ശ്വാസം മുട്ടിക്കുന്ന കേന്ദ്രം, ശ്വാസം നല്‍കുന്ന സുപ്രീംകോടതി; കോവിഡുകാലത്തെ സുപ്രധാന ഇടപെടല്‍

കോവിഡിന്റെ രണ്ടം തരംഗം രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണ്. അപ്രിയസത്യങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ വരാതിരിക്കാന്‍ ആശയപ്രകാശനവേദികളെ ഇല്ലായ്മ ചെയ്യുകയും അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുകയും വസ്തുതകളും കണക്കുകളും മറച്ചുവെക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ സ്വമേധയാ ഇടപെടല്‍. ഓക്‌സിജന്‍ വിതരണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ വീണ്ടും കേസ് പരിഗണിക്കുന്ന മെയ് പത്തിന് തുടര്‍നടപടികളുണ്ടാകുമെന്ന് കരുതാം. 

ഹൈക്കോടതികളില്‍ നിന്ന് ഓക്‌സിജന്‍ ക്ഷാമവും കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍  കേന്ദ്ര സര്‍ക്കാര്‍ നിശിത വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍,  ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡേയുടെ നേതൃത്വത്തിലുള്ള  സുപ്രീംകോടതി ബഞ്ച് അതേ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും, ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടി വരും എന്ന് സൂചിപ്പിക്കുകയും ചെയ്തത്  ആശങ്കക്ക് വഴിവച്ചിരുന്നു. വര്‍ഷങ്ങളായി സുപ്രീംകോടതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പലരെയും അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 

എന്നാല്‍ കോടതിയില്‍  ജനാധിപത്യ സംവിധാനത്തിന് അനുഗുണമായ ചില മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ് എന്നതിന് ചില സൂചനകള്‍ ലഭിച്ചുതുടങ്ങിയിരിക്കുന്നു.  ‘മാസ്റ്റര്‍ ഓഫ് ദി റോസ്റ്റര്‍’ എന്ന നിലയ്ക്ക് തന്റെ പിന്‍ഗാമികളായ ദീപക് മിശ്രയും രഞ്ജന്‍ ഗോഗോയിയും ബോബ്‌ഡെയും സഞ്ചരിച്ച വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുവാന്‍ പുതിയ ചീഫ് ജസ്റ്റിസ് വി. രമണ തയ്യാറാകുന്നുവെന്നാണ് നാം കാണുന്നത്. പാരമ്പര്യബലത്തില്‍ ന്യായാധിപസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയല്ല അദ്ദേഹം. കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. ന്യായാധിപസ്ഥാനത്ത് എത്തുന്നതിനു മുന്‍പ് കര്‍ഷകരുടെയും വ്യവസായ തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഭൂതകാലം കൂടിയുണ്ട് അദ്ദേഹത്തിന്. അതൊക്കെ സുപ്രീംകോടതിയില്‍ എന്തുതരം മാറ്റങ്ങളാണ് ഉണ്ടാക്കുക എന്നത് കാത്തിരുന്നു കാണേണ്ടതാണ്. എന്നാല്‍ തന്നെയും, ഈ വിഷയത്തില്‍ സുപ്രീംകോടതി ഇപ്പോള്‍ നടത്തിയ ഇടപെടലുകള്‍ ശുഭസൂചകമാണ് എന്നുകാണണം. 

ശക്​തമായ ചോദ്യങ്ങൾ

പതിവില്‍ നിന്ന് വ്യത്യസ്തമായി ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് നേതൃത്വം കൊടുക്കുന്ന ഒരു ബെഞ്ചിനെ ആണ് കോവിഡ് വിഷയം അദ്ദേഹം ഏല്‍പ്പിച്ചത്. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍കൂടി ചേര്‍ന്ന മൂന്നംഗ ബഞ്ച്,  ഏപ്രില്‍ 30-ന് നടന്ന വാദത്തിനിടെ, സമീപകാലത്തൊന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിട്ടില്ലാത്ത തരത്തിലുള്ള ശക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനുശേഷം മെയ് രണ്ടിന് പുറത്തുവന്ന ഇടക്കാല ഉത്തരവ് ജനാധിപത്യത്തില്‍ ഭരണഘടനാകോടതിയുടെ സ്ഥാനമെന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതാണ്.

