2015 നവംബർ പതിനൊന്നാം തീയതി മഹാരാഷ്ട്രയിൽ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവർഷവും നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും എന്ന് പ്രഖ്യാപിക്കുന്നത്. 1949 നവംബർ 26-നാണ് നമ്മുടെ ഭരണഘടന നിർമ്മാണ സമിതി ഭരണഘടനയുടെ അന്തിമ രൂപം അംഗീകരിച്ചത്. പലരുടെയും ഓർമ്മയിൽ ഇല്ലാതിരുന്ന ആ ദിവസം, ഒരു സവിശേഷ ദിനമായി ആചരിക്കുവാനുള്ള തീരുമാനമെടുത്തത് അംബേദ്കറുടെ ആശയങ്ങളും പ്രബോധനങ്ങളും, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യബോധവും, സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ വേണ്ടിയാണെന്നാണ് അന്ന് പ്രധാനമന്ത്രി അദ്ദേഹം പ്രസംഗിച്ചത്. എന്തായാലും എല്ലാവർഷവും ഇപ്പോൾ ഭരണഘടനാ ദിവസം കൊണ്ടാടുന്നുണ്ട്. യുജിസി മുതൽ പ്രൈമറി സ്കൂൾ തലം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഈ ദിവസം ആചരിക്കേണ്ടതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ട് നിർദ്ദേശങ്ങളാണ് ഭരണഘടനാദിനാചരണം സംബന്ധിച്ച് യൂണിയൻ ഗവണ്മെന്റ് നൽകിയിരിക്കുന്നത്. ഭരണഘടനയുടെ ആമുഖവും മൗലിക കടമകളും വായിക്കുക. ഈ നിർദ്ദേശം തന്നെ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളോട് ഇപ്പോഴത്തെ ഭരണസംവിധാനം എത്രമാത്രം അകലെയാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.
മൗലിക കടമകളും ഭരണഘടനയും
ഭരണഘടനയുടെ അടിസ്ഥാന പ്രമാണം അതിൻറെ ആമുഖം ആയിരിക്കുമ്പോൾ തന്നെ, അത് മുന്നോട്ടുവയ്ക്കുന്ന അമൂർത്തമായ ആശയങ്ങൾക്ക് പ്രായോഗിക പ്രസക്തി നൽകുന്ന മൗലിക അവകാശങ്ങൾ ഔദ്യോഗിക ഭരണഘടന ദിനാഘോഷങ്ങളിൽ നിന്ന് വിട്ടുകളഞ്ഞിരിക്കുന്നു. അംബേദ്കർ മുതൽ ഇങ്ങോട്ട് എല്ലാ ഭരണഘടന വിചക്ഷണരും ഇന്ത്യൻ ഭരണഘടനയുടെ ഹൃദയം എന്ന് കരുതി പോരുന്നത് മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന ഭരണഘടനയുടെ മൂന്നാം ഭാഗമാണ്. വൈദേശിക ആധിപത്യത്തിന് കീഴിലോ, നാട്ടുരാജാക്കന്മാർക്ക് കീഴിലോ, യാതൊരു അവകാശങ്ങളും ഇല്ലാതെ പ്രജകളായി കഴിഞ്ഞു കൂടിയിരുന്ന നമ്മളെ, ഒരു ജനാധിപത്യ റിപ്പബ്ലിക്കിലെ പൗരന്മാരായി ഉയർത്തിയത് മൗലിക അവകാശങ്ങളാണ്. രാജ്യത്തെ ഓരോ പൗരന്റെയും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിച്ച്, ഭരണകൂടത്തിന്റെ അനിയന്ത്രിതമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന അവകാശ പ്രഖ്യാപന രേഖയായാണ് നമ്മൾ ഭരണഘടനയെ മനസ്സിലാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ സംവിധാനത്തിന്റെ സ്വഭാവവും അത് നിലനിർത്തുന്നതിന് ആവശ്യമായ സ്ഥാപനങ്ങളും നിർവചിക്കുകയും ഗവൺമെന്റിന് ‘ഭരിക്കാനുള്ള’ അവകാശം നൽകുകയും പൗരർക്കും മേൽ ചില കടമകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന സംഗതി അല്ല അത്.
‘ഭരണ’മല്ല, പരമാധികാരവും പൊതുജന പങ്കാളിത്തവും നിയന്ത്രിതമായ ഭരണകൂടവും ആണ് ജനാധിപത്യത്തിൻറെ കാതൽ. അവകാശങ്ങളെക്കാൾ കൂടുതൽ കടമകൾക്ക് പ്രാധാന്യം നൽകുന്നത് ജനാധിപത്യമല്ല ഏകാധിപത്യമാണ്. ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യത്തെ പൗരൻ എന്ന നിലയിൽ ഗവൺമെന്റിനോട് ഒരു കടമയും നമുക്കില്ല. മറിച്ച്, തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറ് ആണ് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നത്. അവർക്ക് ഭരണഘടന നിർവചിച്ചിരിക്കുന്ന ചില കടമകൾ ചെയ്തു തീർക്കേണ്ടതുണ്ട്. അതാണ് രാഷ്ട്രത്തോടുള്ള കടമ. രാഷ്ട്രം എന്നാൽ മണ്ണും മനുഷ്യർ തീർത്ത അതിരുകളും അല്ല, അവിടുത്തെ ജനങ്ങളും അവരുടെ അഭിലാഷങ്ങളും അവകാശങ്ങളും കൂടിച്ചേരുന്നതാണ്. നമ്മുടെ ഭരണഘടനാ ശില്പികൾക്ക് അക്കാര്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭരണഘടനാ ദിനത്തിൽ അംബേദ്കർ അവതരിപ്പിച്ച് അംഗീകാരം നേടിയ ഭരണഘടനയുടെ അന്തിമ രൂപത്തിൽ മൗലിക കടമകൾ ഇടം നേടാതിരുന്നത്. ജനാധിപത്യം എന്നത് അവകാശങ്ങളിൽ അധിഷ്ഠിതമായ ഭരണസംവിധാനമാണെന്നും, കടമകളിൽ അധിഷ്ഠിതമായ സംവിധാനം ഏകാധിപത്യ വ്യവസ്ഥയാണ് എന്നും സഭയ്ക്ക് അറിയാമായിരുന്നു. 1976 അടിയന്തരാവസ്ഥയുടെ ഭീകര നാളുകളിൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42-ആം ഭേദഗതിയുടെ ഭാഗമായാണ് മൗലിക കടമകൾ നമ്മുടെ ഭരണഘടനയിൽ ഇടം നേടുന്നത്. