ജഡ്ജിമാർ: നിയമം അറിയുന്നവരും, നിയമമന്ത്രിയെ അറിയുന്നവരും!

“രണ്ടു തരത്തിലുള്ള ന്യായാധിപരുണ്ട്, നിയമം അറിയാവുന്നവരും, നിയമമന്ത്രിയെ അറിയാവുന്നവരും.” കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായിരുന്ന അഡ്വ. അരുൺ ജെയ്റ്റ്‌ലി ഒരിക്കൽ പറഞ്ഞു. വിരമിച്ചതിനു ശേഷം ലഭിക്കാനിടയുള്ള പദവികൾ സ്വപ്നം കാണുന്ന ജഡ്ജിമാർ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ രാഷ്ട്രീയ അധികാരത്തിനുമുന്നിൽ അടിയറവ് വയ്ക്കുന്നു എന്നു സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത്, വിരമിച്ച ജഡ്ജിമാർക്ക് മാത്രം അലങ്കരിക്കാൻ കഴിയുന്ന പല പദവികളുമുണ്ട്. സ്വാഭാവികമായും ഭരണകൂട താത്പര്യത്തിനൊപ്പം നിൽക്കുന്നവരെ അത്തരം സ്ഥാനങ്ങളിൽ അവരോധിക്കാനായിരിക്കും അധികാരത്തിലിരിക്കുന്നവർക്കു താത്പര്യം. അതുകൂടാതെ, മറ്റു പദവികളിലേക്ക് കൂടി ജഡ്ജിമാരെ പരിഗണിക്കുന്നുവെന്നതാണ് ഇപ്പോൾ കണ്ടുവരുന്ന ഒരു കാര്യം. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ, വിരമിക്കലിനോട് അടുത്തു നിൽക്കുന്ന ന്യായാധിപർ ഗവണ്മെന്റിന് പ്രത്യേക താത്പര്യങ്ങളുള്ള കേസുകളിൽ അവർക്കനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. 

ഇക്കാര്യം ഭരണഘടന നിർമ്മാണ വേളയിൽ തന്നെ ചർച്ചാവിഷയമായതാണ്. കെ ടി ഷാ-യെപ്പോലുള്ളവർ ഭരണഘടന നിർമ്മാണ സഭയിൽ ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ ഡോക്ടർ അംബേദ്കർ അതിനെ നിഷേധിക്കുകയാണുണ്ടായത്. “ഗവൺമെന്റിന് യാതൊരു താൽപര്യമില്ലാതിരിക്കുകയോ, അതി വിദൂരമായ വല്ല താൽപര്യവും അപൂർവമായി ഉണ്ടാവുകയോ ചെയ്യുന്ന കേസുകൾ മാത്രമേ കോടതികൾ പരിഗണിക്കുന്നുള്ളൂ. പ്രധാനമായും പൗരർ തമ്മിലുള്ള തർക്കങ്ങളാണ് കോടതിയിൽ എത്തുക, പൗരനും ഗവൺമെൻറും തമ്മിലുള്ള തർക്കങ്ങൾ വളരെ വിരളമായിരിക്കും.” അദ്ദേഹം പറഞ്ഞു. ഭരണഘടനാ നിർമ്മാണ സഭയിൽ അംബേദ്കർ പറഞ്ഞ കാര്യങ്ങളിൽ, തെറ്റിപ്പോയെന്നു വളരെ പെട്ടെന്ന് തെളിഞ്ഞൊരു നിലപാടായിരുന്നു ഇത്. ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് ഭരണഘടനാ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ 46 ശതമാനത്തോളം ഗവൺമെൻറ് കക്ഷിയായിട്ടുള്ളവയാണ്.

അംബേദ്കറുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്ന് തെളിയിക്കുന്ന സംഭവങ്ങൾ 1951-ൽ തന്നെ അരങ്ങേറി. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സയ്യിദ് ഫൈസൽ അലി വിരമിച്ചയുടൻ ഒറീസ ഗവർണറായി നിയമിക്കപ്പെട്ടു. പിന്നീട് സംസ്ഥാന പുനഃസംഘടനാസമിതി രൂപീകരിച്ചപ്പോൾ അതിൻറെ തലവനായി. അതിനുശേഷം അസാം ഗവർണറായി മരണം വരെ തുടർന്നു. അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രസിദ്ധമായ രമോഷ് ഥാപ്പർ കേസിൽ, ക്രോസ് റോഡ്സ് എന്ന മാസിക നിരോധിച്ച നടപടിക്കെതിരെ സുപ്രീംകോടതി നിലപാടെടുത്തപ്പോൾ, ഗവൺമെൻറ് നടപടിയെ ന്യായീകരിച്ചുകൊണ്ട് വിയോജന വിധിയെഴുതിയ ജഡ്ജിയായിരുന്നു ജസ്റ്റിസ് ഫസൽ അലി.

ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ജുഡീഷ്യറിക്ക് മേൽ വലിയ സമ്മർദ്ദം ഉണ്ടാക്കുന്ന തരത്തിൽ ഗവൺമെന്റുകൾ പ്രവർത്തിച്ചുവന്നിട്ടുണ്ട്. എന്നാൽ 1980-കളിലും 90-കളിലും ഇന്ത്യൻ ജുഡീഷ്യറി ലോകത്തിലെ ഏറ്റവും ശക്തമായ ജുഡീഷ്യൽ സംവിധാനമായി വളരുന്ന കാഴ്ച നമ്മൾ കണ്ടു. എന്നാൽ 2014-ന് ശേഷം സാഹചര്യം മാറി. ചരിത്രത്തിലെ ഏറ്റവും ആശ്യാസ്യകരമല്ലാത്ത ഘട്ടത്തിലൂടെയാണ് ഇപ്പോൾ കോടതികൾ കടന്നു പോകുന്നതെന്ന് പല നിയമവിചക്ഷണരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിരമിച്ചയുടനെ വിവിധ ഗവൺമെൻറ് പദവികളിലേക്ക് ന്യായാധിപർ അവരോധിക്കപ്പെടുന്ന സാഹചര്യം വ്യാപകമാണ്.

ഇത്തരത്തിൽ ശ്രദ്ധയാകർഷിച്ച ആദ്യത്തെ നിയമനം ജസ്റ്റിസ് പി സദാശിവത്തിന്റേതായിരുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായ്ക്കെതിരെയുള്ള എഫ്ഐആർ റദ്ദു ചെയ്ത സുപ്രീംകോടതി തീരുമാനം ഈ നിയമനവുമായി ചേർത്ത് വായിക്കുന്ന സാഹചര്യമുണ്ടായി. 

ബാബറി പള്ളി കേസിൽ, രാംലല്ലയ്ക്ക് അനുകൂലമായി വിധിയെഴുതിയ സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ന്യായാധിപരെ വളരെ പ്രധാനപ്പെട്ട പോസ്റ്റിലേക്ക് വിരമിച്ചതിനു ശേഷം ഉടൻതന്നെ പരിഗണിച്ചത് വിവാദമായിരുന്നു. അയോധ്യാ ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രീംകോടതിയിൽ നിന്നും വിരമിച്ച് 40 ദിവസത്തിനകം ആന്ധ്രപ്രദേശിന്റെ ഗവർണറായി ചുമതലയേറ്റു. അയോധ്യ കേസിനു പുറമേ 2016-ലെ നോട്ടു നിരോധനം ശരിവെച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയുടെ ഭാഗവുമായിരുന്നു അദ്ദേഹം. ഷയറ ബാനോ  കേസിൽ, ഭരണഘടനയുടെ അനുഛേദം 142 പ്രകാരം സുപ്രീംകോടതിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചുകൊണ്ട്, മുത്തലാഖ് റദ്ദ് ചെയ്ത ചെയ്യാതെ തന്നെ അതുമായി ബന്ധപ്പെട്ട ഒരു നിയമം കൊണ്ടുവരാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ന്യൂനപക്ഷ വിധി എഴുതിയതും ജസ്റ്റിസ് നസീർ ആയിരുന്നു. ഇതിൻറെ ചുവട് പിടിച്ചാണ് വിവാഹ തർക്കങ്ങളെ ക്രിമിനലൈസ് ചെയ്യുന്ന മുസ്ലിം വിമൻസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ്) ആക്ട് നിലവിൽ വന്നത്. പ്രസ്തുത ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് അശോക് ഭൂഷണെ, വിരമിച്ചതിന് മൂന്നുമാസത്തിനുള്ളിൽ ‘നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലി’ന്റെ ചെയർപേഴ്സൺ ആയി നിയമിച്ചു. 

