കൊറോണക്കാലത്തെ ഇന്ത്യ; വിശപ്പും സ്വാതന്ത്ര്യവും

ജനാധിപത്യത്തിന് തെരഞ്ഞെടുപ്പുകൾ എന്നുകൂടി അർത്ഥമുണ്ട്. അഞ്ചുവർഷം കൂടുമ്പോൾ നടത്തുന്ന കേവല ആചാരം മാത്രമല്ല അത്. രാഷ്ട്രവ്യവവഹാരങ്ങളുടെ തെരഞ്ഞെടുപ്പാണത്; ആശയങ്ങളുടെ, ദർശനങ്ങളുടെ, നയങ്ങളുടെ, സമീപനങ്ങളുടെ ഒക്കെ തെരഞ്ഞെടുപ്പ്. എന്നാൽ അസാധാരണമായ ചരിത്ര സന്ധികളിൽ തെരഞ്ഞെടുപ്പുകൾ അസാധ്യമാകുന്നു. ദേശതാത്പര്യത്തെക്കുറിച്ചു മാത്രമാണ് സംസാരം. സർക്കാർ ഒരു തീരുമാനം എടുക്കുന്നു, പ്രതിപക്ഷം അതിനെ പിന്താങ്ങുന്നു, ജനങ്ങൾ അത് അനുസരിക്കുന്നു. ചർച്ചകൾ ഇല്ല. സംവാദങ്ങൾ ഇല്ല. പഠനങ്ങൾ ഇല്ല. തെരഞ്ഞെടുപ്പുകൾ ഇല്ല. ഒരു രാഷ്ട്രവ്യവഹാരം എന്ന അർത്ഥത്തിൽ ജനാധിപത്യം റദ്ദു ചെയ്യപ്പെടുന്നു. 
കൊറോണ എന്ന മഹാമാരി നമ്മളെ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുന്നത് അത്തരമൊരു ഘട്ടത്തിലാണ്. ചരിത്രത്തിൽ സമാനതകൾ ഏറെയില്ലാത്ത ഒരു സ്നിഗ്ധ ഘട്ടത്തിൽ. “നമ്മൾ ഒരു യുദ്ധമുഖത്താണ്” എല്ലാ രാഷ്ട്ര നേതാക്കളും പറയുന്നു. സാധാരണ നിലയിൽ മാസങ്ങളുടെയോ വർഷങ്ങളുടെയോ കൂടിയാലോചനകൾ വേണ്ടി വരുന്ന തീരുമാനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ എടുക്കുന്നു. നടപ്പിലാക്കുന്നു. മഹാമാരി എല്ലായിടങ്ങളിലും ഏറെക്കുറെ സമാനമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നുവെങ്കിലും രാഷ്ട്രങ്ങളുടെ പ്രതികരണങ്ങൾ പലതരത്തിൽ ആണ്. ചിലർ സമ്പൂർണമായി രാജ്യം അടച്ചിടുന്നു. ചിലർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. മറ്റുചിലർ മിലിറ്ററി സർവേയിലൻസ് സംവിധാനങ്ങൾ വ്യാപകമാക്കുന്നു. ഒരു കാര്യത്തിൽ മാത്രമാണ് രാജ്യങ്ങൾക്ക് പൊതുവെ ഏകതാനതയുള്ളത്. ആരംഭത്തിലെ നിഷ്ക്രിയത്വമാണത്! 
ഭരണകൂട നിസ്സംഗത
ചൈന മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ വലിയ വീഴ്ചകൾ വരുത്തിയതായി കാണാം. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി ഇങ്ങനെയൊരു പുതിയ വൈറസ് വ്യാപനം ഉണ്ടെന്നു തിരിച്ചറിഞ്ഞു മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലീ വേൻലിയാങിനെ സമൂഹത്തിൽ പരിഭ്രാന്തിയുണ്ടാക്കുന്ന അസത്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി  ശിക്ഷിക്കാനാണ് അവിടുത്തെ ഏകാധിപത്യ ഭരണകൂടം ശ്രമിച്ചത്. തുടർന്ന് ഇത് സർക്കാർ ടെലിവിഷൻ ചാനലിലൂടെ പ്രദർശിപ്പിച്ചു. പുതിയതരം ന്യൂമോണിയ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല എന്നു ഔദ്യോഗിക അറിയിപ്പ് നൽകി വുഹാൻ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. പിന്നീട് മൂന്നാഴ്ച ഈ വ്യാജ പ്രസ്താവന തുടർന്നു. ലോകാരോഗ്യ സംഘടനയോടും കളവ് പറഞ്ഞു. ചൈനക്കാർ  അഭംഗുരം ലോകസഞ്ചാരം തുടർന്നു. ജനങ്ങൾ പരസ്പരം ഇടപഴുകി. ഇക്കാലയളവിൽ അസുഖം ലോകം മുഴുവൻ വ്യാപിച്ചു. വിവരങ്ങൾ മറച്ചു വയ്ക്കാനുള്ള ശ്രമത്തിലൂടെ വിലപ്പെട്ട ദിവസങ്ങൾ ചൈന നഷ്ടപ്പെടുത്തി. ഒടുവിൽ കാര്യങ്ങൾ കൈവിട്ടു എന്നുവന്നപ്പോൾ ഒരു ഏകാധിപത്യ രാജ്യത്തിനു മാത്രം സാധിക്കുന്ന ഭീകരമായ തരത്തിൽ രോഗത്തെ അടിച്ചമർത്തുകയായിരുന്നു.
പിന്നീട് രോഗകേന്ദ്രമായി മാറിയ ഇറ്റലിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും സമാനമായ അലംഭാവം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായി. ആശുപത്രികളിൽ പോലും അവശ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ഭരണകൂടം തയ്യാറായില്ല. മലിന്യനിക്ഷേപത്തിനുള്ള പ്ലാസ്റ്റിക്ക് കൂടുകൾ വെട്ടിയൊട്ടിച്ചു സുരക്ഷാ വസ്ത്രങ്ങൾ ഉണ്ടാക്കി ജോലിചെയ്യേണ്ടി വരുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ദുരിതം നമ്മൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയിൽ പോലും കാണുകയാണ്. ഇന്ത്യയിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല.
