വോട്ടിംഗ് യന്ത്രങ്ങൾ ജനാധിപത്യത്തെ പരാജയപ്പെടുത്തുന്നോ?

1951, 1977 പൊതു തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം രാജ്യം ഇത്രയധികം ആകംഷയോടെയും ഉത്കണ്ഠയോടെയും ഫലം കാത്തിരിക്കുന്ന ഒരു തെരഞ്ഞെടുപ്പ്  ഉണ്ടായിട്ടില്ല. ജനാധിപത്യം തന്നെ അപകടത്തിലാകുമോ എന്ന ആശങ്കകള്‍ ഉയരുന്ന സന്ദര്‍ഭത്തില്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരൂഹമായ സാഹചര്യങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ നമ്മുടെ ജനാധിപത്യം സംശയത്തിന്റെ സൂചിമുനയിലാകുകയാണ്.

വോട്ടിംഗ് യന്ത്രത്തോട് ജനധിപത്യവിശ്വാസികള്‍ വിയോജിക്കുന്നത് കേവലം സാങ്കേതികതയുടെയോ, സുരക്ഷിതത്വത്തിന്റെയോ പേരിലല്ല. നിലവിലെ ഇ.വി.എം. സംവിധാനങ്ങളൊന്നും അടിസ്ഥാന ജനാധിപത്യ പ്രമാണങ്ങളോട് യോജിച്ചു പോകുന്നില്ല എന്നതുകൊണ്ടാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനമായ വോട്ടെടുപ്പിന്റെ പ്രാഥമിക ചേരുവകള്‍ മൂന്നാണ്. രഹസ്യ ബാലറ്റ്, സുതാര്യത, വിശ്വാസ്യത. നമുക്ക് ഓരോന്നായി പരിശോധിക്കാം.

1. രഹസ്യ ബാലറ്റ് 

ഒരു പൗരന്‍ ചെയ്യുന്ന വോട്ട് മറ്റൊരാള്‍ അറിയാന്‍ പാടില്ല എന്നതാണിത്. ബാലറ്റില്‍ നമ്മള്‍ മഷി കുത്തുന്നത് രഹസ്യമായാണ് അത് മടക്കി പെട്ടിയില്‍ നിക്ഷേപിക്കുന്നതും നമ്മള്‍ തന്നെ മറ്റൊരാള്‍ അത് ഏതെന്നറിയാണുള്ള സാധ്യത സാധാരണഗതിയില്‍ ഇല്ല. വോട്ടിംഗ് മെഷീനിലും ഇത് സാധ്യമാണ്, ആധാര്‍ പോലുള്ള ഏതെങ്കിലും പൊതു നമ്പറുമായി ബന്ധല്ലെടുത്തി ഇത് ലോഗ് ചെയ്യപ്പെടാത്തിടത്തോളം കാലം.

ഓരോ ബൂത്തിലെയും വോട്ടുകള്‍ പ്രത്യേകം എണ്ണുന്നതുകൊണ്ട് ഇപ്പോള്‍ ബൂത്ത് തലത്തിലുള്ള പ്രൊഫൈലിങ് നടത്തുന്നുണ്ട്. താത്പര്യ കക്ഷികള്‍ക്ക് ബൂത്തു തലത്തില്‍ സ്വാധീനം ചെകുത്താന്‍/ പക വീട്ടാന്‍ ഒക്കെ ഇത് സാധ്യതകള്‍ ഒരുക്കുന്നുണ്ട്. ബാലറ്റ് ആണെങ്കില്‍ എല്ലാം മിക്‌സ് ചെയ്തതിനു ശേഷം മാത്രമേ എണ്ണല്‍ ആരംഭിക്കുമായിരുന്നോള്ളൂ.

