ഭരണഘടനയുടെ അതിജീവനം: ജനകീയ ഇടപെടല്‍ അനിവാര്യം…

ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് മനസിലാക്കിയവരെല്ലാം അതിനെ സചേതനമായൊരു  രാഷ്ട്രീയ ദർശന സംഹിതയായാണ് തിരിച്ചറിയുന്നത്. കൊളോണിയൽ ഭരണകൂടത്തിൽ നിന്നുള്ള അധികാര കൈമാറ്റത്തിനപ്പുറത്തേക്ക്, ഏറ്റവും ദുഷ്കരമായൊരു ഭൂമികയിൽ, രാഷ്ട്രീയ ജനാധിപത്യത്തിന്റെയും, സാമൂഹിക ജനാധിപത്യത്തിന്റെയും വിത്തുകൾ പാകി മുളപ്പിക്കാനുള്ള സാഹസികമായൊരു ശ്രമമായിരുന്നു ഭരണഘടനയുടെ നിർമിതി എന്ന് അതിന്റെ രചനാചരിത്രം പരിശോധിച്ചാൽ നമുക്ക് വ്യക്തമാകും.   

22 ഭാഗങ്ങളും, 448 അനുച്ഛേദങ്ങളും, 12 ഷെഡ്യൂളുകളൂം, 5 അനുബന്ധങ്ങളുമായി 1,46,385 വാക്കുകൾ അടങ്ങുന്ന ബൃഹത്തായൊരു ഭരണഘടനയാണ് നമ്മുടേത്; ലോകത്തിലെ ഏറ്റവും വലുത്. രണ്ടാം സ്ഥാനത്തുള്ള ഭരണഘടനയിൽ അറുപത്തിയാറായിരത്തിൽപരം വാക്കുകൾ മാത്രമാണുള്ളത്. അമേരിക്കൻ ഭരണഘടനയിൽ ഉള്ളത് കേവലം 4543 വാക്കുകളാണ്. വിശദശാംശങ്ങളിൽ അതീവ ശ്രദ്ധചെലുത്തി തയ്യാറാക്കിയതുകൊണ്ടാവാം ഇത്ര ദൈർഘ്യമേറിയതായത്. സാധാരണഗതിയിൽ ഒരു ഭരണഘടന എഴുതുവാൻ എടുക്കുന്ന ശരാശരി സമയം 16  മാസമാണെങ്കിൽ, നമ്മുടേത് 2 വർഷവും 11 മാസവും, 18 ദിവസങ്ങളുമെടുത്താണ് പൂർത്തീകരിച്ചത്.  അതിനു കാരണം ഭരണഘടനയുടെ വലിപ്പം മാത്രമായിരുന്നില്ല, രാജ്യം കടന്നു പോന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളും, ഇവിടെ നിലനിന്നിരുന്ന ചരിത്ര സാംസ്കാരിക പശ്ചാത്തലവും കൂടിയായിരുന്നു. 

1788-ലെ അമേരിക്കൻ ഭരണഘടനയ്ക്ക് ശേഷമുള്ള കാലഘട്ടമെടുത്താൽ, എണ്ണൂറിലേറെ ഭരണഘടനകൾ രൂപം കൊണ്ടിട്ടുണ്ട്. 1945–നു ശേഷം പിറന്ന  189 ഭരണഘടനകളുണ്ട്‌. ഇതിൽ വളരെ കുറച്ച് ഭരണഘടനകൾ മാത്രമേ ഇന്ന് നിലനിൽക്കുന്നുള്ളു. പഠനങ്ങൾ പറയുന്നത്  ഭരണഘടനയുടെ ശരാശരി ആയുസ്സ് 17  വർഷമാണെന്നാണ്. 10  ശതമാനം ഭരണഘടനകളെങ്കിലും ഒരു വർഷമെത്തുന്നതിനു മുന്നേ പരാജയപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ ഏഴു പതിറ്റാണ്ടുകൾ ചെറിയൊരു കാലയളവല്ല. കടുത്ത രാഷ്ട്രീയ പരീക്ഷണങ്ങളെ നേരിടാൻ കഴിയുന്നത്ര വഴക്കവും ദാർശനികസ്ഥിരതയും  ഉണ്ടായിരുന്നതുകൊണ്ടാണ് അതിജീവനം സാധ്യമായത്. 

