കേസ്, സഹാറ-ബിർള കേസ്, കലികോ പുൽ ന്റെ ആത്മഹത്യ, റാഫേൽ, മുദ്രവച്ച കവറുകൾ, ഹേബിയസ് കോർപ്പസ് കേസുകളോടുള്ള സമീപനം, അങ്ങനെ നിരവധി വിവാദങ്ങൾ ഇക്കാലയളവിൽ ഉയർന്നുവന്നിട്ടുണ്ട് വന്നിട്ടുണ്ട്. സുപ്രീംകോടതിയിൽ ബെഞ്ചുകൾ നിശ്ചയിക്കുന്നത്തിലെ അപാകവും അയുക്തിയുംചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന 4 ജഡ്ജിമാർക്ക് പരസ്യമായി പത്രസമ്മേളനം നടത്തേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും വിധിയിൽ പരാമർശമില്ല. ഓപ്പൺ കോർട്ടിൽ ഇക്കാര്യങ്ങൾ വാദിച്ചിരുന്നില്ല എന്നതുകൊണ്ടാണ് ഇത് വിധിയിൽ പരാമര്ശിക്കാതിരുന്നതെന്നാണ് ന്യായം. എങ്കിൽ പിന്നെ രേഖാമൂലമുള്ള മറുപടികൾ കോടതി സ്വീകരിച്ചതെന്തിനാണ്?
ശിക്ഷ വിധിക്കുന്നതിനുള്ള ഹിയറിങ് വേളയിൽ അഡ്വക്കേറ്റ് ജനറൽ കെ.കെ. വേണുഗോപാൽ പോലും ഇത് ശിക്ഷ നല്‍കേണ്ടത്ര ഗൗരവമുള്ളവിഷയമല്ല എന്നും കോടതിയെക്കുറിച്ച് സമാനമായ വിമര്‍ശനങ്ങളുന്നയിച്ചിട്ടുള്ള അഞ്ചു മുന്‍സുപ്രീംകോടതി ജഡ്ജിമാരുടെയെങ്കിലും പട്ടിക തന്റെ കൈവശമുണ്ടെന്നും കോടതിയെ അറിയിച്ചു. അദ്ദേഹം തന്നെ 1987-ല്‍ സമാനമായ പരാമര്‍ശം നടത്തിയിട്ടുള്ളതായും കോടതിമുന്‍പാകെ പറഞ്ഞു. എന്നാല്‍ തുടര്‍ന്നു വന്ന ഉത്തരവില്‍ എ.ജി.യുടെ സാന്നിധ്യം പോലും രേഖപ്പെടുത്തിയിരുന്നില്ല എന്ന
കാര്യവും ശ്രദ്ധേയമാണ്. പിന്നീട് വിമര്ശനമുയർന്നപ്പോൾ തിരുത്തുകയായിരുന്നു. ഇതിനു മുൻപ് സമാനമായ സാഹചര്യം ഉണ്ടായത് ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഉയർന്നു വന്ന ലൈംഗീക പീഡന ആരോപണത്തിന്റെ പരിഗണനാ വേളയിലാണ്. ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് വിഷയം പരിഗണിച്ച ബെഞ്ചിൽ ഇരിക്കുകയും പരാതിക്കാരിക്കെതിരെ മുൻവിധിയോടുകൂടിയ പരാമർശങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചതാണ്. എന്നാൽ, ഉത്തരവ് വന്നപ്പോൾ അതിൽ നിന്ന് ചീഫ് ജസ്റ്റിസിന്റെ പേര് അപ്രത്യക്ഷമായിരുന്നു! പിന്നീട് ആരോപണമുന്നയിച്ച ജീവനക്കാരിയെ സുപ്രീംകോടതി തിരികെ ജോലിക്കെടുത്തു എന്നുകൂടി അറിയുമ്പോഴാണ് കഥ പൂർത്തിയാവുക.
തെഹൽക്ക ലേഖനവുമായി ബന്ധപ്പെട്ടുള്ള കേസിലും പരാമർശിക്കപ്പെട്ട എട്ട് ജഡ്ജിമാരെക്കുറിച്ച് വിശദമായ പ്രസ്താവന ഫയൽ ചെയ്തിട്ടുണ്ട് പ്രശാന്ത് ഭൂഷൻ.
