ആഗോളതലത്തിൽ ജനാധിപത്യത്തിന് ഭീഷണിയാകുംവിധം നിരവധി ഭരണകൂടങ്ങൾ പൗരരുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യുന്നുവെന്ന സ്ഫോടനാത്മകമായ വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മാധ്യമപ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, അഭിഭാഷകർ, രാഷ്ട്രീയ നേതാക്കൾ, സുപ്രീംകോടതി ജഡ്ജിമാർ, ചിന്തകർ, വിദ്യാർത്ഥിനേതാക്കൾ എന്നിങ്ങനെ ജനാധിപത്യത്തെ ചലനാത്മകമാക്കുന്ന സാമൂഹികവിഭാഗമാണ് ചാരവൃത്തിയുടെ പ്രധാന ഇരകൾ. ഒരു ഇസ്രായേലി സൈബർ-ആക്രമണ-ആയുധമായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയിരിക്കുന്നത്. പെഗാസസ് നിർമിക്കുന്ന എൻ.എസ്.ഓ. പറയുന്നത്, തങ്ങൾ, ‘തെരഞ്ഞെടുത്ത ഗവണ്മെന്റുകൾ’ക്ക് മാത്രമാണ് സോഫ്റ്റ് വെയർ വിൽക്കാറുള്ളുവെന്നാണ്.
ഏറ്റവും കൂടുതൽ നിരീക്ഷണവിധേയമാക്കിയ പത്തു രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. അസർബൈജാൻ, ബെഹ്റിൻ, ഹംഗറി, കസാക്കിസ്ഥാൻ, മെക്സിക്കൊ, മൊറോക്കൊ, റുവാണ്ട, സൌദി അറേബ്യ, യു. എ. ഇ. എന്നിവയാണ് മറ്റ് രാജ്യങ്ങൾ. തീർച്ചയായും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒരു ലിസ്റ്റല്ല ഇത്. ഇങ്ങനെയൊരു സംഭവം ഇതാദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതല്ല. 2019-ൽ വാട്സ് ആപ്പും, ഫേസ്ബുക്കും എൻ.എസ്.ഓ.-യ്ക്കെതിരെ അമേരിക്കൻ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 121 പ്രമുഖരുടെ വിവരങ്ങൾ പെഗാസസ് ഉപയോഗിച്ച് ചോർത്തുന്നതായി സിറ്റിസൺ ലാബ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ ഗവണ്മെന്റ് അത് നിഷേധിച്ചെങ്കിലും വാട്സാപ്പ് ഇത്തരമൊരു സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നതായി 2017-ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജന്സി റെസ്പോൺസ് ടീം (CERT-In) നോട്ട് ചെയ്തിരുന്നു. മുൻപ്, 2012-ൽ 10000 ആളുകളുടെ ടെലഫോണും 1000 പേരുടെ ഇ-മെയിലും ചോർത്തിയിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. വിവിധ ചാർജുകളിൽ അറസ്റ്റിലായിട്ടുള്ള മനുഷ്യാവകാശ പ്രവർത്തകരുടെയും അഭിഭാഷകരുടെയും മൊബൈലിലും കമ്പ്യൂട്ടറുകളിലും സ്പൈ-വെയറുകൾ ഉപയോഗിച്ചുള്ള അട്ടിമറികൾ നടന്നിരുന്നുവെന്ന ഫോറൻസിക്ക് റിപ്പോർട്ടുകൾ വന്നിരുന്നതുകൂടി ഇതോടൊപ്പം ചേർത്ത് വായിക്കണം. ഭരണകൂടങ്ങൾ നിയമവിരുദ്ധമായി ജനങ്ങളെ നിരീക്ഷണ വലയത്തിലാക്കുന്നുവെന്നു മാത്രമല്ല, അവർക്കെതിരായ തെളിവുകൾ സൃഷ്ടിക്കാനും, വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനും ഉപയോഗിക്കുന്നുവെന്നത് ഭീഷണമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഒരു ഓർവീലിയൻ ദുഃസ്വപ്നംപോലെ, ഭരണകൂടങ്ങൾ ജനാധിപത്യത്തിനെതിരെ സൈബർ യുദ്ധത്തിലേർപ്പെടുന്നത്, നമ്മൾ കണ്മുന്നിൽ കാണുകയാണ്. സമഗ്രമായ ഒരു നിരീക്ഷണ-നിയമ-പരിഷ്‌കാരം ഉടനെ നടത്തുകയെന്നത് ജനാധിപത്യത്തിന്റെ അതിജീവനത്തിന് അനിവാര്യമാണ് എന്നുവരുന്നു.
പെഗാസസ് പ്രോജക്ട്
നാല് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 16 മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 80 മാധ്യമപ്രവർത്തകർ അടങ്ങുന്ന സംഘമാണ് പെഗാസസ് പദ്ധതിയുടെ അണിയറയിൽ. ഫ്രഞ്ച് നോൺ-പ്രോഫിറ്റ് സംഘടനയായ ‘ഫോർബിഡൻ സ്റ്റോറീസ്’ ആണ് ഇതിന് നേതൃത്വം നല്കിയത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ ലബോറട്ടറിയിൽ ആണ് ലിസ്റ്റിൽ നിന്നും സന്നദ്ധത പ്രകടിപ്പിച്ചവരുടെ ഫോണുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കിയത്. പൊതുവേ നിരീക്ഷണവൃത്തികളിൽ ഏർപ്പെടുന്ന വിവിധ രാജ്യങ്ങളിലായുള്ള 50,000 വ്യക്തികളുടെ ലിസ്റ്റിൽ നിന്നും 10,000 പേരെ തിരിച്ചറിയാൻ സംഘത്തിനായി. അതിൽ നിരവധി സൌദി രാജകുടുംബാംഗങ്ങൾ, വ്യവസായ പ്രമുഖർ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, ന്യായാധിപർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഉൾപ്പെടുന്നു.
