മീഡിയ വൺ വിധി; മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ അവസാനിക്കുന്നില്ല.

ഇന്ത്യയെ, ‘പരിമിതമായ ജനാധിപത്യം’ അല്ലെങ്കിൽ ‘തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’ എന്നൊക്കെ, ആഗോള രാഷ്ട്രീയ നിരീക്ഷക സൂചികകൾ അടയാളപ്പെടുത്തുകയും, പൗരാവകാശങ്ങളുടെ ‘ജാഗരൂകരായ നിതാന്ത കാവൽക്കാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണഘടനാ കോടതികൾ എക്സിക്യൂട്ടീവ് തീരുമാനങ്ങൾക്ക് ന്യായങ്ങൾ ചമയ്ക്കുന്ന ‘ഭരണകൂട കോടതികൾ’ ആയി മാറുന്നുവെന്ന ആഭ്യന്തര വിമർശനം ശക്തമാവുകയും ചെയ്യുന്ന കാലത്താണ്, മീഡിയവൺ ചാനൽ നിരോധിക്കുവാനുള്ള കേന്ദ്രസർക്കാർ ശ്രമത്തെ തടയുന്ന സുപ്രീംകോടതി വിധി വരുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാത്രമല്ല, ഒരു ജനാധിപത്യരാജ്യം എന്ന നിലയ്ക്കുള്ള ഇന്ത്യയുടെ ആഗോള പ്രതിച്ഛായ കൂടി സംരക്ഷിക്കുന്ന ഇടപെടലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നടത്തിയിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ പ്രധാനപ്പെട്ട ഘടകമാണെന്നും, അത് യുക്തിസഹമായ കാരണങ്ങളില്ലാതെ നിയന്ത്രിക്കുന്നത് അനുവദിക്കില്ല എന്നുമുള്ള ശക്തമായ സന്ദേശം സുപ്രീംകോടതി വിധിയിൽ ഉണ്ട്. ‘ദേശ സുരക്ഷ’ എന്ന കപട ന്യായം കൊണ്ട് ഏതൊരു ഭരണഘടനാ വിരുദ്ധ ഇടപെടലിനെയും സാധൂകരിക്കാമെന്ന ഗവൺമെന്റിന്റെ ധാരണയും കോടതി തിരുത്തി. മാധ്യമ വിലക്കുകൾ ഏർപ്പെടുത്തുന്ന നടപടി, ദേശ സുരക്ഷയുടെ പേരിലാണെങ്കിൽ പോലും, കൃത്യമായ അനുപാതികതാ പരിശോധനകൾക്ക് വിധേയമായിരിക്കും എന്ന കോടതി നിലപാട് ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. കാരണം, നമ്മുടെ കോടതികൾ പലപ്പോഴും മറന്നു പോകുന്ന ഒരു പരിശോധനയാണത്. ഏറ്റവും ഒടുവിൽ ഡിമോണിറ്റൈസേഷനെതിരായ ഹർജിയിൽ പോലും അനുപാതികതാ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. മീഡിയ വൺ ചാനലിന് സ്വാഭാവിക നീതി നിഷേധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ നീതി നിഷേധത്തിന് യുക്തിസഹമായ ന്യായീകരണം നൽകാൻ ഗവൺമെൻറിന് കഴിയുന്നുണ്ടോ? എന്നീ കാര്യങ്ങൾ പരിശോധിച്ച്, സ്വാഭാവിക നീതി നിഷേധിച്ചുവെന്നും, അതിനെ യുക്തി സഹമായി ന്യായീകരിക്കുവാൻ ഗവൺമെൻറിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് നമ്മുടെ നിയമ വൈജ്ഞാനിക ചരിത്രത്തിലെ ഒരു രജത രേഖയാണ്.

