ഇക്കാലത്ത് ഭരണഘടനയെ ഭള്ളു പറയുന്നവർ ജനതയെ ഒറ്റുകൊടുക്കുന്നവരാണ്

ഇന്ത്യൻ ഭരണഘടനയെന്നല്ല, ലോകത്ത് ചോദ്യം ചെയ്യാൻ പാടില്ലാത്ത, വിമർശനാതീതമായ യാതൊന്നുമില്ല. 

“ഈ ഭരണഘടന കത്തിച്ചു കളയാൻ മുതിരുന്ന ആദ്യത്തെയാൾ ഞാനായിരിക്കും” എന്ന് ഡോ. അംബേദ്കർ പ്രസ്താവിച്ചിട്ടുണ്ട്, അതും പാര്ലമെന്റിനകത്ത്‌. പക്ഷേ അതിനൊരു സാഹചര്യമുണ്ടായിരുന്നു. രക്തരഹിത വിപ്ലവത്തിനുള്ള മർഗ്ഗരേഖയായി തങ്ങൾ വിഭാവനം ചെയ്ത ഭരണഘടന, ഏതൊരു ആശയധാരയെയാണോ “ഡൈനാമിറ്റ് വച്ചു തകർക്കണ”മെന്ന് അദ്ദേഹം ആഗ്രഹിച്ചത്, അതേ ശക്തികൾക്കു മുന്നിൽ നിസ്സഹായമായി കിതച്ചു നിൽക്കുന്ന കാഴ്ചയാണ് അംബേദ്കറെ പ്രകോപിപ്പിച്ചത്. പിന്നീട് അദ്ദേഹം അതിനു വിശദീകരണം നൽകിയത് ദേവന്മാർക്ക് വേണ്ടി നിർമ്മിച്ച ക്ഷേത്രം അസുരന്മാർ കീഴടക്കിയാൽ പിന്നെ അത് തകർക്കുകയേ മർഗമുള്ളു എന്നാണ്. 

ഗൗരവത്തോടെയുള്ള നിരവധി വിമർശനങ്ങൾ ഇന്ത്യൻ ഭരണഘടനരൂപീകരണ സമയത്തും അതിനു ശേഷവും ഉയർന്നിട്ടുണ്ട്. ഭരണഘടന ഭേദഗതിയുടെ ആവശ്യകതയെക്കുറിച്ച് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ അതുപോലെയല്ല, ഭരണഘടന കൊള്ളക്കാർക്ക് വഴിയൊരുക്കുന്നതാണെന്ന തരത്തിലുള്ള പ്രസ്താവന.

തൊഴിലാളികളുടെ അവകാശങ്ങൾ ഭരണഘടന സംരക്ഷിക്കുന്നുണ്ടോ എന്നാണ് കാതലായ ഒരു ചോദ്യം. സംരക്ഷിക്കാത്തത് ഭരണഘടനയല്ല, അതെടുത്തു പെരുമാറുന്ന സർക്കാരുകളും കോടതികളുമാണ് എന്ന് പരിശോധിച്ചാൽ വ്യക്തമാകും. എത്ര നല്ല ഭരണഘടന ആണെങ്കിലും അത് പെരുമാരുന്നവർ മോശമാണെങ്കിൽ  അത് പ്രയോജനരഹിതമാകുമെന്ന മുന്നറിയിപ്പ് നൽകിയതും അംബേദ്ക്കർ ആണ്. 

തൊഴിലാളികളുടെ അവകാശങ്ങളിൽ അധിഷ്ഠിതമായ ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പമാണ് നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്നത്. ഭരണഘടനയുടെ നാലാം ഭാഗം മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശക തത്വങ്ങളുടെ ദിശാ സൂചനയും ഇതേവഴിയിലാണ്. അനുച്ഛേദം 38, 39, 41, 42, 43, 43(എ) എന്നിവ ഓര്‍മപ്പെടുത്തുന്നത് സാമൂഹ്യ നീതിയും വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും തൊഴിലാളി ക്ഷേമവും ഉറപ്പുവരുത്താനുള്ള ഇന്ത്യന്‍ സ്റ്റേറ്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തെയാണ്. എന്നാൽ നമ്മുടെ ഭരണകർത്താക്കളും നീതിന്യായ വ്യവസ്ഥിതിയും ഭരണഘടനയിൽ അന്തര്ലീനമായ രാഷ്ട്രീയ പദ്ധതിയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നില്ല.  

