മീഡിയ വൺ വിധി: കോടതി എക്സിക്യൂട്ടീവിന്റെ കാവൽക്കാരനോ?

“ഈ കോടതിയെ സംബന്ധിച്ച ‘Sentinel On The Qui Vive (ജാഗരൂകനായ കാവൽക്കാരൻ)’ എന്ന  ഉപവാക്യം ഒരുപക്ഷേ, വെയിലേറ്റു മങ്ങിയിരിക്കാം. എന്നാൽ ഭരണഘടനാധാർമികതയുടെ അർത്ഥം നഷ്ടപ്പെടാതിരിക്കണമെങ്കിൽ ന്യായാധിപർ ആ പ്രയോഗത്തിന്റെ മൂല്യം സ്വയം ഓർമപ്പെടുത്തേണ്ടതുണ്ട്.” 

~ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് (ഗുജറാത്ത് മസ്ദൂർ സഭ vs സ്റ്റേറ്റ് ഓഫ് ഗുജറാത്ത്, 2020)

ഭരണഘടനാ കോടതികൾ ജാഗ്രതയോടെ സംരക്ഷിക്കേണ്ടത് പൗരാവകാശങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയുമാണ്, എക്സിക്യൂട്ടീവിന്റെ താത്പര്യങ്ങളെയല്ല എന്ന അടിസ്ഥാന തത്വം കേരളാഹൈക്കോടതിയെ ഓർമിപ്പിക്കേണ്ടതുണ്ട് എന്ന് വെളിവാക്കുന്നതാണ് മീഡിയ വൺ കേസിലെ ജസ്റ്റിസ്. എൻ. നഗരേഷ് പുറപ്പെടുവിച്ച വിധിന്യായം. 

പൗരാണികമായ ഭാരതീയ ധർമ്മസങ്കല്പത്തെ ഭരണഘടന അവഗണിച്ചുവെന്ന് പൊതുവേദിയിൽ പരിഭവം പറഞ്ഞിട്ടുള്ള വ്യക്തിയാണ് ജസ്റ്റിസ്. എൻ. നഗരേഷ്. എന്നാൽ ഭാരതീയ ദർശനങ്ങളിലെ സമത്വാധിഷ്ഠിത പാരമ്പര്യത്തെ ഉൾക്കൊണ്ടുകൊണ്ടുതന്നെയാണ് നമ്മുടെ ഭരണഘടനാ ധാർമികത മുന്നോട്ടു പോന്നിട്ടുള്ളത്. മതഗ്രന്ഥങ്ങളിൽ നിന്നും പൗരാണിക ദർശനസംഹിതകളിൽ നിന്നുമുള്ള ഉദ്ധരണികൾ നമ്മുടെ ഭരണഘടനാ കോടതികളുടെ വിധിന്യായങ്ങളിൽ വിരളവുമല്ല. മീഡിയ വൺ കേസിലെ ജസ്റ്റിസ്. എൻ. നഗരേഷിൻ്റെ വിധിയിലും കടന്നു വന്നിട്ടുണ്ട് , സപ്തർഷികളിലൊരാളായ അത്രി രചിച്ചതെന്നു കരുതപ്പെടുന്ന ‘അത്രിസംഹിത’ എന്ന പുരാതന ഗ്രന്ഥം. ഇവിടെ പക്ഷേ, പ്രശ്നം വിധിയുടെ ആധാരശില ഋഗ്വേദ കാലത്തെ ഈ പുസ്തകമാവുന്നു എന്നുള്ളതാണ്. കോടതിവിധികളുടെ അടിസ്ഥാനം ഭരണഘടനാ തത്വങ്ങളും നിയമവൈജ്ഞാനികതയുമായിരിക്കണം, അല്ലാതെ ഏതെങ്കിലും കാലഹരണപ്പെട്ട നീതിബോധമാകരുത്. അത്രിസംഹിത വായിക്കാനെടുത്ത സമയം ഇന്ത്യൻ ഭരണഘടന വായിക്കാൻ കോടതി ചെലവഴിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!