2. സുതാര്യത

തങ്ങള്‍ ചെയ്ത വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണ് പോകുന്നത് എന്ന് ഓരോ സമ്മതിദായകനും സ്വയം നേരിട്ട് കണ്ട് ബോധ്യപ്പെടാനുള്ള അവസരമാണിത്. പേപ്പര്‍ ബാലറ്റില്‍ ഓരോരുത്തരും കുത്തുന്ന വോട്ട് ആ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനുമേല്‍ തന്നെ പതിയുന്നു എന്ന് കണ്ടു ബോധ്യപ്പെടാനാകും. വോട്ടിംഗ് യന്ത്രത്തിലാണെങ്കില്‍, ബാലറ്റ് യൂണിറ്റില്‍ തെളിയുന്ന എല്‍.ഇ.ഡി. വെളിച്ചവും, ബീപ്പ് ശബ്ദവുമാണ് ഏക തെളിവ്. കണ്ട്രോള്‍ യൂണിറ്റില്‍ വോട്ട് ഏത് സ്ഥാനാര്‍ഥിയുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന് സംശയം ഉയര്‍ന്നാല്‍ വെളിച്ചം കണ്ടു വിശ്വസിച്ചോളൂ എന്നു മാത്രമേ പറയാനാകൂ.

3. വിശ്വാസ്യത

ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസ്യത പരമപ്രധാനമാണ്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ വോട്ടെടുപ്പിനെക്കുറിച്ച്, വോട്ടെണ്ണലിനെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍, അതു പരിശോധിക്കാന്‍ കഴിയണം. ഫലം ഓഡിറ്റബിള്‍ ആകണം. പേപ്പര്‍ ബാലറ്റില്‍ എല്ലാ കക്ഷികള്‍ക്കും പേപ്പറില്‍ നോക്കി തീര്‍ച്ചപ്പെടുത്തി തൃപ്തികരമായ വീണ്ടും വോട്ടെണ്ണല്‍ നടത്തുവാനുള്ള സാധ്യതകള്‍ ഉണ്ട്.

വോട്ടിംഗ് മെഷീനില്‍ റീകൗണ്ടിംഗ് എന്നത് അസംബന്ധമാണ്. കാരണം മഷീനിലെ ഇൻപുട്ട് (ചെയ്ത വോട്ട്) ഏതെന്ന് ആര്‍ക്കും അറിയില്ല, പരിശോധിക്കാനും കഴിയില്ല, അങ്ങനെ പരിശോധിക്കണമെങ്കില്‍ എല്ലാവരുടെയും വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് വോട്ടുവിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഔട്ട്പുട്ട് (ഓരോ സ്ഥാനര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം) നമുക്ക് ഇന്‍പുട്ടുമായി ഒത്തു നോക്കാനാവില്ല. അതുകൊണ്ടുതന്നെ തിരിമറികള്‍ നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താനും കഴിയില്ല. 

വോട്ടിംഗ് യന്ത്രം കാല്‍ക്കുലേറ്റര്‍ പോലെ ഒരു ലളിതയന്ത്രമാണ്, തെറ്റുണ്ടെങ്കില്‍ അതു മാറ്റിയാല്‍ പോരെ എന്നു ചോദിക്കുന്നവര്‍ അറിയേണ്ടത് കള്‍ക്കുലേറ്ററിന്റെ കാര്യത്തില്‍ 5+5=10 എന്ന് ഉത്തരം തരാത്ത കാല്‍ക്കുലേറ്റര്‍ തെറ്റാണ് എന്ന് നമ്മൾ  മനസ്സിലാക്കുന്നത് 10 എന്ന ഉത്തരം വരാന്‍ കാരണം 5+5 എന്ന ചോദ്യമാണ് എന്നു നമുക്ക് അറിയാവുന്നത് കൊണ്ടാണ്. ഇവിടെ നമുക്ക് ചോദ്യമേതെന്ന് (ഇൻപുട്ട്) അറിയില്ല 10 എന്നത് 5+5 ആണോ, 9+1 ആണോ, 6+4 ആണോ എന്നതൊക്കെ പ്രസക്തമായ സാഹചര്യത്തില്‍ ഒരു ഓഡിറ്റിങ് സംവിധാനം അത്യന്താപേക്ഷിതമാണ്. അതുപക്ഷേ, വോട്ടിംഗ് യന്തത്തില്‍ സാധ്യവുമല്ല.