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്. തികച്ചും ഏകാധിപത്യപരമായ നിരവധി കാര്യങ്ങൾ ഉൾപ്പെട്ടിരുന്ന, കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മുഴുവൻ ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുത്താൻ ഇന്ദിരാഗാന്ധി പോലും തയ്യാറായില്ല. പാർലമെൻറ് പാസാക്കിയ നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാവിധികൾക്കെതിരെ മൗലിക അവകാശ ലംഘന ആരോപണം ഉന്നയിക്കാൻ കഴിയില്ല, എന്ന് തുടങ്ങി മൗലിക കടമകൾ നിർവഹിക്കാത്ത പൗരാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള അധികാരം ഗവൺമെൻറ് നൽകുക, എന്ന് വരെയുള്ള വിവിധ നിർദ്ദേശങ്ങൾ കമ്മറ്റി നൽകിയിരുന്നു. എന്നാൽ ഒടുവിൽ കടമകൾ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്താതെ, കോടതി മുഖാന്തരം നിയമപരമായി നടപ്പിലാക്കാൻ കഴിയാത്ത വിധം ചേർക്കുകയായിരുന്നു. നിലവിൽ അവയ്ക്ക് നിർദ്ദേശാത്മകമായ പ്രസക്തി മാത്രമേയുള്ളൂ. വസ്തുത ഇതായിരിക്കുമ്പോൾ തന്നെയും, മൗലിക അവകാശങ്ങളെ മൗലിക കടമകളുമായി ബന്ധപ്പെടുത്തി കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത ഭരണ നേതൃത്വം, വിശിഷ്യാ കഴിഞ്ഞ ഒരു ദശകത്തിനിടെ, വ്യാപകമായി സ്വീകരിച്ചിട്ടുണ്ട്. ദൗർഭാഗ്യവശാൽ ചിലപ്പോഴെങ്കിലും നമ്മുടെ കോടതികളും ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നതായി കാണാം. ഭരണഘടനാ കോടതികൾ, ‘ഭരണകൂട കോടതികളാ’യി മാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അതെല്ലാം. ഭരണഘടന ശില്പിയേയും ഭരണഘടനയേയും ആഘോഷിക്കണമെന്ന് പറയുമ്പോൾ, ഏതു വീക്ഷണകോണിലൂടെയാണ് നമ്മൾ ഭരണഘടനയെ മനസ്സിലാക്കുന്നത് എന്ന കാര്യം പ്രധാനമാണ്.
യാഥാസ്ഥിതിക വീക്ഷണം
വൈദേശിക ഭരണത്തിൽ നിന്നും ഇന്ത്യക്കാരുടെ ഭരണത്തിലേക്കുള്ള കേവലമായ അധികാര കൈമാറ്റമായി സ്വാതന്ത്ര്യലബ്ദിയെയും, അതിനുള്ള രൂപരേഖയായി ഭരണഘടനയെയും മനസ്സിലാക്കുന്ന രീതിയാണിത്. 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിന്റെ പിന്തുടർച്ചയായിട്ടാണ് ഇവർ ഭരണഘടനയെ കാണുന്നത്. അമേരിക്കൻ ഭരണഘടന രൂപീകരണ സമയത്ത് ഉണ്ടായതുപോലെ ഉള്ള അധിനിവേശവിരുദ്ധ വിപ്ലവത്തിൻറെ പരിസമാപ്തി അല്ല ഇന്ത്യൻ ഭരണഘടന. നമ്മുടെ ഭരണഘടന നിർമ്മാണ സമിതിയും ഭരണഘടനയും ഒരു ബ്രിട്ടീഷ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ളതാണ്. 1946-ലെ ക്യാബിനറ്റ് മിഷൻ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനാ നിർമാണ സഭ രൂപീകരിക്കുന്നത്. അതിലെ അംഗങ്ങളെ ജനത നേരിട്ട് തെരഞ്ഞെടുത്തതായിരുന്നില്ല. കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി തന്നെ രാജ്യത്തെ മൊത്തം മുതിർന്നവരുടെ ജനസംഖ്യയുടെ 28.5% ത്തിൻറെ മാത്രം പ്രതിനിധികളായിരുന്നു. നിലവിൽ ഉണ്ടായിരുന്ന ഭരണസംവിധാനത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള അനുക്രമമായ മാറ്റത്തെയാണ് ഭരണഘടന അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 75 ശതമാനവും 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ നിയമത്തിന്റെ തുടർച്ചയാണ്. കൊളോണിയൽ കാലത്തെ ജനാധിപത്യവിരുദ്ധമായ എല്ലാ നിയമങ്ങളും നീക്കം ചെയ്യപ്പെട്ടില്ല. കരുതൽ തടങ്കൽ, നിയമനിർമ്മാണ സഭകളെ മറികടന്നു കൊണ്ടുള്ള ഓർഡിനൻസ് സംവിധാനം, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ, ഗവർണർമാർ.. അങ്ങനെ പലതും പുതിയ ഭരണഘടനയുടെയും ഭാഗമാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു വിപ്ലവ പാർട്ടി ആയിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നുകൊണ്ടുള്ള സാവധാനമായ മാറ്റങ്ങൾക്കായിരുന്നു അത് പ്രാധാന്യം നൽകിയത്. അതിനപ്പുറം സമൂഹത്തിൽ നിലനിന്നിരുന്ന തൊഴിലാളി/കർഷക പ്രക്ഷോഭങ്ങളെ ഒന്നും ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായി കോൺഗ്രസ് ചേർത്തിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയ പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടും സമൂലമാറ്റത്തിന്റെയല്ല, വിപ്ലവത്തിൻറെയല്ല, മറിച്ച് പിന്തുടർച്ചയുടെയും സ്വാഭാവികമായ ജനാധിപത്യ പരിണാമത്തിന്റെയും ആണ്. പല ഘട്ടങ്ങളിലും ഇന്ത്യൻ സുപ്രീംകോടതിയും ഈ കാഴ്ചപ്പാടിനെ അംഗീകരിച്ചിട്ടുണ്ട്. ചില നാട്ടുരാജ്യങ്ങളിൽ, ആദിവാസികൾക്ക് പരമ്പരാഗതമായി ലഭ്യമായിരുന്ന വനാവകാശത്തെ നിഷേധിച്ചുകൊണ്ട്, 1964-ൽ ഏഴംഗ സുപ്രീംകോടതി ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഇത്തരത്തിൽ കൊളോണിയൽ ഭൂതകാലത്തിന്റെ അവശേഷിപ്പുകളെ അംഗീകരിക്കുന്നതായിരുന്നു. ഭരണഘടന നിർമാണ സഭയുടെ ഉപദേശകനായിരുന്ന ബി എൻ റാവുവിനെ പോലെയുള്ള നിയമ വൈജ്ഞാനികരിൽ പലരും ഈ പ്രത്യയശാസ്ത്ര ബോധം പിൻപറ്റുന്നവരായിരുന്നു. ‘Indian Constitution in the making’ എന്ന പ്രസിദ്ധമായ പുസ്തകത്തിൽ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഒരു അധികാര കൈമാറ്റമായാണ് ചിത്രീകരിക്കുന്നത്. എന്നാൽ ഇന്ത്യൻ ഭരണഘടന നിർമ്മിതിയുടെ ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ ഈ കാഴ്ചപ്പാട് തെറ്റാണെന്നും, സമൂഹത്തിൻറെ സർവോന്മുകമാറ്റം ലക്ഷ്യം വയ്ക്കുന്ന ദാർശനിക കാഴ്ചപ്പാടാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നതെന്നും കാണാൻ കഴിയും.