എക്‌സിക്യൂട്ടീവിന്റെ പണി ഏറ്റെടുക്കുകയല്ല, എക്‌സിക്യൂട്ടീവ് എന്തുചെയ്യുന്നു എന്നതിനെ വിലയിരുത്തുകയും ഭരണഘടനാ ധാര്‍മികതയുടെ വഴിയിലൂടെ അതിന് ദിശാബോധം നല്‍കുകയുമാണ് കോടതി. മെയ് പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ അറിയിക്കണം. 

ഏപ്രില്‍ 22-ന് ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രാജ്യത്ത് ഓക്‌സിജന്‍ വിതരണം,  അവശ്യമരുന്നുകളുടെ ലഭ്യത, പ്രതിരോധകുത്തിവയ്പ്പിനുള്ള മാനദണ്ഡങ്ങള്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച തീരുമാനം, എന്നിങ്ങനെ നാല് വിഷയങ്ങളെ പറ്റിയാണ് കേന്ദ്ര ഗവണ്‍മെന്റിനോട് അഭിപ്രായം ആരാഞ്ഞത്.

ഏപ്രില്‍ മൂന്നിന് കേന്ദ്ര ഗവണ്‍മെന്റിനോട് ഇക്കാര്യങ്ങളെ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു: കോവിഡ് പ്രതിരോധത്തിന് കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ സ്വീകരിച്ച നടപടി, ഓക്‌സിജന്‍ വിതരണം സുഗമമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്? ഇപ്പോഴത്തേക്കും സമീപഭാവിയിലേക്കും ആവശ്യമായ ഓക്‌സിജന്റെ അളവ് എത്ര്? ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കുവാനുള്ള സംവിധാനം? ഓക്‌സിജന്‍ വിഹിതം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം? ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യങ്ങള്‍ യഥാസമയം അറിയുവാന്‍ സ്വീകരിച്ച നടപടി? രാജ്യത്തെ ചികിത്സാ സംവിധാനം മെച്ചപ്പെടുത്താന്‍ എന്തൊക്കെയാണ് നാളിതുവരെ ചെയ്തത്? ആശുപത്രി പ്രവേശനത്തിന് ദേശീയ നയമുണ്ടോ? വാക്സിനേഷന്‍ നയമെന്താണ്? വാക്‌സിന്റെ വിലയും വാക്‌സിനേഷനുള്ള സമയക്രമവും എങ്ങനെയായിരിക്കും? 

ഏപ്രില്‍ 29ന് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു. ഏപ്രില്‍ 30ന് നടന്ന വാദത്തിനുശേഷമാണ് ഇടക്കാല ഉത്തരവ് വന്നത്. ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട് ഉത്തരവില്‍. 

നിശ്ചയമായും, 2005-ലെ ദുരന്ത നിവാരണ നിയമത്തിന്റെ വകുപ്പ് 2 (ഡി) ക്കുകീഴില്‍ വരുന്നതാണ് കോവിഡ് മഹാമാരി. പ്രസ്തുത നിയമത്തിന്റെ വകുപ്പ് 3 അനുസരിച്ച് പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.  വകുപ്പ് 2 (എന്‍) പ്രകാരം ദേശീയ ദുരന്ത നിവാരണനയത്തിന് രൂപം നല്‍കണം. അതുപ്രകാരമുള്ള പദ്ധതികളുടെ നിരന്തരമായ സംഘാടനം, ഏകോപനം, നടപ്പാക്കല്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍  സെക്ഷന്‍ 2 (ഇ)-യില്‍ പറയുംവിധം ഗവണ്മെന്റിനുണ്ട്.

2019 നവംബറില്‍ ദേശീയ ദുരന്തനിവാരണ നയം വിജ്ഞാപനം  ചെയ്തിരുന്നു. സെക്ഷന്‍ 11(4)-ലുള്ളതുപോലെ അത് കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. നിയമത്തിലെ 12, 35, 36 വകുപ്പുകളില്‍ കേന്ദ്ര ഗവണ്മെന്റിന്റെ കടമകള്‍ എടുത്തുപറയുന്നുണ്ട്. സംസ്ഥാന ഗവണ്മെന്റുകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ളതാണ് സെക്ഷന്‍ 35.

