കശ്മീരും ഇന്‍ര്‍നെറ്റ് നിരോധനവും; സുപ്രീംകോടതി വിധിയുടെ രാഷ്ട്രീയ മാനങ്ങള്‍

കശ്മീരിൽ 5 മാസമായി നിലനിൽക്കുന്ന ഇന്റർനെറ്റ് വിച്ഛേദനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഒരേ സമയം നിരാശജനകവും പ്രതീക്ഷ നൽകുന്നതുമാണ്. ഹർജിക്കാർ കോടതിയ്ക്ക് മുൻപാകെ ആവശ്യപ്പെട്ടത് കശ്മീരിലെ ഇന്റർനെറ്റ് വിച്ഛേദവവും സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയിട്ടുള്ള 144-ഉം റദ്ദു ചെയ്യണം എന്നായിരുന്നു. സ്വാഭാവികമായും കോടതി ചെയ്യേണ്ടിയിരുന്നത് ഈ നിരോധന ഉത്തരവുകൾ പരിശോധിച്ച് അതിന്റെ നിയമപരത വിലയിരുത്തുക എന്നതായിരുന്നു. എന്നാൽ അതിലേക്കു കടക്കുന്നതിനു പകരം ടെലിക്കോം വിച്ഛേദന ചട്ടങ്ങൾ അനുസരിച്ചുള്ള പരിശിധനാ സമിതി ഈ ഉത്തരവുകൾ ഒരാഴ്ചക്കുള്ളിൽ പുനഃപരിശോധിക്കണം എന്ന് പ്രസ്താവിക്കുകയാണ് കോടതി ചെയ്തത്. അതായത് ഇപ്പോൾ കശ്മീരിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരും. ഇന്റർനെറ്റ് ഉടൻ പുനഃസ്ഥാപിക്കില്ല. ക്രിമിനൽ നിയമം വകുപ്പ് 144 അനുസരിച്ചുള്ള നിയന്ത്രണങ്ങൾ നിലനിൽക്കും. ഇതേ ഗവണ്മെന്റിന് കീഴിലുള്ള റിവ്യൂ കമ്മിറ്റി മറിച്ചൊരു തീരുമാനം എടുക്കുമെന്ന് കരുതുക വയ്യ. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുകയും, എന്നാൽ ഉടൻ വേണ്ട ഭരണഘടനാപരമായ പരിശോധന നടത്താതെയിരിക്കുകയും ചെയ്യുന്ന കോടതി നടപടി ഒരുതരം കൈകഴുകൽ ആയി വ്യാഖ്യാനിക്കപ്പെടാം. എന്നിരുന്നാലും അവകാശപോരാട്ടങ്ങളുടെ ഭാവി ഭൂമികയിലേക്ക് ഒരു നാഴികക്കല്ല് ആണെന്ന് പറയാതെവയ്യ.

‘ദേശസുരക്ഷ’ എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല.

ദേശസുരക്ഷയുടെ പേരിൽ, ഭീകരവാദത്തിന്റെ പേരിൽ, കശ്മീരിൽ സ്വീകരിക്കുന്ന നടപടികളിൽ കോടതി ഇടപെടരുത് എന്നായിരുന്നു ഗവണ്മെന്റിന്റെ ആവശ്യം. അതായത് അനുച്ഛേദം 370 ഇല്ലായ്മചെയ്തതോടെ ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങളും അധികാരങ്ങളും കാശ്മീരികൾക്കും നൽകുകയാണ് ചെയ്തത് എന്നു നമ്മോടു പറഞ്ഞ ഗവണ്മെന്റ് കോടതിയിൽ വാദിച്ചത് കശ്മീരിൽ തങ്ങൾ ഭരണഘടനയ്ക്ക് മുകളിൽ ആണ് എന്നായിരുന്നു. ദേശസുരക്ഷ എന്ന എന്ന ഒറ്റവാക്കിൽ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ മറികടക്കാൻ ഗവണ്മെന്റിന് അധികാരമുണ്ട് എന്ന്. ഈ പേരിൽ ഇന്റർനെറ്റ് വിലക്കും 144-ഉം സംബന്ധിച്ച ഉത്തരവുകൾ കോടതിയിൽ ഹാജരാക്കാൻ പോലും ഗവണ്മെന്റ് വിസമ്മതിച്ചു. ആ പദ്ധതി രാജ്യത്ത് നടക്കില്ല എന്നാണ് കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.

