ദേശീയ വിദ്യാഭാസനയം; പ്രതീക്ഷകളും ആശങ്കകളും

ദേശീയ വിദ്യാഭ്യാസനയം വായിച്ചു നോക്കുന്നതിനു മുൻപേ ഇത്രമാത്രം നെഗറ്റീവ് കമന്റുകൾ വന്നത് എന്തുകൊണ്ടാണെന്ന് അത്ഭുതപ്പെടേണ്ടതില്ല. കേന്ദ്ര ഗവണ്മെന്റിന്റെ ധൈഷണിക-വിരുദ്ധ സമീപനങ്ങൾ തന്നെയാണ് അതിനു കാരണം. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ മോശമാക്കി ചിത്രീകരിക്കാനും ഭരണപരമായി അവയെ ദുര്ബലപ്പെടുത്താനും ഇത്രമാത്രം ശ്രമിച്ച മറ്റൊരു ഭരണകൂടം സമീപകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. എന്നിരുന്നാലും ദേശീയ വിദ്യാഭ്യാസനയം ആദ്യ വായനയിൽ പൊതുവെ പുരോഗമനപരവും ധനാത്മകവുമായ ഒരു രേഖയാണ്. 

ആദ്യമായി മനസിലാക്കേണ്ടത് ഇത് നാളെ മുതൽ പ്രാവർത്തികമാകുന്ന സംഗതിയല്ല എന്നാണ്. ഇതൊരു നയപ്രഖ്യാപനം മാത്രമാണ്. 2040 വരെയുള്ള സുദീർഘമായ കാലഘട്ടത്തിൽ നടപ്പിലാക്കേണ്ടത്. നടപ്പിലാക്കാൻ നിരവധി നിയമഭേദഗതികളും നിയമ നിര്മാണങ്ങളും ഒക്കെ ആവശ്യമായി വരും. പ്രത്യേകിച്ചും വിദ്യാഭ്യാസം ഒരു കൺകറൻ്റ്‌ വിഷയമാണെന്നിരിക്കെ ഒരു അഭിപ്രായ സമന്വയത്തിലൂടെയല്ലാതെ അതു സാധ്യമാകില്ല. നമ്മുടെ യൂണിവേഴ്സിറ്റികളിൽ സിംഹഭാഗവും സംസ്ഥാന യൂണിവേഴ്സിറ്റികളാണ്. സ്‌കൂളുകൾ എല്ലാം തന്നെ സംസ്ഥാന നിയമങ്ങൾക്ക് കീഴിലാണ്. പാഠ്യപദ്ധതികൾ തയ്യാറാക്കുന്നതും പരീക്ഷനടത്തുന്നതുമെല്ലാം സംസ്ഥാന തലത്തിലാണ്. അതുകൊണ്ടുതന്നെ സുദീർഘമായ കൂടിയാലോചനകൾക്കു ശേഷം മാത്രമേ ഈ ദിശയിലൊരു മാറ്റമുണ്ടാകൂ. 

ഏറ്റവും പ്രധാനം വിദ്യാഭ്യാസമേഖലയിൽ ഏറ്റവും കുറച്ചു പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്ന തിരിച്ചറിവ് നയത്തിലുണ്ട് എന്നതാണ്. വിദ്യാഭ്യാസ രംഗത്തെ ചെലവ് ജി.ഡി. പി.യുടെ ആറു ശതമാനമെങ്കിലുമാക്കി ഉയർത്തണം എന്ന നിർദ്ദേശം സ്വാഗതാർഹമാണ്. പൊതുവെ വികസിത ജനാധിപത്യ രാജ്യങ്ങളിൽ എല്ലാം തന്നെ ഏകദേശം ആറു ശതമാനത്തിനോടടുത്ത മുതൽ മുടക്കാണ് വിദ്യാഭ്യാസ രംഗത്ത്. ക്യൂബ പോലുള്ള രാജ്യങ്ങളിൽ ഇത് മൊത്തം ദേശീയ വരുമാനത്തിന്റെ 12.9 ശതമാനമാണ്. ഗവേഷണമേഖലയിലും നമ്മുടെ മുതൽ മുടക്ക് തുലോം കുറവാണ്. ആധുനിക ശാസ്ത്ര ഗവേഷണ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇസ്രായേൽ, ദക്ഷിണ കൊറിയ, ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങൾ ഈ മേഖലയിൽ യഥാക്രമം ജി.ഡി.പി.യുടെ 4.8, 4.3, 2, 2.8 ശതമാനം ചെലവഴിക്കുമ്പോൾ ഇന്ത്യയിൽ അത് വെറും 0.69 ശതമാനം മാത്രമാണ്. പല രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികയിലും ഈ നിർദ്ദേശം മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഗവണ്മെന്റ് ഒരു ഔദ്യോഗിക നയമായി പ്രഖ്യാപിക്കുന്നത് സ്വാഗതാർഹമാണ്. അതു നടപ്പിലാക്കുമോ എന്ന കാര്യം കണ്ടറിയണം.

