തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ വരെ; കൊറോണയുടെ മറവില്‍ തൊഴിലവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എന്‍.ആര്‍. നാരായണമൂര്‍ത്തി കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തൊഴില്‍ സമയം ആഴ്ചയില്‍ 60 മണിക്കൂറുകളായി അടുത്ത മൂന്നു വര്‍ഷത്തേക്ക് എങ്കിലും ക്രമപ്പെടുത്തേണ്ടതുണ്ട് എന്ന് പ്രസ്താവിച്ചിരിക്കുന്നു. 1886-ല്‍ ഇതുപോലൊരു മെയ് ഒന്നിനാണ് അമേരിക്കയില്‍ മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തി സമയം ദിവസത്തില്‍ എട്ടുമണിക്കൂര്‍ ആയിരിക്കണം എന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. 1884-ല്‍ ഷിക്കാഗോയില്‍ ചേര്‍ന്ന ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡേഴ്‌സ് ആന്‍ഡ് ലേബര്‍ യൂണിയന്‍സ് സമ്മേളനത്തില്‍ എടുത്ത തീരുമാനപ്രകാരം ആയിരുന്നു സമരം.

സമരത്തിന്റെ പ്രഭവകേന്ദ്രം ആയിരുന്ന ചിക്കാഗോയില്‍ മാത്രം ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. അതിഭീകരമായ രീതിയിലാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത് വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അടുത്തദിവസം അതിനെതിരെ പ്രതിഷേധിച്ച ആളുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് ആരോ ബോംബ് എറിയുകയും എട്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ 8 തൊഴിലാളികളും കൊലചെയ്യപ്പെട്ടു.

പക്ഷേ, ഇത് പൊലീസിന്റെ ഏജന്റുമാര്‍ നുഴഞ്ഞുകയറി നടത്തിയ ഒരു അക്രമ പ്രവര്‍ത്തനമാണ് എന്നാണ് തൊഴിലാളി നേതാക്കള്‍ പറഞ്ഞത്. പിന്നീടുള്ള ചരിത്രം ഇക്കാര്യം ശരി വയ്ക്കുന്നതും ആയിരുന്നു. ഇതേതുടര്‍ന്ന് എട്ടു തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്തു. അതില്‍ നാലു പേരെ തൂക്കിക്കൊന്നു, ഒരാള്‍ ആത്മഹത്യ ചെയ്തു, ബാക്കി മൂന്നു പേരെ ആറു വര്‍ഷം കഠിനതടവ് കിടന്നതിന് ശേഷം മോചിപ്പിച്ചു. ഇല്ലിനോയിസ് ഗവര്‍ണര്‍ ആണ് അവര്‍ക്ക് മാപ്പ് നല്‍കിയത്. അവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റവും അത് തെളിയിക്കാന്‍ ഹാജരാക്കിയ തെളിവുകളുമെല്ലാം വ്യാജമായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അവരെ മോചിപ്പിച്ചത്.

അങ്ങനെ ഒരുപാട് കാലത്തെ പോരാട്ടങ്ങള്‍ക്കും ഒരുപാട് മനുഷ്യരുടെ ത്യാഗങ്ങള്‍ക്കും ശേഷമാണ് ‘എട്ടുമണിക്കൂര്‍ ജോലിസമയം’ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടത്. 1919-ല്‍ സ്‌പെയിനിലായിരുന്നു സാര്‍വ്വത്രികമായി 8 മണിക്കൂര്‍ തൊഴില്‍ സമയം എന്നകാര്യം നിയമപരമായി ആദ്യമായി അംഗീകരിച്ചത്. ഇന്ത്യയിലാകട്ടെ 1946-ല്‍ അംബേദ്കര്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ലേബര്‍ മിനിസ്റ്റര്‍ ആയിരിക്കുന്ന സമയത്താണ് 1934ലെ ഫാക്ടറീസ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് തൊഴില്‍ സമയം എട്ടു മണിക്കൂറായി ക്രമീകരിച്ചത്. അങ്ങനെ പതിറ്റാണ്ടുകളുടെ സമരത്തിലൂടെ നേടിയെടുത്ത ഈ അവകാശമാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കവര്‍ന്നെടുക്കാന്‍ ഉള്ള നീക്കങ്ങള്‍ പലഭാഗത്തുനിന്നും നടക്കുന്നത്.

വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനോടകം തന്നെ തൊഴില്‍ നിയമങ്ങളില്‍ ഓര്‍ഡിനന്‍സുകളിലൂടെ ഭേദഗതി വരുത്തിക്കൊണ്ട് 8 മണിക്കൂര്‍ തൊഴില്‍ സമയം എന്ന സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും അടുത്ത മൂന്ന് മാസത്തേക്ക് തൊഴില്‍സമയം ദിവസേന 12 മണിക്കൂര്‍ വരെ, ആഴ്ചയില്‍ 72 മണിക്കൂര്‍ ആക്കുന്നതിനുള്ള വിജ്ഞാപനങ്ങള്‍ വന്നു കഴിഞ്ഞു.

ഗുജറാത്തിലെ കാര്യമാണ് ഏറ്റവും അപകടകരം. അവിടെ 1948ലെ ഫാക്ടറീസ് ആക്ട് 51, 54, 55 വകുപ്പുകള്‍ ഭേദഗതി ചെയ്തു കൊണ്ട് ഒരു ദിവസം 12 മണിക്കൂര്‍ വരെ തൊഴില്‍ സമയം, അങ്ങനെ ആഴ്ചയില്‍ 72 മണിക്കൂറുകള്‍, 6 മണിക്കൂര്‍ കൂടുമ്പോള്‍ 30 മിനിറ്റ് വിശ്രമസമയം എന്ന നിലയ്ക്ക് തൊഴില്‍ സമയം മാറ്റിയെഴുതിയിരിക്കുന്നു. 2020 ഫെബ്രുവരി നാലാം തീയതി മുതല്‍ 2020 ജൂലൈ 19 ആം തീയതി വരെയുള്ള ആ കാലഘട്ടത്തിലാണ് ഈ ഭേദഗതി വരുത്തിയിട്ടുള്ളത്.

പക്ഷേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഭേദഗതിയുടെ ഭാഗമായി തൊഴില്‍ സമയം വര്‍ധിപ്പിക്കുമ്പോള്‍ ഓവര്‍ടൈം വേതനം നല്‍കേണ്ടതില്ല എന്ന കാര്യം കൂടി വിജ്ഞാപനം വ്യക്തമാക്കുന്നു എന്നതാണ്. ഓവര്‍ടൈം ജോലികള്‍ക്ക് നിയമാനുസൃതം സാധാരണഗതിയില്‍ കൈപ്പറ്റുന്ന വേതനത്തിന്റെ ഇരട്ടി നല്‍കണമെന്നാണ് ഫാക്ടറീസ് ആക്ട് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഗുജറാത്തിലെ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയില്‍ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഇത് ഫാക്ടറീസ് നിയമത്തിന്റെ വകുപ്പുകള്‍ക്ക് വിരുദ്ധമാണ് എന്ന് കൂടി നമ്മള്‍ കാണേണ്ടതുണ്ട്.

തൊഴില്‍ നമ്മുടെ ഭരണഘടന പ്രകാരം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന കാര്യമാണ്. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന കാര്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനും നിയമനിര്‍മാണം നടത്താം. കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അവകാശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ട്, പക്ഷേ അത് ഭരണഘടനയുടെ അനുഛേദം 254(2) പ്രകാരം ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരത്തോടെ കൂടിയാവണം.

