ഭീമകൊറേഗാവ്; സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നു.

യുഎപിഎ കേസിൽ പെട്ട് ജയിലിലായാൽ ഒരു കാരണവശാലും  നല്ല പ്രായത്തിൽ  പുറം ലോകം കാണാൻ സാധിക്കില്ലെന്ന സാഹചര്യത്തിന് മാറ്റം വരുത്താനുതകുന്ന ഒരു വിധി സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നു. ഭീമകൊറേഗാവ് കേസിൽ വെർണൻ ഗോൺസാൽവസ്, അരുൺ ഫെറേറ എന്നിവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് സാമാന്യനീതിയുടെ ഇത്തിരി വെട്ടമാകുന്നത്. ഈ കേസിൽ, അഞ്ചു വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് പരമോന്നത നീതിപീഠം ഇടപെടാൻ തയ്യാറായത് എന്ന കാര്യം കൂടി ഓർക്കണം

ഭീമകൊറേഗാവ്

മഹാരാഷ്ട്രയില്‍ പൂനെയ്ക്കടുത്ത് ഭീമ കൊറെഗാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കര്‍ സ്ഥലത്തിനകത്ത് ഒരു യുദ്ധവിജയസ്തംഭമുണ്ട്.  എല്ലാ പുതുവര്‍ഷ ദിനത്തിലും അത് പുഷ്പാലംകൃതമാകും. വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മനുഷ്യര്‍ അവിടെഎത്തിച്ചേരും. രാഷ്ട്രീയ പ്രസംഗങ്ങള്‍, സംഗീത കലാപരിപാടികള്‍, പുസ്തകശാലകള്‍, വാണിഭശാലകള്‍, വിനോദകേന്ദ്രങ്ങള്‍…. അങ്ങനെ ഉത്സവ സമാനമാണ് ആ ദിവസം. 1927 ജനുവരി ഒന്നിന് ഡോ ബി.ആര്‍ അംബേദ്കര്‍  ഈ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇന്നും ആ ചടങ്ങ് തുടരുന്നു. ഈ സ്ഥൂപം വൈദേശികര്‍ക്കെതിരെ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന്റെ സ്മൃതിഗോപുരമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതാണിത്! 1818 ല്‍ പുതുവര്‍ഷ ദിനത്തിലാണ് കേണല്‍ എഫ് എഫ് സ്റ്റോണ്‍ടന്റെ നേതൃത്വത്തിലുള്ള 500 സൈനികര്‍ ഭീമാ നദി കടന്ന് ഇരുപത്തയ്യായിരത്തോളം വരുന്ന സുസജ്ജമായ പെഷവ രാജസേനയെ പരാജയപ്പെടുത്തി വെന്നിക്കൊടി നാട്ടിയത്. ജാതിയിൽ താഴെ ആയതുകൊണ്ട് പെഷവാഭരണത്തിന് കീഴിൽ, സൈന്യത്തിൽ പ്രവേശനമോ പൊതുസമൂഹത്തിൽ ഇടമോ ഇല്ലാതിരുന്ന മഹർ വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി യുദ്ധം ജയിച്ച സൈനികരെല്ലാം. അതുകൊണ്ടാണ് ഒരു ബ്രിട്ടീഷ് വിജയം ഇന്ത്യയിലെ ദളിതരുടെ ആത്മാഭിമാനത്തിന്റെ സൂചകമായി മാറിയത്. 

എന്നാൽ അതേസമയം, അധസ്ഥിതന്റെ വിജയാഘോഷം ബ്രാഹ്മണ മതത്തെയും, അതിൻറെ മൂല്യബോധങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഫാഷിസ്റ്റ് ദർശനത്തിന്റെ പ്രയോക്താക്കളെയും  മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് 2018 പുതുവർഷ ദിനം മുതൽ നടക്കുന്ന സംഭവങ്ങൾ. ഭീമ കൊറേഗാവ് വിജയത്തിൻറെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ച് ഇരുന്നൂറ്റിയമ്പതോളം വരുന്ന ദളിത് സംഘടനകളും ഗവൺമെൻറിതര സംഘടനകളും  ‘എൽഗാർ പരിഷത്ത്’ എന്ന പേരിൽ അണിചേർന്ന്, വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഏകദേശം 35000 ആളുകൾ അവിടെ എത്തിച്ചേർന്നു. എന്നാൽ അവിടെ മഹറുകളും മറാത്തികളും തമ്മിൽ സംഘർഷം ഉണ്ടായി. ഒരു മരണവും നിരവധി പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്തു. പിറ്റേന്ന് പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ഉണ്ടായി. 16 വയസ്സുള്ള ദളിത് ബാലകൻ പോലീസ് ലാത്തിചാർജ്ജിൽ കൊല്ലപ്പെട്ടു. 

