ഹിജാബ് കേസ്; ഭരണഘടനാ പ്രശ്നങ്ങളും കോടതി നിലപാടും.

ഹിജാബ് കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കുകയാണ് പ്രിയ കോടതി.  ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധംശു ധൂലിയ എന്നിവരുടെ ബെഞ്ചിന് മുന്നിലുള്ളത് കേവലം ഹിജാബ് ധരിക്കാനുള്ള അവകാശം സംബന്ധിച്ച പ്രശ്നം മാത്രമല്ല,  നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൗലിക അവകാശങ്ങളിൽ ചിലതിനെ കുറിച്ചുള്ള സുപ്രധാനമായ ചില ചോദ്യങ്ങളാണ് പരിഗണനാ വിഷയമാകുന്നത്. തികച്ചും വ്യത്യസ്തമായ രണ്ട് വീക്ഷണ കോണുകളിലൂടെയാണ് ഈ കേസ് പുരോഗമിച്ചത്. ഒന്ന്, ഹിജാബ് ഇസ്ലാമിൻറെ അവശ്യമതാചാരം ആണ് എന്ന വാദം. അതുകൊണ്ട് അവരെ ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന വാദം. ഇതനുസരിച്ച് മുസ്ലിം പെൺകുട്ടികൾ നിർബന്ധമായും ധരിക്കേണ്ട വസ്ത്രമാണ് ഹിജാബ്. അത് അവരുടെ ഒരു തെരഞ്ഞെടുപ്പല്ല. രണ്ടാമത്തെ വാദം, ഒരു മനുഷ്യന്, താൻ ധരിക്കുന്ന വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ പറ്റിയാണ്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മനസ്സാക്ഷിക്കുള്ള അവകാശത്തിന്റെയും കൂടുതൽ വിശാലമായ അർത്ഥത്തിൽ സാഹോദര്യം എന്ന ആശയത്തിന്റെയും പശ്ചാത്തലത്തിൽ ആണ് അവർ ഇതിനെ സമീപിക്കുന്നത്. ഇരു വിഭാഗങ്ങളും വിദ്യാർഥികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെങ്കിലും, ആദ്യത്തേത് മുസ്ലിം പെൺകുട്ടികളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ റദ്ദു ചെയ്യുന്നതും, രണ്ടാമത്തേത് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അവരുടെ അവകാശങ്ങളെ,  സ്വാതന്ത്ര്യത്തെ, തെരഞ്ഞെടുക്കാനുള്ള അവകാശത്തെ, വിപുലപ്പെടുത്തുന്നതുമാണ്. ഇതിലേത് വിഭാഗത്തിന്റെ വാദങ്ങളാണ് മുഖ്യമായും പരിഗണിക്കുക എന്നത് ഇന്ത്യൻ സുപ്രീംകോടതിയുടെ നിയമവൈജ്ഞാനിക വികാസ ചരിത്രത്തിൽ സുപ്രധാനമായ ഒരു ഏടായിരിക്കും. 

ഹൈക്കോടതി വിധി

കർണാടക ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത് മതവിശ്വാസത്തിന്റെ  ഭാഗമായ വസ്ത്രധാരണരീതി എന്ന ആദ്യത്തെ വാദം ആണ്. ആ വാദത്തിന് പ്രാമുഖ്യം കൊടുത്ത ഹർജിക്കാർ തന്നെയാണ് ഇത്തരം ഒരു സൗകര്യം കോടതിക്ക് ചെയ്തു കൊടുത്തത് എന്നും പറയാതെ വയ്യ. അങ്ങനെയാണ് ആദ്യം ഇടക്കാല ഉത്തരവിലൂടെയും പിന്നീട് അന്തിമവിധിയിലൂടെയും ഹിജാബ് നിരോധനത്തിന് ഹൈക്കോടതി അംഗീകാരം നൽകിയത്. 

സ്ഥാപിതമായ അനീതികൾക്ക് അംഗീകാരം നൽകലാണ് നീതിന്യായം എന്ന അനറ്റലി ഫ്രാൻസിന്റെ വരികളെ അന്വർത്ഥമാക്കുന്നതായിരുന്നു കർണാടക ഹൈക്കോടതിയുടെ നടപടി. അവകാശങ്ങളെ ഭരണഘടനാപരമായി എങ്ങനെയൊക്കെ പരിമിതപ്പെടുത്താനാവും എന്നത് സംബന്ധിച്ച ഗംഭീര പ്രബന്ധമായി ഈ വിധി മാറി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയിരുന്നത്, അതൊരു മത വസ്ത്രം ആയതുകൊണ്ടായിരുന്നുവെങ്കിൽ, അന്തിമവിധിയിലേക്ക് എത്തുമ്പോൾ ഒരു മതാചാരമല്ല എന്ന കാരണം കൊണ്ട് ഹിജാബ് ധരിക്കാനാവില്ല എന്ന് വരുന്നു! കേസിലെ നിയമസമസ്യകളെ  കൗശലപൂർവ്വം ഫ്രെയിം ചെയ്തു കൊണ്ടാണ് കർണാടക ഹൈക്കോടതി തീരുമാനത്തിലേക്ക് എത്തിയത്. നാലു ചോദ്യങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.

  1. ഹിജാബ്, ഭരണഘടനയുടെ അനുഛേദം 25-ൻറെ സംരക്ഷണം അർഹിക്കുന്ന വിധം ഇസ്ലാമിൻറെ ആവശ്യമതാചാരമാണോ?
  2. സ്കൂൾ യൂണിഫോം നിർബന്ധമാക്കുന്നത് നിയമപരമാണോ? അത് ഭരണഘടനയുടെ അനുഛേദം 19 ( 1 ) [അഭിപ്രായസ്വാതന്ത്ര്യം] അനുഛേദം 21 [സ്വകാര്യത] എന്നിവയുടെ ലംഘനം ആകുന്നുണ്ടോ?

2022 ഫെബ്രുവരി അഞ്ചിൻറെ ഗവൺമെൻറ് ഉത്തരവ് നിയമപരമാണോ? അത് സ്വേച്ഛാപരവും അതുവഴി അനുച്ഛേദം 14, 15 എന്നിവയുടെ ലംഘനവുമാണോ?