ആദ്യ ദിവസം, കേന്ദ്ര സർക്കാരിന്റെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചുകൊണ്ട്, മീഡിയ വൺ സമർപ്പിച്ച റിട്ട് ഹർജി സ്വീകരിക്കാൻ തയ്യാറായ കേരള ഹൈക്കോടതി ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. ദേശസുരക്ഷയുടെ അതിർവരമ്പുകൾ പരിശോധിച്ച്,  സാമാന്യനീതിയുടെ നിഷേധത്തെ അഭിസംബോധന ചെയ്ത്, വ്യക്തമായ നിയമയുക്തികൾ ചർച്ചചെയ്യുന്ന ഒരു വിധിന്യായം പ്രതീക്ഷിച്ചവർക്ക് തെറ്റി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ  നിയമവൈജ്ഞാനിക പരിണാമത്തെയാകെ അവഗണിച്ചുകൊണ്ട് മുദ്രവച്ച കവറിലെ അജ്ഞാത ന്യായീകരണങ്ങൾക്ക് മേലൊപ്പ് ചാർത്തുന്ന വിധിയാണ് ഉണ്ടായത്. അതിന്റെ ഹൃദയമായി ‘അത്രിസംഹിത’യും.

‘നൃപൻ്റെ’ പ്രാഥമിക കടമകൾ വിശദീകരിക്കുന്ന ശ്ലോകം ഉദ്ധരിച്ചുകൊണ്ട്  ‘ദേശസുരക്ഷ ഭരണകൂടത്തിന്റെ പ്രധാന കർത്തവ്യമാണ്’ എന്ന് ഹൈക്കോടതി പ്രസ്താവിക്കുന്നു. ജുഡീഷ്യറിക്കും നിയമനിർമാണസഭകൾക്കും  അതിൽ പരിപൂരകധർമം മാത്രമേയുള്ളുവെന്നും സമർത്ഥിക്കുന്നു. ദേശസുരക്ഷയെ സംബന്ധിക്കുന്നതെന്ത് എന്ന കാര്യം എക്സിക്യൂട്ടീവിനാണ് മനസിലാക്കാൻ കഴിയുക. അതുകൊണ്ട്  കോടതിക്ക് അതിൽ ഇടപടേണ്ട കാര്യമില്ല. ദേശസുരക്ഷയുടെ കാര്യം വരുമ്പോൾ സാമാന്യനീതിസങ്കൽപ്പങ്ങൾക്ക് വലിയ പ്രസക്തിയില്ല. ഈ സാഹചര്യത്തിൽ കരണമെന്തെന്നുപോലും അറിയിക്കാതെ മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണാനുമതി റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ തെറ്റൊന്നുമില്ല എന്നാണ് കോടതിവിധി.

2022-ൽ, സ്വാതന്ത്ര്യ ലബ്ധിക്ക് 75  വർഷങ്ങൾക്ക് ശേഷവും നമ്മുടെ കോടതികൾ ‘നൃപൻ്റെ’  കർത്തവ്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. അത്രിസംഹിത രചിക്കുന്ന കാലത്ത് ജനാധിപത്യമോ അതിന്റെ നാല് തൂണുകളോ ഇല്ല. രാജാവാണ് പരമാധികാരി, എല്ലാ നിയമങ്ങളുടെയും, നന്മകളുടെയും ഉറവിടം രാജാധികാരമാണ്. എന്നാൽ ഇന്നിവിടെ രാജാധികാരമല്ല, ജനായത്ത ഭരണകൂടമാണ്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളാണ് ഭരിക്കുന്നത്. അവരാണ് നിയമങ്ങൾ നിർമിക്കുന്നത്. ആ നിയമങ്ങൾ നീതിയുക്തമാണോ എന്ന് ഭരണഘടനയുടെ മൂന്നാം ഭാഗം അനുശാസിക്കുംവിധം പരിശോധിക്കേണ്ടത് കോടതികളാണ്. അങ്ങനെയുള്ള പാർലമെന്റിനും കോടതിക്കും, എക്സിക്ക്യൂട്ടീവ് ഉന്നയിക്കുന്ന ‘ദേശസുരക്ഷ’ എന്ന വാക്കിന് മേൽ യാതൊരു അധികാരവും ഇല്ലെന്നു പറയുന്നത് ആധുനിക ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്; പ്രത്യേകിച്ചും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ സ്വാതന്ത്ര്യം തുലാസിൽ നിൽക്കുന്ന അവസരങ്ങളിൽ.  ഇവിടെ എക്‌സിക്ക്യൂട്ടീവിന്റെ അധികാരങ്ങളുടെ സ്രോതസ്സ് ഭരണഘടനയാണ്, നിയമസംഹിതകളാണ്, ആത്യന്തികമായി ജനഹിതമാണ്, അല്ലാതെ രാജാധികാരമല്ല. ഇക്കാര്യം മനസ്സിലാക്കുന്നതിൽ കേരള ഹൈക്കോടതിയുടെ ഈ വിധിന്യായം പരാജയപ്പെട്ടിരിക്കുന്നു. കാരണം, വിധിയിൽ ഗവണ്മെന്റ് നടപടിയെ ന്യായീകരിക്കുന്നതിനുവേണ്ടി  പരാമർശിക്കുന്ന ബ്രിട്ടീഷ് വിധിന്യായം പോലും രാജാവിന്റെ വിശേഷാധികാരവുമായി ബന്ധപ്പെട്ടതാണ്.

