ഡിജിറ്റല്‍ പണമിടപാടുകളില്‍ ഏറ്റവും സുരക്ഷിതമെന്ന നിലയ്‌ക്ക് പ്രചരിപ്പിക്കപ്പെടുന്നത് ആധാര്‍ അധിഷ്‌ഠിത ബയോമെട്രിക് സംവിധാനമാണ്. മൈക്രോ എ.ടി.എമ്മുകള്‍ വഴിയും ഭീം ആപ്പ് ഉപയോഗിച്ചും ഉപഭോക്‌താവിന്റെ ആധാര്‍ നമ്പര്‍ നല്‍കി ഫിംഗര്‍ പ്രിന്റ് റീഡറില്‍ വിരല്‍ പതിപ്പിച്ചാല്‍ ആധാര്‍-ബന്ധിത ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമിടപാടുകള്‍ നടത്താം. അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.കോഡും ഓര്‍ത്തിരിക്കേണ്ടാ എന്ന സൗകര്യവുമുണ്ട്. വൈദ്യുതിയും ഇന്റര്‍നെറ്റും എ.ടി.എമ്മും ബാങ്കും ഇല്ലാത്ത ഗ്രാമീണ ഇന്ത്യയില്‍ ഈ സംവിധാനങ്ങള്‍ക്ക് വമ്പിച്ച പ്രചാരണം സര്‍ക്കാര്‍ നല്‍കിവരുന്നു. സാങ്കേതിക വിദ്യയുടെ വര്‍ണപ്പൊലിമയില്‍ അഭിരമിക്കുന്നവര്‍ക്ക് ഇത് സുരക്ഷിതമാണെന്ന് തോന്നാം. പക്ഷേ, യാഥാര്‍ഥ്യം മറ്റൊന്നാണ്. ലോകത്ത് ഒരു വികസിത സമൂഹവും ഇതുപോലുള്ള ബയോമെട്രിക് പേമെന്റ് സാങ്കേതികതയുമായി മുന്നോട്ടുപോയിട്ടില്ല. കാരണം വളരെ ലളിതമാണ്. പാസ്‌വേഡുകള്‍ പോലെ, എ.ടി.എം. പിന്‍ പോലെ മറച്ചു വയ്‌ക്കാനോ രഹസ്യമായി സൂക്ഷിക്കാനോ കഴിയുന്നതല്ല നമ്മുടെ വിരലടയാളം.
നാം പോകുന്ന ഇടങ്ങളിലൊക്കെ, ചായകുടിച്ച ഗ്ലാസ്സില്‍, വാതില്‍ പിടിയില്‍, പഞ്ചിങ് മെഷിനില്‍, ഫിംഗര്‍പ്രിന്റ് റീഡറില്‍ അങ്ങനെ എല്ലായിടത്തും വിരലടയാളം അവശേഷിപ്പിക്കുന്നു. ഒരു ഹൈ റസലൂഷന്‍ ഫോട്ടോയില്‍ നിന്നുപോലും വിരലടയാളം പുനഃസൃഷ്‌ടിക്കാം. അത്ഭുതപ്പെടേണ്ട, കുറ്റാന്വേഷണ രംഗത്ത് പോലീസ് എത്രയോ കാലങ്ങളായി ചെയ്‌തുകൊണ്ടിരിക്കുന്നതാണിത്.
വിരലടയാളം ഒപ്പിയെടുത്ത് കൃത്രിമമായി ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. സ്വന്തം വിരലടയാളത്തിന്റെ പകര്‍പ്പുണ്ടാക്കാന്‍ ഒരു മെഴുകുതിരിയും അല്‌പം വെള്ളവും കുറച്ച് ഫെവിക്കോളും മാത്രം മതി. ഒരു ചെറിയ പാത്രത്തില്‍ മെഴുക് ഉരുക്കിയൊഴിച്ച് അതില്‍ വിരല്‍ അമര്‍ത്തി, വെള്ളമൊഴിച്ച് തണുപ്പിച്ച് മോള്‍ഡ് ഉണ്ടാക്കുക. അതില്‍ അല്‌പം ഫെവിക്കോള്‍ ഒഴിച്ച് ഉണങ്ങാന്‍ അനുവദിച്ചാല്‍ ഫെവിക്കോളിന്റെ പാടയില്‍ വിരലടയാളത്തിന്റെ അസ്സല്‍ പകര്‍പ്പ് രൂപപ്പെട്ടിരിക്കുന്നതു കാണാം. സാധാരണ ഫിംഗര്‍ പ്രിന്റ് റീഡറുകളെ കബളിപ്പിക്കാന്‍ ഇത് ധാരാളമാണ്. ഇരുപതോ മുപ്പതോ രൂപമാത്രമാണ് ചെലവ്.