സ്‌കൂൾ ഘടനാമാറ്റം

10+2 സംവിധാനത്തിൽ നിന്ന് 5+3+3+4 എന്ന സംവിധാനത്തിലേക്ക് മാറുന്നത് ഒരു വിപ്ലവമൊന്നും അല്ലെങ്കിലും പ്രീ-സ്‌കൂൾ ഘട്ടം കൂടി വിദ്യാഭ്യാസനയത്തിന്റെ ഭാഗമാക്കിയത് ഗുണകരമാണ്. കഴിഞ്ഞ യു.പി.എ. ഗവണ്മെന്റിന്റെ ഏറ്റവും പുരോഗമനപരമായ പ്രവർത്തികളിലൊന്നായിരുന്നു ‘വിദ്യാഭ്യാസ അവകാശ നിയമം’. ആറു മുതൽ പതിനാലു വയസുവരെയുള്ള കുട്ടികൾക്ക് സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരു മൗലിക അവകാശമാക്കി മാറ്റുന്നതായിരുന്നു നിയമം. എന്നാൽ ഈ വിദ്യാഭ്യാസനയം നിലവിൽ വരുമ്പോൾ 3 വയസ്സുമുതൽ 18 വയസുവരെയുള്ള കുട്ടികൾ അതിന്റെ ഭാഗമാകുന്നു എന്ന ഒരു വശമുണ്ട്. പ്രീസ്‌കൂൾ തലത്തിൽ കൂടി ഉച്ചക്കഞ്ഞി ഏർപ്പെടുത്തുന്നു എന്ന മേന്മയും കാണേണ്ടതുണ്ട്. (കേരളത്തിൽ നേരത്തെ ഇതൊക്കെ നിലനിന്നിരുന്നതുകൊണ്ട് അത് അനുഭവവേദ്യമാകണമെന്നില്ല).

