ജനാധിപത്യം ജീവിക്കുന്നത് തെരുവുകളിലാണ്, കോടതിമുറികളിലല്ല.

സമരം കൊണ്ട് ജീവിക്കുന്നവർ! ഖാലിസ്ഥാനികൾ! ഭീകരവാദികൾ! മാവോയിസ്റ്റുകൾ! പാക്കിസ്ഥാൻ പിന്തുണയുള്ളവർ! അതിജീവനത്തിനായി തെരുവിലിറങ്ങിയ കർഷകർക്കെതിരെ നികൃഷ്ടമായ വിദ്വേഷപ്രചാരണങ്ങളാണ് രാജ്യം ഭരിക്കുന്നവരും അവരുടെ രാഷ്ട്രീയ പ്രസ്ഥാനവും മുഖ്യധാരാ മാധ്യമങ്ങളും അഴിച്ചുവിട്ടത്. ‘ആന്ദോളൻ ജീവികൾ” എന്ന് കർഷകരെ പരിഹസിച്ചത് നമ്മുടെ പ്രധാനമന്ത്രിയാണ്, പാർലമെന്റിനകത്ത് വച്ച് തന്നെ. സമരങ്ങളെയും പ്രതിഷേധങ്ങളെയും, വിയോജിപ്പുകളെയും അപഹസിക്കാനും അടിച്ചമർത്താനും മാത്രം ശീലിച്ചുപോന്നിരുന്ന ‘പുതിയ ഇന്ത്യ’ ഇന്ന് ജനകീയ പ്രക്ഷോഭങ്ങളുടെ ശക്തി തിരിച്ചറിയുകയാണ്. ജനാധിപത്യത്തിൽ ജനതയുടെ ശബ്ദം വീണ്ടും ഉയർന്നു കേൾക്കുകയാണ്. ജനാധിപത്യത്തെ തെരഞ്ഞടുക്കപ്പെട്ടവരുടെ സർവാധിപത്യമായി തെറ്റിദ്ധരിച്ചവർ, അനന്തമായ കാലവിളംബവും അടിയന്തരാവസ്ഥക്കാലത്തെ നിയമയുക്തികളും ശീലമാക്കിയ നീതിന്യായ വ്യവസ്ഥിതി കൂടെയുള്ളപ്പോൾ    അധികാരധാർഷ്ട്യത്തെ എക്കാലവും സംരക്ഷിക്കാനാകും എന്ന് ധരിച്ചിരുന്നവർ, ഒക്കെ ഇന്ന് തിരിച്ചറിയുകയാണ് ജനാധിപത്യം ജീവിക്കുന്നത് തലസ്ഥാനത്തെ ആഡംബര സൗധങ്ങളിലും കണ്ണുകെട്ടിയ പ്രതിമകൾക്കു മുന്നിലുമല്ല, ഈ മഹാരാജ്യത്തിന്റെ തെരുവീഥികളിലാണ് എന്ന്. പാർലമെന്റും ജുഡീഷ്യറിയുമല്ല സാധാരണ പൗരരുടെ നിശ്ചയദാർഢ്യമാണ് ജനാധിപത്യത്തിന് കാവലാകുക എന്ന് നമ്മളും തിരിച്ചറിയുകയാണ്. 