നിരോധനവും ഹൈക്കോടതി നിലപാടും

2022 ജനുവരി 31നാണ്, അജ്ഞേയമായ കാരണങ്ങളാൽ, മീഡിയ വൺ ചാനലിന്റെ സംപ്രേഷണ ലൈസൻസ്, പുതുക്കി നൽകേണ്ടതില്ല എന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിക്കുന്നത്. നടപടിക്ക് വ്യക്തമായ കാരണങ്ങളൊന്നും ഉത്തരവിൽ ഉണ്ടായിരുന്നില്ല. ദേശ സുരക്ഷാ എന്ന അനിര്‍ണിത സംജ്ഞ കൊണ്ട് എന്തിനെയും നേരിടാം എന്നായിരുന്നു ഗവൺമെൻറ് നിലപാട്. ആദ്യഘട്ടത്തിൽ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തെങ്കിലും, പിന്നീട് കേരള ഹൈക്കോടതി, ഗവൺമെൻറ് നിലപാടിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയാണ് ഉണ്ടായത്. ഗവൺമെൻറ് കോടതിയിൽ സമർപ്പിച്ച മുദ്രവച്ച കവറിലെ ഉള്ളടക്കം അതേപടി അംഗീകരിച്ചു കൊണ്ടുള്ള വിധി, ഋഗ്വേദകാലത്തെ, ‘നൃപൻ്റെ’ കടമകൾ വിശദീകരിക്കുന്ന, അത്രി സംഹിത ഉദ്ധരിച്ചുകൊണ്ട് ദേശ സുരക്ഷ രാജാവിൻറെ പ്രാഥമിക കർത്തവ്യമാണെന്നും, അതിനെ ചോദ്യം ചെയ്യേണ്ടതില്ല എന്നുമുള്ള പ്രതിലോമ നിലപാടാണ് മുന്നോട്ടുവെച്ചത്. 

1985-ലെ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോഡ്സിന്റെ ‘ജി സി എച്ച് ക്യു’ വിധി വരെ സൗകര്യപ്രദമായി വ്യാഖ്യാനിച്ചുകൊണ്ട് കൊണ്ട്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ നമ്മുടെ നിയമ വൈജ്ഞാനിക പരിണാമത്തെയാകെ അവഗണിക്കുന്ന വിധി തയ്യാറാക്കുകയായിരുന്നു കേരള ഹൈക്കോടതി. അത്രിസംഹിത ജനാധിപത്യ വ്യവസ്ഥ നിലവിലില്ലാതിരുന്ന കാലത്തെ ഗ്രന്ഥമാണെന്നും, ജി സി എച്ച് ക്യു കേസ് ബ്രിട്ടനിൽ നിലവിലുള്ള ‘രാജാവിൻറെ സവിശേഷ അധികാര’ത്തെ സംബന്ധിച്ചുള്ളതാണെന്നും ഹൈക്കോടതി കണക്കിലെടുത്തില്ല. ഗവൺമെൻറ് കമ്മ്യൂണിക്കേഷൻസ് ഹെഡ് ക്വാർട്ടേഴ്സിലെ ജീവനക്കാരുടെ സംഘടിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടതായിരുന്നു ഹൗസ് ഓഫ് ലോഡ്സിന്റെ വിധി. പ്രത്യക്ഷത്തിൽ തന്നെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന കേസ് ആയിരുന്നു അത്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഗവൺമെൻറ് നയത്തെ ശരിവെക്കുന്നതായിരുന്നു വിധി. എന്നിരുന്നാലും, ‘രാജനാമത്തിലുള്ള’ ഉത്തരവുകളെയും ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാം എന്ന വ്യക്തമായ നിലപാട് ഹൗസ് ഓഫ് ലോഡ്സ് സ്വീകരിച്ചു. രാജാവിൻറെ ‘വിശേഷ അധികാരം’ ഉപയോഗിച്ച് പുറപ്പെടുവിക്കുന്ന തീരുമാനങ്ങളെ കോടതിയിൽ ചോദ്യംചെയ്യാൻ കഴിയില്ല എന്ന, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന, കീഴ്വഴക്കത്തെ മാറ്റി മറയ്ക്കുക കൂടിയാണ് അത് ചെയ്തത്. ഇക്കാര്യം മറച്ചുവച്ചുകൊണ്ട്, ഗവൺമെന്റിന്റെ നടപടിയെ ദേശസുരക്ഷയുടെ പേരിൽ ന്യായീകരിക്കുന്നതിന് വേണ്ടിയാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ വിധി ഉദ്ധരിച്ചത്. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയ ഇന്ത്യയിൽ, ഇംഗ്ലണ്ടിൽ ഉള്ളതുപോലുള്ള രാജാധികാരങ്ങൾ ഒന്നും നിലവിലില്ല എന്നുകൂടി ഓർക്കണം. 