ദുരന്തനിവാരണ പദ്ധതിയുടെ രൂപീകരണം, തയ്യാറെടുപ്പ്, പ്രതികരണ പദ്ധതികള്‍, വിവരശേഖരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍, പുനരധിവാസം, തുടങ്ങിയ മേഖലകളിലെല്ലാം കേന്ദ്ര സര്‍ക്കാരിനുള്ള ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങള്‍ സെക്ഷന്‍ 36-ല്‍ വിശദീകരിക്കുന്നു. 35(ജി) അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വിഭവവിതരണം ഉറപ്പു വരുത്തേണ്ടതും കേന്ദ്ര ഗവണ്മെന്റിന്റെ കടമയാണ്.

ഇതനുസരിച്ച് 2020 സെപ്തംബര്‍ 11-ന് ഓക്‌സിജന്‍, വൈദ്യോപകരണ വിതരണത്തിന്​ വിദഗ്ദ്ധ സമിതിയ്ക്ക് രൂപം നല്‍കിയിട്ടുമുണ്ട് സര്‍ക്കാര്‍. അതുപോലെ തന്നെ വാക്‌സിന്‍ വിതരണത്തിനുള്ള എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അതിനൊരു ദേശീയ നയവും ഉണ്ടാകേണ്ടതുണ്ട്. അതു സംബന്ധിച്ച സുപ്രധാനമായ ചോദ്യങ്ങള്‍ സുപ്രീംകോടതി ഉയര്‍ത്തിയിരിക്കുന്നു. ഇതൊക്കെ ചെയ്യുമ്പോഴും, ഗവണ്മെന്റിന്റെ ജോലി ഏറ്റെടുക്കാന്‍ ഉദ്ദേശ്യമില്ല എന്നും കോവിഡ് പ്രതിരോധത്തില്‍ സഹായകമായ രീതിയില്‍ നിര്‍ദേശങ്ങള്‍ വയ്ക്കുക മാത്രമാണ് ചെയ്യുകയെന്നും അവസാന തീരുമാനമെടുക്കേണ്ടത് ഗവണ്മെൻറ്​ ആണെന്നും വ്യക്തമാക്കുന്നുണ്ട് കോടതി.

വാക്‌സിന്‍ നയം: വാക്സിന്‍ വിതരണത്തിന് കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റും മറ്റു സംവിധാനങ്ങളും പ്രാപ്യമല്ലാത്ത, നിരക്ഷരരായ, അവശ വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പു വരുത്താന്‍ എന്തു മുന്‍കരുതലാണ് ഗവണ്മെൻറ്​ സ്വീകരിച്ചിട്ടുള്ളത്? 
45 വയസിനുമുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ എന്നുപറയുമ്പോഴും അവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ചെന്ന് വാക്‌സിന്‍ എടുക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ? 

കോവിഡ് ഒന്നാം തരംഗത്തില്‍, മുന്നണിപ്പോരാളികളായി നമ്മള്‍ കണക്കാക്കിയിട്ടില്ലാത്ത ശുചീകരണ തൊഴിലാളികള്‍,  ശ്മശാന ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രതിരോധമരുന്ന് ലഭ്യമാക്കാന്‍ പദ്ധതി ഉണ്ടോ?
മുഴുവന്‍ വാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ തന്നെ വാങ്ങുന്ന സംവിധാനം ഉണ്ടാകുമോ? അതിനുവേണ്ടി നയം മാറ്റുമോ?
വരുന്ന ആറുമാസത്തേക്കുള്ള വാക്‌സിന്‍ സ്റ്റോക്ക്, ആറുമാസം കൊണ്ട്  ലക്ഷ്യംവയ്ക്കുന്ന ആളുകളുടെ എണ്ണം, തുടര്‍ വാക്‌സിനേഷന് ഉള്ള സമയക്രമം എന്നിവ നിശ്ചയിച്ചിട്ടുണ്ടോ?

