ദലിതരും ഹിന്ദുത്വരാഷ്ട്ര നിർമിതിയും…

ഗുജറാത്തിലെ പട്ടാൻ ജില്ലയിലെ ഒരു മൈതാനിയിൽ ക്രിക്കറ്റ് കളി നടക്കുകയാണ് ആരോ അടിച്ചു വിട്ട പന്ത്, പുറത്തുനിന്ന ഒരു ബാലൻ കൈ കൊണ്ട് എടുക്കുന്നു. ബോൾ എടുത്ത കുഞ്ഞിന് തൻ്റെ ജാതി ഏതെന്ന ധാരണ ഉണ്ടായിരുന്നില്ല. എന്നാൽ പന്ത് കളിച്ചുകൊണ്ടിരുന്നവർക്ക് അത് കൃത്യമായി അറിയാമായിരുന്നു. തങ്ങളുടെ പന്ത് ഒരു ദളിതൻ സ്പർശിച്ചാൽ എന്തുചെയ്യണമെന്നതിനെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ടായിരുന്നു. സനാതന ധർമ്മ പാലകർ അതവർക്ക് നേരത്തെ ഉപദേശിച്ചിട്ടുണ്ട്. അതു പിൻപറ്റി സവർണ്ണ മര്യാദാപുരുഷോത്തമർ എല്ലാവരും ചേർന്ന് ആ കുഞ്ഞിൻ്റെ അമ്മാവൻ്റെ പെരുവിരൽ അറുത്തു! ഹിന്ദു രാഷ്ട്രത്തിൻ്റെ സുപ്രധാന പരീക്ഷണശാലയായ ഗുജറാത്തിൽ ഇതൊരു അത്ഭുതമല്ല. 2013 മുതലുള്ള കണക്കെടുത്താൽ ദളിതർക്കെതിരെയുള്ള അക്രമങ്ങളിൽ 32% ത്തിൻ്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട് ഇവിടെ. ഉനയിലും പോർബന്തറിലും ഒക്കെ സമീപകാലത്ത് റിപ്പോർട്ട് ചെയ്ത കേസുകൾ ഓർമ്മയിലുണ്ടല്ലോ. 

ഗുജറാത്തിൽ മാത്രമല്ല ഹിന്ദു രാഷ്ട്രത്തിൻ്റെ വിത്തുകൾ തഴച്ചു വളരുന്ന യുപിയും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ദളിതർക്കെതിരെയുള്ള അതിക്രമങ്ങളും വ്യാപകമായി ഉണ്ടാവുന്നത് കാണാം. വിവാഹത്തിന് കുതിരപ്പുറത്ത് കയറിയതിന് മുതൽ പശുവിൻ്റെ തോല് ശേഖരിച്ചതിനു വരെ ആക്രമിക്കപ്പെട്ടവരുടെ കഥകൾ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും. എന്നിട്ടും  ഹിന്ദു രാഷ്ട്ര നിർമിതിയുടെ പടപ്പുറപ്പാടുകളുടെ മുൻനിരയിൽ അസംഖ്യം ദളിതർ അണിനിരക്കുന്ന കാഴ്ച സൂക്ഷ്മതലത്തിൽ വിശകലന വിധേയമാകേണ്ടതാണ്.

ഹിന്ദു രാഷ്ട്രം

ആർഎസ്എസ് നൂറാം വാർഷികം ആഘോഷിക്കുന്ന 2025 എത്തുമ്പോഴേക്കും ഹിന്ദുരാഷ്ട്ര നിർമിതി സാധ്യമാക്കുക എന്നത് ആകർഷകമായൊരു  ലക്ഷ്യമാണ്. ഹിന്ദു രാഷ്ട്രം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ആർഎസ്എസിനുണ്ട്. സ്വതന്ത്ര ഇന്ത്യ ഒരു മതേതര ജനാധിപത്യ സംവിധാനം സ്വീകരിക്കുകയും, ജ്ഞാനോദയ മൂല്യങ്ങളെ സ്വാംശീകരിച്ച ഒരു ഭരണഘടന അംഗീകരിക്കുകയും ചെയ്തപ്പോൾ, അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അവരത് വ്യക്തമാക്കിയതാണ്. ഈ ഭരണഘടന ഇന്ത്യൻ പാരമ്പര്യത്തെ നിഷേധിക്കുന്നതാണെന്നും മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്ര വ്യവസ്ഥിതിയാണ് നമുക്ക് ആവശ്യമെന്നുമായിരുന്നു നിലപാട്. 

