124 A ; തെറ്റുതിരുത്താനുള്ള അവസരം പാഴാക്കി, സുപ്രീം കോടതി ഒളിച്ചോടുകയാണ്

ഐപിസി 124(എ) അഥവാ രാജ്യദ്രോഹകുറ്റം താൽക്കാലികമായി മരവിപ്പിച്ചു കൊണ്ടുള്ള സുപ്രീംകോടതിവിധി ഒരേസമയം സന്തോഷകരവും നിരാശാജനകവുമാണ്. രാജ്യദ്രോഹക്കുറ്റം എന്ന കൊളോണിയൽ കുറ്റകൃത്യം ഭരണഘടനാ വിരുദ്ധമാണെന്നും അതു റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട്   നിലവിലുള്ള വിവിധ ഹർജികളാണ് കോടതി പരിഗണിച്ചത്.  ഐപിസി സെക്ഷൻ 124(എ) തങ്ങൾ പുനപരിശോധിക്കുമെന്നും, അതുവരെ കോടതി ഇടപെടേണ്ടതില്ല എന്നുമായിരുന്നു കേന്ദ്രസർക്കാർ കേസിൽ സ്വീകരിച്ച നിലപാട്. ഈ അഭ്യർത്ഥന അനുസരിച്ച്  വാദം മാറ്റി വയ്ക്കുമോ എന്നായിരുന്നു  എല്ലാവരും ആശങ്കയോടെ നോക്കിയിരുന്നത്. എന്നാൽ കോടതി അതിനു പൂർണമായും വഴങ്ങിയില്ല.  പുനപരിശോധന  ഉണ്ടാവും വരെ പ്രസ്തുത നിയമം മരവിപ്പിയ്ക്കുകയാണ് ചെയ്തത്. 

124(എ) കാലഘട്ടത്തിനു യോജിച്ചതല്ലെന്നും പുനഃപരിശോധിക്കമെന്നും  ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് ഇനിമുതൽ രാജ്യദ്രോഹ കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യില്ലെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്.  രജിസ്റ്റർ ചെയ്താൽ, ഇന്നത്തെ വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചു സമാശ്വാസം തേടാവുന്നതാണ്. നിലവിൽ ചാർജ്ജ് ചെയ്തിട്ടുള്ള കേസുകളിൽ എല്ലാ വിചാരണ നടപടികളും നിർത്തിവയ്ക്കേണ്ടതാണ്. മറ്റു വകുപ്പുകൾ ഉണ്ടെങ്കിൽ അത് സംബന്ധിച്ച നടപടികൾ തുടരാവുന്നതാണ്. അതേ സമയം തന്നെ കേന്ദ്ര സർക്കാരിന് സെഡീഷൻ നിയമം ദുരുപയോഗം ചെയ്യതിരിക്കാനുള്ള മാർഗ നിർദേശങ്ങൾ സംസ്ഥാന ഗവണ്മെന്റുകൾക്ക് നൽകാവുന്നതാണ്.

ഈ വിധി കേന്ദ്ര സർക്കാരിൻറെ പ്രതീക്ഷകൾക്ക് എതിരായിരുന്നുവെന്ന്,   കേന്ദ്രനിയമമന്ത്രി കിരൺ റിജിജു  നടത്തിയ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം. “കോടതികൾ ഗവൺമെൻറിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നുണ്ട്. ഇവിടെ കൃത്യമായ വേർതിരിവുകളും അതിരുകളുമുണ്ട്. ഇതിനിടയിലുള്ള ലക്ഷ്മണരേഖ മുറിച്ചു കടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.” എന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. . 