ചുരുക്കത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് വിരുദ്ധമാണ്. ഈ ഒറ്റ നിലപാടിന്മേല്‍ ആണ്,  2005ല്‍ ജര്‍മനിയുടെ ഭരണഘടനാ കോടതി വോട്ടിംഗ് യന്ത്രങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞത്. ‘ഒരു വിദഗ്ദ്ധന്റെയും സഹായമില്ലാതെ സാധാരണക്കാര്‍ക്ക് പരിശോധിച്ചു വിശ്വാസ്യത ഉറപ്പു വരുത്താന്‍ കഴിയുന്നതാകണം വോട്ടിംഗ് സംവിധാനം’എന്നാണ് കോടതി നിരീക്ഷിച്ചത്.

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ അതു പരിശോധിച്ച് അറിയാനുള്ള മാര്‍ഗം ഇല്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ അത് ജനാധിപത്യത്തിന് അനുയോജ്യമല്ല എന്നു കരുതേണ്ടിയിരിക്കുന്നു. കാരണം ഒരു തെരഞ്ഞെടുപ്പ് അട്ടിമറി ഉണ്ടാകുകയാണെങ്കില്‍ പുറത്തു നിന്നുള്ള ഒരു തിരിമറിയേക്കാള്‍ സാധ്യത ഒരു ആഭ്യന്തര അട്ടിമറിക്കാണ്. അത്തരത്തില്‍ അട്ടിമറി നടന്നാല്‍ അത് സാധാരണക്കാരന് കണ്ടു ബോധ്യപ്പെടും വിധം തിരിച്ചറിയനാവില്ല. കാരണം വോട്ടിംഗ് യന്ത്രം അതാര്യമാണ്. ഫോറന്‌സിക്ക് പരിശോധനകളുടെ സാധ്യതകള്‍ ഒക്കെ ഉണ്ടെങ്കിലും അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഗവണ്മെന്റും ഭരണകൂടോപകരണങ്ങളും അതു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയോ വെളിച്ചത്തു കൊണ്ടുവരികയോ ഇല്ലെന്നത് വ്യക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ ജനാധിപത്യത്തിന്റെ നിശ്ശബ്ദമരണമാകുമത്.

വി.വി.പാറ്റ് , സംവിധാനം എത്രമാത്രം ഫലപ്രദമാണ് എന്നതും ആലോചനാവിഷയമാണ്. വി.വി.പാറ്റ്  പോളിങ് ബൂത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്. ഒരാള്‍ ബാലറ്റ് യൂണിറ്റില്‍ വോട്ടു ചെയ്താല്‍, അതേ ചിഹ്നത്തില്‍ ഒരു സ്ലിപ്പ് വി.വി.പാറ്റ് യന്ത്രത്തില്‍ പ്രിന്റ് ചെയ്യുന്നു. ആ സ്ലിപ്പ് 7 സെക്കന്‍ഡ് നേരത്തേക്ക് വോട്ടര്‍ക്ക് ദൃശ്യമായിരിക്കും. അതിനുശേഷം അതു മുറിഞ്ഞ് യന്ത്രത്തിന്റെ പെട്ടിയിലേക്ക്  ലേക്ക് വീഴും. ഈ അവസരത്തില്‍ താന്‍ വോട്ടു ചെയ്ത ചിഹ്നത്തില്‍ അല്ലാതെ മറ്റൊരു ചിഹ്നത്തില്‍ വി.വി.പാറ്റ് സ്ലിപ്പ് വരുന്നതായി വോട്ടര്‍ക്ക് തോന്നിയാല്‍ പരാതി പറയാം. അപ്പോള്‍ തന്നെ ടെസ്റ്റ് വോട്ടിനുള്ള അവസരം ഉണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അയാള്‍ക്ക് വീണ്ടും വോട്ടുചെയ്യാം. അപ്പോഴും ഇതേപോലെ തെറ്റു വന്നാല്‍ വോട്ടിംഗ് നിര്‍ത്തിവയ്ക്കും. 