വാക്‌സിന്‍ വില: എന്തുകൊണ്ടാണ് ഒരേ വാക്‌സിനു തന്നെ പല വില നിശ്ചയിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള നയം രൂപീകരിച്ചത്? ഗവണ്‍മെന്റ് സത്യവാങ്മൂലത്തില്‍ പറയുന്നത് വാക്‌സിന്‍ ഉത്പാദകര്‍ക്ക് കൂടുതല്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രചോദനമാകാനും മാര്‍ക്കറ്റില്‍ കൂടുതല്‍ മത്സരം ഉറപ്പു വരുത്താനും വേണ്ടിയാണ് ഈ നയം എന്നാണ്. 
മനുഷ്യര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വിലപ്പെട്ട  പൊതുനന്മയാണ്. 18- 45 പ്രായമുള്ളവരിലും അവശ വിഭാഗങ്ങളുണ്ട്. അവര്‍ ഗവണ്‍മെന്റിന്റെ നയസമീപനങ്ങളുടെ ദയാദാക്ഷിണ്യത്തിലാണ് ജീവിക്കുന്നതെന്ന് വരുന്ന സാഹചര്യം ഉണ്ടാകും. ഇത്  രാജ്യം മുഴുവന്‍  പ്രതിരോധമരുന്ന് വിതരണത്തില്‍ വന്‍ അസമത്വം സൃഷ്ടിക്കും. 

സാധാരണഗതിയില്‍, കേന്ദ്രീകൃതമായി വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നീതിപൂര്‍വ്വമായ രീതിയില്‍ വിതരണം ചെയ്യുക എന്നതാണ് യുക്തിപരമായ നടപടി. ഭരണഘടനയുടെ അനുച്ഛേദം 21-ന് കീഴില്‍ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശവും. ഗവണ്‍മെന്റിന്റെ വാക്‌സിന്‍ നയം പ്രഥമദൃഷ്ട്യാ അതിനു വിരുദ്ധമാണ് എന്ന് തോന്നുന്നു. സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ അനു:ഛേദം പതിനാലിനും അനു:ഛേദം 21-നും  അനുപൂരകമായ തരത്തില്‍ ഗവണ്‍മെന്റ് പുനക്രമീകരിക്കാന്‍ തയ്യാറാണോ?

ഇപ്പോഴത്തെ നയത്തിനുപകരം മറ്റേതെങ്കിലും മാര്‍ഗം ആലോചിച്ചിരുന്നോ?
ആലോചിച്ചിരുന്നുവെങ്കില്‍ ഈ നയത്തിന് മുന്‍പ് എന്തായിരുന്നു പദ്ധതി?
വികേന്ദ്രീകൃതമായി വാക്‌സിന്‍ വാങ്ങുന്നതും, വാക്‌സിന് പല വില നിശ്ചയിക്കുന്നതുമാണ് കൂടുതല്‍ ഉല്‍പാദനത്തിന് പ്രചോദനമാകുകയും, മാര്‍ക്കറ്റില്‍ മത്സരത്തിന് സഹായകമാവുകയും ചെയ്യുക എന്നു ഗവണ്‍മെന്റിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇത് ഏതെങ്കിലും പഠനത്തിന്റെയോ കണക്കുകളുടെയോ അടിസ്ഥാനത്തില്‍ ആണോ?
ഭാരത് ബയോടെക്കിനും സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനും യഥാക്രമം 1500 കോടിയും 3000 കോടി രൂപയും നല്‍കിയതിനു പുറമേ മറ്റെന്തെങ്കിലും സഹായങ്ങള്‍ ഗവണ്‍മെന്റ് വാക്‌സിന് നല്‍കിയിരുന്നോ?