അക്രമത്തിന്റെ പേരിൽ പിറ്റേന്നു തന്നെ പോലീസ് എഫ് ഐ ആർ ഇട്ടു. ‘ശിവ പ്രതാപ് ഭൂമി മുക്തി ആന്തോളൻ’ എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ നേതാക്കളായ സംഭാജി ഭീടെ, മിലിന്ദ് എക്ബോത് എന്നിവർക്കെതിരെ കലാപാഹ്വാനക്കുറ്റം ചാർത്തിയെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. സുപ്രീംകോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. എന്നാൽ 2018 ജൂൺമാസം ആകുമ്പോഴേക്കും കേസ് കീഴ്മേൽ മറിയുന്നതാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്ന ആരോപണവുമായി എൽഗാർ പരിഷത്ത് നേതാക്കൾക്കെതിരെ കേസ് ചാർജ് ചെയ്തു. അവരുടെ ലാപ്ടോപ്പുകളിൽ നിന്ന് കൊലപാതക പദ്ധതി വ്യക്തമാക്കുന്ന രേഖകൾ പിടിച്ചെടുത്തു എന്നായിരുന്നു പോലീസ് ഭാഷ്യം. സുധി ദാവ്ലെ, സോമ സെൻ, റോണ വിൽസൺ, സുധാ ഭരദ്വാജ്, അരുൺ ഫെറേറ, ഗൗതം നവലാഖ, വെർണൻ ഗോൺസാൽവസ്, സ്റ്റാൻഡ് സ്വാമി എന്നിവരൊക്കെ പ്രതികളായി. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. 

2020-ൽ കോൺഗ്രസ് ശിവസേന എൻസിപി സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നതോടെ ഈ വിഷയത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേസ് അപ്പോഴേക്കും എൻഐഎ ഏറ്റെടുത്തു. പതിനായിരത്തിലേറെ പേജുകളുള്ള കുറ്റപത്രം തയ്യാറാക്കി. വയോധികനും രോഗാതുരനുമായ ഫാദർ സ്റ്റാൻ സ്വാമി ഉൾപ്പെടെ യുഎപിഎ എന്ന കരി നിയമത്തിന് കീഴിൽ ജാമ്യം ലഭിക്കാതെ ജയലഴികൾക്കുള്ളിലായി. പാർക്കിൻസൺസ് രോഗബാധിതനായ ഫാദർ, തന്നെ ജയിലിൽ സിപ്പറും സ്ട്രോയും ഉപയോഗിക്കാൻ അനുവദിക്കണം എന്ന ആവശ്യം 2020 നവംബർ മാസത്തിൽ എൻഐഎ കോടതിയിൽ ഉന്നയിച്ചപ്പോൾ, മറുപടി പറയാൻ 20 ദിവസത്തെ സാവകാശം തേടുകയാണ് അന്വേഷണ ഏജൻസി ചെയ്തത്. യാതൊരു അസ്വാഭാവികതയും തോന്നാതെ കോടതി എൻഐഎയുടെ ആവശ്യത്തിന് വഴങ്ങുകയും ചെയ്തു. നിരന്തരം ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹം പുറംലോകം കാണാതെ തന്നെ മരണമടഞ്ഞു. 

അതിനിടെ, 2021 ഏപ്രിൽ മാസത്തിൽ, റോണാ വിൽസന്റെ ലാപ്ടോപ്പ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ആർസനൽ കൺസൾട്ടിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടു. പോലീസ് കണ്ടെടുത്തു എന്നു പറയുന്ന ഫയലുകൾ ഇദ്ദേഹത്തിൻറെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് പുറത്തുനിന്നാരോ സ്ഥാപിച്ചതാണ് എന്നായിരുന്നു കണ്ടെത്തൽ. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെയെല്ലാം ഇലക്ട്രോണിക് ഉപകരണങ്ങൾ സമാനമായ തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ പെഗാസസ് വിവാദം ഉയർന്നുവന്നതും ഇതേ കാലഘട്ടത്തിലാണ് എന്ന് കാണാം.

ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും വിചാരണ കോടതിയും ഹൈക്കോടതിയും കേസിലെ പ്രതികൾക്ക് നിരന്തരം ജാമ്യം നിഷേധിച്ചുകൊണ്ടിരുന്നു. ഭീകരവാദ വകുപ്പുകൾ ചുമത്തിരിയിക്കുന്ന പ്രതികൾക്ക് ജാമ്യം നൽകാൻ കഴിയില്ല എന്ന പ്രോസിക്യൂഷൻ നിലപാടിനെ കോടതികൾ ചോദ്യം ചെയ്യാതെ അംഗീകരിച്ചു. പലപ്പോഴും പത്തും ഇരുപതും വർഷം നീണ്ടു പോകുന്ന യുഎപിഎ വിചാരണ നടപടികളിൽ, പ്രതികൾക്കുള്ള ഏക ആശ്വാസം ജാമ്യം മാത്രമാണ് എന്നിരിക്കെയാണ്  നീതീനിഷേധം തുടർന്നു പോന്നത്. ഭരണകൂടത്തിന്റെ കടന്നുകയറ്റങ്ങളിൽ നിന്ന് പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയുള്ള ഭരണഘടനാകോടതികൾ, എക്സിക്യൂട്ടീവ് നടപടികൾക്ക് ന്യായം ചമയ്ക്കുന്ന ‘ഭരണകൂടകോടതികൾ’ ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന വിമർശനം ശക്തമായ ഇക്കാലത്ത് അതൊരു അത്ഭുതമൊന്നുമല്ല. സഹൂര്‍ അഹമ്മദ് ഷാ വത്താലി കേസിൽ നമ്മുടെ പരമോന്നത നിധിപീഠം തന്നെയാണ് ഇതിനൊക്കെ അരങ്ങൊരുക്കിയത്. യുഎപിഎ കേസുകളിൽ, ജാമ്യം പരിഗണിക്കുമ്പോൾ, പ്രോസിക്യൂഷൻ കേസിനേയോ തെളിവുകളെയോ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള അവകാശം കോടതികൾക്കില്ല എന്നായിരുന്നു വിധി. യുഎപിഎ നിയമത്തിലെ വകുപ്പ് 43 (ഡി)(5) പ്രകാരം, നിരപരാധിത്വം തെളിയിക്കുന്ന വസ്തുതകൾ അവതരിപ്പിക്കാനോ, തെളിവുകൾ ക്രോസ് വിസ്താരം ചെയ്യുവാനോ ഡിഫൻസിന് അധികാരമില്ല. പ്രോസിക്യൂഷൻ സമർപ്പിക്കുന്ന രേഖകളിൽ നിന്ന്, പ്രഥമദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്ന് തോന്നിയാൽ ജാമ്യം നിഷേധിക്കാം. ഇത് പിന്തുടർന്ന്, കേട്ടുകേൾവികൾ പോലും തെളിവുകളായി സ്വീകരിച്ച് ആളുകളെ തുടർച്ചയായി ജയിലിലിടുന്ന സമീപനം വിചാരണ കോടതികൾ സ്വീകരിച്ചു. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഈ പ്രവണത ആവർത്തിച്ച് കണ്ടുകൊണ്ടിരിക്കുകയാണ്.

വെർണൻ ഗോൺസാൽവസ് കേസ്

തങ്ങൾക്ക് ഇഷ്ടമല്ലാത്ത ആളുകൾക്കെല്ലാമെതിരെ യുഎപിഎ ചാർത്തി, ജാമ്യം നിഷേധിച്ച്, അനന്തമായി 

ജയിലിലടയ്ക്കുന്ന ഭരണകൂട തന്ത്രത്തിന് ചെറിയതോതിലെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നതാണ് ഭീമകൊറേഗാവ് കേസിലെ ഇപ്പോഴത്തെ സുപ്രീം കോടതി ഇടപെടൽ. പൗരന്റെ മൗലീക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സംവിധാനം എന്ന നിലയിൽ കോടതികൾ അനിവാര്യമായും ചോദിക്കേണ്ട ചില ചോദ്യങ്ങൾ ചോദിക്കുവാൻ കോടതി തയ്യാറായി എന്നത് ആശ്വാസകരമാണ്. 