വിപ്ലവത്തിലേക്കുള്ള നിശബ്ദവീഥി
സാമൂഹിക മുന്നേറ്റങ്ങളോടും അടിസ്ഥാനവർഗ്ഗത്തിന്റെ പ്രശ്നങ്ങളോടും മുഖം തിരിച്ചു നിൽക്കുന്ന സമീപനം കോൺഗ്രസിന് ഉണ്ടായിരുന്നെങ്കിലും, ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ ചരിത്രം അങ്ങനെയായിരുന്നില്ല എന്നു കാണാം. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പഠിക്കുമ്പോൾ, പാഠപുസ്തകങ്ങൾ നമ്മളോട് ഒരുപാടൊന്നും പറയാതെപോയ ഒരേടാണ് ഭരണഘടനാനിർമാണചരിത്രം. ലോകത്ത് മറ്റേതൊരു രാജ്യത്തിലേതിൽ നിന്നും തികച്ചും വ്യത്യസ്തവും സങ്കീർണവുമായ നടപടിക്രമങ്ങളും സാമൂഹ്യ സാഹചര്യങ്ങളും ജന്മം നൽകിയ ഒരു പ്രക്രിയ. കോൻസ്റ്റിറ്റുവന്റ് അസംബ്ലി പ്രകടമാക്കിയ ഉത്തരവാദിത്തവും മഹോന്നതമായ ലക്ഷ്യബോധവും ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു.
വിഭജനം കൂടി നടന്നതോടെ അസംബ്ലിയിലെ 82 ശതമാനവും കൊണ്ഗ്രസ്സുകാർ ആയിരുന്നു. ഫലത്തിൽ രാജ്യത്തും സഭയിലും ഒരേയൊരു പാർട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. സമാനമായ സാഹചര്യങ്ങൾ ഉണ്ടായിരുന്ന മറ്റു രാജ്യങ്ങളിലെ അനുഭവം വച്ചു നോക്കിയാൽ, എല്ലാ വിയോജിപ്പുകളെയും ബുൾഡോസ് ചെയ്ത്, എല്ലാ തീരുമാനങ്ങളും ഏതാനും ചില രാഷ്ട്രീയ നേതാക്കന്മാരുടേത് മാത്രമായി മാറാമായിരുന്നു. പക്ഷേ ഇന്ത്യയിൽ അതു സംഭവിച്ചില്ല. അസാധാരണമായ ജനാധിപത്യബോധവും അസാമാന്യമായ ദീർഘവീക്ഷണവും പ്രകടിപ്പിച്ചു രാഷ്ട്രശില്പികൾ. നെഹ്റു, പട്ടേൽ രാജേന്ദ്രപ്രസാദ്, ആസാദ്… എല്ലാവരും കറകളഞ്ഞ ജനാധിപത്യവാദികളായിരുന്നു. എല്ലാ വിഭാഗങ്ങളുടെയും, എല്ലാ വീക്ഷണ കോണുകളുടെയും പ്രാധിനിത്യം ഭരണഘടനാ നിർമ്മാണ സഭയിൽ അവർ ഉറപ്പുവരുത്തി. സാധാരണഗതിയിൽ അതാത് പ്രാദേശിക കോൺഗ്രസ് കമ്മിറ്റികൾ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾക്ക് പുറമെ, ഓരോ പ്രവിശ്യയിൽ നിന്നും സഭയിൽ എത്തേണ്ട ആളുകളുടെ ഒരു പട്ടിക കോൺഗ്രസിനെ നേതൃത്വം നൽകിയിരുന്നു. കോൺഗ്രസുകാരല്ലാത്ത, എന്നാൽ നിശ്ചയമായും ഈ സഭയിൽ എത്തുകയും, അഭിപ്രായം രേഖപ്പെടുത്തുകയും, ഭരണഘടന നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാവുകയും, ചെയ്യേണ്ട ആളുകളുടെ പട്ടിക.
സഭയിൽ നടന്ന സംവാദങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആഴവും വ്യാപ്തിയും ഉള്ളതായിരുന്നു. അംബേദ്കർ പറഞ്ഞതുപോലെ എതിരാളികളുടെ മുൻവിധികളോട് പോലും പൊരുത്തപ്പെടുകയും അഭിപ്രായ ഐക്യം ഉണ്ടാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത എല്ലാവർക്കും അറിയാമായിരുന്നു. അസംബ്ലിയിൽ ഉണ്ടായിരുന്ന മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് വോട്ടെടുപ്പിലൂടെ ഭരണഘടനയുടെ ഓരോ വകുപ്പുകളും ഭാഗങ്ങളും പാസാക്കിയെടുക്കാൻ അല്ല അവർ ശ്രമിച്ചത് അത്യഅപൂർവ്വം ചില ഘട്ടങ്ങളിൽ ഒഴികെ, എല്ലാ തീരുമാനങ്ങളും അഭിപ്രായ സമന്വയത്തിലൂടെ ഐകകണ്ഠേന സ്വീകരിക്കുകയായിരുന്നു.
രാജ്യത്തെ എല്ലാ സാമൂഹിക മുന്നേറ്റ ധാരകളുടെയും അഭിപ്രായങ്ങൾ ഭരണഘടന നിർമ്മാണ സഭയിൽ ഇടം നേടി. അങ്ങനെ, ഭരണഘടനാ നിർമ്മാണ ചരിത്രം ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാരിലേക്കുള്ള കേവല അധികാര കൈമാറ്റത്തിൻറേതു മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്ത് തുടർന്നു പോകുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ പിന്തുടർച്ച കൂടിയായി മാറി. ഭരണഘടനയുടെ നല്ലൊരു ഭാഗവും ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിൽ നിന്നും കടംകൊണ്ടതാണെന്ന് പറയുമ്പോഴും, അത് ഭരണ നിർവഹണ സംവിധാനത്തിലെ വിശദാംശങ്ങൾ മാത്രമാണ് എന്ന് അംബേദ്കർ വിശദീകരിക്കുന്നുണ്ട്.