യുദ്ധവും, ഭരണമാറ്റവും,  വിഭാഗീയ പ്രവണതകളുടെ ഹിംസാത്മകമായ പരിണിതിയും മാത്രമല്ല ഭരണഘടനയുടെ പതനത്തിനു കാരണമാകുന്നത്. ഇതൊക്കെ ഭരണഘടനാ നിർമാണ സമിതിയുടെയോ, അക്കാലത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെയോ പരിധിയിൽ നിൽക്കാത്ത കാര്യങ്ങളാണ്. ഉള്ളടക്കത്തിന്റെ വ്യക്തതയില്ലായ്മ,  മാറുന്ന കാലത്തിനനുസരിച്ച് രൂപാന്തരപ്പെടാനുള്ള അന്തർലീനമായ കഴിവിന്റെ അഭാവം എന്നിവയും ഭരണഘടനയെ അപ്രസക്തമാകും. സചേതനമായ ഒരു രേഖയായി നിലനിൽക്കുക എന്നത് വളരെ പ്രധാനമാണ്. അതിനു കഴിഞ്ഞതുകൊണ്ടാണ് ഇന്നും ഇന്ത്യയിൽ നമുക്ക്  ഭരണഘടനാദിനം ആചരിക്കാൻ കഴിയുന്നത്.

ഒരു രാജ്യമെന്നു വിളിക്കാൻ പോലും കഴിയില്ലെന്ന് വിധിയെഴുതാൻ വൈദേശിക രാഷ്ട്രതന്ത്രജ്ഞരെ പ്രേരിപ്പിക്കുമാറ്,  ജാതി-മത-വംശ-ഭാഷാ  വൈവിധ്യങ്ങളും, അനവധി ദേശീയതകളും നിലനിന്നിരുന്ന ഒരു ഭൂപ്രദേശത്തെ, ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിന്റെ നൂലിൽ കോർത്തിണക്കാൻ, ഭരണഘടനാ നിർമാണ സമിതിയും  ദേശീയ നേതൃത്വവും കാണിച്ച സന്നദ്ധത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. 

മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായിരുന്ന കെ ജി കണ്ണബിരൻ പറയുന്നതുപോലെ, “ഒരു വിമോചന പോരാട്ടത്തിനു ശേഷം, അല്ലെങ്കിൽ സ്വാതന്ത്ര്യസമരത്തിന് ശേഷം, രൂപീകൃതമായ ഭരണഘടന കവിത പോലെയാണ്; പ്രശാന്തതയിൽ വീണ്ടെടുത്ത വികാരം. രാഷ്ട്രീയ സിദ്ധാന്തവൽക്കരണത്തിനും, നിയമ സിദ്ധാന്തങ്ങൾക്കും, വെവ്വേറെ സാമൂഹ്യ ചരിത്രം ഉണ്ടാവാൻ കഴിയില്ല, ഉണ്ടാകാനും പാടില്ല…. ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ ഗവൺമെൻ്റിനു പ്രവർത്തിക്കാനുള്ള കൈപ്പുസ്തകമുണ്ടാക്കാൻ ഒത്തുചേർന്ന വെറും ടെക്നീഷ്യന്മാർ ആയിരുന്നില്ല. പ്രോജ്ജ്വലമായ ഒരു സമരചരിത്രത്തിൻ്റെ ഭാഗമായിരുന്നു അവർ, അതിന് കൃത്യമായൊരു പ്രാധിനിത്യസ്വഭാവം നൽകാനുള്ള എല്ലാ ശ്രമവും ഉണ്ടായിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും പ്രാധിനിത്യം ഭരണഘടനായ നിർമാണ സഭയിൽ ഉറപ്പു വരുത്താൻ നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം ബദ്ധശ്രദ്ധരായിരുന്നു. 