ത്രിഭാഷ അധ്യയനം നിഷ്കർഷിക്കുമ്പോഴും ഹിന്ദി നിര്ബന്ധിതമാക്കിയില്ല എന്നത് ഹിന്ദുത്വ ശക്തികളുടെ ദീർഘകാല സമ്മർദത്തെ ഒരു പരിധിവരെ അതിജീവിക്കാൻ ഗവണ്മെന്റിന് സാധിച്ചു എന്നതിന്റെ സൂചനയാണ്. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽ ആയിരിക്കണം എന്നത് ഭരണഘടന വിഭാവനം ചെയ്ത ഒരു ആശയമാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ അത്തരത്തിലുള്ള പ്രത്യേക അവകാശത്തെക്കുറിച്ച് അനുച്ഛേദം 350എ-യിൽ പ്രതിപാദിക്കുന്നുണ്ട്. പക്ഷേ ഇംഗ്ലീഷ് വിദ്യാഭ്യാസം വളരെ പ്രധാനമാണ്. ചെറിയ ക്ലാസിൽ തന്നെ ഒരു ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് അഭ്യസിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ വീടുകളിൽ ഭാഷാജ്ഞാനം ആർജ്ജിക്കുന്നതിന് സൗകര്യമില്ലാത്ത സാധാരണക്കാരുടെ മക്കൾ പിന്നീട് പിന്തള്ളപ്പെടാൻ ഇട വന്നേക്കാം. അതുപോലെ തന്നെ പ്രധാനമാണ് ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലിയുടെയും മറ്റും ഭാഗമായി കുടിയേറേണ്ടി വരുന്നവരുടെ അവസ്ഥ. പ്രൈമറി തലത്തിൽ പഠിക്കുന്ന കുട്ടികൾ ചെന്നെത്തുന്ന സംസ്ഥാനത്തെ മാതൃഭാഷയിൽ പഠനം തുടരേണ്ടി വരും എന്ന സാഹചര്യം ഈ നയം സൃഷ്ടിക്കുമോ എന്ന ഭയം ന്യായമാണ്. ഇംഗ്ലീഷ് എന്ന പൊതു അധ്യയനമാധ്യമം ഇല്ലാതായാൽ അത് ഇവരെ വലിയ പ്രതിസന്ധിയിലാക്കും. ഇന്ത്യപോലെ ഇത്ര വൈവിധ്യമാർന്ന രാജ്യത്ത് അതു വളരെ പ്രധാനമാണ് താനും. അതുകൊണ്ട് പഠന മാധ്യമം തിരഞ്ഞെടുക്കാനുള്ള അവകാശം പരമപ്രധാനമാണ്.

കുട്ടികളുടെ സർഗാത്മക വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും പരീക്ഷാകേന്ദ്രീകൃത പഠനരീതിയിൽ നിന്നും മാറി ചിന്തിക്കുന്നതിനും വിദ്യാഭ്യാസമേഖലയെ വൈവിധ്യവത്കരിക്കുന്നതിനും മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ കാലം അവശ്യപ്പെടുന്നവയാണ്. കുട്ടികളുടെ പഠനഭാരം കുറക്കേണ്ടത് തന്നെയാണ്. എന്നാൽ ഇപ്പോൾ കോവിഡ് പ്രമാണിച്ചു 30 ശതമാനം കുറച്ചപ്പോൾ സംഭവിച്ചതുപോലെ ഏതൊക്കെ ഭാഗങ്ങളാണ് സിലബസിൽ നിന്നു നീക്കം ചെയ്യുക എന്നത് പ്രധാനമാണ്. പഠനത്തിനൊപ്പം ഒരു വിനോദമായി ഒരു വൈദഗ്ധ്യം കൂടി പരിശീലിപ്പിക്കുന്നത് വലിയ മാറ്റമുണ്ടാക്കും. 

ബിരുദവിദ്യാഭ്യാസം

ബിരുദ വിദ്യാഭ്യാസം നാലു വര്ഷമാക്കുകയും 1, 2, 3, 4 വർഷങ്ങളിൽ ഡിപ്ലോമ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നതും എം.ഫിൽ. ഒഴിവാക്കിയതും ഗുണകരമായ മാറ്റങ്ങളാണ്. എന്നാൽ മുൻപ് ഡൽഹി യൂണിവേഴ്‌സിറ്റി ഇത്തരമൊരു മാറ്റം കൊണ്ടു വന്നപ്പോൾ ബിജെപി അതിനെ എതിർക്കുകയും ആ നീക്കം സർവകലാശാലയ്ക്ക് ഉപേക്ഷിക്കേണ്ടിവരികയും ചെയ്തിരുന്നു എന്നത് ഓർക്കേണ്ടതുണ്ട്.