കർണാടകയിലെ ഹിജാബ് നിരോധനം ഭരണഘടനാപരമായി ശരിയാണെന്ന് വിധിയെഴുതിയ കർണാടക ഹൈക്കോടതി ജഡ്ജ്, ജസ്റ്റിസ്. ഋതുരാജ് ആവസ്തി ലോ കമ്മീഷൻ ചെയർമാനായി നിയമതിനായി. അദ്ദേഹം നയിച്ച ലോക കമ്മീഷൻ, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പിലാക്കുന്നതിന് വേണ്ട നിയമപരവും ഭരണഘടനപരവുമായ നിലപാടുകൾ സ്വീകരിക്കണമെന്ന നിർദ്ദേശം ഗവൺമെൻറിനു സമർപ്പിച്ചിട്ടുണ്ട്. കൂടാതെ ലോക്പാൽ അംഗം കൂടിയാണ് അദ്ദേഹം. 

ഹിജാബ് കേസിലെ കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീംകോടതിയിൽ പരിഗണിച്ചത് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ്. കർണാടക ഹൈക്കോടതി വിധി റദ്ദ് ചെയ്തുകൊണ്ട്, ഹിജാബ് നിരോധനം ഭരണഘടനപരമല്ലെന്ന് ജസ്റ്റിസ് ധൂലിയ വിധിയെഴുതിയപ്പോൾ, ഹൈക്കോടതിവിധി ശരിവച്ചുകൊണ്ട് ഹിജാബ് നിരോധനം ഭരണഘടനാപരമാണെന്ന നിലപാടാണ് ജസ്റ്റിസ്  ഗുപ്ത സ്വീകരിച്ചത്. 2022 ഡിസംബർ മാസത്തിൽ സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത രണ്ടുമാസത്തിനകം ‘ന്യൂഡൽഹി ഇൻറർനാഷണൽ ആർബിട്രേഷൻ സെന്ററി’ൻറെ ചെയർപേഴ്സൺ ആയി സ്ഥാനമേറ്റു.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഡി എൻ പട്ടേലിനെ ‘ടെലികോം ഡിസ്പ്യൂട്ട്സ് സെറ്റിൽമെൻറ് ആൻഡ് അപ്പലേറ്റ് ട്രിബ്യൂണൽ’ തലവനായി നിയമിക്കുവാൻ അദ്ദേഹം റിട്ടയർ ചെയ്യുന്നതിന്  രണ്ടുദിവസം മുൻപ് തന്നെ ഗവൺമെൻറ് തീരുമാനമെടുത്തു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ, പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന് ആവശ്യം അദ്ദേഹം നിരാകരിച്ചിരുന്നു. ജസ്റ്റിസ് പട്ടേൽ അവധിയിലായിരുന്ന സമയത്താണ് ജസ്റ്റിസ് മുരളീധർ, ജസ്റ്റിസ് തൽവന്ത് സിംഗ് എന്നിവരുടെ ബഞ്ച്, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് സാഹിബ് സിംഗ് എന്നിവർക്കെതിരെ നടപടി എടുക്കാത്ത ഡൽഹി പോലീസ് നയത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. അവധിക്ക് ശേഷം  ജസ്റ്റിസ് പട്ടേൽ തിരിച്ചെത്തിയപ്പോൾ പ്രസ്തുത കേസുകൾ അദ്ദേഹത്തിൻറെ ബെഞ്ചിലേക്ക് പോവുകയും ധൃതഗതിയിൽ നടന്നുവന്ന കോടതി നടപടികൾ മന്ദീഭവിക്കുകയും ചെയ്തു. രാകേഷ് അസ്ഥാനയെ ഡൽഹി പോലീസ് കമ്മീഷണറായി നിയമിച്ച നടപടി ശരി വച്ചതും ഇദ്ദേഹത്തിൻറെ ബഞ്ചാണ്.

പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ വെള്ളം ചേർത്ത സുഭാഷ് കാശിനാഥ് മഹാജൻ കേസിന്റെയും, ഗാർഹിക പീഡന നിരോധനം സംബന്ധിച്ച നിയമത്തിൽ, ഭർത്താവിനും ‘നിഷ്കളങ്കരായ ബന്ധുക്കൾ’ക്കും ആവശ്യമായ സംരക്ഷണം ഒരുക്കുന്നതിന് വേണ്ടി ഇടപെട്ട രാജേഷ് കുമാർ കേസിന്റെയും ഭാഗമായിരുന്ന ജസ്റ്റിസ് എ കെ ഗോയലിനെ, വിരമിക്കുന്നതിന് മുൻപ് തന്നെ ‘നാഷണൽ ഗ്രീൻ ട്രിബ്യൂണലി’ന്റെ അധ്യക്ഷനായി നിയമിച്ചതും ചില ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

