ഇന്ത്യ; പേരുമാറ്റത്തിന്റെ രാഷ്ട്രീയം

നമ്മുടെ രാജ്യത്തിൻറെ പേര് ഇന്ത്യ അഥവാ ഭാരത് എന്നാണ്. വാമൊഴിയിലും വരമൊഴിയിലും, സന്ദർഭങ്ങൾക്ക് അനുയോജ്യമാം വിധം ഇരുപേരുകളും നമ്മൾ ഉപയോഗിച്ചുപോന്നു. എന്നാൽ അതിലൊരു പേര് ഭരണഘടനയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുന്നു എന്ന വാർത്ത ദുഃഖകരമാണ്. ഇന്ത്യ അഥവാ ഭാരത്, എന്നത് കേവലമൊരു പേരല്ല, മഹത്തായ ഒരു രാഷ്ട്ര സങ്കല്പത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. ദുരിതാനുഭവങ്ങളുടെ സൂചിമുനയിൽ ചവിട്ടി നടന്ന, കോടിക്കണക്കിന് മനുഷ്യർ ചേർന്ന് യാഥാർത്ഥ്യമാക്കിയ, അതിസാഹസികമായൊരു സ്വപ്നത്തിന്റെ സുന്ദരമായ നിർവചനം കൂടിയാണത്. അതിനെയെല്ലാം നിഷേധിക്കുന്ന ചർച്ചകൾ ഉയർന്നുവരുന്നത് ആശങ്കകൾ ഉണർത്തുന്നതാണ്.

ലോകചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നിർമിതി. രാഷ്ട്രമീമാംസയുടെ ‘സാമാന്യയുക്തി’വെച്ച് അസംഭവ്യമായ സംഗതി. എണ്ണിയാൽ ഒടുങ്ങാത്ത വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും ബഹുസ്വരമായ ചരിത്ര-സംസ്കാരിക-സാമൂഹ്യ-സാഹചര്യങ്ങളുടെയും വിളനിലമായ ഒരു ഭൂപ്രദേശം. അക്ഷരാർത്ഥത്തിൽ വിവിധ രാജ്യങ്ങളായി നിലനിന്നിരുന്ന നാടുകൾ. അതൊരൊറ്റ ദേശരാഷ്ട്രമായി മാറുന്നത്, രാഷ്ട്രത്തെ സംബന്ധിച്ചുള്ള പാശ്ചാത്യ നിർവചനങ്ങൾക്ക് വഴങ്ങുന്നതേയായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സുസ്ഥിരമായ ഒരു രാജ്യമായി നിലനിൽക്കില്ല എന്ന് പ്രവചിച്ചവരാണ് ഏതാണ്ടെല്ലാ പാശ്ചാത്യ രാഷ്ട്രീയ വിശാരദന്മാരും. എന്നാൽ ലോകത്തെ ഏറ്റവും അതിശയകരമായ രീതിയിൽ പ്രവർത്തിക്കുന്ന ജനാധിപത്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ 76 വർഷങ്ങളായി തുടർന്നു പോരുന്നു. ഇത് വെറുതെ സംഭവിച്ചതല്ല. രാഷ്ട്ര നിർമ്മിതിയുടെ പൂർവ്വ മാതൃകകൾ ഇല്ലാത്ത, അനന്യമായൊരു വീഥി കണ്ടെത്തുവാൻ നമ്മുടെ രാഷ്ട്രശില്പികൾക്ക് കഴിഞ്ഞതുകൊണ്ടാണ്. 

‘ഇന്ത്യയെ കണ്ടെത്തൽ’ ജവഹർലാൽ നെഹ്റു എഴുതിയ ഒരു പുസ്തകത്തിൻറെ പേര് മാത്രമല്ല. നെഹ്റുവും അംബേദ്കറും ഗാന്ധിയും, ഗിരിനിരകളോളം പ്രഭാവമുള്ള മറ്റനേകം നേതാക്കളും, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട്, വളരെയധികം പണിപ്പെട്ട്, യാഥാർത്ഥ്യമാക്കിയ ഒരു സ്വപ്നമാണ്. രാഷ്ട്ര നിർമിതിയുടെ ഓരോ ചുവടിലും അളവറ്റ ജാഗ്രതയോടെയാണ് അവർ മുന്നോട്ടുപോയത്. നമ്മുടെ ഭരണഘടന നിർമ്മാണ സഭയിലെ ചർച്ചകൾ അതിനെ സാക്ഷ്യപ്പെടുത്തുന്നു. ഓരോ അനുച്ഛേദവും, ഓരോ വാചകവും, ഓരോ വാക്കും അതിസൂക്ഷ്മതയോടെ തെരഞ്ഞെടുത്തവയാണ്. 

