രാമനെ പേടിക്കുന്ന യോഗിക്ക്, സുപ്രീം കോടതി കൂട്ടുനില്‍ക്കുന്നതെന്തിന്? എന്തായിരുന്നു ഹൈക്കോടതിയുടെ ‘നടപ്പിലാകാനാകാത്ത നിര്‍ദേശങ്ങള്‍’?

ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കിയ അലഹാബാദ് ഹൈക്കോടതി ‘ഇനിയെല്ലാം രാമന്റെ’ കൈകളില്‍ ആണ് എന്ന് പറയുന്ന സാഹചര്യം ഉണ്ടായി. ഈ പരാമര്‍ശത്തില്‍ ചൊടിച്ച യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് അന്നേദിവസം തന്നെ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് പറഞ്ഞ സുപ്രീം കോടതി, ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ കണ്ടെത്തിയ കാരണം ‘നടപ്പിലാക്കാനാകാത്ത നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കരുത്’ എന്നായിരുന്നു. ഈ പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതി വിധിയിലെ നിര്‍ദേശങ്ങള്‍ എന്തെല്ലാമാണെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരിനൊപ്പം സുപ്രീം കോടതി നിന്നതിലെ അപാകതകളും ചൂണ്ടിക്കാണിക്കുകയാണ് ലേഖകന്‍.

ബാബറി മസ്ജിദ് തകര്‍ത്ത യു.പിയില്‍ മാത്രമല്ല, രാജ്യമെമ്പാടും ബി.ജെ.പിയുടെ പ്രധാനപ്പെട്ട വിജയമന്ത്രം രാമനാണ്. പ്രത്യേകിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം രാമനാണ് പ്രധാന ആയുധം. എന്നാല്‍, ‘ഇനി എല്ലാം രാമന്റെ കൈകളിലാണ്’ എന്നു പറഞ്ഞതിന്റെ പേരില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു യോഗി ആദിത്യനാഥ്.

ബഹുമാനപ്പെട്ട നമ്മുടെ സുപ്രീം കോടതി, ആ വിധി സ്റ്റേ ചെയ്യുകയും വിധി കേവലം നിര്‍ദേശങ്ങളായി പരിഗണിച്ചാല്‍ മതിയാകും എന്ന് പറഞ്ഞിരിക്കുകയുമാണ്. മെയ് 17ാം തീയതിയിലെ, ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ കൊവിഡ് നിവാരണ സംവിധാനങ്ങള്‍ സംബന്ധിച്ച, അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് കേന്ദ്ര സര്‍ക്കാരിന്റെയും യു.പി ഗവണ്‍മെന്റിന്റെയും ആവശ്യപ്രകാരം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കിയ അലഹാബാദ് ഹൈക്കോടതി ‘ഇനിയെല്ലാം രാമന്റെ’ കൈകളില്‍ ആണ് എന്ന് പറയുന്ന സാഹചര്യം ഉണ്ടായി. കോടതിവിധിയിലെ ഈ പരാമര്‍ശമാണ് ആണ് യോഗി ആദിത്യനാഥ് ഗവണ്‍മെന്റിനെ ചൊടിപ്പിച്ചത്. അന്നേദിവസം തന്നെ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കേന്ദ്ര ഗവണ്‍മെന്റ് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഹൈക്കോടതി വിധി റദ്ദ് ചെയ്യുന്നതിനായി വാദിച്ചു. സുപ്രീം കോടതിയില്‍, ജസ്റ്റിസ് വിനീത് സരണ്‍, ജസ്റ്റിസ് വി.ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ഈ വാദങ്ങള്‍ മുഖവിലക്കെടുത്തുകൊണ്ട് അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.

‘ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതാണ്’ എന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തുകയുണ്ടായി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുള്ള സുപ്രീം കോടതി കണ്ടെത്തിയ പ്രധാനപ്പെട്ട കാരണം ‘നടപ്പിലാക്കാനാകാത്ത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കരുത്’ എന്ന പൊതു തത്വമാണ്. Courts should avoid orders that are impossible to be implemented. എന്നെഴുതിയിരിക്കുന്നു വിധിന്യായത്തില്‍.

