റഫാൽ ഡീലിന് 13 ദിവസം മുൻപ് അംബാനി ഒരു കമ്പനിയുണ്ടാക്കുന്നു: റിലയൻസ് ഡിഫൻസ് ലിമിറ്റഡ്.പിന്നെ റഫാൽ കരാർ.അതിന് കൃത്യം 10 ദിവസം കഴിഞ്ഞ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ടും റിലയൻസും ചേർന്നുള്ള കമ്പനി രൂപീകരിക്കുന്നു.കരാറിന് തൊട്ടു മുൻപുവരെ ഉണ്ടായിരുന്ന 70 വർഷങ്ങളുടെ പരിചയമുള്ള, 4060 വിമാനങ്ങൾ ഉണ്ടാക്കിയിട്ടുള്ള, പൊതുമേഖലാ സ്ഥാപനം, നവരത്ന കമ്പനി, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL ) പുറത്ത്. 2 ആഴ്ച മാത്രം പ്രായമുള്ള, ഇതുവരെ ഒരു കളി വിമാനം പോലും ഉണ്ടാക്കിയിട്ടില്ലാത്ത, റിലയൻസ് അകത്ത്.പിന്നീട് റിലയൻസ്-ദസോൾട്ട് കമ്പനികളുടെ രേഖകളിൽ നിന്ന് നമ്മൾ അറിയുന്നു ഒരു വിമാനത്തിന്റെ വില ആദ്യം കേട്ടതുപോലെ 670കോടി രൂപയല്ല, 1660കോടി ആണെന്ന്.കരാർ ഒപ്പു വച്ച കാലത്തുള്ള ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസൊ ഹൊലാണ്ട് മീഡിയാ പാർട്ട് എന്ന ഫ്രഞ്ച് വാർത്താ മാധ്യമത്തോട് വെളിപ്പെടുത്തുന്നു, ഓഫ്സെറ്റ് ഡീലിലെ സർവീസ് പ്രൊവൈഡറെ (റിലയൻസിനെ) നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന്. അവർക്ക് യാതൊരു ചോയ്‌സും ഇല്ലായിരുന്നുവെന്ന്.ഇനി അൽപ്പം ചരിത്രം:2007ലാണ് 126 യുദ്ധവിമാനങ്ങളുടെ ആവശ്യകത ഇന്ത്യൻ വ്യോമസേന ഗവൺമെന്റിനെ അറിയിക്കുന്നത്.
സാങ്കേതികവിദ്യാ കൈമാറ്റവും ലൈസൻസ്ഡ് ഉത്പാദനവും ഉൾപ്പടെയായിരുന്നു പദ്ധതി നിർദ്ദേശം.
ഒന്ന്, മിഗ് 21, 27 വിമാനങ്ങൾ കാലവധിയെത്താറായതിനാൽ അടിയന്തരമായി വ്യോമസേനയ്ക്ക് വിമാനങ്ങൾ ലഭ്യമാക്കുക. രണ്ട്, ആധുനിക സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ യുദ്ധവിമാന ഉത്പാദന രംഗത് രാജ്യത്തിന് വ്യാവസായിക ഉണർവ് ഉണ്ടാക്കുക, മൂന്ന്, 40 വർഷത്തോളം റഫാൽ വിമാനങ്ങൾ പരിപാലിക്കുകയും പുനഃരുദ്ധരിക്കുകയും ചെയ്യുന്നതിലൂടെ പൊതു മേഖല സ്ഥാപനമായ HAL-ന് അത്യാധുനിക നിർമാണസങ്കേതങ്ങളും സാങ്കേതിക വിദ്യയും സ്വായത്തമാക്കാനാകുക.2012-ൽ ദസോൾട്ടിന്റെ റഫാൽ വിമാനം വിലകൊണ്ടും സാങ്കേതികത്തികവുകൊണ്ടും അനുയോജ്യമെന്നുകണ്ടു; ഫ്രാൻസുമായി ചർച്ചകൾ ആരംഭിച്ചു.126-ൽ 18 വിമാനങ്ങൾ ദസോൾട്ട് നിർമിച്ചു നൽകുകയും ശേഷിക്കുന്ന 108 എണ്ണം സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ എച്ച്. എ.എൽ. നിർമിക്കും എന്നുമായിരുന്നു ധാരണ. 2007-ൽ 126 വിമാനങ്ങളുടെ വില 42,000കോടിയായിരുന്നു. അതിന്മേലാണ് ചർച്ചകൾ തുടർന്നത്. ഈ വിലയിൽ സാങ്കേതിക വിദ്യ കൈമാറ്റം, അതിന്റെ റോയൽറ്റി, ആയുധങ്ങളുടെയും മിസ്സൈലുകളുടെയും വില, 2 വർഷ വാറന്റി എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.2015 മാർച്ച് 25-ന് “പൊതുമേഖലാ സ്ഥാപനമായ എച്ച്. എ.