രാഷ്ട്രീയം പറയുന്ന ബോളിവുഡ് മാസ് മസാല മൂവി

വർത്താമാധ്യമങ്ങളിൽ കണ്ട ദൃശ്യങ്ങളിലൂടെ, നമുക്ക് പരിചിതമായതെന്ന് തോന്നുന്ന ഒരു ആശുപത്രി. തുരുമ്പെടുത്ത കട്ടിലിലും അഴുക്കുനിറഞ്ഞ വെറും നിലത്തും അരണ്ട വെളിച്ചം മാത്രമുള്ള വരാന്തയിലുമായി കിടക്കുന്ന, കണ്ണുകളിൽ നിസ്സഹായത മാത്രം ബാക്കിയാക്കിയ ഒരുപാട് രോഗികൾ. ഒരു മെഡിക്കൽ എമർജൻസി ഉണ്ടാവുന്നു. മസ്തിഷ്കജ്വരം ബാധിച്ച കുറെയധികം കുട്ടികളെ ഒരുമിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. കുട്ടികൾ അവശനിലയിലാണ്. ജീവൻ നിലനിർത്താൻ ഓക്സിജൻ നൽകണം. എന്നാൽ സിലിണ്ടർ സ്റ്റോക്ക് തീർന്നിരിക്കുന്നു. അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ആവശ്യപ്പെടുന്നു. അധികാരികൾ സഹായിക്കുന്നില്ല എന്ന് മാത്രമല്ല, ഡോക്ടറെ അധിക്ഷേപിക്കുകയും ചെയ്യുന്നു. ഒരുപാടലഞ്ഞ്, സ്വന്തം നിലയ്ക്ക് ഓക്സിജൻ വാങ്ങിക്കൊണ്ടുവന്ന്, ഏതുവിധേനയും കുട്ടികളുടെ ജീവൻ രക്ഷിക്കുവാനുള്ള ശ്രമം നടത്തുന്നു അവർ. അപ്പോഴേക്കും പക്ഷേ വൈകി പോകുന്നു. കുട്ടികൾ മരിക്കുന്നു. വലിയ വാർത്തയാകുന്നു. ഓക്സിജൻ ഇല്ലാത്തതായിരുന്നില്ല മരണകാരണം എന്ന് ഹോസ്പിറ്റൽ ഡയറക്ടർ റിപ്പോർട്ട് നൽകുന്നു. ഇതേ ഡയറക്ടറാണ് ഓക്സിജൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതിരുന്നത്. അങ്ങനെ, സ്വയം പണം മുടക്കി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർ ജയിലിലാകുന്നു. 

സന്യാ മൽഹോത്ര അവതരിപ്പിക്കുന്ന ഡോക്ടറുടെ കഥാപാത്രത്തിന്റെ അനുഭവം, ഗോരഖ്പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ, സ്വന്തം നിലയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി കൊണ്ടുവന്ന് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും, ഭരണകൂടം വേട്ടയാടിയ, ഡോ. കഫീൽ ഖാനെ ഓർമ്മപ്പെടുത്തുന്നു. ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകളും വെറുപ്പിന്റെ ഫാക്ടറികളുമായി ദേശീയ മാധ്യമങ്ങളും മുഖ്യധാരാ ബോളിവുഡ് സിനിമകളും മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഓർമ്മകൾ ഉണ്ടായിരിക്കണമെന്ന്, ഇന്ത്യൻ ജനതയോട് ഉറക്കെ വിളിച്ചു പറയുകയാണ് ‘ജവാൻ’ എന്ന ഷാരൂഖ് ഖാൻ ചിത്രം. ഒരുപക്ഷേ വിമർശകർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുന്ന പോരായ്മകൾക്കെല്ലാമപ്പുറത്ത് ഈ സിനിമയുടെ പ്രസക്തിയും അതു തന്നെയാണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ, അവർക്ക് ദഹിക്കുന്ന രീതിയിൽ, ഒരു ഹോളിവുഡ് മാസ് മസാല മൂവിയുടെ എല്ലാ ചേരുവകളും ചേർത്ത് കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയാനുള്ള ധൈര്യം ഷാരൂഖ് ഏറ്റെടുത്തിരിക്കുന്നു. ഗൗരി ഖാന്റെ പ്രൊഡക്ഷൻ ഹൗസാണ് സിനിമ നിർമ്മിച്ചിരിക്കുന്നതും. 