ഹൈക്കോടതി വിധി

മീററ്റിലെ ഒരു ജില്ലാ ആശുപത്രിയില്‍ നിന്നും 64 കാരനായ കോവിഡ് രോഗി സന്തോഷ് കുമാര്‍ കാണാതായ സംഭവമാണ് അലഹബാദ് ഹൈക്കോടതിയുടെ മുന്നിലെത്തിയത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മനുഷ്യത്വഹീനമായ സാഹചര്യങ്ങളെ സംബന്ധിച്ചും കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികള്‍ക്ക് നല്ല ചികിത്സ നല്‍കുന്നത് സംബന്ധിച്ചും ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

ഏപ്രില്‍ 22ന് രാത്രി, സന്തോഷ് കുമാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ തലകറങ്ങി വീഴുകയായിരുന്നുവെന്നും, അന്ന് രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന ഡോക്ടര്‍ ഹാജരായിരുന്നില്ലായെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അയാളെ രക്ഷിക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും പുലരുന്നതിന് മുന്‍പ് തന്നെ അയാള്‍ മരണത്തിന് കീഴ്‌പ്പെട്ടുവെന്നാണ് അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ജൂനിയര്‍ റസിഡന്റ് പറയുന്നത്.

എന്നാല്‍ ഈ മരണമടഞ്ഞ വ്യക്തി ആരെന്ന് തിരിച്ചറിയാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ അജ്ഞാതമൃതദേഹം എന്ന രീതിയിലാണ് കൈകാര്യം ചെയ്യപ്പെട്ടത്. ‘രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പോലും ശരീരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത്, അതിശയിപ്പിക്കുന്ന കാര്യമാണ്.

മീററ്റ് പോലുള്ള ഒരു നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയില്‍ ഇതാണ് അവസ്ഥയെങ്കില്‍ ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കാര്യം ഹിന്ദിയിലെ പ്രസിദ്ധമായ ഒരു പ്രയോഗം പോലെ ‘എല്ലാം രാമന്റെ കൈകളിലാണ്’ എന്ന് മാത്രമേ പറയാന്‍ പറ്റൂ,’ എന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം.

ഉത്തര്‍പ്രദേശിലെ പൊതു ആരോഗ്യമേഖലയുടെ ദയനീയാവസ്ഥയുടെ കൂടി പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഗവണ്‍മെന്റ് കണക്കുകളനുസരിച്ച് തന്നെ വളരെ പരിമിതമായ ചികിത്സാ സംവിധാനങ്ങള്‍ മാത്രമേ സംസ്ഥാനത്തുള്ളൂ.

ബിജ്‌നോര്‍ ജില്ല ഒരു ഉദാഹരണമായെടുക്കുകയാണ് ഹൈക്കോടതി. ജില്ലയില്‍ 2011ലെ കനേഷുമാരി അനുസരിച്ച് ഒമ്പതര ലക്ഷത്തോളം ജനസംഖ്യ ഉണ്ട്. അത് ഇപ്പോള്‍ 25 ശതമാനമെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ആകെ ഉള്ളത് 3 മൂന്ന് ഗവണ്‍മെന്റ് ആശുപത്രികളിലായി 150 ബെഡുകള്‍ മാത്രമാണ്.

ലവല്‍-3 ഹോസ്പിറ്റലുകള്‍ ഒന്നുപോലുമില്ല. ആകെയുള്ള ബൈപാപ് (BIPAP) മെഷീനുകളുടെ എണ്ണം അഞ്ചാണ്. ഹൈ ഫ്‌ളോ നേസല്‍ ക്യാനുല (high flow nasal cannula) രണ്ടെണ്ണം മാത്രം. ഗ്രാമപ്രദേശങ്ങളില്‍ 30 ലക്ഷം ആളുകള്‍ക്ക് പത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ മാത്രമാണുള്ളത്. അതായത് 3,00,000 ആളുകള്‍ക്ക് ഒരു ഹെല്‍ത്ത് സെന്റര്‍. മൂന്നു ലക്ഷം പേര്‍ക്ക് വേണ്ടി ആകെ ഉള്ളത് 30 ബെഡ്ഡുകളും.