നമ്മുടെ സുപ്രീംകോടതിയുടെ ചരിത്രത്തിലെ  അഭിമാനകരമല്ലാത്ത ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ്  കാർഷികബില്ലുകളുമായി ബന്ധപ്പെട്ടുണ്ടായ കോടതിനടപടികൾ. കേന്ദ്ര ഗവണ്മെന്റ് , മതിയായ കൂടിയാലോചനകളൊന്നും കൂടാതെ, പാർലമെന്റിന്റെ ഉപരിസഭയെ നോക്കുകുത്തിയാക്കിക്കൊണ്ട് പാസാക്കിയെടുത്ത 3 കാർഷിക നിയമങ്ങൾക്കുമെതിരെ നടന്ന സമരം  ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കർഷക പ്രക്ഷോഭങ്ങളിലൊന്നായി അന്താരാഷ്‌ട്ര ശ്രദ്ധ നേടിക്കൊണ്ടിരിക്കുമ്പോഴാണ്, പ്രതിഷേധിക്കുന്ന കർഷകരെ രാജ്യതലസ്ഥാനത്തെ നിരത്തുകളിൽ നിന്നുമൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതിയിലെത്തുന്നത്. കർഷകർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അവരോടു പിരിഞ്ഞു പോകാൻ ആവശ്യപ്പെടില്ലയെന്നും വ്യക്തമാക്കിയ കോടതി പക്ഷേ, അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. കർഷകരോട് ചർച്ചകൾ നടത്തി കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു കോടതി.. ആ കമ്മിറ്റിയുമായി എല്ലാ കക്ഷികളും നിർബന്ധമായും ചർച്ചനടത്തണമെന്നായിരുന്നു ഉത്തരവ്. വിദഗ്ദ്ധ സമിതിയോട് 2  മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം; അതുവരെ നിയമങ്ങൾ നടപ്പിലാക്കാതെ മരവിപ്പിക്കുകയും ചെയ്തു.  

വളരെ വിചിത്രമായിരുന്നു  കോടതിയുടെ നടപടികൾ. ഒന്ന്, നിയമം റദ്ദാക്കണം എന്ന ആവശ്യവുമായി കർഷകർ കോടതിയെ സമീപിച്ചിട്ടില്ല. രണ്ട്, നിയമം നടപ്പിലാക്കണം എന്ന ആവശ്യവുമായി ചിലർ കോടതിയെ സമീപിച്ചിരുന്നു. ഗവണ്മെന്റ്  ഒരു നിയമം നിർമിച്ച് അത് വിജ്ഞാപനം ചെയ്‌താൽ  അത് നടപ്പിലാക്കുന്നുവെന്നാണ് അർത്ഥം. പിന്നെയത് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ഹർജിയുമായി പോകുന്നത് ശുദ്ധ അസംബന്ധമാണ്. മൂന്ന്, പ്രഥമ ദൃഷ്ട്യാ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയാലാണ് സുപ്രീംകോടതിയ്ക്ക് ഒരു നിയമം സ്റ്റേ ചെയ്യാൻ കഴിയുക; അല്ലാതെ രാഷ്ട്രീയ ചർച്ചകൾക്ക് കളമൊരുക്കാൻ നിയമം നടപ്പിലാക്കുന്നത് താത്കാലികമായി സസ്‌പെൻഡ് ചെയ്യുവാൻ കോടതിയ്ക്ക് അധികാരമില്ല. അത് ഗവൺമെന്റിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പണിയാണ്. നാല്, ഒരു നിയമം അല്ലെങ്കിൽ ഒരു നയം നല്ലതാണോ ചീത്തയാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല, അതിനിവിടെ ജനാധിപത്യ സംവിധാനങ്ങളുണ്ട്. ജനങ്ങളും അവർ തെരഞ്ഞെടുത്ത പ്രതിനിധികളും, അതാത് രംഗങ്ങളിലെ വിദഗ്ദ്ധരുമൊക്കെയാണ് അത് തീരുമാനിക്കുക. 

ഈ കാർഷിക നിയമങ്ങളുടെ ഭരണഘടനാപരത പ്രത്യക്ഷത്തിൽ തന്നെ സംശയകരമാണ്. കാരണം കൃഷി നമ്മുടെ ഭരണഘടനയുടെ ഏഴാം ഭാഗത്ത് നിർവചിച്ചിരിക്കുന്ന അധികാരവിഭജനപ്പട്ടിക അനുസരിച്ച് സംസ്ഥാനങ്ങളുടെ  പട്ടികയിൽ വരുന്ന സംഗതിയാണ്. സംസ്ഥാന നിയമസഭകളാണ് കാർഷികനിയമങ്ങൾ നിർമ്മിക്കേണ്ടത്. കൺകറന്റ് ലിസ്റ്റിലും കൃഷി ഇടം പിടിക്കാത്ത നിലയ്ക്ക് പാർലമെന്റിന് ഈ നിയമനിർമ്മാണത്തിനുള്ള അധികാരമില്ലായെന്ന് വളരെ വ്യക്തമാണ്. കർഷകർക്കോ, പൊതു ജനത്തിനോ, ഈ നിയമത്തിനു കീഴിൽ ഗവണ്മെന്റിനോ മറ്റുള്ളവർക്കോ എതിരെ കോടതിയെ സമീപിക്കുവാനുള്ള അധികാരംകൂടി നിഷേധിക്കുകവഴി ഇന്ത്യക്കാരുടെ മൗലിക  അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം കൂടിയായതു മാറുന്നു. ചരിത്രത്തിലെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത വ്യവസ്ഥയാണിത്. അല്പമെങ്കിലും സമാനമായ വ്യവസ്ഥ ഉണ്ടായിരുന്നത് ആധാർ നിയമത്തിലാണ്. പ്രസ്തുത വകുപ്പ് ഭരണഘടനാവിരുദ്ധമെന്നു കണ്ടു കോടതി റദ്ദു ചെയ്യുകയും ചെയ്തതാണ് . 

