ജസ്റ്റിസ്. എസ്. മുരളീധർ: സുപ്രീംകോടതിയുടെ നഷ്ടം

” എന്തുകൊണ്ടാണ് ജസ്റ്റിസ് എസ് മുരളീധർ സുപ്രീംകോടതിയിൽ എത്താതെ പോയത്?” പ്രമുഖ നിയമജ്ഞൻ ഫലി എസ് നരിമാൻ, മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോക്കൂർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവർ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ഒരു ലേഖനത്തിലൂടെ സുപ്രീംകോടതി കോളേജിയത്തോട് ഉന്നയിച്ച ചോദ്യമാണിത്. സമകാലിക ഇന്ത്യയിലെ നിയമനീതിന്യായ വ്യവസ്ഥിതിയെ നിരീക്ഷിക്കുന്ന ഏതൊരാളുടെയും മനസ്സിൽ ന്യായമായും ഉടലെടുക്കാവുന്ന ചോദ്യം. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ധീരനും, ആർക്കും സംശയിക്കാനാകാത്ത സ്വഭാവ ശുദ്ധിക്കും സത്യസന്ധതയും ആർജ്ജവത്തിനും ഉടമയുമായ, ജസ്റ്റിസ് മുരളീധർ സുപ്രീം കോടതിയിലേക്ക് പരിഗണിക്കപ്പെട്ടില്ല എന്നത് നമ്മുടെ നിയമവൈജ്ഞാനിക രംഗത്തിന് വലിയ നഷ്ടമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് അദ്ദേഹം ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചു. സുപ്രീം കോടതിയിലേക്ക് എത്തിയിരുന്നുവെങ്കിൽ 2026 വരെ അദ്ദേഹത്തിൻറെ സേവനം രാജ്യത്തിന് ലഭിക്കുമായിരുന്നു.

സുപ്രീംകോടതി അഭിഭാഷകനായിരുന്നപ്പോൾ മുതൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് ജസ്റ്റിസ് എസ് മുരളീധർ. ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായപ്പോൾ, ജുഡീഷ്യൻ സംവിധാനത്തിന്റെ പതിവ് ശൈലികളിൽ നിന്ന് വഴിമാറി നടക്കുന്ന, ജനാധിപത്യവാദിയായ ന്യായാധിപനെയാണ് കണ്ടത്. കൊളോണിയൽ അവശേഷിപ്പുകൾ ആയ ‘മിലോഡ്’, ‘യുവർ ലോർഡ്ഷിപ്സ്’ തുടങ്ങിയ ഉപചാരപദങ്ങൾ തന്റെ കോടതിയിൽ ഉപയോഗിക്കേണ്ടതില്ല എന്ന നിലപാട് എടുത്തു അദ്ദേഹം. സാധാരണക്കാരായ മനുഷ്യരുടെ ജീവിതം തൊട്ടറിഞ്ഞ മനുഷ്യൻ. സുപ്രീംകോടതി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന തൻറെ നീല ഓമിനി വാൻ ആയിരുന്നു അദ്ദേഹത്തിൻറെ ചേംബർ എന്നു പറയാറുണ്ട്. ഒറീസ ഹൈക്കോടതിയിൽ നിന്നും വിരമിക്കുമ്പോൾ, അദ്ദേഹം പടിയിറങ്ങുന്ന പാതയ്ക്ക് ഇരുവശവും അണിനിരന്ന അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും ബാഹുല്യം അദ്ദേഹത്തിന് നിയമവൃത്തങ്ങളിലുണ്ടായിരുന്ന സ്വീകാര്യതയ്ക്കും ബഹുമാന്യതയ്ക്കുമുള്ള തെളിവാണ്. ചരിത്രത്തിൽ മറ്റൊരു ന്യായാധിപനും ഇത്ര വികാരനിർഭരമായ യാത്രയയപ്പ് ലഭിച്ചിട്ടുണ്ടാവില്ല.

അഭിഭാഷകൻ നിലയിലും നിയമവിചക്ഷണൻ എന്ന നിലയിലും ഹൈക്കോടതി ജഡ്ജി എന്ന നിലയിലും അനന്യമായ സംഭാവനകൾ അദ്ദേഹത്തിന്റേതായുണ്ട്. 2009-ലെ നാസ് ഫൗണ്ടേഷൻ കേസ് ഇന്ത്യൻ നിയമ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ജസ്റ്റിസ് എ പി ഷായോടൊപ്പം ജസ്റ്റിസ് മുരളീധറും അടങ്ങുന്ന ബെഞ്ചാണ് സ്വവർഗ്ഗ പ്രണയത്തെ ക്രിമിനൽവൽക്കരിക്കുന്ന വകുപ്പ്, ഐപിസി 377, റദ്ദു ചെയ്തത്. “പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ക്രിമിനലൈസ് ചെയ്യുന്ന ഐപിസി 377, ഭരണഘടനയുടെ അനുഛേദം 21 (ജീവിക്കാനുള്ള അവകാശം), അനുഛേദം 14 (തുല്യതയ്ക്കുള്ള അവകാശം), അനുഛേദം 15 (വിവേചനത്തിനെതിരായുള്ള അവകാശം) എന്നിവയുടെ ലംഘനമാണ്” എന്ന് അവർ വിധിയെഴുതി. എന്നാൽ അപ്പീലിൽ സുപ്രീംകോടതി അത് റദ്ദു ചെയ്തു. പിന്നീട് 2018-ലാണ് നവ് തേജ് സിംഗ് ജോഹർ കേസിൽ നമ്മുടെ സുപ്രീംകോടതി 2009-ലെ ഡൽഹി ഹൈക്കോടതി ആയിരുന്നു ശരിയെന്ന നിലപാടിലേക്ക് എത്തിയത്.