ആകെയുള്ള 300 ബെഡുകളിലായുള്ളത് കേവലം 17 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 250 ഓക്‌സിജന്‍ സിലിണ്ടറുകളാണ്. ഈ സൗകര്യങ്ങള്‍ ജനസംഖ്യയുടെ 0.01 ശതമാനത്തിനു പോലും പര്യാപ്തമല്ല. ഇതൊക്കെ കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് ഉണ്ടായിരുന്ന സൗകര്യങ്ങള്‍ തന്നെയാണ്. അതിനു ശേഷമുള്ള ഒരു വര്‍ഷത്തിനിടയില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്ന ഗവണ്‍മെന്റിന്റെ അവകാശവാദത്തിന് വിരുദ്ധമാണിത്.

നടപ്പിലാക്കാനാകാത്ത നിര്‍ദ്ദേശങ്ങള്‍?

നടപ്പിലാക്കാന്‍ കഴിയാത്തത് എന്നു പറഞ്ഞു കൊണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്ത നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. അല്ലെങ്കില്‍ തന്നെ ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചാല്‍ നമുക്ക് മനസ്സിലാകും, ഇത് നിര്‍ദേശ സ്വഭാവമുള്ള ഉത്തരവ് തന്നെയായിരുന്നുവെന്ന്. ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്.

ഒരു നിര്‍ദ്ദേശം ടെസ്റ്റിംഗ് പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചാണ്. ഈ വര്‍ഷം മാര്‍ച്ച് 31 മുതല്‍ മെയ് 12 വരെയുള്ള കാലയളവില്‍, ബിജ്‌നോര്‍ ജില്ലയില്‍, നഗരമേഖലയില്‍ 26245 ടെസ്റ്റ്, ഗ്രാമീണമേഖലയില്‍ 65495 ടെസ്റ്റ്, എന്നിങ്ങനെ മാത്രമാണ് നടത്തിയിട്ടുള്ളത്. ദിവസേന 1200 ടെസ്റ്റുകള്‍ മാത്രം.

അടുത്ത മൂന്നു മാസത്തിനുള്ളില്‍ 32 ലക്ഷം വരുന്ന ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കെങ്കിലും ടെസ്റ്റ് നടത്തണമെങ്കില്‍, ദിവസേന 10000 ടെസ്റ്റുകള്‍ എങ്കിലും നടത്തേണ്ടതുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍, അതിനുള്ള നടപടികള്‍ സമീപഭാവിയില്‍ ഒന്നും സ്വീകരിക്കുന്ന ലക്ഷണമില്ല.

കൊവിഡിന്റെ മൂന്നാംതരംഗത്തെ നമ്മള്‍ വിളിച്ചു വരുത്തുകയാണ്. അത് അനുവദിക്കാനാവില്ല. അടിയന്തരമായി ആയി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും, ചികിത്സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം (ഖണ്ഡിക 10). ഇവിടെയും നടപ്പിലാക്കാന്‍ ആകാത്ത എന്താണുള്ളത് എന്ന് മനസ്സിലാകുന്നില്ല.

മറ്റൊരു നിര്‍ദ്ദേശം, സന്തോഷ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് പരിഹാരം ഉണ്ടാകണം എന്നുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷിച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ള സ്ഥിതിക്ക്, ഉത്തരവാദികളായവര്‍ക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം, അവര്‍ ഏത് ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ ആണെങ്കിലും. മാത്രവുമല്ല സന്തോഷ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുകയും വേണം (ഖണ്ഡിക 11). ഇതില്‍ ഏത് കാര്യത്തോടാണ് ഗവണ്‍മെന്റിന് എതിര്‍പ്പ് പ്രകടിപ്പിക്കാനാവുക?

