ആരാണ് നീതിയുടെ കാവലാളാകുക?

“സ്വതന്ത്രരായ ന്യായാധിപരും ശബ്ദമുണ്ടാക്കുന്ന  മാധ്യമപ്രവർത്തകരും ജനാധിപത്യത്തിന്റെ അനിവാര്യതകളാണ് എന്ന് പറയാറുണ്ട്. എന്നാൽ ഇന്ന് ചിലപ്പോഴെങ്കിലും സ്വതന്ത്ര മാധ്യമപ്രവർത്തകരും ശബ്ദിക്കുന്ന ന്യായാധിപരുമാണ് ജനാധിപത്യത്തിന്റെ ആദ്യത്തെ പ്രതിരോധനിര” റാം നാഥ് ഗോയെങ്ക അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട ജസ്റ്റിസ്. രഞ്ജൻ ഗോഗോയ് പറഞ്ഞതാണിത്. അതിനും ഏതാനും ദിവസങ്ങൾ മുൻപാണ്,   ജ . ചെലമേശ്വർ,   ജ. ലോകുർ,   ജ.  കുരിയൻ ജോസഫ് എന്നിവർക്കൊപ്പം അന്നത്തെ ചീഫ് ജസ്റ്റിസിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ, ഇന്ത്യൻ ജനാധിപഥ്യം അപകടത്തിലാണ് എന്ന് പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ചരിത്രപരമായ പത്ര സമ്മേളനം നടത്തിയത്. പിന്നീട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി അദ്ദേഹം അധികാരമേൽക്കുമ്പോൾ, ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുവർണ കാലഘട്ടത്തിനു നാന്ദികുറിക്കുകയാകും എന്ന് കരുതിയവരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കുന്നതാണ് സുപ്രീംകോടതിയിൽ നിന്നും പുറത്തു വരുന്ന പുതിയ വാർത്തകൾ. 

സുപ്രീം കോടതിയിലെ ഒരു മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീക പീഡന ആരോപണമുന്നയിക്കുന്നു. കേവലം ആരോപണമല്ല, ശ്രവ്യ-ദൃശ്യ തെളിവുകളും രേഖകളുമെല്ലാം ഉൾപ്പെടെയാണ് പരാതി. അതിന്റെ ശരിതെറ്റുകളിലേക്ക് കടക്കേണ്ട സമയമല്ലിത്. ചിലപ്പോൾ പരാതി വ്യാജമായിരിക്കാം; അല്ലായിരിക്കാം, പക്ഷെ സുപ്രീം കോടതിയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നാട്ടിൽ നീതി നടപ്പിലാകുന്നു എന്ന പ്രതീതി ജനങ്ങളിൽ ജനിപ്പിക്കാൻ പോന്നതാണോ എന്ന സന്ദേഹം ബാക്കിയാക്കുന്നു.. 

പരാതി സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം ഒരു പൊതു താത്പര്യ ഹർജിയായി കോടതി സ്വമേധയാ  കേസ് പരിഗണിക്കുന്നു. ഒരു മൂന്നംഗ ബഞ്ച് രൂപീകരിക്കുന്നു, അതും ആരോപണ വിധേയനായ  ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ. തന്റെ വ്യക്തി മഹാത്മ്യത്തെക്കുറിച്ചും ആരോപണം ഉന്നയിച്ച സ്ത്രീയുടെ കളങ്കിത പശ്ചാത്തലത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് വാചാലനാകുന്നു. അറ്റോർണി ജനറലും സോളിസിറ്റർ ജനറലും ഒപ്പം ചേരുന്നു. ഇന്ത്യാ ഗവണ്മെന്റിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറിലിനൊക്കെ ഈ കേസിൽ എന്താണ് കാര്യം എന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ചോദിച്ചതായി കണ്ടു. ബെഞ്ചിൽ ഒരു വനിതാ അംഗം പോലും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒടുവിൽ ഞങ്ങൾ ഉത്തരവൊന്നും പുറപ്പെടുവിക്കുന്നില്ല എന്ന് പറയുന്നു. പിന്നാലെ മാധ്യമങ്ങളെ നന്നായി ഉപദേശിച്ചുകൊണ്ട്, ‘ഉത്തരവല്ലാത്ത ‘ ഉത്തരവ് പുറത്തു വരുന്നു പുറത്തു വന്ന ഉത്തരവിൽ തലേന്നാൾ വാദം കേട്ട മൂന്നു ജഡ്ജിമാരിൽ ജസ്റ്റിസ് ഗൊഗോയിയുടെ പേര് മാത്രം, സ്വന്തം  കേസിൽ ആരും സ്വയം ന്യായാധിപകനാകാൻ പാടില്ല എന്ന നീതിയുടെ പ്രാഥമിക തത്വം ഒരു പക്ഷെ ഓര്മ വന്നതുകൊണ്ടായിരിക്കാം, ഇല്ലെന്നു വരുന്നു. 

നടപടികൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഉടനെ മറ്റൊരു ബഞ്ച് രൂപീകരിക്കുകയാണ്. ചീഫ് ജസ്റ്റിസിനെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചന ഉണ്ട് എന്ന ഒരു അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അതേക്കുറിച്ച് അന്വേഷിക്കാൻ. പോലീസ്, സി.ബി.ഐ., ഐ.ബി. ഉദ്യോഗസ്ഥരെ എല്ലാം കോടതിയിൽ വിളിച്ചു വരുത്തുന്നു. സമിതി രൂപീകരിക്കപ്പെട്ടത് ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട് എന്ന മുൻവിധിയിൽ   നിന്നാണ് എന്നേ അന്നത്തെ കോടതിമുറിയിൽ വാദങ്ങളിൽ ശ്രവിച്ച ആർക്കും തോന്നൂ. സമാന്തരമായി വനിതാജീവനക്കാരിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു ആഭ്യന്തര പാനലും രൂപീകരിക്കുന്നുണ്ട്. ഒരേസമയം ഒരേ കേസിൽ രണ്ടു സമിതികൾ.     അതിനിടെ പരാതി അന്വേഷിക്കാൻ രൂപീകരിച്ച സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച പൊതു പ്രസ്താവന നടത്തിയ  ഒരു അംഗത്തിന് പിന്മാറേണ്ടി വരുന്നു. മറ്റൊരു സഹപ്രവർത്തകയെ ഉൾപ്പെടുത്തി സമിതി അന്വേഷണവുമായി മുന്നോട്ടു പോകുന്നു. 

ഈ സമിതി അനൗപചാരിക സമിതിയാണ് എന്നാണ് നമ്മൾ അറിയുന്നത്. അതുകൊണ്ടു തന്നെ ഉത്തരം കേസുകളിൽ നിയമപരമായി പാലിക്കേണ്ട പല നടപടിക്രമങ്ങളും പാലിക്കപ്പെടുന്നില്ല. നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം ഇല്ല, സത്യവാങ്മൂലങ്ങളുടെ പകർപ്പ് പരാതിക്കാരിക്ക് ലഭ്യമാകുന്നില്ല, പരാതിക്കാരിക്ക് ഒരു അഭിഭാഷകന്റെ സേവനം അനുവദിക്കുന്നില്ല.  ഇതിൽ പ്രതിഷേധിച്ച പരാതിക്കാരി സമിതിയുടെ നടപടികളോട് സഹകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്നു. മുതിർന്ന നിയമജ്ഞരും സ്ത്രീസംഘടനകളും സുപ്രീം കോടതിയിലെ തന്നെ വിവിധ അഭിഭാഷക സംഘടനകളും നടപടിക്രമങ്ങളോ ചട്ടങ്ങളോ ഇല്ലാത്ത അന്വേഷണ സംവിധാനത്തോടുള്ള പ്രതിഷേധം അറിയിക്കുന്നു. മറ്റൊരു സുപ്രീം കോടതി ജഡ്ജിയായ, ജസ്റ്റിസ് ചന്ദ്രചൂഡ് ആദ്ദേഹത്തിന്റെ അതൃപ്തി സമിതിയെ അറിയിച്ചു എന്ന് വാർത്തകൾ വരുന്നു. സമിതിയിൽ പുറത്തു നിന്നുള്ള ഒരു അംഗം കൂടി വേണം എന്നുള്ള ആവശ്യം കൂടി അംഗീകരിക്കപ്പെടുന്നില്ല. വേറെ ഏതൊരു സ്ഥാപനത്തിലായാലും സ്ഥാപനമേധാവിക്കെതിരെ ഒരു ആരോപണമുയർന്നാൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ മാത്രം ഉൾപ്പെട്ട ഒരു സമിതി രൂപീകരിച്ച അന്വേഷണം നടത്തുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്ക്. ഏതെങ്കിലും കോടതിയിൽ അത് നിലനിൽക്കുമോ? 