ഒരു ബ്രിട്ടീഷ് ആക്ടിന് കീഴിൽ രൂപം കൊണ്ടതാണെങ്കിലും, നമ്മുടെ ഭരണഘടനാ നിർമ്മാണ സഭ ആദ്യം കൈക്കൊണ്ട തീരുമാനങ്ങളിൽ ഒന്ന് വൈദേശിക ശക്തികളോടുള്ള വിധേയത്വത്തിൽ നിന്നുള്ള വിമോചനമായിരുന്നു. ഭരണഘടനയിൽ ബ്രിട്ടീഷ് രാജകുടുംബത്തോടോ ബ്രിട്ടീഷ് നിയമത്തോടോ ബന്ധപ്പെട്ട യാതൊരു പരികല്പനകളും ഉണ്ടാകേണ്ടതില്ല എന്നായിരുന്നു തീരുമാനം. പരമാധികാരവും ജനപങ്കാളിത്തവും ആയിരുന്നു ഭരണഘടന നിർമ്മാണ പ്രക്രിയയുടെ അടിസ്ഥാനം. രണ്ടുവർഷവും 11 മാസവും 18 ദിവസങ്ങളും നീണ്ടുനിന്ന സുദീർഘമായ കുടിയാലോചനകളിലൂടെയാണ് ഭരണഘടനയ്ക്ക് അന്തിമ രൂപം കൈവരുന്നത്. അവിടെയെല്ലാം കഴിഞ്ഞ കാലഘട്ടങ്ങളിലെ അനീതികളുടെ പാരമ്പര്യം ചർച്ചയാവുകയും അതിൽനിന്നുള്ള ഒരു വിമോചന രേഖയായി ഭരണഘടനയെ മാറ്റണമെന്ന കാര്യത്തിൽ ഏക അഭിപ്രായം ഉയർന്നു വരികയും ചെയ്തു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ഉദ്ദേശ്യ പ്രമേയം മുതൽ അത് വളരെ വ്യക്തമായിരുന്നു. ഉദ്ദേശ്യപ്രമേയ അവതരണ വേളയിൽ സഭാധ്യക്ഷനായിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദ്, നമ്മുടെ സ്വാതന്ത്ര്യം കേവലം വൈദേശിക ആധിപത്യത്തിൽ നിന്നുള്ള വിമോചനം അല്ല എന്നും സമൂഹത്തിലെ അറുത്തുമാറ്റേണ്ടതായ ചില മാമൂലകളെ നമ്മൾ നീക്കം ചെയ്യേണ്ടതുണ്ട് എന്നുംവ്യക്തമാക്കുന്നുണ്ട്. അങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ പ്രജകളിൽ നിന്നും പൗരന്മാരായി ഉയർത്തുന്നതിനുള്ള ഒരു സമഗ്ര പദ്ധതിയായി ഭരണഘടന മാറുന്നത്. അതിന് മറ്റ് ആധുനിക ജനാധിപത്യ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കേണ്ടത് ഉണ്ട് എന്ന് ഭരണഘടന ശില്പികൾക്ക് അറിയാമായിരുന്നു. ഇന്ത്യയിലെ സാമൂഹിക യാഥാർത്ഥ്യം അവർ കൃത്യമായി മനസ്സിലാക്കിയിരുന്നു.
മറ്റിടങ്ങളിൽ ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗത്തിൽ നിന്നാണ് ജനങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടിയിരുന്നത്. അമേരിക്കൻ ഭരണഘടനാ പദ്ധതിയിൽ ഒക്കെ പൗരന്റെ അവകാശങ്ങളിലേക്ക് ഭരണകൂടം കൈകടത്താതെ ഇരിക്കുന്നതിനുള്ള സംരക്ഷണമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. സ്റ്റേറ്റിനെതിരെയുള്ള അവകാശങ്ങളായിട്ടാണ് മൗലീക അവകാശങ്ങളെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ്. ഭരണകൂടത്തിനെതിരായ അവകാശങ്ങൾ എന്നതിലുപരിയായി, തിരശ്ചീനമായ അവകാശ സംരക്ഷണ പദ്ധതി കൂടി ഭരണഘടന മുന്നിൽ കാണുന്നു. ഭരണകൂടവും പൗരനും തമ്മിലുള്ള സംഘർഷം മാത്രമല്ല; പൗരനും സമൂഹവും, പൗരനും സ്വകാര്യ വ്യക്തികളും, പൗരനും വ്യവസ്ഥിതിയും, തമ്മിലുള്ള സംഘർഷം കൂടി ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കേണ്ടതുണ്ട് എന്നതായിരുന്നു കാഴ്ചപ്പാട്.
തികച്ചും ജനാധിപത്യ വിരുദ്ധമായ ഇന്ത്യൻ സാമൂഹ്യ സാംസ്കാരിക ചരിത്ര പശ്ചാത്തലം കണക്കിലെടുത്തായിരുന്നു ഇത്. സമൂഹത്തിൽ നിലനിന്നിരുന്ന ശ്രേണീകൃത അസമത്വം, 1947ൽ ലഭിച്ച രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അപ്രസക്തമാക്കാൻ കെൽപ്പുള്ളതായിരുന്നു. ഭരണഘടനാ നിർമ്മാണ സഭയിൽ അംബേദ്കർ വ്യക്തമാക്കിയത് പോലെ, രാഷ്ട്രീയ സമത്വവും സാമൂഹിക അസമത്വവും തമ്മിലുള്ള ഈ വൈരുദ്ധ്യം അഭിസംബോധന ചെയ്യാതെ രാജ്യത്തിന് നിലനിൽക്കുവാൻ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണനയും, അസ്പർശിതക്കെതിരായ അവകാശവും, സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള പ്രത്യേക അവകാശങ്ങളും, ഭരണഘടനയുടെ തുല്യതാ സങ്കല്പത്തിന്റെ ഭാഗമായി തീർന്നത്. അവ ഓരോന്നും മൗലിക അവകാശങ്ങളുടെ പട്ടികയിൽ പ്രത്യേകം പരിഗണിക്കപ്പെട്ടു. കൂടാതെ നിർദ്ദേശക തത്വങ്ങളുടെ ഭാഗമായി തൊഴിലാളികളുടെ അവകാശങ്ങളും സാമ്പത്തിക സമത്വത്തിനുള്ള അവകാശങ്ങളും ഭരണകൂടത്തിന്റെ പ്രത്യേക പരിഗണനാർഹമായ വിഷയങ്ങൾ എന്ന രീതിയിൽ ഉൾപ്പെടുത്തി. അങ്ങനെയാണ് ഭരണഘടന രാജ്യത്തെ ആഭ്യന്തര വൈരുദ്ധ്യത്തെ പരിഹരിക്കാൻ ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ, രാജ്യത്തെ ചൂഷിത വിഭാഗങ്ങളുടെ അതൃപ്തി നീറിപ്പുകഞ്ഞ്, അത് നാം വളരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഈ സ്വതന്ത്ര പരമാധികാര സങ്കല്പത്തെ ഇല്ലാതാക്കുക തന്നെ ചെയ്യും എന്ന് അംബേദ്കർ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, ഒരു തുള്ളി ചോര പോലും പൊഴിയാതെ സാമൂഹ്യ നീതി സാധ്യമാക്കുന്നതിനുള്ള ഒരു കർമ്മ പദ്ധതിയായി ആണ് നമ്മുടെ ഭരണഘടന നിർമ്മാണ സഭ ഭരണഘടനയെ കണ്ടത്.