ഇന്ത്യയുടെ പ്രതികരണം
ജനുവരി 21ന് ചൈന കോവിഡ് ഒരു മഹാമാരിയാണ് എന്നു പ്രഖ്യാപിച്ചതാണ്. ഉടനെ ലോകാരോഗ്യ സംഘടനയുടെ അറിയിപ്പും എത്തി. ജനുവരി 24 ആയപ്പോഴേക്കും ഇതൊരു ആഗോള പ്രശ്നമാകും എന്ന മുന്നറിയിപ്പ് വന്നു. മാർച്ച് 13-ന് രോഗത്തിന്റെ പുതിയ പ്രഭവകേന്ദ്രം ഇറ്റലി ആണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഫെബ്രുവരി 23-ന് തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച പത്രക്കുറിപ്പ് ഇറക്കിയിരുന്നതാണ്. എന്നിരുന്നാലും, യാത്രാ വിലക്കുകൾ നേരത്തെ ഏർപ്പെടുത്തി എന്നല്ലാതെ മറ്റു തയ്യാറെടുപ്പുകൾ ഒന്നും ഇന്ത്യാ ഗവണ്മെന്റും സ്വീകരിച്ചിരുന്നില്ല എന്ന് ഇപ്പോൾ മനസിലാക്കുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുകയും വളരെ നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത കേരളം മാത്രമാണ് ഒരു അപവാദം. പക്ഷെ പല കാര്യങ്ങളിലും ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന വിഷയം അല്ല ഇത്. ഉദാഹരണത്തിന് കൊറോണ പരിശോധന സംവിധാനങ്ങൾ പൂർണമായും കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തിലാണ്. കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുൾപ്പടെ ആവശ്യപ്പെടുന്നത് നിരന്തരമായ, സാർവത്രികമായ രോഗനിർണയമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ പോരായ്മയും ആവശ്യത്തിന് ടെസ്റ്റിങ് സൗകര്യങ്ങൾ ഇല്ലാത്തതാണ്. പക്ഷെ ഗവണ്മെന്റ് ഉണർന്നത് വളരെ വൈകിയാണ്. ടെസ്റ്റിംഗും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും ഒരുക്കുന്നതിൽ വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. അതിലേറെ ഗുരുതരമായ പ്രശ്നം പെട്ടെന്നുള്ള ലോക്ക്ഡൗണ് പ്രഖ്യാപനവും പൊതുഗതാഗത നിരോധനവും ഉണ്ടാക്കാൻ പോകുന്ന വലിയ മാനുഷിക ദുരിതം മുൻകൂട്ടി കാണാൻ കഴിയാതിരുന്നതാണ്. അതിന് ഉതകുന്ന പരിഹാര നടപടികൾ സ്വീകരിക്കാതിരുന്നതാണ്.
ലോക്ക്ഡൗണ് ഭരണതലത്തിൽ ഏറ്റവും ഏളുപ്പത്തിൽ എടുക്കാൻ  കഴിയുന്ന തീരുമാനമാണ്. മറ്റു മുന്നൊരുക്കങ്ങൾക്ക് ഒരുപാട് കൂടിയാലോചനകളും പഠനങ്ങളും ദിശാബോധമുള്ള നേതൃത്വവും അനിവാര്യമാണ്. മാത്രമല്ല, തങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന പ്രതീതി അനായാസം സൃഷ്‌ടക്കാനും കഴിയും. യുദ്ധകാലാടിസ്ഥാത്തിൽ ഉള്ള നടപടികൾ ആണെന്നാണ് പൊതു അഭിപ്രായം. നമ്മൾ ഒരു യുദ്ധമുഖത്താണ് എന്ന് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ആവർത്തിച്ചു പറയുന്നു. ലോകരാജ്യങ്ങളെല്ലാം യുദ്ധങ്ങൾക്കും ആയുധങ്ങൾക്കും വേണ്ടി നീക്കി വയ്ക്കുന്ന തുകയുടെ ഒരു ഭാഗമെങ്കിലും പൊതു ജന ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നീക്കി വച്ചിരുന്നെങ്കിൽ ഇത്രമേൽ ഭീകരമായ ഒരു ദുരിതമുഖത്തിലേക്ക് ലോകജനത നീങ്ങില്ലായിരുന്നു. പ്രശ്നം കൊറോണ എന്ന മഹാമാരി മാത്രമല്ല, പട്ടിണി കൂടിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് പട്ടിണി മൂലമാണ്. വിശപ്പ്, ഭീകരമായ അവസ്ഥയാണ്. അത് അനുഭവിക്കാത്തവർക്ക് മനസിലാക്കാൻ ഏറെ ബുദ്ധിമുട്ടുമാണ്. നമുക്കു ചുറ്റും ഒന്നു കണ്ണു തുറന്നു നോക്കുക.
നമ്മുടെ തെരുവുകൾ ഒരു പക്ഷെ വിഭജനത്തിന്‌ ശേഷം രാജ്യം കണ്ട   ഏറ്റവും വലിയ കൂട്ട പലായനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഏറ്റവും ദരിദ്രരായ മനുഷ്യർ, കൂലിവേലക്കാർ, റിക്ഷ ചവിട്ടുന്നവർ, വഴി വാണിഭക്കാർ, തോട്ടിപ്പണി ചെയ്യുന്നവർ, ജീവിക്കുവാനും കുടുംബം പോറ്റാനും പണിയെടുക്കേണ്ടി വന്നതിനാൽ ബാല്യവും സ്വപ്നങ്ങളും നഷ്ടപ്പെടുത്തേണ്ടി വന്ന അനേകം ബാലകർ…എല്ലാവരും പരിഭ്രാന്തരായി ഇന്നലെവരെ തങ്ങൾക്ക് അഭയമായിരുന്ന മഹാനഗരങ്ങളും തൊഴിലിടങ്ങളും വിട്ട് സ്വന്തം ഗ്രാമങ്ങളുടെ നിത്യ ദാരിദ്ര്യത്തിലേക്ക് പോകുകയാണ്.  ഇതിനു മുൻപ് സമാനമായ കാഴ്ച നമ്മൾ കണ്ടത് നോട്ടുറദ്ദാക്കലിനെ തുടർന്നായിരുന്നു. അന്ന് പക്ഷേ, യാത്ര ചെയ്യാൻ വാഹനങ്ങൾ എങ്കിലും ഉണ്ടായിരുന്നു. ഇന്ന് അവർ നടക്കുകയാണ്. കൈയിൽ കിട്ടിയതെല്ലാം വാരിക്കെട്ടി, തലയിലേന്തി സ്ത്രീകളും കുഞ്ഞുങ്ങളും, ഇതരശേഷിക്കാരും എല്ലാം… മുന്നൂറും നാനൂറും കിലോമീറ്റർ വരെ നടക്കേണ്ടി വരുന്നവർ ഉണ്ട്. “ഞങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടു. പൊയ്ക്കോളാനാണ് പറഞ്ഞിരിക്കുന്നത്. കിടക്കാൻ ഇടമില്ല, ഭക്ഷണമില്ല, ഗ്രാമത്തിലാണെങ്കിൽ വെള്ളമെങ്കിലും കിട്ടുമല്ലോ.” അവർ  പറയുന്നു.
 മാർച്ച് 24-ന് രാത്രി എട്ടു മണിക്ക് ഒരു മുന്നറിയിപ്പുമില്ലാതെ, കൊറോണ രോഗം പടർന്നു പിടിക്കുന്നതുകൊണ്ട്  രാജ്യം മുഴുവൻ അടിച്ചിടുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനൊപ്പം നിശ്ചലമായതാണ് അവരുടെ ജീവിതം.നമുക്ക് പരിചിതമല്ലാത്ത ഒരു അനുഭവമാണിത്, ചരിത്രത്തിൽ സമാനതകൾ ഏറെയില്ലാത്തത്. പ്രശ്‌നപരിഹാരത്തിന് ഗവൺമെന്റുകൾ ഒരുപാട് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, കേരളത്തിലേതുപോലെയല്ല ഇന്ത്യയിലെ പൊതു സാഹചര്യം. എൺപതു കോടി ദരിദ്രർ ഉള്ള രാജ്യമാണ്. അതിൽ സിംഹഭാഗത്തിനും ദിവസേന 100 രൂപയിൽ താഴെയാണ്. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ നാലിൽ മൂന്നു ഭാഗവും അസംഘടിത  മേഖലയിലാണ്. സാധാരണ സാഹചര്യത്തിൽ പോലും പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങൾ ഇരുപതു കോടിയിലേറെയാണ്. കോടിക്കണക്കിനു കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട്. പതിനെട്ടു ലക്ഷം മനുഷ്യർ തലചായ്ക്കാൻ ഒരു കൂര പോലും ഇല്ലാത്തവരാണ്. ഈ കണക്ക് കുറവാകാനാണ് സാധ്യത. 2011-ലെ സെൻസസ് വിവരമാണ്. ഡൽഹിയിലെ മാത്രം കണക്കെടുത്താൽ 2011-ലെ സെൻസസ് പ്രകാരം 46724 ഭവന രഹിതരാണ് ഉള്ളത്. എന്നാൽ ദൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 1.5 ലക്ഷം മനുഷ്യരാണ് വീടില്ലാതെ ജീവിക്കുന്നത്. അങ്ങനെ നോക്കിയാൽ രാജ്യത്ത് എത്രയോ കോടി ഭവനരഹിതർ ഉണ്ടായേക്കാം. വീടുള്ളവരിൽ തന്നെ അഞ്ചു ശതമാനം ആളുകൾക്കാണ് സ്വന്തമായി ഒറ്റയ്ക്കൊരു മുറി ഉള്ളത്. ഒരു കൊച്ചു വീട്ടിൽ അഞ്ചും പത്തും ആളുകൾ താമസിക്കുന്നതാണ് കൂടുതലും.  ഇത് കേവലം കണക്കുകളല്ല; ജീവിതങ്ങൾ കൂടിയാണ്. 
