ഏകീകൃത സിവിൽ നിയമം ആർക്കുവേണ്ടി?

രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ സവിശേഷത കൊണ്ടായിരിക്കാം, വീണ്ടും ഏകീകൃത സിവിൽ കോഡ് ചർച്ചയാവുകയാണ്. ഉത്തരാഖണ്ഡിൽ, ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കുവാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും, അവർ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു. നാലുലക്ഷത്തിലേറെ നിർദ്ദേശങ്ങളാണ്  ലഭിച്ചിട്ടുള്ളത് എന്ന് ഗവൺമെൻറ് പറയുന്നു. രാഷ്ട്രീയമുതലെടുപ്പിനപ്പുറം  രാഷ്ട്രീയമണ്ഡലത്തിൽ ഇതു സംബന്ധിച്ച് ഗൗരവമായ ചർച്ച ഉണ്ടായിട്ടില്ല. 

ഒരു രാജ്യം, ഒരു നിയമം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്, എന്ന തരത്തിലേക്കുള്ള രാജ്യത്തിൻ്റെ രാഷ്ട്രീയ പരിണാമത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഏകീകൃത സിവിൽ കോഡിനെ കാണുക വയ്യ. ഏകീകൃത സിവിൽ കോഡ് എന്തിനുവേണ്ടിയാണ് എന്ന ചോദ്യമാണ് ഉയർന്നു വരേണ്ടത്. അത് തുല്യനീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണോ? രാജ്യത്തിൻ്റെ അഖണ്ഡത സംരക്ഷിക്കുന്നതിന് വേണ്ടിയാണോ? രാജ്യത്ത് എല്ലായിടത്തും ഒരേ നിയമം വേണമെന്ന ആഗ്രഹം കൊണ്ടാണോ? ഇതൊക്കെയാണ് ലക്ഷ്യമെങ്കിൽ ഏകീകൃത സിവിൽ കോഡ് അതിനൊരു പരിഹാരമാകുമോ?

നിയമങ്ങളിലെ വൈവിധ്യങ്ങൾ

1835-ലെ രണ്ടാം ലോ കമ്മീഷന്റെ കാലം മുതൽക്കെങ്കിലും ഇന്ത്യയിലെ നിയമങ്ങളുടെ ഏകരൂപത ഒരു ചർച്ചാവിഷയമാണ്. ക്രിമിനൽ നിയമങ്ങളും തെളിവ് നിയമവും കോൺട്രാക്ട് നിയമവും ഏകാത്മകമാക്കണമെന്ന നിർദ്ദേശമാണ് ലോ കമ്മീഷൻ മുന്നോട്ടുവച്ചത്. എന്നാൽ വ്യക്തി നിയമങ്ങൾ മതപരമായതിനാൽ അവയെ ഏകീകരിക്കാൻ ശ്രമിക്കേണ്ടതില്ല എന്നും കമ്മീഷൻ നിർദ്ദേശിച്ചു. 1958-ലെ വിക്ടോറിയ രാജ്ഞിയുടെ പ്രഖ്യാപനവും മതകാര്യങ്ങളിൽ ഗവൺമെൻറ് ഇടപെടില്ല എന്ന് തന്നെയായിരുന്നു. 

ഇന്ത്യൻ സിവിൽ നിയമങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഏകീകൃതമാണ്. ഇന്ത്യൻ കോൺട്രാക്ട് ആക്ട്, സിവിൽ പ്രൊസീജിയർ കോഡ്, ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, പാർട്ണർഷിപ്പ് ആക്ട്, എവിഡൻസ് ആക്ട് എന്നിവ രാജ്യത്ത് മുഴുവൻ ബാധകമായ നിയമങ്ങളാണ്. മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തി നിയമങ്ങളിലാണ് ഏകീകരണം കൊണ്ടുവരാത്തത്. അതിനർത്ഥം മതേതരമായ എല്ലാ നിയമങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ ആണ് എന്നല്ല. പ്രാദേശികമായ നിയമങ്ങളും വൈവിധ്യവും വകഭേദവും എല്ലാമുണ്ട്. മോട്ടോർ വാഹന നിയമത്തിൽ 2019-ൽ കേന്ദ്ര നിയമം വന്നപ്പോൾ ആ വ്യത്യാസം നമ്മൾ കൃത്യമായി മനസ്സിലാക്കിയതാണ്. വ്യക്തി നിയമങ്ങളല്ലാത്ത മേഖലകളിൽ പോലും വിവിധ പ്രദേശങ്ങളിലെ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയമങ്ങളിൽ ചില വ്യതിയാനങ്ങളും പ്രത്യേകതകളും ആവശ്യമാണ് എന്ന് സാരം. എന്തിന് ക്രിമിനൽ നിയമങ്ങളിൽ വരെ  ഏകതാനത കൈവന്നിട്ടില്ല. സംസ്ഥാനങ്ങൾക്ക് അനുസരിച്ച് വിവിധ കുറ്റകൃത്യങ്ങൾ ഉണ്ട്. നടപടിക്രമങ്ങൾ ഉണ്ട്. പല കുറ്റകൃത്യങ്ങളും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് നിലനിൽക്കുന്നത്. ഉദാഹരണത്തിന് ഗുജറാത്തിൽ മദ്യനിരോധനം ഉണ്ട്. മദ്യപിച്ചാൽ പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബീഹാറിൽ മറ്റൊരു നിയമമാണ്. പശുവിനെ കൊന്നാൽ അത് കുറ്റകൃത്യമാകുന്ന നിരവധി സംസ്ഥാനങ്ങൾ ഉണ്ട്. മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) പോലെ ചില സംസ്ഥാനങ്ങളിൽ മാത്രം ബാധകമായ നിയമങ്ങളുണ്ട്. അതായത് സമ്പൂർണ്ണമായ അർത്ഥത്തിൽ ഒരു രാജ്യം ഒരു നിയമം എന്ന് പറയുന്നത് ക്രിമിനൽ നിയമങ്ങളിൽ പോലും നിലവിലില്ല. ഭരണഘടനയുടെ അനുഛേദം 370 നൽകിയ പ്രത്യേക പദവി അനുസരിച്ച് ഇന്ത്യയിലെ നിയമങ്ങളെല്ലാം ജമ്മുകശ്മീരിൽ ബാധകമായിരുന്നില്ല. 