ഹൈക്കോടതി ഡിവിഷൻ ബെഞ്ചും മറിച്ചൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിച്ചില്ല. “ചാനലിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. കോടതിക്ക് മുന്നിൽ ഉള്ള ഫയലിൽ നിന്ന് കാര്യത്തിന്റെ സ്വഭാവമോ, അനന്തരഫലമോ, ഗൗരവമോ, ആഴമോ മനസിലാക്കാനാകുന്നില്ല…” എന്നാലും ദേശദ്രോഹവും രഹസ്യ ഫയലുമൊക്കെ ആയതുകൊണ്ട് വേറൊന്നും പറയുന്നില്ല. നിരോധനം ശരിവെക്കുന്നു. എന്ന തരത്തിൽ യുക്തിരാഹിത്യം മുഴച്ചു നിൽക്കുന്ന വിധിയായിരുന്നു അത്. 1952-ലെ രൊമേഷ് ഥാപ്പർ വിധി, പിന്നീട് ഇന്ത്യൻ എക്സ്പ്രസ് കേസ് മുതൽ പെഗസിസ് കേസ് വരെയുള്ള വിവിധ വിധികളിലൂടെ, മാധ്യമ സ്വാതന്ത്ര്യത്തെ, ജനാധിപത്യത്തിൻറെ അനിവാര്യ ഘടകമായി ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിക്ക് ഉണ്ടായിരുന്നത്. ആ പാരമ്പര്യത്തെ കോടതി കണ്ടില്ലെന്ന് നടിച്ചു. പെഗസിസ് കേസ് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല എന്ന് വരുത്തി തീർക്കുവാൻ ഹൈക്കോടതി കുറെ മഷി ചെലവഴിച്ചു. 2006-ലെ ഓംകുമാർ കേസ്, 2016-ലെ മോഡേൺ ഡെന്റൽ കോളേജ് കേസ്, 2017-ലെ പട്ടുസ്വാമി കേസ് (സ്വകാര്യത), 2020-ലെ അനുരാധാ ഭാസിൻ(കാശ്മീരിലെ ഇൻറർനെറ്റ് വിച്ഛേദം), 2021-ലെ മനോഹർലാൽ ശർമ (പെഗസിസ്), തുടങ്ങി വിവിധ വിധികളിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വികാസം പ്രാപിച്ച അനുപാതികത എന്ന നിയമ സങ്കൽപത്തെയും സമ്പൂർണ്ണമായി അവഗണിച്ചു. എന്നാൽ സമ്പന്നമായ നമ്മുടെ നിയമവൈജ്ഞാനിക പാരമ്പര്യത്തിന് ഇന്നും രാജ്യത്ത് പ്രസക്തിയുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി.

സുപ്രീംകോടതി വിധി

വ്യാവഹാരിക അവകാശങ്ങളെ ഭരണഘടനയുടെ അനുഛേദം 21-നോട് ചേർത്തു വായിച്ചു കൊണ്ട്, ജീവിക്കാനുള്ള അവകാശത്തിൻറെ ഭാഗമായി അംഗീകരിച്ച്, അതിൻറെ ലംഘനം നടന്നിട്ടുണ്ടോ എന്ന പരിശോധന നടത്താൻ കോടതി തയ്യാറായി എന്നതാണ് മീഡിയവൺ കേസിലെ സുപ്രീംകോടതി വിധിയുടെ ഏറ്റവും വലിയ പ്രത്യേകത. ചരിത്രത്തിൽ ആദ്യമായായിരിക്കും, ദേശസുരക്ഷാ വിഷയങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, അനുപാതികത പരിശോധന നടത്തണമെന്ന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒരു വിധി ഉണ്ടാകുന്നത്. അതിന് രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, വ്യാവഹാരിക അവകാശങ്ങളെ അനുഛേദം 21-ൻറെ ഭാഗമായി അംഗീകരിച്ചു എന്നുള്ളതാണ്. രണ്ട്, ആനുപാതികത പരിശോധന നടത്തേണ്ടത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഒരു ചട്ടക്കൂട് ഉണ്ടാക്കി എന്നതും.

വ്യാവഹാരിക അവകാശങ്ങൾ നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള അവകാശങ്ങളാണ്. ഒരു അവകാശം, കടമ, അല്ലെങ്കിൽ ഒരു കുറ്റകൃത്യം ഒക്കെ നിയമപ്രകാരം സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉൾക്കൊള്ളുന്നതാണ് വ്യവഹാരം. നിയമനിർവഹണം നിഷ്പക്ഷവും നീതിപൂർവ്വവും ആയിരിക്കുന്നതിന് വ്യാവഹാരിക നിയമങ്ങളും നടപടിക്രമങ്ങളും സുപ്രധാനമാണ്. അതിനുള്ള അവകാശത്തെയാണ് വ്യാവഹാരിക അവകാശങ്ങൾ എന്ന് പറയുന്നത്. ഒരു അവകാശം ഉണ്ട് എന്ന് പറയുമ്പോൾ, അതു സ്ഥാപിച്ചെടുക്കാനുള്ള നിയമവും നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളും വ്യാവഹാരിക അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അവകാശം നിലവിലുണ്ട് എന്ന പ്രസ്താവം അർഥശൂന്യമാണ്. അതുകൊണ്ടുതന്നെ വ്യാവഹാരിക അവകാശങ്ങൾ ജീവിക്കാനുള്ള അവകാശങ്ങളോട് ചേർത്ത് വായിക്കേണ്ടതുണ്ട് എന്ന നിലയ്ക്ക് അതിനെ അനുഛേദം 21-ന്റെ ഭാഗമായി കാണുകയാണ് സുപ്രീംകോടതി.  