ഇതെഴുതുമ്പോൾ ലോക്ക്ഡൗണ് മൂലമുള്ള 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മധ്യപ്രദേശിലെ മൊറീന സ്വദേശിയായ രൻവീർ സിംഗ് ആയിരുന്നു ആദ്യ ഇര. ഡൽഹിയിൽ ഡെലിവറിബോയ്‌ ആയി ജോലി ചെയ്യുകയായിരുന്നു ഈ 38 കാരൻ. 368 മിലോമീറ്ററുകൾ താണ്ടി സ്വന്തം കുടുംബത്തിൽ എത്തുവാനുള്ള കാൽനട യാത്രയ്ക്കിടെയാണ് അയാൾ കുഴഞ്ഞു വീണു മരിച്ചത്. വീട്ടിലേക്ക് ഇനിയുമുണ്ടായിരുന്നു 80 കിലോമീറ്റർ. ബിഹാറിൽ വിശന്നു മരിച്ചത് ഒരു 11 വയസുകാരിയാണ്. ഓരോ മരണവും രാജ്യത്തെ ദർദ്രരിൽ ദരിദ്രരായവരോടുള്ള നമ്മുടെ സമീപനത്തെ അടയാളപ്പെടുത്തുന്നുണ്ട്.  
അടച്ചിടലും, ഏകാന്തവാസവും, സാമൂഹ്യ അകലവും എല്ലാം നല്ല രോഗ പ്രതിരോധ മാർഗങ്ങളാണ്; തനിച്ചിരിക്കാൻ വീടും, പട്ടിണികിടക്കാതിരിക്കാൻ പാങ്ങും ഉള്ളവന്. അതിനു കഴിയാത്തവന് ഓരോ ദിവസവും ദുരിതത്തിന്റെ സൂചിമുനയിൽ ആയിരിക്കും ജീവിതം. ഒരു ദിവസം പണിക്കു പോകാൻ പറ്റിയില്ലെങ്കിൽ പട്ടിണിയാകുന്നവരാണ് രാജ്യത്തെ തൊഴിലാളികളിലധികവും. ഈ മനുഷ്യരോടാണ് നമ്മൾ 21 ദിവസം വീട്ടിൽ ഹാൻഡ് വാഷിട്ടു കൈ കഴുകി, ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ഇരിക്കാൻ പറയുന്നത്.  കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ അവർക്കെങ്ങനെ പുറത്തിറങ്ങാതിരിക്കാനാകും?
ഇക്കാര്യത്തിൽ ചൈനയെ മാതൃകയാക്കാൻ നമുക്ക് കഴിയില്ല. അവിടെയുള്ളത് ഒരു ഏകാധിപത്യ ഭരണസംവിധാനമാണ്. ഗവണ്മെന്റിന് സമ്പൂർണ നിയന്ത്രണമുള്ള സംഘടിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ് നിലവിലുള്ളത്. ചൈനയുടെ കൈവശമുള്ള വിഭവങ്ങളും സംവിധാനങ്ങാകും ആരോഗ്യരക്ഷാ സൗകര്യങ്ങളും നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. ഓരോരോ വീട്ടിലും നേരിട്ട് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കുവാനുളള വിപുലമായ വിതരണ ശൃംഖല ചൈനക്കുണ്ട്.
ഗവണ്മെന്റ് പ്രഖ്യാപിച്ച സമാശ്വാസ നടപടികൾ എല്ലാം നല്ലതു തന്നെ. എന്നിരുന്നാലും അത് എത്രപേരുടെ ഇടയിലേക്ക് എത്തും എന്നത് ഒരു ചോദ്യചിഹ്നമാണ്. പൊതുവിതരണ സംവിധാനം വഴി നൽകുന്ന റേഷനുകളും മറ്റും കുടിയേറ്റ/അതിഥി തൊഴിലാളികളിലേക്ക് എങ്ങനെയാണ് എത്തുക? പലരും ഒരു റേഷൻ കാർഡ് പോലും ഇല്ലാത്തവരാണ്. ഉണ്ടെങ്കിൽ തന്നെ അത് അവരുടെ ഗ്രാമങ്ങളിലുള്ള കുടുംബങ്ങളിൽ ആയിരിക്കാനാണ് സാധ്യത. കർഷകർക്ക് പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ  യോജനയുടെ ഭാഗമായി ലഭ്യമാകേണ്ട 2000 രൂപ ആശ്വാസകരമായിരിക്കും, പക്ഷെ ആരാണ് കർഷകൻ എന്നത് ഒരു വലിയ ചോദ്യമാണ്. സ്വന്തമായി ഭൂമി ഇല്ലാത്തവന്, പട്ടയമില്ലാത്ത ഭൂമിയിൽ ജീവിക്കുന്നവന്, പാട്ടത്തിന് കൃഷി ചെയ്യുന്നവന്, ഒക്കെ എങ്ങനെയാണ് ഈ സഹായം ലഭിക്കുക? ജൻ ധൻ അക്കൗണ്ടുകളിലൂടെ നൽകുന്ന 500 രൂപ കൊണ്ട് എത്രനാൾ പിടിച്ചു നിൽക്കാനാകും? നിർമാണ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യം നൽകുന്നുണ്ട്; പക്ഷേ തൊഴിലാളികളിൽ എത്രപേർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്? എൻ.ഡി.ടി.വി.-യിൽ രവീഷ് കുമാർ അത്തരമൊരു അന്വേഷണം നടത്തിയിരുന്നു. പത്തു ലക്ഷം നിർമാണ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് എന്നു കരുതുന്ന ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഏകദേശം അര ലക്ഷം പേർ മാത്രമാണ്. റിക്ഷാ വലിക്കുന്നവർ, ചുമട്ടു തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ അങ്ങനെ എത്രയധികം ആളുകളുടെ ജീവിതമാണ് വഴി മുട്ടി നിൽക്കുന്നത്. ബാലവേല ചെയ്യുന്നവരും തോട്ടിപ്പണിക്കാരും ഒന്നും ഒരു കാരണവശാലും ഒരിടത്തും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരാണ്. എന്നാൽ ഏറ്റവും അവശ വിഭാഗവും അവർ തന്നെ. എന്തു സഹായമാണ് നമുക്ക് നൽകാൻ ആവുക? മഹനഗരങ്ങളിലെ ചേരികളിൽ, ഒരു മുറിയിൽ അഞ്ചും പത്തും ആളുകൾ കഴിയുന്ന ഇടങ്ങളിൽ, ടിൻ ഷീറ്റുകൾക്കു കീഴെ വെന്തുരുകിയെത്രനാൾ അവർ കഴിയണം?