വെറും 540 വാക്കുകൾ കൊണ്ട് അപകടത്തിലാകുന്നതാണ് സുപ്രീംകോടതിപോലെ മഹത്തായ ഒരു സ്ഥാപനത്തിന്റെ അന്തസ്സ് എന്ന ധാരണ എത്ര ബാലിശമാണ്. ഈ ട്വീറ്റുകൾ ലക്ഷക്കണക്കിന് ആളുകൾ പങ്കുവക്കുന്നതാണ് അതുകൊണ്ടുതന്നെ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായങ്ങളെക്കാൾ വില അതിനുണ്ട് എന്നാണ് വിധിപ്രസ്താവം. ജനാധിപത്യത്തിന്റെ കേന്ദ്രസ്തൂപമായ കോടതിയെ തകർക്കാൻ പോന്നതാണത്രേ ഈ ട്വീറ്റുകൾ! ജനാധിപത്യ വ്യവസ്ഥയുടെ കേന്ദ്രം പാര്ലമെന്റല്ലേ എന്ന സംശയം വായനക്കാരുടെയുള്ളിൽ ഉയരുന്നുണ്ടെങ്കിൽ അതു പുറത്തേക്ക് വളരാതെ സൂക്ഷിക്കുക. കാരണം പ്രശസ്തി കൊണ്ടും പദവികൊണ്ടും സ്വാധീനം കൊണ്ടും പ്രശാന്ത് ഭൂഷനു ലഭിച്ച പരിഗണന സാധാരണ മനുഷ്യർക്ക് ലഭിച്ചെന്ന് വരില്ല. ഇവിടെ ശിക്ഷാ വിധിയിൽ ഒരു രൂപയാണ് പിഴ. അത് ചെറുതോ വലുതോ എന്നുള്ളതല്ല, കേവലം 2 ട്വീറ്റുകളെ കോടതി അപകീർത്തികരമായ കാണുകയും ശിക്ഷ വിധിക്കുകയും ചെയ്തു എന്നതാണ്.
മാപ്പ് ആവശ്യപ്പെട്ട കോടതിയോട് മാപ്പ് പറഞ്ഞാൽ അത് കാപട്യമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “കോടതിയുടെ മുന്നിൽ ദയയോ ഔദാര്യമോ യാചിക്കുന്നില്ല, ഒരു പൗരൻ എന്നനിലയിൽ എന്റെ കടമ എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്ന ഒരു കാര്യത്തിന് വേണ്ടി കോടതി കൽപ്പിക്കുന്ന ഏതൊരു ശിക്ഷയും വിനയത്തോടെ സ്വീകരിക്കുവാൻ ഞാൻ ഒരുക്കമാണ്” എന്ന ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള പ്രശാന്ത് ഭൂഷന്റെ മറുപടി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന വാക്കുകളായി വരും കാല ചരിത്രകാരന്മാർ വായിച്ചെടുക്കും എന്ന കാര്യത്തിൽ സംശയമില്ല. അതേസമയം തന്നെ പ്രധാനപ്പെട്ട പല സിവിൽ കോടതിയലക്ഷ്യ കേസുകളും തീർപ്പിക്കാതെ അവശേഷിക്കുകയും ചെയ്യുന്നുണ്ട് സുപ്രീംകോടതിയിൽ. മുൻ യു.പി. മുഖ്യമന്ത്രി കല്യാൺ സിംഗിനെതിരെ നിലനിക്കുന്ന കേസ് ഉദാഹരണമാക്കാം. 1992-ൽ ബാബ്‌റി പള്ളിക്ക് ഒരു പോറൽ പോലും ഏൽക്കാൻ അനുവദിക്കില്ല എന്നു സുപ്രീംകോടതിയിൽ ഉറപ്പു നല്കിയതിനുശേഷം കർസേവകർക്കുമുന്നിൽ നിഷ്ക്രിയത പാലിച്ചതിനാണ് കേസ്. പള്ളിപൊളിക്കാൻ കൂട്ടുനിന്നതിന്. 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതുവരെയും കോടതി ഇക്കാര്യത്തിൽ തീർപ്പു കല്പിച്ചിട്ടില്ല.
ക്രിമിനൽ കോടതിയലക്ഷ്യ നിയമങ്ങൾ തന്നെ ജനാധിപത്യ സംവിധാനത്തിൽ നിന്ന് പുറത്തായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമെന്നു മാത്രമല്ല ജനാധിപത്യസംവിധാനങ്ങൾക്കു കീഴിലുള്ള സാമാന്യ നീതിബോധത്തിന് നിരക്കാത്തതുകൂടിയാണത്. സാധാരണഗതിയിൽ കുറ്റം തെളിയുക്കപ്പെടുംവരെ ഒരാൾ നിരപരാധിയാണ് എന്ന സങ്കല്പത്തിലാണ് വിചാരണ നടപടികൾ ആരംഭിക്കുക. ഇവിടെ കോടതിതന്നെ ഒരാൾ കുറ്റക്കാരനാണ് എന്ന മുൻവിധിയോടെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. വാദിയും വിധികർത്താവും ശിക്ഷനിര്ണയിക്കുന്നയാളുമെല്ലാം കോടതി തന്നെയാണ്. ‘അപകീർത്തി’ പോലെ അനിർണിതവും അവ്യക്തവുമായ വാക്കിനാൽ നിര്ണയിക്കപ്പെട്ട കുറ്റ വിധികളിൽ അത് ഏകപക്ഷീയമാകാനുള്ള സാധ്യതകളേറെയാണ്. ഒരു ന്യായധിപനും സ്വന്തം കേസിൽ വിധിപറയരുത് എന്ന നീതിസങ്കല്പം ഇവിടെ അട്ടിമറിക്കപ്പെടുന്നുണ്ട്.