എന്താണ് പെഗാസസ്
ഇസ്രായേലി സ്വകാര്യ കമ്പനിയായ എൻ.എസ്.ഓ. വികസിപ്പിച്ചെടുത്ത സൈബർ ആയുധമാണ് പെഗാസസ്. ചരിത്രത്തിലെ ഏറ്റവും ശക്തമായ ചാര സോഫ്ട്‍വെയർ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. 2016 മുതൽ രംഗത്തുള്ള ഈ ഹാക്കിംഗ് വൈറസ് ഫോണുകളുടെ സമ്പൂർണ നിയന്ത്രണം സാധ്യമാക്കുന്നു. ടെക്സ്റ്റ് മെസേജുകളായോ വാട്സാപ്പ് സന്ദേശങ്ങളായോ ഫോണിലേക്കെത്തുന്ന ‘ചൂഷണ-ലിങ്കുകൾ’ തുറന്നാൽ ആ ഉപകരണത്തിൽ ഇൻസ്റ്റാൾ ആവുന്ന തരത്തിലായിരുന്നു അതിന്റെ പ്രവർത്തനം. എന്നാൽ ഇപ്പോൾ ഫോണുകളിലെ വിവിധ സുരക്ഷാ പഴുതുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘സീറോ ക്ലിക്ക്’ സംവിധാനങ്ങളും ഇതിനുണ്ട്. അയയ്ക്കുന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്യാതെ തന്നെ പെഗാസസ് ഫോണിൽ പ്രവേശിക്കും. ഒരു വാട്സ് ആപ്പ് കോളിലൂടെ, ‘ഇര’ ആ കോൾ എടുത്തില്ലെങ്കിൽ പോലും പെഗാസസ് പ്രവർത്തനം ആരംഭിക്കും. ഐ.-ഫോണിലെ ഐ-മെസേജ് സംവിധാനത്തിലൂടെയും ഇത് കടന്നു കയറും. ഫോണിൽ പ്രവേശിച്ചാൽ അതിലെ ഏതാണ്ടെല്ലാ വിവരങ്ങളും ശേഖരിക്കാൻ പെഗാസസിന് കഴിയും. കോൺടാക്ട് വിവരങ്ങൾ, ഫോൺ കോളുകൾ, സന്ദേശങ്ങൾ, കീ ലോഗുകൾ, ലൊക്കേഷൻ, ക്യാമറ, മൈക്ക് തുടങ്ങി എല്ലാം. 24 മണിക്കൂർ നിരീക്ഷണ സംവിധാനമായി ഇത് പ്രവർത്തിക്കാനാരംഭിക്കുന്നു. കോളുകളും സന്ദേശങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും സഞ്ചാരവും ഒക്കെ പെഗാസസ് നിയന്ത്രിക്കുന്ന വ്യക്തിയ്ക്ക് അറിയാനും പകർത്താനും സാധിക്കുന്നു. എല്ലാ ഫോൺ അപ്പ്ലിക്കേഷനും തുറക്കാനും ഉപയോഗിക്കാനും പെഗാസസിന് കഴിയും എന്നതുകൊണ്ട് തന്നെ എൻഡ്-റ്റു-ഏൻഡ് എൻക്രിപ്‌ഷൻ ഉള്ള മെസഞ്ചർ സംവിധാനങ്ങൾ പോലും പ്രയോജനരഹിതമാണ് എന്ന് വരുന്നു. വ്യക്തിയുടെ സ്വകാര്യതയും ജീവിക്കാനുള്ള അവകാശം തന്നെയും അർത്ഥശൂന്യമാക്കി മാറ്റുന്ന മാരക പ്രഹരശേഷിയുള്ള സൈബർ ആയുധമാണ് പെഗാസസ്.
ഈ സൈബർ മാരകായുധം അംഗീകൃത ഗവണ്മെന്റുകൾക്ക് മാത്രമേ നൽകുകയുള്ളൂ എന്നാണ് എൻ.എസ്.ഓ. പറയുന്നത്. അതുകൊണ്ടുതന്നെ പെഗാസസ് ആക്രമണങ്ങൾക്ക് പിന്നിൽ ഗവൺമെന്റുകൾ തന്നെയാണെന്ന് നമുക്ക് അനുമാനിക്കേണ്ടിവരും. ആരുടെ നേതൃത്വത്തിലായാലും ലോക വ്യാപകമായി സർവെയിലൻസിനും അവകാശധ്വംസനത്തിനും രാഷ്ട്രീയ ഉപചാപങ്ങൾക്കും ഈ സംവിധാനം ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് നിസ്തർക്കമാണ്. പെഗാസസ് പ്രോജക്ടിന്റെ ഭാഗമായി പുറത്തു വരുന്ന തെളിവുകൾ നമുക്ക് പരിശോധിക്കാം.
മാധ്യമപ്രവർത്തകർ
അന്താരാഷ്ട്രതലത്തിൽ നോക്കിയാൽ, ഫിനാൻഷ്യൽ ടൈംസിന്റെ എഡിറ്റർ മുതൽ വാൾസ്ട്രീറ്റ് ജേർണൽ , സി. എൻ. എൻ., ദി ന്യൂയോർക്ക് ടൈംസ്, അൽ ജസീറ, ഫ്രാൻസ് 24, റേഡിയോ ഫ്രീ യൂറോപ്പ്, മീഡിയപാർട്ട്, എൽ പെയ്സ്, അസോസിയേറ്റഡ് പ്രസ്, ലെ മോണ്ടെ, ബ്ലൂംബർഗ്, എ. എഫ്. പി., ദി എക്കണോമിസ്റ്റ്, റോയ്റ്റേഴ്സ്, വോയ്സ് ഓഫ് അമേരിക്ക തുടങ്ങിയ വമ്പന്മാരിലേക്കൊക്കെ പെഗാസസിന്റെ നിരീക്ഷണം നീണ്ടിട്ടുണ്ട്. സൌദിയിൽ കൊല ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയും അദ്ദേഹത്തിനോട് ഏറ്റവും അടുത്ത 2 സ്ത്രീകളും മാസങ്ങളായി പെഗാസസ് ഇരകളായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയുടേതെന്ന രീതിയിലുള്ള ടെക്സ്റ്റ് മെസേജുകൾ വഴിയാണ് പെഗാസസിന്റെ ലിങ്ക് ഫോണിൽ എത്തിച്ചത്. ഇന്ത്യയിൽ, ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ദി വയർ, ഇന്ത്യൻ എക്സ്പ്രസ്സ്, ന്യൂസ്18, ഇന്ത്യ ടുഡേ, ഔട്ട് ലുക്ക്, പയനിയർ, തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളിലെ 40 പത്രപ്രവർത്തകരെയും ലക്ഷ്യം വച്ചിട്ടുണ്ട്. ആക്രമണ വിധേയരായ മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.