ഇന്റർനെറ്റ് മൗലിക അവകാശമാണ്

ഇന്റർനെറ്റ് വിച്ഛേദനവുമായി ബന്ധപ്പെട്ട കോടതിയുടെ വിധി ഇങ്ങനെ സംഗ്രഹിക്കാം:
• ഇന്റർനെറ്റ് ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) പ്രകാരം മൗലിക അവകാശമായി സംരക്ഷിച്ചിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇന്റര്നെറ്റിലൂടെയുള്ള ആശയ വിനിമയവും വാണിജ്യവുമെല്ലാം എന്ന് കോടതി പ്രഖ്യാപിച്ചിരിക്കുന്നു.
• അതുകൊണ്ടുതന്നെ അനുച്ഛേദം 19(2) അനുവദിക്കുന്ന നീതിയുക്തമായ നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ. അതായത്, ആസന്നമായ ഭീഷണി ഉയർത്തുന്ന വിദ്വേഷപ്രസ്താവനകളോ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനി വരുത്തുന്ന പ്രവർത്തികളും മാത്രമേ നിയന്ത്രിക്കാനാവൂ.
• സമയപരിധിയില്ലാതെ, എത്രകാലം വേണമെങ്കിലും ഇന്റർനെറ്റ് വിലക്ക് തുടർന്നുകൊണ്ടുപോകുവാൻ ഗവണ്മെന്റുകൾക്ക് അധികാരമില്ല. അത് ഭരണഘടന ആവശ്യപ്പെടുന്ന ആനുപാതികതയുടെ ലംഘനമാണ്.
• സാങ്കേതികമായി സാധ്യമല്ലാത്തതുകൊണ്ട് വെബ്‌സൈറ്റുകളെ തെരഞ്ഞുപിടിച്ചു വിലക്കുവാൻ സാധ്യമല്ലാത്തതുകൊണ്ട് ഇന്റർനെറ്റ് പൂർണമായി നിരോധിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല എന്ന ഗവണ്മെന്റിന്റെ വാദം അംഗീകരിക്കാനാകില്ല.

സമകാലിക രാഷ്ട്രീയസാഹചര്യങ്ങളിൽ ഇതൊരു ചെറിയ നേട്ടമല്ല. ഇന്റർനെറ്റ് മൗലിക അവകാശമാണെന്നു പ്രഖ്യാപിച്ചതിലൂടെ അതു വിലക്കുന്നത് മൗലീകവകാശ ലംഘനമാണെന്ന് വരുന്നു. ഇത്തരം വിലക്കുകൾ ഏർപ്പെടുത്തിയാൽ അതിന്റെ കാരണം എന്താണെന്ന് അറിയാനുള്ള അവകാശം പൊതുജനത്തിനുണ്ട്. അതുകൊണ്ട് നിരോധന ഉത്തരവുകൾ പരസ്യപ്പെടുത്തേണ്ടതാണ്. അഥവാ പരസ്യപ്പെടുത്താനാകാത്ത കാരണങ്ങൾ ഉണ്ടെങ്കിൽ ഓരോരോ കേസുകളായി ഗവണ്മെന്റിന് അതു സ്ഥാപിക്കേണ്ടിവരും. വിലക്ക് നീതിയുക്തമാണ് എന്നും അനുപാതികമാണ് എന്നും ഗവണ്മെന്റ് കോടതിയിൽ തെളിയിക്കേണ്ടി വരും.

വിധിയുടെ 70-ാം ഖണ്ഡിക നോക്കുക: “ഇത്തരം നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് ലക്ഷ്യം നേടുന്നതിന് മറ്റു മാർഗങ്ങൾ ഉണ്ടോ എന്ന് ഗവണ്മെന്റ് പരിശോധിക്കണം. ഇത്തരം നടപടികൾ ആവശ്യമാണോ എന്നത് അത് മൗലീകാവകാശങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതും അതിന്റെ അനിവാര്യതയും അനുസരിച്ചിരിക്കും. സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ച് ഏറ്റവും പരിമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മാത്രമേ ഗവണ്മെന്റിന് അധികാരമുള്ളു. ഇത് മൗലീകാവകാശങ്ങളെ സാരമായ രീതിയിൽ ബാധിക്കുമെന്നതിനാൽ ഓരോ ഉത്തരവും ആവശ്യമായ വസ്തുതകളുടെ പിന്തുണയോട് കൂടി ഉള്ളതായിരിക്കണം. അവ കോടതികളുടെ പരിശോധനയ്ക്ക് വിധേയമായിരിക്കുകയും ചെയ്യും.”