ഗാന്ധിവധത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഒറ്റപ്പെട്ടുപോയ ആർഎസ്എസ് പക്ഷേ അനേകമനേകം ശാഖകളുടെ നിശബ്ദ പ്രവർത്തനങ്ങളിലൂടെ വലിയൊരു സാമൂഹിക അഴിച്ചു പണിക്ക് സാധ്യതകൾ തേടുകയായിരുന്നു.  സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച ആധുനിക മൂല്യബോധങ്ങളെ അട്ടിമറിക്കുന്നതിനുള്ള സാംസ്കാരിക ആയുധം അവർ സ്വായത്തമാക്കിയത് ചരിത്രത്തിലെ മറ്റു ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ അതിശയിപ്പിക്കുന്ന കയ്യൊതുക്കത്തോടെയാണ്. രാമജന്മഭൂമി പ്രസ്ഥാനവും രാജ്യത്തങ്ങോളമിങ്ങോളം വിഷവിത്തുകൾ പാകിയ രഥയാത്രയും മാത്രമല്ല, 1969 ലെ അഹമ്മദാബാദ് കലാപം മുതൽ ബോംബെ, നെല്ലി,  ഹാഷിംപുര, ഭഗൽപൂർ തുടങ്ങി ചെറുതും വലുതുമായ നിരവധി വിദ്വേഷ ലബോറട്ടറികൾ ശ്രദ്ധാപൂർവ്വം സൃഷ്ടിച്ചെടുക്കുന്നുണ്ടായിരുന്നു അവർ. അതിൻ്റെ  ഏറ്റവും ഭീതിദമായ ഏടായിരുന്നു 2002-ലെ ഗുജറാത്ത് വംശഹത്യ. 1984-ൽ സിഖ് വിരുദ്ധ കലാപകാലത്തു പോലും കണ്ടിട്ടില്ലാത്ത വിധം, ഭരണസംവിധാനം മുഴുവൻ ഹിന്ദുത്വ ഭീകര സംഘങ്ങളുടെ പിശാചച്ചെയ്തിക്കൊപ്പം നിന്നതിന് നാം സാക്ഷ്യം വഹിച്ചു. മുസ്ലിം വിരുദ്ധത സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു കേവല പ്രത്യയശാസ്ത്രമായിരുന്നില്ല. ഹിന്ദു രാഷ്ട്ര നിർമിതിയുടെ ചരിത്രപരമായ അനിവാര്യതയായിരുന്നു. കാരണം ചരിത്രപരമായി വിവിധ ജാതികളുടെ കൂട്ടം മാത്രമായിരുന്ന ഒരു വിശ്വാസ സഞ്ചയത്തെ ഒരുമിച്ചുനിർത്താനും, അതിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രം നിർമിക്കാനുമുള്ള ഏകമാർഗ്ഗം ഒരു പൊതു ശത്രുവിനെ സൃഷ്ടിക്കുക എന്നതാണ്. അതല്ലാതെ ഇന്നു നാം ഹിന്ദു എന്ന് വിളിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു പ്രതിനിധാനം ചെയ്യുന്ന മറ്റൊന്നില്ല തന്നെ. അതുകൊണ്ടാണ് ആർഎസ്എസ് സൈദ്ധാന്തികർ രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കൾ ‘മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ’ എന്ന് എണ്ണമിട്ടെഴുതിവച്ചത്. അല്ലാതെ ജാതിവ്യവസ്ഥയെ കൃത്യമായി തള്ളിക്കളയുവാനോ, മനുഷ്യർക്ക് തുല്യ മൂല്യം നൽകുന്ന തരത്തിലുള്ള മതം സൃഷ്ടിക്കുവാനോ അവർ ഒരുകാലത്തും ശ്രമിച്ചിട്ടില്ല. ഹിന്ദുകോഡ് ബില്ല് മുതൽ ശബരിമല സ്ത്രീ പ്രവേശനം വരെയുള്ള എല്ലാ നവീകരണ ശ്രമങ്ങളുടെയും എതിർപക്ഷത്തായിരുന്നു ആർഎസ്എസ്. 