1985-ലെ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോർഡ്‌സിന്റെ (ഇപ്പോഴത്തെ സുപ്രീംകോടതി) Council of Civil Service Unions v Minister for the Civil Service [1985] വിധിന്യായമാണ് കേരളാഹൈക്കോടതി വിധിയിൽ ചേർത്തിരിക്കുന്നത്. ജി.സി.എച്ച്.ക്യൂ. കേസ് എന്ന് പൊതുവെ  അറിയപ്പെടുന്ന ഈ  കേസ് നടക്കുന്നത് മാർഗരറ്റ് താച്ചറുടെ കാലത്താണ്. ജി.സി.എച്ച്.ക്യൂ.(Government Communications Headquarters) ജീവനക്കാർക്ക് ട്രേഡ് യൂണിയനുകളിൽ ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ല എന്ന് ഒരു ‘ഓർഡർ ഇൻ കൗൺസിൽ’ പുറപ്പെടുവിച്ചു. ഓർഡർ ഇൻ കൗൺസിൽ എന്ന് പറഞ്ഞാൽ ‘രാജകീയ വിശേഷാധികാരം’(Royal Prerogative)  ഉപയോഗിച്ച്  പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ്. ചരിത്രപരമായി ഇംഗ്ലണ്ടിൽ എക്സിക്യൂട്ടീവ് അധികാരത്തിന്റെ ഏകസ്രോതസും അവകാശിയും ബ്രിട്ടീഷ് പരമാധികാരിയാണ്. പാർലമെന്റിനു അധികാരമുള്ള ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേക്ക് ബ്രിട്ടൻ മാറിയെങ്കിലും രാജാവിന്റെ പരമാധികാരത്തിന്റെ ശേഷിപ്പ് എന്ന നിലയിൽ ഇപ്പോഴും ഈ ‘വിശേഷാധികാരം’ നിലനിൽക്കുന്നുണ്ട്; അതിന്റെ പരിധികളെക്കുറിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും. പത്തൊൻപതാം നൂറ്റാണ്ടു മുതൽ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും  ഉപദേശാനുസരണം ഈ അധികാരം പ്രയോഗിക്കുന്നതാണ് കീഴ് വഴക്കമെങ്കിലും രാജാധികാരം അതിനു വിരുദ്ധമായി പ്രയോഗിക്കുന്നതിന് നിയമപരമായ തടസ്സമൊന്നുമില്ല.  ജി.സി.എച്ച്.ക്യൂ. ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഹൗസ് ഓഫ് ലോർഡ്സിനു മുന്നിലുള്ള പ്രധാന ചോദ്യം ‘രാജ നാമത്തിലുള്ള’ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുമോ എന്നതായിരുന്നു. ‘രാജകീയ വിശേഷാധികാരം’ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാനാകില്ല എന്നായിരുന്നു അതുവരെയുള്ള കീഴ് വഴക്കം. എന്നാൽ  ജി.സി.എച്ച്.ക്യൂ. കേസ് അത് തിരുത്തിയെഴുതി. ‘രാജകീയ വിശേഷാധികാര’വും മറ്റെല്ലാ എക്സിക്യൂട്ടീവ് നടപടികളും പോലെ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് വിധി വന്നു. എന്നിരുന്നാലും ജി.സി.എച്ച്.ക്യൂ. ജീവനക്കാർ ട്രേഡ് യൂണിയനിൽ ചേർന്ന് പ്രവർത്തിക്കുന്നത് രാജ്യസുരക്ഷയ്ക്ക് അപകടകരമായ അച്ചടക്ക രാഹിത്യത്തിന് വഴിവയ്ക്കും എന്ന ഗവണ്മെന്റ് നിലപട് അംഗീകരിച്ചുകൊണ്ട്  ജി.സി.എച്ച്.ക്യൂ. ഉത്തരവ്  കോടതി ശരിവച്ചു. “ദേശസുരക്ഷ സംബന്ധിച്ച പൂർണമായ അറിവുള്ളത് ഗവൺമെന്റിനാണ്. അത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടതും ഗവൺമെന്റാണ്, കോടതിയല്ല. എന്നാൽ ഗവണ്മെന്റിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടാൽ അത് പരിശോധിച്ച്, തീരുമാനം ദേശസുരക്ഷയെക്കരുതി തന്നെയാണ് എന്ന്  സ്ഥാപിക്കാനുള്ള ബാധ്യത ഗവണ്മെന്റിനുണ്ട്.” ഇതായിരുന്നു ഹൗസ് ഓഫ് ലോർഡ്സിന്റെ നിലപാട്. ഈ ഭാഗമാണ് ഹൈക്കോടതി ഉദ്ധരിച്ചിരിക്കുന്നതും. 