21 ദിവസം കഴിയുമ്പോൾ സ്ഥിതികൾ പഴയപടിയാകും എന്ന് ആർക്കും പറയാനാവില്ല. രാജ്യത്ത് കോവിഡ് മൂന്നാം സ്റ്റേജിലേക്ക്, സാമൂഹ്യ വ്യാപനത്തിന്റെ തലത്തിലേക്ക് എത്തി എന്നാണ് പറയുന്നത്. ആർക്കൊക്കെ എവിടെയൊക്കെ, വ്യാപനം ഉണ്ടായിട്ടുണ്ട് എന്ന് അറിയാനുള്ള ടെസ്റ്റിങ് നമ്മൾ നടത്തിയിട്ടില്ല. യാതൊരു മുന്നൊരുക്കങ്ങളും അവധാനതയും ഇല്ലാതെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നു തോന്നുന്നു. ഇത്തരം സുപ്രധാന വിഷയങ്ങളിലെങ്കിലും രാത്രി 8 മണിക്കുള്ള പ്രൈം-ടൈം നാടകീയതയാണോ രാജ്യത്തിന് ആവശ്യമെന്ന് ഭരണകൂടം ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ആദ്യ പ്രസംഗത്തിന് ശേഷം പതിനായിരക്കണക്കിന് ജനങ്ങളാണ് ഇന്ത്യയുടെ തെരുവുകളിലും, ബൽക്കണികളിലും, അപ്പർട്ട്മെന്റുകളുടെ മുറ്റത്തും പിഞ്ഞാണം കൊട്ടി കോവിഡിനെ ഓടിക്കുവാൻ അണിനിരന്നത്. വിദേശയാത്രികരുമായി യാതൊരു ബന്ധവും കണ്ടെത്താനാകാത്ത ഒരു കോവിഡ് ബാധിതനെ കണ്ടെത്തിയ ഉത്തർപ്രദേശിലെ ഫിലിബിതിൽ, അന്ന് ജില്ലാ മജിസ്ട്രേറ്റും എസ്.പി.യും പാട്ടകൊട്ടി, മുദ്രാവാക്യം വിളിച്ചു നടക്കുന്ന ഒരു ജാഥ നയിച്ചുകൊണ്ടു പോകുന്ന കാഴ്ച നമ്മൾ കണ്ടു. കൈ കൊട്ടൽ കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. എല്ലാ അവസരങ്ങളിലും അദ്ദേഹം അനുവർത്തിക്കാറുള്ള ഒരു സിംബോളിക്ക് ഗിമ്മിക്; അത്രയേ ഉദ്ദേശിച്ചുള്ളൂ. ഇറ്റലിയിലും സ്പെയിനിലും ബ്രസീലിലും ഒക്കെ പൊതുജനം സ്വയം ചെയ്ത ഒരു പരിപാടി പക്ഷെ ഇവിടെ, സർക്കാർ പോളിസി ആയപ്പോൾ കഥമാറി. 
ഈ പറയുന്നതിനെല്ലാം ആത്മീയ-ശാസ്ത്രീയ-സാമ്പത്തിക-രാഷ്ട്രീയ -ദാർശനിക പശ്ചാത്തലം ഉണ്ടെന്നു സ്ഥാപിച്ചെടുക്കാതെ സമാധാനം ഇല്ലാത്ത ഭക്‌തർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കപട ശാസ്ത്രക്കുറിപ്പുകൾ പ്രചരിപ്പിച്ചു. വൈകീട്ട് പാട്ട കൊട്ടിയാൽ വൈറസ് ഇല്ലാതാകും എന്ന് പലരും ആത്മാർത്ഥമായി വിശ്വസിച്ചു. സർക്കാർ അറിയിപ്പുകൾ പൊതു ജനങ്ങളിൽ എത്തിക്കാൻ പലപ്പോഴും പബ്ലിക്ക് റിലേഷൻസ് ഡിപ്പാട്ടമെന്റ് ഉപയോഗപ്പെടുത്താറുള്ള അമിതാഭ് ബച്ചനും രജനീകാന്തും മോഹൻലാലും ഉൾപ്പടെ പല സെലിബ്രിറ്റികളും അത് ഏറ്റു പിടിച്ചു. ഒപ്പം ഇത് ഒരു രാഷ്ട്രീയ ആഹ്വാനം ആയിക്കൂടി പ്രചരിക്കപ്പെട്ടപ്പോൾ കൈകൊട്ടും പിഞ്ഞാണം മുട്ടലും ശക്തിപ്രകടനം കൂടി ആയി. മറ്റു രാജ്യങ്ങളിലെ നേരമ്പോക്കും, ജനങ്ങൾ വിവേകപൂർവ്വം ചെയ്യുന്ന ഒരു അഭിനന്ദന രീതിയും നമ്മുടെ സർക്കാരിന്റെ ഔദ്യോഗിക നയവും പ്രതിരോധ മാർഗവും ആവുന്നതിലെ അപകടം ആണിത്.
രണ്ടാമത്തെ അഭിസംബോധന കഴിഞ്ഞപ്പോൾ വന്നത് അതിലും അപകടകരമായ പാലായനങ്ങളുടെ തുടക്കമാണ്. ഒരുപക്ഷേ, ഈ രാജ്യത്തെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതം മനസിൽ കാണുവാൻ കഴിയുന്ന ആരെങ്കിലും നയരൂപീകരണ തലത്തിൽ ഉണ്ടായിരുന്നെങ്കിൽ ഈ സാഹചര്യം മുന്നിൽ കാണുമായിരുന്നു. ഈ മനുഷ്യരെ പരിഗണിക്കുമായിരുന്നു. അവർക്ക് അതതിടങ്ങളിൽ സുരക്ഷിതമായി പാർക്കുവാനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച് 8 മണി വർത്തമാനത്തിൽ ഒന്നു പരാമര്ശിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഉറപ്പും ആത്മവിശ്വാസവും അവർക്ക് പകർന്നു നൽകുവാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. വിദേശത്തു കുടുങ്ങിയ ഇന്ത്യൻ വംശജർക്ക് ചാർട്ടേഡ് വിമാനം ഒരുക്കിയ ഗവണ്മെന്റ് എന്തുകൊണ്ട് സ്വന്തം നാട്ടിലെ ഈ മനുഷ്യരെ കണ്ടില്ല എന്നു ചോദിച്ചാൽ അതു രാജ്യദ്രോഹമാകുമോ?