അങ്ങനെ ഒരു രാഷ്ട്രത്തിൽ ദളിതരുടെ സ്ഥാനം എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. എന്നിട്ടും എങ്ങനെയാണ് കൂടുതൽ കൂടുതൽ ദളിതർ ഹിന്ദുത്വ രാഷ്ട്രീയപന്ഥാവിലേക്ക് എത്തിച്ചേരുന്നത്? ഉത്തരം ഇന്ത്യയുടെ ജാതിവ്യവസ്ഥയെ ആർഎസ്എസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്.

ആർഎസ്എസും ദളിതരും

പുരാതനമായ സനാതന സംസ്കൃതിയാണ് ആർഎസ്എസിന്റെ എക്കാലത്തെയും പ്രചോദനം. മഹാരാഷ്ട്രയിൽ ആർഎസ്എസിന്റെ രൂപീകരണം തന്നെ ഒരർത്ഥത്തിൽ അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന അധ:സ്ഥിത വിഭാഗങ്ങളുടെ വിമോചന പോരാട്ടങ്ങളോടുള്ള ബ്രാഹ്മണരുടെ പ്രതികരണമായിട്ടാണ്. “ഹൈന്ദവ സാമൂഹിക വ്യവസ്ഥിതിയുടെ പോരായ്മകൾ എന്ന് പറയപ്പെടുന്ന യാതൊന്നും പുരാതനമായ നമ്മുടെ മഹത്വത്തെ വീണ്ടെടുക്കുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കാൻ പോന്നതല്ല” എന്ന് ഗോൾവാൾക്കർ വ്യക്തമാക്കുന്നുണ്ട്.  ‘ഇന്റഗ്രൽ ഹ്യൂമനിസ’ത്തിൽ ദീൻദയാൽ ഉപാധ്യായ ജാതിവ്യവസ്ഥയെ മഹത്വവൽക്കരിക്കുന്നുണ്ട്. വിരാട് പുരുഷന്റെ വിവിധ ശരീര ഭാഗങ്ങളിൽ നിന്നും പല ജാതി വിഭാഗങ്ങൾ പരസ്പര പൂരകങ്ങൾ ആണെന്ന് മാത്രമല്ല, അവയ്ക്കിടയിൽ ഒരു വ്യക്തി സ്വരൂപവും ഏകതയും ദർശിക്കാൻ ആകും എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. അതായത് അടിസ്ഥാനപരമായി ജാതിയെയോ അതിനെ നിലനിർത്തുന്ന സനാതന സാമൂഹ്യ വ്യവസ്ഥിതിയെയോ ചോദ്യം ചെയ്യാനോ പരിഷ്കരിക്കാനോ ആർഎസ്എസ് സൈദ്ധാന്തികമായി തയ്യാറല്ല. എന്നാൽ ജാതി വ്യവസ്ഥയുടെ സംരക്ഷകരും ഗുണഭോക്താക്കളുമായ സവർണ്ണ വിഭാഗങ്ങൾ ഒരു ന്യൂനപക്ഷമാണ് എന്ന കൃത്യമായ ബോധം അവർക്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാത്ത രീതിയിൽ എങ്ങനെ മറ്റു ജാതി വിഭാഗങ്ങളെ തങ്ങളോട് ചേർത്തുനിർത്താം എന്നത് സംബന്ധിച്ച കൃത്യമായ പദ്ധതിയും ഉണ്ട്. പ്രത്യേകിച്ചും രാജ്യത്തെ ഭൂരിപക്ഷം വരുന്ന ബഹുജൻ വിഭാഗങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ മണ്ഡൽ പ്രക്ഷോഭാനന്തര കാലത്ത്, കൃത്യമായ സോഷ്യൽ എൻജിനീയറിങ്ങിലൂടെ, എങ്ങനെ അവർക്കിടയിലും സ്വാധീനം നേടാം എന്ന് ആർഎസ്എസ് തിരിച്ചറിഞ്ഞിരുന്നു. 