ഇവിടെ രണ്ടു വ്യത്യാസങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, ഈ കേസ് ‘രാജകീയ വിശേഷാധികാരം’ സംബന്ധിച്ചുള്ളതാണ്. അതിനെ അന്നുവരെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ത്യയിൽ അങ്ങനെയുള്ള യാതൊരു അധികാരങ്ങളും നിലവിലില്ല. എന്നുമാത്രമല്ല എല്ലാ എക്സിക്യൂട്ടീവ് നടപടികളും നിയമങ്ങളും ഭരണഘടനയുടെ ഭാഗം മൂന്ന് അനുസരിച്ച് മൗലികാവകാശങ്ങളുമായി തുലനം ചെയ്തു പരിശോധിക്കാനുള്ള ബാധ്യത കോടതികൾക്കുണ്ട് താനും. മൗലികാവകാശങ്ങൾക്കുമേൽ യുക്തിസഹമായ നിയന്ത്രണങ്ങൾ മാത്രമേ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുള്ളൂ. രാഷ്ട്ര സുരക്ഷ അതിൽ ഒരു ഘടകമാണെങ്കിലും അവിടെയും നിയന്ത്രണം യുക്തിസഹമാണ് എന്നു തെളിയിക്കാൻ ഗവണ്മെന്റ് ബാധ്യതപ്പെട്ടിരിക്കുന്നു. 