കാരണം ഇന്ത്യയിൽ ജനാധിപത്യത്തിന് അനുകൂലമായ സാമൂഹ്യ സാഹചര്യമില്ല എന്നത് ഏറ്റവും വ്യക്തമായി തിരിച്ചറിഞ്ഞത് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ അമരക്കാർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയപ്രസ്ഥാനം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിന് ബോധപൂർവ്വമായ ശ്രമം നടത്തി. ജാതിയും മതവും ഭാഷയും വർഗ്ഗവും എല്ലാം അതിസങ്കീർണമായ തരത്തിൽ വിഭജിച്ചിരുന്ന സമൂഹത്തെ ഐക്യപ്പെടലിന്റെ അനന്യമായ രാഷ്ട്രീയ സന്ദേശം കൊണ്ട് ഇളക്കിമറിക്കാൻ ദേശീയ പ്രസ്ഥാനത്തിന് കഴിഞ്ഞു. അങ്ങനെ, രാജ്യത്തിൻറെ ഭരണഘടന, പ്രതികൂലമായ സാഹചര്യങ്ങളിൽ ജനാധിപത്യത്തെ വിളയിച്ചെടുക്കുന്നതിനുള്ള പൂർവ്വ മാതൃകകൾ ഇല്ലാത്ത ദാർശനിക രാഷ്ട്രീയ സംഹിതയായി മാറി. അതിനവർ സ്വീകരിച്ചത് ഉൾക്കൊള്ളലിന്റെയും സമവായത്തിന്റെയും സമാധാനത്തിന്റെയും ഉദ്ദീപ്തമായ വഴികളാണ്.

ഇന്ത്യാ വിഭജനത്തിനുശേഷം, നമ്മുടെ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ ഏകദേശം 88% അംഗങ്ങളും കോൺഗ്രസുകാരായിരുന്നു. ഏകാധിപത്യ സമീപനത്തിനുള്ള സാധ്യതകളെല്ലാം ഉണ്ടായിരുന്നു. എങ്കിലും തങ്ങൾക്കുള്ള മൃഗീയമായ ഭൂരിപക്ഷത്തിലൂടെ, അഭിപ്രായങ്ങൾ ബുൾഡോസ് ചെയ്യുന്ന സമീപനമല്ല ദേശീയ പ്രസ്ഥാനത്തിൻറെ അമരക്കാർ സ്വീകരിച്ചത്. കോൺഗ്രസിനോട് കടുത്ത വിയോജിപ്പ് പുലർത്തുന്ന സംഘടനകളുടെയും, വിഭാഗങ്ങളുടെയും, പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനാധിപത്യപരമായ സമിതിയായി ഭരണഘടനാ നിർമ്മാണ സഭയെ മാറ്റുവാൻ അവർ പ്രത്യേക ശ്രദ്ധ ചെലുത്തി. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുക മാത്രമല്ല അവർ ഉന്നയിക്കുന്ന ആശയങ്ങളെ മനസ്സിലാക്കുവാനും, ആശങ്കകൾ ദൂരീകരിക്കുവാനും, ഭിന്നതകൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാനും ശ്രമിച്ചിരുന്നു. അങ്ങനെയാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ നിഷേധിച്ചവരുടെ ശബ്ദം പോലും ഭരണഘടന നിർമ്മാണ സഭയിൽ എത്തിയത്.

ഇന്ത്യ അഥവാ ഭാരത് എന്ന പേര് തെരഞ്ഞെടുക്കുമ്പോഴും, ഈ ധാർമിക സമസ്യകളുമായി മാറ്റുരച്ച് നോക്കിയിരുന്നു ഭരണഘടന നിർമ്മാണ സഭ. ഭരണഘടനയുടെ അനുഛേദം ഒന്നിലാണ് രാജ്യത്തിൻറെ പേര് പരാമർശിക്കപ്പെടുന്നത്. India, that is Bharat, shall be a union of States എന്നാണ് അത് ആരംഭിക്കുന്നത്. 1948 നവംബർ 15, നവംബർ 17, 1949 സെപ്റ്റംബർ 17, സെപ്റ്റംബർ 18 എന്നീ ദിവസങ്ങളിലായി വിശദമായ ചർച്ച നടന്നു. 