ആർഎസ്എസിന് ദളിതർ ഒരു സോഫ്റ്റ് ടാർഗറ്റ് ആണ്. ശ്രേണീബദ്ധത മുഖമുദ്രയായ ജാതിവ്യവസ്ഥയുടെ പ്രത്യേകതകൾ കൊണ്ടു തന്നെയാണ് ഇത് സാധ്യമാകുന്നത്. ഇതൊരു പുതിയ തന്ത്രമല്ല. നൂറുകണക്കിന് വർഷങ്ങളായി ബ്രാഹ്മണമതം അനുവർത്തിച്ചു പോന്ന സാമൂഹിക സങ്കേതം ആണിത്. ജാതിയുടെ ഏതൊരു ശ്രേണിയിലുള്ള ആളുകൾക്കും, തനിക്ക് അടിച്ചമർത്താൻ താഴെ മറ്റൊരു വിഭാഗമുണ്ടെന്ന അറിവ് നൽകുന്ന, ആനന്ദം ചെറുതല്ല. വ്യവസ്ഥിതിയോടുള്ള ആഭിമുഖ്യവും വിധേയത്വവും നിലനിർത്താൻ ഇത് സഹായിക്കുന്നു. ഏറ്റവും താഴെയുള്ള ശൂദ്രർക്കും, കീഴെയുള്ള പഞ്ചമരേക്കാൾ ശ്രേഷ്ഠരാണ് തങ്ങളെന്ന ഗർവുണ്ടാവും. ഇതിൻ്റെ അനുരണനമെന്നോണം പിന്നോക്ക ദളിത് വിഭാഗങ്ങൾക്കിടയിലും ജാതീയമായ ഉച്ചനീചത്വ തർക്കങ്ങൾ നിൽക്കുന്നുണ്ട്. തങ്ങൾക്ക് കീഴെ ഒരാൾ ഉണ്ട് എന്ന ധാരണ തന്നെ, തനിക്ക് മുകളിൽ ഉള്ള വിഭാഗം ആദരവർഹിക്കുന്നവരാണ് എന്ന ബോധവും സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ശ്രേണിയിൽ ഉന്നതരായവരുടെ അംഗീകാരം ലഭിക്കുന്നത് വലിയ സൗഭാഗ്യമായിട്ടാണ് കണക്കാക്കപ്പെടുക. ജാതി ശ്രേണിയിൽ ഈ അംഗീകാരത്തിനുള്ള ആഗ്രഹമാണ് ആർഎസ്എസ് പോലുള്ള സംഘടനകൾ ചൂഷണം ചെയ്യുന്നത്.

സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യർ ശാഖകളിൽ എത്തുമ്പോൾ, അവരും വിശാല ഹിന്ദു ധർമ്മത്തിന്റെ ഭാഗമാണ് എന്ന ബോധം സൃഷ്ടിക്കപ്പെടുന്നു. പ്രചാരകരും മറ്റു ഭാരവാഹികളുമായി എത്തുന്ന ഉന്നതകുലജാതർ തങ്ങളോട് സംവദിക്കുകയും കൂടെ കൂട്ടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനന്ദവും പ്രതിബദ്ധതയും വളരെ വലുതാണ്. വസ്ത്രധാരണത്തിൽ പോലും ജാതിവ്യവസ്ഥയുടെ അശ്ലീല നിയമങ്ങൾ പാലിച്ചു പോന്നവർ, ജാതിഭേദമെന്യേ എല്ലാവരും ഒരേ കാവി കളസം ധരിക്കുന്ന ഇടങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് സ്വാഭാവികമാണല്ലോ. അതോടൊപ്പം തന്നെ മതവിശ്വാസങ്ങളുടെയും ആരാധനാരീതികളുടെയും സംസ്കൃതവൽക്കരണവും ഹൈന്ദവവത്കരണവും നടക്കുന്നതോടു കൂടി പിന്നോക്ക വിഭാഗങ്ങളുടെ ശ്രദ്ധ ബ്രാഹ്മണ മതരീതികളെ അനുകരിക്കുന്നതിലേക്ക് മാറുന്നു. ദളിത് സ്വത്വബോധവും,  ബ്രാഹ്മണ്യ വ്യവസ്ഥയോടുള്ള വിരോധവും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നു.