രണ്ട്,  ജി.സി.എച്ച്.ക്യൂ. ഉത്തരവ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഹെഡ് ക്വർട്ടേഴ്‌സിലെ ജീവനക്കാർക്ക് ട്രേഡ് യൂണിയനിൽ പ്രവർത്തിക്കുന്നതിന് അനുമതി നിഷേധിക്കുന്നതുമായി ബന്ധപ്പെട്ടാണ്. പ്രത്യക്ഷത്തിൽ തന്നെ ദേശസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഓഫീസാണത്. ആ അർത്ഥത്തിൽ ഗവണ്മെന്റിന്റെ വാദം അംഗീകരിക്കാനേ കോടതിയ്ക്ക് കഴിയൂ. ഈ നിയന്ത്രണം നമ്മുടെ രാജ്യത്താണെങ്കിൽ ഭരണഘടനാപരമായി തന്നെ അംഗീകരിക്കപ്പെട്ടതാണ്. സായുധസേന, ഇന്റലിജൻസ്,  ദേശസുരക്ഷയുമായി ബന്ധപ്പെട്ട വാർത്താവിനിമയം എന്നീ രംഗത്തു പ്രവർത്തിക്കുന്നവർക്ക് മൗലികാവകാശങ്ങൾ എത്രമാത്രം അനുവദിക്കാനാകുമെന്ന് നിയമം വഴി പാർലമെന്റിനു തീരുമാനിക്കാവുന്നതാണെന്ന് ഭരണഘടനയുടെ അനുച്ഛേദം  33-ൽ വ്യക്തമാക്കുന്നുണ്ട്. ഇത്ര പ്രകടമായ ഒരു വിഷയത്തിലാണ് ജി.സി.ക്യൂ.എച്ച്. വിധി. എന്നാൽ സാമാന്യനീതിയുടെ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ, മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിനെ ന്യായീകരിക്കാൻ ആ വിധി ഉപയോഗിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. മാത്രവുമല്ല, ജി.സി.എച്ച്.ക്യൂ. കേസിൽ ചോദ്യം ചെയ്തത് ഒരു കാബിനറ്റ് തീരുമാനത്തെത്തുടർന്നുണ്ടായ ഉത്തരവിനെയാണ്. ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് നിയമമോ ക്യാബിനറ്റ് തീരുമാനമോ അല്ല, ചില ‘ഗൈഡ് ലൈൻസ്’ അനുസരിച്ച് സ്വീകരിച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമാണ്.

കേരളഹൈക്കോടതി വിധിയിൽ പരാമർശിക്കുന്ന ഇന്ത്യൻ സുപ്രീംകോടതിയുടെ ‘എക്സ് ആർമി മെൻ പ്രൊട്ടക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്’ (Ex. Armymen’S Protection Private Limited vs Union Of India And Ors) എന്ന കേസിൽ ജസ്റ്റിസ് കുര്യൻ ജോസഫ് എഴുതിയ വിധിന്യായത്തിലും ജി.സി.എച്ച്.ക്യൂ വിധി തന്നെയാണ് ഉദ്ധരിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ 2015-ലെ സുപ്രീം കോടതി വിധിയുടെ 11, 12 ഖണ്ഡികകളും ഇപ്പോഴത്തെ കേരള ഹൈക്കോടതി വിധിയുടെ 29, 30 ഖണ്ഡികകളും ഏകദേശം ഒന്നു തന്നെയാണെന്നു കാണാം. ഇരു വിധികളും ഒരേ യുക്തിരാഹിത്യം ഉൾക്കൊള്ളുന്നു.

ഇനി ജി.സി.എച്ച്.ക്യൂ. വിധി തന്നെ പരിശോധിച്ചാൽ, അതിൽ ലോർഡ് ഡിപ്പ്ലോക്ക് ഒരു എക്സിക്യൂട്ടീവ് നടപടി പരിശോധിക്കുന്നതിന് കോടതി സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെപ്പറ്റി എഴുതുന്നുണ്ട്. ഒന്ന്, നിയമവിരുദ്ധത, രണ്ട്, യുക്തിഹീനത, മൂന്ന്, നടപടിക്രമങ്ങളിലെ അനൗചിത്യം. തന്റെ മുന്നിലുള്ള കേസിൽ ഈ മൂന്നു ഘടകങ്ങൾ പരിശോധിച്ചാൽ മതിയാകും എന്ന് പറയുന്നുണ്ടെങ്കിലും അന്നത്തെ കാലത്ത് പൂർണവികാസം പ്രാപിച്ചിട്ടില്ലായിരുന്ന ‘ആനുപാതികത’ (proportionality)  എന്ന മറ്റൊരു നിയമസങ്കല്പത്തെക്കുറിച്ചുകൂടി അദ്ദേഹം പറയുന്നുണ്ട്. ഇന്ന് ആനുപാതികത  നിയമവൈജ്ഞാനികതയിൽ  ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. നമ്മുടെ രാജ്യത്തും ഇതുസംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് രൂപീകരിച്ചിട്ടുണ്ട് സുപ്രീംകോടതി. 2006-ലെ ഓം കുമാർ കേസിലെ (Om Kumar And Ors vs Union Of India)  സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ വിധിയോടെ ആനുപാതികതാ പരിശോധന ഇന്ത്യൻ നിയമവ്യവഹാരത്തിന്റെ ഭാഗമായി തീർന്നു. പിന്നീട് 2016-ൽ മോഡേൺ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച്  സെന്റർ (Modern Dental College and Research and Ors vs State of Madhya Pradesh) കേസിൽ ഒരോ എക്സിക്യൂട്ടീവ് നടപടിക്കും ഒരു നീതിയുക്തമായ ലക്ഷ്യമുണ്ടാകണം, ലക്ഷ്യവുമായി യുക്തിപരമായ ഒരു ബന്ധമുണ്ടാകണം, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം), പൗരാവകാശത്തെ  ക്രമാതീതമായ തരത്തിൽ ഹനിക്കാതെ അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം എന്നിങ്ങനെ നിഷ്കർഷിച്ചുകൊണ്ട് ആനുപാതികതക്ക് കൃത്യമായ ഒരു നിയമ ചട്ടക്കൂട് ഉണ്ടാക്കി. 2017-ൽ ചരിത്രപരമായ സ്വകാര്യതാ വിധിയിൽ (K. S. Puttaswamy Vs. Union of India) ആനുപാതികതാ സങ്കൽപ്പത്തെ സുപ്രീംകോടതിയുടെ 9 അംഗ വിശാലബെഞ്ച് അംഗീകരിച്ചു. 