‘The Indian Constitution: Cornerstone of a Nation’ എന്ന പുസ്തകത്തിൽ ഗ്രാൻവിൽ ഓസ്റ്റിൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഭരണഘടന നിലനിൽക്കുന്നത് തന്നെ ഒരു സാമൂഹ്യ വിപ്ലവ രേഖയായിട്ടാണ്. ആധുനികവൽക്കരണത്തിനുള്ള ശക്തിയാണത്. സാമൂഹ്യ വിപ്ലവവും ജനാധിപത്യവും, ഏച്ചുകെട്ടലുകൾ ഇല്ലാതെ ഇഴ ചേർന്നു കിടക്കുന്ന, ഒറ്റവലയുടെ ഭാഗമാകണമായിരുന്നു. ജനാധിപത്യം, പ്രാതിനിധ്യ ഭരണകൂടം, വ്യക്തിസ്വാതന്ത്ര്യം, നിയമത്തിനു മുന്നിലെ തുല്യത, എന്നിവ സമൂഹത്തിൽ വിപ്ലവകരമായിരുന്നു. നിർദ്ദേശക തത്വങ്ങളിൽ ഉൾക്കൊള്ളിച്ചിരുന്ന സാമ്പത്തിക സമത്വ ദർശനവും വിപ്ലവാത്മകം തന്നെ. ജമീന്ദാരി സംവിധാനവും ഭൂമി ബന്ധങ്ങളും മാറ്റിയെഴുതുന്ന അനുഛേദങ്ങളും, വിദ്യാഭ്യാസത്തിലും തൊഴിലിലും ചരിത്രപരമായി പിന്നാക്കം നിന്നിരുന്ന വിഭാഗങ്ങൾക്ക് പരിഗണന നൽകുന്ന, അനുഛേദങ്ങളും അങ്ങനെ തന്നെ.”
ഭരണഘടനയുടെ ഈ വിപ്ലവാത്മക സ്വഭാവത്തിന് ആദ്യ സാക്ഷ്യം അതിൻറെ ആമുഖം തന്നെയാണ്. ഭരണഘടനയുടെയും, ഭരണഘടന നിർമ്മാണ സഭയുടെ ആഗ്രഹാഭിലാഷങ്ങളുടെയും, ആകെത്തുകയാണ് ആമുഖത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.
ഭരണഘടനയുടെ ആമുഖം
“ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനും, അതുപോലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയ പ്രകാശനത്തിനും ഉത്തമവിശ്വാസത്തിനും മതവിശ്വാസത്തിനും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും, സ്ഥിതിസമത്വം അവസരസമത്വം എന്നിവയും, നേടി കൊടുക്കുന്നതിനും, അവർ എല്ലാവർക്കും ഇടയിൽ വ്യക്തികളുടെ അന്തസ്സും രാഷ്ട്രത്തിൻറെ ഐക്യവും അഭിവാദ്യതയും ഉറപ്പു നൽകിക്കൊണ്ട്, സാഹോദര്യം വളർത്തുന്നതിനും, ഇന്ന് 1949 നവംബർ 26ആം തീയതി, ഞങ്ങളുടെ ഭരണഘടന നിർമ്മാണ സഭയിൽ, സഗൗരവം തീരുമാനിച്ചിട്ടുള്ളത് അനുസരിച്ച്, ഇതിനാൽ ഈ ഭരണഘടന അംഗീകരിച്ചു കൊള്ളുകയും, അത് നിയമമാക്കി തീർത്ത്, ഞങ്ങൾ തന്നെ നൽകി കൊള്ളുകയും ചെയ്യുന്നു.”
ഭരണഘടനയുടെ ഈ ആമുഖത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഉദ്ദേശ്യ വ്യക്തത വരുത്തുന്ന ഒരു ഭാഗം, ഭരണഘടനാപരമായ ത്രിത്വങ്ങളെ വിവരിക്കുന്ന വിവരണാത്മക ഭാഗം, ആരാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത് എന്ന് വ്യക്തമാക്കുന്ന പ്രഖ്യാപക ഭാഗം. ഈ മൂന്ന് ഭാഗങ്ങൾക്കും, അതി ഗൗരവതരമായ ചർച്ചകൾക്കും സംവാദങ്ങൾക്ക് ശേഷം ഉണ്ടായ അഭിപ്രായ ഐക്യത്തിലൂടെയാണ് അന്തിമ രൂപം കൈവന്നത്.
ഇന്ത്യയ്ക്ക് ഒരു ‘പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കി’ന്റെ രൂപം നൽകുക എന്നതാണ് ഭരണഘടനയുടെ ഉദ്ദേശ്യം. അവിടെ ‘സ്വതന്ത്ര’ എന്ന് ചേർക്കണോ ‘സ്റ്റേറ്റ് എന്നാണോ യൂണിയൻ എന്നാണോ ഫെഡറേഷൻ എന്നാണോ’ വിശേഷിപ്പിക്കേണ്ടത് എന്നൊക്കെ ചർച്ചകൾ നടന്നിരുന്നു.