ആർഎസ്എസിൽ നിന്ന് വിട്ടുപോന്ന ദളിത് നേതാവ് ഭൻവർ മേഘവംശി ‘എനിക്കൊരു ഹിന്ദു ആകാനായില്ല: ആർഎസ്എസിലെ ഒരു ദളിതന്റെ കഥ’ (I Could not be a Hindu: Story of a Dalit in RSS) എന്ന പുസ്തകത്തിൽ തന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ‘ഭൻവർ’ ആയിരുന്ന താൻ ശാഖയിലെത്തിയപ്പോൾ ‘ഭൻവർജി’ ആയി മാറിയത് തന്നിലുള്ളവാക്കിയ ആഹ്ലാദവും അഭിമാനവും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു എന്ന് അദ്ദേഹം എഴുതുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ മറ്റുള്ളവർക്ക് ഒപ്പം കളിക്കുവാനും പരിശീലനങ്ങളിൽ ഏർപ്പെടാനും കഴിഞ്ഞത്, പിന്നീട് ചരിത്രം പഠിച്ചത് ഒക്കെ വിവരിക്കുന്നുണ്ട്. ഒരു ഹിന്ദു എന്ന നിലയിൽ അത്യഭിമാനം ഉണ്ടാവുന്ന തരത്തിലുള്ള പാഠങ്ങളാണ് പകർന്നു നൽകുന്നത്. വിശുദ്ധമായ ഹിന്ദുസ്ഥാനിലെ മക്കൾ പിൽക്കാലത്ത് എങ്ങനെ നശിച്ചുപോയി എന്നും എങ്ങനെയാണ് ‘മുസ്ലിം അധിനിവേശക്കാർ’ അതിന് കാരണമായി തീർന്നത് എന്നും പഠിപ്പിക്കുന്നു. ഹിന്ദുക്കളുടെ സർവ്വദുഃഖങ്ങൾക്കും കാരണം മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളാണ് എന്ന ബോധം സൃഷ്ടിക്കുന്നു. അങ്ങനെ ഒരു പൊതു ശത്രുവിനോടുള്ള വിദ്വേഷം മനസ്സിലെ പ്രഥമ വികാരമായി മാറി കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. 

അങ്ങനെ അപരവിദ്വേഷത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയദർശനത്തിന്റെ ഇരകളാകുന്നതോടെ ദളിത് അസ്തിത്വം പോലും മറന്ന് ഹിന്ദുത്വപ്രത്യയശാസ്ത്രത്തിനുവേണ്ടി നിലകൊള്ളുവാൻ ഈ മനുഷ്യർ തയ്യാറാവുകയും ചെയ്യും. ഹിന്ദുത്വ സംഘടനകളുടെ അടിസ്ഥാന പ്രത്യയശാസ്ത്രം ഇവർക്ക് മനസ്സിലായിക്കൊള്ളണമെന്നുമില്ല. ബാബറി മസ്ജിദ് തകർക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് ഭൻവർ മേഘവംശി എഴുതുന്നുണ്ട്. അദ്ദേഹം പള്ളി തകർക്കാൻ പുറപ്പെട്ട കർസേവകരിൽ ഒരാളായിരുന്നു. പോലീസിനെ ഒഴിവാക്കി എങ്ങനെ അകത്തു പ്രവേശിക്കാമെന്നൊക്കെ അവരെ പഠിപ്പിച്ചിരുന്നുവത്രേ. ആയുധങ്ങൾ അയോധ്യയിൽ എത്തുമ്പോൾ ലഭ്യമാക്കും എന്നും പറഞ്ഞിരുന്നു. തയ്യാറെടുപ്പുകൾക്ക് ശേഷം അജ്മീർ സ്റ്റേഷനിൽ നിന്ന് തീവണ്ടി പിടിക്കുമ്പോഴാണ് സംഘപരിവാറിന്റെ യഥാർത്ഥ മുഖം അദ്ദേഹത്തിന് മനസ്സിലായി തുടങ്ങിയത്. 