2019-ൽ, കൃത്യമായ പുനരധിവാസ പദ്ധതികൾ ഇല്ലാതെ ചേരി നിവാസികളെ ഒഴിപ്പിക്കുന്ന നടപടി നിയമവിരുദ്ധമാണ് എന്ന് ഉത്തരവിട്ടു. “തലയ്ക്കു മീതെ ഒരു കൂര ഉണ്ടാവുക എന്നത് മാത്രമല്ല പാർപ്പിടത്തിനുള്ള അവകാശം കൊണ്ട് അർത്ഥമാക്കുന്നത്. ജീവിത മാർഗത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും നല്ല ഭക്ഷണത്തിനും ശുദ്ധജലത്തിനും മാലിന്യ സംസ്കരണത്തിനും ഗതാഗതസൗകര്യങ്ങൾക്കും എല്ലാമുള്ള അവകാശമാണത്” അദ്ദേഹം വിധിന്യായത്തിൽ കുറിച്ചു.

2018-ൽ ജസ്റ്റിസ് വിനോദ് ഗോയലിനോടൊപ്പം ചേർന്ന് 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ വെറുതെ വിട്ടു കൊണ്ടുള്ള ഉത്തരവ് റദ്ദു ചെയ്തു. വിധി ഇങ്ങനെ നിരീക്ഷിക്കുന്നു: “കൂട്ടക്കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ ക്രിമിനലുകൾ, രാഷ്ട്രീയ പിന്തുണ ഉള്ളതുകൊണ്ട് വിചാരണയും ശിക്ഷയും ഒഴിവാക്കി ജീവിക്കുന്നു. അങ്ങനെയുള്ള ക്രിമിനലുകളെ നിയമത്തിനു മുന്നിൽ എത്തിക്കുക എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്”. 

2018-ൽ ഭീമ കൊറേഗാവ് കേസിൽ, 

മെട്രോപോളിറ്റൻ മജിസ്ട്രേറ്റിന്റെ ട്രാൻസിറ്റ് ഓർഡറിലെ ഗൗരവതരമായ നിയമ പ്രശ്നങ്ങൾ ചുണ്ടി കാണിച്ചുകൊണ്ട് റദ്ദ് ചെയ്ത ഉത്തരവും ശ്രദ്ധേയമായിരുന്നു. അന്ന്, ഗൗതം നവ് ലാഖയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ നടപടി.

2020-ലെ ഫെബ്രുവരി മാസത്തിലെ അതിശൈത്യത്തിനൊപ്പം, മനുഷ്യത്വവും തണുത്തുറഞ്ഞ ഡൽഹിയിലെ തെരുവീഥികളിൽ, നിരപരാധികളുടെ സ്വത്തും ജീവനും കത്തിയെരിഞ്ഞു കൊണ്ടിരുന്ന അർദ്ധരാത്രികളിലൊന്നിൽ, പ്രത്യേക സിറ്റിങ് നടത്തി, ക്രമസമാധാന ചുമതലയുള്ള അധികാരികളെ മുൾമുനയിൽ നിർത്തി ഉത്തരം തേടിയ ജസ്റ്റിസ് മുരളീധറിന്റെ നടപടി, കലാപകാലത്തെ ക്രിയാത്മകമായ ഇടപെടലുകളുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തി വയ്ക്കേണ്ടതാണ്. കലാപത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന അനേകം സാധു മനുഷ്യരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യമോ ചികിത്സിക്കാൻ ഡോക്ടർമാരോ ഇല്ല എന്ന് പറഞ്ഞു കൈമലർത്തിയിരുന്ന അധികാരികൾക്ക് ആ രാത്രി തന്നെ എല്ലാ സംവിധാനങ്ങളും ശരിയാക്കി, ഡോക്ടർമാരെ ഫോൺ വിളിച്ച് വരുത്തി, ചികിത്സാ സംവിധാനങ്ങൾ ഒരുക്കി, തങ്ങളുടെ കടമ നിർവഹിക്കേണ്ടിവന്നു. 20 ജീവനുകളെങ്കിലും ആ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടാൻ ഇടയായിട്ടുണ്ട്. 