എന്നാല്‍ ഇത് മറ്റൊരു തരത്തിലും സംഭവിക്കാം. വി.വി.പാറ്റ് സ്ലിപ്പ് വോട്ടര്‍ യഥാര്‍ത്ഥത്തില്‍ ശരിക്കു കാണാത്തതാകാം.  കാഴ്ചയുടെ പ്രശ്‌നം ഉള്ളവര്‍ക്ക് മാത്രമല്ല, വളരെ സെന്‍സിറ്റീവ് ആയ മെഷീന്‍ ആയതുകൊണ്ട് നന്നായി വെളിച്ചം കിട്ടുന്ന സ്ഥലത്ത്, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത്, ഈ മെഷീന്‍ വയ്ക്കാനാകില്ല. അതുകൊണ്ടുതന്നെ കാഴ്ചക്കുറവ് ഉള്ളവര്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും മാനുഷികമായ പിഴവ് പറ്റാം. അങ്ങനെ വന്നാല്‍ 6 മാസം ജയിലില്‍ കിടക്കുക എന്നതാണ് അയാളുടെ വിധി. ജനാധിപത്യപ്രക്രിയ സുഗമമാക്കുന്നതിന് വേണ്ടിയാണ് യന്ത്രങ്ങള്‍ കൊണ്ടുവരുന്നത് അല്ലാതെ യന്ത്രങ്ങള്‍ക്ക് അനുസരിച്ചു ജനാധിപത്യത്തെ വക്രീകരിക്കുകയല്ല  ചെയ്യുകയല്ല വേണ്ടത്. നിയമം ആകട്ടെ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരിക്കണം, അല്ലാതെ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ വേണ്ടി നിയമം ഉണ്ടാക്കുക അല്ല വേണ്ടത്.

മറ്റൊരു സാധ്യത ശരിക്കും അട്ടിമറി നടക്കുന്നതാണ്. സാമാന്യബോധമുള്ള ഒരു പ്രോഗ്രാമറും എല്ലാ വോട്ടും തെറ്റായി പ്രിന്റ്  ചെയ്യുന്ന തരത്തില്‍ അത് പ്രോഗ്രാം ചെയ്യില്ല. ഇലക്ഷന്‍ ആരംഭിക്കുന്നതുമുന്പുള്ള മോക്ക്‌പോള്‍ മറികടക്കാന്‍ ഒരു 100-200 വോട്ടുകള്‍ക്ക് ശേഷമേ, എന്തു വന്നാലും ഈ അട്ടിമറി പ്രക്രിയ ആരംഭിക്കൂ. അതിനു ശേഷവും ഒരു കാരണവശാലും അടുപ്പിച്ച് 2 സ്ലിപ്പുകള്‍ തെറ്റായി പ്രിന്റ് ചെയ്യുന്ന തരത്തിലും പ്രോഗ്രാം ചെയ്യില്ല. മൂന്നോ നാലോ വോട്ടുകള്‍ക്ക് ശേഷമാകും ഒരു തെറ്റായ പ്രിന്റ് വരിക. അപ്പോള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വോട്ടര്‍ ടെസ്റ്റ് വോട്ട് ചെയ്യുമ്പോള്‍ ഈ തെറ്റ് ഉണ്ടാകില്ല. എന്തായിരിക്കും ഫലം, ശരിക്കും തെറ്റു കണ്ടെത്തിയ വോട്ടര്‍ 6 മാസം അകത്ത്, അട്ടിമറി സാധ്യമാക്കിയ യന്ത്രം സുരക്ഷിതം. 

ഇന്നത്തെ സാഹചര്യത്തില്‍ വി.വി.പാറ്റ്  വഴി അട്ടിമറി കണ്ടെത്തുക എളുപ്പമല്ല എന്നു സാരം. എത്ര പേരാണ് ഒരു പ്രയോജനവുമില്ലാതെ, ജനാധിപത്യത്തിന് വേണ്ടി ജയിലില്‍ പോകുക? തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ ഭയപ്പെടുത്തി പിന്‍മാറ്റുന്ന തരത്തിലാണോ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള സംവിധാനം ഒരുക്കേണ്ടത്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും, എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു കരുതുക, എങ്കില്‍ പോലും ചിപ്പ് ലെവല്‍ അട്ടിമറികള്‍ക്ക് ഉള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. 