പിന്നീടിങ്ങോട്ടുള്ള ഓരോ കേസിലും സുപ്രീംകോടതി ആനുപാതികതാ പരിശോധന നടത്തിയിട്ടുള്ളതായി കാണാം. അതിനൊരപവാദമുള്ളത് 2019-ലെ ഡിജി കേബിൾ നെറ്റ് വർക്ക് കേസാണ് (Digi Cable Network (India) Pvt. Ltd. Vs Union of India & Ors.) ജസ്റ്റിസ്. എ. എം. സപ്രേയും ജസ്റ്റിസ്. ഇന്ദു മൽഹോത്രയും വിധിയെഴുതിയ ഈ കേസിൽ, നമ്മളാദ്യം ചർച്ച ചെയ്ത, 2015-ലെ ജസ്റ്റിസ്. കുര്യൻ ജോസഫിന്റെ വിധി മാത്രം ആധാരമാക്കുകയായിരുന്നു. ഈ വിധിയും കേരള ഹൈക്കോടതി വിധിയിൽ ചേർത്തിട്ടുണ്ട് എന്നതിൽ അതിശയമില്ല.

 2020-ൽ കശ്മീരിലെ ഇൻ്റർനെറ്റ് നിരോധനവുമായി ബന്ധപ്പെട്ട് കശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ഭാസിൻ സമർപ്പിച്ച കേസിൽ (Anuradha Bhasin vs Union Of India) സുപ്രീംകോടതി ആനുപാതികതാ പരിശോധന നടത്തിയിരുന്നു. ദേശസുരക്ഷ സംബന്ധിച്ച് ഖണ്ഡിതമായ പരിശോധന സാധ്യമല്ലെന്നു പറഞ്ഞെങ്കിലും പരിപൂർണമായി ഒഴിവാക്കിയില്ല കോടതി. പത്ര സ്വാതന്ത്ര്യത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു കേസായിരുന്നു അത്. 

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് 2021-ലെ പെഗാസസ് കേസും (Manohar Lal Sharma vs Union Of India). “ദേശ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധന പരിമിതമായിരിക്കും എന്നതിനർത്ഥം രാജ്യ സുരക്ഷ എന്ന വാക്ക് ഗവണ്മെന്റിന് ഒരു ‘ഫ്രീ പാസ്’ ആണെന്നല്ല. ദേശസുരക്ഷ എന്ന ‘ഉമ്മാക്കി’ കാണിച്ച് കോടതിയെ എപ്പോഴും തടയാമെന്നു കരുതരുത്. രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ കോടതികൾ കരുതലോടെയേ ഇടപെടാവൂ എന്നുവച്ചാൽ പരിശോധനയേ പാടില്ലെന്നല്ല.”  ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ്. സൂര്യകാന്ത്, ജസ്റ്റിസ്. ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ച് വിധിയെഴുതി. മേൽപ്പറഞ്ഞ രണ്ടു ബെഞ്ചുകളിലും ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഉണ്ടായിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. 