കൊവിഡിനെതിരെയുള്ള പ്രതിരോധ മരുന്നിന്റെ കാര്യത്തിലും നിര്‍ദേശങ്ങളാണ് ഹൈക്കോടതി നല്‍കിയിട്ടുള്ളത്. വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഗ്ലോബല്‍ ടെന്‍ഡര്‍ ആയിട്ടുണ്ട് എന്ന് ഗവണ്‍മെന്റ് കോടതിയില്‍ അറിയിച്ചിരുന്നു.

അതോടൊപ്പം, പണമില്ലാത്തവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനുവേണ്ടി പണം മുടക്കാന്‍ തയ്യാറാവുന്ന ആളുകള്‍ക്ക് നികുതിയിളവ് നല്‍കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിക്കണം. വിവിധ മത സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിലൂടെ നികുതിയിളവുകള്‍ ലഭ്യമാകുന്ന വന്‍കിട ബിസിനസുകാര്‍, ഈ പണം വാക്‌സിന്‍ വാങ്ങുന്നതിനു വേണ്ടി സംഭാവന ചെയ്യാനും അങ്ങനെ അവര്‍ക്ക് നികുതിയിളവുകള്‍ ലഭ്യമാക്കാനുമുള്ള നടപടി ഗവണ്‍മെന്റ് സ്വീകരിക്കണം.

ആഗോളതലത്തില്‍, പല വാക്‌സിന്‍ നിര്‍മാതാക്കളും ബൗദ്ധികസ്വത്തവകാശം ഒഴിവാക്കിക്കൊണ്ട്, ലോകത്താകമാനം ഉല്‍പ്പാദനവും വിതരണവും വിപുലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഈ സാഹചര്യത്തില്‍, ഇന്ത്യയിലും വ്യാപകമായി വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും അതിനുവേണ്ടി സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍ദേശവും ഗവണ്‍മെന്റ് നല്‍കണം.

ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ പലതും വിദേശ കമ്പനികളുടെ ഫോര്‍മുല സ്വീകരിച്ചുകൊണ്ട് മരുന്നുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍, ഒരു ‘ക്ഷേമരാഷ്ട്രം’ എന്ന നിലയില്‍ ഗവണ്‍മെന്റ് ഇടപെട്ടുകൊണ്ട് പൊതുമേഖലയില്‍ പ്രതിരോധമരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതെന്താണ് എന്നു മനസ്സിലാകുന്നില്ല.

ഇതെല്ലാം നിര്‍ദേശങ്ങള്‍ മാത്രമാണ്. ഇവ പരിഗണിച്ചുകൊണ്ട് അടുത്തദിവസം വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതാണ്. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ബ്യൂറോക്രാറ്റുകള്‍ മാത്രമല്ല, പുറത്തുനിന്നുള്ള വിദഗ്ധരെയും പരിഗണിച്ച്, അവരുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ക്കേണ്ടതുണ്ട് (ഖണ്ഡിക 12, 13, 14, 15).

യഥാര്‍ത്ഥത്തില്‍ ഇത് കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു പ്രഖ്യാപിതനയം കൂടിയാണ്. ഉന്നത സിവില്‍ സര്‍വീസ് രംഗത്തേക്ക് വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളെ സമാന്തരമായി ചേര്‍ത്തുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത് നരേന്ദ്ര മോദി ഗവണ്‍മെന്റാണ്. ഈ നിര്‍ദ്ദേശത്തില്‍ ഇതില്‍ എന്ത് പ്രശ്‌നമാണ് ഗവണ്‍മെന്റ് കാണുന്നത്?

സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ സ്ഥിതി പരിതാപകരമാണ് എന്ന കാര്യം കോടതി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സാധാരണ കാലഘട്ടത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത ആരോഗ്യ സംവിധാനം, ഒരു മഹാമാരി കാലത്ത് എങ്ങനെയാണ് മതിയാവുക എന്ന് കോടതി ചോദിക്കുന്നു. തുടര്‍ന്ന്, സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി നല്‍കുന്നു.