സമൂഹത്തിൽ വിദ്വേഷവും വിഭാഗീയതയും അക്രമവും പരത്തുന്ന മുദ്രാവാക്യങ്ങൾ വിളിച്ച ബിജെപി നേതാക്കന്മാർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. ഉചിതമായ സമയത്ത് എഫ്ഐആർ ഇടും എന്ന് അറിയിച്ച ഡൽഹി പോലീസിനോട് “എപ്പോഴാണ് ഉചിതമായ സമയം? നഗരം കത്തുകയാണ്. വിദ്വേഷ പ്രസംഗങ്ങളുടെ നിരവധി ക്ലിപ്പുകൾ ലഭ്യമാണെന്നിരിക്കെ നിങ്ങൾ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?” എന്നു കയർത്തു. 24 മണിക്കൂറിനകം എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിവരം അറിയിക്കാനും ആവശ്യപ്പെട്ടു. 

എന്നാൽ, എട്ടു മണിക്കൂറുകൾക്കുള്ളിൽ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. കൊളീജിയവും കോടതികളും ഭരണകൂടത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെങ്കിൽ, പിന്നെ ഭരണഘടനയുടെയും അധികാര വിഭജനത്തിന്റെയും ഒക്കെ അർത്ഥമെന്താണ്, എന്ന സംശയം സാധാരണ മനുഷ്യർ ആത്മാർത്ഥമായി ചോദിച്ചു പോയ ദിവസങ്ങളായിരുന്നു അത്. പിന്നീട് അദ്ദേഹം താരതമ്യേന ചെറിയ ഒറീസ ഹൈക്കോടതിയിലേക്ക് ചീഫ് ജസ്റ്റിസ് ആയി വന്നു. അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന നിർദ്ദേശം ഗവൺമെൻറ് പരിഗണിച്ചതേയില്ല. കൊളീജിയം അത് വീണ്ടും ആവശ്യപ്പെട്ടതുമില്ല.

എന്നാൽ നിറഞ്ഞ മനസ്സോടെയാണ് താൻ ഒറീസ ഹൈക്കോടതിയിൽ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ചുരുങ്ങിയ കാലഘട്ടം കൊണ്ട് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കോടതി പ്രവർത്തനം മുഴുവൻ ആധുനികവൽക്കരിക്കുകയും ഈ-സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഓരോ ജില്ലയിലും വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ ഒരുക്കി. ലൈബ്രറിയും മ്യൂസിയവും നവീകരിച്ചു, ഡിജിറ്റൈസ് ചെയ്തു. 33000 കേസുകൾ തീർപ്പാക്കി. 5000 ത്തിലേറെ വിധിന്യായങ്ങൾ എഴുതി. 

വ്യക്തിജീവിതത്തിലും അങ്ങേയറ്റം ധാർമികത പുലർത്തുന്നവരാണ് അദ്ദേഹവും പത്നി, പ്രശസ്ത നിയമപണ്ഡിതയും ഗവേഷകയുമായ ഡോ. ഉഷ രാമനാഥനും. സ്വകാര്യതയെ ബാധിക്കും എന്നതുകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തിട്ടുള്ള ഡോ. ഉഷ രാമനാഥനെ ബന്ധപ്പെടാൻ, ഒരവസരത്തിൽ ജസ്റ്റിസ് മുരളീധറിന്റെ ഫോണിൽ വിളിച്ചപ്പോൾ, ഔദ്യോഗിക ഫോൺ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്ന് പറഞ്ഞ, അദ്ദേഹത്തിൻറെ ‘അലോസരപ്പെടുത്തുന്ന’ ആദർശനിഷ്ഠയെക്കുറിച്ച് മുതിർന്ന അഭിഭാഷകനായ സഞ്ജൊയ് ഘോഷ് എഴുതിയിരുന്നു. പ്രൊഫസർ ലോതിക സർക്കാരിനെ അവസാനം വരെ നിസ്വാർത്ഥമായി പരിചരിച്ച് പോന്ന കാര്യവും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. ഈ ലേഖകന്റെ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയത് ഡോ. ഉഷാരാമനാഥൻ ആണ്. ആ നിലയ്ക്ക് അവരുടെ സ്നേഹ വിശാലത മനസ്സിലാക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ആദർശബദ്ധമായ ജീവിതവും പ്രവർത്തിപഥവുമാണ് അവരുടേത് എന്ന് നേരിട്ടുള്ള ബോധ്യവും ഉണ്ട്. ജസ്റ്റിസ് മുരളീധർ സുപ്രീംകോടതിയിൽ എത്താതിരുന്നത് ഈ നാടിൻറെ നഷ്ടമാണ്. നീതിയുടെ മഷി മുക്കി വിധിയെഴുതാൻ കഴിയുമായിരുന്ന ഒരു തൂലിക പരമോന്നത നീതിപീഠം നഷ്ടപ്പെടുത്തിയിരിക്കുന്നു.  

Published in Suprabhaatham Daily on 25, Aug, 2023

LEAVE A REPLY

Please enter your comment!
Please enter your name here