ഗ്യാൻ വാപി പള്ളി കേസിൽ, ഹൈന്ദവർക്ക് അവിടെ പൂജ ചെയ്യാൻ അനുവദിച്ചുകൊണ്ട് ഉത്തരവിട്ട വരാണസി ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശ ഇന്ന് ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ലക്നോവിലെ ഡോക്ടർ ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയുടെ ലോക്പാലിന്റെ തലവനാണ്. അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുൻപ് അവസാനമായി പുറപ്പെടുവിച്ച വിധിന്യായമായിരുന്നു ഗ്യാൻ വാപി കേസിലേത്.

ഇതിൽ ഏറ്റവും വിവാദമായ നിയമനം ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെതായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ച ഉടൻതന്നെ അദ്ദേഹത്തെ രാജ്യസഭ എംപിയായി ഗവൺമെൻറ് നാമനിർദ്ദേശം ചെയ്തു. അയോധ്യ കേസ് മാത്രമല്ല, റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട പ്രധാന മന്ത്രി നരേന്ദ്രമോദിയെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഉൾപ്പെടെ നിരവധി അവസരങ്ങളിൽ, വിധിപ്രസ്താവങ്ങളിലൂടെയും, കേസ് പരിഗണിക്കാതെ വച്ചു താമസിപ്പിച്ചും, ഗവൺമെന്റിന് അനുകൂലമായ നിലപാടാണ് ചീഫ് ജസ്റ്റിസ് എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ചത്. എംപി ആയി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം, ജുഡീഷ്യറിയും പാർലമെന്റും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് താൻ ഏർപ്പെട്ടിരിക്കുന്നതെന്ന പ്രസ്താവനയും അദ്ദേഹം നടത്തി. 

ഭരണഘടന അനുവദിക്കുന്ന അധികാരപരിധിക്കപ്പുറമുള്ള ഗവൺമെന്റിന്റെ ഇടപെടലുകളിൽ നിന്ന് പൗരരെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് ഭരണഘടനാ കോടതികൾക്കുള്ളതെന്ന് അറിയാത്ത ആളല്ല അദ്ദേഹം. പൗരാവകാശങ്ങളുടെ ‘ജാഗരൂകനായ നിതാന്ത കാവൽക്കാരനെ’ന്നാണ് സുപ്രീംകോടതി സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ജനാധിപത്യത്തിൻറെ കാര്യക്ഷമമായ പ്രവർത്തനത്തിന് കോടതികളും ഗവൺമെന്റുകളും എതിർപക്ഷത്ത് വരേണ്ടത് ഒരനിവാര്യതയാണ്. ഈ ആശയം ഉയർത്തിപ്പിടിച്ചിരുന്ന ഒരാളായിരുന്നു ജസ്റ്റിസ് ഗൊഗോയ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത്, സുപ്രീം കോടതിയിൽ, രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ ഒരു പ്രത്യേക ജഡ്ജിയുടെ ബെഞ്ചിനെ മാത്രം ഏൽപ്പിക്കുക വഴി, ഗവൺമെന്റിന് അനുകൂലമായ നിലപാട് എടുക്കുന്നുവെന്ന് പരസ്യമായി പറഞ്ഞുകൊണ്ട്, പത്രസമ്മേളനം വിളിച്ച 4 ജഡ്ജിമാരിൽ ഒരാളായിരുന്നു അദ്ദേഹമെന്നോർക്കണം. നമുക്ക് വേണ്ടത് ‘ശബ്ദമുയർത്തുന്ന’ ന്യായാധിപരെയാണ് എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് സംഘടിപ്പിച്ചൊരു പൊതു പരിപാടിയിൽ പ്രസ്താവിച്ചതും ഇദ്ദേഹമാണ്. എന്നാൽ, ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുത്തതോടെ ഇന്ത്യൻ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഭരണവർഗത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു കാലഘട്ടത്തെ നയിച്ച വ്യക്തിയായി അദ്ദേഹം മാറി. ജുഡീഷ്യൽ ഇൻഡിപെൻഡൻസിൽ ആളുകൾ പരസ്യമായി സംശയം ഉന്നയിക്കാൻ തുടങ്ങുകയും ചെയ്തു. 