ക്രമ നം. | പേര് | മാധ്യമസ്ഥാപനം | കൈകാര്യം ചെയ്യുന്ന വിഷയം |
1 | സുശാന്ത് സിംഗ് | ഇന്ത്യൻ എക്സ്പ്രസ്സ് | റഫാൽ അഴിമതി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കവേ |
2 | റിതിക ചോപ്ര | ഇലക്ഷൻ കമ്മീഷൻ | |
3 | മുസമ്മിൽ ജമീൽ | കശ്മീർ | |
4 | സന്ദീപ് ഉണ്ണിത്താൻ | പ്രതിരോധം, ഇന്ത്യൻ മിലിറ്ററി | |
5 | ശിശിർ ഗുപ്ത | ഹിന്ദുസ്ഥാൻ ടൈംസ് | എക്സിക്യൂട്ടിവ് എഡിറ്റർ |
6 | പ്രശാന്ത് ജാ | എഡിറ്റോറിയൽ പേജ് | |
7 | രാഹുൽ സിംഗ് | പ്രതിരോധം | |
8 | ഔറംഗസേബ് നക്ഷബന്ദി | കോൺഗ്രസ്സ് വാർത്തകൾ | |
9 | മനോജ് ഗുപ്ത | ടി.വി.-18 | അന്വേഷണാത്മക, സുരക്ഷാ വിഷയങ്ങൾ |
10 | വിജയ്‌ത സിംഗ് | ദി ഹിന്ദു | പ്രതിരോധ മന്ത്രാലയം |
11 | സിദ്ധാർഥ് വരദരാജൻ | ദി വയർ | എഡിറ്റർ |
12 | എം. കെ വേണു | എഡിറ്റർ | |
13 | ദേവിരൂപ മിത്ര | ഡിപ്ലോമാറ്റിക്ക് എഡിറ്റർ | |
14 | രോഹിണി സിംഗ് | ദി വയറിനു വേണ്ടി സ്ഥിരം എഴുതുന്ന | അമിത് ഷായുടെ മകൻ അജയ് ഷാ-യുടെ കമ്പനിയുടെ അസാധാരണ വളർച്ച സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്ന ലേഖിക. |
15 | പ്രേം ശങ്കർ ജാ | രാഷ്ട്രീയ-ദേശസുരക്ഷാ വിഷയങ്ങൾ | |
16 | സ്വാതി ചതുർവേദി | രാഷ്ട്രീയ-ദേശസുരക്ഷാ വിഷയങ്ങൾ | |
17 | ജെ ഗോപാലകൃഷ്ണൻ | ദി പയനിയർ | അന്വേഷണാത്മക റിപ്പോർട്ടിംഗ്. 2ജി കേസ് ഒക്കെ കൈകാര്യം ചെയ്തിരുന്നു. |
18 | സൈകത് ദത്ത | ദേശസുരക്ഷാ | |
19 | പരംജോയ് ഗുഹ ഠക്കൂർഥാ | മുൻ എഡിറ്റർ, എകണോമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി | |
20 | സ്മിത ശർമ്മ | മുൻ ടി.വി-18 , ട്രിബ്യൂൻ റിപ്പോർട്ടർ | |
21 | എസ്.എൻ.എം. അബ്ദി | മുൻ ഔട്ട്-ലുക്ക് റിപ്പോർട്ടർ | |
22 | ഇഫ്റ്റികാർ ഗീലാനി | മുൻ ഡി.എൻ.ഇ. | |
23 | മനോരഞ്ജൻ ഗുപ്ത | ഫ്രണ്ടിയർ ടി.വി. | വടക്കുകിഴക്കൻ മേഖല |
24 | ഹെറാൻ | റോസാന ഫെഹ്‌റീദാർ എന്ന പഞ്ചാബി പത്രത്തിന്റെ എഡിറ്റർ | |
25 | രൂപേഷ് കുമാർ സിംഗ് | ജാർഖണ്ഡിൽ നിന്നുമുള്ള ലേഖകൻ | ആദിവാസിമേഖലകളിലെ പോലീസ് അതിക്രമം |
കൂടാതെ ‘മിന്റ്’-ലെ ഒരു ലേഖകൻ,മുതൽ പേര് വെളിപ്പടുത്താൻ ആഗ്രഹിക്കാത്ത നിരവധി പേരും അത്ര സുപരിചിതരല്ലാത്ത പ്രാദേശിക മാധ്യമങ്ങളിലെ ജോലിക്കാരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
എൽഗാർ പരിഷദ് കേസ്
ഇന്ത്യയിൽ, ഭീമകോറേഗാവ് കേസിൽ (എൽഗാർ പരിഷദ് കേസ്) പ്രതിചേർക്കപ്പെട്ട ഒൻപത് പേരും ചില കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേസിൽ പ്രതിചേർക്കപ്പെടുംമുൻപ് തന്നെ പെഗാസസ് നിരീക്ഷണത്തിലായിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ ആയിരുന്ന ഹാനി ബാബു, ഭാര്യ ജെന്നി റോവേന, ജയിൽ പുള്ളികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സൃഹുത്ത് റോണ വിൽസൺ എന്നിവരൊക്കെ 2017 മുതൽ നോട്ടപ്പുള്ളികൾ ആയിരുന്നു. ഒരു വർഷത്തിന് ശേഷം ഇവരെ എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റ് ചെയ്തു. പൗരാവകാശ പ്രവർത്തകനായ വെറോൺ ഗോൺസാൽവസ് , ചിന്തകൻ ആനന്ദ് ടെൽറ്റുംബ്ടെ, പ്രഫസർ ഷോമ സെൻ, പത്രപ്രവർത്തകൻ ഗൗതം നവ്ലാഖ, അഭിഭാഷകരായ അരുൺ ഫെറേറ, സുധാ ഭരദ്വാജ് എന്നിങ്ങനെ എൽഗാർ പരിഷത്ത് കേസിൽ പ്രതിചേർക്കപ്പെട്ടവർ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇതുകൂടാതെ വരാവര റാവുവിന്റെ മകൾ പാവന മുതൽ മലയാളിയായ ജൈസൺ സി കൂപ്പർ വരെയുള്ള സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകർ പെഗാസസ് പട്ടികയിലുണ്ട്.