ഇവിടെ മീഡിയ വൺ ചാനലിന്റെ നിഷ്പക്ഷമായ വിചാരണയ്ക്കുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. കാരണം ചാനൽ എന്തുകൊണ്ട് നിരോധിച്ചു എന്ന് ഗവൺമെൻറ് അവരെ അറിയിക്കുന്നില്ല. അത് അറിയാതെ അവരുടെ ഭാഗം വിശദീകരിക്കാനോ, ഗവൺമെൻറ് നടപടിയെ ഫലപ്രദമായി കോടതിയിൽ ചോദ്യം ചെയ്യാനോ കഴിയില്ല. ഇത് വ്യാവഹാരിക അവകാശങ്ങളുടെയും സാമാന്യനീതിയുടെയും ലംഘനമാണ്. അതിനർത്ഥം ഒരു കാരണവശാലും വ്യവഹാരിക അവകാശങ്ങൾ നിഷേധിക്കാനാവില്ല എന്നല്ല. അത്തരത്തിൽ അവകാശങ്ങളെ നിയന്ത്രിക്കുമ്പോൾ അതിനെ ഭരണഘടനാപരമായി ന്യായീകരിക്കാൻ ഗവൺമെൻറിന് കഴിയണം. “ദേശ സുരക്ഷാ പ്രശ്നങ്ങൾ ഇതിലുണ്ട് എന്നും സാമാന്യനീതിനിഷേധത്തിനു നീതീകരണം ഉണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്താൻ ഗവൺമെൻറിന് കഴിയണം”. വിധിയിൽ പ്രസ്താവിച്ചിരിക്കുന്നു. അതു പരിശോധിക്കുവാൻ ആനുപാതികതാ തത്വം ഉപയോഗിക്കണമെന്നാണ് കോടതി പറയുന്നത്. 

ആനുപാതികതാ പരീക്ഷ

2016-ൽ മോഡേൺ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ കേസിലാണ് ‘ആനുപാതികതാ പരീക്ഷ’ സംബന്ധിച്ച് വ്യക്തമായ ഒരു ചട്ടക്കൂട് ഇന്ത്യൻ നിയമവൈജ്ഞാനിക പദ്ധതിയിൽ ഉണ്ടാവുന്നത്. നിയമങ്ങളുടെയും എക്സിക്യൂട്ടീവ് നടപടികളുടെയും ഭരണഘടനാപരത പരിശോധിക്കുവാനുള്ള ഒരു നിയമ പരീക്ഷയാണിത്. നാല് ഘടകങ്ങളാണ് പരിശോധിക്കുക. ഒന്ന്, ഒരോ എക്സിക്യൂട്ടീവ് നടപടിക്കും നീതിയുക്തമായ ഒരു ലക്ഷ്യമുണ്ടാകണം. രണ്ട്, നടപടികൾക്ക് ലക്ഷ്യവുമായി യുക്തിപരമായ ബന്ധമുണ്ടാകണം. മൂന്ന്, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം). നാല്, ഏതൊരു നടപടിയും പൗരാവകാശത്തെ ക്രമാതീതമായ തരത്തിൽ ഹനിക്കാതെ, അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം. 