പ്രത്യേകിച്ചും വി.വി.പാറ്റ് നിലവിൽ വന്നതോടെ വോട്ടിംഗ് യന്ത്രത്തിൽ ഉപയോഗിക്കുന്ന ചിപ്പുകൾ ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്നവ തന്നെയാണോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. ഇ.വി.എം. നിർമാതാക്കളായ ഭാരത് ഇലക്രോണിക്സ് ലിമിറ്റഡ് വിവരാവകാശ  നിയമപ്രകാരം ഉള്ള ഒരു ചോദ്യത്തിന്നൽകിയ ഏറ്റവും പുതിയ മറുപടി അനുസരിച്ച് ഇപ്പോൾ അവർ ഉപയോഗിക്കുന്നത് എൻ.എക്സ്.പി. എന്ന അമേരിക്കൻ കമ്പനിയുടെ മൈക്ക്രോ കൺട്രോളർ ആണ്. അവരുടെ വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അതിന് 3 തരാം മെമ്മറികൾ ഉണ്ട്. SRAM, ഫ്‌ളാഷ്, EEPROM. ഫ്‌ളാഷ് മെമ്മറി ഉള്ള ഒരു ചിപ്പ് വൺ-ടൈം-പ്രോഗ്രാമബിൾ ആണെന്ന് എങ്ങനെ കരുതാനാകും? വി.വി.പാറ്റ് ഏർപ്പെടുത്താനായി, സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്യാനായി നേരത്തെ പ്രോഗ്രാം ചെയ്യുക അസാധ്യമാണ്. അതുകൊണ്ട് ഒരു പക്ഷെ വി.വി.പാറ്റിന് വേണ്ടിയാകാം ഫ്‌ളാഷ് മെമ്മറി ഉപയോഗിക്കേണ്ടി വരിക. 

 ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമാസഭയ്ക്കുള്ളില്‍ ചെയ്തുകാണിച്ചതുപോലെ ഒരു പ്രത്യേക കീകോമ്പിനേഷനിലൂടെ, ചില പ്രത്യേക കോഡുകള്‍ യന്ത്രത്തില്‍ അമര്‍ത്തുന്നതോടെ ആരംഭിക്കുന്ന അട്ടിമറിയാണെങ്കില്‍ ഏതു തരത്തിലും റാന്‍ഡണ്മൈസേഷന്‍ കൊണ്ടും ഇലക്ഷന് മുന്‍പുള്ള മോക്ക് പോള്‍ കൊണ്ടുമൊന്നും  കണ്ടെത്താന്‍ കഴിയില്ല. ഇതിനര്‍ത്ഥം ഇപ്പോള്‍ നമ്മുടെ യന്ത്രങ്ങളില്‍ ഇത്തരം അട്ടിമറികള്‍ നടക്കുന്നു എന്നല്ല. അതിനുള്ള സാധ്യതകള്‍ ഉണ്ട് എന്നാണ്. ഹാക്ക് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉണ്ടെന്ന് ഇക്കാലത്തു വിശ്വസിക്കുന്നത് സ്വയം കബളിപ്പിക്കലാണ്. ഏതൊരു ഇലക്ട്രോണിക്ക് സംവിധാനവും ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത ഉണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പുറമെ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നുമെല്ലാം അത് സംഭവിക്കാം. അപ്പോള്‍ അത് കണ്ടെത്തുവാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. ഹാക്ക് ചെയ്യപ്പെട്ടാല്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടാല്‍ അത് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് പ്രധാന പ്രശ്‌നം. മൊത്തം യന്ത്രങ്ങളില്‍ വെറും 3%ത്തില്‍ മാത്രം കൃത്രിമം നടത്തിയാല്‍ ഇലക്ഷന്‍ ഫലങ്ങള്‍ അട്ടിമറിക്കാനാകും എന്നു കാണിക്കുന്ന പഠനങ്ങള്‍ ഉണ്ട്. 