അത്തരത്തിലുള്ള നടപടിക്രമം ഇവിടെ ഉണ്ടായിട്ടില്ല പകരം സംസ്ഥാനങ്ങള്‍ എല്ലാം ഫാക്ടറീസ് ആക്ടിലെ തന്നെ 65(2) വകുപ്പ് പ്രകാരമാണ് ഈ ഭേദഗതികളെല്ലാം നടത്തിയിട്ടുള്ളത്. അത് സാധാരണ സന്ദര്‍ഭങ്ങളില്‍ ഫാക്ടറിസ് ആക്ടിലെ 5, 52, 54, 56 വകുപ്പുകളില്‍ ഇളവ് നല്‍കുന്നതിന് ഉള്ള അധികാരമാണ്. എന്നാല്‍ വകുപ്പ് 65(3) പ്രകാരം ഈ അധികാരത്തെ പലതരത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ആക്ടില്‍ വളരെ കൃത്യമായി പറയുന്നുണ്ട് ഒരാഴ്ചയില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ 12 മണിക്കൂര്‍ ജോലി സമയം ഏത് അടിയന്തര ഘട്ടത്തിലും നടപ്പിലാക്കുവാന്‍ സാധിക്കുകയില്ലെന്ന്. ഒരു ആഴ്ചയില്‍ പരമാവധി അനുവദിക്കപ്പെട്ടിട്ടുളള പ്രവര്‍ത്തിസമയം 60 മണിക്കൂര്‍ ആണ്. ഈ സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാം വിജ്ഞാപന പ്രകാരം തൊഴില്‍ സമയം 72 മണിക്കൂറുകളായി മാറ്റിയിരിക്കുന്നു.

ഇത് ഇന്ത്യന്‍ നിയമത്തിന്റെ എന്ന് മാത്രമല്ല 1954 സെപ്റ്റംബര്‍ 30ന് ഇന്ത്യ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 29ആം കണ്‍വെന്‍ഷന്റെ കൂടി ലംഘനമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമായ ഒരു നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നമ്മുടെ 50 ഐ.ആര്‍.എസ്. ഉദ്യോഗസ്ഥര്‍ കൂടി FORCE (Fiscal Options & Response to the COVID-19 Epidemic’) എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നു. കൊവിഡാനന്തര പുനര്‍നിര്‍മാണത്തിന് അതി സമ്പന്നര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണം എന്നായിരുന്നു നിര്‍ദ്ദേശം. ഒരു കോടിയ്ക്ക് മുകളില്‍ 40% നികുതി (ഇപ്പോള്‍ 30%), 5 കോടിയ്ക്ക് മേല്‍ വരുമാനം ഉള്ളവര്‍ക്ക് പ്രത്യേക ലെവി എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

സമ്പത്ത് ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തിലേക്ക് മാത്രം കുന്നുകൂടി കിടക്കുന്ന, ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള അന്തരം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു ഇവ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകമെമ്പാടും അനുവര്‍ത്തിച്ച സാമ്പത്തിക നയങ്ങളുടെ ചരിത്രം നോക്കിയാല്‍ ഇതൊരു സ്വാഭാവിക നിര്‍ദ്ദേശം മാത്രമാണ്. 40% വലിയൊരു നികുതി നിരക്കല്ല. ഇന്ത്യയില്‍ അതിസമ്പന്നരായ ഒരു ശതമാനം ആളുകളാണ് മൊത്തം സമ്പത്തിന്റെ 73 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ആകെ ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ച കേവലം ഒരു ശതമാനം മാത്രമാണ്. സ്ഥിതിസമത്വം ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായ രാജ്യത്താണ് ഇതെന്ന് ഓര്‍ക്കണം.

Support DoolNews

  • ₹1001 Month
  • ₹4996 Month
  • ₹9601 Year
  • ₹28503 Years
  • ₹4990Diamond

സോഷ്യലിസം ഭരണഘടനയിലേക്ക് ഇന്ദിരാഗാന്ധി ഒളിച്ചു കടത്തിയ ആശയമൊന്നുമല്ല. അത് നമ്മുടെ ഭരണഘടനയിലുടനീളം അന്തര്‍ലീനമായ ആശയമാണ്. ഭരണഘടനാ നിര്‍മാണ സഭയില്‍, സോഷ്യലിസം എന്ന വാക്ക് ആമുഖത്തിന്റെ ഭാഗമാക്കണം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതിനെ എതിര്‍ത്തെങ്കിലും, ഡോ. അംബേദ്കര്‍ അതിനു പറഞ്ഞ കാരണങ്ങളില്‍ ഒന്ന് പ്രത്യേകിച്ചു ചേര്‍ത്തില്ലെങ്കിലും സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഭരണഘനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണെന്നാണ്.