ഏകവിഷയകേന്ദ്രീകൃതമായ സർവകലാശാലകളും പാഠ്യപദ്ധതികളും പരിഷ്കരിക്കുകയും ബഹുമുഖമാക്കുകയും ചെയ്യുക എന്നതും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമായിരുന്നു. ഐ.ഐ.ടി., ഐ.ഐ.എം., എൻ.എൽ.യു. തുടങ്ങിയ സ്ഥാപനങ്ങൾ വൈവിധ്യവത്കരണം ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക വൈവിധ്യം ആവശ്യമുള്ള മേഖലകൾക്ക് മാത്രം കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ലഭിച്ചു കൊണ്ടിരിക്കുന്ന അമിതപ്രധാന്യം നമ്മുടെ സാമൂഹിക മൂല്യങ്ങളെ തന്നെ ഉടച്ചു വാർക്കുകയും നയസമീപനങ്ങളെ മനുഷ്യത്വരഹിതമാക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം നിസ്തർക്കമാണ്. പ്രഫഷണലുകൾക്ക് മാനവിക വിഷയാവബോധം അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്ക് ലോകം എത്തിക്കൊണ്ടിരിക്കുന്ന സമയത്ത് സയൻസ്, ആർട്ട്സ്, സാങ്കേതിക വിഷയങ്ങൾ തമ്മിലുള്ള ദൃഢ വിഭജനം ഒഴിവാക്കിക്കൊണ്ട് പഠന വിഷയങ്ങളിൽ വൈവിധ്യം കൊണ്ടുവരുന്നത് സ്വാഗതാർഹമാണ്.

സർഗാത്മക വളർച്ചയെയും വിമര്ശനചിന്തയെയും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായകമാകും. എന്നാൽ, ഈ ചർച്ചകളിൽ ജെൻഡർ സ്റ്റഡീസ്, ദളിത് സ്റ്റഡീസ്, കൾച്ചറൽ സ്റ്റഡീസ്, സ്റ്റഡീസ് ഓൺ എക്സ്ക്ലൂഷൻ, മീഡിയ സ്റ്റഡീസ് തുടങ്ങിയ സുപ്രധാന മേഖലകളുടെ അസാന്നിധ്യം ആശങ്കകൾ ഉയർത്തുന്നു.

അധികാരകേന്ദ്രീകരണം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യവും പരമാധികാരവും നൽകുന്നത് നയം ലക്ഷ്യം വയ്ക്കുന്ന സർഗാത്മകവളർച്ചയ്ക്ക് സഹായകമാണ്. ഓരോരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്കാദമിക്ക് കൗണ്സിലുകളും അധ്യാപകരും മെച്ചമായ തരത്തിൽ പ്രവൃത്തിക്കുന്നതിനുള്ള നിലമൊരുക്കണം. എന്നാൽ കേന്ദ്രീകൃതമായ ദേശീയ ഉന്നത വിദ്യാഭ്യാസ സമിതി (National Higher Education Authority) ഇക്കാര്യത്തിൽ എത്രമാത്രം സഹായകമാകും എന്നതു സംശയമാണ്. സമിതിയുടെ നിയന്ത്രണം “light but tight” ആയിരിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്. എന്താണ് അതിന്റെ അർത്ഥം എന്നു മനസിലാകുന്നില്ല. 

“സാമ്പത്തിക കാര്യങ്ങൾ, ഭരണം, എല്ലാ സാമ്പത്തിക ഇടപാടുകളുടെയും പൂർണമായ വെളിപ്പെടുത്തൽ, നടപടിക്രമങ്ങൾ, അധ്യാപകർ, ജീവനക്കാർ, പാഠ്യപദ്ധതികൾ, വിദ്യാഭ്യാസഫലങ്ങൾ തുടങ്ങിയ പ്രധാനകാര്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുമെന്നും ‘ബാക്കി’ കാര്യങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവേചനത്തിന് വിട്ടുനല്കും എന്നുമാണ് നയം. ഇതിനൊക്കെ അപ്പുറം പിന്നെ എന്ത് കാര്യങ്ങളാണ് ഇവർക്ക് ചെയ്യാനുള്ളത്? ഫലത്തിൽ ശക്തമായ കേന്ദ്രീകൃത ഭരണം തന്നെയാണ് ലക്ഷ്യമിടുന്നത്.