മുദ്രവച്ച കവർ

മുദ്രവച്ച കവർ എല്ലാ നീതിന്യായ വ്യവഹാരങ്ങളെയും മറികടക്കാനുള്ള ഉപായമായി ഗവൺമെൻറ് കണ്ടു തുടങ്ങിയിട്ട് കുറച്ചുകാലമായി. ദൗർഭാഗ്യവശാൽ, നമ്മുടെ സുപ്രീംകോടതിയും വളരെ പ്രധാനപ്പെട്ട കേസുകളിൽ പോലും, മുദ്രവച്ച കവറിൽ ഗവൺമെൻറ് നൽകിയ വിവരങ്ങൾ സ്വീകരിച്ചുകൊണ്ട് തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. വിശേഷിച്ചും കഴിഞ്ഞ രണ്ടുമൂന്ന് ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്. അവിടെയുള്ള പ്രശ്നം മുദ്രവച്ച കവറിന്റെ ഉള്ളടക്കം എതിർകക്ഷിയോ, പൊതുസമൂഹമോ അറിയുന്നില്ല എന്നുള്ളതാണ്. ഉള്ളടക്കം അറിയാതെ മറ്റുള്ളവർക്ക് അതിനോട് പ്രതികരിക്കാനാവില്ല. നമ്മൾ സ്വീകരിച്ചിട്ടുള്ള അഡ്വഴ്സേറിയൽ നിയമ വ്യവഹാര സംവിധാനത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്ന നടപടിയാണിത്. ഈ സംവിധാനം അവകാശനിഷേധത്തിനുള്ള കുറുക്കുവഴിയായി മാറുന്നത് മാറുന്നതിന് എത്രയോ ഉദാഹരണങ്ങൾ ഇക്കാലയളവിൽ ഉണ്ട്. അസം എൻ ആർ സി കേസ്, റഫാൽ കേസ് തുടങ്ങി നിരവധി യു എ പി എ കേസുകളിൽ വരെ ഇത് നാം കണ്ടതാണ്. ഈ യാഥാർത്ഥ്യം കോടതി തിരിച്ചറിഞ്ഞു എന്നുള്ളത് പ്രതീക്ഷ നൽകുന്നു.

ആനുപാതികതാ പരിശോധനയിലെ ആദ്യഘട്ടം, നീതിയുക്തമായ ഒരു ലക്ഷ്യമുണ്ടോ എന്നുള്ളതാണ്. ‘ദേശ സുരക്ഷ’ അത്തരം ഒരു ലക്ഷ്യമാണ് എന്ന കാര്യത്തിൽ സംശയം ഉണ്ടാകേണ്ടതില്ല. അതു സംബന്ധിച്ച് ചില വിവരങ്ങൾ ഗവൺമെന്റുകൾക്ക് പുറത്തുവിടാൻ സാധിക്കില്ല എന്നതും സത്യമാണ്. എന്നാൽ ഇന്ത്യൻ ഏജൻസികളുടെ എല്ലാ റിപ്പോർട്ടുകളും പൂഴ്ത്തി വയ്ക്കേണ്ടതാണ് എന്നയർത്ഥം അതിനില്ല. ചില സന്ദർഭങ്ങളിൽ എല്ലാ വിവരങ്ങളും പുറത്തുവിടാൻ ഗവൺമെന്റിന് കഴിയില്ല എന്നത് അംഗീകരിക്കാമെങ്കിലും, അതീവ സുരക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങൾ മറച്ചതിനുശേഷം വിവരങ്ങൾ നൽകാവുന്നതേയുള്ളു. അല്ലെങ്കിൽ റിപ്പോർട്ടിന്റെ സംഗ്രഹമെങ്കിലും നൽകണം. അതിനുപോലും കഴിയില്ല എന്ന വാദം അംഗീകരിക്കാനാവില്ല. 

വിവരങ്ങൾക്ക് രഹസ്യ സ്വഭാവമുണ്ട് എന്നും അത് വെളിപ്പെടുത്താനാവില്ലെന്നും അവകാശപ്പെടുമ്പോൾ, അവകാശവാദം ന്യായമാണെന്ന് തെളിയിക്കാനുള്ള ബാധ്യത ഗവൺമെന്റിന് തന്നെയാണ്. അതിനേക്കാൾ ന്യായമായ മറ്റു മാർഗങ്ങളില്ല എന്ന് സ്ഥാപിക്കണം. ഉദാഹരണത്തിന്, ചില ഭാഗങ്ങൾ മാത്രം മറച്ചുവച്ചുകൊണ്ട് റിപ്പോർട്ടിന്റെ ബാക്കി ഭാഗങ്ങൾ എതിർകക്ഷിക്ക് നൽകാം. അല്ലെങ്കിൽ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താതെ, കോടതി നിയോഗിക്കുന്ന ഒരു അഭിഭാഷകന് റിപ്പോർട്ട് പൂർണ്ണമായും പരിശോധിക്കുവാനുള്ള അവകാശം നൽകാം. അതുമല്ലെങ്കിൽ, റിപ്പോർട്ട് പൂർണമായും രേഖകളിൽ നിന്ന് നീക്കംചെയ്തു മറ്റു പരിശോധനകളുമായി മുന്നോട്ടു പോകാം. അങ്ങനെ വരുമ്പോൾ ഗവൺമെൻറിനോ എതിർകക്ഷിക്കോ കോടതിക്കോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം വരുന്നില്ല. ഇതിലേത് മാർഗ്ഗം സ്വീകരിച്ചാലും ആനുപാതികതാ പരിശോധന നടത്തേണ്ടതുണ്ട്.