ക്ഷേമരാഷ്ട്രം, സാമൂഹ്യ-സാമ്പത്തിക നീതി, പദവിയിലും അവസരങ്ങളിലുമുള്ള സമത്വം, ഇതൊക്കെ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന്റെ ഭാഗമാണ് എന്ന് കേശവനന്ദഭാരതി കേസിലും അതിനുശേഷവും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യാ ഗവണ്മെന്റ്‌റ് രാജ്യത്ത് സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതി ഉറപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ഭരണഘടനയുടെ അനുച്ഛേദം 38(1) പറയുന്നു.

വിവിധ വിഭാഗങ്ങളും വ്യക്തികളും തമ്മിലുള്ള വരുമാനത്തിലുള്ള അന്തരവും പദവി, സൗകര്യങ്ങള്‍, അവസരം എന്നിവയിലുള്ള അസമത്വവും ഇല്ലാതാക്കാന്‍ ഗവണ്മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അനുച്ഛേദം 38(2) ല്‍ പ്രതിപാദിച്ചിരിക്കുന്നു. എല്ല പൗരര്‍ക്കും ആവശ്യമായ ജീവനോപാധി ഉറപ്പാക്കുക, പൊതുനന്മക്കുതകുന്ന തരത്തില്‍ വിഭവങ്ങളുടെ നീതീപൂര്‍വകമായ വിതരണം നടത്തുക, സാമ്പത്തിക നയങ്ങള്‍ മൂലം സമ്പത്ത് ഒരു വിഭാഗത്തില്‍ കുമിഞ്ഞു കൂടുന്നില്ല എന്ന് ഉറപ്പുവരുത്തുക, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം, തൊഴിലാളികളുടെ ഉയിരും ആരോഗ്യവും ചൂഷണം ചെയ്യപ്പെടുന്നില്ല എന്നും പ്രായത്തിനപ്പുറമുള്ള ജോലികള്‍ ചെയ്യേണ്ടിവരുന്നില്ല എന്നും ഉറപ്പാക്കുക, കുട്ടികളുടെ ബാല്യവും, സ്വാതന്ത്ര്യവും, അന്തസ്സും സംരക്ഷിക്കുക എന്നീ കാര്യങ്ങളൊക്കെ ഗവന്‍മെന്റിന്റെ കടമയാണെന്ന് അനുച്ഛേദം 39-ഉം വ്യക്തമാക്കുന്നു. ഇതൊക്കെ മറന്നുകൊണ്ടാണ് എത്രയോകാലങ്ങളായി നമ്മുടെ ഗവണ്മെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

സാമൂഹ്യനീതിയുടെയും ശക്തമായ പൊതു ആരോഗ്യ സംവിധാനങ്ങളുടെയും പ്രാധാന്യം എന്തെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണിത്. നവലിബറല്‍ സാമൂഹ്യക്രമം സൃഷ്ടിച്ച സാമൂഹ്യ-സാമ്പത്തിക ദൗര്‍ബല്യങ്ങളിലൂടെയാണ് മാഹാവ്യാധി ലോകമുതലാളിത്തത്തിന്റെ സിരാകേന്ദ്രങ്ങളിലേക്ക് വിനാശകരമാംവിധം പടര്‍ന്നു കയറുന്നത്. ലാഭമില്ലാത്ത യാതൊന്നിനും പണം മുടിക്കേണ്ടതില്ലെന്ന തത്വശാസ്ത്രമാണ് ചൈനയുള്‍പ്പടെയുള്ള കൊറോണയെ നേരിടാന്‍ ലോകരാഷ്ട്രങ്ങളെ ഇത്രമേല്‍ അശക്തമാക്കിയത്.