അനുമതിയില്ലാതെ ഒരാളുടെ വിരലടയാളം കൃത്രിമമായി ഉണ്ടാക്കാന്‍ അല്‍പം ചെലവ് കൂടുതലാണ്, ഏകദേശം 200 – 250 രൂപ വരും! ജര്‍മ്മനിയില്‍ ബയോമെട്രിക് ഐ.ഡി. വന്നപ്പോള്‍ ആഭ്യന്തര മന്ത്രിയുടെ വിരലടയാളം ഒരു ഫിലിംസ്‌ട്രിപ്പിലാക്കി വിതരണം ചെയ്‌ത് കയോസ് കമ്പ്യൂട്ടര്‍ ക്ലബ്ബ് ലോക ശ്രദ്ധയില്‍ കൊണ്ടുവരികയുണ്ടായി. ഒരു പത്രസമ്മേളനത്തിനിടെ എടുത്ത ഹൈ റസലൂഷന്‍ ചിത്രത്തില്‍ നിന്നു വരെ ഫിംഗര്‍ പ്രിന്റ് പുനഃസൃഷ്‌ടിച്ചു. ഒന്നു ഗൂഗിളില്‍ പരിശോധിച്ചാല്‍ ഏതു സാധാരണക്കാരനും സ്വായത്തമാക്കാവുന്നത്ര ലളിതമാണ് ഇതിന്റെ സാങ്കേതികത.
അതിനു പുറമെയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോററ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) യുടെ കേന്ദ്ര വിവര ശേഖരം (സി.ഐ.ഡി.ആര്‍.) ഹാക്ക് ചെയ്യപ്പെട്ടാലോ അക്ഷയ കേന്ദ്രങ്ങലിലും ജിയോ സെന്ററുകളിലും മറ്റും അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്‌താലോ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍.
ഒരിക്കല്‍ നഷ്‌ടപ്പെട്ടാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല എന്നതാണ് ബയോമെട്രിക് സംവിധാനങ്ങളുടെ ഏറ്റവും വലിയ പരിമിധി. എ.ടി.എം. കാര്‍ഡോ ഇമെയില്‍ അക്കൗണ്ടിന്റെ പാസ്‌വേഡോ മൊബൈല്‍ ഫോണോ പോലെ മാറ്റിയെടുക്കാനോ ബ്ലോക്കു ചെയ്യാനോ റീസെറ്റ് ചെയ്യാനോ കഴിയുന്നതല്ലല്ലോ ഒരു വ്യക്‌തിയുടെ വിരലടയാളം. കോടിക്കണക്കായ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്ന വലിയ സാമ്പത്തിക അരക്ഷിതാവസ്‌ഥയ്‌ക്കും അനിശ്‌ചിതത്വത്തിനും വഴിവയ്‌ക്കാന്‍ ഇടയുള്ള അപകടകരമായ പദ്ധതിയാണ് ആധാര്‍ അധിഷ്‌ഠിത ബയോ മെട്രിക് പണമിടപാടുകള്‍.
ഡിജിറ്റല്‍ ബ്ലാക്ക് മണി കള്ളപ്പണമെന്നാല്‍ കറന്‍സി നോട്ടുകള്‍ മാത്രമല്ല. നോട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണം മുഴുവന്‍ കള്ളപ്പണവുമല്ല. രാജ്യത്തെ മൊത്തം കള്ളപ്പണത്തിന്റെ ആറ് ശതമാനമാണ് നോട്ടുകളായുള്ളത്. ബാക്കി 94 ശതമാനം വിദേശത്തും റിയല്‍ എസേ്‌റ്ററ്റിലും സ്വര്‍ണത്തിലും മറ്റുമായി നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. മുതലാളിത്ത കാലത്ത് പണം ആരും ബഡ്‌ഡിലും തലയിണയിലും ചാക്കിലും കെട്ടിവച്ച് സൂക്ഷിക്കുന്നില്ല.