ഗവൺമെൻറ് ദേശസുരക്ഷാവാദം ഉന്നയിച്ചാൽ അത് അതേപടി അംഗീകരിക്കുകയല്ല കോടതി ചെയ്യേണ്ടത്. ആദ്യം തന്നെ, ഈ പറയുന്ന ദേശസുരക്ഷാ പ്രശ്നം കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ദേശസുരക്ഷയാണ് വിഷയമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മറ്റു പരിശോധനകളിലേക്ക് കടക്കേണ്ടതുള്ളു. ആ ഘട്ടത്തിൽ, ലക്ഷ്യവും ഗവൺമെൻറ് നിലപാടും തമ്മിൽ യുക്തിസഹമായ ബന്ധമുണ്ടോ എന്ന് പരിശോധിക്കാം. അതായത്, ഈ കേസിൽ, രഹസ്യാത്മകത ദേശസുരക്ഷയ്ക്ക് അനിവാര്യമാണോ എന്നു നോക്കാം. മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും ശരിയാണെങ്കിൽ പോലും, മുന്നിലുള്ള ഒരേയൊരു മാർഗ്ഗം മുദ്രവച്ച കവറല്ല. എതിർകക്ഷിയുടെയും പൊതുസമൂഹത്തിന്റെയും അവകാശങ്ങൾ ലംഘിക്കാത്ത, അല്ലെങ്കിൽ അവകാശ ലംഘനം കുറഞ്ഞ അളവിൽ മാത്രമുള്ള, മറ്റു മാർഗ്ഗങ്ങളുണ്ടോ എന്ന് ആരായണം. അങ്ങനെ വരുമ്പോൾ പോലും രേഖകൾ പരിശോധിക്കാൻ കോടതിക്ക് ഒരു അമിക്കസ് ക്യൂറിയെ നിയമിക്കാം. 

മീഡിയവൺ കേസ്

ഇവിടെ, മീഡിയവണ്ണുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ചാനൽ സംപ്രേഷണം ചെയ്ത ചില പരിപാടികളുമായി ബന്ധപ്പെട്ടാണത്. ഇത് ഒരു കാരണവശാലും രഹസ്യാത്മകതയോ, ദേശസുരക്ഷ എന്ന ആനുകൂല്യമോ, അർഹിക്കുന്നതല്ല എന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ താല്പര്യങ്ങൾക്കും അഭിപ്രായങ്ങൾക്കും വിരുദ്ധമായി നിലപാടെടുക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയയുടെ ലക്ഷണമാണ്. ഗവൺമെന്റിനെ ചോദ്യം ചെയ്യുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. അധികാരികൾക്ക് ഓശാന പാടുന്നതല്ല മാധ്യമധർമ്മം. കോടതിക്ക് മുൻപാകെയുള്ള രേഖകളിൽ നിന്ന് ദേശവിരുദ്ധത തെളിയിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. ചാനലിന്റെ നിക്ഷേപകം ജമാഅത് ഇ ഇസ്ലാമിയുമായി ബന്ധമുള്ളവർ ആണെന്ന് ആരോപണവും കോടതി തള്ളി. ഒന്നാമത് ജമാ അത് ഇ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല. നിക്ഷേപകരും അവരും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്ന യാതൊന്നും ഗവൺമെന്റിന് കോടതിക്കുമുന്നിൽ സമർപ്പിക്കാനും കഴിഞ്ഞില്ല. ചാനലിന്റെ പ്രവർത്തനം എങ്ങനെയാണ് ദേശസുരക്ഷയ്ക്ക് വിഘാതമാകുന്നത് എന്ന് വിശദീകരിക്കാൻ ഗവൺമെന്റിന് കഴിഞ്ഞില്ല. അതുകൊണ്ട്, ആദ്യഘട്ട പരിശോധനയിൽ തന്നെ, ദേശസുരക്ഷ എന്ന വാദം പോലും നിലനിൽക്കുന്നതല്ല എന്ന് കണ്ടെത്തി, സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാത്ത നടപടി കോടതി റദ്ദാക്കി. നാലാഴ്ചക്കുള്ളിൽ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശിച്ചു. 