എല്ലു-മായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും. കരാർ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്നും ദസോൾട്ട് CEO എറിക് ട്രാപ്പെർ അറിയിക്കുന്നു.2015 ഏപ്രിൽ 8ന്, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ പറഞ്ഞത് ഇപ്രകാരം ആണ്: “റഫാൽ വിഷയത്തിൽ ഞാൻ മനസിലാക്കുന്നത് ഫ്രഞ്ച് കമ്പനിയും HAL ഉം തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ്. അതൊക്കെ സാങ്കേതികമായ കാര്യങ്ങളാണ്. നേതൃത്വ സന്ദർശനങ്ങളും ഇത്തരത്തിലുള്ള പ്രതിരോധ ഇടപാടുകളും തമ്മിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. അത് മറ്റൊരു വഴിക്കു നടക്കും. നേതൃത്വതലത്തിൽ ഉള്ള ചർച്ചകൾ പ്രതിരോധമേഖലയിലുള്ള കുറച്ചുകൂടി വിശാലമായ കാര്യങ്ങളെകുറിച്ചാണ്”.അതായത് അന്ന് വരെ പഴയ അവശ്യപ്രകാരമുള്ള ചർച്ചകൾ തുടരുന്നുണ്ടായിരുന്നു. HAL തന്നെയായിരുന്നു ദസോൾട്ടുമായി ചർച്ച നടത്തിയിരുന്ന ഇന്ത്യൻ കമ്പനി. റഫാൽ ഇടപാട് നേതൃത്വനിരയിലുള്ള ചർച്ചയുടെ ഭാഗമാകേണ്ടതില്ലായിരുന്നു.പക്ഷെ ദിവസങ്ങൾക്കുള്ളിൽ മോഡി പുതിയ കരാർ ഒപ്പുവച്ചു. 36 വിമാനങ്ങൾ ഫ്രാൻസിൽ തന്നെ നിർമാണം പൂർത്തിയാക്കി ഉടൻ വാങ്ങുന്ന തരത്തിലായിരുന്നു പുതിയ കരാർ. ഇന്ത്യ-ഫ്രാൻസ് സംയുക്തപ്രസ്താവനായിൽ ഇതിനെക്കുറിച് പറഞ്ഞത് “മുൻ ധാരണയിൽ നിന്നും വ്യത്യസ്തമായി 18ന് പകരം 36 വിമാനങ്ങൾ ഉടൻ (fly-away condition-ൽ) വാങ്ങുന്നതിനാൽ വില മുൻപത്തേതിലും കുറവായിരിക്കും. മുൻപ് വ്യോമസേന പരീക്ഷിച് അംഗീകരിച്ച അതെ സാങ്കേതികതകൾ ഉള്ള വിമാനങ്ങളാകും നൽകുക” എന്നായിരുന്നു.ഇതിൽ നിന്ന് ഒരുകാര്യം വ്യക്തം. പിന്നീട് ഗവൺമെന്റും ബിജെപി വാജ്‌താക്കളും അവകാശപ്പെട്ടതുപോലെ ഇന്ത്യയ്ക്ക് വേണ്ടി പഴയ സ്പെസിഫിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായ പ്രത്യേക ക്രമീകരണങ്ങളൊന്നും പുതിയ കരാറിൽ ഉണ്ടായിരുന്നില്ല. അതായത് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നതുപോലെ “ഫുൾ ഓപ്‌ഷൻ” അല്ല എന്ന് സാരം.മോഡി റഫാൽ ഇടപാട് പ്രഖ്യാപനം നടത്തിയ 2015 മാർച്ച് 13-ന് ദൂരദർശനിലൂടെ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറഞ്ഞത് ആകെ (എല്ലാ ചെലവുകളുമുൾപ്പടെ) വില 90,000 കോടി എന്നാണ്. അതായത് ഒരു പ്ലെയിനിന് 715 കോടി (90,000÷126). ഇതിൽ 36 വിമാനങ്ങൾ ഫ്രാൻസിൽ തന്നെ ഉടൻ നിർമ്മിച്ച് നൽകും. ഈ കണക്കിൽ ഒരു പരിമിതിയുണ്ട് ഇന്ത്യയിൽ ഉണ്ടാക്കുന്ന 90 വിമാനങ്ങൾക്ക് ഫ്രാൻസ് നേരിട്ട് തകരുന്ന