“രാജ്യത്ത് നിരവധി കൊളോണിയൽ ശേഷിപ്പുകൾ ഉണ്ട്. അത്തരത്തിലുള്ള 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങൾ ഞങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. രാജ്യദ്രോഹ ത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിവിധ നിരീക്ഷണങ്ങളെപ്പറ്റി ഗവൺമെന്റിന് ബോധ്യമുണ്ട്. രാജ്യത്തിൻറെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ, ഇതിൽ ഉൾപ്പെട്ടിട്ടുള്ള പൗരാവകാശ പ്രശ്നങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും  പരിഗണിച്ചുകൊണ്ട്, 124(എ) പുനം:പരിശോധിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച്  ആസാദി കാ അമൃതവർഷ പരിപാടിയുടെ ഭാഗമായി  അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശങ്കകൾ പ്രധാനമന്ത്രിയും പങ്കുവയ്ക്കുന്നുണ്ട്.” ഇതായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം.

ഈ നിലപാട് പക്ഷേ കോടതി നടപടികൾ വൈകിപ്പിക്കാൻ ഉള്ള ഒരു തന്ത്രം മാത്രമായിരുന്നു എന്ന് ഇന്നത്തെ നിയമമന്ത്രിയുടെ രൂക്ഷമായ ഭാഷയിൽ നിന്നും വ്യക്തമാണ്. 2021 ഡിസംബർ മാസത്തിൽ ആസാമിൽ നിന്നുള്ള എംപി ബദറുദ്ദീൻ അജ്മൽ ഉന്നയിച്ച  ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ സെക്ഷൻ 124(എ) പുനഃപരിശോധിക്കാനുള്ള യാതൊരു പദ്ധതിയും ഗവൺമെൻറിൻറെ മുന്നിൽ ഇല്ല എന്ന് ഇതേ മന്ത്രി തന്നെ  പാർലമെൻറിനെ അറിയിച്ചിരുന്നതാണ്. അതിനുശേഷമാണ് സുപ്രീംകോടതിയിൽ ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിച്ചത്.

മാത്രവുമല്ല അല്ല അതിനുമുൻപ്, രാജ്യദ്രോഹ നിയമം ഭരണഘടനാപരമാണ് എന്ന് പ്രസ്താവിച്ച 1962-ലെ കേദാർനാഥ് കേസ്  പുനപരിശോധിക്കേണ്ട ആവശ്യമില്ല എന്ന നിലപാട് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്നു. പ്രസ്തുത കേസിൽ, ഇന്ന് ഹർജിക്കാർ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും പരിശോധിക്കപ്പെട്ടു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തിൽ ഇന്ന് കോടതി സ്വീകരിച്ച നടപടി പ്രതീക്ഷാജനകമാണ്. പുനപരിശോധന യുടെ പേര് പറഞ്ഞ്  സെക്ഷൻ 124(എ) അനന്തമായി നിലനിർത്തിക്കൊണ്ട് പോകാമെന്ന കേന്ദ്ര ഗവൺമെൻറിൻറെ പ്രതീക്ഷ കോടതി തകർത്തുകളഞ്ഞു. 