അതുപോലെ തന്നെ, ആവശ്യമുയർന്നിട്ടും, വോട്ടെടുപ്പില്ലാതെ നിയമം രാജ്യസഭയിൽ പാസാക്കിയത് ചട്ടലംഘനമാണെന്നും ആരോപണമുണ്ടായിരുന്നു. . അങ്ങനെ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയ്ക്ക് വേണമെങ്കിൽ ഈ നിയമങ്ങൾ സ്റ്റേ ചെയ്യാമായിരുന്നു. ജനാധിപത്യം ജീവിക്കുന്നത് തെരുവുകളിലാണ്, കോടതിമുറികളിലല്ല. അതിനുപകരം, സ്വേച്ഛാപരമായി, ഭരണഘടനാപരമായ കാരണങ്ങളൊന്നും വ്യക്തമാക്കാതെ നിയമം ‘സസ്‌പെൻഡ്’ ചെയ്‌യുകയാണ് കോടതി ചെയ്തത്. . 

സാധാരണഗതിയിൽ കോടതികൾ സമിതിയെയോ, വിദഗ്ദ്ധരെയോ ആശ്രയിക്കുന്നത് തെളിവുനിയമത്തിനു കീഴിലാണ്.. അത് പക്ഷേ, വിചാരണക്കോടതികളാണ് ചെയ്യുക. സുപ്രീംകോടതി, കോടതിയ്ക്ക് വൈദഗ്ദ്ധ്യമില്ലാത്ത കാര്യങ്ങളിൽ  വിദഗ്ദ്ധ അഭിപ്രായം തേടാനായിരിക്കും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുക.. ഇവിടെ  കർഷക നിയമം ഭരണഘടനാപരമാണോ എന്നത് മാത്രമാണ് കോടതിയ്ക്ക് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയം. ഈ നിയമം ഭരണഘടനാപരമാണോ എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ആണോ വിദഗ്ദ്ധ സമിതിയിൽ നിന്നും കോടതി പ്രതീക്ഷിച്ചിരുന്നത്? എങ്കിൽ പിന്നെ കോടതിയുടെ വൈദഗ്ദ്ധ്യം ഏതു മേഖലയിലാണ്? മാത്രവുമല്ല കോടതി നിയോഗിച്ച സമിതിയംഗങ്ങളെല്ലാവരും ഗവണ്മെന്റിന്റെ കാർഷിക നയത്തെയും നിയമത്തെയും  പരസ്യമായി പിന്തുണക്കുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളവരുമായിരുന്നു. അതിലൊരംഗം നിയമങ്ങൾ പിൻ വലിക്കാനുള്ള ഇന്നത്തെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്. 

ആധാർ കേസ്, പൗരത്വ നിയമഭേദഗതി, അനുച്ഛേദം 370, റഫാൽ, ആസാം പൗരത്വപ്പട്ടിക, ഇലക്ടറൽ ബോണ്ട് തുടങ്ങി നിരവധി അവസരങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ഒരു പാറ്റേൺ ആയിരുന്നു ഇവിടെയും അരങ്ങേറിയത്. പ്രതിഷേധങ്ങളെ അപ്രസക്തമാക്കാൻ കഴിയുന്നത്രകാലം ഗവണ്മെന്റിനു സാവകാശം അനുവദിക്കുകയും ക്രമേണ കേസ് തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്ന രീതി. മേൽപ്പറഞ്ഞ കേസുകളിലൊക്കെയും സംഭവിച്ചത് അതാണ്. ഇവിടെ  കർഷകരുടെ സഹനശക്തി അളക്കുന്ന കാര്യത്തിൽ പക്ഷേ, അധികാരഗർവിന്റെ പെരുക്കപ്പട്ടികകൾ പരിപൂർണമായി തെറ്റിപ്പോയി. 