  1. ഹർജിയിൽ ആവശ്യപ്പെടുന്ന പ്രകാരം അധികൃതക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ട ആവശ്യമുണ്ടോ?

അവശ്യമതാചാര പരിശോധനയിൽ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. കാരണം വിവിധ വിഭാഗങ്ങൾ ഒരേ മതത്തെയും അതിൻറെ ഗ്രന്ഥങ്ങളെയും വ്യാഖ്യാനിക്കുന്നത് പല രീതിയിലായിരിക്കും. അതിന് അനന്യമായ ഒരു വ്യാഖ്യാനം ചമയ്ക്കുന്നതിനുള്ള വൈദഗ്ധ്യം കോടതികൾക്കില്ല. ഇവിടെ കോടതി കണ്ടെത്തിയത് ഹിജാബ് ഇസ്ലാമിൻറെ അവശ്യ ആചാരങ്ങളിൽ ഒന്നല്ലെന്നാണ്. 

രണ്ടാമത്തെ ചോദ്യമാണ് യഥാർത്ഥത്തിൽ വിധിന്യായത്തിന്റെ ആന്തരിക ചോദനയുടെ ബഹിർസ്ഫുരണമാകുന്നത്. ‘യൂണിഫോം ഏർപ്പെടുത്തുന്നത് നിയമപരമാണോ’ എന്നാണ് ചോദ്യം- അത് ഭരണഘടന അനുവദിക്കുന്ന യുക്തിസഹമായ നിയന്ത്രണങ്ങളുടെ പരിധിയിൽ പെടുമോ എന്ന്. സ്‌കൂളുകളിൽ യൂണിഫോം നിഷ്കർഷിക്കുന്നതിനെ ഇവിടെ ആരും എതിർത്തിട്ടില്ല. യൂണിഫോം അവകാശ ലംഘനമാണ് എന്ന് സമർത്ഥിക്കാനും ശ്രമിച്ചിട്ടില്ല. സത്യമതായിരിക്കെ ഇങ്ങനെയൊരു സാങ്കൽപ്പിക ചോദ്യം ഉന്നയിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് യഥാർത്ഥ നിയമപ്രശ്നത്തെ ഒഴിവാക്കിയെടുക്കാനാണ് എന്നു ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാകില്ല. യഥാർത്ഥത്തിൽ കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്നത് യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് കൂടി അണിയുന്നത് അനുവദനീയമാണോ എന്നായിരുന്നു. ചോദ്യം അതായിരുന്നെങ്കിൽ ഉത്തരവും മറ്റൊന്നായിരിക്കുമെന്ന് തീർച്ച.

വിധിയുടെ 105-ആം പേജ് നോക്കുക: “സ്‌കൂളിൽ വിദ്യാർത്ഥികൾക്ക്  വ്യക്തിപരമായി അവർക്കിഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം എന്ന തരത്തിലുള്ള തീവ്രമായ വാദങ്ങൾ ക്യാംപസിനും പുറത്തും അസ്വാരസ്യങ്ങൾ സൃഷ്ടിക്കാവുന്ന അച്ചടക്കരാഹിത്യത്തിലേക്കാവും നയിക്കുക.” വളരെ ശരിയായ നിരീക്ഷണമാണ്.പക്ഷേ അത്തരമൊരു വാദം ഇവിടെ ആരും ഉന്നയിച്ചിട്ടില്ല എന്ന് മാത്രം. ഇല്ലാത്ത വാദങ്ങൾ ഉയർത്തിപ്പിടിച്ച്, അതിനെ ഖണ്ഡിച്ച്, ഈ പ്രശ്നത്തെ സാധൂകരിക്കാൻ ശ്രമിക്കുകയാണ് കോടതി. വിധി തുടർന്ന് വായിക്കുക: “സ്‌കൂളിലെ ഡ്രസ്സ് കോഡ് മൗലികാവകാശവിരുദ്ധമാണ് എന്ന് ആരോപിച്ചുകൊണ്ട് ഒറ്റയടിക്ക് അതെല്ലാം നിരോധിക്കണമെന്ന വാദം വിചിത്രമാണ്.” ഈ വിചിത്ര വാദം കോടതി തന്നെ സങ്കല്പിച്ചെടുത്തതാണെന്നു മാത്രം! 

യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമല്ല എന്ന് കാണിക്കാൻ ഹൈക്കോടതി സ്വീകരിക്കുന്ന മറ്റൊരു മാർഗം ക്ലാസ്സ് മുറി ഒരു ‘നിയന്ത്രിത പൊതു ഇടം’ (Qualified Public Space) ആണെന്ന് സ്ഥാപിക്കുകയാണ്. നിയന്ത്രിത പൊതു ഇടങ്ങളിൽ മൗലിക അവകാശങ്ങൾക്ക് മറ്റുള്ള ഇടങ്ങളിലെ അത്ര  പ്രാമാണിത്തമില്ലത്രേ! എന്താണ് ഈ ‘നിയന്ത്രിത പൊതു ഇടം’ ? കോടതിയ്ക്ക് സംശയമൊന്നുമില്ല: “സ്‌കൂളുകൾ, കോടതികൾ, വാർ-റൂമുകൾ, ഡിഫെൻസ് ക്യാമ്പുകൾ” എന്നിവയൊക്കെ നിയന്ത്രിത പൊതു ഇടമാണെന്നാണ് പറയുന്നത്. യുദ്ധമുറികളും, ക്യാമ്പുകളും സ്‌കൂളുകളും തമ്മിലെന്ത് എന്ന് അത്ഭുതം കൂറുന്നവർക്ക് എന്തുകൊണ്ട് സ്‌കൂളുകളിൽ മൗലികാവകാശങ്ങൾ അത്രകണ്ട് ബാധകമല്ല എന്ന വിശദീകരണം കൂടി വായിച്ചാൽ തൃപ്തിയാകും. “ഇത്തരമിടങ്ങളിൽ മുഖ്യമായ അവകാശങ്ങൾ പോലും ആനുമാനിക അവകാശങ്ങളായി രൂപാന്തരം പ്രാപിക്കും. ഉദാഹരണത്തിന് സാധാരണ പൗരനേക്കാൾ അവകാശങ്ങൾ കുറവായിരിക്കും ഒരു വിചാരണ തടവുകാരന്. വിചാരണ തടവുകാരനെക്കാൾ കുറഞ്ഞ അവകാശങ്ങൾ മാത്രമായിരിക്കും കുറ്റവാളിക്ക്.” സ്‌കൂളുകളിലും ജയിലുകളിലെന്നപോലെ അവകാശങ്ങൾ നിയന്ത്രിതമായിരിക്കുമെന്നർഥം.  ഇക്കാര്യംകൊണ്ടു തന്നെ പൊതു ഇടങ്ങളിൽ ബാധകമായ കണിശമായ ഭരണഘടനാപരിശോധനകൾ ഇവിടെ ബാധകമല്ല. അങ്ങനെയാണ് വസ്ത്രധാരണം അനുച്ഛേദം 19 ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 അനുസരിച്ച് സ്വകാര്യതയുടെയും ഭാഗമാണെന്ന വാദത്തെ കോടതി മറികടന്നത്. അല്ലാത്തപക്ഷം കർശനമായ നിയമപരിശോധന അനിവാര്യമായി വരും. ഗവണ്മെന്റ് നിർദ്ദേശിക്കുന്ന നിയന്ത്രണം ആനുപാതികമാണ് എന്ന് തെളിയിക്കണം. അതായത്, ഗവണ്മെന്റ് നടപടിക്ക് നീതിയുക്തമായ ലക്ഷ്യമുണ്ടാകണം, ലക്ഷ്യവുമായി യുക്തിപരമായ ഒരു ബന്ധമുണ്ടാകണം, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം), പൗരാവകാശത്തെ  ക്രമാതീതമായ തരത്തിൽ ഹനിക്കാതെ അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം എന്നിങ്ങനെ. ഇവിടെ ആ പരിശോധനകളൊക്കെ ഒഴിവാക്കിയിരിക്കുന്നു. “മനുഷ്യാവകാശങ്ങൾ സാർവലൗകികമാണ്, എന്നാൽ അവയുടെ നിയന്ത്രണം ഒരു ഭരണഘടനാ യാഥാർഥ്യമാണ്” എന്നാണ് കോടതിയുടെ വെളിപാട്.

ഇതിന് മുൻപ് സ്‌കൂളുകളെ ജയിലുകളോട് ഉപമിച്ചത് ജർമൻ തത്വചിന്തകനായിരുന്ന ഇവാൻ ഡൊമിനിക്ക് ഇല്ലിച്ചിന്റെ ‘ഡീസ്‌കൂളിങ് സൊസൈറ്റി’ എന്ന പ്രസിദ്ധമായ പുസ്തകത്തിലാണ്. ഏകാധിപത്യപരമായ അധികാരഘടനയും, അച്ചടക്കവും, സ്വാതന്ത്ര്യ രാഹിത്യവും നിലനിൽക്കുന്ന  സ്‌കൂളിങ് സംവിധാനത്തെക്കുറിച്ചുള്ള വിമർശനമായിരുന്നു അത്. ഫൂക്കോയും സ്‌കൂളും ജയിലും തമ്മിലുള്ള ഘടനാപരമായ സാമ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇല്ലിച്ചിനും ഫുക്കോയ്ക്കും ശേഷം ഇതാ കർണാടക ഹൈക്കോടതി സ്‌കൂളും ജയിലും തമ്മിലുള്ള നിഗൂഢ വ്യാമം അളന്നു തീർക്കുകയാണ്.  

“ക്ലാസ് മുറി സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇടമാകണം, സാമൂഹികമായും ധാർമികമായും സമൂഹത്തിൻറെ പ്രതിബിംബം ആയിരിക്കണം”, എന്ന ഹർജിക്കാരുടെ വാദത്തെ പരിഹസിച്ചുകൊണ്ട്, ഹിജാബ് ധരിക്കുന്നത് യൂണിഫോമിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും എന്നാണ് ഹൈക്കോടതി പറയുന്നത്.

സുപ്രീംകോടതിക്ക് മുന്നിലുള്ള നിയമപ്രശ്നങ്ങൾ.

കർണാടക ഹൈക്കോടതിക്ക് മുന്നിൽ നിരവധി ഭരണഘടന പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു എങ്കിലും പ്രധാനമായും കേസ് മുന്നോട്ടുപോയത് അവശ്യമതാചാരം എന്ന ഒറ്റ പോയിന്റിലാണ് കോടതിവിധിയും ഏറെ ചർച്ചചെയ്യുന്നത്  അവശ്യമതാചാരം സംബന്ധിച്ച പ്രശ്നങ്ങൾ തന്നെയാണ്. വസ്ത്രത്തിന്റെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട സംഭവത്തെ കേവലം മതാചാരമായി ചുരുക്കി കാണുന്നത് തെറ്റാണ്. യഥാർത്ഥത്തിൽ ഒരു മതേതര ജനാധിപത്യ സംവിധാനത്തിൽ ജുഡീഷ്യറി പരിഗണിക്കേണ്ട ഒരു വിഷയമേയല്ല അത്.

അവശ്യമതാചാരം.

അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്. ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തിൽ അന്തിമ വിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികൾക്കില്ല. ഈ ആചാരങ്ങൾ ഭരണഘടന അനുശാസിക്കും വിധം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികൾ ഏറ്റെടുക്കേണ്ട ദൗത്യം. 1954-ലെ ശിരൂർ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതൽ 2017-ലെ മുത്തലാക്ക് (Shayara Bano v Union of India)  കേസിലും ശബരിമല (Indian Young Lawyers Association vs The State Of Kerala) കേസിലും  വരെ നമ്മുടെ സുപ്രീംകോടതി  അവശ്യ-മതാചാര പരിശോധന നടത്തി. മതങ്ങളുമായി ബന്ധപ്പെട്ട മതേതര പ്രവർത്തനങ്ങൾ (ഭരണനിർവഹണം പോലുള്ളവ) കോടതികൾക്ക്  സാധാരണഗതിയിൽ ഇടപെടാവുന്ന മേഖലയാണെന്നും എന്നാൽ വിശ്വാസസംബന്ധിയായ വ്യവഹാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ലെന്നുമായിരുന്നു തീരുമാനം. പക്ഷേ അതിന് പരിഗണനാവിഷയം മതത്തിന്റെ ‘അവശ്യ-ആചാര’മാണെന്നു തെളിയിക്കണം. പണ്ഡിതാഭിപ്രായങ്ങളും മതഗ്രന്ഥങ്ങളും പരിശോധിച്ച് ആത്മീയ വിഷയങ്ങളിൽ കോടതി തീർപ്പു കൽപ്പിക്കുന്ന സാഹചര്യമുണ്ടായി. 