നമ്മൾ എപ്പോഴും അനുഛേദം 370-നെ കുറിച്ച് മാത്രമാണ് ഓർക്കുക. എന്നാൽ അനുഛേദം 371 കൂടിയുണ്ട്. ആസാം, നാഗാലാൻഡ്, മിസോറാം, ആന്ധ്രപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കുടുംബ നിയമങ്ങളെ സംബന്ധിച്ച് ചില പ്രത്യേക പരിരക്ഷകളുണ്ട്. 1915ലെയും 1935-ലെയും ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് പ്രത്യേക പരിരക്ഷ ഉണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 371(എ) അനുസരിച്ച്, നാഗാ വിഭാഗങ്ങളുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, വ്യാവഹാരിക നിയമങ്ങൾ, നടപടിക്രമങ്ങൾ, വ്യാവഹാരിക നിയമങ്ങൾ ഉൾപ്പെടുന്ന സിവിൽ/ക്രിമിനൽ നീതി നിർവഹണം, ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും മുതലായ കാര്യങ്ങൾക്ക് പരിരക്ഷയുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യൻ പാർലമെൻറ് പാസാക്കിയ യാതൊരു നിയമവും, നാഗാലാൻഡ് നിയമസഭയുടെ അംഗീകാരമില്ലാതെ, അവിടെ ബാധകമാവുകയില്ല. ഉദാഹരണത്തിന് 1973-ലെ ക്രിമിനൽ നടപടിക്രമങ്ങൾ (CrPC) നാഗാലാൻഡിൽ ബാധകമല്ല.

മേഘാലയയിലെ ആദിവാസി മേഖലയിൽ നിലനിൽക്കുന്ന പിന്തുടർച്ചാവകാശ നിയമം മറ്റിടങ്ങളിൽ ഉള്ളതിൽ നിന്നും വ്യത്യസ്തമാണ്. അമ്മ വഴിയാണ് അവിടെ സ്വത്ത് മാറ്റം ചെയ്യപ്പെടുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ മകൾക്കാണ് അവകാശം. വിവാഹം കഴിഞ്ഞ് അവരുടെ ഭർത്താക്കന്മാർ സ്ത്രീകളുടെ വീട്ടിൽ വന്ന് കഴിയുന്നതാണ് അവിടുത്തെ രീതി. 

ഹിന്ദു നിയമങ്ങൾ പോലും ഒരേപോലെയല്ല എല്ലായിടത്തും നിലനിൽക്കുന്നത്. ഹിന്ദു വിവാഹനിയമമനുസരിച്ച് അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുറ്റകരമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ അത് സാധാരണമാണ്. മുറ ചെറുക്കനും മച്ചമ്പിയും എല്ലാം സ്ത്രീയുടെ സ്വാഭാവിക ഭർത്താക്കന്മാരാണ്. ഇത്തരം വൈരുധ്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ഉൾച്ചേർക്കുകയും അവധാനതയോടെ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതാണ് ഇന്ത്യയുടെ ഭരണഘടനാപരമായ കീഴ്വഴക്കം. 

ഭരണഘടനയിൽ ഏക സിവിൽ നിയമത്തിന്റെ സ്ഥാനം

ടിഎംഎ പൈ ഫൗണ്ടേഷൻ കേസിൽ സുപ്രീംകോടതി പറഞ്ഞതുപോലെ “ജാതി-മത-ഭാഷാ-വിശ്വാസ ഭേദങ്ങളെ തിരിച്ചറിയുകയും സംരക്ഷിക്കുകയും അങ്ങനെ എല്ലാവരെയും ഒരൊറ്റ ഇന്ത്യയുടെ ഭാഗമായി അണിനിരത്തുകയും ചെയ്യുന്നതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ അന്ത:സത്ത.” ഈ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇന്ത്യൻ ഭരണഘടന നമ്മുടെ ജനാധിപത്യത്തെ വിഭാവനം ചെയ്തത്. അതുകൊണ്ടാണ് ഭരണഘടനയിൽ ‘ഏക സിവിൽ നിയമം’ മൗലികാവകാശങ്ങൾ വിവരിക്കുന്ന മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്താതെ നാലാം ഭാഗത്തിലേക്ക് മാറ്റിയത്. 

ഭരണഘടന നിർമ്മാണ സഭയിൽ ഏകീകൃത സിവിൽ നിയമം വലിയ ചർച്ചയായിരുന്നു. കെഎം മുൻഷിയെ പോലെയുള്ള നിരവധി അംഗങ്ങൾ ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കണമെന്ന് വാദിച്ചു. എന്നാൽ ശക്തമായ എതിർപ്പുണ്ടായി. “ഇൻക്വിലാബ് സിന്ദാബാദ്” എന്ന മഹത്തായ മുദ്രാവാക്യം നമുക്ക് സമ്മാനിച്ച മൗലാന ഹസ്രത്ത് മൊഹാനി ഉൾപ്പെടെയുള്ളവർ അതിനെ ശക്തമായെതിർത്തു. മതം, ഭാഷ, സംസ്കാരം മുതലായ കാര്യങ്ങളിൽ അതാത് വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഭരണകൂടം ഇടപെടലുകൾ നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കും എന്ന് അവർ വാദിച്ചു. “ഇത് കേവലമായ ആദർശനിഷ്ഠയ്ക്കുള്ള സമയമല്ല. നമ്മൾ നേരിടേണ്ടുന്ന ഒരു സാമൂഹികയാഥാർത്ഥ്യമാണിത്.” നസ്രുദീൻ അഹമ്മദ് പറഞ്ഞു. അവസാനം വോട്ടിനിട്ടപ്പോൾ വളരെ നേരിയ വ്യത്യാസത്തിൽ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഭരണഘടന നിർമ്മാണ സഭയിൽ, സർദാർ വല്ലഭായി പട്ടേൽ നേതൃത്വം നൽകിയ, ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച ഉപസമിതിയുടെ നിർദ്ദേശവും ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു. അങ്ങനെ യൂണിഫോം സിവിൽ കോഡ് ഭരണഘടനയുടെ നാലാം ഭാഗത്തിൽ നിർദ്ദേശകതത്വങ്ങൾക്കൊപ്പം ഇടം നേടി. ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ല എന്ന് അംബേദ്കർ വ്യക്തമാക്കി: “നിയമങ്ങൾ ഇല്ലാതാക്കാനുള്ള ബാധ്യത ഒന്നും ഭരണകൂടത്തിനില്ല. അത്തരം ഒരു നിയമനിർമ്മാണത്തിനുള്ള അധികാരം ഗവൺമെന്റുകൾക്ക് നൽകുന്നു എന്ന് മാത്രമേയുള്ളൂ. അതിൻ്റെ പേരിൽ ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവരെയും വിശ്വാസത്തിൽ എടുത്തു കൊണ്ടു മാത്രമേ ഏക സിവിൽ കോഡ് സാധ്യമാകൂ. അത് തീർച്ചയായും നിർബന്ധിതമായിരിക്കുകയുമില്ല. 1937-ൽ നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രോവിൻസ് ഒഴികെയുള്ള പ്രദേശങ്ങളിൽ ശരി-ആ നിയമം ബാധകമാക്കിയപ്പോൾ, ഈ നിയമത്തിന് കീഴിൽ വരാൻ രേഖാമൂലം സന്നദ്ധത പ്രകടിപ്പിച്ച ആളുകൾക്ക് മാത്രമേ അത് ബാധകമാകൂ എന്ന സ്ഥിതിയായിരുന്നു.”

“ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ ഗവൺമെന്റുകൾക്കുള്ള ഒരു ധാർമിക സൂചന മാത്രമാണ്”  എന്നായിരുന്നു ഭരണഘടന നിർമ്മാണ സഭയുടെ ഉപദേശകൻ എൻ.ബി. റാവുവിന്റെ അഭിപ്രായം. നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെയും എളുപ്പത്തിൽ പ്രവർത്തികമാക്കാൻ കഴിയുന്ന ഒന്നല്ല എന്ന ബോധ്യത്തോടെയാണ് നിയമം കടന്നുവന്നത്.

ഭരണഘടനയുടെ അനുഛേദം 38 മുതൽ 46 വരെയുള്ള നിർദ്ദേശക തത്വങ്ങൾ പരിശോധിച്ചാൽ ഏറ്റവും മൃദുവായ ഭാഷയിൽ എഴുതി ചേർത്തിട്ടുള്ളത് അനുഛേദം 44 ആണെന്ന് കാണാം. “ഇന്ത്യയിലാകെ ഏക സിവിൽ നിയമം കൊണ്ടുവരുവാൻ ഗവൺമെൻറ് പരിശ്രമിക്കണം” എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. The State shall 

Secure എന്നല്ല endeavour എന്നാണ് പ്രയോഗം. മറ്റെല്ലാ അനുച്ഛേദങ്ങളും the State shall secure, the State shall in particular strive to, എന്നൊക്കെയാണ് ആരംഭിക്കുന്നത്. എന്നിട്ടും രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ നീതിയും, വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും, മികച്ച തൊഴിൽ സൗകര്യങ്ങളും, വിദ്യാഭ്യാസവും ഒക്കെ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന ഇതിലേറെ കർശനമായ ഭാഷയിൽ എഴുതപ്പെട്ട മറ്റ് അനുച്ഛേദങ്ങൾക്ക് ഇല്ലാത്ത പ്രാധാന്യം ഇതിന് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത ഒന്നുകൊണ്ടുമാത്രമാണെന്ന് സ്പഷ്ടമാണ്. 

സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കാത്തതിന് കൃത്യമായ കാരണമുണ്ട്. മൗലികാവകാശങ്ങൾ ഓരോ വ്യക്തിയുടെയും ജന്മനായുള്ള അവകാശങ്ങളാണ്. ഭരണഘടന നിലവിൽ വരുന്നതിന് മുമ്പേയുള്ള അവകാശങ്ങൾ. അവ സംരക്ഷിക്കുവാൻ ഗവൺമെൻറ് ബാധ്യസ്ഥമാണ്. മൗലികാവകാശ ലംഘനം ഉണ്ടായാൽ ഗവൺമെൻറിനെതിരെ കോടതിയെ സമീപിക്കുവാനും,  ഭരണഘടനാപരമായ പരിഹാരം തേടാനും പൗരർക്ക് അവകാശമുണ്ട്. എന്നാൽ നിർദ്ദേശകതത്വങ്ങൾ അങ്ങനെയല്ല.  കോടതിയിൽ അവതരിപ്പിച്ച് നിവൃത്തി തേടാൻ കഴിയുന്ന വിഷയമല്ല. സർക്കാരിൻ്റെ ബാധ്യതയല്ല. ഒരു മാർഗ്ഗനിർദ്ദേശമാണ്. വിഖ്യാത നിയമത്തിന് ഐവാൻ ജന്നിങ്സ് പറഞ്ഞതുപോലെ ‘ഒരു ധാർമിക അഭിലാഷം’ മാത്രമാണത്. സാമൂഹ്യനീതി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുവാൻ ഏകീകൃത സിവിൽ കോഡ് അനിവാര്യമായി വരുന്ന ഘട്ടത്തിൽ പാർലമെന്റിന് അത് ആലോചിക്കാം എന്നാണ്. ‘ഇന്ത്യയിലാകെ ബാധകമായ സിവിൽ നിയമം’ എന്നാണ് ഭരണഘടനയിൽ. അങ്ങനെ ഒരു നിയമം ഇന്ത്യൻ പാർലമെന്റിനേ നിർമിക്കാൻ കഴിയൂ. (ഉത്തരാഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോൾ നടക്കുന്ന നടപടിക്രമങ്ങൾക്ക് എത്രത്തോളം ഭരണഘടനാപരമായ സാധ്യതയുണ്ട് എന്ന ചോദ്യം ആ അർത്ഥത്തിൽ പരിഗണിക്കപ്പെടേണ്ടതാണ്.)

മൗലികാവകാശങ്ങളുടെ പട്ടികയിൽ പെടുത്താതിരുന്നതോടുകൂടി, ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് വിരുദ്ധമായി വന്നാൽ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല എന്ന സാഹചര്യം നിലവിലുണ്ട്. കാരണം വ്യക്തി നിയമങ്ങൾ ഭരണഘടനയുടെ അനുഛേദം 25, 26, 29 എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഛേദം 25 പൊതു സമാധാനത്തിനും, ധാർമികതയ്ക്കും ആരോഗ്യ പരിപാലനത്തിനും വിധേയമായി ഓരോ വ്യക്തിക്കും തൻ്റെ മനസ്സാക്ഷിക്കും മതവിശ്വാസങ്ങൾക്കും അനുസരിച്ച് ജീവിക്കാനും ആശയ പ്രചാരണം നടത്താനും ഉള്ള അവകാശം നൽകുന്നു. വ്യക്തി നിയമങ്ങൾ നിശ്ചയമായും മതവിശ്വാസത്തിന്റെ ഭാഗമാണ്. മതമാണ് അതിൻ്റെ ആധികാരിക സ്രോതസ്സ്. അപ്പോൾ വ്യക്തി നിയമങ്ങളെ ഭേദഗതി ചെയ്യുന്നത് അനുഛേദം 25-ൻ്റെയും 26-ൻ്റെയും ലംഘനമാണ് എന്ന വാദം ഉയർന്നുവരാം. എന്നാൽ പൊതു സമാധാനം, ധാർമികത, ആരോഗ്യം എന്നീ കാരണങ്ങളാൽ വിശ്വാസങ്ങളിൽ ഇടപെടാൻ ഗവൺമെന്റുകൾക്ക് കഴിയും. എന്നാൽ അനുഛേദം 29 ന്റെ കാര്യത്തിൽ സർക്കാരുകൾക്ക് ഈ അധികാരമില്ല. ന്യൂനപക്ഷങ്ങളുടെ ഭാഷയും ലിപിയും സംസ്കാരവും സംരക്ഷിച്ചേ മതിയാവൂ. മൗലികാവകാശങ്ങളും നിർദ്ദേശങ്ങളും തമ്മിൽ ഒരു സംഘർഷം വന്നാൽ നിലനിൽക്കുക മൗലികാവകാശങ്ങൾ ആയിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരെയും വിശ്വാസത്തിൽ എടുത്തു കൊണ്ട് അല്ലാതെ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുക അസാധ്യമാണ്. 