എന്നാൽ കേരളഹൈക്കോടതി ഇവയെല്ലാം അവഗണിച്ചു. ‘ദേശസുരക്ഷ’ എന്ന ഒറ്റവാക്കിൽ സാമാന്യനീതിയുടെ എല്ലാ നടപടിക്രമങ്ങളെയും നിഷേധിച്ചു. കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ച ഫയൽ നോട്ടിംഗ്‌സിൽ എല്ലാമുണ്ടെന്നും അത് കോടതിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവിച്ചു. കോടതി വിധിയിൽ തന്നെ ഉദ്ധരിക്കുന്ന രാംജത്മലാനി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ പറയുംപ്രകാരം, അനുച്ഛേദം 19(2) അനുവദിക്കുന്ന യുക്തിസഹമായ നിയന്ത്രണമാണോ ഇത് എന്ന അന്വേഷണത്തിന് കോടതി മുതിർന്നതേയില്ല. ആനുപാതികതയെക്കുറിച്ച് മിണ്ടിയിട്ടേയില്ല. 

മീഡിയ വൺ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അവർ എയർ ചെയ്ത ഏതെങ്കിലും ഒരു പരിപാടിയിലാണ് പ്രശ്നമെങ്കിൽ, ആ പരിപാടി മാത്രം നിയന്ത്രിച്ചാൽ മതിയാവില്ലേ? അതിന് ചാനലിന്റെ സംപ്രേഷണം മുഴുവനായി നിരോധിക്കുന്നത് ആനുപാതികമായ ശിക്ഷയാണോ? ഇനി അഥവാ മാനേജ്‌മെന്റ് ആണ് പ്രശ്നമെങ്കിൽ അവർ ചെയ്ത കുറ്റം എന്താണെന്ന് അറിയണ്ടേ? അതിന് അവരെ ശിക്ഷിക്കേണ്ടേ? അന്വേഷണം നടക്കേണ്ടതല്ലേ? രാജ്യരക്ഷ ഒരു നിയമപരമായ ലക്ഷ്യമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല, പക്ഷേ, അതിനുവേണ്ടി ഒരു ചാനൽ നിരോധിക്കുന്നതിന് യുക്തിപരമായ വല്ല ബന്ധവുമുണ്ടോ എന്ന് വിലയിരുത്തേണ്ടതല്ലേ? നിരോധനമല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ലേ? രാജ്യസുരക്ഷയും അവകാശലംഘനവും തമ്മിൽ തുലനപ്പെടുന്നുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. ഈ ചോദ്യങ്ങളൊക്കെയും നിയമപ്രശ്നങ്ങൾ കൂടിയാണ്.  കേരള ഹൈക്കോടതി വിധി ഇക്കാര്യങ്ങളെയൊന്നും അഭിസംബോധന ചെയ്തിട്ടില്ല. മുദ്രവച്ച കവറിലെ അജ്ഞേയ ലേഖനങ്ങളിലൂടെ കാര്യങ്ങൾ തീരുമാനിക്കുക വഴി പൗരാവകാശങ്ങളെ അട്ടിമറിക്കാനുള്ള ഉപായങ്ങൾ തേടുന്ന ഗവണ്മെന്റുകൾക്ക് ഈ വിധി പ്രോത്സാഹനമാകുമെന്ന് പറയാതെ വയ്യ. 