‘ഭാരതത്തിലെ ജനങ്ങൾ ആകുന്ന നമ്മൾ’ എന്ന് ആരംഭിക്കുന്ന പ്രഖ്യാപക ഭാഗമാണ് ആരാണ് ഭരണഘടന നിർമ്മിച്ചത് എന്ന് വ്യക്തമാക്കുന്നത്. ഒരു ബ്രിട്ടീഷ് നിയമത്തിനു കീഴിൽ രൂപം കൊണ്ട സ്ഥാപനമായിരുന്നുവെങ്കിലും, ഒരു വൈദേശിക പദ്ധതിയുടെ കീഴിലാണ് ഭരണഘടന നിർമ്മാണപ്രക്രിയ ആരംഭിച്ചത് എങ്കിലും, സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി രൂപം നൽകുന്ന ഭരണഘടനയുടെ അധികാര സ്രോതസ്സ് ഈ വൈദേശിക ശക്തികൾ ആകരുത് എന്ന ഉറച്ച തീരുമാനമാണ് നമ്മുടെ ഭരണഘടന നിർമ്മാണ സഭ കൈക്കൊണ്ടത്. ബ്രിട്ടീഷ് ഏകാധിപതിയുടെയോ, വൈദേശിക നിയമത്തിന്റെയോ ഒന്നും പിൻബലത്തിൽ അല്ല ‘ഭാരതത്തിലെ ജനങ്ങൾ ആകുന്ന നമ്മൾ’ എന്ന ഒറ്റ അധികാരത്തിന്മേലാണ് ഈ ഭരണഘടന രൂപീകരിച്ച്, സ്വയം നമ്മൾക്ക് തന്നെ നാം സമർപ്പിച്ചിരിക്കുന്നത്. ഭരണഘടന വ്യാഖ്യാനത്തിലെ യാഥാസ്ഥിതിക വാദത്തെ ഈ കാരണം കൊണ്ട് തന്നെ നമ്മൾ തള്ളിക്കളയേണ്ടതാണ്. നമ്മുടെ ഭരണഘടന ശില്പികൾ ബോധപൂർവ്വം അറുത്തുകളഞ്ഞ കൊളോണിയൽ പാരമ്പര്യം വീണ്ടും പേറി നടക്കേണ്ട ബാധ്യത ‘ഇന്ത്യയിലെ ജനങ്ങളാകുന്ന നമുക്കി’ല്ല.
ആമുഖത്തിന് സംബോധന ഉൾപ്പെടുന്ന ഒരു ഭാഗം കൂടി വേണമെന്ന് ആവശ്യം ഭരണഘടന നിർമാണ സഭയിൽ ഉയർന്നുവന്നിരുന്നു. മറ്റു പല രാജ്യങ്ങളുടെയും ഭരണഘടനയിൽ ഉള്ളതുപോലെ “ദൈവ നാമത്തിൽ” എന്നോ മറ്റോ ആരംഭിക്കുന്ന സംബോധന വേണമെന്നായിരുന്നു ആവശ്യം. ദൈവനാമത്തിൽ, പരമേശ്വരന്റെ നാമത്തിൽ, പ്രപഞ്ചനാഥന്റെ നാമത്തിൽ, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നാമത്തിൽ, എന്നൊക്കെ സംബോധനകൾ ആവാം എന്ന് നിർദ്ദേശങ്ങൾ വന്നു. എന്നാൽ അതെല്ലാം ഭരണഘടന നിർമ്മാണ സഭ തള്ളിക്കളഞ്ഞു. ഒരു മതത്തിന്റെയും ദൈവത്തിന്റെയും വ്യക്തിയുടെയും നാമത്തിൽ അല്ല, ഇന്ത്യയിലെ ജനങ്ങളാകുന്ന നമ്മുടെ എല്ലാവരുടെയും നാമത്തിലാണ് ഈ ഭരണഘടന ഉണ്ടാകേണ്ടത് എന്നും, അതിന് പ്രത്യേകിച്ചൊരു സംബോധനയുടെ ആവശ്യമില്ല എന്നും തീരുമാനമെടുത്തു.
മതാത്മകവും ചൂഷണാത്മകവും ആയ ചരിത്ര പാരമ്പര്യത്തിൽ നിന്നുള്ള കുതറി മാറൽ ആയിരുന്നു ഈ രണ്ടു തീരുമാനങ്ങൾ. ഇന്ത്യയുടെ ഭരണഘടന, പോയ കാലത്തിൻറെ ഭാരവുമായല്ല, വരാനിരിക്കുന്ന കാലഘട്ടത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങൾക്കായുള്ള വഴിവിളക്കുമായാണ് രാജ്യത്തെ നയിക്കേണ്ടത് എന്നതായിരുന്നു സമന്വയാഭിപ്രായം. ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങൾ വിവരിക്കപ്പെടുന്ന ആമുഖത്തിന്റെ വിവരണാത്മക ഭാഗവും ഈ ചിന്താഗതിയുടെ പിന്തുടർച്ചയായാണ് രൂപം കൊണ്ടത്. അമൂർത്തമായ നീതി സങ്കല്പങ്ങൾക്ക് അപ്പുറം, ആ വാക്കുകളുടെ അർത്ഥം കൃത്യമായി പ്രതിഫലിക്കുന്നതാവണം നമ്മുടെ ഭരണഘടന എന്ന അംബേദ്കറുടെ ആശയത്തോട് നീതിപുലർത്തുന്നതാണ് ആമുഖത്തിന്റെ ബാക്കി ഭാഗം.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന ത്രിത്വമാണ്. കടുത്ത അനീതിയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം നിലനിന്നിരുന്ന, ജനാധിപത്യ വിരുദ്ധമായ, ഇന്ത്യൻ മണ്ണിലേക്ക് ആധുനിക ജ്ഞാനോദയ മൂല്യങ്ങളുടെ വിത്തു വിതറാനുള്ള, ചരിത്രത്തിൽ സമാനതകളില്ലാത്ത പരിശ്രമം ആയിരുന്നു ഇന്ത്യൻ ഭരണഘടന നിർമിതി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണം. സാർവത്രിക വോട്ടവകാശവും വോട്ടുകൾക്ക് തുല്യ മൂല്യവും കൽപ്പിച്ചതിലൂടെ രാഷ്ട്രീയ സമത്വം നടപ്പിലാക്കിയതിനു ശേഷവും, സമൂഹത്തിൽ നിലനിൽക്കുന്ന നീതിരഹിതമായ അധികാര വ്യവസ്ഥിതിയെ അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൂടി മുന്നിൽ കണ്ടുകൊണ്ട്, ജ്ഞാനോദയ മൂല്യങ്ങളെ യാന്ത്രികമായി അവതരിപ്പിക്കുന്നതിനുപരിയായി, ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കും വിധമാണ്, ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഷ ക്രമീകരിച്ചിരിക്കുന്നത്. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നിവ മാത്രമല്ല, ‘നീതി, അന്തസ്സ്, വ്യക്തി, രാഷ്ട്രം’ എന്നീ വാക്കുകളുടെ വിന്യാസം കൂടി നമ്മൾ പരിശോധിക്കണം
സാഹോദര്യം, അന്തസ്സ്, വ്യക്തി, രാഷ്ട്രം
ലംബവും തിരശ്ചീനവുമായ അവകാശങ്ങളെ നിർവചിക്കുന്നതിലൂടെ, എങ്ങനെയാണ് സമൂഹത്തിലെ ശ്രേണീകൃത അസമത്വത്തെയും ഭരണകൂടേതര അധികാര വ്യവസ്ഥയെയും അഭിസംബോധന ചെയ്യുവാൻ ഭരണഘടന ശ്രമിച്ചിട്ടുള്ളത് എന്ന്, ഇതിനോടകം വിവരിച്ചു കഴിഞ്ഞു. ഇനി നമുക്ക് സാഹോദര്യത്തോടൊപ്പം ചേർന്നുവരുന്ന ‘അന്തസ്സ്, വ്യക്തി, രാഷ്ട്രം’ എന്നീ വാക്കുകളെ കൂടി പരിശോധിക്കേണ്ടതുണ്ട്. കാരണം ഭരണഘടന ഉപദേഷ്ടാവായിരുന്ന ബി എൻ റാവു തയ്യാറാക്കിയ, മൂന്നു വരിയിൽ ഒതുങ്ങുന്ന, കരട് ആമുഖത്തിൽനിന്ന്, ഇന്ന് കാണുന്ന ആമുഖത്തിലേക്ക് ഭരണഘടന നിർമ്മാണ സഭ എത്തിച്ചേർന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.