തമിഴ് സിനിമയിൽ ആക്ഷൻ ചിത്രങ്ങൾക്ക് പുതിയൊരു മാനം നൽകിയ അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തുവന്ന ജവാൻ ഒരു സമ്പൂർണ്ണ ഷാരൂഖ് ഖാൻ ചിത്രമാണ്.   ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തി പ്രദേശം എന്ന് അനുമാനിക്കാവുന്ന ഗ്രാമങ്ങളിലൊന്നിൽ, ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന കരിമ്പച്ച യൂണിഫോം ധരിച്ച സൈനികർക്കെതിരെ, മിന്നൽപിണറുകൾ ഉദ്ദീപ്തമാക്കുന്ന  കറുത്ത രാത്രിയിൽ,  കയ്യിൽ ആയുധവുമായി അഭൗമമായ ചടുലചലനങ്ങളോടെ നമ്മുടെ മുന്നിലേക്ക് എത്തുന്ന നിമിഷം മുതൽ, ക്ലൈമാക്സിലെ ആത്മഭാഷണം വരെ അദ്ദേഹം നിറഞ്ഞാടുകയാണ്. കാമുകനും സൈനികനും, അച്ഛനും മകനും, ട്രേഡ്മാർക്ക് അറ്റ്ലീ ആക്ഷൻ സീക്വിൻസുകളും, പാട്ടും നൃത്തവും ഒക്കെയായി, ഒരു ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുംവിധമെല്ലാം പകർന്നാടുന്നുണ്ട്. കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് കടന്നുപോകുന്ന ആദ്യ പകുതിക്ക് ശേഷം ചെറിയ ലാഗ് അനുഭവപ്പെടുമെങ്കിലും, തിരശ്ശീലയിലെ തൻ്റെ സാന്നിധ്യം കൊണ്ട് തിരക്കഥയിലെ പോരായ്മകളെയൊക്കെ മറയ്ക്കാൻ ഷാരൂഖിന് സാധിക്കുന്നുണ്ട്.

കാണികൾക്ക് ചിന്തിക്കാൻ സമയം നൽകാത്ത വേഗതയിൽ മുന്നോട്ടുപോകുന്ന സിനിമ സ്പർശിച്ചു പോകുന്ന നിരവധി സാമൂഹ്യ പ്രശ്നങ്ങളുടെ യാഥാർത്ഥ്യം നമ്മളെ പൊള്ളിക്കുന്നുണ്ട്. കഥാഗതിയിലെ യുക്തിരാഹിത്യങ്ങളെ, കൃത്യമായി സന്നിവേശിപ്പിച്ച വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് മറികടക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. ദേശസ്നേഹം ആവർത്തിച്ചാവർത്തിച്ച്, ഉറക്കെ പ്രഖ്യാപിക്കുന്ന സ്വഭാവമാണ് സിനിമയ്ക്കുള്ളത്. രാജ്യത്തിനുവേണ്ടി പോരാടി കരിയറും ജീവിതവും നഷ്ടപ്പെടുത്തിയ, സൈനികന്റെയും മകൻ്റെയും  ജീവിതപരിസരമാണ്  സിനിമയുടെ കഥാതന്തു. അതുകൊണ്ടുതന്നെ, സിനിമ ഉയർത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന്റെ രാഷ്ട്രീയം തള്ളിക്കളയുക എളുപ്പമല്ല. ദേശസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരുടെ വായടപ്പിക്കുന്ന തന്ത്രപരമായ ചേരുവയാണിതെന്ന് വ്യക്തമാണ്. 

അങ്ങനെയാണ് മുഖ്യധാരാ ബോളിവുഡ് സിനിമകൾ ഉന്നയിക്കാൻ ധൈര്യപ്പെടാത്ത സമകാലിക പ്രശ്നങ്ങൾ ജവാനിൽ വിഷയമാകുന്നത്. ശിങ്കിടിമുതലാളിത്തത്തിന്റെ ഏറ്റവും വികൃതമായ രൂപത്തെ തുറന്നു കാണിക്കുന്നുണ്ട് സിനിമ. നമ്മുടെ രാജ്യത്തിൻ്റെ മണ്ണും മലയും വെള്ളവും അനിയന്ത്രിതമായ ചൂഷണത്തിന് വിട്ടുകൊടുത്ത് പണം ഉണ്ടാക്കുന്ന  രാഷ്ട്രീയം വിജയ് സേതുപതി അവതരിപ്പിക്കുന്ന കാലി ഗയ്ക് വാദ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ നമുക്ക് മുന്നിലെത്തുന്നു.  ഇലക്ഷൻ അട്ടിമറിക്കുന്നതിന് വേണ്ടി കോർപ്പറേറ്റുകൾ ഒഴുക്കുന്ന പണം, കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി അവതരിച്ച രണ്ടായിരത്തിന്റെ കെട്ടുകളായി കണ്ടെയ്നറുകളിൽ എത്തുന്നത് ആകസ്മികമാകാനിടയില്ല. “ഒരു ആഡംബര കാർ വാങ്ങുന്നതിനാണോ ട്രാക്ടർ വാങ്ങുന്നതിനാണോ വായ്പയ്ക്ക് പലിശ കൂടുതൽ കൊടുക്കേണ്ടത്?” എന്ന ചോദ്യം മധ്യവർഗ സമൂഹം  കേട്ടിട്ടുണ്ടാവാൻ ഇടയില്ലാത്തതാണ്. കർഷക ആത്മഹത്യ സിനിമയുടെ പ്രധാനപ്പെട്ട ഭാഗമാണ്. ഒരു ജയിലറായി ജോലി ചെയ്യുന്ന ഷാരൂഖ് ഖാൻ അവിടെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ, ശിക്ഷ എന്നതിലുപരി പരിവർത്തനമാണ് ആധുനിക  നീതിന്യായ സംവിധാനത്തിന്റെ  ലക്ഷ്യം എന്ന ആശയം പങ്കുവയ്ക്കുന്നു. 