സംസ്ഥാനത്തെ എല്ലാ നഴ്‌സിംഗ് ഹോമുകളിലെയും എല്ലാ ബെഡുകളിലും ഓക്‌സിജന്‍ ലഭ്യമാക്കണം. ഇരുപതില്‍ കൂടുതല്‍ കിടക്കകളുള്ള ഉള്ള എല്ലാ ആശുപത്രികളിലും 40% ഐസിയു കിടക്കകള്‍ ഉണ്ടാവണം. അതില്‍ 50 % കിടക്കകള്‍ക്ക് ബൈപാപ് യന്ത്രങ്ങള്‍ ഉണ്ടായിരിക്കണം. അതിലെ 25% കിടക്കകളില്‍ ഹൈ ഫ്‌ളോ നേസല്‍ ക്യാനുല ഒരുക്കണം.

മുപ്പത് കിടക്കകളില്‍ കൂടുതല്‍ ഉള്ള എല്ലാ ആശുപത്രികള്‍ക്കും സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റ് ഉണ്ടായിരിക്കണം. നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം.

എല്ലാ ഗ്രാമങ്ങളിലും പാത്തോളജി സംവിധാനങ്ങള്‍ ഒരുക്കുകയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ലവല്‍-2 ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. അത്യാവശ്യഘട്ടങ്ങളില്‍ നഗരങ്ങളിലെ ആശുപത്രികളിലേക്ക് പോകുന്നതിനായി ആംബുലന്‍സ് സജ്ജീകരിക്കണം. (ഖണ്ഡിക 17)

ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദേശം, മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓരോ ഗ്രാമത്തിലും, ഒരു മാസത്തിനുള്ളില്‍, രണ്ട് ആംബുലന്‍സ് എങ്കിലും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ്. ബി-ഗ്രേഡ് സി-ഗ്രേഡ് നഗരങ്ങളില്‍ 20 ആംബുലന്‍സുകളും ഗ്രാമങ്ങളില്‍ 2 ആംബുലന്‍സുകളും ഏര്‍പ്പെടുത്തണം (ഖണ്ഡിക 18).

ഇക്കാര്യം വെച്ചു താമസിപ്പിക്കാതെ അടുത്ത ഹിയറിങ് ദിവസത്തില്‍ തന്നെ വ്യക്തമായ ഒരു റിപ്പോര്‍ട്ട് ഗവണ്‍മെന്റ് സമര്‍പ്പിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി പറഞ്ഞു. ഈ നിര്‍ദ്ദേശങ്ങളില്‍, ഗവണ്‍മെന്റ് വിചാരിച്ചാല്‍ നടക്കില്ലാത്ത എന്ത് കാര്യമാണുള്ളത്? ഒരുമാസത്തിനുള്ളില്‍ കഴിയില്ലെങ്കില്‍ ആറുമാസം കൊണ്ടെങ്കിലും ഈ നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ഗവണ്‍മെന്റിന് പറയാവുന്ന കാര്യമല്ലേ ഉള്ളൂ?

മാത്രമല്ല, ഈ ഉത്തരവില്‍ പറയുന്ന കാര്യങ്ങളെല്ലാം ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി കോടതി മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ് താനും. എന്നിട്ടും ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഈ ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് വേണ്ടി സുപ്രീം കോടതിയില്‍ ഇത്ര തിടുക്കപ്പെട്ടു ചെന്നത് ‘രാം ഭറോസെ’ എന്ന പരാമര്‍ശം കൊണ്ട് മാത്രമാണ്.