ഈ സഹായങ്ങളും അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടിയുള്ള തുകയുമെല്ലാം ചേര്‍ത്താണ് കേന്ദ്ര ഗവണ്‍മെന്റ് കുറഞ്ഞവിലയ്ക്ക് വാക്‌സിന്‍ നല്‍കുന്നതെങ്കില്‍, അതേ ആനുകൂല്യം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കാത്തത് എന്തുകൊണ്ടാണ്?
വാക്‌സിന്‍ ഗവേഷണത്തിനും ഉത്പാദനത്തിനും നിലവിലുള്ള വാക്‌സിനുകള്‍ക്കോ, ഇനി വരാന്‍ ഉള്ള മരുന്നുകള്‍ക്കോ വേണ്ടി എത്ര രൂപ ഗവണ്‍മെന്റ് ചെലവഴിച്ചിട്ടുണ്ട്?

അവശ്യ മരുന്നുകള്‍: റംഡസിവിര്‍ പോലുള്ള അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്ത് നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്?
1970 ലെ പേറ്റന്റ് നിയമത്തിലെ വകുപ്പ് 92 അനുസരിച്ച് ദേശീയ അടിയന്തരാവസ്ഥയിലോ മറ്റ് അവശ്യഘട്ടങ്ങളിലോ നിര്‍ബന്ധിത ലൈസന്‍സിങ് ഏര്‍പ്പെടുത്താവുന്നതാണ്. ഏതെങ്കിലും മരുന്ന് നിര്‍മ്മാതാക്കള്‍ സമീപിച്ചാല്‍, ന്യായമായ  ഒരു റോയല്‍റ്റി  നിശ്ചയിച്ചുകൊണ്ട് പേറ്റന്റ് കണ്‍ട്രോളര്‍ക്ക് പേറ്റന്റ് അനുവദിക്കാവുന്നതാണ്. നിയമത്തിന്റെ വകുപ്പ് 100 അനുസരിച്ച് ഗവണ്‍മെന്റുകള്‍ക്ക് പൊതു ആവശ്യത്തിനായി കമ്പനികള്‍ക്ക് പേറ്റന്റ് നേരിട്ട് അനുവദിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്ഷന്‍ 102 അനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റിന്  പേറ്റന്റ് ഏറ്റെടുക്കാവുന്നതോ, സെക്ഷന്‍ 66 അനുസരിച്ച് പേറ്റന്റ് റദ്ദ് ചെയ്യുകയോ ചെയ്യാവുന്നതാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

ബൗദ്ധിക സ്വത്തവകാശ ഉടമ്പടിയുടെ അനുഛേദം 7, 8, 30 ഒക്കെയനുസരിച്ച് ബൗദ്ധികസ്വത്തവകാശം സാമൂഹിക സാമ്പത്തിക ക്ഷേമത്തിനുവേണ്ടി ആണ് ഉപയോഗിക്കേണ്ടത്. ട്രിപ്‌സ് ഉടമ്പടിയുടെ അനുഛേദം 8 അനുസരിച്ച് പൊതു ആരോഗ്യം സംരക്ഷിക്കുന്നതിനും, പോഷകാഹാരക്കുറവ്  പരിഹരിക്കുന്നതിനും, ബൗദ്ധിക സ്വത്തവകാശ ദുരുപയോഗം തടയുന്നതിനും, ദേശീയ അടിയന്തരാവസ്ഥയിലും  അതീവ അടിയന്തരഘട്ടങ്ങളിലും നിര്‍ബന്ധിത ലൈസന്‍സിംഗ് ഏര്‍പെടുത്താവുന്നതാണ്. പൊതുജന ആരോഗ്യസംരക്ഷണത്തിനും, ചികിത്സാ സൗകര്യങ്ങള്‍ സാര്‍വത്രികമായി ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും ഉപയുക്തമായ രീതിയില്‍ വേണം ട്രിപ്‌സ് ഉടമ്പടിയെ വ്യാഖ്യാനിക്കേണ്ടത് എന്ന് ദോഹ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. ഈ അധികാരം ഉപയോഗിക്കണമോയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണം.