പോരാട്ടം അവസാനിക്കുന്നില്ല

ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ മീഡിയ വൺ വിധി ചെറിയൊരു കാര്യമല്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും വിമതസ്വരമുയർത്തുന്ന മാധ്യമപ്രവർത്തകക്കെതിരെയും വൈര നിര്യാതന ബുദ്ധിയോടെയുള്ള പ്രതികരണം ഇപ്പോഴത്തെ ഭരണകൂടത്തിന്റെ മുഖമുദ്രയാണ്. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ ഒക്കെ തന്നെയും ഭരണകൂട നിലപാടിനോട് ചേർന്നു നിൽക്കുന്ന സ്ഥാപനങ്ങളാണ്. ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രസ്ഥാനങ്ങളെ ഏതെങ്കിലും ഒക്കെ മുഖേന വരുത്തിയിലാക്കുന്ന ശീലമുണ്ട്. മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ശിങ്കിടി മുതലാളിത്തത്തിന്റെ പ്രത്യക്ഷ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൻറെ പ്രത്യേകതയാണ്. എൻ ഡി ടി വി, അദാനി സ്വന്തമാക്കിയതോടുകൂടി മുഖ്യധാരാ വാർത്ത ചാനലുകളെല്ലാം ഭരണകൂട താല്പര്യത്തിന് വിധേയരായി കഴിഞ്ഞു. അവശേഷിക്കുന്ന ഇത്തിരി പ്രതിസ്വരങ്ങളേക്കൂടി ഇല്ലാതാക്കുക എന്നത് ഇവരുടെ നയമാണ്. ധനം കൊണ്ടും സ്വാധീനം കൊണ്ടും വഴങ്ങാത്തവരെ അടച്ചുപൂട്ടിക്കുക എന്നത് ആ സമീപനത്തിന്റെ ഭാഗമാണ്. മീഡിയവണ്ണനെതിരെ പ്രയോഗിച്ചത് ഒരു ടെസ്റ്റ് ഡോസ് ആണ്. വരുതിക്കു നിന്നില്ലെങ്കിൽ ഏതുനിമിഷവും നിങ്ങളെ ഇല്ലാതാക്കാനുള്ള അധികാരം തങ്ങൾക്കുണ്ട് എന്ന പ്രഖ്യാപനമാണ്. ആ അധികാര രാഷ്ട്രീയത്തിന് മുഖമടച്ചു കിട്ടിയ അടിയാണ് സുപ്രീംകോടതി വിധി.

ഈ വിധിയിലൂടെ സുപ്രീംകോടതി വലിയ വിപ്ലവം നടത്തിയെന്നല്ല. ഏതൊരു ആധുനിക ജനാധിപത്യ സമൂഹത്തിലും സ്വാഭാവികമായും ഉണ്ടാകേണ്ട വിധിയാണിത്. എന്നാൽ ഇത് നിയമ വൈജ്ഞാനിക ചരിത്രത്തിലെ രജതരേഖയാകുന്നത് നമ്മുടെ ജുഡീഷ്യറിയുടെ സമീപകാല ചരിത്രത്തിൻറെ പ്രത്യേകത കൊണ്ടാണ്. കഴിഞ്ഞ കുറെ കാലങ്ങൾ പരിശോധിച്ചാൽ പൗരാവകാശങ്ങളെക്കുറിച്ചുള്ള വലിയ വർത്തമാനങ്ങൾ നമ്മൾ കേട്ടിട്ടുള്ളത് കോടതിമുറിക്ക് വെളിയിലാണ്. വിരമിച്ചവരും അല്ലാത്തവരുമായ സുപ്രീംകോടതി ജഡ്ജിമാർ വിവിധ പരിപാടികളിൽ, വിവിധ സ്ഥാപനങ്ങളിൽ, സെമിനാറുകളിലും പ്രഭാഷണങ്ങളിലും മറ്റും ഭരണഘടനയെക്കുറിച്ചും മൗലിക അവകാശങ്ങളെക്കുറിച്ചും വാചാലരാകാറുണ്ടെങ്കിലും, കോടതി മുറികളിൽ, യഥാർത്ഥ വസ്തുതകൾക്ക് മുന്നിൽ, മൗനം പാലിക്കുകയും എക്സിക്യൂട്ടീവിന്റെ നടപടികൾക്ക് ന്യായീകരണം ചമയ്ക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജികളിൽ വരെ വാദം കേൾക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോയി അപ്രസക്തമാക്കുന്നതും, വിദ്യാർത്ഥികളും പൊതുപ്രവർത്തകരും ഭരണകൂട വേട്ടയ്ക്ക് ഇരയാകുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നതും, സ്വന്തം തൊഴിൽ നേരെ ചൊവ്വേ എടുത്തതിന്റെ പേരിൽ മാധ്യമപ്രവർത്തകർ ജയിലഴിക്കുള്ളിലാകുമ്പോൾ വർഷങ്ങളോളം കണ്ടില്ലെന്ന് നടിക്കുന്നതും, ഒക്കെ കണ്ടു മനസ്സുമരവിച്ച സമൂഹമായി നമ്മൾ മാറിയിരുന്നു. അവിടെയാണ്, ദേശസുരക്ഷയെന്ന കപടന്യായത്തിലൂടെ തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങൾ വച്ചുപുലർത്തുന്ന, അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന, മാധ്യമങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുവാനും, വിമത സ്വരങ്ങളെ ഇല്ലാതാക്കുവാനുമുള്ള ശ്രമത്തിനെതിരെ സുപ്രീംകോടതി സുധീരമായ നിലപാടെടുക്കുന്നത്. ഏതൊരു ഭരണകൂട നടപടിയും നീതിപൂർവ്വവും യുക്തിസഹവും ആനുപാതികവും ആയിരിക്കണമെന്ന അടിസ്ഥാന തത്വത്തെ ഉയർത്തിപ്പിടിക്കുന്ന ഈ വിന്യായം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളുടെയും ശുഭകരമായ 