സിവിൽ നിയമങ്ങളിൽ വൈവിധ്യത്തിന്റെ ആവശ്യകത ഭരണഘടനാ ശില്പികൾക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ് എന്നതിന് മറ്റൊരു തെളിവ് കൂടിയുണ്ട്. ഏക സിവിൽ കോഡ് ഒരു അഭിലാഷമായി നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയപ്പോഴും വ്യക്തി നിയമങ്ങളെ കൺകറൻറ് ലിസ്റ്റിൽ നിലനിർത്തുവാൻ എടുത്ത തീരുമാനമാണത്. രാജ്യവ്യാപകമായ ഒറ്റ നിയമമാണ് വേണ്ടിയിരുന്നതെങ്കിൽ അത് യൂണിയൻ ലിസ്റ്റിൽ മാത്രം വന്നാൽ മതിയായിരുന്നു. കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ടാൽ സംസ്ഥാനങ്ങൾക്കും നിയമങ്ങൾ ഉണ്ടാക്കാം എന്ന് വരും. ഇപ്പോൾ തന്നെ വിവിധ സംസ്ഥാനങ്ങളിൽ വ്യതിരിക്തങ്ങളായ വ്യക്തി നിയമങ്ങളുണ്ട്. പുതുച്ചേരിയിൽ ഫ്രഞ്ച് നിയമമാണ് ഇന്നും നിലനിൽക്കുന്നത്. ഇന്ത്യയിലെ എല്ലാവർക്കും ഒരുപോലെ ബാധകം എന്ന് നമുക്ക് പറയാൻ കഴിയുന്ന സ്പെഷ്യൽ മാരേജ് ആക്ട് ഗോവയിൽ ബാധകമല്ല. പരിഷ്കരിക്കപ്പെട്ട ഹിന്ദു വ്യക്തി നിയമവും ഗോവയിൽ പ്രാബല്യത്തിൽ ഇല്ല. ഗോവയിലെ മുസ്ലീങ്ങൾ ശരിയത് നിയമം അനുസരിച്ച് അല്ല വ്യവഹാരങ്ങളിൽ ഏർപ്പെടുന്നത്. 

ഹൈന്ദവ വ്യക്തി നിയമ പരിഷ്കാരങ്ങൾ

ലക്ഷ്യം തുല്യനീതിയും സ്ത്രീപുരുഷ സമത്വവും ഒക്കെയാണ് എന്ന് പറയുമ്പോഴും, ഇപ്പോൾ സിവിൽ കോഡിനു വേണ്ടി ശബ്ദമുയർത്തുന്നവർ, ചരിത്രത്തിൽ നീതിയുടെ ഏതു പക്ഷത്തായിരുന്നു എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. സ്ത്രീക്ക് തുല്യമായ സ്വത്തവകാശം നൽകുക, ബഹുഭാര്യത്വം നിർത്തലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഹൈന്ദവ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തുവാൻ നേരത്തെ ശ്രമം ഉണ്ടായപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് ഇവർ. നിയമ മന്ത്രി ഡോക്ടർ ബി ആർ അംബേദ്കർ ഒരു അധ:സ്ഥിതൻ എന്ന നിലയിൽ ഉന്നത ജാതിക്കാരോട് പകപോക്കുകയാണ് എന്ന ആരോപണമാണ് അവർ ഉന്നയിച്ചത്. ആചാര സംരക്ഷണത്തിനും മത അവകാശങ്ങൾക്കും വേണ്ടി അവർ തെരുവിലിറങ്ങി. ആർഎസ്എസും ഹിന്ദുമഹാസഭയും മാത്രമല്ല കോൺഗ്രസിലെ പ്രബല വിഭാഗവും പരിഷ്കരണത്തിന് എതിരായിരുന്നു. കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന പട്ടാഭി സീതാരാമയ്യർ മുതൽ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് വരെ എതിർപക്ഷത്തായിരുന്നു. ഹിന്ദു കോഡ് ബിൽ പാർലമെൻറ് പാസാക്കിയാൽ താനതിൽ ഒപ്പു വയ്ക്കുകയില്ല എന്ന് രാജേന്ദ്രപ്രസാദ് പ്രസ്താവിച്ചു. സമ്മർദ്ദങ്ങൾക്ക് വഴങ്ങി അവസാനം നെഹ്റുവിന് പോലും പിന്മാറേണ്ടി വന്നു. ഡോക്ടർ അംബേദ്കർ മന്ത്രിസ്ഥാനം രാജിവച്ചു. എന്നാൽ പിന്നീട് പല ഘട്ടങ്ങളിലായി ചെറിയ ചെറിയ നിയമങ്ങളിലൂടെ ഹിന്ദു വ്യക്തി നിയമം പരിഷ്കരിച്ച് പോന്നു. സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം നൽകുന്ന ഭേദഗതി വന്നത് 2005-ലാണ്. സുദീർഘമായ ഒരു പ്രക്രിയയായിരുന്നു ഹിന്ദുവ്യക്തി നിയമത്തിലെ പരിഷ്കാരങ്ങൾ

ന്യൂനപക്ഷങ്ങളും സർദാർ പട്ടേലും

മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പല പരിഷ്കാരങ്ങളും വന്നുവെങ്കിലും, ഹൈന്ദവ നിയമത്തിൽ വന്ന മാറ്റങ്ങളുടെ വേഗത മുസ്ലിം വ്യക്തി നിയമത്തിൽ ഉണ്ടായിരുന്നില്ല എന്ന് കാണാം. അത് സ്വാഭാവികമാണ്. എപ്പോഴും ഭൂരിപക്ഷ വിഭാഗത്തിൻ്റെ നിയമങ്ങളെ പരിഷ്കരിക്കുവാനാണ് എളുപ്പം. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസത്തെയും സംസ്കാരത്തെയും സ്പർശിക്കുന്ന നിയമങ്ങൾ വരുമ്പോൾ അത് അവരുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയായി വ്യാഖ്യാനിക്കപ്പെടാനും എതിർപ്പുകൾ ഉണ്ടാവാനും ഉള്ള സാധ്യത കൂടുതലാണ്. ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. പാകിസ്താന്റെയും ബംഗ്ലാദേശിൻറെയും കാര്യം നോക്കുക. അവിടങ്ങളിലെ മുസ്ലിം വ്യക്തി നിയമം ഒരുപാട് പരിഷ്കാരങ്ങളുമായി മുന്നോട്ടു പോയി കഴിഞ്ഞിരിക്കുന്നു. എന്നാൽ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച നിയമങ്ങൾ നവീകരിച്ചിട്ടില്ല. ഈ രാജ്യങ്ങളിലെ ഹൈന്ദവർ ഇപ്പോഴും ഇനിയും പരിഷ്കരിക്കാത്ത പഴയ ഹിന്ദു വ്യക്തി നിയമങ്ങൾ ആണ് അനുസരിച്ചു പോരുന്നത്. ബഹുഭാര്യത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു.