ലോക്ക്ഡൗണ് ഒരു പരിഹാരമാണോ
സാമൂഹിക വ്യാപനം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ട് എങ്കിൽ അടച്ചിടലിന്റെ ആദ്യ ദിവസങ്ങളിൽ  തന്നെ അത് ഈ ദരിദ്രകോടികൾക്കിടയിൽ പടർന്നിരിക്കണം. ലോകാരോഗ്യ സംഘടന പറയുന്നതും രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ച രാജ്യങ്ങളുടെ അനുഭവവും പറയുന്നത് കോവിഡിനെതിരെയുള്ള ആദ്യ ആയുധം പരമാവാധി ടെസ്റ്റ് നടത്തുക എന്നുള്ളതാണ്. ടെസ്റ്റ് നടത്തി കൊറോണ ബാധിതരെ കണ്ടെത്തി, അവരെ ഏകാന്ത വാസത്തിന് അയയ്ച്ച്‌, അവരുമായി ബന്ധ‌പ്പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി വളരെ ചിട്ടയായ പ്രവർത്തനത്തിലൂടെ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. എന്നാൽ നമ്മൾ ലോകത്ത് ഏറ്റവും കുറച്ചു ടെസ്റ്റുകൾ നടത്തുന്ന രാജ്യങ്ങൾക്കൊപ്പമാണ്. വിപുലമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ എബോള കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലൊക്കെ പരീക്ഷിച്ചതുപോലെ താത്കാലിക ‘കൊറോണ സ്‌ക്രീനിംഗ് കിയോസ്കുകൾ’ സ്ഥാപിക്കാവുന്നതാണ്.ഇതുപോലുള്ള നടപടികളൊന്നും കാര്യക്ഷമമായി നടന്നു വരുന്നതായി കാണുന്നില്ല. എന്താണ് തങ്ങളുടെ പദ്ധതി എന്നു ജനങ്ങളോട് വിശദീകരിച്ചതായി കാണുന്നില്ല.
സാഹചര്യങ്ങൾ മാറ്റുവാനുള്ള, അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ആത്മാർത്ഥമായ ശ്രമം ഇല്ലെങ്കിൽ 21 ദിവസത്തെ ലോക്ക് ഡൗണ് വിഫലമായിരിക്കും. ലോക്ക് ഡൗണ് വഴി രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുവാൻ നമുക്ക് കഴിഞ്ഞു എന്നുവന്നാലും  കാര്യങ്ങൾ ഇതുപോലെ തന്നെ തുടർന്നാൽ ലോക്ക്ഡൗണ് അവസാനിക്കുന്ന ദിവസം അതു ഒരു സുനാമിപോലെ തിരിച്ചടിക്കാനുള്ള സാധ്യത നമ്മൾ മുന്നിൽ കാണണം. ഇതുകൊണ്ടൊക്കെയാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധൻ മൈക്ക് ഹൈൻ ബി.ബി.സി.യോട് പറഞ്ഞത്: “ലോക്ക്ഡൗണ് കൊണ്ടുമാത്രം കൊറോണയെ തുരത്താൻ എന്ന് ഒരു രാജ്യവും കരുതരുത്. മറ്റു അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ലോക്ക്ഡൗണ് അവസാനിക്കുമ്പോൾ രോഗവും തിരിച്ചെത്തും.” എന്ന്. 
സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടത്തിൽ പോലും ആളുകൾ പുറത്തിറങ്ങി നടക്കാതിരിക്കുകവഴി, ഭൗതീക അകലം കാത്തു സൂക്ഷിക്കുന്നതുവഴി, വൈറസ് പടരുന്നതിന്റെ വേഗത കുറയ്ക്കാം എന്നത് സത്യമാണ്. പക്ഷെ അത് മാത്രമേ കഴിയൂ. യഥാർത്ഥത്തിൽ ലോക്ഡൗണുകളുടെ ഏറ്റവും വലിയ ഗുണം അതുവഴി നമുക്ക് ലഭിക്കുന്ന സമയമാണ്. ആ സമയത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിന്നതുസരിച്ചിരിക്കും നമ്മുടെ അതിജീവന സാധ്യതകൾ. അല്ലാതെ, രോഗാണുക്കൾ എല്ലാം നശിച്ചുപോകുംവരെ രാജ്യം മുഴുവൻ അടച്ചിട്ടുകൊണ്ട് ഒരു രാജ്യത്തിനും കൊറോണയെ തോൽപ്പിക്കാനാവില്ല. 
മറ്റു മാർഗങ്ങൾ
“ഡിക്ഷണറിയിൽ mitigate എന്ന വാക്കിനടുത്ത് militate എന്നൊരു വാക്കുകൂടിയുണ്ട്. പലപ്പോഴും militate-മായി മാറിപ്പോകരുത് എന്ന് മുന്നറിയിപ്പ് നൽകുന്ന  ചെറിയൊരു ചതുരവും കാണും. Mitigate (ലഘൂകരണം) എന്നതിന് സുഗമമാക്കുക എന്ന തരത്തിലാണ് അർത്ഥം വരിക; പക്ഷെ militate എന്നാൽ അടിച്ചേല്പിക്കലാണ്. ഒരു ഏകാധിപത്യ സ്വഭാവം ഉണ്ടതിന്.” വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കേളേജിന്റെ മുൻ പ്രിൻസിപ്പലും അറിയപ്പെടുന്ന എപിഡമോളജിസ്റ്റും ആയ ഡോ. ജയപ്രകാശ് മുളയിൽ പറയുന്നു. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തിൽ സമ്പൂർണമായി അടച്ചിടുന്നത് അഭികാമ്യമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലഘൂകരണമാണ് അടിച്ചമർത്തൽ അല്ല നമുക്ക് വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പറയുന്നത്. കാരണം ഒരു സമ്പൂർണ അടച്ചിടൽ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ഒരുപക്ഷേ കോവിഡ് ബാധയേക്കാൾ ഭീകരമായിരിക്കും. ചൈനപോലെ സംഘടിത സമൂഹങ്ങൾക്കു മാത്രമേ അതു സാധ്യമാകൂ എന്നാണ് അദ്ദേഹം സൂചിപ്പിയ്ക്കുന്നത്.
പ്രതിരോധത്തിന്റെ വിജയകരമായ ബദലുകൾ നമുക്ക് മറ്റു പല രാജ്യങ്ങളിലും കാണാൻ കഴിയും. 2015- സാർസ് പ്രതിരോധത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും ലോക്ക്ഡൗണിലേക്ക് പോകാതെ തന്നെ രോഗ നിയന്ത്രണം സാധ്യമാക്കിയ രാജ്യങ്ങളാണ്. തുർക്കിയും ഇസ്രയേലും സമ്പൂർണ അടച്ചിടലൊഴിവാക്കിയിട്ടുണ്ട്. സിംഗപ്പൂരിൽ സ്‌കൂളുകൾ പോലും അടച്ചിട്ടില്ല. കുട്ടികളിലെ രോഗബാധ അവഗണനീയമാംവിധം കുറവാണ് എന്നാണ് അധികൃതർ പറയുന്നത്. മറ്റെല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, സാമൂഹ്യ അകലം സൂക്ഷിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നു. മുഖംമൂടികൾ വ്യാപകമായി ഉപയോഗിക്കുന്നു. രോഗ ലക്ഷണം ഉള്ളവരെ കൃത്യമായി കണ്ടെത്തുന്നതിന് വ്യാപകമായി ടെസ്റ്റുകൾ നടത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന നിരക്ക് ഉള്ള രാജ്യം തെക്കൻകൊറിയയാണ്. രോഗികളെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുന്നു. അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി ഒറ്റയ്ക്ക് തമാസിപ്പിക്കുന്നു. അതിനായി പ്രത്യേകം ആശുപത്രികളും സൗകര്യങ്ങളും ഒരുക്കുന്നു. കഴിയാവുന്നത്ര ആശുപത്രി ബെഡ്ഡുകൾ സജ്ജമാക്കുന്നു. ഒപ്പം പ്രശ്‌നത്തോട് ഒരു തുറന്ന സമീപനം സ്വീകരിക്കുന്നു.