വളരെ ലളിതമായ ഒരുദാഹരണം പറയാം. സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്ന ഹൈകോടതി പരാമർശത്തിന് ശേഷം അവകാശ സരക്ഷണത്തിനായുള്ള നിരന്തര സമര/പ്രചാരണ പരിപാടികളുമായി ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്തുണ്ട്. ഇടതു രാഷ്ട്രീയകക്ഷികൾക്കും കോടതി നിലപാടിനോട് യോജിപ്പില്ല. യഥാർത്ഥത്തിൽ 2003-ലെ രംഗരാജൻ കേസിലെ സുപ്രീംകോടതിയുടെ നീതിരഹിതമായ ഒരു ഉത്തരവാണ് വിഷയങ്ങൾ ഇത്ര വഷളാക്കിയത്. 

ഇതിനൊരു മറുവശമുണ്ട്. 

സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാനുള്ള “നിയമപരവും ധാർമികവുമായ” അവകാശമില്ലെന്നാണ് കോടതി പറഞ്ഞത്. വ്യവസായ തൊഴിലാളികളോടാണെങ്കിൽ അങ്ങനെ പറയില്ല, കാരണം ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ടസ് നിയമത്തിന്റെ വകുപ്പ് 23, 24 എന്നിവയിലൂടെ വ്യവസായ തൊഴിലാളികൾക്ക് സമരം ചെയ്യാനുള്ള അവകാശം നിര്വചിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ നിയമപരമായ അവകാശമാണത്. അതു നിഷേധിക്കാൻ കോടതിയ്ക്ക് കഴിയില്ല. 

എന്നാൽ കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അത്തരമൊരു പരിരക്ഷയില്ല. അവരുടെ അവകാശം, നിയമം മൂലം അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല, അതു സംബന്ധിച്ച് ഒരു നിയമം പോലുമില്ല. ‘പെരുമാറ്റ ചട്ടങ്ങൾ’ മാത്രമേയുള്ളു.   ഭരണഘടനയുടെ അനുച്ഛേദം 309 പ്രകാരം വിജ്ഞാപനം ചെയ്ത സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് ഈ നിയന്ത്രണങ്ങളൊക്കെ നടപ്പാക്കുന്നത്. ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ സംബന്ധിച്ച നിയമനിര്‍മാണം നടക്കും വരെ അനുയോജ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ എക്‌സ്‌ക്യൂട്ടീവിനെ അധികാരപ്പെടുത്തതാണ് അനുച്ഛേദം 309. 1957ല്‍ ഇന്ത്യാ ഗവണ്മെന്റ് ‘കേന്ദ്ര സിവില്‍ സര്‍വീസ് കോണ്ടക്ട് റൂള്‍സ്’ ഭേദഗതി ചെയ്ത് വകുപ്പ് 34 (എ) കൂട്ടിച്ചേര്‍ക്കുന്നതോടെയാണ് ഇവിടെ സമരം നിരോധിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലും സമാനമായ ചട്ടങ്ങൾ വന്നു. അതുവരെ രാജ്യത്തു സമരങ്ങള്‍ നിയമവിരുദ്ധമായിരുന്നില്ല.

രാജ്യം സ്വതന്ത്രമായി 75 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ജീവനക്കാരുടെ സേവനവ്യവസ്ഥയെ/പെരുമാറ്റത്തെ ഒക്കെ നിയന്ത്രിക്കുന്ന ഒരു നിയമം ഇല്ലാതെ പോയത്? ഇൻഡസ്ട്രീസ് ആക്റ്റിൽ എന്നപോലെ നിയമത്തിൽ സമരത്തിനുള്ള അവകാശം വ്യവസ്ഥ  ചെയ്യാമായിരുന്നല്ലോ. ഒരു ഗവണ്മെന്റും അതു ചെയ്തില്ലല്ലോ. നിയമം ഇല്ലെങ്കിൽ, ചട്ടങ്ങളിൽ മാറ്റം വരുത്താമായിരുന്നല്ലോ. ഇപ്പോഴും വിവിധ സംഘടനകൾ സമര-അവകാശത്തിനു വേണ്ടി കാമ്പയിനുകൾ നടത്തുന്നുണ്ട്. രാഷ്ട്രീയ നേതൃത്വം അവയെ പിന്തുണച്ചു പ്രസംഗിക്കുന്നുണ്ട്. പറയുന്നതിനോട് ആത്മാര്ഥതയുണ്ടെങ്കിൽ ചട്ടങ്ങൾ ഭേദഗതി ചെയ്ത്, അല്ലെങ്കിൽ നിയമ നിർമാണം നടത്തി ‘സമരം ചെയ്യാനുള്ള അവകാശം’ സ്ഥാപിച്ചു കൊടുത്താൽ പോരെ? ഏതു കോടതിക്കാണ് അതു തടയാൻ കഴിയുക? ഡ്രാക്കോണിയൻ ചട്ടങ്ങൾ ഉണ്ടാക്കി വച്ചിട്ട് ഭരണഘടനയെ പഴി പറയുന്നതിൽ എന്തു കാര്യം? ഇതു മുഴുവൻ ഭരണഘടനാ വിരുദ്ധതയാണ്. തൊഴിലാളി വിരുദ്ധതയുമാണ്. ഇതിന് ഉത്തരവാദി ഭരണഘടന  കൈകാര്യം ചെയ്തവരാണ്. ഭരണഘടനയല്ല. 