നിരന്തരമായ ക്രയവിക്രയങ്ങളുടെ ചടുലചാക്രീകതയിലാണ് സമാന്തര സമ്പദ്‌വ്യവസ്‌ഥ നിലനില്‍ക്കുന്നത്. അതിന്റെ ആണിക്കല്ല് ഇവിടുത്തെ രാഷ്‌ട്രീയ വ്യവസ്‌ഥിതിയും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും നേതാക്കളുമാണ്. അതിന് യാതൊരു കോട്ടവും വന്നിട്ടില്ലെന്നിരിക്കെ വ്യവസ്‌ഥിതിയുടെ ഉപോത്‌പന്നമായ കള്ളപ്പണവും കുന്നുകൂടുകയേയുള്ളൂ.അഴിമതി നടത്താനും കൈക്കൂലി നല്‍കാനും രണ്ടായിരത്തിന്റെ മഷിയുണങ്ങാത്ത നോട്ടുകള്‍ വേണമെന്ന മിഥ്യാബോധത്തിലാണു നമ്മള്‍. ഒന്നാലോചിച്ചാല്‍ അറിയാം രാജ്യത്തെ ഏറ്റവും വലിയ അഴിമതികളൊക്കെയും-ടുജിയും ശവപ്പെട്ടി കുംഭകോണവും കല്‍ക്കരി ഖനിയിടപാടും ഹെലികോപ്‌റ്റര്‍ അഴിമതിയും എല്ലാം – ക്യാഷ്‌ലെസ് ആയിരുന്നു. അതുകൊണ്ടു തന്നെയാണ് ക്യാഷ്-ജി.ഡി.പി. അനുപാതവും ഡിജിറ്റല്‍ പണമിടപാടിന്റെ അളവുമൊന്നും കള്ളപ്പണ വ്യവസ്‌ഥയെയും അഴിമതിയെയും കാര്യമായി ബാധിക്കുന്നില്ല എന്നു പറയുന്നത്.
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ ഡിജിറ്റല്‍ മുന്നേറ്റവും സുതാര്യമായ സമ്പദ്‌വ്യവസ്‌ഥയും സാങ്കേതിക വിദ്യയുടേതല്ല, ആ രാജ്യങ്ങളിലെ സവിശേഷമായ സാമൂഹിക-സാമ്പത്തിക-പരിതസ്‌ഥിതിയുടെ ഉപോത്‌പന്നമാണ്. മറ്റു മേഖലകളിലേക്കു വന്നാല്‍ അഴിമതി വളരെ കുറവെന്നു നാം കരുതുന്ന പല രാജ്യങ്ങളിലും ഇന്ത്യയിലേതിന് സമാനമായ ക്യാഷ് – ജി.ഡി.പി. അനുപാതമാണ്.
ഇന്ത്യയില്‍ ഇത് 12.5 % ആണെങ്കില്‍ ജപ്പാന്‍, ഹോങ്കോ, യൂറോപ്യന്‍ യൂണിയന്‍, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളില്‍ യഥാക്രമം 20.6 %, 15.51%, 11.76 %, 10.61 %, 9.55 %, 9.00 % എന്നിങ്ങനെയാണ്. 75-80 ശതമാനം ക്യാഷ്‌ലെസ് ഇടപാടുകള്‍ നടക്കുന്ന ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ലോകബാങ്ക് കണക്ക് പ്രകാരം സമാന്തര സമ്പത്‌വ്യവസ്‌ഥ ജി.ഡി.പി.യുടെ 20-21 % ആണ്.
ഇന്ത്യയുടേത് 20.7 %. 75% ക്യാഷ്‌ലെസ് ആയ കെനിയയും നൈജീരിയയും പോലുള്ള രാജ്യങ്ങള്‍ അഴിമതിയുടെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നു എന്ന് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.