കർണാടക ഹൈക്കോടതിയുടെ വിധിയിൽ, ആവശ്യമതാചാര പരിശോധനയുടെ തുടക്കം ഡോ. അംബേദ്കറുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. 

ഭരണഘടനാ നിർമാണ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഉദ്ധരിക്കുകയാണ് ഹൈക്കോടതി: “ജനനം മുതൽ മരണം വരെ മതബന്ധിതമാണ് ഇന്ത്യൻ സമൂഹം. എന്നാൽ ഇനി, മതത്തിന്റെ നിർവചനം, അവശ്യമായും (essentially) മതപരമായ ആചാരാനുഷ്ടാനങ്ങളിലേക്കും വിശ്വാസത്തിലേക്കും മാത്രമായി പരിമിതപ്പെടുത്താൻ നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” ഇവിടെ essentially religious practice (അടിസ്ഥാനപരമായി മതപരമായ ആചാരങ്ങൾ), essential religious practice (അവശ്യ മതാചാരങ്ങൾ) എന്നിവയെ കൂട്ടിക്കുഴക്കുകയാണ് കോടതി. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. 

Essentially religious practice എന്ന് വച്ചാൽ അടിസ്ഥാനപരമായി മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നാണർത്ഥം; ആർട്ടിക്കിൾ 25 (2)(എ)-യിൽ പറയുന്ന പോലെ സാമ്പത്തികവും, ധനപരവും,  രാഷ്ട്രീയവും മറ്റു മതേതരവുമായ പ്രവർത്തികളിൽ പെടാത്ത മത സംബന്ധിയായ കാര്യങ്ങൾ. അത്തരം കാര്യങ്ങളിൽ, അവ പൊതുസമാധാനത്തിനോ ധാര്മികതയ്ക്കോ, ആരോഗ്യത്തിനോ വിരുദ്ധമാകാത്തിടത്തോളം കാലം, സ്റ്റേറ്റിന് ഇടപെടാൻ കഴിയില്ല എന്നാണ് അനുച്ഛേദം 25-ന്റെ നേർവായനയിൽനിന്നും നമുക്ക് മനസിലാവുക. എന്നാൽ നമ്മുടെ ഭരണഘടനാകോടതികൾ essential religious practice (അവശ്യ മതാചാരങ്ങൾ) എന്ന ഒരു സംജ്ഞ കൊണ്ടുവന്നു. മതത്തിന്റെ അവശ്യ ആചാരമേത് എന്ന് കോടതികൾ തീരുമാനിക്കുമെന്ന് വന്നു. ഈ ജുഡീഷ്യൽ അസംബന്ധം ഇന്നും തുടരുന്നു.  ശബരിമല കേസിൽ ജസ്റ്റിസ്. ഇന്ദു മൽഹോത്രയുടെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. 

ഭരണഘടനാ കോടതികൾ പൗരോഹിത്യകോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികൾ തീർപ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും, മനഃസാക്ഷിയുടെയും, തെരഞ്ഞെടുപ്പിന്റെയും, സാംസ്‌കാരിക ബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ, സ്റ്റേറ്റോ അല്ല അവയിൽ തീർപ്പു കല്പിക്കേണ്ടത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ  കോടതികളുടെ പണി  ഭരണഘടനാ കോടതികൾ എടുക്കേണ്ടതില്ല. എന്നാൽ ആചാരങ്ങൾ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാർമികതയ്ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25(1) അനുശാസിക്കുംവിധമുള്ള ഇടപെടലുകൾ ഉണ്ടാവുകയും വേണം.   

എന്നാൽ മത വിശ്വാസവും ഭരണഘടനയും സംബന്ധിച്ച ശബരിമല കേസിലെ തീർപ്പ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുടെ ഫലമായി ഏഴംഗ വിശാല ബഞ്ചിനു വിട്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് പുനഃപരിശോധനാ വേളയിൽ സുപ്രീംകോടതി ഫ്രെയിം ചെയ്തത്.   അത് പരിശോധിക്കാനുള്ള ഏഴംഗ ബെഞ്ച് ഉടൻ തന്നെ രൂപീകരിക്കാനുള്ള സാധ്യതയൊന്നും കാണുന്നുമില്ല. അക്കാര്യത്തിൽ തീർപ്പുണ്ടാകാതെ ഈ വിഷയത്തിൽ ഒരു അന്തിമ വിധി പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. അതായത്  അംന ബിന്ദ് ബഷീർ കേസിലും (Amnah Bint Basheer vs Central Board Of Secondary Education on 23 July, 2015) നതർഷ റഹീം കേസിലും (Natharsha Rahim vs Central Board Of Secondary Education, 2014) കേരള ഹൈക്കോടതിയും ബിജോയ് ഇമ്മാനുവൽ കേസിൽ (Bijoe Emmanuel & Ors vs State Of Kerala & Ors on 11 August, 1986) സുപ്രീം കോടതിയും വിധി പറഞ്ഞപ്പോൾ ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്ന്.