കൂട്ടത്തിലുള്ള .അഭിഭാഷകൻ മിനാൽ ഗാഡ് ലിങ്ങിന്റെ ലാപ്ടോപ്പ്, അറസ്റ്റിലാകുന്നതിനു 20 മാസം മുൻപേ തന്നെ ചാര സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിയന്ത്രണത്തിലാക്കിയിരുന്നുവെന്നും, അതിൽ അദ്ദേഹത്തിനെതിരെ തെളിവുകൾ സ്ഥാപിച്ചിരുന്നുവെന്നും ആഴ്‌സണൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ സൈബർ-സുരക്ഷാ കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. റോണാ വിത്സന്റെ ലാപ്ടോപ്പിലും ഇതുപോലെ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നു.
മുൻ ഡൽഹി യൂണിവേഴ്സിറ്റി പ്രഫസർ സയീദ് അബ്ദുൾ റഹ്മാൻ ഗീലാനി സായിബാബ ഡിഫൻസ് കമ്മറ്റിയിലെ മറ്റ് 9 പേർ എന്നിവരും ലിസ്റ്റിലുണ്ട്. ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദ് ആണ് മറ്റൊരു ഇര. 2019-ൽ രാജ്യദ്രോഹക്കുറ്റം ചാർത്തി ജയിലിൽ അടയ്ക്കുമ്പോൾ പ്രധാന തെളിവായി പോലീസ് പറഞ്ഞത് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സന്ദേശങ്ങൾ ആയിരുന്നു എന്നുമോർക്കണം. ഈ വാർത്തകൾ കൂട്ടിവായിക്കുമ്പോൾ അനാവൃതമാകുന്നത് ഭരണകൂടഭീകരതയുടെ നീചമുഖമാണ്. ആളുകളെ നിരീക്ഷിക്കാൻ മാത്രമല്ല, വേട്ടയാടാനും കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കാനും ഇത് ഉപയോഗിക്കപ്പെടുന്നു എന്ന് നമ്മൾ കരുതേണ്ടിവരും.
രാഷ്ട്രീയ നേതാക്കൾ
2019 ജനറൽ ഇലക്ഷനോട് അനുബന്ധിച്ചും അതിനു ശേഷവും രാജ്യത്തെ വിവിധ രാഷ്ട്രീയ നേതാക്കളുടെ ഫോണും പെഗാസസ് ഉപഭോക്താവ് ഹാക്ക് ചെയ്തു എന്നാണ് വാർത്ത. മുഖ്യ പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ അലങ്കാർ സവായി, സച്ചിൻ റാവു എന്നിവരും ഹാക്കിംഗിന് ഇരകളായി. ബംഗാൾ മുഖ്യമന്ത്രിയുടെ ഉപദേശകനായ പ്രശാന്ത് കിഷോർ, മമതയുടെ ബന്ധുവും തൃണമൂൽ എം.പി.യുമായ അഭിഷേക് ബാനർജി എന്നിവരും പെഗാസസ് ലിസ്റ്റിൽ ഉണ്ട്. ഭരണപക്ഷ നേതാക്കളും പെഗാസസ് ഹാക്കിംഗിൽ പെട്ടിട്ടുണ്ട് എന്നത് കൗതുകമുണർത്തുന്നു. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും പ്രഹ്ലാദ് പട്ടേലും വസുന്ധര രാജ സിൻധെയുടെ പ്രൈവറ്റ് സെക്രട്ടറി, സ്‌മൃതി ഇറാനിയുടെ ഓഫീസർ ഓൺ ഡ്യൂട്ടി ആയിരുന്ന സഞ്ജയ് കച്രൂ എന്നിവരുമുൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരുടെ കുടുംബാംഗങ്ങളും അടുപ്പക്കാരുമൊക്കെ നിരീക്ഷണത്തിലായിരുന്നു. സംഘപരിവാർ നേതാവ് പ്രവീൺ തൊഗാഡിയയുടെ ഫോണും ഹാക്ക് ചെയ്തതാകാൻ സാധ്യതയുണ്ട്.
ഇലക്ഷൻ കമ്മീഷൻ
പെഗാസസ് ആക്രമണത്തിൽ നിന്ന് ഇലക്ഷൻ കമ്മീഷനും മുക്തമായിരുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. 2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് അഭിപ്രായം രേഖപ്പെടുത്തിയ ഇലക്ഷൻ കമ്മീഷണർ അശോക് ലാവോസയായിരുന്നു ലക്‌ഷ്യം. പ്രചാരണത്തിനിടെ “പുൽവാമയിൽ കൊല ചെയ്യപ്പെട്ട 44 ജവാന്മാർക്ക് വോട്ടു രേഖപ്പെടുത്തണ”മെന്നും “രാഹുൽ ഗാന്ധി ന്യൂനപക്ഷം ഭൂരിപക്ഷമായുള്ള സ്ഥലത്തേയ്ക്ക് മത്സരിക്കാനായി പോയി” എന്നുമുള്ള പ്രസ്താവനകൾ ആണ് ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാൽ മറ്റ് ഇലക്ഷൻ കമ്മീഷണർമാരായ സുനിൽ അറോറയും സുശീൽ ചന്ദ്രയും അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തിയതിനെത്തുടർന്ന് മോഡിയ്‌ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല. എന്നാൽ ഏകദേശം ആ സമയം മുതൽ ലാവാസ നിരീക്ഷണപ്പട്ടികയിൽ ഇടം പിടിച്ചു എന്നാണ് റിപ്പോർട്ട്. പിന്നീട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകേണ്ടിയിരുന്ന അദ്ദേഹം രാജി വച്ച് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ ജഗദീപ് ചോക്കറും നിരീക്ഷണ ലിസ്റ്റിൽ ഉണ്ടായിരുന്നു.
സുപ്രീം കോടതി
ഇന്ത്യൻ ഭരണഘടനയുടെ കാവലാളുകളെയും പെഗാസസ് വെറുതെ വിടില്ലെന്ന് പെഗാസസ് പ്രോജക്ട് വ്യക്തമാക്കുകയാണ്. സുപ്രീം കോടതിയിലെ ഒരു ജഡ്ജി നിരീക്ഷണലിസ്റ്റിൽ ഉണ്ടെന്ന് വാർത്തയുണ്ട്. ഏറെ ഞെട്ടിപ്പിക്കുന്നത് മുൻ ചീഫ് ജസ്റ്റിസും, ഇപ്പോൾ രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയിയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിനെതിരെ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയുടെ ഫോണും പെഗാസസ് നിരീക്ഷണത്തിൽ ആയിരുന്നുവത്രേ. ആരോപണം ഉന്നയിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് പെഗാസസ് റഡാറിൽ അവർ എത്തുന്നത്. അവരുടെ 3 നമ്പറുകളും, അവരുടെ ഭർത്താവും സഹോദരനും ഉൾപ്പെടെ അവരുമായി അടുപ്പമുള്ള 11 നമ്പറുകളും നിരീക്ഷണത്തിൽ ആയിരുന്നു. കേസ് നടക്കുന്ന സമയത്ത് അവരുടെ അഭിഭാഷകരുമായുള്ള രഹസ്യസ്വഭാവമുള്ള സംഭാഷണങ്ങൾ പോലും ചോർത്തപ്പെട്ടിരിക്കാം. ഇത് അവർക്കെതിരെയും, ഒരുപക്ഷേ മുൻ ചീഫ് ജസ്റ്റിസിനെതിരെയും, ഉപയോഗിക്കപ്പെട്ടിരിക്കാം എന്നത് ഞെട്ടിക്കുന്ന ഒരു സാധ്യതയാണ്.