ന്യൂനപക്ഷ അവകാശ സംരക്ഷണം ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും പ്രാഥമിക  പരിഗണനയാണ്. ഭരണഘടന നിർമ്മാണ സഭയിൽ, ഉപദേശക സമിതിയുടെ ആദ്യ മീറ്റിംഗിൽ സർദാർ വല്ലഭായി പട്ടേൽ ഇതു വ്യക്തമാക്കുന്നുണ്ട്: “ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല എന്ന വാദം തെറ്റാണ് എന്ന് തെളിയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. നമ്മുടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിൽ ഏറ്റവും ജാഗ്രതയോടെ പ്രവർത്തിക്കുന്നത് നമ്മൾ ഇന്ത്യക്കാർ തന്നെയായിരിക്കും. ഓരോ ന്യൂനപക്ഷങ്ങളെയും തൃപ്തിപ്പെടുത്തുക എന്നതാണ് നമ്മുടെ പദ്ധതി. നമുക്ക് നമ്മളെ തന്നെ ഭരിക്കാൻ കഴിയുമെന്നും, മറ്റുള്ളവരെ ഭരിക്കുവാൻ യാതൊരു താൽപര്യവും ഇല്ലായെന്നും, നമ്മളെ തന്നെ ബോധ്യപ്പെടുത്താനെങ്കിലും നമുക്ക് കഴിയണം.” അദ്ദേഹം നേതൃത്വം നൽകിയ ന്യൂനപക്ഷകാര്യ ഉപസമിതി ഏക സിവിൽ കോഡിനെ മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കുന്നതിന് എതിരായിരുന്നു.

ഏക സിവിൽകോഡ് എന്നാൽ തുല്യനീതി അല്ല

ഏക സിവിൽ കോഡ് നിലവിൽ വരുന്നതോടുകൂടി തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്താൻ കഴിയും എന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഗോവയിലെ ഏകീകൃത നിയമം. ആദ്യമായി അത് എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു നിയമം അല്ല. ചില ഹൈന്ദവ ആചാരങ്ങൾക്ക് പ്രത്യേക സംരക്ഷണം ഉണ്ട്. വിവാഹവും എല്ലാവർക്കും ഒരുപോലെയല്ല. കത്തോലിക്ക വിവാഹങ്ങൾ മറ്റുള്ള വിവാഹ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വിവാഹമോചനത്തിനും കത്തോലിക്കർക്കും മറ്റുള്ളവർക്കും വെവ്വേറെ നടപടിക്രമമാണ്. കത്തോലിക്കാ വിവാഹമോചനം സഭാ കോടതികൾക്ക് നിശ്ചയിക്കാമെങ്കിൽ മറ്റുള്ള വിഭാഗങ്ങൾക്ക് സിവിൽ കോടതി വഴിയേ ഇത് സാധ്യമാകൂ. വിവാഹമോചനത്തിനുള്ള കാരണങ്ങളിലും പുരുഷ പക്ഷപാതിത്വം കാണാം. ഹിന്ദുക്കളിൽ ബഹുഭാര്യത്വം അനുവദനീയമാണ് ഗോവൻ സിവിൽ കോഡിൽ. സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചാണെങ്കിൽ വിവാഹസമയത്ത് നാലു തരത്തിലുള്ള കരാറുകൾ സാധ്യമാണെങ്കിലും എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീവിരുദ്ധമാണ് എന്ന് കാണാം. ലഭിക്കുമ്പോഴും അതിൻ്റെ നടത്തിപ്പവകാശം പുരുഷന് ലഭിക്കുന്ന വിചിത്ര കാഴ്ചയും ഗോവൻ സിവിൽ കോഡിലുണ്ട്. ഭർത്താവിൻ്റെ സ്വത്തിൻമേലുള്ള പിന്തുടർച്ച അവകാശത്തിന്റെ കാര്യത്തിലും തികച്ചും സ്ത്രീവിരുദ്ധമായ നിയമമാണ് ഗോവയിൽ ഉള്ളത്. ഭർത്താവിൻ്റെ അടുത്ത ബന്ധുക്കാർക്കും, സഹോദരനും സഹോദരിക്കും, അവളുടെ മക്കൾക്കും ശേഷം മാത്രമാണ് ഭാര്യ അവകാശിയാകുന്നത്. ഗോവയിലെ നിയമം പരിശോധിച്ചാൽ ഏക സിവിൽ നിയമം  വന്നതുകൊണ്ട് മാത്രം തുല്യനീതി ഉറപ്പുവരികയില്ല എന്ന് വ്യക്തമാകും. മതവും സമൂഹവും കൊണ്ടുനടക്കുന്ന അനീതികളും നിവേദനങ്ങളും അതേപടി പകർത്തിവക്കുന്ന സിവിൽ കോഡ് ആണ് വരാൻ പോകുന്നതെങ്കിൽ അത് അനീതിയെ സാർവത്രികമാക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഇനിയൊരു ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ആലോചിക്കുന്നതിനു മുൻപ് ഇപ്പോൾ വിവിധ വ്യക്തി നിയമങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിച്ചു പോകേണ്ടതുണ്ട്. അത്തരത്തിൽ പരിഹരിച്ചു പോയാൽ പിന്നെ ഏക സിവിൽ കോഡ് ആവശ്യമേയില്ല എന്നും വരും (നീതിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ).

ചർച്ചകളിൽ പൊതുവേ ഉയർന്നുവരുന്ന ധാരണകളിൽ ഒന്ന് ഏക സിവിൽ കോഡ് വരുന്നത് എന്തോ ‘മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന’ കാര്യമാണെന്നാണ്. പരിഷ്കരിക്കപ്പെട്ട ഹിന്ദു വ്യക്തി നിയമങ്ങളിലും ഇത്തരത്തിലുള്ള ധാരാളം അനീതികൾ കാണാം. 2006-ലെ ഒരു നിയമത്തിലൂടെ ഉത്തർപ്രദേശിൽ കാർഷിക ഭൂമിക്ക് പിന്തുടർച്ച അവകാശം ഉള്ളത് അവിവാഹിതയായ മകൾക്ക് മാത്രമാണ്. വിവാഹിതരായ പെൺമക്കൾക്ക് കാർഷിക ഭൂമിയിൽ അവകാശം ഒന്നുമില്ല. പ്രത്യക്ഷത്തിൽ തന്നെ തുല്യതയ്ക്ക് വിരുദ്ധമായ ഈ നിയമം ചോദ്യം ചെയ്യപ്പെടാതിരിക്കാനായി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഹിന്ദു സ്വത്തവകാശ നിയമത്തിൽ മകൾ തുല്യ അവകാശി ആണെങ്കിലും ജീവിച്ചിരിക്കെ മാതാപിതാക്കൾക്ക് ഒസ്യത്തെഴുതാനുള്ള അവകാശം ഉണ്ട് എന്ന മാർഗത്തിലൂടെ പെൺകുട്ടികൾക്ക് സ്വത്തവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്.