ഇന്ത്യ വലിയ വിപ്ലവങ്ങളൊന്നും നടന്നിട്ടുള്ള രാജ്യമല്ല. ഇന്ത്യയിലെ അനിവാര്യമായ വിപ്ലവത്തെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ള പ്രത്യയ ശാസ്ത്രങ്ങളും ഉണ്ടായിട്ടില്ല. മറ്റു ആധുനിക ദേശരാഷ്ട്രങ്ങളിലെ പ്രധാനികളെപ്പോലെ ഇന്ത്യൻ ഭരണഘടനയ്ക്ക് ‘വിപ്ലവ’ത്തിന്റെ പശ്ചാത്തലമില്ല. ശരിക്കു പറഞ്ഞാൽ ഒരു ജനകീയ മുന്നേറ്റത്തിന്റെയോ അതിശക്തമായ ഒരു അധികാരിവർഗ്ഗത്തോടുള്ള പ്രതിരോധസമരത്തിന്റെ മധ്യത്തിലോ ആയിരുന്നില്ല ഇന്ത്യൻ ഭരണഘടനയുടെ നിർമാണ ഘട്ടം. ഒരു ബ്രിട്ടീഷ് നിയമത്തിന്റെ, ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ, നിയമപശ്ചാത്തലത്തിൽ ഉരുവം കൊണ്ടൊരു പ്രക്രിയയാണത്.  വിപ്ലവത്തിന്റെയെന്നല്ല, ഒരു സമരത്തിന്റെ ലാഞ്ചന പോലും ഭരണഘടനാ നിർമാണ പ്രക്രിയയ്ക്ക് ഉണ്ടായിരുന്നില്ല. ഭരണപരമായ ഒരു നടപടിക്രമത്തിന്റെ സ്വഭാവമാണ് അതിനുണ്ടായിരുന്നത്. എന്നാൽ ആ അന്തരീക്ഷത്തിലും, തങ്ങൾ ഭാഗഭാക്കായിരുന്ന സുദീർഘമായ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ആയിരക്കണക്കിന് വർഷങ്ങളുടെ സാമൂഹ്യ വിമോചന പോരാട്ടത്തിന്റെയും വിപ്ലവാത്മകമായൊരു മൂല്യബോധം ഭരണഘടനയിൽ ഉൾച്ചേർക്കുവാൻ അതിന്റെ ശില്പികൾ ബദ്ധശ്രദ്ധരായിരുന്നു. 

ഭരണഘടനാനിര്മാണസഭയിൽ, ഭരണഘടനയുടെ അടിസ്ഥാന രേഖയായ ഉദ്ദേശ്യപ്രമേയം അവതരിപ്പിച്ചുകൊണ്ട് അധ്യക്ഷനായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ പ്രസ്താവിച്ചു. “ഇന്ത്യൻ സാമൂഹിക ഘടനയിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാൻ നാം ആഗ്രഹിക്കുന്നു ഏകാധിപത്യത്തിന്റെ എല്ലാ അവശേഷിപ്പുകളെയും നിർജീവ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയും നാം ഉന്മൂലനം ചെയ്യും.” വൈദേശിക ആധിപത്യത്തിൽ നിന്നും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലേക്കുള്ള രാഷ്ട്രീയ അധികാരം മാറ്റത്തിന്റെ കേവല മാർഗരേഖ മാത്രമല്ല നമ്മുടെ ഭരണഘടന എന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