ക്രിപ്‌റ്റോ കറന്‍സികള്‍ വികേന്ദ്രീകൃതമായ ഇലക്‌ട്രോണിക് ശൃംഖലകളില്‍ ഡിജിറ്റലായി സൃഷ്‌ടിക്കുകയും ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന ബിറ്റ് കോയിന്‍ പോലുള്ള കറന്‍സികളാണ് ഇവ. ഏതെങ്കിലും ഒരു സെന്‍ട്രല്‍ ബാങ്ക് അച്ചടിക്കുന്നവയല്ല. ബിറ്റ് കോയിന്‍ ഇടപാടുകളെല്ലാം ബ്ലോക്ക് ചെയിനുകളില്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇവയുടെ അഡ്രസ്സുകള്‍ ഒരിക്കലും ഇടപാടുകാരന്റെ യഥാര്‍ഥ ഭൗതീക വിലാസം വെളിപ്പെടുത്തുന്നില്ല. ഈ അനഭിലഷണീയമായ രഹസ്യ സ്വഭാവം ബിറ്റ് കോയിനും ഡാര്‍ക്ക് നെറ്റും ഒരുമിക്കുന്ന നിഗൂഢമായ സമാന്തര സമ്പത് വ്യവസ്‌ഥയ്‌ക്ക് വഴിയൊരുക്കുന്നു.
ഇ-വാലറ്റുകള്‍ മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയാണ് ഇ-വാലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 10,000 രൂപ വരെ സൂക്ഷിക്കുന്നതിന് കെ.വൈ.സി. ആവശ്യമില്ല. എസ്.ബി.ഐ. ബഡ്‌ഡി, ഫ്രീ ചാര്‍ജ്‌ജ്, പെ-ടി.എം. തുടങ്ങി എത്രയോ വാലറ്റുകളാണുള്ളത്. ഇവയിലോരോന്നിലും 10,000 വച്ച് ലക്ഷങ്ങള്‍ വരെ സൂക്ഷിക്കുന്നതിന് ഒരു സിം-കാര്‍ഡ് മാത്രം മതി. വ്യാജവിലാസങ്ങളില്‍ അല്ലെങ്കില്‍ ബിനാമികള്‍ വഴി എടുത്ത ഏതാനും സിം കാര്‍ഡുകള്‍ കൊണ്ട് വലിയ കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളാക്കി ഇ-വാലറ്റുകളെ മാറ്റാന്‍ കഴിയും.
യു.പി.ഐയും വിര്‍ച്വല്‍ പേമെന്റ് അഡ്രസും നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.)യുടെ ഡിജിറ്റല്‍ പണമിടപാടു സംവിധാനമാണ് യു.പി.ഐ. ഭീം, എസ്.ബി.ഐ. പെ, ഫോണ്‍ പെ എന്നിങ്ങനെ നിരവധി യു.പി.ഐ. ആപ്പുകളുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിക്കാതെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ചുകൊണ്ട്, ഇമെയില്‍ അഡ്രസ്സുപോലെ ഒരു വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ്സ് (വി.പി.എ.) ഉണ്ടാക്കി അതു മാത്രം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താം.
ന്ഥ്വദ്ധ, ദ്ധ്യദ്ധ്യദ്ധ എന്നിങ്ങനെയായിരിക്കും വി.പി.എ.കള്‍. ഒരു ഡിഫോള്‍ട്ട് അക്കൗണ്ട് ഉണ്ടായിരിക്കുമെങ്കിലും ഒരു വി.പി.എ. ഉണ്ടാക്കിയാല്‍ പിന്നെ അതുമായി എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും ബന്ധിപ്പിക്കാന്‍ കഴിയും. ഇങ്ങനെ ബന്ധിപ്പിച്ച വിവിധ അക്കൗണ്ടുകളിലേക്കുള്ള ഇടപാടുകള്‍ വ്യതിരിക്‌തമായി ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് വി.പി.എകളെ ഭാവിയില്‍ കള്ളപ്പണമിടപാടുകള്‍ക്കുള്ള ജാലകങ്ങളാക്കി മാറ്റുന്നു.