മീററ്റ് നഗരത്തിലെ പ്രധാനപ്പെട്ട ഒരു മെഡിക്കല്‍ കോളേജിലെ ചികിത്സയുടെ അവസ്ഥ ഇതാണെങ്കില്‍, നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ കാര്യം കാര്യം ‘രാമന്റെ കൈകളിലാണ്’ എന്ന പരാമര്‍ശം ജനങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുമെന്നും, കൊവിഡ് പ്രതിരോധത്തിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ഗവണ്‍മെന്റ് സംവിധാനത്തെയും അപമാനിക്കുന്നതാണ് ഇതെന്നുമായിരുന്നു സുപ്രീം കോടതിയില്‍ ഗവണ്‍മെന്റ് വാദിച്ചത്. എല്ലാം രാമന്റെ കൈകളില്‍ അല്ല, സര്‍ക്കാരിന്റെ കൈകളില്‍ ഭദ്രമാണ് എന്നായിരിക്കാം ഉദ്ദേശിച്ചത്.

ഈ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. പരാമര്‍ശം നീക്കം ചെയ്യുക മാത്രമല്ല, അലഹബാദ് ഹൈക്കോടതിയുടെ വിധി അപ്പാടെ സ്റ്റേ ചെയ്യുകയും ചെയ്തിരിക്കുന്നു പരമോന്നത നീതി പീഠം. അതിനു കാരണമായി പറഞ്ഞിരിക്കുന്നത് ‘നടപ്പിലാക്കാനാകാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ശരിയല്ല’ എന്നാണ്. ഈ ഉത്തരവിന് നിര്‍ദ്ദേശക സ്വഭാവം മാത്രമാണ് ഉണ്ടാവുകയെന്നും സുപ്രീം കോടതി പ്രസ്താവിച്ചിരിക്കുന്നു

കൗതുകകരമായ കാര്യം അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്, അല്ലെങ്കില്‍തന്നെ നിര്‍ദേശക സ്വഭാവമുള്ളതായിരുന്നു എന്നതാണ്. ഉത്തരവില്‍ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമാണ് കോടതി ആവശ്യപ്പെട്ടിരുന്നത്, അല്ലാതെ അത് ഉടന്‍ നടപ്പിലാക്കാനല്ല.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍, ഇതില്‍ ഏതൊക്കെ കാര്യങ്ങളാണ് ഉടന്‍ നടപ്പിലാക്കാന്‍ കഴിയുക, ഏതൊക്കെ കാര്യങ്ങളാണ് അടുത്ത ആറുമാസം കൊണ്ടോ അല്ലെങ്കില്‍ ഒരു വര്‍ഷം കൊണ്ടോ നടപ്പിലാക്കാന്‍ സാധിക്കുക, നടപ്പിലാക്കാനാവാത്ത കാര്യങ്ങള്‍ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കാനുള്ള അവസരം ഗവണ്‍മെന്റിനുണ്ടായിരുന്നു.

‘രാം ഭറോസെ’ എന്ന ഒരൊറ്റ പരാമര്‍ശത്തില്‍ ചൊടിച്ചാണ് യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് സുപ്രീം കോടതിയിലേക്കോടിയത് എന്ന് വളരെ വ്യക്തമാണ്. രാജ്യത്തെ പരമോന്നത നീതിപീഠം കേസിലെ വസ്തുതകള്‍ പരിശോധിക്കാതെ, വളരെ തിടുക്കപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ വളരെ ക്രിയാത്മകമായ ഒരു ഉത്തരവിന് സ്റ്റേ നല്‍കിയത് ദൗര്‍ഭാഗ്യകരമായിപ്പോയി.

ഇതേ ബെഞ്ചു തന്നെ കഴിഞ്ഞ കുറേ ദിവസങ്ങളായി, കൊവിഡുമായി ബന്ധപ്പെട്ട്, രാജ്യത്തിന്റെ വിവിധ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ആറോളം ഉത്തരവുകള്‍ സ്റ്റേ ചെയ്തിട്ടുണ്ട് എന്ന കാര്യം കൂടി ശ്രദ്ധേയമാണ്. രാമനെ പേടിക്കുന്ന യോഗിക്ക്, കോടതി കൂട്ടുനില്‍ക്കുന്നതെന്തിനാണ്?

ഈ ലേഖനം 2021 മെയ് 26-ന് DoolNews -ൽ പ്രസിദ്ധീകരിച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here