പല കേസുകളിലും ജസ്റ്റിസ് ഗൊഗോയിയുടെ ഗവണ്മെന്റ് അനുകൂല നിലപാടുകൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു. റാഫേൽ കേസ്, പൗരത്വ രജിസ്റ്റർ കേസ്, സി.ബി.ഐ. കേസ്, മുദ്രവച്ച കവറിലെ വ്യവഹാരങ്ങൾ, കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ഹർജികൾ, ഹേബിയസ് കോർപ്പസ് ഹർജികൾ തുടങ്ങി വിവാദങ്ങൾ നിരവധിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സുപ്രീംകോടതി ഒരു ‘എക്സിക്യൂട്ടീവ് കോടതി’യായി മാറി എന്ന് നിയമവിചക്ഷണർ വിലയിരുത്തി. പിന്നീട് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചയുടനെ രാജ്യസഭാംഗമാകാനും അദ്ദേഹം തയ്യാറായി.
ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതി കൈകാര്യം ചെയ്യപ്പെട്ട രീതി നീതിക്ക് നിരക്കുന്നതല്ല എന്ന വിമർശനം വ്യാപകമായിരുന്നു. ചീഫ് ജസ്റ്റിസ് തന്നെ സ്വന്തം കേസ് കേൾക്കുന്ന ബഞ്ചിന്റെ ഭാഗമായതും പിന്നീട് ഉത്തരവിൽ നിന്ന് പേര് ഒഴിവാക്കിയതും സുതാര്യത തെല്ലുമില്ലാത്ത ‘ആഭ്യന്തര അന്വേഷണ സമിതി’യുടെ പ്രവർത്തനവും എല്ലാം സുപ്രീംകോടതിയുടെ ചരിത്രത്തിൽ അത്ര തിളക്കമില്ലാത്ത ഒരേടാണ്. ചീഫ് ജസ്റ്റിസിനെതിരെ ഗൂഡാലോചന നടന്നു എന്ന റിപ്പോർട്ടും, അദ്ദേഹത്തെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള ആഭ്യന്തര സമിതിയുടെ റിപ്പോർട്ടും പുറത്തു വിട്ടിട്ടില്ല. എന്നാൽ കേസ് പൊതുജനശ്രദ്ധയിൽ നിന്നും മാറിയപ്പോൾ തന്നെ പരാതിക്കാരിയുടെ ഭർത്താവിനെയും സഹോദരനെയും ദൽഹി പോലീസ് സർവീസിൽ തിരിച്ചെടുത്തു. പിന്നീട് പരാതിക്കാരിയും സുപ്രീംകോടതി ജീവനക്കാരിയായി സേവനത്തിൽ തിരിച്ചെത്തി. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ലൈംഗിക അതിക്രമ കേസിൽ ഇപ്പോഴത്തെ എം.പി.യെ കുറ്റവിമുക്തമാക്കിയ ‘ആഭ്യന്തര സമിതി’യുടെ റിപ്പോർട്ട് പരസ്യപ്പെടുത്തണം. പരാതി പുനരന്വേഷിക്കണം. സാമാന്യനീതി പുലരണം എന്നാഗ്രഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണത്.
.
ഗവണ്മെന്റിന്റെ പ്രതികരണം.
“ഇക്കാര്യങ്ങൾ എത്രയോ കാലങ്ങളായി പൊതുമണ്ഡലത്തിൽ ഉള്ളതാണെന്ന വസ്തുത പരിഗണിക്കുമ്പോൾ ഇതൊരു മോശം ഗവേഷണമാണ്. ഇതിലുൾപ്പെട്ട മാധ്യമസ്ഥാപനങ്ങൾ അവധാനതയില്ലാതെയാണ് പ്രവർത്തിച്ചത്.” ഗവണ്മെന്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എ.എൻ.ഐ. ട്വീറ്റ് ചെയ്ത പ്രതികരണത്തിൽ 2019-ൽ “വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി ഇതൊക്കെ വിശദീകരിക്കപ്പെട്ടതാണ്” എന്ന് അവകാശപ്പെടുന്നു. എന്നാൽ പ്രസ്തുത മറുപടിയിൽ “വിവരം ലഭ്യമല്ല.” എന്ന് മാത്രമാണ് ഉള്ളത്. ഇന്ത്യ ഗവണ്മെന്റ് പെഗാസസ് വാങ്ങിയിട്ടുണ്ടോ, വാങ്ങുന്നതിനുള്ള നിർദ്ദേശം വല്ലതുമുണ്ടോ? വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. പെഗാസസ് പദ്ധതി അംഗങ്ങൾക്ക് കൊടുത്ത മറുപടിയിൽ ഇങ്ങനെ പറയുന്നു: “ദേശ താത്പര്യം അനുസരിച്ചുള്ള വ്യക്തമായ ആവശ്യങ്ങൾക്ക് വേണ്ടി സന്ദേശങ്ങൾ ചോർത്തുന്നതിന് നിയതമായ പ്രോട്ടോക്കോളുകൾ ഉണ്ട്. അതിന് അനുമതി കൊടുക്കുന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുമാണ്.” ഇങ്ങനെ എവിടെയും തൊടാത്ത മറുപടികളാണ് മുൻപ് വാട്സാപ്പ് ലീക്ക് സംബന്ധിച്ച ആരോപണം ഉയർന്നു വന്നപ്പോൾ മുതൽ യൂണിയൻ ഗവൺമെന്റിൽ നിന്നുമുണ്ടാകുന്നത്. പെഗാസസ് വാങ്ങിയിട്ടില്ലെന്നോ ഉപയോഗിച്ചിട്ടില്ലെന്നോ ഒരിടത്തും പറയുന്നുമില്ല.