“തീവണ്ടി സ്റ്റേഷനിൽ നിന്നും നീങ്ങാൻ തുടങ്ങിയപ്പോൾ പ്രധാനപ്പെട്ട ഭാരവാഹികൾ എല്ലാം വെളിയിൽ ഇറങ്ങുന്നത് ഞാൻ കണ്ടു. വമ്പന്മാർ, വ്യവസായികൾ, സംഘപ്രചാരകർ, വി എച്ച് പി യുടെയും ബിജെപിയുടെയും നേതാക്കന്മാർ, എല്ലാവരും പുറത്തിറങ്ങി ഞങ്ങൾക്ക് ആശംസകൾ നേർന്നിട്ട് വീടുകളിലേക്ക് തിരികെ പോയി. എന്നെപ്പോലെയുള്ള ദളിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളിൽ പെട്ട യുവാക്കളും കുറച്ചു സന്യാസിമാരും മാത്രമായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. താഴെത്തട്ടിലുള്ള ചില നേതാക്കൾ ഞങ്ങളെ ആശ്വസിപ്പിച്ചു. അവർക്ക് വേറെയും സംഘങ്ങളെ യാത്രയാക്കേണ്ടതുണ്ട് അതിനുശേഷം  നേരെ അയോധ്യയിലേക്ക് എത്തിച്ചേരും എന്നാണ് അറിയിച്ചത്. അവർ ഒരിക്കലും അങ്ങോട്ട് വരില്ലായിരുന്നു. ബുദ്ധിയുള്ള മനുഷ്യർ അങ്ങനെയാണ് എപ്പോഴും ചെയ്യുക. മറ്റുള്ളവരെ ഉപയോഗിക്കും. ഞങ്ങളെ യുദ്ധമുഖത്തിലേക്ക് തള്ളി വിട്ടിട്ട്, അവർ അവരവരുടെ വീടിൻ്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിപ്പോയി. അവിടെയാണ് അവരുടെ മഹത്വം. ഒരുപക്ഷേ മഹത്വമെന്നത് ദുസ്സാമർത്ഥ്യത്തിന്റെ മറ്റൊരു പേരായിരിക്കാം.”

എന്നാൽ അതിനുശേഷവും ഭൻവാർ അയോധ്യയിലേക്ക് പോവുക തന്നെ ചെയ്തു. തൻ്റെ വീടിൻ്റെ പൂമുഖ വാതിലിൽ ‘ഞങ്ങൾ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുക’, ‘ഹിന്ദുവായത് വലിയ ഭാഗ്യമാണ്’ എന്നൊക്കെ എഴുതിയ സ്റ്റിക്കർ പതിപ്പിച്ചു. സംഘടനയിലെ ‘വിസ്താരക്’ ആയെങ്കിലും ‘പ്രചാരക്’ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നേതാക്കൾ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. കീഴ്ജാതിക്കാരനായതുകൊണ്ട് പ്രവർത്തനങ്ങൾ വലിയ ബുദ്ധിമുട്ടാകും എന്നാണ് അവർ പറഞ്ഞത്. ഇതോടുകൂടി കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ തുടങ്ങി. സംഘപരിവാർ നേതാക്കൾ തൻ്റെ മേഖലയിൽ പ്രവർത്തനങ്ങൾക്കായി എത്തുമ്പോൾ, താൻ വീട്ടിൽ ഭക്ഷണം ഒരുക്കാറുണ്ടെങ്കിലും അവരത് വീട്ടിൽ വന്ന് കഴിക്കാറില്ലെന്നും, ‘സമയം ലാഭിക്കാൻ’ അവർ ഭക്ഷണം കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്’ എന്നതിൻ്റെ യുക്തിയും അദ്ദേഹത്തിന് മനസ്സിലായി. അവരാ ഭക്ഷണം വഴിയിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഞെട്ടലോടെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് പതിയെ പതിയെ അംബേദ്കറിലേക്ക് അദ്ദേഹം തിരിയുന്നത്. ‘റിഡിൽസ് ഓഫ് ഹിന്ദുയിസം’ മുതൽ ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ വരെ എത്തുമ്പോഴേക്കും താൻ ശാഖകളിൽ പഠിച്ചതല്ല ഇന്ത്യയുടെ ചരിത്രവും ഇന്ത്യൻ സമൂഹവും എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിച്ചേർന്നു.