ആധാര്‍ അധിഷ്‌ഠിത ഇകെ.വൈ.സി ബാങ്ക്
അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ ബ്ലാക്ക് മണിയുടെ ഏറ്റവും വലിയ കേന്ദ്രമാകാന്‍ പോകുന്നത് ആധാര്‍ അധിഷ്‌ഠിത ഇകെ.വൈ.സി ബാങ്ക് അക്കൗണ്ടുകളായിരിക്കും. അതിനുള്ള കാരണങ്ങള്‍ പറയാം. ഒന്നാമതായി ആധാര്‍ ബന്ധപ്പെട്ട വ്യക്‌തിയുടെ ഐഡന്റിറ്റി യു.ഐ.ഡി.എ.ഐ യോ സര്‍ക്കാരോ പരിശോധിച്ച് ഉറപ്പുവരുത്തുന്നില്ല. നേരിട്ടുള്ള പരിശോധനയോ ഓഡിറ്റോ ഇല്ലാതെ ലഭിക്കുന്ന ഏക ഐ.ഡി. കാര്‍ഡാണ് ആധാര്‍.
സ്വകാര്യ ഏജന്‍സികളും അര്‍ധസര്‍ക്കാര്‍ ഏജന്‍സികളും ഒക്കെയാണ് ആധാറിനുവേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. ഒരു ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം മാത്രം മതി ഭൗതിക പരിശോധനയേതുമില്ലാതെ ഒരാള്‍ ആഗ്രഹിക്കുന്ന വിലാസത്തില്‍ ആധാര്‍ എടുക്കാന്‍.
സ്വകാര്യ കമ്പനികളുടെ എന്‍റോള്‍മെന്റ് ടാര്‍ഗറ്റുകള്‍ പൂര്‍ത്തീകരിക്കാന്‍ തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കികൊണ്ട് ഏറ്റവും കൂടുതല്‍ പേരെ ആധാറില്‍ എന്‍റോള്‍ ചെയ്യാനാണ് ഏജന്‍സികള്‍ ശ്രമിക്കുക. വിരലടയാളമുള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളും ഓഡിറ്റ് ചെയ്യപ്പെടുന്നില്ല. കൃത്രിമ മേല്‍വിലാസത്തിലോ മറ്റൊരാളുടെ വിലാസത്തിലോ ആകാം ആധാര്‍ ഉടമ സാക്ഷ്യപത്രം നല്‍കിയിരിക്കുന്നത്. ഇതുകൊണ്ടാണ് പഴങ്ങളുടെയും മൃഗങ്ങളുടെയും ചിത്രവും പേരും വച്ച് ആധാര്‍ കാര്‍ഡുകള്‍ വരുന്ന സാഹചര്യം ഉണ്ടായത്.
ഈ പരിമിധി തിരിച്ചറിഞ്ഞാണ് ആധാര്‍ അധിഷ്‌ഠിതമായി മാത്രം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയില്ലയെന്നും മറ്റേതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കൂടി ഹാജരാക്കണമെന്നും റിസര്‍വ് ബാങ്ക് 2012 മുതല്‍ നിലപാടെടുത്തത്. സര്‍ക്കാരിന്റെ ശക്‌തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നുന്നണ്‍ങ്ക അനുവദിക്കുകയായിരുന്നു.
നിലവിലെ ആധാര്‍ അധിഷ്‌ഠിത ഇകെ.വൈ.സിയില്‍ ബയോമെട്രിക് വിവരങ്ങള്‍ പോലും പരിശോധിക്കപ്പെടുന്നില്ല. യു.ഐ.ഡി.എ.ഐ.യില്‍ നിന്നും ലഭിക്കുന്ന ഒഥന്റിക്കേഷന്‍ റെസ്‌പോണ്‍സ് അല്ലാതെ മറ്റൊരു രേഖയും സൂക്ഷിക്കുന്നില്ല. അതുതന്നെ ആറു മാസത്തേക്കു മാത്രം.
അതായത് കുറച്ചു കാലം കഴിഞ്ഞാല്‍ ഇകെ.വൈ.സി അക്കൗണ്ടുകളുടെ ഉടമസ്‌ഥത പരിശോധിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഇത് കള്ളപ്പണക്കാര്‍ക്ക് ഒരുക്കുന്ന സൗകര്യം വലുതാണ്.