“അതികഠിനമായ ശിക്ഷകളും വകുപ്പുകളും ഉള്ള യുഎപിഎ ചാർത്തുന്ന സന്ദർഭങ്ങളിൽ, വകുപ്പ് 43 ഡി സൃഷ്ടിക്കുന്ന പരിമിതികൾ കണക്കിലെടുക്കുമ്പോൾ, പ്രോസിക്യൂഷന്റെ കൈവശമുള്ള തെളിവുകൾ എന്താണെന്ന് പരിശോധിക്കേണ്ടത് അനിവാര്യമായി മാറുന്നു” എന്ന കോടതിയുടെ വിലയിരുത്തൽ പ്രധാനമാണ്. അങ്ങനെ എൻഐഎ സമർപ്പിച്ച തെളിവുകൾ പരിശോധിക്കാൻ  തയ്യാറാകുന്ന കോടതി, ഭരണകൂട സംവിധാനങ്ങളുടെ വിധ്വംസക താത്പര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നിഗമനങ്ങളിലാണ് എത്തിച്ചേരുന്നത്. 

ഒന്ന്, വിപ്ലവാഭിമുഖ്യമുള്ള പുസ്തകങ്ങളോ, ലഘുലേഖയോ കൈവശം വച്ചതുകൊണ്ടു മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. രണ്ട്, മാവോയിസ്റ്റ് തീവ്രവാദ ഫണ്ടിംഗിനെപ്പറ്റി പ്രോസിക്യൂഷൻ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ പണം കൈമാറിയതിന് യാതൊരു തെളിവുമില്ല. മൂന്ന്, ലാപ്‌ടോപ്പിൽ നിന്ന് കണ്ടെടുത്തു എന്നു പറയുന്ന രേഖകളിലൊന്നുപോലും ഒപ്പ് ചാർത്തിയിട്ടുള്ളവയല്ല. നാല്, സെമിനാറുകളിൽ പങ്കെടുത്തതോ, ലഘുലേഖ കൈവശം വച്ചതോ ഒന്നും ഒരു ഭീകരവാദ സംഘടനയുടെ അംഗത്വത്തിനുള്ള തെളിവല്ല. സംഘടനയിൽ ‘സജീവാംഗത്വം’ ഉണ്ടെങ്കിൽ മാത്രമേ അതു കുറ്റകൃത്യമാവുകയുള്ളൂ. അതായത് കൃത്യമായ താത്പര്യത്തോടെ, സംഘടനയുടെ ഹിംസാത്മക പ്രവർത്തനം വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മാത്രമേ കുറ്റകൃത്യമാവൂ. ഇവിടെ സിപിഐ (മാവോയിസ്റ്റ്)-ന്റെ സംഘടനയാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്ന ‘ഇന്ത്യൻ അസോസിയേഷൻ ഫോർ പീപ്പിൾസ് ലോയേഴ്സി’ലെ അംഗത്വമാണ് പോലീസ് തെളിവായി കൊണ്ടുവന്നിരിക്കുന്നത്. അതൊരിക്കലും മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ സജീവ അംഗത്തിന്റെ തെളിവല്ല. ഇതൊക്കെ കണക്കിലെടുത്ത് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തി. ഭീകരവാദം എന്ന ലേബൽ ചാർത്തി ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാമെന്ന ഭരണകൂട ധാർഷ്ട്യത്തിനേറ്റ അടിയാണ് ഈ ഉത്തരവ്. ഇതിൻറെ പശ്ചാത്തലത്തിൽ 2018 മുതലുള്ള കേസിന്റെ ചരിത്രം പുന:പരിശോധിക്കേണ്ടതുണ്ട്. വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള ഭരണകൂട ശ്രമങ്ങളെ തുറന്നുകാട്ടേണ്ടതുണ്ട്.

published in Suprabaatham Daily in Aug, 03, 2023

LEAVE A REPLY

Please enter your comment!
Please enter your name here