എന്നാൽ ഇതിനൊരു മറുവശമുണ്ട്.   1962ന് ശേഷം ഉയർന്നുവന്ന  നിയമ വൈജ്ഞാനിക പശ്ചാത്തലത്തിൽ, ഐപിസി 124(എ)  നിശ്ചയമായും റദ്ദ് ചെയ്യപ്പെടുമായിരുന്നു. ആധുനിക കാലഘട്ടത്തിൽ ലോകത്ത് ഏതാണ്ടെല്ലാ ജനാധിപത്യ രാജ്യങ്ങളും  രാജ്യദ്രോഹം എന്ന കുറ്റം  നിയമ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. നമ്മുടെ ഭരണഘടന നിർമ്മാണ സഭയിൽ വളരെ വിശദമായ ചർച്ചയ്ക്കുശേഷം ഒഴിവാക്കപ്പെട്ട സംഗതിയാണ് രാജ്യദ്രോഹം. ഈ വസ്തുതയുടെയും 1952-ലെ റൊമേഷ് ഥാപ്പർ കേസിലെ വിധിയുടെയും എല്ലാം പശ്ചാത്തലത്തിൽ ഐപിസി 124(എ)  പണ്ടേ റദ്ദ് ചെയ്യേണ്ടതായിരുന്നു. എന്നാൽ 1962-ൽ കേദാർനാഥ് കേസിൽ വളരെ പിന്തിരിപ്പനായ നിയമ വ്യാഖ്യാനങ്ങളിലൂടെ അത് നിലനിർത്തുകയാണ് പരമോന്നത നീതിപീഠം ചെയ്തത്. വാച്യാർത്ഥത്തിൽ, ആ വകുപ്പ് നിർത്താൻ യാതൊരു മാർഗവും ഇല്ല എന്ന് കണ്ടുകൊണ്ട്, കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ‘സത്യ ബോധത്തിന്റെ പേരാണ് രാമൻ’ എന്നൊക്കെ പറയുന്നതുപോലെ രാജ്യദ്രോഹം എന്ന കുറ്റം മറ്റൊന്നാണ് എന്ന തരത്തിൽ  വകുപ്പിൻറെ അർഥം തന്നെ മാറ്റി എഴുതി  സംരക്ഷിച്ചെടുക്കുകയായിരുന്നു സുപ്രീംകോടതി. അങ്ങനെയാണ് ഭരണഘടനാ നിർമാണസഭ വേണ്ടെന്നുവച്ച രാജ്യദ്രോഹം കോടതി വഴി നമ്മുടെ നാട്ടിൽ തിരിച്ചെത്തുന്നത്. ഈ തെറ്റ് തിരുത്തുവാനുള്ള അവസരം നമ്മുടെ സുപ്രീം കോടതി ഇപ്പോൾ പാഴാക്കിയിരിക്കുന്നു.