വിമാനങ്ങളെക്കാൾ വില കൂടുതലായിരിക്കും, കാരണം ഇന്ത്യയിൽ പുതിയ പ്ലാന്റ് ഉണ്ടാക്കുന്നതിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും വരുന്ന ചെലവുകളും കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതൊക്കെ കൂട്ടിയാണ് 90,000 കോടി. അപ്പോൾ ആദ്യത്തെ 36 വിമാനങ്ങളുടെ വില 715 കോടിയിലും കുറവായിരിക്കും. പരീക്കർ പറഞ്ഞ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. “ഡീൽ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചർച്ചയുടെ ഫലമായി ഉണ്ടായതാണ്. ഞാൻ അതിനെ പിന്തുണച്ചു എന്നെ ഒള്ളൂ.”ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. കരാർ പ്രകാരം സാങ്കേതിചിക വിദ്യ കൈമാറുമോ? എന്ന് വിമാനങ്ങൾ ലഭിക്കും? എങ്ങനെയാണ് 18 വിമാനങ്ങൾ എന്നത് 36 ആയത്? 2015-ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു മുൻപ് ഈ 36 വിമാനത്തിനുള്ള നിർദേശത്തിന് കാബിനെറ്റിന്റെ സുരക്ഷാ കാര്യ സമിതിയുടെ അംഗീകാരം ഉണ്ടായിരുന്നോ? എന്തുകൊണ്ടാണ് പുതിയ പ്രപോസലിന് പുതിയ ടെണ്ടർ വിളിക്കാതിരുന്നത്? 2012-ൽ റഫാലിനൊപ്പം സാങ്കേതികമായി അനുയോജ്യമാണ് കണ്ടെത്തിയ ‘യൂറോ ഫൈറ്റർ’ 20% വരെ വില കുറക്കാൻ തയ്യാറാണ് എന്ന് 2014, ജൂലൈയിൽ ഗവൺമെന്റിനെ അറിയിച്ചിരുന്നില്ലേ? അറിയിച്ചിരുവെങ്കിൽ പുതിയ പ്രാപ്പോസൽ വരുമ്പോൾ അതൊക്കെ പരിഗണിക്കേണ്ടിയിരുന്നില്ലേ? മാത്രമല്ല അന്ന് കേട്ടിരുന്നത് 2 വർഷം കൊണ്ട് 36 വിമാനങ്ങളും കിട്ടുമെന്നാണ്. പിന്നീട് പാർലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത് 2022-ഓടെയേ 36 വിമാനങ്ങളും ലഭിക്കൂ എന്നാണ്.ആദ്യ കരാർ പ്രകാരമാണെങ്കിൽ രണ്ടര വർഷത്തിനുള്ളിൽ 18 വിമാനങ്ങൾ ലഭിക്കണമായിരുന്നു. പിന്നീട് 3 വർഷത്തിനുള്ളിൽ സാങ്കേതിവിദ്യ കൈമാറ്റത്തിലൂടെ എച്ച്. എ.എൽ-ന് ഇന്ത്യയിൽ വിമാനം നിർമിച്ചു തുടങ്ങാമായിരുന്നു. അതായത് 2022ഓടുകൂടി മുഴുവൻ വിമാനങ്ങളും ലഭിക്കുമായിരുന്നു.ഇനി വിലയിലേക്ക് വരാം. ഗവൺമെന്റ് പറയുന്നത് ഫ്രഞ്ച് ഗവണ്മെന്റുമായുള്ള ‘സീക്രസി’ കരാർ കാരണം വില വെളിപ്പെടുത്താനാകില്ല എന്നാണ്. സാധാരണഗതിയിൽ സാങ്കേതിക മാനങ്ങളും മറ്റുമാണ് രഹസ്യമാക്കി വയ്ക്കാറ്. വിലയിൽ എന്ത് രഹസ്യമാണുള്ളത്? മറ്റ് ഇടപാടുകൾ പോലെ ഇതും സി.എ.ജി. ഓഡിറ്റിന് വിധേയമല്ലേ, അപ്പോൾ വില മറച്ചു വയ്ക്കാനാകുമോ? വിവരാവകാശ നിയമപ്രകാരം വില ലഭ്യമാക്കേണ്ടതല്ലേ? വില മറച്ചു വായിക്കുന്നതിൽ എന്ത് സുരക്ഷാ താത്പര്യമാണുള്ളത്? മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന് രാജ്യത്തിൻറെ പാർലമെന്റിന്റെ അധികാരങ്ങളെ മറികടക്കാൻ കഴിയുമോ? രാജ്യത്തെ ഇതിനു മുൻപുള്ള എല്ലാ പ്രതിരോധ ഇടപാടുകളുടെയും വില പൊതു സമൂഹത്തിന് ലഭ്യമാണല്ലോ.