അഭിപ്രായ സ്വാതന്ത്ര്യം 

അഭിപ്രായ സ്വാതന്ത്ര്യം കേവലം വർത്തമാനം പറയുന്നതിനുള്ള സ്വാതന്ത്ര്യമല്ല, എല്ലാ തരത്തിലുള്ള ആശയ പ്രകാശനങ്ങളെയും അത് ഉൾക്കൊള്ളുന്നുണ്ട്. വസ്ത്രധാരണവും ഒരു തരത്തിലുള്ള ആശയപ്രകാശനമാണ്. സ്വയം നെയ്തെടുത്ത ഖദർ വസ്ത്രം മാത്രം അണിഞ്ഞ ഗാന്ധിയും കോട്ട് ധരിച്ച അംബേദ്കറും അവരുടെ വസ്ത്രധാരണരീതിയിലൂടെ ചില ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട്. കണ്ണ് കെട്ടി, കറുത്ത തുണി കയ്യിൽ ചുറ്റി, കാവി ഷാൾ കഴുത്തിലിട്ട്, ഒക്കെ പ്രതിഷേധിക്കുന്നവരുടെ വസ്ത്രങ്ങൾ ഓരോ നിലപാടുകളെ അടയാളപ്പെടുത്തുന്നുണ്ട്. അതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. യൂണിഫോം ഉള്ള വിദ്യാലയങ്ങളിൽ ഇത് അനുവദനീയമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഒരു മതാചാരമെന്ന നിലയിൽ അത് അനുവദനീയമാണെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നമുക്കറിയാം, എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യമെന്ന നിലയിൽ അതിനെ നാം എങ്ങനെയാണ് മനസിലാക്കുക? ജനാധിപത്യലോകം അതിനെയെങ്ങനെയാണ് കാണുന്നത്?

1969-ലെ  അമേരിക്കൻ സുപ്രീംകോടതിയുടെ ഡേ മൊയിൻ വിധി പ്രസിദ്ധമാണ് (Tinker v Des Moines Independent School District).  1965-ലാണ് സംഭവം. വിയറ്റ്നാം യുദ്ധം നടക്കുന്ന കാലം; യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. ഡെ മൊയ്നിലെ ഹൈസ്‌കൂളിൽ  ഹർജിക്കാരനായ ജോൺ എഫ് ടിങ്കർ ഉൾപ്പെടെയുള്ള ഏതാനും വിദ്യാർഥികൾ അമേരിക്കൻ ഗവണ്മെന്റിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ഡിസംബർ 16-ന്  കറുത്ത കൈപ്പട്ട അണിഞ് സ്‌കൂളിൽ എത്തുവാൻ തീരുമാനിച്ചു. ഡിസംബർ 14-ന് സ്‌കൂൾ അധികൃതർ ഒരു തീരുമാനമെടുത്തു. യൂണിഫോമിന് പുറമെ കറുത്ത ആം-ബാൻഡ് ധരിച്ചു വരുന്ന വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാൽ ഈ കുട്ടികൾ അതു ലംഘിച്ചു. അധികൃതർ അവരെ സസ്‌പെൻഡ് ചെയ്തു. 

വിദ്യാർഥികൾ അതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിന്റെ അച്ചടക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് കോടതി അവരുടെ പരാതി തള്ളി. കോർട്ട് ഓഫ് അപ്പീലിലും തീരുമാനമായില്ല. എന്നാൽ ആം-ബാൻഡുകൾ ധരിച്ചാൽ സ്‌കൂളിന്റെ അച്ചടക്കത്തിന് തടസ്സമാകും എന്ന ജില്ലാ കോടതിയുടെ കണ്ടെത്തൽ  സുപ്രീംകോടതി അംഗീകരിച്ചില്ല. കറുത്ത ബാൻഡ് ധരിക്കുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചു. “ അസ്വാസ്ഥ്യം  ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയിൽ, ഒന്നാം ഭേദഗതി ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.” എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. 

ഇന്ത്യൻ സുപ്രീം കോടതിയും വസ്ത്രധാരണം  ഭരണഘടനയുടെ അനുഛേദം 19(1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014-ലെ എൻ.എൽ.എസ്.എ.  കേസിൽ (National Legal Services Authority of India (NALSA)  vs Union of India)  ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഉള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് “ഒരാളുടെ സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുവാനാവില്ല” എന്ന് ജസ്റ്റിസ് രാധാകൃഷ്ണൻ എഴുതി.  

സ്വകാര്യത കേസിൽ (Justice K. S. Puttaswamy (Retd.) vs Union Of India) സുപ്രീംകോടതിയുടെ 9 അംഗ ബഞ്ച് സ്വകാര്യതയെ കുറിച്ചും സ്വയം നിർണയാവകാശത്തെക്കുറിച്ചും ആഴത്തിലുള്ള നിയമ വിചാരങ്ങൾക്ക് വഴി തുറന്നിട്ടിരുന്നു. ഈ വിധി കൂടി പിൻപറ്റിയാണ് ഐപിസി 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിംഗ് ജോഹർ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായ സ്വാതന്ത്ര്യത്തിന് വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചചെയ്യുന്നത്. 

മന:സാക്ഷിക്കുള്ള അവകാശം

വസ്ത്രധാരണത്തിനുള്ള അവകാശം  അനുച്ഛേദം 25 (1) അനുസരിച്ച് മതസ്വാതന്ത്ര്യത്തിനു മാത്രമുള്ള അവകാശമല്ല സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുളള അവകാശം കൂടിയാണ്. അനുച്ഛേദം 25 (1) ആരംഭിക്കുന്നത് ‘മന:സാക്ഷിക്കുള്ള അവകാശം’ എന്ന വാക്കിൽ നിന്നാണ്, അതിനുശേഷമാണ് മതവും വിശ്വാസവുമെല്ലാം കടന്നുവരുന്നത്. മതവിശ്വാസത്തെക്കാളും ആഴമേറിയ, വിസ്തൃതമായ അർത്ഥങ്ങളുള്ള വാക്കാണ് മനസ്സാക്ഷി. പൊതു സമാധാനത്തിനും ആരോഗ്യത്തിനും ധാർമികതയ്ക്കും വിരുദ്ധമാകാത്തിടത്തോളം കാലം സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന പൗരർക്കു നൽകുന്നത്. അത് രാഷ്ട്രീയനിലപാടുകളാകാം, സാംസ്കാരിക ബോധ്യങ്ങളാകാം, മറ്റു വിശ്വാസങ്ങളാകാം, അവിശ്വാസമാകാം, അങ്ങനെ എന്തുമാകാം. കേവലം മതവിശ്വാസത്തിന് വേണ്ടി മാത്രമല്ല, മറ്റേതൊരു നിലപാടിനെയും സംബന്ധിച്ച ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും അനുച്ഛേദം 19 പൗരന് നൽകുന്നുണ്ട്. ഡെ മെയ്ൻ കേസിൽ അമേരിക്കൻ സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത് ടിങ്കറുടെ വിശ്വാസത്തിനുള്ള അവകാശമല്ല, മറിച്ച് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാനുള്ള അവകാശമാണ്. മതാചാരമായതുകൊണ്ട് മാത്രമല്ല  വിയോജിപ്പും പ്രതിഷേധം പ്രകടിപ്പിക്കാനുമെല്ലാം വസ്ത്രധാരണരീതികൾ ഉപയോഗപ്പെടുത്താൻ നമ്മുടെ കുട്ടികൾക്കും കഴിയണം. മനസ്സാക്ഷിയുടെ അവകാശത്തെ കുറിച്ചുള്ള വിശദമായ നിയമവിചാരങ്ങൾ തീർച്ചയായും അത്തരത്തിലൊരു നിഗമനത്തിലേക്ക് ഇന്ത്യൻ കോടതികളെയും നയിക്കും.