“കോടതിയലക്ഷ്യന്യായാധികാരത്തിന്റെ ലക്ഷ്യം കോടതിയുടെ മഹിമയും അന്തസ്സും ഉയർത്തിപ്പിടിക്കുക എന്നതാണ്” എന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. കോടതിയുടെ അന്തസ്സും മഹിമയും ഉയർത്തിപ്പിടിക്കേണ്ടത് കോടതിയലക്ഷ്യ നടപടികളിലൂടെയല്ല, കൂടുതൽ ആഴമുള്ള മാനങ്ങൾ ഉണ്ടതിന്. ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ, രാജ്യത്തിന്റെ ഭരണഘടനയും പൗരരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കോടതി സ്വീകരിക്കുന്ന നടപടികളും നിഷ്പക്ഷവും ധീരവുമായ തീരുമാനങ്ങളും ആകണം കോടതിയുടെ അന്തസ്സും മഹിമയും ഉയർത്തിപ്പിടിക്കേണ്ടത്.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ നിയമജ്ഞരിലൊരാളായ ലോർഡ് ഡെന്നിങ് 1969-ൽ ഒരു വിധിന്യായത്തിൽ കുറിച്ചു: “സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ ഒരിക്കലും കോടതിയലക്ഷ്യനിയമം ഉപയോഗിക്കില്ല. ഞങ്ങളുടെ പെരുമാറ്റവും, വിധികളും, സ്വഭാവശുദ്ധിയും ആയിരിക്കും ഞങ്ങളുടെ പ്രതിരോധം. യുക്തിയുള്ള മനുഷ്യർ സ്വയം പ്രതിരോധത്തിനായി കോടതിയലക്ഷ്യ അധികാരങ്ങൾ ഉപയോഗിക്കുകയില്ല, കാരണം അത് അഭിപ്രായസ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് അഭിപ്രായസ്വാതന്ത്ര്യം.”.
ഏതൊരു ഭരണഘടനാകോടതിയുടെയും അന്തസ്സും അഭിമാനവും കുടിയിരിക്കുന്നത് ഒരു സമൂഹ്യമാധ്യമത്തിൽ പങ്കുവച്ച അഭിപ്രായങ്ങളിന്മേലല്ല, അതിലും ആഴവും ഉറപ്പുമുള്ള ധാർമികബോധ്യങ്ങളിലായിരിക്കണം അതു നിലകൊള്ളേണ്ടത്. മഹനീയമായ പാരമ്പര്യമുള്ള പരമോന്നത നീതിപീഠത്തിലുള്ള പൗരരുടെ വിശ്വാസവും രാജ്യത്തിന്റെ അന്തസ്സും കേവലം രണ്ടു ട്വീറ്റുകൾ കൊണ്ട് തകർന്നുപോകുമെന്ന വാദം സ്വയം ചെറുതാകലാണ്. ഒരു രൂപ പിഴയടക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള തന്റെ പ്രസ്‌താവനയിൽ പ്രശാന്ത് ഭൂഷൻ പറഞ്ഞതുപോലെ സുപ്രീംകോടതി പരാജയപ്പെടുകയെന്നാൽ അതിനർത്ഥം നമ്മൾ എല്ലാവരും പരാജയപ്പെടുക എന്നതാണ്; സുപ്രീംകോടതിയുടെ വിജയം നമ്മുടെ എല്ലാവരുടെയും വിജയമാണ്. ആത്മവിമർശത്തിന്റെയും സ്വയം തിരുത്തലിന്റെയും മഹനീയ ചരിത്രമുണ്ട് നമ്മുടെ കോടതിക്ക്. ചരിത്രം ദുഃഖകരമെന്നു വിലയിരുത്തിയ അടിയന്തരവസ്ഥക്കാലത്തെ വീഴ്ചകളിൽ നിന്ന് കോടതിയെത്ര ശോഭനീയമായാണ് പരിണാമപ്പെട്ടത്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്തിയ കുപ്രസിദ്ധമായ എ.ഡി.എം. ജബൽപ്പൂർ വിധി ഇനിയൊരിക്കലും തിരിച്ചുവരാത്തത്ര ആഴത്തിൽ കുഴിച്ചുമൂടേണ്ടതാണ് എന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി തിരുത്തിയത് 2017-ലെ സ്വകാര്യതാ വിധിയിലാണ്. പ്രശാന്ത് ഭൂഷൻ കേസിലെ നടപടികൾ കോടതിയുടെ അന്തസ്സും വിശ്വാസ്യതയും ഉയർത്തുകയുണ്ടായോ എന്ന കാര്യം പുനഃപരിശോധിക്കപ്പെടും എന്നു തന്നെ കരുതാം.