ആളുകള്‍ നെട്ടോട്ടമോടുകയാണ്, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ബാങ്ക് അക്കൗണ്ട് റദ്ദായിപ്പോകും എന്നാണ് ഭീഷണി. ഒരു ദിവസം ഒന്നു വീതം മൂന്നു നേരം ആഹാരത്തിനു മുന്‍പും ആഹാരത്തിനു ശേഷവും ഭീഷണി മെസേജുകള്‍ വരുന്നുണ്ട്. എ ടി എമ്മില്‍ കയറിയാലും, ഇന്റര്‍നെറ്റ് ബാങ്കിങ്ങിനു ശ്രമിച്ചാലും, ബാങ്കില്‍ പോയാലുമെല്ലാം ഭീഷണിപത്രങ്ങള്‍ മുന്‍പില്‍ തെളിയും. പുതിയ ബാങ്ക് അക്കൗണ്ടു തുറക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് പറയുന്നു. ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഒന്നും പുറപ്പെടുവിച്ചിട്ടില്ല എന്ന് വിവരാവകാശപ്രകാരമുള്ള മറുപടി ലഭിക്കുന്നു. ഞങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും ‘ബാധകമായ സന്ദര്‍ഭങ്ങളി’ലെല്ലാം ആധാര്‍ നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്കിന്റെ ക്ലാരിഫിക്കേഷന്‍ വരുന്നു. ആകെ ജഗപൊകയാണ്. ജനങ്ങള്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. യാഥര്‍ത്ഥ്യം എന്താണ് ?
ആധാര്‍-ബാങ്ക് അക്കൗണ്ട് ബാന്ധവം ആരംഭിക്കുന്നത് 2010 മുതലാണ്. യതൊരു വെരിഫിക്കേഷനുമില്ലാത്ത ആധാര്‍ ഒരു ഐ ഡി പ്രൂഫ് ആയി ആദ്യ ഘട്ടതില്‍ ആര്‍ ബി ഐ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 2010 ഡിസംബര്‍ 16ന് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി എം എല്‍ ആക്ട്) ല്‍ വരുത്തിയ ഭേദഗതികള്‍ വഴി ആധാര്‍ ‘ചെറുകിട അക്കൗണ്ടുകള്‍’ തുറക്കുന്നതിന് ഉപയോഗിക്കാന്‍ തീരുമാനമായി. അത്തരം അക്കൗണ്ടുകളില്‍ വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ക്രയവിക്രയം നടത്തുവാന്‍ പാടില്ല, ഒരു സമയത് 50,000 രൂപയില്‍ കൂടുതല്‍ ബാലന്‍സ് ഉണ്ടാകാന്‍ പാടില്ല, മാസം 10000 രൂപയില്‍ കൂടുതല്‍ നിക്ഷേപം പാടില്ല. അങ്ങനെ ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ ഗവണ്മെന്റ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2011-ല്‍ ആര്‍ ബി ഐ ഈ നിയന്ത്രണവും എടുത്തു കളഞ്ഞു. <ഞആക/201112/207 ; ഉആഛഉ.അങഘ.ആഇ.ചീ. 36/ 14.01.001/201112>. ഇപ്പോള്‍ ഇതാ പി എം എല്‍ ആക്ടില്‍ വരുത്തിയ മറ്റൊരു ഭേദഗതി പ്രകാരം 2017 ഡിസംബര്‍ 31-ന് മുന്‍പ് എല്ലാ ബാങ്ക് അക്കൗണ്ടുകളിലും ആധാര്‍ എ-കെ വൈ സി നിര്‍ബന്ധമാക്കിയിരിക്കുന്നു. തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിനു വേണ്ടിയാണിത് എന്നാണ് വാദം. അതിന്റെ ന്യായാന്യായങ്ങളിലേക്ക് മറ്റൊരവസരത്തില്‍ കടക്കാം. ഇപ്പൊള്‍ നമുക്ക് ഈ നോട്ടിഫിക്കേഷന്റെ നിയമ സാധുത പരിശോധിക്കാം.
01/07/2017 ലെ ജി എസ് ആര്‍ 538(ഇ) നമ്പര്‍ നോട്ടിഫിക്കേഷന്‍ വഴിയാണ് മോദി ഗവണ്മെന്റ് പി എം എല്‍ ആക്ട് പ്രകാരം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത്. പി എം എല്‍ ആക്റ്റ് സെക്ഷന്‍ 73 (1) എച്ച്, ഐ, ജെ, കെ വകുപ്പുകള്‍ അനുസരിച്ച് എന്ന് നോട്ടിഫിക്കേഷന്‍ പറയുന്നു. എന്നാല്‍ സെക്ഷന്‍ 73(1) എച്ച് 2013-ല്‍ നീക്കം ചെയ്തിട്ടുള്ളതാണ്. ഇല്ലാത്ത നിയമപ്രകാരം എങ്ങനെ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും? മറ്റു വകുപ്പുകള്‍ ഉപയോഗിച്ച് ചട്ടങ്ങള്‍ ഊണ്ടാക്കാമെന്നിരിക്കലും അങ്ങനെ ഉണ്ടാക്കിയ ചട്ടങ്ങള്‍ക്കും ഭേദഗതികള്‍ക്കും പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന്, പ്രസ്തുത ആക്ടിലെ 74, 75 വകുപ്പുകള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്.
ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിഞ്ജാപനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ല. അതുകൊണ്ട് തന്നെ പി എം എല്‍ ആക്ട് അനുസരിച്ച് അതിന് നിയമപ്രാബല്യവുമില്ല. മാത്രവുമല്ല ആധാര്‍ ഒരു സേവനത്തിനും നിര്‍ബന്ധിതമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്. ആധാര്‍ ഇല്ലാത്തതുകൊണ്ട് ആര്‍ക്കും ഒരു സേവനവും നിഷേധിക്കപ്പെടരുത്്. പൊതു വിതരണ സംവിധാനം, പാചകവാതക വിതരണം, തൊഴിലുറപ്പു പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍, ജന്‍ ധന്‍ യോജന, ഇ പി എഫ്, എന്നിങ്ങനെ 6 പദ്ധതികള്‍ക്കു മാത്രം ആധാര്‍ ഉപയോഗിക്കാമെന്നും അതില്‍ തന്നെ നിര്‍ബന്ധമാക്കാന്‍ കഴിയില്ല എന്നുമായിരുന്നു ഉത്തരവ്. ആധാര്‍ നിര്‍ബന്ധിതമല്ലെന്നും അത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടില്ലെന്നുമുള്ള വസ്തുത ടി വി, റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് പൊതു ജനങ്ങളെ അറിയിക്കണം എന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. ആധാര്‍ ആക്ട് പാര്‍ലമെന്റ് പാസാക്കി നിയമമായതിനു ശേഷം 2016 സെപ്തംബറില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി ഇതേ നിലപാട് ആവര്‍ത്തിച്ചു. ഏറ്റവുമടുത്ത് സ്വകാര്യതാ വിധിയില്‍ ഉള്‍പ്പടെ കോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നിശ്ചയമായും ഈ കോടതി വിധിക്ക് എതിരാണ്. കോടതിയലക്ഷ്യമാണ്.
ജൂലൈ ഒന്നിലെ നോട്ടിഫിക്കേഷന്‍ നില നില്‍ക്കുന്നതാണെങ്കില്‍ തന്നെ, സ്വാഭാവികമായും അതിനെ തുടര്‍ന്ന് ആര്‍ ബി ഐ യുടെ സര്‍ക്കുലര്‍ വരേണ്ടതാണ്. അതാണ് കീഴ്‌വഴക്കം. അത് ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും റിസര്‍വ് ബാങ്ക് ക്ലാരിഫിക്കേഷന്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ തര്‍ക്കത്തിനു പ്രസക്തിയില്ല. അതു പ്രകാരം ‘ബാധകമായ സന്ദര്‍ഭങ്ങള്‍’ ഏതൊക്കെയാണ്? അത് മേല്‍പ്പറഞ്ഞ പി എം എല്‍ നോട്ടിഫിക്കേഷന്‍ ബാധകമാകുന്ന സന്ദര്‍ഭങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന ഭേദഗതികളിലെ സെക്ഷന്‍ 17(എ) അനുസരിച്ച് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ ഇപ്പോള്‍ നല്‌കേണ്ടതില്ല. അക്കൗണ്ട് തുറന്ന തിയ്യതി മുതല്‍ ആറ് മാസത്തിനകംആധാര്‍ ഹാജരാക്കിയാല്‍ മതിയാകും. നിലവിലുള്ള അക്കൗണ്ടുകള്‍ക്ക് 2017 ഡിസംബര്‍ 31-ന് മുന്‍പ് ആധാര്‍ ഇ-കെ വൈ സി വെരിഫിക്കേഷനും നടത്തേണ്ടതുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.
അതായത് 2017 ഡിസംബര്‍ 31-ന് മുന്‍പ് റിസര്‍വ് ബാങ്ക് പറഞ്ഞ ‘ബാധകമായ സന്ദര്‍ഭങ്ങള്‍’ ഉണ്ടാകില്ല എന്നു സാരം. അതിനു മുന്‍പ് നവംബറില്‍ ആധാര്‍ കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കോടതി ഇത്തരം ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാതിരിക്കില്ല. അതുവരെ നിയമവിരുദ്ധമായ, അപകടകരമായ ആധാര്‍ ഭ്രാന്തിന് തലവയ്ച്ചു കൊടുക്കാതിരിക്കുക. കോടതി ഉത്തരവ് അനുസരിച്ചു മാത്രം കാര്യങ്ങള്‍ തീരുമാനിക്കുക്ക.
This article first appeared in Mangalam Daily on 24/10/2017