അവിഭക്ത ഹൈന്ദവ കുടുംബം (ഹിന്ദു അൺഡിവൈഡഡ് ഫാമിലി) എന്ന സംഗതി ഹിന്ദുമത വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മാത്രം വലിയ നികുതി ഇളവുകൾ നൽകുന്നതാണ്. പ്രായത്തിൽ മുതിർന്ന ഒരു വ്യക്തി, അയാളുടെ പിന്മുറക്കാർ, അവരുടെ മരുമക്കൾ എന്നിവർ ചേർന്ന് ഒരു എച്ച് യു എഫ് രൂപീകരിച്ചു കഴിഞ്ഞാൽ അതിനെ വരുമാന നികുതി നിയമത്തിന്റെ 23 (1) വകുപ്പ് അനുസരിച്ച് ഒരു വ്യക്തിയായി കണക്കാക്കാം. സ്വന്തമായി പാൻകാർഡും ലഭിക്കും. ഒരു വ്യക്തിക്ക് ലഭിക്കുന്ന എല്ലാ ടാക്സ് ആനുകൂല്യങ്ങളും; സ്റ്റാൻഡേർഡ് ഡിഡക്ഷനും ലൈഫ് ഇൻഷുറൻസ് പോളിസിയും ഉൾപ്പെടെ എല്ലാം അവിഭക്ത ഹിന്ദു കുടുംബത്തിനും കിട്ടും. പൊതുവായി അടയ്ക്കേണ്ട നികുതി ഇത്തരത്തിൽ വ്യക്തിപരമായും എച്ച് യു എഫ് ആയും വിഭജിക്കുക വഴി നികുതി ഇനത്തിൽ വലിയ നേട്ടമാണ് സമ്പന്ന ഹൈന്ദവ കുടുംബങ്ങൾക്ക് ഉള്ളത്. കൂട്ടുകുടുംബം സമ്പ്രദായം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെങ്കിലും,രജിസ്റ്റർ ചെയ്യപ്പെടുന്ന അവിഭക്ത ഹിന്ദു കുടുംബങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത്, തികച്ചും ഏകപക്ഷീയമായ ആനുകൂല്യങ്ങൾ അനുവദിക്കുന്ന ഈ നിയമം, നമ്മുടെ നികുതി വരുമാനത്തിൽ എന്തുമാത്രം കുറവാണ് വരുത്തുന്നത് എന്നു വ്യക്തമാക്കുന്നു. ഇത്തരം പക്ഷപാതിത്വത്തിനൊന്നും ഏകീകൃത സിവിൽ കോഡിൽ ഇടം നേടാൻ കഴിയില്ല.

1986 ലെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട് സ്ത്രീകൾ പുരുഷന്മാരുടെ രക്ഷാകർതൃത്വത്തിൽ കഴിയേണ്ടവരാണ് എന്ന പരമ്പരാഗത വിശ്വാസത്തെ പിന്തുടരുന്നതാണ്. അച്ഛന്റെയോ ഭർത്താവിന്റെയോ സംരക്ഷണത്തിൽ കഴിയേണ്ടവർ. അതുപോലെതന്നെ പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളുടെ രക്ഷാകർതൃത്വം അനുവദിക്കുമ്പോഴും മാതാപിതാക്കൾക്ക് തുല്യ അവകാശം നൽകേണ്ടതുണ്ട്.

ഹിന്ദു നിയമപ്രകാരം സ്ത്രീയുടെ മരണശേഷം അവരുടെ സ്വത്തുക്കളിൻ മേലുള്ള അവകാശം ഭർത്താവിൻ്റെ ബന്ധു നിരക്കാണ് മുൻഗണന. അവളുടെ സ്വന്തം അച്ഛനോ സഹോദരങ്ങൾക്കോ അല്ല. പുരുഷൻ്റെ കാര്യത്തിൽ കാര്യങ്ങൾ നേരെ തിരിച്ചുമാണ്. 

മതവിശ്വാസങ്ങളുടെ അടിസ്ഥാനശിലയെ ബാധിക്കുന്ന ചില പ്രശ്നങ്ങളും ഏക സിവിൽ കോഡ് വരുമ്പോൾ നമ്മൾ അഭിമുഖീകരിക്കേണ്ടിവരും. ചില മതങ്ങളിൽ വിവാഹം ഒരു സിവിൽ കരാറാണ്. നിലവിലുള്ള മതേതര സിവിൽ കോഡ് ആയ സ്പെഷ്യൽ മാരേജ് ആക്ടിലും വിവാഹം ഒരു കരാറാണ്. ഗോവൻ സിവിൽ കോഡിലും അങ്ങനെതന്നെ. എന്നാൽ ഹിന്ദുമതം ഉൾപ്പെടെയുള്ള മതങ്ങളിൽ വിവാഹം ഒരു ആത്മീയ ശുശ്രൂഷയാണ് ദൈവികമായ ഒരു സംഗതിയാണ്. ദൈവികമായ ഒരു ചടങ്ങിനെ സിവിൽ കരാറായി മാറ്റാൻ ഈ മതനേതൃത്വം സമ്മതിക്കുമോ? അങ്ങനെ മാറ്റിയത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

അതിലുപരി വിവാഹവും വിവാഹമോചനവും ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ മതവിശ്വാസത്തിന്റെയും ആചാരക്രമങ്ങളുടെയും സംസ്കാരത്തിൻറെയും ഭാഗമാണ് എന്നുകരുതുന്നവരാണ് രാജ്യത്ത് ഭൂരിപക്ഷവും. ഇന്ത്യ പോലെ ഇത്രയേറെ വൈവിധ്യങ്ങൾ ഉള്ള ഒരു രാജ്യത്ത് അത് വളരെ പ്രധാനമാണ്. ഈ വൈവിധ്യങ്ങളെ അംഗീകരിക്കുകയും അനുവദിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതുകൊണ്ട് കൂടിയാണ് ഈ രാജ്യം വിഭജിക്കപ്പെടാതെ നിലനിൽക്കുന്നത്. 