എന്തായാലും, പരാതിക്കാരിയെ കേൾക്കുക പോലും ചെയ്യാതെ,  ഒരാഴ്ചകൊണ്ട് സമിതി അന്വേഷണം അവസാനിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു. ഇതറിയിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു; 2003 -ലെ ഒരു കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുന്നതല്ല എന്ന്. കർണാടക ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച ഒരു കേസിലായിരുന്നു പ്രസ്തുത വിധി. ആ കേസിൽ പോലും കർണാടക ഹൈക്കോടതിയിലേതല്ലാത്ത അംഗങ്ങൾ ഉൾപ്പെട്ട സമിതിയായിരുന്നു അന്വേഷണം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 

നീതി നടപ്പാക്കുകയെന്നത് മാത്രമല്ല നീതി നടപ്പാക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുകയും വേണം എന്ന് പറഞ്ഞത് ലോർഡ് ഹേവാർട്ട് ആണ്. ഇവിടെ ഇക്കാര്യത്തിൽ നമ്മുടെ സുപ്രീംകോടതി സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും. ഒന്നാമതായി സ്വന്തം കേസ് ചീഫ് ജസ്റ്റിസ് സ്വയം കേൾക്കുകയും പരാതിക്കാരിക്കെതിരെ ജഡ്ജിയായിരുന്നുകൊണ്ട് പരസ്യവ്യക്തിഹത്യ നടത്തുകയും ചെയ്തു. രണ്ട്, യാതൊരു മാനദണ്ഡങ്ങളും വ്യക്തമാക്കാതെ ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു. മൂന്ന്, സമാന്തരമായി പരാതിക്കാരിക്കെതിരെ ഗൂഡാലോചനാ സിദ്ധാന്തം അന്വേഷിക്കുവാൻ മറ്റൊരു സമിതികൂടി ഉണ്ടാക്കി. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ ആദ്യ സമിതിയ്ക്ക് തന്നെ ഇക്കാര്യം അന്വേഷിച്ചുകൂടെ, സമാന്തരമായി നടക്കുന്ന അന്വേഷണം മറ്റു സമിതിയെ സ്വാധീനിക്കില്ലേ എന്നൊന്നും ചോദിക്കരുത്; ഇത് സുപ്രീംകോടതിയാണ്. നാല്, പരാതിക്കാരിക്ക് അഭിഭാഷകനെ അനുവദിക്കാതെ, സാധാരണഗതിയിൽ ഇത്തരം പരാതികളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒക്കെ ഉപേക്ഷിചാണ് ‘അനൗദ്യോഗിക ശമിതി അന്വേഷണം നടത്തിയത്. അഞ്ച്, സമിതിയിൽ ചീഫ് ജസ്റ്റിസിന്റെ സഹപ്രവർത്തകരല്ലാതെ പുറത്തു നിന്നുള്ള ഒരംഗം പോലും ഉണ്ടായിരുന്നില്ല. ആറ്, പരാതിക്കാരിയുടെ വാദം കേൾക്കാതെ തന്നെ സമിതി അന്വേഷണം പൂർത്തിയാക്കി ആരോപണവിധേയനെ കുറ്റവിമുക്തനാക്കി. ഏഴ്, അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല എന്ന് പ്രഖ്യാപിച്ചു. അങ്ങനെ ഏതൊരു ഉത്തരവിലും ഉത്തരവിനാധാരമായ കാര്യകാരണങ്ങൾ സമർത്ഥിക്കപ്പെടേണ്ടതുണ്ട് എന്ന പ്രാഥമിക നീതിതത്വം തമസ്കരിക്കപ്പെട്ടു. 2003-ലെ ‘ഇന്ദിര ജയ്‌സിംഗ് vs സുപ്രീംകോടതി’-യ്ക്ക്   ശേഷം കാലം ഒരുപാട് മുന്നോട്ടുപോയിയെന്നും 2005-ൽ വിവരാവകാശ നിയമം നിലവിൽ വന്നു എന്നുമൊക്കെയുള്ള കാര്യങ്ങൾ നമുക്ക് മറക്കാം. നീതിചക്രത്തിന് എന്തൊരു വേഗത എന്ന് അത്ഭുതം കൂറാം.

ഇന്ത്യയിലെ സാധാരണ പൗരന്റെ അവസാനത്തെ അഭയകേന്ദ്രമാണ് സുപ്രീം കോടതി, ഭരണഘടനയുടെ, നീതിയുടെ, സത്യത്തിന്റെ കാവലാളാകേണ്ട സ്ഥാപനം. അവിടെ നീതി നടപ്പിലാക്കുന്നു എന്ന തോന്നൽ ഉണ്ടായില്ല എങ്കിൽ അത് ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യം എന്ന നിലയിൽ രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്.  ഈ സംഭവവികാസങ്ങൾ കോടതിയിൽ ഉള്ള പൊതുസമൂഹത്തിന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ ഒരു തരത്തിലും സഹായകരമാകില്ല എന്നതാണ് ദുഖകരമായ സത്യം. ഇനി ആരാണ് നീതിയുടെ കാവലാളാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here