യഥാതഥസമത്വം

എല്ലാറ്റിനെയും ഒരുപോലെ കാണണമെന്ന കേവല-സമത്വവാദം നീതിയുടെ ഭാഷയല്ല. ഒരുപോലെയുള്ള ഗ്രൂപ്പുകൾക്കകത്ത് തുല്യത നടപ്പിലാക്കുമ്പോഴാണ് അത് നീതിയുക്തമായ സമത്വമാകുന്നത്. മനുഷ്യരെല്ലാവരും സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും ശാരീരികമായും തുല്യരായല്ല ജനിക്കുന്നത്. ധനികനെയും ദരിദ്രനെയും മുതലാളിയെയും തൊഴിലാളിയെയും സവർണ്ണനെയും അവർണ്ണനെയും ഒരേ തുലാസിൽ അളക്കുന്നത് നീതിയല്ല. ഇത് ഭരണഘടനാപരമായി തന്നെ അംഗീകരിച്ചിട്ടുള്ള സംഗതിയാണ്. അതുകൊണ്ടാണ് സമത്വം ഉറപ്പു നൽകുന്ന അനു:ഛേദം 14-നു കീഴെ അതിനു പൂരകമായി പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്തുവാനുള്ള അധികാരം ഗവൺമെൻ്റിന് നൽകിയിരിക്കുന്നത്. 

ഹിജാബ് നിരോധനം പോലുള്ള സംഭവങ്ങൾ എപ്പോഴും ഭൂരിപക്ഷ സമൂഹത്തിൻ്റെ സാംസ്കാരിക യുക്തി അനുസരിച്ചുള്ള തീരുമാനങ്ങളാണ്. അധികാര രാഷ്ട്രീയത്തിന്റെ താൽപര്യങ്ങളും പലപ്പോഴും അതിനു പിന്നിലുണ്ടാവും. എല്ലാവരും തുല്യരാണെന്ന വ്യാജ നിർമ്മിതിക്കുമേലാകും പലപ്പോഴും പല വിവേചനങ്ങളും കടന്നു വരിക. ഇവിടെയും അത്തരത്തിലുള്ള പരോക്ഷ വിവേചനമുണ്ടെന്ന് കാണാം. ഇത് അനു:ഛേദം 14 ഉറപ്പുനൽകുന്ന സമത്വത്തിന്റെ ലംഘനമാണ്. 

ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചതിനു സമാനമായ തരത്തിൽ സിഖ് പെൺകുട്ടികൾക്ക് ‘കര'(മതാചാരപ്രകാരമുള്ള ലോഹ വള) ധരിച്ചുകൊണ്ട് സ്‌കൂളിൽ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഇംഗ്ലീഷ് ഹൈക്കോടതി ശക്തമായ ഇടപെടലിലൂടെ ആ അവകാശം ഉയർത്തിപ്പിടിച്ചിരുന്നു. [Sarika Angel Walkins vs The Governing Body of Aberdeen Girls High School]. മറ്റൊന്ന് ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള (KwaZulu-Natal and Others v Navaneethum Pillay (2007)) കേസിലെ വിധിയാണ്. കർണാടക ഹൈക്കോടതിയിൽ ഈ കേസ് അഡ്വ. കമ്മത്ത് ഉദ്ധരിച്ചിരുന്നു. യൂണിഫോമിനൊപ്പം ഹിന്ദു സംസ്കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാൻ അനുവദിക്കാതിരുന്നതാണ് കേസിനാധാരമായ സംഭവം. ദക്ഷിണാഫ്രിക്കൻ ഭരണഘടനാകോടതി അധികൃതരുടെ നടപടി റദ്ദ് ചെയ്തു. മുക്കൂത്തി ഇടാൻ അനുവദിക്കാത്തത് സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷ വിയോജനമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

ഇന്ത്യൻ കോടതിയിലും പരോക്ഷ വിവേചനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിംഗ് ജോഹർ കേസിൽ സ്വവർഗാനുരാഗത്തെ ക്രിമിനൽവത്കരിക്കുന്ന ഐ.പി.സി. സെക്ഷൻ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷ വിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും അതിന് കൃത്യമായ ഒരു നിയമവൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത് 2021-ലെ സ്ത്രീ സൈനികർക്ക് പെർമനന്റ് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് . 2020-ൽ സുപ്രീംകോടതി,  കരസേനയിൽ വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ അനുവദിക്കണമെന്ന് ഉത്തരവ്പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defence v Babita Puniya). ഇതനുസരിച്ച് പെർമനന്റ് കമ്മീഷൻ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കൽ, ഫിസിക്കൽ ടെസ്റ്റുകൾ ഏർപ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തിൽ പുരുഷന്മാർ അഭിമുഖീകരിച്ച അതേ ടെസ്റ്റുകൾ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകൾക്കും നൽകിയത്. ഇതിനെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India) . ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം. ആർ. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകൾക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകൾ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാൽ, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷ വിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു. അമേരിക്കൻ, കനേഡിയൻ സുപ്രീംകോടതിയുടെ വിധികളെ മുൻനിർത്തി ഇന്ത്യയിലും പരോക്ഷ വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തിൽ ബാധിക്കുന്നുണ്ടോ?  അതവർക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂലഫലം ഉണ്ടെന്നു സ്ഥാപിക്കാൻ സ്ഥിതിവിവരക്കണക്കുകളുടെ പിൻബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു. 