സുതാര്യതയാണ് ഈ മാതൃകയുടെ മുഖമുദ്ര എന്നു പറയാം. വിവരങ്ങൾ പൊതു ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ ശ്രമിച്ച ചൈനീസ് മോഡലിൽ നിന്നും വ്യത്യസ്തമായി വിവരങ്ങൾ കൃത്യമായി ജനങ്ങളിലേക്ക്  എത്തിക്കുവാൻ ഭരണകൂടം സദാ ശ്രമിക്കുന്നു. രോഗ സംബന്ധിയായ കണക്കുകൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങൾ എല്ല മനുഷ്യരിലേക്കും എത്തുന്നുണ്ട്. നിർബന്ധിത ലോക്ക്ഡൗണിന് പകരം എല്ലാവരെയും ഇക്കാര്യങ്ങളെക്കുറിച്ചു ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പകർച്ചവ്യാധികൾക്കെതിരെയുള്ള പോരാട്ടത്തിൽ നിർണായകം ആണെന്ന് സാർസ്, എബോള തുടങ്ങിയ വ്യാധികൾ നേരിട്ടപ്പോഴുള്ള അനുഭവം നമ്മോടു പറയുന്നു.ഒപ്പം ആധുനിക വൻ-വിവര-വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച് രോഗത്തെയും രോഗബാധിതരെയും കൃത്യമായി ട്രാക്ക് ചെയ്യൂന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ഈ രാജ്യങ്ങൾ. മൊബൈൽ ഫോണും മറ്റു സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട് രോഗ നിരീക്ഷണത്തിനുള്ള വിപുലമായ സാങ്കേതിക പ്ലാറ്ഫോം ആണ് ഉള്ളത്. ഇതുവച്ച്, കാടടച്ചു വെടി വയ്ക്കാതെ, കൃത്യമായി വിവരങ്ങൾ നിരീക്ഷിച്ച്, ടാർഗെറ്റഡ് ഐസൊലേഷൻ ഒരുക്കുന്നു.
 സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയ രാജ്യങ്ങളെല്ലാം തന്നെ ഇത്തരം അടിസ്ഥാന കാര്യങ്ങളിലേക്ക് തുടക്കത്തിൽ ശ്രദ്ധകൊടുക്കുകയോ, മറ്റു മാർഗങ്ങൾ തേടുകയോ ചെയ്തിട്ടില്ല എന്നു കാണാം. ബ്രിട്ടൻ ആണെങ്കിൽ ഒന്നും ചെയ്യേണ്ടതില്ല എന്ന നയമാണ് ആദ്യം സ്വീകരിച്ചത്. അതുകൊണ്ടു തന്നെ അതുപേക്ഷിച് കടുത്ത നിലപാടുകളിലേക്ക് പോകേണ്ടി വന്നു. നയംമാറ്റത്തിനുള്ള പ്രധാനകാരണം ഇംപീരിയൽ കോളേജ് നടത്തിയ ഒരു പഠനമാണ്. ഈ പഠനമാണ് ലോകത്തിലെ പല രാജ്യങ്ങളിലെയും നയങ്ങളെ സ്വാധീനിച്ചത് എന്നു കാണാം. 5 ലക്ഷം പേരെങ്കിലും ഇംഗ്ലണ്ടിൽ കോവിഡ് മൂലം മരണപ്പെടാൻ കാരണമായേക്കാം എന്നായിരുന്നു പഠനം. എന്നാൽ ഇത് ഒരു പീർ-റിവ്യൂഡ് പേപ്പർ അല്ലായിരുന്നു എന്നും. മരണ നിരക്ക് കണക്കു കൂട്ടിയതിൽ പിശകുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നു. ആറായിരത്തിൽ താഴെ മരങ്ങളാണ് അവസാനമായി പറയുന്ന കണക്ക്. ഇന്ത്യയിലെ കാര്യമെടുത്താൽ, ഒരു ദിവസം ടി.ബി. രോഗബാധയാൽ നാലായിരത്തിലേറെ മനുഷ്യർ മരിക്കുന്ന രാജ്യമാണ്. അതുപോലെ മറ്റനവധി രോഗങ്ങൾ. അവർക്കൊക്കെ വേണ്ടി എന്തു പ്രതിരോധ മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കുന്നത് എന്നുകൂടി ഓർക്കണം.
ഇപ്പോൾ തന്നെ എത്ര ആയിരങ്ങളാണ് കാൽനടയായി യാത്ര തുടരുന്നത്. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വണ്ടികൾ ഓടുന്നു എന്ന പ്രതീക്ഷയിൽ തടിച്ചു കൂടുന്നത്. ഇവയിൽ ഒരാൾക്ക് രോഗബാധയുണ്ടെങ്കിൽ നാട് മുഴുവൻ അതു പടരും. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് രോഗവാഹകസംഘങ്ങൾ നടന്നടുക്കുകയാണ്. പല സ്ഥലങ്ങളിലും വഴിയരികിൽ ആളുകൾ ചുമച്ചുകൊണ്ടു വീണു മരിക്കുകയാണ്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ, ഇന്ത്യൻ സഹചര്യങ്ങളെക്കുറിച്ച് ഒരു ബോധ്യവുമില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗണ് നോട്ടു നിരോധനത്തേക്കാൾ വലിയ ഒരു ദുരന്തമായി മാറുന്ന കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്.
വൈദ്യം ഒരു സമൂഹ്യശാസ്ത്രംകൂടിയാണ്.
മഹാമാരികൾ  ആകസ്മികമായി വന്നു ഭവിക്കുന്നതല്ല. കൃത്യമായ ഒരു പാതയിലൂടെയാണ് അവ പടരുക. പലപ്പോഴും മനുഷ്യനിർമിതമായ അനുകൂല സ്ഥലികളിലൂടെയാണ് രോഗാണുക്കൾ പ്രജനനം ചെയ്തു പടർന്നു പിടിക്കുന്നത്. വുഹാനിലെ മാംസമാർക്കറ്റുകൾ മുതൽ ഇന്ത്യയിലെ ചേരികൾ വരെയുള്ള  നിയതമായ സഞ്ചാരപാതകൾ ഉണ്ട് രോഗാണുക്കൾക്ക്. സമൂഹത്തിലെ ഘടനാദൗര്ബല്യങ്ങളിലൂടെയാണ് അവ സഞ്ചരിക്കുന്നത്. രോഗാണു പാതകളെ സാമൂഹികയാഥാർഥ്യങ്ങളിൽ നിന്നും അടർത്തി മാറ്റി കാണുവാൻ നമുക്ക് കഴിയില്ല . അതിന് കൃത്യമായ വർഗ്ഗവും ജാതിയും എല്ലാമുണ്ട്.  അതിനെ അങ്ങനെ തന്നെ മനസിലാക്കാതെ ഒരു പ്രതിരോധവും നമുക്ക് സാധ്യമാകില്ല. പ്രത്യേകിച്ചും പകർച്ച വ്യാധികൾ പടരുമ്പോൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ ആരോഗ്യം രാജ്യത്തിന്റെയാകെ ആരോഗ്യത്തെ നിർവചിക്കുന്ന നിർണായക ഘടകമായിരിക്കും. ഇതു മനസിലാക്കിക്കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നാം ആവിഷ്കരിക്കേണ്ടത്. ഇതൊക്കെക്കൊണ്ടാണ് വൈദ്യം ഒരു സാമൂഹ്യ ശാസ്ത്രം കൂടിയാണ് എന്ന് പറയുന്നത്. 