ഇന്ന് പാർലമെന്റിൽ കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് പറഞ്ഞതും സമാനമായ രീതിയിലാണ്. “പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിന്റെ തലേദിവസം ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് ആകസ്മികമല്ല. പണ്ടും ഇതുപോലെ പെഗാസസ് വാട്സാപ്പിൽ ഉപയോഗിക്കപ്പെടുന്നുവെന്ന തരത്തിൽ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് വസ്തുതകളുടെ പിൻബലമില്ലായിരുന്നു. എല്ലാ കക്ഷികളും അത് നിഷേധിച്ചതുമാണ്. 2021- ജൂലൈ 18 -ലെ വാർത്തയും ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ളതാണ്.”
എന്നാൽ ഗവൺമെന്റിന്റെ ഈ വാദത്തിൽ വസ്തുതാ വിരുദ്ധതയുണ്ട്. 2019-ലെ ആരോപണത്തിന്മേൽ എല്ലാ കക്ഷികളും അത് നിഷേധിക്കുകയല്ല ഉണ്ടായത്. വാട്സാപ്പും ഫേസ്ബുക്കും എൻ.എസ്.ഓ.യ്ക്കെതിരെ അമേരിക്കൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാത്രമല്ല വാട്സാപ്പ് ഇത്തരമൊരു സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് എന്ന് 2019 മെയ് 17-ന് സെർട്ട്-ഇൻ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കക്ഷികളും ആ ആരോപണം നിഷേധിച്ചിരുന്നു എന്ന വാദം ശരിയല്ല. ഇപ്പോഴത്തെ ഈ വാർത്ത തന്നെ റീ-ട്വീറ്റ് ചെയ്തുകൊണ്ട് വാട്സ് ആപ്പ് മേധാവി വിൽ കാർട്ടർ “മനുഷ്യാവകാശ പ്രവർത്തകരും ടെക്ക് കമ്പനികളും ഗവണ്മെന്റുകളും സുരക്ഷ വർദ്ധിപ്പിക്കാനും സൈബർ സ്പൈ-വെയറുകളെ നിയമത്തിനു മുന്നിൽ എത്തിക്കാനും ഒരുമിച്ചു പ്രവർത്തിക്കണം.” എന്ന് കുറിക്കുകകൂടിയുണ്ടായി.
ഇന്ത്യയിലെ സർവെയിലൻസ് നിയമങ്ങൾ
പെഗാസസ് പ്രൊജക്റ്റിനോടുള്ള പ്രതികരണത്തിൽ ‘സർവെയിലൻസിനുള്ള നിയതമാർഗങ്ങൾ’ എന്നതുകൊണ്ട് ഗവണ്മെന്റ് ഉദ്ദേശിച്ചത് ഒരുപക്ഷെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885-ലെ വകുപ്പ് 5(2)-ഉം വിവരസാങ്കേതികതാ നിയമം 2000-ലെ വകുപ്പ് 69-ഉം ആയിരിക്കും. ടെലിഗ്രാഫ് ആക്ട് സെക്ഷൻ 5(2) അനുസരിച്ച് “എന്തെങ്കിലും പൊതു അടിയന്തര സാഹചര്യമുണ്ടായാലോ, ക്രമസമാധാനം ഉറപ്പു വരുത്താനോ’ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ചോർത്തുവാനുള്ള അധികാരമുണ്ട്. “രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാര സംരക്ഷണത്തിനും വേണ്ടി, രാജ്യസുരക്ഷയ്ക്ക്, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്തുന്നതിന്, ക്രമസമാധാന പാലനത്തിന്, കുറ്റകൃത്യം തടയുന്നതിന്” ഒക്കെ വേണ്ടി സന്ദേശങ്ങൾ ചോർത്താൻ കഴിയും.
1996-ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബെർട്ടീസ് (PUCL) എന്ന സംഘടന ടെലഗ്രാഫ് നിയമത്തിലെ വകുപ്പ് 5(2)-ൽ ആവശ്യമായ പരിരക്ഷകൾ ഇല്ലെന്നും അതിനാൽ അത് ഭരണഘടനാവിരുദ്ധമാണെന്നും വാദിച്ചു സുപ്രീംകോടതിയെ സമീപിച്ചു. ഫോൺ ചോർത്തലിന് കോടതിയുടെ അനുമതി വേണമെന്നായിരുന്നു ആവശ്യം. ആവശ്യത്തിൽ ന്യായമുണ്ടെന്നു കണ്ട സുപ്രീംകോടതി ഫോൺ ചോർത്തലിന് ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തുടർന്ന് അതൊരു ചട്ടമായി ഗവണ്മെന്റ് 2017-ൽ വിജ്ഞാപനം ചെയ്തു. അതനുസരിച്ച് യൂണിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്രട്ടറിയുടെ അനുമതിയോടുകൂടിയേ ടെലഫോൺ വിവരങ്ങൾ ചോർത്താൻ കഴിയൂ. 60 ദിവസത്തേക്കാണ് അങ്ങനെ അനുമതി നല്കാൻ കഴിയുക. ഇത്തരത്തിലുള്ള ഏതൊരു ഉത്തരവും 7 ദിവസത്തിനുള്ളിൽ ഒരു റിവ്യൂ കമ്മറ്റിയുടെ പരിശോധനയ്ക്ക് വിടേണ്ടതുണ്ട്. അതിനു ശേഷം റിവ്യൂ കമ്മറ്റിയ്ക്ക്, ആവശ്യമെന്നു കണ്ടാൽ, അത് 180 ദിവസം വരെ നീട്ടി നൽകാം. അതുപ്രകാരം ശേഖരിച്ച വിവരങ്ങൾ 6 മാസക്കാലയളവിൽ നശിപ്പിച്ചു കളയണമെന്നും ചട്ടമുണ്ട്.
ഈ സംവിധാനത്തിന്റെ ചുവടു പിടിച്ചുകൊണ്ട് 2000-ലെ വിവരസാങ്കേതികതാ നിയമത്തിന്റെ വകുപ്പ്-69-നു കീഴിലും ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്- IT(Procedural safeguards for Interception, Monitoring and Decryption of Information) Rules 2019. ഇവിടെയും യൂണിയൻ ആഭ്യന്തര സെക്രട്ടറിയോ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോ ആണ് അനുമതി നൽകേണ്ട അധികാരി.