2005 മുതലെങ്കിലും ഇത്തരമൊരു വൈറല്‍ വ്യാധിയുടെ വ്യാപനത്തിന് സാധ്യതയുണ്ട് എന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനെ നേരിടാനായി ഒന്നും ചെയ്തില്ല. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് പണം കണ്ടെത്തിയില്ല. സാര്‍സ് വ്യാപനത്തെത്തുടര്‍ന്ന് ശാസ്ത്രലോകം മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും നടപ്പിലായില്ല. 2003-ല്‍ വ്യാപനം ഉണ്ടായപ്പോള്‍, പ്രതിരോധ മരുന്നുകള്‍ ഉടന്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്നും അത് പ്രീ-ക്ലിനിക്കല്‍ പരീക്ഷണ ഘട്ടങ്ങളില്‍ മാത്രമാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നോം ചോംസ്‌കി ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുന്നുണ്ട്. വെന്റിലേറ്ററുകളുടെ ക്ഷാമമാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്. അമേരിക്കയില്‍ തന്നെ വിലകുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി ഒരു കമ്പനിയുമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ കോവിദീന്‍ എന്ന കോര്‍പറേറ്റ് ഭീമന്‍ ആ കമ്പനിയെ വാങ്ങി, അതോടുകൂടി വിലകുറഞ്ഞ വെന്റിലേറ്ററുകളുടെ കഥയും കഴിഞ്ഞു. അത് വേണ്ടത്ര ലാഭകരമല്ല എന്ന കാരണം കൊണ്ട് കമ്പനി വിലകുറഞ്ഞ വെന്റിലേറ്ററുകള്‍ ഉപേക്ഷിച്ചു. ട്രമ്പ് അധികാരമേറ്റെടുത്തിനുശേഷം ‘ലാഭകരമല്ല’ എന്നുപറഞ്ഞ് വൈറ്റ് ഹൗസിലെ ‘എപിഡമിക്ക് ഓഫീസ്’ പിരിച്ചു വിടുകയാണുണ്ടായത്. ഇതൊക്കെ ഈ പ്രതിസന്ധിയുടെ ആഴം കൂട്ടി.

ഗവണ്മെന്റുകള്‍ എല്ലാം ആരോഗ്യ/വിദ്യാഭ്യാസ മേഖലകളിലെ ചെലവുകള്‍ വെട്ടിച്ചുരുക്കുകയും മിലിറ്ററി ചെലവുകള്‍ക്കായി ബജറ്റിന്റെ നല്ലൊരു ഭാഗം നീക്കി വെക്കുകയും ചെയ്യുന്ന കാഴ്ചയാണ് കുറെ കാലങ്ങളായി കണ്ടുവരുന്നത്. അതിന്റെ ചെറിയൊരംശമെങ്കിലും ആരോഗ്യമേഖലക്ക് ലഭിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ ഗുരുതരമായ ഒരു അവസ്ഥയിലേക്ക് ലോകം നീങ്ങില്ലായിരുന്നു. ഇന്ത്യയാകട്ടെ ആരോഗ്യമേഖലയ്ക്ക് ഏറ്റവും കുറച്ചു ബജറ്റ് വിഹിതം നീക്കി വയ്ക്കുന്ന രാജ്യങ്ങള്‍ക്കൊപ്പമാണ്.

ദരിദ്രമെന്നു നമ്മള്‍ കരുതുന്ന നമ്മുടെ അയല്‍ രാജ്യങ്ങളേറെയും അക്കാര്യത്തില്‍ നമ്മളെക്കാള്‍ മുന്നിലാണ്. പൊതു ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനു പകരം നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പോലും സ്വക്വര്യവത്കരിക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഊന്നല്‍. ജില്ലാ ആശുപത്രികള്‍ സ്വകാര്യവത്കരിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം തള്ളിക്കൊണ്ട് പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധം ഈ നിലയില്‍ ആകുമായിരുന്നോ? ഇപ്പോഴും ഇന്‍ഷുറന്‍സില്‍ ഊന്നിയ പദ്ധതികള്‍ മുഖേന ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ആരോഗ്യ മേഖലയില്‍ നിന്നും പിന്‍വലിയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. സാര്‍വത്രിക ആരോഗ്യ സംരക്ഷണ മാതൃകകളെ നിരാകരിച്ച്, പൂര്‍ണമായും സ്വകാര്യ/ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കീഴടങ്ങുന്നതിലെ അപകടം കൊവിഡ് കാലത്തെ അമേരിക്കന്‍ അനുഭവമായി ഇന്ന് നമ്മുടെ മുന്നിലുണ്ട്.