ഏതൊരു മഹാമാരി പടർന്നു പിടിക്കുമ്പോഴും അതിന്റെ ഏറ്റവും വലിയ ഇരകളാകുക സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരായിരിക്കും. അടിസ്ഥാന വർഗങ്ങളാകും ഏറ്റവും   ദുരിതമനുഭവിയ്‌ക്കേണ്ടി വരിക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നവർ. അങ്ങനെയുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടി വരുന്നവർ. സമ്പത്തിൽ, ജാതിയിൽ, സാമൂഹ്യ വ്യവഹാരങ്ങളിൽ എല്ലാം താഴേക്കിടയിലുള്ളവർ. ദളിതരും ആദിവാസികളും. മഹാമാരിയുടെ മാത്രമല്ല, അടച്ചിടലുകളുടെയും ഏറ്റവും വലിയ ഇരകളാകുക ഇവർ തന്നെയായിരിക്കും. കൊട്ടാരസമാനമായ ബഹുനില മാളികകളിൽ ഇരുന്നു രാമായണം സീരിയൽ ട്വീറ്റ് ചെയ്യുന്ന ഭരണാധികാരികൾക്ക് അത് മനസിലായിക്കൊള്ളണം എന്നില്ല. 
പുറത്തിറങ്ങുന്നവരെ അതിക്രൂരമായ രീതിയിൽ മർദ്ദിക്കുന്ന പോലീസിനെ  നമ്മൾ രാജ്യമൊട്ടുക്കും കാണുന്നു. ഇവരെ വെടി വച്ച് കൊല്ലണം എന്നാണ് ഒരു മുഖ്യമന്ത്രി പറഞ്ഞത്. ഇതേ സമയം ലോക്ക്ടൗണിൽ ആളൊഴിഞ്ഞ വിശാല പാതയിലൂടെ കൊച്ചുമോന്റെ ഒപ്പം കളിപ്പാട്ട വണ്ടി ഓടിക്കുന്ന ഭരണകർത്താക്കളെയും നാം കണ്ടു. രോഗ പ്രതിരോധം പോലും ആത്യന്തികമായി അധികാരമുള്ളവർ പറയും അധികാരവും സ്വാധീനവും ഇല്ലാത്തവർ അനുസരിക്കും എന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഏറ്റവും പ്രാക്-രൂപത്തിലേക്ക് ഒതുങ്ങുന്ന കാഴ്ച നമ്മൾ വീണ്ടും കാണുകയാണ്. അധികാരത്തിന്റെ തുലാസ് മുൻപെങ്ങും ഇല്ലാത്ത വിധം ഭരണകൂടത്തിന്റെ ഭാഗത്തേക്ക് ചരിയുകയാണ്. ഇത് ലോകമെങ്ങും പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ പുനര്നിര്വചിച്ചുകൊണ്ടിരിക്കുന്നു. നാമറിയാതെ ലോകം മാറുകയാണ്. ലോക ചരിത്രത്തെ, ജനാധിപത്യത്തിന്റെ പരിണാമ ഘട്ടങ്ങളെ കൊറോണയ്ക്കു മുൻപും അതിനു ശേഷവും എന്ന് പുനർ നിര്വചിക്കേണ്ടി വരുമോ?
കൊറോണ മുതലാളിത്തം  
 ദുരന്തങ്ങൾ പലപ്പോഴും ദ്രുതഗതിയിൽ സാധാരണ നിലയ്ക്ക് സാധ്യമല്ലാത്ത  പല തീരുമാനങ്ങളും കൈക്കൊള്ളുവാനുള്ള മറയാകാറുണ്ട്. കോറോണയുടെ മറവിൽ ആഗോള കുത്തകൾക്കുള്ള വൻ ബെയിൽ-ഔട്ട് പാക്കേജുകൾ തരപ്പെടുത്തിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ശിങ്കിടിമുതലാളിത്തം. അമേരിക്കയിൽ, കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കൊണ്ടുവന്ന 2010-ലെ ഡോട്-ഫ്രാങ്ക് ആക്ട് പിൻവലിക്കാനുള്ള നീക്കം നടത്തുകയാണ് ട്രഷറി സെക്രട്ടറി സ്റ്റീവൻ ന്യൂച്ചിൻ. ട്രംപ് പേ-റോൾ ടാക്സ് നിര്ത്തലാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു. സർക്കാർ ചെലവുകൾ വെട്ടിക്കുറക്കണം എന്ന അവശ്യമുയരുന്നു. വൈറസ് ചികിത്സ മുഴുവൻ സ്വകാര്യമേഖലയ്ക്കും ഇൻഷൂറൻസ് കമ്പനികൾക്കും വൻ  ലാഭത്തിൽ വിട്ടുനൽകാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. ചൈനയാണെങ്കിൽ പാരിസ്ഥിതിക നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. അതിനു സഹായകരമായ രീതിയിൽ നിരീക്ഷണമുതലാളിത്തവും ഭരണകൂട അധികാരങ്ങളും പുനക്രമീകരിക്കപ്പെടുകകൂടി ചെയ്യുന്നു. 
ഇന്ന് അധികാരവര്‍ഗ്ഗത്തിനും കോര്‍പ്പറേറ്റ് മുതലാളിത്തത്തിനും ഏറ്റവും വിലപ്പെട്ട വിഭവം ‘വിവരം ‘ അഥവാ ഡാറ്റ തന്നെയാണ്. നമ്മുടെ സോഷ്യല്‍ മീഡിയാ ഫീഡുകള്‍, ബ്രൗസിംഗ് സ്വഭാവങ്ങള്‍, വാങ്ങല്‍ ശീലങ്ങള്‍, യാത്രാ വഴികള്‍, ഭക്ഷണരീതികള്‍ തുടങ്ങി എല്ലാം ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ തുടങ്ങിയ അനേകം ഗാഡ്ജറ്റുകളിലൂടെയും ശേഖരിക്കപ്പെടുന്നുണ്ട്. ഇത് സങ്കീര്‍ണമായ ഗണിതശാസ്ത്ര മാതൃകകള്‍ മുഖേന വിശകലനം ചെയ്ത് ഒരോ വ്യക്തിയുടെയും ഒരു ഡിജിറ്റല്‍ പ്രൊഫെയില്‍ സൃഷ്ടിക്കുന്നു.  