അംബേദ്കർ അവതരിപ്പിച്ച ആദ്യ രൂപത്തിൽ, India shall be a union of States എന്നായിരുന്നു. സഭയിൽ നിരവധി അംഗങ്ങൾ ഇന്ത്യ എന്ന പേരിനു പകരം ഭാരത്, ഹിന്ദ്, ഹിന്ദുസ്ഥാൻ, ഭാരതവർഷ, ആര്യാവർത്തം എന്നിങ്ങനെ പല പേരുകൾ ഉന്നയിച്ചു. വിശദമായ ചർച്ച നടന്നു. ഗോവിന്ദ് വല്ലഭ് പന്ത്, അനന്തശയനം അയ്യങ്കാർ, ലോക്നാഥ മിശ്ര, ശിവൻ ലാൽ സക്സേന, എച്ച് വി കമ്മത്ത്, സേഠ് ഗോവിന്ദ് ദാസ്, ബി എം ഗുപ്ത, രാം സഹായി, കമലാപതി ത്രിപാഠി, കലാ വെങ്കട്ടറാവു തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. 

ഏറ്റവും പുരാതനമായ നാമം ഭാരത് എന്നാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഋഗ്വേദം മുതൽ വിഷ്ണുപുരാണം വരെയുള്ള ഗ്രന്ഥങ്ങളിൽ ഹിമാലയ സാനുക്കളിൽ നിന്ന് ശാന്ത സമുദ്രം വരെയുള്ള പ്രദേശം പൗരാണിക ഭാരതമാണ്. അത് നമ്മുടെ രാജ്യത്തിൻറെ സമ്പന്നമായ സംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. ഇന്ത്യ എന്ന പേര് ആ പാരമ്പര്യത്തെ നിരാകരിക്കുന്നതാണ് എന്ന അഭിപ്രായം പറഞ്ഞവരുമുണ്ട്. ഇന്ത്യ അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്ന പേര് ഹിന്ദ് അഥവാ ഇന്ഡസ് നദീതീരത്തെ ഭൂപ്രദേശം എന്ന നിലയിൽ പാകിസ്ഥാനാണ് കൂടുതൽ അനുയോജ്യമാവുക എന്ന അഭിപ്രായമാണ് കലാ വെങ്കട്ടറാവു പ്രകടിപ്പിച്ചത്! ഇന്ത്യ എന്ന പേര് നമ്മൾ ഭരണഘടനയിൽ നിന്നും നീക്കം ചെയ്താൽ ആ പേരിന് പാക്കിസ്ഥാൻ അവകാശവാദം ഉന്നയിക്കും എന്ന് പാകിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഭരണഘടന നിർമ്മാണ സഭയിലെ സംവാദങ്ങൾ പുതിയൊരു കാഴ്ചപ്പാടിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്.

എന്തായാലും ഈ ഭേദഗതികളൊക്കെ സഭ തള്ളിക്കളഞ്ഞു. അംബേദ്കർ തന്നെ കൊണ്ടുവന്ന India, that is Bharath shall be a union of states എന്ന ഭേദഗതിയാണ് അംഗീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ജ്ഞാനോദയ മൂല്യങ്ങൾ അടിസ്ഥാനമാക്കിയ ഒരു ആധുനിക രാഷ്ട്ര നിർമിതിയുടെ പ്രതീകമായാണ് ഇന്ത്യ എന്ന വാക്കിനെ നമ്മുടെ സഭ മനസ്സിലാക്കിയത്. അത് നിശ്ചയമായും സനാതന ധാർമിക സംഹിതയുടെ ഭാഗമായി ഉയർന്നുവന്ന പൗരാണിക സങ്കൽപ്പത്തിന്റെ പിന്തുടർച്ച ആയിരുന്നില്ല. അതുകൊണ്ടാണ് ഭരണഘടനയെ ആർഎസ്എസ് ഉൾപ്പെടെയുള്ള പ്രതിലോമ വിഭാഗങ്ങൾ അന്ന് അംഗീകരിക്കാതിരുന്നത്. അവർ ഉദ്ദേശിച്ച ധാർമികത പിൻപറ്റുന്നതല്ല ഭരണഘടന എന്നായിരുന്നു വിമർശം. ശ്രേണീകൃത അസമത്വത്തെ ശാശ്വതീകരിക്കുന്ന വർണ്ണവ്യവസ്ഥയുടെ സംരക്ഷണമാണ് രാജധർമ്മം എന്ന് നിർവചിച്ച, മനുസ്മൃതിയെയാണ് അവർ പ്രകീർത്തിച്ചത്. 