പിന്നീട് ഡോക്ടർ ബി ആർ അംബേദ്കർ ഭരണഘടനയുടെ അന്തിമരൂപം സഭയിൽ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ കൂടുതൽ കൃത്യതയോടെ അത് വ്യക്തമാക്കിയിട്ടുണ്ട്: “കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് നമ്മൾ തൃപ്തരാകരുത്. രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യം കൂടിയായി മാറ്റി തീർക്കണം, നമ്മൾ. അടിത്തറയായി സാമൂഹിക ജനാധിപത്യം ഇല്ലെങ്കിൽ, രാഷ്ട്രീയ ജനാധിപത്യത്തിന് നിലനിൽക്കാനാകില്ല. സ്വാതന്ത്ര്യത്തെ സമത്വത്തിൽ നിന്ന് വ്യത്യസ്തമായി കാണാൻ കഴിയില്ല; നേരെ തിരിച്ചും. സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തിൽ നിന്ന് വേർപ്പെടുത്തി കാണാനും കഴിയില്ല. 1950 ജനുവരി 26-ന് നമ്മൾ വൈരുദ്ധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് ചൂടുവയ്ക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് തുല്യത കൈവരും, എന്നാൽ സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ ആ സമത്വം നിലനിൽക്കും. രാഷ്ട്രീയത്തിൽ ഓരോരുത്തർക്കും ഓരോ വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം, എന്ന തത്വം നമ്മൾ അംഗീകരിക്കും. എന്നാൽ, നമ്മുടെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളുടെ പ്രത്യേകത കൊണ്ട് എല്ലാ മനുഷ്യർക്കും ഒരേ മൂല്യം നിഷേധിക്കുന്നത് തുടരും. എത്രനാൾ നമ്മൾ ഈ വൈരുദ്ധ്യങ്ങളുടെ ജീവിതം നയിക്കണം? എത്ര കാലം ഇങ്ങനെ സാമൂഹിക സാമ്പത്തിക ജീവിതത്തിൽ സമത്വ നിഷേധം തുടരും? ഒരുപാട് കാലം ഇത് തുടർന്നാൽ അത് നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ കൂടി അപകടത്തിലാക്കും. എത്രയും പെട്ടെന്ന് തന്നെ ഈ വൈരുദ്ധ്യങ്ങൾ നമ്മൾ ഇല്ലാതാക്കണം. ഇല്ലെങ്കിൽ, അസമത്വത്തിന്റെ ദുരിതം പേറുന്നവർ, ഈ സഭ, ഇത്രയേറെ കഷ്ടപ്പെട്ട് രൂപം നൽകിയ ഈ രാഷ്ട്രീയ ജനാധിപത്യ വ്യവസ്ഥിതിയെ തകർത്തെറിയും.”

അതായത് കേവലം രാഷ്ട്രീയ അധികാര കൈമാറ്റത്തിന്റെ നിയമപാലനത്തിന്റെയോ കൈപ്പുസ്തകം ആയല്ല ഭരണഘടന ശില്പികൾ നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. സമഗ്രമായ സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധിയായിട്ടായിരുന്നു. അത് ന്യൂനപക്ഷർക്ക്, ദളിതർക്ക്, സ്ത്രീകൾക്ക് തൊഴിലാളികൾക്ക്, അങ്ങനെ എല്ലാ മർദ്ദിത വിഭാഗങ്ങൾക്കും ചില വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. വിപ്ലവത്തിൻറെ പശ്ചാത്തലമോ,  ഉള്ളടക്കത്തിൽ വിപ്ലവവാചാടോപങ്ങളോ ഇല്ലാതെ തന്നെ, സമൂലമായ സാമൂഹിക മാറ്റത്തിന്,  സമാധാനപരമായ വഴികാട്ടുകയാണ് നമ്മുടെ ഭരണഘടന. രക്തരഹിതമായ ഒരു വിപ്ലവത്തിനുള്ള മാർഗരേഖയാണത്.

അതിൻറെ അർത്ഥം ഉൾക്കൊള്ളുകയോ അതിനനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യാത്തവർ കയ്യടി വാങ്ങാൻ നടത്തുന്ന പ്രസ്താവനാ വൈകല്യങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും, ഫാഷിസം പിടിമുറുക്കി കൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, ഭരണഘടന ഒരു പ്രത്യാശയും വിമോചന രേഖയുമായി മർദ്ദിതജനത നോക്കിക്കാണുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനയെ ഭളള് പറയുകയല്ല, അത് മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ മൂല്യബോധത്തെ ഉയർത്തിപ്പിടിക്കുകയും അതിനു വേണ്ടി പോരാടുകയും ആണ് നാം ചെയ്യേണ്ടത്. അതിനെതിരെ നിൽക്കുന്നവർ ഈ രാജ്യത്തെയും ജനതയെയും ഒറ്റുകൊടുക്കുന്നവരാണ്.

article was first publishd in DoolNews on 12/07/2022

LEAVE A REPLY

Please enter your comment!
Please enter your name here