എന്നാൽ പെഗാസസിന്റെ പ്രവർത്തനം ഈ മാതൃകകളിലൊന്നുമല്ല. അത് അനുമതിയോടെയുള്ള വിവരശേഖരണമാകാൻ തരമില്ല, കാരണം പെഗാസസ് ഒരു സ്പൈ-വെയർ ആണ്; ഒരു സൈബർ ആയുധമാണ്. ലക്‌ഷ്യം വയ്ക്കുന്ന വ്യക്തികളുടെ ഫോൺ ഹാക്ക് ചെയ്യുകയാണത് ചെയ്യുക. പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളവരൊന്നും ക്രിമിനലുകളല്ല. അവർക്കെതിരെ ഏതു തരത്തിലുള്ള സർവെയിലൻസ് നടത്താനും ന്യായീകരണങ്ങളൊന്നും ഇല്ലതന്നെ. മാത്രവുമല്ല ഹാക്കിങ് ഇന്ത്യൻ നിയമപ്രകാരം, ഐ.ടി. ആക്ട് സെക്ഷൻ 43 അനുസരിച്ച് ഒരു കുറ്റകൃത്യവുമാണ്.
എന്നാൽ ഇതൊരൊറ്റപ്പെട്ട സംഭവമല്ല. അസാധാരണവുമല്ല. സ്വന്തം ജനതയ്ക്കുമേൽ ഭരണകൂടങ്ങൾ ചാരപ്പണി നടത്തുന്ന നടപടി ഇന്ന് വ്യാപകമാണ്. 2019-ൽ ‘കംപാരിടെക്ക്’ എന്ന ഒരു ഇംഗ്ളീഷ് സൈബർ സുരക്ഷാകമ്പനി 47 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ വെറും 5-ഇടങ്ങളിൽ മാത്രമാണ് ആവശ്യമായ സംരക്ഷണം ഉണ്ടായിരുന്നത്. അതിൽ ഏറ്റവും മോശം രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ചൈനയ്ക്കും റഷ്യക്കും ശേഷം മൂന്നാം സ്ഥാനത്ത്. നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (NATGRID), ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ് വർക്ക് സിസ്റ്റം (CCTNS), സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റം (CMS), ആധാർ അതോറിറ്റി (UIDAI), നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) തുടങ്ങി നിരവധി ഏജൻസികളാണ് നമ്മുടെ രാജ്യത്ത് സർവെയിലൻസ് രംഗത്തുള്ളത്. 2018-ൽ ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ., എൻ.ഐ.എ., റോ, ഡി.എസ്.ഐ, എൻ.സി.ബി., ഇ.ഡി., സി.ബി.ഡി.ടി., ഡി.ആർ.ഐ., ഡൽഹി പോലീസ് കമ്മീഷണർ എന്നിങ്ങനെ 10 ഏജൻസികൾക്ക് വിപുലമായ സർവെയിലൻസ് അധികാരങ്ങൾ നൽകിയിരുന്നു കേന്ദ്ര സർക്കാർ. ഇതിന്റെ ഏറ്റവും വലിയ പ്രശ്നം ഈ ഏജൻസികളും സംവിധാനങ്ങളും പാർലമെന്റിന്റെയോ നിയമസംവിധാനങ്ങളുടെയോ യാതൊരു മേൽനോട്ടവും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നതാണ്. നമ്മുടെ ഇന്റലിജൻസ് ഏജൻസികളും സർവെയിലൻസ് സംവിധാനവും യാതൊരു തരത്തിലും ചോദ്യം ചെയ്യപ്പെടുന്നില്ല. സർവെയിലൻസ് നിയന്ത്രിക്കുന്ന നിയമമോ ചട്ടക്കൂടുകളോ ഇല്ല.
ഇന്ത്യൻ സുപ്രീം കോടതിയുടെ 2017-ലെ പുട്ടസ്വാമി വിധിയ്ക്ക് ശേഷം ഇന്ത്യയിൽ സ്വകാര്യത ഒരു മൗലികാവകാശമാണ് എന്നത് അർത്ഥശങ്കക്കിടയില്ലാത്തവിധം സ്ഥാപിക്കപ്പെട്ടതാണ്. സുപ്രീംകോടതിയുടെ 9 അംഗ ബെഞ്ച് ഐകകണ്ഠമായാണ് സ്വകാര്യത മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 14, 19, 21 എന്നിവയിൽ സ്വകാര്യത അന്തർലീനമാണ് എന്നായിരുന്നു വിധി. സ്വകാര്യത ധനാത്മകവും ഋണാത്മകവുമായ അവകാശമാണെന്നും കോടതി വിലയിരുത്തി. ഋണാത്മക അവകാശം എന്ന നിലയിൽ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുവാനുള്ള അധികാരം ഭരണകൂടത്തിനില്ല; ധനാത്മക വശം എന്ന് പറയുന്നത് സ്റ്റേറ്റിൽ നിന്ന് മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമെല്ലാമുള്ള സ്വകാര്യതാ ധ്വംസനങ്ങളെ പ്രതിരോധിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ഗവണ്മെന്റിനുണ്ട് എന്നതാണ്.
പുട്ടസ്വാമി വിധി അനുസരിച്ച് പൗരന്റെ സ്വകാര്യതയെ ഹനിക്കുന്ന ഏതൊരു പ്രവർത്തിയിൽ ഏർപ്പെടണമെങ്കിലും അതിന് കൃത്യമായൊരു നിയമം വേണം. ആ നിയമത്തിനു നീതിയുക്തമായ ലക്ഷ്യമായിരിക്കണം ഉള്ളത്, ആ പ്രവർത്തിയാകട്ടെ ലക്ഷ്യത്തിന് ആനുപാതികമായിരിക്കണം (ആനുപാതികം എന്ന് പറഞ്ഞാൽ ലക്‌ഷ്യം നേടാൻ ആവശ്യമുള്ളത്ര കടന്നുകയറ്റം മാത്രമേ ഉണ്ടാകാവൂ, അതോടൊപ്പം ലക്‌ഷ്യം നേടാൻ ഇതിലും കുറഞ്ഞ അവകാശ ലംഘനമാർഗ്ഗങ്ങൾ വേറെ ഉണ്ടാകുകയുമരുത്.), നിയമത്തിൽ പൗരർക്ക് ആവശ്യമായ പരിരക്ഷകൾ ഉറപ്പുവരുത്തുകയും വേണം.