144-ാം വകുപ്പ്

മറ്റൊരു സുപ്രധാന വ്യാഖ്യാനം സി.ആർ.പി.സി. വകുപ്പ് 144 അനുസരിച്ച് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ചാണ്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമല്ല, പ്രശ്നങ്ങൾ ഒഴിവാക്കാനായും 144 പ്രഖ്യാപിക്കാമെങ്കിലും മൗലീകാവകാശങ്ങളെ ബാധിക്കുന്ന കാര്യം എന്ന നിലയിൽ അത് ആനുപാതികമായിരിക്കണം എന്ന് കോടതി വിലയിരുത്തി. ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താനുള്ള ഉപകരണമായി ഇതു മാറരുത്. അനുപതികതാ പരിശോധന 144-ന് ബാധകമാക്കിയതോടെ ഇതു സംബന്ധിച്ച കോടതി വ്യാഖ്യാനങ്ങളിൽ ഇതുവരെ ഉണ്ടായിരുന്ന അവ്യക്തതകൾ ഇല്ലാതായിരിക്കുന്നു. ഇനി മുതൽ പ്രാദേശികമായി, വ്യക്തമായ കാരണങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് മാത്രമേ 144 പ്രഖ്യാപിക്കാൻ കഴിയൂ. അവ മൗലീകാവകാശ ലംഘനം എന്ന നിലയ്ക്ക് കോടതിയുടെ പരിശോധനനയ്ക്ക് വിധേയമായതുകൊണ്ട് പ്രസ്തുത ഉത്തരവുകൾ പരസ്യപ്പെടുത്തേണ്ടതായും വരും. ജില്ലാ മജിസ്‌ട്രേറ്റ് ആനുപാതികത പരിഗണിച്ച്, ഏറ്റവും പരിമിതമായ നിരോധനങ്ങൾ മാത്രമാണ് ഏർപ്പെടുത്തുന്നുള്ളൂ എന്നു ഉറപ്പു വരുത്തേണ്ടി വരും. കൂടാതെ തുടരെ തുടരെയുള്ള നിരോധന ഉത്തരവുകൾ നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. ഒരു സംസ്ഥാനമാകെ 144 പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ വിധി സുപ്രധാനമാണ്. യു.പി.യിലും കർണാടകയിലും ഒക്കെ ജനാധിപത്യ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന ഗവണ്മെന്റുകൾക്ക് എതിരെ വിവിധ ഹൈക്കോടതികളിൽ നടക്കുന്ന കേസുകളെ സംബന്ധിച്ച് ഈ വിധി ഒരു വഴിത്തിരിവാണ്.

ഇന്റർനെറ്റ് വിച്ഛേദവവും 144-ഉത്തരവുകളും മൗലീകവകാശലംഘനങ്ങൾ ആണെന്നും അവ ഓരോരോ കേസുകളായി എടുത്ത് നീതിയുക്തവും, അനുപാതികവും, ഏറ്റവും പരിമിതമായ നിയന്ത്രണവും ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നുമുള്ള സുപ്രീംകോടതി വിധി നാളെകളിലേക്കുള്ള ശുഭകരമായ ദിശാസൂചികയാണ്. അപ്പോഴും കശ്മീരിലെ നിയന്ത്രണങ്ങളെ സംബന്ധിച്ച് ഈ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധനയിലേക്ക് എന്തുകൊണ്ട് കോടതി പോയില്ല എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. പരിശോധിക്കപ്പെടാൻ ഉത്തരവുകൾ എല്ലാം ഗവണ്മെന്റ് ഹാജരാക്കിയില്ല എന്നാണ് വിധിയിൽ പറഞ്ഞിട്ടുള്ള ന്യായം. വിധി ഉയർത്തിപ്പിടിക്കുന്ന നിയമയുക്തിവച്ച് 5 മാസമായിട്ടും ഉത്തരവുകൾ ഹാജരാക്കിയില്ല എന്നതുതന്നെ കശ്മീരിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ റദ്ദു ചെയ്യുവാനുള്ള കാരണമാകേണ്ടതാണ്.

This article was published in Dool News on 12/01/2020

LEAVE A REPLY

Please enter your comment!
Please enter your name here