എല്ലാ ന്യായാധിപരും, വിരമിക്കലിനു ശേഷമുള്ള ശോഭനമായ ഭാവിക്കുവേണ്ടി ഗവൺമെൻറുമായി ധാരണയുണ്ടാക്കുന്നു എന്നല്ല, സമീപകാലത്തെ ചില നിയമങ്ങൾ പരിശോധിച്ചാൽ അത്തരം കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുവെന്ന തോന്നലുണ്ടാകുന്നു എന്നതാണ്. 2013-ൽ അരുൺ ജയ്റ്റ്ലി പറഞ്ഞു: “നമ്മളിപ്പോൾ ഓരോ നിയമത്തിലും, ജഡ്ജിമാർക്ക് വിരമിക്കലിനു ശേഷം നൽകുവാനുള്ള പദവികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വളരെ ചുരുക്കം ചിലരെ മാറ്റിനിർത്തിയാൽ എല്ലാവർക്കും റിട്ടയർമെൻറിനു ശേഷം ഒരു ജോലി വേണം. പാർലമെൻറ് അതുണ്ടാക്കിയില്ലെങ്കിൽ അവർ സ്വയം അത്തരം പദവികൾ സൃഷ്ടിക്കുന്നു. വിരമിക്കുന്നതിന് ശേഷമുള്ള ജോലികളോടുള്ള ആഗ്രഹം വിരമിക്കുന്നതിന് മുൻപുള്ള വിധികളെ സ്വാധീനിക്കുന്നു. ഇത് ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിന് തന്നെ ഭീഷണിയാണ്.” 

ഇതിനൊരു മറുവശം കൂടിയുണ്ട്. ഭരണകൂടത്തോട് ചേർന്ന് നിൽക്കാത്ത ന്യായാധിപരെ വേട്ടയാടുന്ന പ്രതിഭാസം കൂടി  കാണുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത്, എഡിഎം ജബൽപൂർ കേസിൽ, ഗവൺമെൻറ് നെതിരെ വിയോജന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് എച്ച് ആർ ഖന്നയെ മറികടന്ന്, ജൂനിയറായിരുന്ന മിർസ ഹബീദുള്ള ബേഗിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച സംഭവം മുതൽ. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും മികച്ച ന്യായാധിപരായി കണക്കാക്കപ്പെടുന്ന ജസ്റ്റിസ് അഖിൽ ഖുറേഷി, ജസ്റ്റിസ് എസ് മുരളീധർ എന്നിവർക്ക് നേരിടേണ്ടി വന്ന അവഗണനയും നമുക്കു മുന്നിലുണ്ട്. കൊളീജിയം നിർദ്ദേശിച്ചാൽ പോലും തങ്ങൾക്ക് താല്പര്യമില്ലാത്ത ന്യായാധിപരുടെ നിയമനം വിജ്ഞാപനം ചെയ്യാതിരിക്കുകയും, സ്ഥലംമാറ്റത്തിലും മറ്റും സമാനമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന രീതി ഗവൺമെൻറിനുണ്ട്. 

അങ്ങനെ ഒരു വശത്ത് പോസ്റ്റ് റിട്ടയർമെൻറ് ജോലികൾ ഒരുക്കുന്ന സാധ്യതകളും, മറുവശത്ത് പ്രതികാര നടപടികൾ സംബന്ധിച്ച ഭയവും, ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഇത് ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. വിരമിക്കുന്ന ജഡ്ജിമാർക്ക്, പുതിയ പദവികൾ ഏറ്റെടുക്കുന്നതിന് മുൻപ്, ഒരു നിശ്ചിത കാലം ‘കൂൾ ഓഫ് പീരിയഡ്’ നിർബന്ധമാക്കുകയെങ്കിലും ചെയ്യുന്ന തരത്തിൽ, ഒരു നിയമനിർമ്മാണമോ ഭരണഘടനാഭേദഗതിയോ ഉണ്ടാവേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്. നീതിയെ സംബന്ധിച്ച സാധാരണക്കാരുടെ അവസാന ആശ്രയമായ നീതിന്യായ സംവിധാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വ്യവസ്ഥിതി മാറേണ്ടതുണ്ട്.

First Published in Suprabhatham Daily on 03 March 2024

LEAVE A REPLY

Please enter your comment!
Please enter your name here