2018-ലെ ലോ കമ്മീഷന്റെ റിപ്പോർട്ടും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഏകീകൃത സിവിൽ കോഡ് അനിവാര്യമോ അഭിലഷണീയമോ അല്ല എന്ന് വിലയിരുത്തിയ റിപ്പോർട്ട് വിവിധ വ്യക്തി നിയമങ്ങളിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മതപരിവർത്തനത്തിന് ശേഷം ഉള്ള ബഹുഭാര്യത്വം അംഗീകരിക്കരുത്. അവിവാഹിതരായ മാതാപിതാക്കൾക്കുണ്ടാവുന്ന കുട്ടികളുടെ ക്ഷേമത്തിന് ഉതകുന്ന പരിഷ്കാരങ്ങൾ നിയമത്തിൽ കൊണ്ടുവരിക, അവർക്കും മാതാപിതാക്കളുടെ സ്വത്തിൽ പിന്തുടർച്ചാവകാശം നൽകുക. ഗാഡിയൻസ് ആൻഡ് വാർഡ്സ് ആക്ടിൽ ഭർത്താവ് ഭാര്യയുടെ രക്ഷകർത്താവാണ് (ഭർത്താവിന് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോലും) എന്ന നില ഒഴിവാക്കുക. കുട്ടികൾക്കുമേലും തുല്യ അവകാശം നൽകുക. അഡോപ്ഷൻ നിയമങ്ങളിൽ ഭേദഗതി വരുത്തി ലിംഗ ഭേദമന്യേ ആർക്കും കുട്ടികളെ ദത്തെടുക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക. എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും തുല്യമായ ജീവനാംശം നൽകുക. ഒരാൾ മരണപ്പെട്ടാൽ, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് അവകാശം നൽകുന്ന രീതിയിലേക്ക് നിയമങ്ങൾ മാറ്റി എഴുതുക. അങ്ങനെ നിരവധി നിർദ്ദേശങ്ങൾ കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ നിർദ്ദേശങ്ങൾക്ക് പുറമേ, ഓരോ മതവിഭാഗത്തിന്റെ വ്യക്തി നിയമത്തിലും വേണ്ട പ്രത്യേക മാറ്റങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തി നിയമങ്ങൾക്കകത്ത് നടത്തുന്ന മാറ്റങ്ങളിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താൻ കഴിയും എന്നാണ് കമ്മീഷൻ കരുതുന്നത്.

ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്

ആധുനിക ജനാധിപത്യ സമൂഹത്തിന്റെ പാകത അളക്കുന്നത്, ഓരോ സമൂഹവും അതിലെ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത് എങ്ങനെ എന്ന് പരിശോധിച്ചാണ്. സർക്കാരുകളുടെ നിയന്ത്രണങ്ങൾക്ക് അപ്പുറത്ത്, വ്യക്തിപരമായ അവകാശങ്ങളും അഭിലാഷങ്ങളും മത-വിശ്വാസ-സാംസ്കാരിക തെരഞ്ഞെടുപ്പുകളും എത്രമാത്രം സ്വതന്ത്രമായി ഓരോ വ്യക്തിക്കും സാധ്യമാണെന്നത് പ്രധാനമാണ്. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയിൽ വ്യക്തിപരമായ അവകാശങ്ങൾ എന്നതുപോലെ വിഭാഗങ്ങളുടെ അവകാശങ്ങളും ഇടം നേടിയത്. വിശ്വാസവും മതവും സംസ്കാരവും ഭാഷയും ലിപിയും എല്ലാം മൗലിക അവകാശങ്ങളുടെ ഭാഗമായത്.

വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യം. അല്ലാതെ എല്ലാവരും ഒരേ പോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതല്ല. പരസ്പരം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒത്തൊരുമയോടെയുള്ള സമൂഹമാണ് രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപ്പിന് അനിവാര്യം. ഏകരൂപതയല്ല, മൈത്രിയാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം. നമ്മുടെ ഭരണഘടനയിൽ സാഹോദര്യം (fraternity) എന്ന വാക്ക് കടന്നുവരുന്നത് അങ്ങനെയാണ്. ‘സാഹോദര്യം’ എന്നത് ഫ്രഞ്ച് വിപ്ലവത്തിലെ മുദ്രാവാക്യത്തിൽ നിന്ന് എടുത്ത കേവലം ഒരു വാക്കല്ല എന്നും, അതിനർത്ഥം ‘മൈത്രി’ എന്നാണെന്നും അംബേദ്കർ എഴുതിയിട്ടുണ്ട്. സ്നേഹത്തിനും സാഹോദര്യത്തിനും അപ്പുറമുള്ള ഒരു ബൗദ്ധ സങ്കൽപ്പമാണ് മൈത്രി. ഇത്രയേറെ വൈവിധ്യപൂർവമായ നമ്മുടെ രാജ്യത്തിൻ്റെ സുസ്ഥിരതയ്ക്ക് നിദാനമായ അദൃശ്യതന്തുവാണ് മൈത്രി. അതിനെ ചേർത്തുപിടിച്ചു കൊണ്ടാവണം സാമൂഹ്യനീതിയിലേക്കുള്ള നമ്മുടെ യാത്ര. അതിന് വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെ ഇല്ലാതാക്കുകയല്ല വേണ്ടത്. ഓരോ വിഭാഗത്തിനും അനന്യമായ വിശ്വാസ-സാംസ്കാരിക പശ്ചാത്തലമുണ്ട്. അത് സംരക്ഷിക്കുവാനുള്ള അവകാശവും അവർക്കുണ്ട്. നീതിയാണ് നമ്മുടെ പ്രശ്നമെങ്കിൽ വിഭാഗങ്ങൾ തമ്മിലുള്ള തുല്യതയല്ല, വിഭാഗങ്ങൾക്ക് അകത്തുള്ള തുല്യതയാണ് നമ്മൾ അഭിസംബോധന ചെയ്യേണ്ട വിഷയം. 

ഓരോ വിഭാഗങ്ങൾക്ക് അകത്തും, ഓരോ വ്യക്തി നിയമങ്ങളിലും അന്തർലീനമായ അനീതിയെ, അസമത്വത്തെ അതാത് വിഭാഗങ്ങൾക്ക് അകത്തു നിന്നുകൊണ്ട് പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതു ഉണ്ടാവുകയും വേണം. സർള മുഗ്ദ കേസിൽ സുപ്രീംകോടതി ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഇതൊരു മതേതര ജനാധിപത്യ രാജ്യമാണ്. വിശ്വാസസ്വാതന്ത്ര്യം നമ്മുടെ സംസ്കാരത്തിൻ്റെ കാതലാണ്. അതിൽ ചെറിയൊരു മാറ്റം പോലും നമ്മുടെ സാമൂഹിക വ്യവസ്ഥയെ ഉലച്ചേക്കാം. എന്നാലും മനുഷ്യാവകാശങ്ങളെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന മതാചാരങ്ങളും അടിസ്ഥാന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങളും സ്വയം നിർണയ അവകാശമല്ല മറിച്ച് അടിച്ചമർത്തലാണ്.”