ഭരണഘടനയുടെ നിലനില്പിനുള്ള പ്രധാനപ്പെട്ടൊരു മുന്നുപാധികൂടിയായിരുന്നു അത്. ഒരു ഗ്രന്ഥമെന്ന നിലയിൽ മാത്രമല്ല, ഭരണഘടനാനിർമിതിയുടെ ആഖ്യാനം കൂടി അതിന്റെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അന്നത്തെ ദേശീയ നേതൃത്വത്തിന്റെ സ്വീകാര്യതയും അവർക്ക് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അംഗീകാരവും ഈ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോവാൻ സഹായിച്ചിട്ടുണ്ട്.  സാമൂഹിക സ്വീകാര്യത സാധ്യമാക്കും വിധം എല്ലാവരെയും ഉൾച്ചേർത്തുകൊണ്ടുപോകുവാൻ നമുക്ക് കഴിഞ്ഞതുകൊണ്ടാണ് ഭരണഘടന നിലനിന്നത്. കാരണം വാക്കുകൾക്കും വാചകങ്ങൾക്കും അപ്പുറത്തേയ്ക്ക്, ഭരണഘടനയുടെ ഉള്ളടക്കം  നടപ്പിലാക്കാൻ കഴിയണമെങ്കിൽ ഈ സ്വീകാര്യത അനിവാര്യമാണ്. 

ആഖ്യാനപരമായ ഈ സ്വീകാര്യതയെ അപകടപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ രാജ്യവ്യാപകമായി നടക്കുന്നുണ്ട്. ഒന്നാം എൻ.ഡി.എ. ഗവണ്മെന്റിന്റെ കാലത്ത്, പുതിയ ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. രാഷ്‌ട്രപതി ശ്രീ കെ ആർ നാരായണന്റെ ശക്തമായ ഇടപെടലാണ് അതിനെ തടഞ്ഞത്.  ഭരണഘടനാ പുനഃപരിശോധനാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്ന കേന്ദ്ര ഗവണ്മെൻറ്, അത് മാറ്റി ഭരണഘടന പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാന്‍ ജസ്റ്റിസ് വെങ്കിടാചലയ്യ കമ്മീഷനെ നിയോഗിച്ചു തലയൂരി. എന്നാൽ ഇന്ന് അത്തരത്തിലുള്ള തിരുത്തൽ ശക്തികൾ അധികാരശ്രേണികളിലെങ്ങുമില്ല. ഭരണഘടനാ കോടതികൾ, ജഡ്ജിമാരുടെ വൈയക്തികമായ വാഗ്വിലാസങ്ങൾക്കപ്പുറം കൃത്യമായ ഇടപെടലുകൾ നടത്തുന്നില്ല. ഇടപെടുന്ന അവസരങ്ങളിൽ പലപ്പോഴും, ഇ.ഡി. നിയമനം സംബന്ധിച്ച കോടതിവിധി ഉണ്ടായപ്പോൾ സംഭവിച്ചതുപോലെ, വിധികൾ നടപ്പിലാക്കാതിരിക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. നടപ്പിലാകില്ലെന്നു വന്നാൽ, ഒരു പുസ്തകം എന്ന നിലയിൽ  ഭരണഘടനയും, വ്യഖ്യാതാവ് എന്ന നിലയിൽ കോടതിയും നിസ്സഹായരാണ്. രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യബോധവും, സമൂഹത്തിൽ ഉണ്ടാവണമെന്ന് നാം കരുതുന്ന ഭരണഘടനാ ധാർമികതയുമാണ് ഭരണഘടനയെ നിലനിർത്തേണ്ടത്. നീതിയെ സംബന്ധിച്ച സാമൂഹിക ആഖ്യാനങ്ങളെ ഭരണഘടനാ ധാർമികതയുടെ വഴിയിലൂടെ നടത്തുക എന്നത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫാഷിസ്റ്റ് രാഷ്ട്ര സങ്കല്പങ്ങളോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയാധികാര ശക്തികൾ, മുന്പില്ലാതിരുന്നത്ര ശക്തിയോടെ, ജനാധിപത്യത്തിന്റെ ദൗര്ബല്യങ്ങളിൽ പിടിമുറുക്കുന്ന സമകാലിക ഇന്ത്യയിൽ ഭരണഘടനയുടെ അതിജീവനം  ജനകീയമായൊരു പ്രവർത്തനപദ്ധതിയിലൂടെ മാത്രമേ സാധ്യമാകൂ. അതിനുള്ള അവസരമായി ഭരണഘടനാദിനത്തെ മാറ്റുവാൻ നമുക്ക് കഴിയണം. 

This was first published in Suprabhatham Daily on 26 Nov 2023

LEAVE A REPLY

Please enter your comment!
Please enter your name here