ഇനി എന്ത് തരത്തിലുള്ള പുനപരിശോധനയാണ് ഗവൺമെൻറ്  നടത്തുവാൻ പോകുന്നത് എന്ന് കാത്തിരുന്നു കാണാം. കാരണം കരിനിയമങ്ങളോട് പ്രത്യേക പ്രിയമുള്ള  രാഷ്ട്രീയവിഭാഗമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ‘ആർട്ടിക്കിൾ 14’ നടത്തിയ ഗവേഷണത്തിൽ ക്രോഡീകരിച്ച കണക്കുകൾ പരിശോധിച്ചാൽ, രാജ്യദ്രോഹം  എങ്ങനെയാണ് നമ്മുടെ രാജ്യത്ത് പ്രയോഗിക്കുന്നത്, ആരൊക്കെയാണ് അതിൻറെ ഇരകൾ,  ആർക്കുവേണ്ടിയാണ് ആണ് ഈ നിയമം നിലനിൽക്കുന്നത്,  എന്നുമെല്ലാം വ്യക്തമാകും. 2010 നു ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യദ്രോഹ കേസുകളിൽ 65 ശതമാനവും 2016 ശേഷമുള്ളതാണ് എന്ന് കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യദ്രോഹ കേസുകളുടെ എണ്ണത്തിൽ 190 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കന്മാരെ വിമർശിച്ചതിൻറെ പേരിൽ രാജ്യദ്രോഹം ചാർത്തുന്ന സംഭവങ്ങളിൽ 96 ശതമാനവും ഉണ്ടായത് 2014 ശേഷമാണ്. അതിൽ ഏറ്റവും കൂടുതൽ കേസുകൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിൻറെ ഫലമായിട്ടാണ്; 149 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്; 144 കേസുകൾ. വിദ്യാർത്ഥി നേതാക്കളും പത്രപ്രവർത്തകരും  സാമൂഹ്യ പ്രവർത്തകരും അഭിഭാഷകരും  രാഷ്ട്രീയപ്രവർത്തകരുമെല്ലാം  ഇതിൻറെ ഇരകളാണ്. ഇത്തരമൊരു ട്രാക്ക് റെക്കോർഡുള്ള ഭരണ സംവിധാനത്തിന് കീഴിൽ എന്തുതരം പുനപരിശോധനയാണ് ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. പോട്ട മാറി യുഎപിഎ വന്നതുപോലെ പോലെ മറ്റൊരു തരത്തിലുള്ള കരിനിയമം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മാത്രവുമല്ല, ഇപ്പോൾ കോടതി ഐപിസി 124 (എ) സ്റ്റേ ചെയ്തിട്ടില്ല. മേലിൽ ഈ വകുപ്പിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന് സാങ്കേതികമായി നിർദ്ദേശിച്ചിട്ടില്ല. ആ സാഹചര്യത്തിൽ ഈ നിയമം ഇനിയും ഉപയോഗിക്കില്ല എന്ന് യാതൊരു ഇറപ്പുമില്ല. 2015-ൽ സുപ്രീംകോടതി റദ്ദ് ചെയ്ത ഐ.ടി. നിയമത്തിലെ സെക്ഷൻ 66(എ) ഉപയോഗിച്ച് സമീപകാലം വരെ കേസെടുത്തിട്ടുണ്ട്. 2021 ഇത്തരം 755 സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് പി.യു.സി.എൽ. സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് ഗവണ്മെന്റുകൾ അത് കാര്യമായെടുത്തത്. ആറ് വർഷങ്ങൾക്ക് ശേഷമാണെന്നോർക്കണം. ഇന്നത്തെ സുപ്രീംകോടതി വിധിയിൽ ചാർജ്ജ് ഫ്രെയിം ചെയ്ത കേസുകളിൽ വിചാരണ നിർത്തിവയ്ക്കണം എന്നാണ് നിർദ്ദേശിച്ചിട്ടുളത്. ഓപ്പൺ കോർട്ടിൽ പറഞ്ഞിരുന്നതുപോലെ വിചാരണതടവുകാർക്ക് ഈ ഉത്തരവ് അനുസരിച്ച് ജാമ്യത്തിന് കോടതിയെ സമീപിക്കാം എന്ന വാചകം പുറത്തുവന്ന ഉത്തരവിൽ കാണുന്നുമില്ല. ഇതൊക്കെ സംബന്ധിച്ച് ചില അവ്യക്തതകൾ ബാക്കിയാണ്.

എന്നാൽ, കോടതി ഇപ്പോൾതന്നെ 124(എ)-യുടെ ഭരണഘടനാപരത പരിശോധിക്കുവാൻ തയ്യാറായിരുന്നുവെങ്കിൽ ഈ ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു. കാരണം ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നെങ്കിൽ, അതിൻറെ കാര്യകാരണങ്ങൾ വിശദീകരിക്കപ്പെട്ടിരുന്നെങ്കിൽ, ഗവൺമെന്റിന് മറ്റു വഴികളിലൂടെ ഈ വകുപ്പ് നിലനിർത്താനുള്ള അവസരം ലഭിക്കുമായിരുന്നില്ല. കാരണം, ഭരണഘടനാ വിരുദ്ധക്കെതിരെ നിയമനിർമാണം നടത്തുവാൻ പാർലമെൻറിനധികാരമില്ല. ഗവൺമെൻറിൻറെ പുനപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124(എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുക തന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത്  കോടതിയുടെ പ്രാഥമികകടമയിൽ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന് പറയാതെ വയ്യ. എന്നിരുന്നാലും അടുത്ത ജൂലൈ മാസം വരെയെങ്കിലും രാജ്യദ്രോഹക്കുറ്റത്തിൽ നിന്ന് ജനതയ്ക്ക് സംരക്ഷണം ലഭിക്കുമെന്നത് ആശ്വാസകരവുമാണ്. 

The article was published in DoolNews on Saturday, 14th May 2022

LEAVE A REPLY

Please enter your comment!
Please enter your name here