ആധാര്‍ ബന്ധിത അക്കൗണ്ടുകളുടെ മറ്റൊരു പ്രത്യേകത അത് പണമിടപാടുകളിലെ സുതാര്യത ഇല്ലാതാക്കുന്നു എന്നതാണ്. എന്‍.പി.സി.ഐയാണ് ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നത്. എന്‍.പി.സി.ഐ. സര്‍ക്കാരിന്റെ ഭാഗമല്ല; ഒരു സെക്‌ഷന്‍-8 കമ്പനിയാണ്.
നിലവില്‍ ആധാര്‍ ബന്ധിത അക്കൗണ്ട് ഉള്ള ഒരാള്‍ പുതിയ ഒരു അക്കൗണ്ടിലേക്ക് ആധാര്‍ സീഡ് ചെയ്യുമ്പോള്‍ എന്‍.പി.സി.ഐ. ഡേറ്റാ ബേസില്‍ അത് ഓവര്‍ റൈറ്റ് ചെയ്യപ്പെടുകയാണ്. അതുകൊണ്ടാണ് പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നമ്പര്‍ ബന്ധിത അക്കൗണ്ട് നല്‍കിയിട്ടുള്ള ഒരു വ്യക്‌തി മറ്റേതെങ്കിലും ഒരാവശ്യത്തിന് വേറൊരു ആധാര്‍ ബന്ധിത അക്കൗണ്ട് എടുത്താല്‍, ഗ്യാസ് സബ്‌സിഡിയും പുതിയ അക്കൗണ്ടിലേക്ക് വരുന്നത്. ഇതിന്റെ അപകടം പഴയ അക്കൗണ്ടിലേക്ക് നടത്തുന്ന പണമിടപാടുകള്‍ ട്രെയ്‌സ് ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു എന്നതാണ്. ഇത് സമാന്തര സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് സഹായകരമാകുന്നു.
ഈ പ്രശ്‌നം മറികടക്കാന്‍ സര്‍ക്കാരിന്റെ മുന്നിലുള്ള മാര്‍ഗം ആധാര്‍ അധിഷ്‌ഠിത ഇകെ.വൈ.സി അക്കൗണ്ടുകള്‍ മരവിപ്പിച്ച് മറ്റൊരു തിരിച്ചറിയല്‍ രേഖ വച്ച് കെ.വൈ.സി. വിവരങ്ങള്‍ പുതുക്കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുക എന്നതാണ്. അതുപോലെ തന്നെ വിര്‍ച്വല്‍ പേമെന്റ് അഡ്രസ്സുകള്‍ ഇടപാടുകളെ ഗോപ്യമാക്കുന്നിടത്തോളം കാലം പണമിടപാടുകളെല്ലാം എന്‍.ഇ.എഫ്.ടി. അല്ലെങ്കില്‍ ആര്‍.ടി.ജി.എസ്. മുഖേനയാക്കുകയും വേണം.
ഒപ്പം സമഗ്രമായ ഒരു വിവര സംരക്ഷണ നിയമവും സ്വകാര്യത നിയമവും നിര്‍മിച്ച് ഡിജിറ്റല്‍ കാലഘട്ടത്തിലെ പൗരന്റെ അവകാശങ്ങളും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള നിര്‍വഹണ സംവിധാനങ്ങളും ഒരുക്കണം. പൗരാവകാശ സംരക്ഷണത്തെക്കുറിച്ചും വിവര സുരക്ഷിതത്വത്തെക്കുറിച്ചും അവബോധമുണര്‍ത്തുന്നതിന് ഡിജിറ്റല്‍ സാക്ഷരതാ പ്രസ്‌ഥാനം ആരംഭിക്കണം.
ക്യാഷ്‌ലസ് സമ്പദ് വ്യവസ്‌ഥയെ സുസ്‌ഥിരമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള നിയമപരമായ ചട്ടക്കൂടോ അടിസ്‌ഥാന സൗകര്യങ്ങളോ നിര്‍വഹണ സംവിധാനങ്ങളോ വിഭവങ്ങളോ നമുക്കില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുപോയില്ലെങ്കില്‍ കെനിയയിലും നൈജീരിയയിലും സംഭവിച്ചതിന് സമാനമായ സാമ്പത്തിക അരക്ഷിതാവസ്‌ഥ നമുക്കും നേരിടേണ്ടി വരും.
The article was first published in Mangalam Daily on 29/01/2017