അതുപോലെ തന്നെയാണ് ദേശീയ പരീക്ഷാ നടത്തിപ്പു സമിതി (National Testing Agency) എന്ന നിർദേശവും. ദേശീയ തലത്തിൽ ഒരൊറ്റ പരീക്ഷ എന്നത് ഒറ്റ നോട്ടത്തിൽ ആകർഷകമായ ആശയമാണെങ്കിലും ഫലത്തിൽ വളരെ ഗുരുതരമായ പ്രത്യഘ്യാതങ്ങൾ സൃഷ്ടിക്കും. പ്രത്യേകിച്ചും ജാതി-മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ. 

ദേശ-ഭാഷാ-സാംസ്കാരിക വൈരുധ്യങ്ങൾ ഏറെയുള്ള ഒരു രാജ്യത്ത് ഏക പാഠ്യപദ്ധതിയും ഏക പരീക്ഷയുമെല്ലാം അപ്രയോഗികമാണ്, അനാവശ്യമാണ്, വിവേചനപരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ കേന്ദ്രീകൃത പരീക്ഷകൾ വെളുത്തവർഗ്ഗക്കാർക്ക് വളരെയധികം അനുകൂലമായ തരത്തിലായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിലാണെങ്കിൽ പ്രാദേശിക ഭാഷകളിൽ പഠിച്ച വിദ്യാർഥികളെ, പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ, ഒക്കെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. പാഠ്യപദ്ധതികളിൽ നിന്ന് തനത് സംസ്കാരവും ചരിത്രവും പ്രയോഗങ്ങളുമെല്ലാം അപ്രസക്തമാകുകയും കേന്ദ്രം ഭരിക്കുന്നവർ മുന്നോട്ടു വയ്ക്കുന്ന ഏകാശിലാത്മകമായ സാംസ്കാരിക ബോധത്തെ ചുമക്കുവാൻ നാമെല്ലാവരും ബാധ്യസ്ഥരായി തീരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുവാൻ ഇടയുണ്ട്. പ്രത്യേകിച്ചും പാർശ്വവത്കൃത വിഭാഗങ്ങളെ, ദളിത്-ആദിവാസി മേഖലകളെ, ഹിന്ദി മേഖലയ്ക്ക് വെളിയിൽ ഉള്ള സംസ്ഥാനങ്ങളെ ഒക്കെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.

2010-ൽ രാജ്യത്തു വിദേശ സർവകലാശാലകളെ പ്രവർത്തിക്കാൻ അനുവദിക്കുന്ന ബില്ല്‌ യു.പി.എ. ഗവണ്മെന്റ് കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത ബിജെപി അധികാരത്തിലേറിയപ്പോൾ വിദേശ സർവകലാശാലകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് അനുകൂലമായി മാറുന്ന കാഴ്ചയും ഇവിടെ കാണാം. 

ആദിവാസി മേഖലകളിൽ നിർദ്ദേശിച്ചിരിക്കുന്ന ‘ആശ്രമശാല’കൾ എന്ന ആശയവും സംസ്കൃതത്തിന് നൽകിയിട്ടുള്ള ഊന്നലും സംശയത്തോടെ വീക്ഷിക്കുന്നവരെ കുറ്റം പറയാനാകില്ല. ഒപ്പം വിദേശ ഭാഷപഠനത്തിൽ അറബി ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം കൂടി ചേർത്തു വായിക്കണം.

സാമൂഹ്യനീതി

സമൂഹികനീതിയ്ക്ക് ആവശ്യമായ പരിഗണന വിദ്യാഭ്യാസനയത്തിൽ ലഭിച്ചിട്ടുണ്ടോ എന്നത് ചിന്തനീയമായ കാര്യമാണ്. ഉന്നതവിദ്യഭ്യാസ രംഗത്തിൽ 70 ശതമാനവും സ്വകാര്യമേഖലയിലാണ്. വീണ്ടും സ്വകാര്യവത്കരണത്തിന് ഊന്നൽ നൽകുമ്പോൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ എങ്ങനെ പരിഗണിക്കും എന്ന കാര്യത്തിൽ വ്യക്തമായ യാതൊരു നിർദ്ദേശവും റിപ്പോർട്ടിൽ ഇല്ല. സംവരണത്തെക്കുറിച്ചു യാതൊരു പരാമർശവും ഇല്ലതന്നെ. 