മാത്രമല്ല പ്രതിരോധ മന്ത്രി പരീക്കർ തന്നെ ഒരിക്കൽ ദൂരദര്ശനിലൂടെ കരാർ തുക 90,000 കോടി രൂപയാണെന്നു പറഞ്ഞതാണ്. ഗവൺമെന്റ് പാര്ലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി 2016, നവംബറിൽ ആകെ വില 60,000 കോടി രൂപയാണെന്നും ഒരു വിമാനത്തിന്റെ വില ഏകദേശം 670 കോടി രൂപയാണെന്നും പറഞ്ഞിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൺ ഇന്ത്യ ട്യുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വില വെളിപ്പെടുത്തുന്നതിന് തടസ്സമില്ല എന്ന് പറഞ്ഞതാണ്. പിന്നെന്താണ് ഇപ്പോൾ ഒരു രഹസ്യം?സത്യത്തിൽ ഗവൺമെന്റിനെ കെണിയിൽ പെടുത്തിയത് മറ്റൊരു കാര്യമാണ്. 2016 ഡിസംബറിൽ ദാസോൾട്ട്-റിലയൻസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ദാസോൾട്ടിന്റെ ഫിനാൻഷ്യൽ സ്റേറ്മെന്റും. ഇരു രേഖകളിലും 36 വിമാനങ്ങളുടെ വില 8.13 ബില്യൺ യൂറോ അഥവാ 60,000 കോടി ഇന്ത്യൻ രൂപ എന്നാണ് കാണിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരു വിമാനത്തിന്റെ വില 1660 കോടി രൂപ വരും. ഗവൺമെന്റ് പാർലമെന്റിൽ പറഞ്ഞ വിലയോ 670 കോടി രൂപയും. വിമാനം പ്രതി 1000 കോടി രൂപയുടെ വ്യത്യാസം. പഴയ കരാറിൽ നിന്നും ഒരുപാട് മേലെ. ഇത്രയും വലിയ നഷ്ടം രാജ്യത്തിന് വരുത്തുന്നതാണ് ഇടപാടെങ്കിൽ അത് പുറത്തു പറയാൻ കഴിയുമോ?ഇതൊക്കെ വിശദീകരിച്, വിശദീകരിച്, ഉരുണ്ടുമറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സർജിക്കൽ സ്‌ട്രൈക്ക് ദിനത്തിൽ മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ബോംബ്. “റിലയൻസിനെ നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന്”. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചർച്ചയിലാണ് കരാർ ഉണ്ടായത് എന്ന് പറഞ്ഞ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്നത് ഈ അവസരത്തിലാണ്.അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് അധികാരത്തിലെത്തിയ മോഡി ഗവൺമെന്റ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിച്ഛായ നഷ്ടം ആകുകയാണ് റഫാൽ ഇടപാട്, പ്രത്യേകിച്ചും അതിന്റെ കേന്ദ്രസ്ഥാനത് പ്രധാന മന്ത്രി തന്നെയാകുന്നത് കൊണ്ട്.രാഷ്ട്രീയനേതാക്കളും അധികാരകേന്ദ്രങ്ങളും അതിസമ്പന്നർക്കുവേണ്ടി വിടുപണി ചെയ്യുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ ക്ലാസിക്ക് മാതൃകയാവുകയാണ് മോദിയുടെ റഫാൽ ഇടപാട്.
this article was first published in Mnagalam Daily on 26/09/2018