ആസാദി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ ദേശദ്രോഹികളായി ചിത്രീകരിച്ച് ജയിലിലാക്കിയ ഭരണകൂടത്തിന് മുന്നിൽ ആസാദ് എന്ന പേരിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. സമൂഹത്തിലെ ജീർണ്ണതകളിൽ നിന്നുള്ള ആസാദിയെ കുറിച്ച് കഥാപാത്രം പറയുന്നുമുണ്ട്. വ്യവസ്ഥിതിയുടെ കാവൽ നായ്ക്കൾക്ക് ആ രംഗങ്ങൾ കണ്ടിരിക്കുക അത്ര എളുപ്പമായിരിക്കില്ല.  സിനിമയുടെ ക്ലൈമാക്സിൽ വോട്ടിന്റെ ശക്തിയെ കുറിച്ചുള്ള ആസാദിന്റെ ഭാഷണം, ഷാരൂഖ് ഖാൻ തന്നെ നേരിട്ട് തൻ്റെ ആരാധകരോട് പറയുന്നതെന്ന തോന്നലാണുണ്ടാക്കുന്നത്. “അഞ്ചു മണിക്കൂർ കൊണ്ട് കത്തിത്തീരുന്ന കൊതുകു തിരി വാങ്ങാൻ പോകുമ്പോൾ പോലും ഒരു നൂറ് സംശയങ്ങൾ ചോദിച്ച് ഉറപ്പുവരുത്തുന്ന നമ്മൾ, നമ്മളെ അഞ്ചുവർഷത്തേക്ക് ഭരിക്കാൻ വേണ്ടി തെരഞ്ഞെടുക്കുന്ന ആളുകളോട് ചോദ്യങ്ങൾ ഉന്നയിക്കാത്തതെന്ത് ?   ജാതിയും  മതവും നോക്കിയല്ല, ആരാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്, ആരാണ് നമുക്ക് വിദ്യാഭ്യാസവും തൊഴിലും നല്ല ആരോഗ്യ സംവിധാനങ്ങളും ഉറപ്പുനൽകുന്നത്, എന്ന് നോക്കിയാവണം വോട്ട് ചെയ്യേണ്ടത് ” ഈ കാലത്ത് ഇത്രയെങ്കിലും പറയുക എന്നത് ഒരു  വിപ്ലവപ്രവർത്തനമാണ്. 

അതിനർത്ഥം സിനിമ ഒരു ക്ലാസിക് ആണെന്നൊന്നുമല്ല.  ഒരുപാട് വിഷയങ്ങൾ ഉന്നയിക്കുന്നത് സിനിമയുടെ ഫോക്കസ് നഷ്ടപ്പെടുത്തുന്നു എന്ന വിമർശനം ന്യായമാണ്. ദീപിക പദുക്കോണുമായുള്ള ഭൂതകാലം ചിത്രത്തിൻ്റെ കഥയ്ക്ക് ആഴം നൽകുന്നുണ്ട്, എങ്കിലും നയൻതാര അഭിനയിക്കുന്ന നർമ്മദ എന്ന കഥാപാത്രം അതിഗംഭീരമായ ഇൻട്രൊഡക്ഷനു ശേഷം എങ്ങും എത്താതെ പോകുന്നു എന്ന നിരാശ ജനിപ്പിക്കുന്നു. പാട്ടുകൾ പലപ്പോഴും അസ്ഥാനത്താണെന്ന് തോന്നി. സിനിമയുടെ സാങ്കേതികത്വം പരിശോധിച്ചാൽ ഇനിയും ഒരായിരം  പോരായ്മകൾ കണ്ടെത്താൻ കഴിയും. എങ്കിലും ഒരു എന്റർടൈനർ, എന്ന നിലയിൽ ഷാരൂഖ് ഖാൻ ഇപ്പോഴും ബോളിവുഡിന്റെ രാജാവ് തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. 

PUBLISHED TRUECOPYTHINK ON 12 SEPT 2023

LEAVE A REPLY

Please enter your comment!
Please enter your name here