ഈ ഭരണഘടനാതത്വങ്ങൾ പാലിക്കുന്ന സമഗ്രമായ ഒരു നിയമവ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം അവകാശ ലംഘനങ്ങളിൽ നിന്നും ജനങ്ങൾക്ക് രക്ഷ നേടാൻ കഴിയൂ. കേവലം സ്വകാര്യതാ-വിവരസുരക്ഷാ നിയമങ്ങൾ കൊണ്ട് അതിനു പരിഹാരമാകില്ല. സ്വകാര്യതാ നിയമങ്ങളിൽ സ്റ്റേറ്റ് സർവെയിലൻസിന് ഇളവുകൾ ഉണ്ടാകും. ആ പഴുതുകൾ ഉപയോഗപ്പെടുത്തി രൂപീകരിക്കുന്ന സർവെയിലൻസ് സംവിധാനങ്ങൾക്കുമേൽ പരിപൂർണ നിയന്ത്രണവും പാർലമെന്ററി മേൽനോട്ടവും സാധ്യമാക്കുന്ന സമഗ്രമായ ഒരു നിയമപരിഷ്കരണമാണ് കാലം ആവശ്യപ്പെടുന്നത്.
പെഗാസസ് ഉയർത്തുന്ന വെല്ലുവിളികൾ
നിയമ പരിഷ്കാരത്തെക്കുറിച്ചൊക്കെ നാം വാചാലരാകുമ്പോഴും പെഗാസിസ് പോലുള്ള സൈബർ മാരകായുധങ്ങളെ നമ്മൾ വേറിട്ട് കാണേണ്ടതുണ്ട്. ‘സ്റ്റേറ്റ് സർവെയിലൻസ്’ എന്നൊക്കെ പറഞ്ഞ് അതിനെ ലഘൂകരിക്കരുത്. ഏതോ ദേശ സുരക്ഷാകാര്യത്തിന് വേണ്ടി അനുമതിയോടെ നടത്തിയ എന്തോ നിരീക്ഷണം എന്ന ഒരു ധ്വനി ചിലർക്കെങ്കിലും കിട്ടും. ഇത് ഹാക്കിംഗ് ആണ്. ഇന്ത്യൻ നിയമം അനുസരിച്ചുള്ള ഒരു ക്രൈം ആണ്, ഒരു കുറ്റകൃത്യമാണ് അത്. ഒരു ഗവണ്മെന്റിനും ഒരു ഉദ്യോഗസ്ഥനും ഒരു ക്രൈമിന് അനുമതി കൊടുക്കാനാകില്ല. ഇതിനു പിന്നിലുള്ളവർ ശിക്ഷിക്കപ്പെടണം. കാരണം ഇത് ഭീതിദമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ഒന്നാമത്തെ ചോദ്യം ആരാണ് പെഗാസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത് എന്നാണ്. ഗവൺമെന്റുകൾ മാത്രമാണ് തങ്ങളുടെ ഉപഭോക്താക്കൾ എന്ന് എൻ.എസ്.ഓ. തറപ്പിച്ചു പറയുന്നു. അപ്പോൾ പിന്നെ ഗവൺമെന്റിൽ ആര് എന്നൊരു ചോദ്യം വരും. കാരണം മറ്റു വിവര-വിശകലന-നിരീക്ഷണ സംവിധാനങ്ങൾ പോലെയല്ല പെഗാസസ്. കീ വേർഡുകളും മറ്റും വിശകലനം ചെയ്തു നടക്കുന്ന ഇടപാടല്ല. നേരിട്ടുള്ള നിരീക്ഷണമാണ് നടക്കുക. ചെയ്യുന്നത് ഗവൺമെന്റ് ആണെങ്കിൽ “ഗവൺമെന്റിൽ ആര്?” എന്ന ചോദ്യം സുപ്രധാനമാണ്. പോലീസ്?, ഐ.ബി? ഏതെങ്കിലും ഉദ്യോഗസ്ഥർ? അല്ലെങ്കിൽ ഈ ജോലി ഔട്ട്-സോഴ്സ് ചെയ്തിരിക്കുകയാണോ? ആണെങ്കിൽ ആർക്ക്? അവിടെ സ്വകാര്യ-കച്ചവട താത്പര്യക്കാർ ഉണ്ടാകാം, രാഷ്ട്രീയക്കാർ കാണാം, ഇവരിലേക്കൊക്കെ എത്തിച്ചേരാൻ കഴിയുന്ന ക്രിമിനലുകൾ വരാം…മന്ത്രിമാരും സുപ്രീംകോടതി ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും ഒക്കെ ഉൾപ്പെട്ട പട്ടികയാണ്. രാജ്യത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നവരാണ്. അവരുടെ ഉപകരണങ്ങളിലെ വിവരങ്ങൾ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാകാം. അല്ലെങ്കിൽ അത്തരത്തിൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുള്ളതാകാം. ഇതൊക്കെ രാജ്യത്തിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയില്ല എന്ന് യാതൊരു ഉറപ്പുമില്ല. ജനാധിപത്യത്തെയും സാമൂഹിക വ്യവഹാരങ്ങളെയും സദാ ഭീതിയുടെ നിഴലിൽ നിർത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന പ്രാഥമിക ദോഷത്തിനപ്പുറമുള്ള ചോദ്യങ്ങളാണിവ. ഇത്തരം ഭീഷണമായ സാധ്യതകൾ തുറന്നിടുന്ന പെഗാസസ് പോലുള്ള സ്പൈ-വെയറുകൾ നിയന്ത്രിക്കേണ്ടതും നിരോധിക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് ഇത് നമ്മളെ ബോധ്യപ്പെടുത്തുന്നു. ആണവ നിരായുധീകരണത്തിന്റെയൊക്കെ മാതൃകയിൽ ഒരു അന്താരാഷ്ട്ര ചട്ടക്കൂടിൽ നിന്നുകൊണ്ട് നിർവീര്യമാക്കപ്പെടേണ്ടതാണ് പെഗാസസ്. ഇത്തരം ഉത്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതും വിൽക്കുന്നതും ഉടനടി തടയേണ്ടതാണ്. രാജ്യവും ജനാധിപത്യവും സ്വതന്ത്ര സമൂഹവും നിലനിൽക്കണമെങ്കിൽ അതുകൂടിയേ തീരൂ.
This article was published in TrueCopyThink on 20 July, 2021