പുതിയ വിദ്യാഭ്യാസ നയം ധാർമികതയ്ക്കും ഭരണഘടനാമൂല്യങ്ങൾക്കും പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്നു വ്യക്തമാക്കുന്നു. ദേശസ്നേഹം, ത്യാഗം, അഹിംസ, നല്ല പെരുമാറ്റം, ക്ഷമ, സഹനം, കരുണ, അനുകമ്പ, പരസഹായം, ശുദ്ധി, കൃതജ്ഞത, ആർജവം, ഉത്തരവാദിത്തം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ അറിയുകയും പ്രാവർത്തികമാക്കുകയും ചെയ്യണം എന്നു പ്രതിപാദിക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെ പറഞ്ഞിരിക്കുന്നത് മൗലിക കടമകളെകുറിച്ചാണെന്നതാണ്. മൗലിക അവകാശങ്ങളെക്കുറിച്ച് പരാമർശമേയില്ല. അതൊരു ചെറിയ കാര്യമല്ല. 

ജനാധിപത്യമെന്നത് അവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണസംവിധാനമാണ്. ഏകാധിപത്യ പ്രവണതകൾ കൂടുന്നിടത്താണ് കടമകളെക്കുറിച്ചുള്ള വർത്തമാനങ്ങൾ കൂടുതൽ കടന്നുവരുന്നത്. ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ ഉൾപ്പെടുത്തിയിരുന്നില്ല. മൗലിക അവകാശങ്ങൾ ഉൾപ്പെടുന്ന മൂന്നാം ഭാഗമാണ് ഭരണഘടനയുടെ ആത്മാവ്‌. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയാണ് മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. എന്നാലും മൂന്നാം ഭാഗത്തിലല്ല. മൗലിക അവകാശങ്ങൾക്ക് താഴെ തന്നെയാണ് കടമകളുടെ സ്ഥാനം. അതങ്ങനെ തന്നെ ആയിരിക്കുകയും വേണം. എങ്കിലും ദേശീയ വിദ്യാഭ്യാസനയത്തിൽ അവകാശങ്ങൾ ഇടം നേടിയിട്ടില്ല. ഇത് ആകസ്മികമായി സംഭവിച്ചതാണ് എന്നു കരുതുകയും വയ്യ. സർഗാത്മക വികാസവും വിമർശനബുദ്ധിയും പരിപോഷിപ്പിക്കാൻ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ നയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇത് സഹായിക്കുകയില്ല എന്നുറപ്പ്.

നമ്മുടെ വിദ്യാഭ്യാസരംഗത്ത് പുരോഗമനപരവും കലോചിതവുമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള വ്യക്തമായ മാർഗ്ഗരേഖയാണ് ദേശീയ വിദ്യാഭ്യാസനയം എന്ന കാര്യത്തിൽ സംശയമൊന്നുമില്ല, എന്നാൽ വിശദാംശങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന അപകടങ്ങളെ നമ്മൾ തിരിച്ചറിയേണ്ടതുമുണ്ട്. സാമൂഹ്യനീതി, പ്രത്യേകിച്ചും ദളിത്-ആദിവാസി ബഹുജനങ്ങളുടെ സുരക്ഷ, ജനാധിപത്യപരത, ഫെഡറലിസം, രാജ്യത്തിന്റെ ബഹുസ്വരത, പൗരാവകാശങ്ങൾ എന്നീ പ്രധാനപ്പെട്ട മേഖലകളിൽ ഗൗരവതരമായ പര്യാലോചനകൾ ഉണ്ടാകേണ്ടതുണ്ട്. നയം നിയമമാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കണം. അതിന്റെ ഓരോ ഘട്ടവും ജാഗ്രതയോടെയുള്ള ഇടപെടലുകൾ ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here