അവശ്യ മരുന്നുകള്‍  എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ട് എന്ന്  ഗവണ്‍മെൻറ്​ ഉറപ്പുവരുത്തണം. ന്യായമായ വിലയ്ക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 2013ലെ പ്രൈസ് കണ്‍ട്രോള്‍ ഉത്തരവിന്റെ ഖണ്ഡിക19, 20 എന്നിവ നല്‍കുന്ന അധികാരം ഉപയോഗപ്പെടുത്തണമോയെന്ന് ഗവണ്‍മെന്റ് തീരുമാനിക്കണം. ന്യായമായ വില ഉറപ്പുവരുത്തുന്നതിന് മരുന്ന് ഇറക്കുമതി ചെയ്യുന്നതിനോ, പേറ്റന്റ് ആക്റ്റിലെ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ, കരിഞ്ചന്ത തടയുന്നതിനോ ഉള്ള സാധ്യതകള്‍ ഗവണ്‍മെന്റ് പരിശോധിക്കണം

സമൂഹ മാധ്യമ നിയന്ത്രണം: രാജ്യം അതി ഗുരുതര പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലഘട്ടത്തില്‍, അവശ്യമരുന്നുകള്‍ക്ക് ഓക്‌സിജനും എല്ലാം ക്ഷാമം അനുഭവപ്പെടുന്ന സമയത്ത്, ആളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍, സഹായത്തിനും പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കാനും സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നത് തടയാനാകില്ല. ദേശത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നു എന്ന പേരില്‍ പൗരരെ വേട്ടയാടാന്‍ കഴിയില്ല. 2017 ലെ, സുപ്രീംകോടതിയുടെ സ്വകാര്യതാ വിധിയില്‍ പ്രത്യേകം പ്രസ്താവിച്ചിട്ടുള്ളത് പോലെ ദുരിത കാലത്ത് വിവരങ്ങള്‍ പങ്കുവെക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചരിത്രം നമ്മളോട് പറയുന്നത്  ദുരിതങ്ങള്‍ ജീവന്‍ എടുക്കുന്നത് ഭരണാധികാരികളുടെയോ ഭരണ വര്‍ഗത്തിന്റെയോ അല്ല, മറിച്ച് സാധാരണ മനുഷ്യരുടെയാണെന്നാണ്. ആ മനുഷ്യരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കേണ്ടതുണ്ട്.
ഇത്തരം ശബ്ദങ്ങളെ നിയന്ത്രിക്കാന്‍ പാടില്ല എന്ന് പറയുന്നതിന് മറ്റൊരു കാരണം, അത് സമൂഹത്തിന്റെ  പൊതുസ്മരണകളെ അടയാളപ്പെടുത്തുന്നു എന്നുള്ളതാണ്. അങ്ങനെ മാത്രമാണ് ഇന്നത്തെ തലമുറയുടെ അറിവുകളും അനുഭവങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അല്ലെങ്കില്‍  അത് നടക്കാതെ പോകും. ഉദാഹരണത്തിന് ഇന്നത്തേതിനു സമാനമായ അടിയന്തര സാമൂഹ്യസാഹചര്യം സ്പാനിഷ് ഫ്‌ലൂവിന്റെ കാലത്ത് ഉണ്ടായിരുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും സമൂഹത്തില്‍ ഇന്ന് ശേഷിക്കുന്നില്ല. 

സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ പേരില്‍ നിയമനടപടി സ്വീകരിച്ചാല്‍ അത് ഗൗരവതരമായി പരിഗണിച്ച്, ഈ കോടതിയുടെ അധികാരങ്ങള്‍ പ്രയോഗിക്കുന്നതാണ് എന്ന കാര്യം എല്ലാ സംസ്ഥാന ഡി.ജി.പി.-മാരെയും ചീഫ് സെക്രട്ടറിമാരെയും കേന്ദ്രസര്‍ക്കാര്‍ അറിയിക്കണം എന്ന് ഉത്തരവിലുണ്ട്. ഈ ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ലഭ്യമാക്കാന്‍ രജിസ്ട്രാര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.