നാം സമരങ്ങളെ മറന്നുകൊണ്ടിരിക്കുന്ന ഒരു കാലത്തായിരുന്നു, സമരങ്ങൾക്ക് ലക്‌ഷ്യം കാണാനാകില്ലെന്നു സങ്കടപ്പെട്ടിരുന്ന കാലത്തായിരുന്നു, അവസാന പ്രതീക്ഷയായി രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തിലേക്ക് ഉറ്റുനോക്കുകയും നിരാശമാത്രം നമുക്ക് ലഭിക്കുകയും ചെയ്തുകൊണ്ടിരുന്ന കാലത്തായിരുന്നു, കർഷകർ തെരുവുകളിലേക്ക് ഇരമ്പിയെത്തിയത്.  അവർ തെരുവുകളിൽ നിന്ന് പിൻവാങ്ങിയിരുന്നെങ്കിൽ, പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന കേസുകളിലെന്ന പോലെ   ഭരണഘടനാക്കോടതികളുടെ ഇരുണ്ട ഇടനാഴികളിൽ ഇഴഞ്ഞൊടുങ്ങുമായിരുന്നു ഈ വിഷയവും. കോടതികൾ മാത്രമാണ് നീതിയുടെ ഏക ആശ്രയം എന്ന സാഹചര്യം ജനാധിപത്യതിന്റെ ദൗർബല്യത്തെയാണ് സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യം നിലനിൽക്കുന്ന രാജ്യം ഏകാധിപത്യത്തിലേക്കുള്ള പ്രവേശനകവാടത്തിലാണ് എത്തി നിൽക്കുന്നത്. ഏതു നിമിഷവും കോടതിയും ആ ഏകാധിപത്യഭരണസംവിധാനത്തിന്റെ ഒരു ഭാഗം മാത്രമായി മാറാം. ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്ക് വഴുതിവീണ നാടുകളിലൊക്കെയും അത് സംഭവിച്ചിട്ടുണ്ട്. നാസി ജർമനിയിലും മറ്റനേകം ഏകാധിപത്യ രാജ്യങ്ങളിലുമെല്ലാം  സമാനമോ അതിലേറെ ഭീകരമോ ആയ തരത്തിൽ കോടതികൾ അനീതികൾക്കു കൂട്ട് നിന്നിട്ടുള്ളതായി ചരിത്രം പറയുന്നു. ഹോളോകോസ്റ്റ് പരിപൂർണമായും ‘നിയമവിധേയമായ’ ഒരു പ്രവർത്തിയായിരുന്നു ജർമനിയിൽ. നമ്മുടെ രാജ്യത്തു തന്നെ, അടിയന്തരാവസ്ഥക്കാലത്ത് നമ്മുടെ സുപ്രീംകോടതി തന്നെ ഏകാധിപത്യത്തിനു തണലാകുന്നത് നമ്മൾ കണ്ടതാണ്. ആ ചരിത്രസന്ധികളിലൊക്കെയും ജനതയുടെ പ്രതിരോധമാണ് ജനാധിപത്യത്തെ വീണ്ടെടുത്തത്. ആ അർത്ഥത്തിൽ   ജനതയിൽ, ജനാധിപത്യത്തിൽ, നമ്മുടെ രാജ്യത്തിൻ്റെ ഭാവിയിൽ നമുക്കുള്ള വിശ്വാസവും പ്രതീക്ഷയും വീണ്ടെടുക്കുന്നതാണ് കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട സമരത്തിന്റെ വിജയം. 

This article was first published in Madhyamam Daily on 22 Nov 2021

LEAVE A REPLY

Please enter your comment!
Please enter your name here