റെയിൽവേയിലെ മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കേസിലെ ദൽഹി ഹൈക്കോടതി വിധിയും പരോക്ഷ വിവേചനത്തെ സംബന്ധിക്കുന്നതാണ്(Madhu vs Northern Railway). ഒരു ജീവനക്കാരൻ തന്റെ ഭാര്യയെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആശ്രിതപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന് അവർക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. നമ്മുടെ സമൂഹത്തിൽ അധികവും ജോലിക്ക് പോകുന്നത്  പുരുഷന്മാരാണ്. സ്ത്രീകൾ അവരുടെ ആശ്രിതരായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയിൽ നിന്നും അവരെ നീക്കം ചെയ്യാൻ കഴിയുമെന്ന് വന്നാൽ, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ  സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക. “ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗർഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന ഒരു അനീതിയാണ്.” ദൽഹി ഹൈക്കോടതി പ്രസ്താവിച്ചു. 

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാൻ ഇന്ത്യൻ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേൽപ്പറഞ്ഞ കോടതിവിധികൾ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം  നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കൽപ്പത്തിന് വിരുദ്ധമാണ്. 

സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവും 

2016-ലെ ബീഹാറിലെ മദ്യ നിരോധനവുമായി ബന്ധപ്പെട്ട കേസിനും [Confederation of Indian Alcoholic Beverage Companies v State of Bihar (2016)]  2017-ലെ സ്വകാര്യത വിധിയ്ക്കും ശേഷം തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും  ഭരണഘടനയുടെ അനുച്ഛേദം  21 ഉറപ്പു നൽകുന്ന  സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. യൂണിഫോം എന്ന ന്യായമായ നിയന്ത്രണം പോലെയല്ല യൂണിഫോമിന് പുറമെ അതിനോടൊപ്പം ധരിച്ചു പോന്നിരുന്ന ഹിജാബ് നിരോധിക്കുന്നത്.  ജീവിക്കാനുള്ള അവകാശമെന്നാൽ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. വസ്ത്രത്തിന്റെ പേരിൽ വഴിയിൽ തടയുന്നതും, മാറ്റാൻ നിർബന്ധിക്കുന്നതും, സ്‌കൂളിൽ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്.

സംസ്കാര സംരക്ഷണത്തിനുള്ള അവകാശം 

ഭരണഘടനയുടെ  അനുച്ഛേദം 29, ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായുള്ളതാണ്. ഏതൊരു വിഭാഗത്തിന്റെയും സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ  ഭാഗമാണ്. താൻ ജനിച്ചു വളർന്ന സാംസ്‌കാരിക പശ്ചാത്തലത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് നിഷേധിക്കുന്നത് അവകാശലംഘനമാണ്. 

യൂണിഫോം എന്ന പേരിൽ ഇത്രനാളും ഇല്ലാതിരുന്ന ഒരു നിയന്ത്രണം കൊണ്ടുവരികയും അതുവഴി ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട പെൺകുട്ടികളെ സ്‌കൂളിന് പുറത്താക്കുകയും ചെയ്യുന്നത് അന്യായമാണ് എന്നു മനസിലാക്കാൻ വലിയ നിയമജ്ഞരാകുകയൊന്നും വേണ്ട. വളരെ സ്പഷ്ടമാണ് കാര്യങ്ങൾ. ഒരു മനുഷ്യനായി പിറന്നു എന്നുള്ളതുകൊണ്ടുതന്നെ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങളുണ്ട്, ഭരണഘടന ഉറപ്പുനൽകുന്ന നിയമപരമായ അവകാശങ്ങളുണ്ട്. ഇവിടെയിതെല്ലാം ലംഘിച്ചുകൊണ്ടാണ് അധികൃതർ പ്രവർത്തിച്ചിരിക്കുന്നത്. ആ പ്രവർത്തനം ന്യായീകരിക്കാവുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിക്കാൻ ഇല്ലതാനും.  ഭരണഘടനയുടെ അനുച്ഛേദം 21[സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത],  അനുച്ഛേദം 19(1) [അഭിപ്രായ സ്വാതന്ത്ര്യം], അനുച്ഛേദം 25 [മന:സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം], അനുച്ഛേദം 29 [തനത് സംസ്കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം], അനുച്ഛേദം 14 [യഥാതഥ സമത്വം- പരോക്ഷ വിവേചനം] എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കർണാടകയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. ജനാധിപത്യ മൂല്യങ്ങളുടെ പരിപൂർണ നിരാസമാണത്.

സാഹോദര്യം

യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടം കൂടി ധരിച്ചാൽ യൂണിഫോം ഇല്ലാതാകും എന്ന ഹൈക്കോടതിയുടെ നിലപാട് സാമാന്യബോധത്തിന്റെ നിഷേധമാണ്. സ്കൂളിൽ പോകുന്നത് പഠിക്കാനാണോ അതോ യൂണിഫോം ധരിക്കാനാണോ എന്ന് കോടതിക്ക് സംശയമുണ്ടെന്ന് തോന്നും. യൂണിഫോം ധരിക്കൽ അല്ല അത്യന്തികമായ ലക്ഷ്യവും മാർഗവും. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആധുനിക ജനാധിപത്യ സമൂഹങ്ങളിൽ എല്ലാം തന്നെ യൂണിഫോമിനൊപ്പം ധരിക്കാവുന്ന മത ചിഹ്നങ്ങളോ മറ്റു സംഗതികളോ അനുവദനീയമാണ്. 