 ഭാവിക്ക് മുതൽക്കൂട്ടായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

എന്നിരുന്നാലും, എല്ലാം ഇവിടംകൊണ്ട് അവസാനിച്ചു എന്ന് കരുതേണ്ടതില്ല. സ്വതന്ത്ര മാധ്യമങ്ങൾക്കെതിരെയുള്ള കടന്നുകയറ്റം തുടർന്നുകൊണ്ടേയിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം അധികാര പക്ഷത്ത് അണിനിരക്കുമ്പോഴും വിയോജിപ്പുകൾ ഉയർത്തിയിരുന്നതും ചോദ്യങ്ങൾ ചോദിച്ചിരുന്നതും പ്രാദേശിക, ഓൺലൈൻ മാധ്യമങ്ങളാണ്. 2021-ലെ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡിലൂടെ ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങിടാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. സമ്പൂർണ്ണ സെൻസറിങ് ഏർപ്പെടുത്താൻ ഗവൺമെന്റിന് പരോക്ഷാധികാരം നൽകുന്ന ചട്ടങ്ങളാണ് രൂപീകരിച്ചത്. അതിൻറെ തുടർച്ചയായി വാർത്തകൾ ശരിയാണോ എന്ന് തീരുമാനിക്കുന്ന ചുമതല ഗവൺമെന്റിന്റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് വിട്ടു നൽകിക്കൊണ്ടുള്ള തീരുമാനം വന്നു കഴിഞ്ഞു. പി ഐ ബി തെറ്റ് എന്ന് പറയുന്ന വാർത്തകളെല്ലാം പിൻവലിക്കേണ്ടി വരും. ഗവൺമെന്റിന് അലോസരമുണ്ടാക്കുന്ന വാർത്തകളെല്ലാം തെറ്റെന്നു പറയുന്ന സാഹചര്യം ഉണ്ടായേക്കാം. വിശ്വപ്രസിദ്ധമായ 1984 എന്ന നോവലിൽ വിഭാവനം ചെയ്ത മിനിസ്ട്രി ഓഫ് ട്രൂത്ത് പോലെ സത്യങ്ങളെ പുനർനിർണയിക്കുന്ന ഭരണകൂടം ആണ് രാജ്യത്ത് നിലനിൽക്കുന്നത് എന്ന് നാം മറക്കരുത്. പാഠപുസ്തകങ്ങളിൽ ചരിത്രവും സാമൂഹ്യശാസ്ത്രവും മാറ്റി എഴുതിക്കൊണ്ടിരിക്കുന്നു. ഇനി ശരിയായ വാർത്തകൾ ഏതെന്ന് മിനിസ്ട്രി ഓഫ് ട്രൂത്ത് തീരുമാനിക്കും. ഈ വിഷയങ്ങളിലൊക്കെ പ്രതിരോധങ്ങൾ ഉയരേണ്ടതുണ്ട്. കോടതിയുടെ മുന്നിൽ ഇക്കാര്യങ്ങളും എത്തിയിട്ടുണ്ട്. മീഡിയ വണ്ണിന്റെ ഒരു പോരാട്ടം വിജയിച്ചു. എങ്കിലും, ഓർവിലിയൻ എന്നു പറയാവുന്ന സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് പോരാട്ടങ്ങൾ അവസാനിച്ചുവെന്ന് കരുതുക വയ്യ. മാധ്യമങ്ങൾക്ക് ഇനിയും നിരന്തരം പ്രതിരോധങ്ങൾ ഉയർത്തേണ്ടിവരും. കോടതി ആരുടെ പക്ഷത്ത് നിൽക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Published in Chandrika Weekly on 15/04/2023

LEAVE A REPLY

Please enter your comment!
Please enter your name here