ഇവിടെയും ഏറ്റവും ദയനീയമായ ഇരകള്‍ ദരിദ്രരും അടിസ്ഥാന വര്‍ഗ്ഗങ്ങളും ആണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ലോക്ക്ഡൗണും സാമൂഹ്യ അകലവുമൊക്കെ ആഡംബരങ്ങളായി മാത്രം കാണാന്‍ കഴിയുന്ന, ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടിവരുന്ന മനുഷ്യരാണ് ഏറ്റവും വലിയ ദുരിതത്തില്‍. വിശപ്പും രോഗവും അവരെ കൊന്നൊടുക്കുകയാണ്. നഗരങ്ങളിലെ ചേരികളില്‍, ഒരു ആശുപത്രിപോലുമില്ലാത്ത ഗ്രാമങ്ങളില്‍, നടന്നു തീര്‍ക്കുന്ന തെരുവുകളില്‍ അവരുടെ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഉയരുകയാണ്.

കൊവിഡാനന്തര ലോകത്തിലും അവര്‍ ദുരിതമുനമ്പില്‍ തന്നെയായിരിക്കും. കോര്‍പ്പറേറ്റുകളെയും അതിസമ്പന്നരെയും ലാഭക്കുറവില്‍ നിന്നും ശതകോടികളുടെ സ്റ്റിമുലസ് പാക്കേജുകള്‍ വഴി ഗാവണ്മെന്റുകള്‍ സംരക്ഷിക്കും. എന്നാല്‍ പാവങ്ങള്‍ അപ്പോഴും നരകയാതനയില്‍ തന്നെയാവും. ഭരണകൂടം രാജ്യത്തിനുവേണ്ടി അവരോട് ത്യാഗങ്ങള്‍ ചെയ്യുവാന്‍ അവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ 73 ശതമാനം സമ്പത്തും കൈവശപ്പെടുത്തിയിരിക്കുന്ന ആ ഒരു ശതമാനം പേര്‍ക്കുവേണ്ടി ഇത്രനാളും ജീവിതവും സ്വപ്നങ്ങളും എല്ലാം പണയം വെച്ചു പണിയെടുത്തവര്‍ ആണിവര്‍. അവരോടിതാ ആ ഒരു ശതമാനത്തിന്റെ ഒരു പ്രതിനിധി പറയുന്നു അടുത്ത മൂന്നു കൊല്ലത്തേക്ക് നിങ്ങള്‍ ദിവസവും പത്തു മണിക്കൂര്‍ പണിയെടുക്കണം എന്ന്.

കൊറോണക്കാലത്ത് ഒരു മെയ് ദിനം കൂടി വന്നെത്തുമ്പോള്‍, അവകാശനിഷേധങ്ങള്‍ക്കുള്ള മറയായി ദുരന്തങ്ങളെ മാറ്റി തീര്‍ക്കാനുള്ള മുതലാളിത്ത ശക്തികളുടെ കരുനീക്കങ്ങള്‍ക്കെതിരെ നമുക്ക് കരുതിയിരിക്കാം. ദുരിതത്തിനെതിരെ മാത്രമല്ല ദുരിത-മുതലാളിത്തതിനെതിരെയും നമുക്ക് ജാഗ്രതപാലിക്കേണ്ടതുണ്ട്.

This article was published in DoolNews on 02/05/2020

LEAVE A REPLY

Please enter your comment!
Please enter your name here