ആരോഗ്യപ്രവര്‍ത്തകര്‍: കേവലം ‘കൊറോണ യോദ്ധാക്കളാ’യല്ല, കാലഘട്ടത്തിന് ഏറ്റവും അനുഗുണമായ രീതികളും ശാസ്ത്രീയസമീപനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളായാണ് ആരോഗ്യപ്രവര്‍ത്തകരെ കാണേണ്ടത്. അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിലാണ് കാര്യം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഒരുക്കിയിരുന്ന 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് 2021 മാര്‍ച്ച് മാസത്തില്‍ അവസാനിച്ചു. ഇനിയുമത് തുടരുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവണ്‍മെന്റ് പറയുന്നത് നല്ല കാര്യം. ഇതുവരെ 287 ക്‌ളയിമുകള്‍ പരിഹരിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്; ഇനി എത്ര ക്‌ളയിമുകള്‍ പരിഹരിക്കാതെ അവശേഷിക്കുന്നുണ്ട്  തുടങ്ങിയ കാര്യങ്ങള്‍ കോടതിയെ അറിയിക്കണം. 

ആരോഗ്യപ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പോലുമില്ലാതെയാണ് ജോലിചെയ്യുന്നത്. അവരുടെ ജോലിസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം. അവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം. അവരുടെ ഭക്ഷണം, വിശ്രമം, ആവശ്യമായ ഇടവേളകള്‍,  ഗതാഗതസൗകര്യങ്ങള്‍, ശമ്പളം, മറ്റ് അലവന്‍സുകള്‍, രോഗബാധ ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍, പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതികള്‍, എന്നിവയെല്ലാം ഉറപ്പു വരുത്താന്‍ കഴിയണം. ആരോഗ്യപ്രവര്‍ത്തകര്‍ എന്നതുകൊണ്ട് കോടതി ഉദ്ദേശിക്കുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരും ലബോറട്ടറി ജീവനക്കാരും ശുചീകരണ തൊഴിലാളികളും ശ്മശാനങ്ങളിലെ ജീവനക്കാരും എല്ലാം ഉള്‍പ്പെടുന്ന വിഭാഗത്തെയാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ലോക്ക്ഡൗണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കണം. മാരകമായ കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ലോക്ഡൗണ്‍ അനിവാര്യമാണോ എന്ന കാര്യം ഗവണ്‍മെന്റ് പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ സാധാരണജനങ്ങള്‍ക്ക്, പ്രത്യേകിച്ചും അവശ വിഭാഗങ്ങള്‍ക്ക്, വലിയ ദുരിതമായി മാറാനും മതി. ഇത് പരിഗണിച്ച് ഇത്തരത്തിലുള്ള വിഭാഗങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തിട്ടുവേണം ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുവാന്‍.

അങ്ങനെ,  രാജ്യം ഒരു ദുരിത കാലത്തെ അഭിമുഖീകരിക്കുമ്പോള്‍, ഒരു ഭരണകൂടം എന്തൊക്കെ കാര്യങ്ങള്‍ ആണോ  മുന്‍കൂട്ടി ആലോചിച്ച്  പദ്ധതിയിടേണ്ടിയിരുന്നത് എന്നത് സംബന്ധിച്ച വളരെ വിശാലമായ   കാഴ്ചപ്പാടോടുകൂടി  സുപ്രധാനമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് സുപ്രീംകോടതി. ഇത് ചരിത്രത്തില്‍, ഈ  ദുരിത കാലത്ത്, ഭരണഘടനാകോടതികള്‍ എങ്ങനെയാണ് ഇടപെടേണ്ടത് എന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടി ആകുന്നുണ്ട്. ഗവണ്‍മെന്റാകട്ടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നതും, അപ്രിയസത്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വരാതിരിക്കാന്‍ ആശയപ്രകാശനവേദികളെ ഇല്ലായ്മ ചെയ്യുന്നതും, അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്നതും, വസ്തുതകളും കണക്കുകളും മറച്ചു വയ്ക്കുന്നതുമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 