സാഹോദര്യം എന്ന വാക്ക് കരട് ആമുഖത്തിൽ ഉണ്ടായിരുന്നില്ല. 1946-ലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ വിദഗ്ധ സമിതിയുടെ പ്രഖ്യാപനത്തിലും അതില്ല. 1947 ജനുവരി 22-ന് ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ഉദ്ദേശ്യപ്രമേയത്തിലും ഈ വാക്കില്ല. Ambedkar’s Preamble a Secret History of the Constitution of India എന്ന പുസ്തകത്തിൽ, ആകാശ് സിംഗ് റാത്തോഡ്, പറയുന്നു, ഇത് അംബേദ്കർ സ്വയം കൂട്ടിച്ചേർത്ത വാക്കാണെന്ന്. നിരവധി നിശിത വിമർശനങ്ങൾ ഉയർന്ന ഭരണഘടന നിർമ്മാണ സഭയിൽ, ഈ വാക്കിൻറെ പേരിൽ അംബേദ്കർക്ക് അഭിനന്ദനങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. കേവലം ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യത്തിൽ നിന്ന് കടംകൊണ്ട ആശയമല്ല, സമ്പന്നമായ ബൗദ്ധ പാരമ്പര്യത്തിന്റെ ‘മൈത്രി സങ്കൽപ്പ’ത്തിന്റെ പിന്തുടർച്ചയാണ് ഭരണഘടനയിലെ സാഹോദര്യം എന്ന വാക്ക് എന്ന് അംബേദ്കർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയേറെ വൈവിധ്യമാർന്ന, അസമത്വം നിറഞ്ഞ, ഇന്ത്യയ്ക്ക് ഒരു രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ, സാഹോദര്യം അനുപേക്ഷണീയമാണ്. സാമൂഹിക സുസ്ഥിരത സാധ്യമാക്കുന്ന സാഹോദര്യം പുലരുവാൻ ഏറ്റവും അത്യാവശ്യമായ ഘടകം, അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യരുടെ അവകാശമാണ് എന്ന്, സ്വന്തം ജീവിത അനുഭവങ്ങളിൽ നിന്ന് തന്നെ അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. അന്തസ് എന്ന പദവും ഭരണഘടനയുടെ ഭാഗമാകുന്നത് അങ്ങനെയാണ്. അതിനും പൂർവ്വ മാതൃകകൾ ഇല്ല.
“വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻറെ ഐക്യവും” ഉറപ്പു നൽകുന്ന സാഹോദര്യത്തെ കുറിച്ചാണ് ആമുഖം പറയുന്നത്. അവിടെ ‘രാജ്യത്തിൻറെ ഐക്യം’ ആണ് ആദ്യം വരേണ്ടത് എന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ അംബേദ്കർ ഉൾപ്പെടെ വലിയൊരു വിഭാഗം അതിനെ എതിർത്തു. “വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്താതെ രാജ്യത്ത് ഐക്യം സാധ്യമാവുകയില്ല” എന്നാണ് ഭരണഘടന ഉപദേശകൻ ബി എൻ റാവു അഭിപ്രായപ്പെട്ടത്. അതൊരു വലിയ രാഷ്ട്രീയ പ്രസ്താവനയാണ്. രാഷ്ട്രത്തെയോ, വംശത്തെയോ, വിഭാഗത്തെയോ, വ്യവസ്ഥയെയോ, ഒക്കെ അന്തസ്സിന്റെ സ്രോതസ്സായി കണക്കാക്കുന്ന എല്ലാ വലതുപക്ഷ പിന്തിരിപ്പൻ ദർശനങ്ങളുടെയും നിരാസമായിരുന്നു അത്. എല്ലാതരത്തിലുള്ള ഏകാധിപത്യ രാഷ്ട്രീയ ദർശനങ്ങളെയും അത് നിരാകരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടകം വ്യക്തിയാണ് എന്ന് അംബേദ്കർ അർദ്ധശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത് അതുകൊണ്ടാണ്. വ്യക്തിയുടെ അവകാശങ്ങളിൽ അധിഷ്ഠിതമാണ് നമ്മുടെ ഭരണഘടനാ പദ്ധതി. വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ ഇല്ലെന്നല്ല, വൈയക്തികമായ അവകാശങ്ങളുടെ വിപുലീകരണത്തിന് വഴി വഴിവയ്ക്കുമെങ്കിൽ മാത്രമാണ് വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ പ്രസക്തമാകുന്നത്. നമ്മുടെ ഭരണഘടനയുടെ ആമുഖം അഭിസംബോധന ചെയ്യുന്നത് ജനവിഭാഗങ്ങളെയോ, ദേശീയതകളെയോ, സമുദായങ്ങളെയോ, മതങ്ങളെയോ അല്ല, എല്ലാ പൗരരെയും ആണ്.
ഇവിടെയാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ദേശരാഷ്ട്ര സങ്കല്പം പ്രസക്തമാകുന്നത്. ജാതി-മത-വർണ്ണ-ഭാഷ-വംശ-ഭേദങ്ങൾക്ക് അതീതമായി എല്ലാ മനുഷ്യരെയും, അവർ ജീവിക്കുന്ന മണ്ണിനെയും ഉൾക്കൊള്ളുന്നതാണ് നമ്മുടെ രാഷ്ട്രശില്പികൾ മുന്നോട്ടുവച്ച രാഷ്ട്ര സങ്കല്പം. മനുഷ്യനിർമ്മിതമായ അതിരുകൾ അല്ല മനുഷ്യരാണ് രാഷ്ട്രത്തെ നിർവചിക്കുന്നത് എന്ന് അവർ വിശ്വസിച്ചു. മനുഷ്യർക്കുമേൽ രാഷ്ട്രത്തിന് പ്രാധാന്യം നൽകുന്ന ദേശരാഷ്ട്ര സങ്കല്പത്തെ നിഷേധിച്ചവരായിരുന്നു അംബേദ്കറും നെഹ്റുവും ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾ. സാംസ്കാരികവും മതപരവുമായ കള്ളികളിലേക്കോ, അനീതിപൂർവ്വമായ ചരിത്ര പാരമ്പര്യത്തിന്റെ വികല പശ്ചാത്തലത്തിലേക്കോ, രാഷ്ട്ര സങ്കൽപ്പത്തെ ഒതുക്കുവാൻ അവർ അനുവദിച്ചില്ല. പ്രാകൃതമായ മൂല്യബോധങ്ങളെ കൈവിട്ട് തികച്ചും ആധുനികമായ ജനാധിപത്യ മൂല്യങ്ങളെ പിന്തുടരുവാൻ ആണ് ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മൾ തീരുമാനിച്ചത്. അതുകൊണ്ടാണ് മതരാഷ്ട്ര വാദികൾ ഈ ഭരണഘടനയെ എതിർത്തത്. ഇത് തികച്ചും വൈദേശികമാണെന്നും, ഇന്ത്യൻ പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതല്ല എന്നും, അംഗീകരിക്കാനാവാണെന്നും, രാഷ്ട്രീയ സ്വയംസേവക സംഘം നിലപാടെടുത്തത്. സവർക്കർ മുന്നോട്ടുവച്ച ഹിന്ദു രാഷ്ട്ര സങ്കൽപത്തെ നമ്മൾ നിരാകരിച്ചു. ഇന്ത്യയെ ഒരു ആധുനിക മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തണമെന്ന് ആഗ്രഹിച്ചു.
“ദേശീയത പ്രാഥമികമായും ഭൂമിശാസ്ത്രമോ, സംസ്കാരവമോ, ഭാഷയോ സംബന്ധിച്ച സംഗതിയല്ല… പൊതുവായൊരു ഭാഷയും വംശവും അതിരുകളും നിർണയിക്കുന്ന ഭൗതിക യാഥാർത്ഥ്യവുമല്ല. മറിച്ച്, ജനങ്ങൾക്കിടയിൽ അഗാധമായ സാഹോദര്യം സൃഷ്ടിക്കുന്ന ആത്മീയ യാഥാർത്ഥ്യമാണ് രാഷ്ട്രം.” എന്നാണ് അംബേദ്കർ വിശദീകരിച്ചത്. ‘മഹത്തായ പാരമ്പര്യത്തിന്റെ’ ഭ്രമാത്മകവിവരണങ്ങളിൽ ഉദയം ചെയ്യുന്ന മിഥ്യാബോധമായല്ല, ഭാവിയിലേക്കുള്ള ഒരു വാഗ്ദാനമായാണ് നമ്മുടെ ഭരണഘടനയിൽ ഇന്ത്യൻ രാഷ്ട്രം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
ഓർമ്മപ്പെടുത്തൽ തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്
ഇത് യഥാർത്ഥത്തിൽ, നമ്മുടെ ഭരണഘടന, ആർഎസ്എസ് ആരോപിക്കുന്നത് പോലെ, ഇന്ത്യൻ പാരമ്പര്യത്തെയോ യാഥാർത്ഥ്യങ്ങളെയോ അവഗണിക്കുന്നതല്ല. ഇന്ത്യൻ സാമൂഹിക ക്രമത്തെ, ചരിത്ര ഘട്ടത്തെ, കൃത്യമായി മനസ്സിലാക്കുന്ന ഒരു നിലപാടാണ് ഭരണഘടനയിൽ അന്തർലീനമായിട്ടുള്ളത്. The Transformtive Constitution എന്ന പുസ്തകത്തിൽ ഗൗതം ഭാട്ടിയ ചൂണ്ടിക്കാണിക്കുന്നതുപോലെ, പല നൂറ്റാണ്ടുകളായി ഇന്ത്യയിൽ തുടർന്നുവന്ന സാമൂഹിക പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച വിമോചന ദർശനത്തിന്റെ തുടർച്ച തന്നെയാണ് ഇത്. ജ്യോതിബാഫൂലെ മുതൽ ബെങ്കിംഗ് ചന്ദ്ര ചതോപാധ്യായ വരെ നിരവധി ആളുകൾ സാമൂഹ്യനീതിയുടെ ആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച് പൊരുതിയ ചരിത്രം നമുക്കുണ്ട്. മോത്തിലാൽ നെഹ്റു മുതൽ സി ആർ ദാസ് വരെ വിവിധ കോൺഗ്രസ് നേതാക്കൾ, അംബേദ്കർ, അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഗാന്ധിജിയുടെ കണിശമായ നിലപാടുകൾ… ഇതിനെയെല്ലാം പ്രതിഫലിപ്പിക്കുന്ന തരത്തിൽ, രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യവുമായി നൂലിഴ ചേർത്ത് വികസിപ്പിക്കാനുള്ള പദ്ധതിയായാണ് ആമുഖവും തുടർന്ന് ഭരണഘടനയും രൂപീകരിക്കപ്പെട്ടത്. ഈ ചരിത്ര യാഥാർഥ്യത്തെ മനസ്സിലാക്കാനും, ഉൾക്കൊള്ളുവാനും, പ്രചരിപ്പിക്കുവാനുമുള്ള അവസരമായി നമ്മൾ ഭരണഘടനാദിനത്തെ കാണണം. അതിന് ഘടകവിരുദ്ധമായ ആശയധാരയുടെ വക്താക്കൾ ഈ ദിവസത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം.
അവർ രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ മനുഷ്യരെ കുറിച്ച് പറയണം. അവർ കടമകളെക്കുറിച്ച് പറയുമ്പോൾ നമ്മൾ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തണം. അവർ മനുസ്മൃതിയെ ഭരണഘടനയുടെ ആദ്യരൂപമായി മഹത്വവൽക്കരിക്കുമ്പോൾ, നമ്മൾ പ്രബുദ്ധമായ ബൗദ്ധ സംസ്കൃതിയിലെ ജനാധിപത്യ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കണം. ചരിത്രം തിരുത്തി എഴുതുന്നവർക്ക് ഗവൺമെൻറ് സഹായം നൽകും എന്ന് പ്രസ്താവനകൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ, ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നത് തന്നെ രാഷ്ട്രീയ പ്രവർത്തനമാണ്
This was published in TrueCopyThink on 26/11/2023