നേരത്തെ പരാമർശിച്ച ഡേ മോയിൻ കേസിൽ അമേരിക്കൻ സുപ്രീംകോടതി വിധിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “അഭിപ്രായ വ്യത്യാസങ്ങളും ഭൂരിപക്ഷ ബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാം, എന്നാൽ അത്തരത്തിലുള്ള വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി…… അധ്യാപകരോ വിദ്യാർത്ഥികളോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സ്‌കൂൾ ഗേറ്റിനു പുറത്തു വച്ചിട്ട് വരണമെന്നു പറയാനാകില്ല…. ഈ കുട്ടികൾ സ്‌കൂളിന്റെ പ്രവർത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരിൽ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ നമ്മുടെ ഭരണഘടന അധികൃതർക്ക് അധികാരം നൽകുന്നില്ല.” 

മുൻ രാഷ്ട്രപതി ഹമീദ് അൻസാരി ഒരു ലേഖനത്തിൽ എഴുതിയത് പോലെ നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർന്നിട്ടുള്ള അടിസ്ഥാന മൂല്യങ്ങളിൽ സാഹോദര്യവും ഉൾപ്പെടുന്നുണ്ട് എന്ന കാര്യം നമ്മൾ പലപ്പോഴും മറന്നു പോകുന്നു. അടിമുടി ജനാധിപത്യ വിരുദ്ധമായ ഇന്ത്യൻ മണ്ണിൽ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യമില്ലാതെ പുലരുക അസാധ്യമാണ്. രാജ്യത്തിൻറെ അഖണ്ഡതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും ഇത് പ്രധാനമാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പരസ്പരബന്ധിതമാണ് എന്ന് അംബേദ്കർ ആവർത്തിച്ചു പറയുന്നുണ്ട്. ഒരു പോലീസ് ഓഫീസറുടെ നിരീക്ഷണത്തിൽ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതല്ല  സമത്വം. അതിന് സമൂഹത്തിൽ സാഹോദര്യത്തിന്റെ സന്ദേശം വളരേണ്ടതുണ്ട്. അതിൻറെ ആദ്യപടി വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നുള്ളതാണ്. നാം അഭിമാനം കൊള്ളുന്ന രാജ്യത്തിൻറെ ഐക്യം നിലനിൽക്കണമെങ്കിൽ, യുക്തിപരമായ ഒത്തുതീർപ്പുകളിലൂടെ ഈ വൈവിധ്യത്തെ പൊതുധാരയിലേക്ക് സ്വാംശീകരിച്ചെങ്കിൽ മാത്രമേ കഴിയൂ. അങ്ങനെ മാത്രമേ ജനാധിപത്യത്തിന് നിലനിൽക്കാൻ സാധിക്കുകയുള്ളൂ. 

“ജനാധിപത്യത്തിന്റെ വേരുകൾ പാർലമെൻറോ ഗവൺമെൻറോ അല്ല. പ്രാഥമികമായും ഒരു സംഘടിത ജീവിത രീതിയാണത്. സമൂഹമെന്ന നിലയിൽ ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകൾ നമ്മൾ തേടേണ്ടത്” അംബേദ്കർ എഴുതി. ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യരുടെ സാമൂഹികമായ നിലനിൽപ്പിന് സാഹോദര്യം അത്യന്താപേക്ഷിതമാണ്. ഭൂരിപക്ഷ സാംസ്കാരിക അധീശത്വത്തിന്റെ രാഷ്ട്രീയപാഠം കൊണ്ട് അത് സാക്ഷാത്കരിക്കാൻ ആവില്ല. വംശീയ വിദ്വേഷത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൂടെ അധികാരത്തിലെത്തിയവർക്ക്  അത് മനസ്സിലായിക്കൊള്ളണമെന്നില്ല. പക്ഷേ രാജ്യത്തെ സാധാരണ മനുഷ്യരുടെ അവകാശങ്ങൾക്ക് കാവലാളാകേണ്ടുന്ന ഭരണഘടനാ കോടതികൾ അങ്ങനെ ആയിക്കൂടാ. 

ഇവിടെ കോടതിക്ക് മുന്നിൽ രണ്ടുമൂന്നു സാധ്യതകൾ ആണുള്ളത്. ഇത് ഒരു ഭരണഘടനാ പ്രശ്നമായി പരിഗണിക്കാതെ യൂണിഫോം സംബന്ധിച്ച സർക്കുലർ നിയമവിരുദ്ധമാണോ എന്ന് മാത്രം പരിശോധിച്ചുകൊണ്ട് വിധിയെഴുതാം. അങ്ങനെ അത് നിയമവിരുദ്ധമാണെന്ന് കണ്ട് പ്രിയപ്പെട്ട മറ്റ് ഭരണ പ്രശ്നങ്ങളിലേക്ക് തൽക്കാലം പോകേണ്ടതില്ല. ഹൈക്കോടതി ചെയ്തതുപോലെ ഹിജാബ് ഇസ്ലാമിൻറെ ആവശ്യമതാചാരമല്ല എന്ന കണ്ടെത്തലിലേക്കാണ് വരുന്നതെങ്കിൽ പോലും, മതവിശ്വാസത്തിന് ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച ഭരണഘടന പ്രശ്നങ്ങൾ ശബരിമല പരിശോധിക്കും സുപ്രീംകോടതി 7 അംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. അതിൻറെ വിധി വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. യഥാതഥ സമത്വത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചും വിധിയെഴുതാം. ഇത്തരം വിപുലമായ ചോദ്യങ്ങൾ ഉൾപ്പെടുന്ന കേസ് ആയതുകൊണ്ട് ഒരു ഭരണഘടനാ ബഞ്ച് ഇത് പരിശോധിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് എത്താനും മതി. എന്തായാലും വാദം പൂർത്തീകരിച്ച സ്ഥിതിക്ക്, മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ വിധി വരുമെന്നാണ് കരുതുന്നത്. ഭരണഘടന മൂല്യങ്ങളോടുള്ള സുപ്രീംകോടതിയുടെ പ്രതിബദ്ധതയാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന, അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിൻറെയും വിശാലാകാശങ്ങളെ മനസ്സിലാക്കുന്ന സമീപനം സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

First published in The Fourth News on 24/09/2022

Thefourthnews

LEAVE A REPLY

Please enter your comment!
Please enter your name here