1949 സെപ്റ്റംബർ 18-നായിരുന്നു ഭരണഘടനാ നിർമ്മാണ സഭ അംബേദ്കറുടെ ഭേദഗതി അംഗീകരിച്ചുകൊണ്ട് രാജ്യത്തിൻറെ പേര് സംബന്ധിച്ച തർക്കത്തിന് വിരാമമിട്ടത്. 74 വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സെപ്‌തംബർ 18-ന്, അവിചാരിതമായി പാർലമെന്റിന്റെ സെഷൻ വിളിച്ചു ചേർക്കുകയാണ് ഗവണ്മെന്റ്. പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ജി20 ഉച്ചകോടി അതിഥികൾക്ക് രാഷ്ട്രപതി നൽകുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 252 അനുസരിച്ച് ദ്രൗപദി മുർമു ‘ഇന്ത്യ’യുടെ പ്രസിഡന്റാണ്. അതും തിരുത്തുമായിരിക്കും.

പാശ്ചാത്യ സങ്കല്പങ്ങൾക്കനുസൃതമായി ഒരു പൊതു സംസ്കാരമോ ഭാഷയോ മതമോ വംശീയതയോ നിലവിലില്ലാതിരുന്ന ഈ പ്രദേശത്തെ വിവിധ വിഭാഗങ്ങളുടെ സംഘർഷഭൂമിയായാണ് പാശ്ചാത്യ ചിന്തകർ മനസ്സിലാക്കിയത്. അതേ ചിന്ത വച്ചു പുലർത്തിയവരായിരുന്നു ഹിന്ദുത്വവാദികൾ. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരു രാഷ്ട്രമായി നിലനിൽക്കാൻ സാധിക്കുകയില്ല എന്ന് ആദ്യം പറഞ്ഞത് സവർക്കർ ആണ്. ആ രാഷ്ട്രീയത്തെ പിൻപറ്റുന്നവർക്ക്, നമ്മുടെ രാഷ്ട്ര ശില്പികൾ മുന്നോട്ടുവച്ച ഉൾചേർക്കലിന്റെയും സമവായത്തിന്റെയും മഹനീയമായ ദർശനം മനസ്സിലാക്കാനുള്ള വലുപ്പമുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ആർഎസ്എസിനെ 100 വയസ്സ് തികയുന്ന 2025-ൽ അവരുടെ ദാർശനിക പദ്ധതിക്കനുസരിച്ച് രാജ്യത്തെ മാറ്റി തീർക്കണമെന്ന ആഗ്രഹം ഉണ്ടായിരിക്കാം. 

സെപ്‌തംബർ 18-ന് തന്നെ പാർലമെന്റ് സമ്മേളനം വിളിച്ചത് ആകസ്മികമാണോ എന്നറിയില്ല. രാജ്യത്തിൻറെ പേര് മാറ്റിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അംഗബലം പാർലമെന്റിൽ ഇപ്പോൾ അവർക്കില്ല. ഒരുപക്ഷേ ‘ഇന്ത്യ മുന്നണി’യുടെ രൂപീകരണവും അടുത്ത തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യങ്ങളുമാകാം, ഇത്തരം നടപടികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, വളരെ സൂക്ഷ്മമായ തലത്തിൽ കൃത്യമായ ഫാസിസ്റ്റ് പദ്ധതികളോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ചെയ്തികളെ, അവരുടെ വിശാല രാഷ്ട്രീയ പദ്ധതിയിൽ നിന്ന് വേർതിരിച്ചു കാണുന്നത് ലളിതവൽക്കരണമായിപ്പോകും.

Published in Suprabhatham Daily on Sept, 07, 2023

LEAVE A REPLY

Please enter your comment!
Please enter your name here