പെഗാസസ് വിധിയെ മറികടക്കാൻ കേരളാഹൈക്കോടതി ഉപയോഗിച്ച മാർഗം നോക്കുക. പെഗാസസ് കേസ് സ്വകാര്യതയുമായി ബന്ധപ്പെട്ടതായതുകൊണ്ട് മീഡിയവൺ നിരോധനത്തിന്റെ കാര്യത്തിൽ അതിനു പ്രസക്തിയില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പെഗാസസ് വിധിയിൽ മാധ്യമസ്വാതന്ത്ര്യം ഒരു പ്രശ്നം തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യത്തെയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് പെഗാസസ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇത് വിധിയിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ അടിവരയിടുന്നതാണ് പെഗാസസ് വിധി. അനുരാധ ഭാസിൻ കേസിലെ വിധിയും പെഗാസസ് വിധിയിൽ പരാമർശിക്കപ്പെടുന്നുണ്ട്, അല്ലാതെ ആ കേസ് സ്വകാര്യതയുമായി ബന്ധപ്പെട്ടതല്ല എന്ന് പറഞ്ഞു അവഗണിക്കുകയല്ല സുപ്രീംകോടതി ചെയ്തത്. ഹൈക്കോടതിയുടെ യുക്തി ഉപയോഗിച്ചാണെങ്കിൽ മാധ്യമ സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ജി.സി.ക്യൂ.എച്ച് കേസ് എങ്ങനെയാണ് കേരള ഹൈക്കോടതി വിധിയുടെ ഭാഗമായത്? 

മാധ്യമസ്വാതന്ത്ര്യം ഭരണഘടനയുടെ അനുച്ഛേദം 19(1)(എ)-ലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവശ്യഘടകമാണെന്ന് 1950-ലെ റൊമേഷ് ഥാപ്പർ കേസ് (Romesh Thappar vs The State Of Madras) മുതലിങ്ങോട്ട് ഇന്ത്യൻ എക്സ്പ്രസ്സ് (Indian express Newspaper vs Union of India)യും അനുരാധാ ഭാസിനും പെഗാസസും വരെയുള്ള നിരവധി വിധികളിലൂടെ  സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനുപേക്ഷണീയമായ ഘടകമാണ് സ്വതന്ത്ര മാധ്യമങ്ങൾ എന്നു തിരിച്ചറിഞ്ഞുകൊണ്ട് മധ്യമസ്വാതന്ത്ര്യത്തിനൊപ്പം നിന്ന ചരിത്രമാണ് നമ്മുടെ ഭരണഘടനാ കോടതികൾക്കുള്ളത്.

“എല്ലാ ജനാധിപത്യ വ്യവസ്ഥിതികളുടെയും അടിത്തറ അഭിപ്രായ സ്വാതന്ത്ര്യമാണ്. കാരണം, സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങളില്ലാതെ,  ഗവണ്മെന്റിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ സാമൂഹിക വിദ്യാഭ്യാസം  അസാധ്യമാണ്.” നെഹ്‌റു ഗവണ്മെന്റിനെ വിമർശിച്ചുകൊണ്ടുള്ള റൊമേഷ് ഥാപ്പറിന്റെ  ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ‘ക്രോസ്‌റോഡ്സ്’ വാരികയ്ക്ക് മദ്രാസ് ഗവണ്മെന്റ് ഏർപ്പെടുത്തിയ നിരോധനം  റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ ജസ്റ്റിസ്. എം. പതഞ്‌ജലി ശാസ്ത്രി പ്രസ്താവിച്ചു. ഇദ്ദേഹം തന്നെയാണ് മറ്റൊരു വിധിയിൽ കോടതിയെ Sentinel On The Qui Vive എന്ന് വിശേഷിപ്പിച്ചത്; പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവൽക്കാരൻ. ഭരണഘടനാ കോടതികൾ ജനാധിപത്യ സമൂഹത്തിലെ പൗരരുടെ അവകാശങ്ങളുടെ കാവൽക്കാരാണ്. പ്രാചീന ഗ്രന്ഥങ്ങളിലെ കാലഹരണപ്പെട്ട ധർമവ്യവസ്ഥയുടെയല്ല, ആധുനിക ജനാധിപത്യ സമൂഹത്തിലെ ഭരണഘടനാധാർമികതയുടെ കാവൽക്കാർ. അവർ എക്സിക്യൂട്ടീവ്  നടപടികളുടെ കാവൽക്കാരായി മാറുന്നത് ജനാധിപത്യത്തിന്റെ മരണത്തെയാണ് അടയാളപ്പെടുത്തുന്നത്. കേരളാ ഹൈക്കോടതിയുടെ മീഡിയവൺ വിധി ആ അർത്ഥത്തിൽ നിരാശപ്പെടുത്തുന്നതാണ്.

First Published in TrueCopyThink Webzene on 11 Feb 2022

LEAVE A REPLY

Please enter your comment!
Please enter your name here