ഇ.വി.എം.കളില്‍ അട്ടിമറി സാധ്യതളേതുമില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. കാരണം ഇവര്‍ക്കൊന്നും പരിശോധനയ്ക്കായി യന്ത്രത്തിന്റെ പൂര്‍ണമായ ഘടന  (ഫുള്‍ ഡിസൈന്‍) ലഭ്യമായിട്ടില്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. എല്ലാ വോട്ടിംഗ് യന്ത്രങ്ങള്‍ക്കും അനന്യമായ ഒരു നമ്പര്‍ (യുണീക്ക് നമ്പർ ) ഉണ്ട് എന്നും അത് ഫലപ്രദമായി  എന്‍ക്രിപ്റ്റ ചെയ്തിട്ടുണ്ട് എന്നും എന്ത് ഉറപ്പാണ് ഉള്ളത്? ഇതിനു മുന്‍പ് വോട്ടെണ്ണലിന് ഉപയോഗിച്ച ഇ.വി.എം.ലെ നമ്പര്‍ ഒത്തു വരാതിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2 വര്‍ഷമായി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കാത്തിരിക്കുകയാണ്. മാത്രമല്ല എല്ലാ  ചട്ടങ്ങള്‍ക്കും വിരുദ്ധമായ രീതിയില്‍ യന്ത്രം കൈകാര്യം ചെയ്തിട്ടുള്ള നിരവധി അവസരങ്ങള്‍ നമ്മള്‍ കണ്ടതാണ്. ട്രാക്കുകളിലും, കാറുകളിലും, സ്വകാര്യ വാഹനങ്ങളിലും, ഹോട്ടല്‍ മുറിയിലും എല്ലാം സംശയമുണര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഇ.വി.എം. കണ്ടെത്തിയിട്ടുണ്ട്. 

വോട്ടിംഗ് യന്ത്രങ്ങൾ  ട്രക്കുകളിലും ജീപ്പുകളിലും ചായക്കടകളിലുമൊക്കെയായി സുഖദ സഞ്ചാരം നടത്തുന്ന കാഴ്ച കാണുമ്പോള്‍ അതില്‍ സംശയം പ്രകടിപ്പിക്കുന്നവരെ കളിയാക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍  സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലരുടേതായി വന്നു കാണുന്നു. ഇവര്‍ പറയുന്നതൊക്കെ വാദത്തിനു വേണ്ടി അംഗീകരിക്കാം. മെഷീന്‍ ഹാക്കബിള്‍ അല്ല, പേപ്പര്‍ സീലുകള്‍ ഒക്കെ മാറ്റി ഇനി ഇ,വി.എം. അതേ പോലെ തന്നെ സജ്ജീകരിക്കാന്‍  ചെയ്യാന്‍ സാധിക്കില്ല. പക്ഷേ, എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ട് ഋഢങകള്‍ ഇങ്ങനെ തലങ്ങും വിലങ്ങും ഒരു എസ്‌കോര്‍ട് പോലുമില്ലാതെ പായുന്നത് എങ്ങോട്ടേക്കാണ്, എന്തിനാണ് എന്നതിനുള്ള ഉത്തരം ആരു പറയും?

സംശയിക്കുന്നവരോടല്ല, സംശയജനകമായ സാഹചര്യം സൃഷ്ടിക്കുന്നവരോടാണ് ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടത്. ഈ രാജ്യത്തെ പൗരര്‍ എന്ന നിലയില്‍ എല്ലാവരോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. വിവിധ ഘട്ടങ്ങളിലായി ബി.ജെ.പി യും കോണ്‍ഗ്രസ്സും ഉള്‍പ്പടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെതന്നെ വോട്ടിംഗ് യന്ത്രത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിലും അതു വ്യാപകമായുണ്ട്. ജനാധിപത്യത്തില്‍ ഏറ്റവും വിലപ്പെട്ടത് പൊതുസമൂഹത്തിന്റെ വിശ്വാസമാണ്. അതു മനസിലാക്കികൊണ്ടാണ് നമ്മളെക്കാള്‍ സാങ്കേതികമായി വളരെ മുകളില്‍ നില്ക്കുന്ന വികസിത ജനാധിപത്യ രാജ്യങ്ങളെല്ലാം വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റിലേക്ക് മടങ്ങുന്നത്. ഈ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതിന് പേപ്പര്‍ ബാലറ്റുകള്‍ തിരികെ വരേണ്ടതുണ്ട്.

This article was first published in DoolNews on 22nd May 2019

LEAVE A REPLY

Please enter your comment!
Please enter your name here