ഈയൊരു വികാരം കൊണ്ട് ഓരോ വ്യക്തി നിയമങ്ങൾക്ക് അകത്തും പരിഷ്കാരങ്ങൾ നടത്തുവാനുള്ള നിർദ്ദേശങ്ങൾ ലോ കമ്മിഷൻ മുന്നോട്ട് വയ്ക്കുന്നുണ്ട്.  മുസ്ലിം നിയമം ഭേദഗതി ചെയ്തു മുസ്ലിം പിന്തുടർച്ച അവകാശം ക്രോഡീകരിച്ച നിയമമാക്കി മാറ്റാം. ആ സമയം സ്ത്രീക്കും പുരുഷനും തുല്യ അവകാശം ലഭിക്കുന്ന തരത്തിലാക്കാം. നിക്കാഹ് നാമയിൽ തന്നെ ബഹുഭാര്യത്വം ഒരു ക്രിമിനൽ കുറ്റമാണ് എന്ന് രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശവുമുണ്ട്. ക്രിസ്ത്യൻ നിയമത്തിൽ വിവാഹമോചനത്തിന് എടുക്കുന്ന ദീർഘമായ കാലവിളംബം ഒഴിവാക്കേണ്ടതുണ്ട്. മതത്തിന് പുറത്ത് വിവാഹിതയാകുന്ന സ്ത്രീക്ക് ഭ്രഷ്ട് കൽപ്പിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന പാഴ്സി നിയമം ഒഴിവാക്കേണ്ടതാണ്. അങ്ങനെ അതാത് സമുദായങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് സാവധാനത്തിൽ നടത്തുന്ന പരിഷ്കരണങ്ങളിലൂടെ സാമൂഹിക അനീതികളെ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുവാൻ സാധിക്കും.  പരിഷ്കരണങ്ങൾ നടത്തുമ്പോൾ ഏകതാനതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ത്വര രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ആയിപ്പോകരുത് എന്ന് മാത്രം.

ലോ കമ്മീഷൻ, പ്രശ്നത്തെ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കണം എന്ന് പറയുമ്പോഴും അത്  സമൂഹത്തിലെ അവശവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ആകരുത്. പ്രശ്നങ്ങൾക്കുള്ള പരിഹാരം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നത് ആകരുത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ അനാവശ്യവും അനഭിലഷണീയവുമായ ഏക സിവിൽ കോഡിനെക്കുറിച്ചല്ല, വിവേചനപരമായ നിയമങ്ങളെ കുറിച്ചാണ് കമ്മീഷൻ പ്രതിപാദിക്കുന്നത്. എല്ലാ രാജ്യങ്ങളും തന്നെ വ്യത്യാസങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതകൾ നിലനിൽക്കുന്നത് വിവേചനത്തിന്റെ തെളിവല്ല മറിച്ച് ആരോഗ്യകരമായ ജനാധിപത്യം പ്രാവർത്തികമാകുന്നു എന്നതിന്റെ സൂചകമാണ്.”

എന്നാൽ നമ്മുടെ പൊതു ചർച്ചകളിൽ ഈ ആശയങ്ങൾ ഉയർന്നു വരാറില്ല. സുപ്രീംകോടതി പോലും മറ്റൊരു വിഷയത്തിലും കാണിച്ചിട്ടില്ലാത്ത ആവേശത്തോടെ പൊതു സിവിൽ കോഡ് എന്ന വിഷയം ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. ഏറ്റവും ഒടുവിൽ ബിജെപി അഭിഭാഷകൻ അശ്വിനി ഉപാധ്യായയുടെ പൊതു താൽപര്യ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. പൊതുസമൂഹത്തിൽ ആകട്ടെ ഇതെന്തോ മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്നമാണ് എന്ന ധാരണയാണ് വ്യാപകമായിട്ടുള്ളത്. മുസ്ലിം മത സംഘടനകളും വ്യക്തിനിയമ ബോർഡും വിഷയത്തിൽ കാണിക്കുന്ന അമിതാവേശം ഈ പൊതുബോധത്തിന് ബലം പകരുന്നു. അതിനൊക്കെ അപ്പുറം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 

തുല്യനീതിയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ  സാമൂഹ്യ വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാതെ, ഓരോരോ വിശ്വാസ സമൂഹത്തിന് അകത്തും സാംസ്കാരിക വിഭാഗങ്ങൾക്ക് അകത്തും തുല്യനീതി ഉറപ്പുവരുത്തുന്ന പരിഷ്കാരങ്ങൾ നടത്തുകയാണ് അഭികാമ്യം. 

രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപ്പാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനും മറുപടി ഏകീകൃത സിവിൽ കോഡ് അല്ല. ഒരു രാജ്യം ഒരു നിയമം എന്നതാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം എങ്കിൽ, ലോകത്തെ ഏറ്റവും അസ്ഥിരമായ രാജ്യം അമേരിക്ക ആകുമായിരുന്നു. ഒരു നിയമമല്ല എന്ന് മാത്രമല്ല, ഓരോ സംസ്ഥാനങ്ങൾക്കും ഓരോ ഭരണഘടന തന്നെയുണ്ട് അവിടെ.. മത രാഷ്ട്രങ്ങളിൽ പോലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടേതായ വ്യക്തി നിയമങ്ങളും ആചാരക്രമങ്ങളും അനുവദിച്ചു കൊടുക്കാറുണ്ട്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ഉദാഹരണം. എല്ലാ നിയമങ്ങളിലും കടന്നു വരേണ്ട ചില പൊതു തത്വങ്ങൾ ബാധകമാക്കുക എന്നതല്ലാതെ എല്ലാ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്ന് വരുന്നവരും ഒരേ നിയമവും ഒരേ ആചാരക്രമങ്ങളും പിന്തുടരണം എന്ന് പറയുന്നത് ജനാധിപത്യമല്ല, ഫാഷിസമാണ്. അത്തരം ഇടപെടലുകൾ രാജ്യത്തിൻ്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുവാനാണ് ഉപകരിക്കുക. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനവും ഭരണഘടന നിർമ്മാണ സഭയും തള്ളിക്കളഞ്ഞ ഏകാത്മകമായ രാഷ്ട്രദർശനം നെഞ്ചേറ്റുന്നവർ, ഹിറ്റ്ലർ ഇന്ത്യക്കാർക്ക് അനുകരണീയമായ മാതൃകയാണ് എന്ന് പ്രസ്താവിച്ചവർ, നമ്മുടെ ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ഒറ്റുകൊടുത്തവർ സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുമ്പോൾ, ദേശത്തെയും അതിൻ്റെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്നേഹിക്കുന്ന സാധാരണ മനുഷ്യർ ആശങ്കാകുലരാവുന്നത് സ്വാഭാവികമാണ്. അവരുടെ ആശങ്കകൾ കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്നത് രാജ്യനന്മയ്ക്ക് ഭൂഷണമാവുകയില്ല. രാജ്യം അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മുരടിപ്പിലേക്കും തൊഴിൽ രാഹിത്യത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ, ജനങ്ങളുടെ വൈകാരികഭാവങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകാൻ നമ്മൾ നിന്നു കൊടുക്കരുത്.

the article was first published in DoolNews on 06/11/22

LEAVE A REPLY

Please enter your comment!
Please enter your name here