അത്തരമൊരു സാഹചര്യത്തില്‍ സ്വമേധയാ ഈ കേസ് എടുക്കുന്നതിലൂടെ സുപ്രീംകോടതി ഒരു വലിയ ദൗത്യമാണ് നിറവേറ്റുന്നത്. നയകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഗവണ്മെന്റ് തന്നെയാണ് എന്ന ശരിയായ നിലപാട് തന്നെയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. 
എന്നാല്‍ ബി.സി.സി.ഐ.യുടെ ഭരണം മുതല്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കല്‍ വരെ എക്‌സിക്യൂട്ടീവിനെക്കാള്‍ താത്പര്യത്തോടെ നായകാര്യങ്ങളില്‍ തീരുമാനമെടുക്കുകയും നിര്‍വഹണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ചരിത്രമുള്ള കോടതിയാണിത്. അങ്ങനെ നോക്കുമ്പോള്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിന് ഇതിലും വലിയൊരു അവസരം മറ്റൊന്നില്ലായിരുന്നു.  രാജ്യം ശ്വാസം കിട്ടാതെ പിടയുമ്പോള്‍ മറ്റേത് പരിഗണനകളും മാറ്റിവച്ച് തികഞ്ഞ പരാജയമാണ് എന്നു ഇതിനകം തെളിയിച്ചിട്ടുള്ള ഗവണ്മെന്റിന്റെ അഭിപ്രായങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ നിര്‍ബന്ധിത ലൈസന്‍സിംഗ് പോലുള്ള കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ക്കു പകരം നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാമായിരുന്നു. അതുണ്ടായില്ല എന്നത് കോടതിയെ അവസാന അത്താണിയായി കാണുന്നവരെ നിരാശപ്പെടുത്തുന്നുണ്ട്. 

എന്നാലും, ഇത് മെയ് 10 വരെയ്ക്കുള്ള ഇടക്കാല ഉത്തരവ് മാത്രമാണ് എന്ന കാര്യം ഓര്‍ക്കണം. പ്രതിസന്ധി കാലത്ത് ഗവണ്മെന്റുമായി നേരിട്ട് ഒരേറ്റുമുട്ടലിന് മുതിരാതെ, ഗവണ്മെന്റ് സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമായിരിക്കണം എന്നതിന്റെ കൃത്യമായ ഒരു മാര്‍ഗരേഖ നല്‍കുകയാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മെയ് പത്തിന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് കരുതാം. അതേ സമയം ഉടന്‍ ഇടപെടല്‍ ആവശ്യമായിരുന്ന ഓക്‌സിജന്‍ വിതരണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ ഉത്തരവ് തന്നെയാണ് ഉണ്ടായിട്ടുള്ളത് എന്നും നാം കാണണം. 

ജനങ്ങളുടെ, അവര്‍ അര്‍ഹിക്കാത്തതും അനീതിപൂര്‍വ്വകവും തികച്ചും അനാവശ്യവുമായ ദുരിതത്തിന്റെയും മരണത്തിന്റെയും കാഴ്ചബംഗ്ലാവുകളാണ് നീതിന്യായ സംവിധാനങ്ങള്‍ എന്ന് വിധിയില്‍ ഒരിടത്ത് എഴുതിയിരിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ ആഖ്യാനങ്ങളിലൂടെ  ചരിത്രത്തെ രേഖപ്പെടുത്തുവാനും അങ്ങനെ  നിഷേധങ്ങള്‍ക്കു മുന്നില്‍  ഓര്‍മപ്പെടുത്തലുകളായി ഉറച്ചുനില്‍ക്കാനുമുള്ള അവസരങ്ങളാണ് ഓരോ കോടതി വ്യവഹാരവും. അത്തരമൊരു ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാന്‍  കോവിഡിന്റെ  ഒന്നാം തരംഗത്തില്‍, ആയിരക്കണക്കിന് ഹതാശരായ  മനുഷ്യര്‍ നിരാലംബരായി തെരുവിലൂടെ അലഞ്ഞപ്പോള്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല; ഇന്ന്, കോടതി അതിന് തയ്യാറാകുമ്പോള്‍ ഗവണ്‍മെൻറ്​ എങ്ങനെ പ്രതികരിക്കുന്നു എന്ന് നമുക്ക് കാത്തിരുന്നുകാണാം.

ഈ ലേഖനം 2021മേയ് 5-നു ട്രൂ കോപ്പി തിങ്ക് പ്രസിദ്ധീകരിച്ചതാണ്

LEAVE A REPLY

Please enter your comment!
Please enter your name here