ഭൻവർ മേഘവംശിയുടെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ. സംഘപരിവാർ യഥാർത്ഥത്തിൽ എന്താണ് എന്നും, അവർ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിന്റെ സ്വഭാവം എന്തായിരിക്കും എന്നും കൃത്യമായ ധാരണ നമുക്ക് ലഭിക്കുന്നുണ്ട്. സംഘടനയുടെ സവർണ്ണ നേതാക്കൾക്ക് നൽകിയ ഒരു രഹസ്യ കത്ത് അദ്ദേഹം വായിക്കാനിടവരുന്നുണ്ട്. ജാതിവ്യവസ്ഥയെ കൂടുതൽ ശക്തമായി നിലനിർത്താൻ ആഹ്വാനം ചെയ്യുന്ന ഒന്നായിരുന്നു അത്. ജാതി വ്യവസ്ഥ ഒന്നുകൊണ്ടുമാത്രമാണ് ഹിന്ദു സമൂഹത്തിന് ഇങ്ങനെ നിലനിൽക്കാൻ കഴിഞ്ഞത്. ജാതി ഇല്ലായിരുന്നുവെങ്കിൽ എല്ലാവരും മുസ്ലിമോ ക്രിസ്ത്യാനിയോ ആയി പണ്ടേ മാറിയിട്ടുണ്ടാകുമായിരുന്നുവെന്നും അതിൽ പറയുന്നു. രാജ്യമെമ്പാടും അരങ്ങേറുന്ന ജാതിക്കൊലകളോടും, പശുവിന്റെയും ഭക്ഷണത്തിന്റെയും പേരിൽ നടക്കുന്ന ആൾക്കൂട്ട വിചാരണകളോടും ആർഎസ്എസ് പുലർത്തുന്ന സമീപനം അവരുടെ ഈ വിചാരധാരയ്ക്ക് അടിവരയിടുന്നതാണ്.

ഭൻവർ മേഘവംശിയെ പോലെ രാഷ്ട്രീയ തിരിച്ചറിവുകൾ ഉണ്ടാകുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. തങ്ങളുടെ എല്ലാ ദുഃഖദുരിതങ്ങൾക്കും കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്റുകളോ, മറ്റേതെങ്കിലും പൊതു ശത്രുവോ ആണെന്ന തെറ്റിദ്ധാരണ മനസ്സിലുറച്ച ആയിരക്കണക്കിന് മനുഷ്യർ ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനു വേണ്ടി ജീവൻ നൽകാൻ വരെ തയ്യാറായി നിലകൊള്ളുകയാണ്. പ്രത്യേകിച്ചും അവർക്ക് ദൃശ്യതയും അംഗീകാരവും ലഭിക്കുന്ന മറ്റു രാഷ്ട്രീയ ഇടങ്ങൾ ഇല്ലാത്ത പിന്നാക്ക പ്രദേശങ്ങളിൽ. 

രാജ്യത്ത് ഇന്ന് ജനാധിപത്യവും ഭരണഘടനയും തുല്യതയും സാഹോദര്യവും മാനവികതയും അപകടത്തിലാണെന്ന തിരിച്ചറിവ് അവർക്കുണ്ടാകുന്നില്ല. സ്വതന്ത്ര ഇന്ത്യക്കു സംഭവിക്കാവുന്ന ഏറ്റവും ഭീകരദുരന്തം നമ്മളൊരു ഹിന്ദു രാഷ്ട്രമായി മാറുന്നതാണ് എന്ന അംബേദ്കറുടെ മുന്നറിയിപ്പ് അവരുടെ കാതുകളിൽ എത്തിയിട്ടേയുണ്ടാവില്ല. ഗാന്ധിയും നെഹ്റുവും അംബേദ്കറും വിഭാവനം ചെയ്ത ഇന്ത്യ ഇന്ന് അപകടത്തിലാണ്. ഒരുപക്ഷേ അവരുടെ സ്വപ്നങ്ങൾ അവസാനിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. 3000 വർഷത്തോളമെങ്കിലും ഹിന്ദു സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായിരുന്ന മനുഷ്യർ തന്നെ, അതിനൊപ്പം അണിചേരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ്. ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും, അംഗീകാരവും അവസരവും നൽകുന്ന, പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉയർന്നുവരാതെ ഇതവസാനിക്കുകയില്ല.

An abridged version published in Suprabhatham Daily on June 14, 2023

LEAVE A REPLY

Please enter your comment!
Please enter your name here