കോവിഡ് പടർന്നു പടിച്ചതോടുകൂടി നിരീക്ഷണ മുതലാളിത്തത്തിന് ഒരു പുതിയ ഉണർവ് കൂടി വന്നിരിക്കുന്നു. എല്ലാ രാഷ്ട്രങ്ങളും മൊബൈൽ ആപ്പുകളായും മറ്റും മനുഷ്യരുടെ ഭൌതീക സ്വഭാവങ്ങൾ കൂടി നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണല്ലോ. എല്ലാ മനുഷ്യരുടെയും ശരീരോഷ്മാവ്, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിങ്ങനെ അനവധി  വിവരങ്ങൾ ശേഖരിക്കുന്നു. ഒരാൾക്ക് പനി ഉണ്ടോ, അയാൾ ചുമയ്ക്കുന്നുണ്ടോ, പുറത്തു പോകുന്നുണ്ടോ എന്നൊക്കെ അളക്കാൻ കഴിയുന്ന വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടു തന്നെ നിങ്ങൾ ചിരിക്കുകയാണോ കരയുകയാണോ വല്ലാതെ ദേഷ്യപ്പെടുകെയാണോ എന്നൊക്കെ നിരീക്ഷിക്കാനാകും. നിങ്ങൾ യൂടൂബിൽ ഏതു വീഡിയോ ആണ് കാണുന്നത് എന്ന് മാത്രമല്ല, ആ വീഡിയോ കാണുമ്പൊൾ നിങ്ങളിൽ ഉണ്ടാകുന്ന വികാരം എന്തെന്ന് കൂടി അളക്കാൻ കഴിയുമെന്ന് വന്നാൽ ചിന്താതീതമായ തലങ്ങളിലേക്കാകും നിരീക്ഷണങ്ങൾ ചെന്നെത്തുക. ഓരോ മനുഷ്യന്റെയും ഇമോഷണൽ  പ്രൊഫൈൽ കൂടി ഡിജിറ്റലാകുന്നു എന്നാണ് അതിനർത്ഥം.
ഈ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കും കച്ചവടത്തിനും മാത്രമല്ല വിവിധങ്ങളായ തട്ടിപ്പുകള്‍ക്കും ഉപയോഗിച്ചു വരുന്നു. ഈ വിവരങ്ങള്‍  രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് തെരെഞ്ഞെടുപ്പു പ്രക്രിയകളെ വരെ അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നത് കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടായപ്പോള്‍ നമ്മള്‍ മനസിലാക്കിയതാണ്. വിവരങ്ങള്‍ ഭരണകൂടത്തിന്റെ കയ്യില്‍ എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ അതിഗുരുതരമായ ഒരു തരത്തിലേക്ക് മാറുന്നു. കാരണം വിവരങ്ങള്‍ കേവലം ‘വിഭവം’ മാത്രമല്ല അധികാരം കൂടിയാകുന്നു. ജനങ്ങള്‍ ഭരണകൂടത്തിനു സുതാര്യമാവുക എന്നത് ജനാധിപത്യത്തിന്റെ പ്രതിപരിണാമമാണ്. ഭരണകൂടം ജനങ്ങള്‍ക്ക് സുതാര്യമായിരുന്നാല്‍ മാത്രമേ ജനാധിപത്യ പ്രക്രിയ അര്‍ത്ഥവത്താവുകയുള്ളു.     നിരീക്ഷണ ഭരണകൂടങ്ങള്‍
വിവരശേഖരങ്ങള്‍ അധികാരകേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാകുമ്പോള്‍ കേവലം കച്ചവടവും രാഷ്ട്രീയ പ്രചാരണവും എന്ന നിലയില്‍ നിന്ന് വിഭിന്നമായി പൗരാവകാശങ്ങളെ ഹനിക്കുന്ന തരത്തിലേക്ക് അതു മാറും. ഗവണ്മെന്റുകളെ, രാഷ്ട്രീയപ്പാര്‍ട്ടികളെ, നേതാക്കളെ, ജനങ്ങള്‍ക്കു ഗുണപരമായി നിയന്ത്രിക്കാനും സ്വാധീക്കാനും കഴിയും എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില വിവര-വിശകലന കമ്പനികളുടെ സേവനം തേടുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനത്തെ മാനസികമായി പരുവപ്പെടുത്താനും മാനിപ്പുലേറ്റ് ചെയ്യാനും തെരഞ്ഞെടുപ്പു ഫലങ്ങള്‍ തീരുമാനിക്കാനും കഴിയും. ജനാധിപത്യത്തിന്റെ ജീവനാഡിയായ പ്രതിഷേധങ്ങളേയും പ്രതിരോധങ്ങളേയും പ്രതിപക്ഷത്തെയും നിരീക്ഷിച്ചു കണ്ടെത്തി  ഇല്ലാതാക്കുവാന്‍ വേണ്ടിയാകും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുക. മനുഷ്യരുടെ വികാരങ്ങളും ശാരീരിക മാറ്റങ്ങളും വരെ ഭരണകൂടത്തിന് നിരീക്ഷിക്കാനാകും എന്നു വന്നാൽ വിനാശകരമായ ഫലമാകും ഉണ്ടാകുക. ഓർവലൊക്കെ ആവിഷ്കരിച്ച ലോകം അതിലും എത്രയോ ഭേദമാണ്. അന്ന് രഹസ്യപ്പോലീസുകാർ അവശ്യമായിരുന്നെങ്കിൽ ഇന്ന് മാനുഷിക ഇടപെടലുകൾ ഇല്ലാതെ തന്നെ ഓരോരുത്തരുടെയും മനോവിചാരങ്ങൾ പോലും ഫലപ്രദമായി നിരീക്ഷിക്കാനാകും എന്ന സ്ഥിതയാണ്.
അധികാര സ്ഥാപനത്തിന്റെ ആദ്യ സൂചനകൾ
2011-ൽ ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇത്തരമൊരു മാറ്റം ലോകത്താകമാനം സംഭവിച്ചിരുന്നു. എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് ലോകം അതിന്റെ വ്യാപ്തി മനസിലാക്കിയത്. സമഗ്രമായ ലക്ഷ്യവേധിയായ ഇന്റലിജൻസ് ശേഖരണ സംവിധാനങ്ങൾ ആവിഷ്കരിക്കുന്നതിലോ അതു ഫലപ്രദമായി നടപ്പാക്കുന്നതിലോ പരാജയപ്പെട്ട ഭരണകൂടങ്ങൾ ഒരു ദുരന്തത്തിന് ശേഷം അതിന്റെ പേരിൽ സമൂഹത്തെയാകെ കുറ്റവാളികളായി കണ്ട് നിരീക്ഷണ വലയത്തിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തങ്ങളുടെ പരാജയം മറച്ചു വയ്ക്കാനും എന്തെങ്കിലും ചെയ്തു എന്ന തോന്നൽ ഉണ്ടാക്കാനും ഇതു സഹായിച്ചു. അടിയന്തര ഘട്ടത്തിൽ എടുത്ത ഈ തീരുമാനങ്ങളൊന്നും പിന്നീട് പിൻവലിക്കുകയുണ്ടായിട്ടില്ല.
കൊറോണക്കാലത്തും സ്ഥിതി വ്യത്യസ്തമാണ് എന്നു തോന്നുന്നില്ല. ഇസ്രായേൽ സൈനീക ചാര സംവിധാനങ്ങൾ സ്വന്തം പൗരന്മാർക്കിടയിൽ ഉപയോഗിക്കുവാനുള്ള അനുമതി നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ നടപടി പാർലമെന്റിൽ എതിർപ്പ് നേരിട്ടപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് നെതന്യാഹു ചെയ്തത്. ഇലക്ഷനിൽ സ്വന്തം കക്ഷി പരാജയപ്പെട്ടിട്ടും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്നത് കൊറോണ കാരണമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സ്വന്തം ക്രിമിനൽനകേസുകൾ മരവിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. ചില ഇസ്രയേൽ മാധ്യമങ്ങൾ ഇതിനെതിരെ നിലപാടെടുത്തിട്ടുണ്ട്. ‘കൊറോണ അട്ടിമറി’ എന്നാണ് ഇതിനെ അവർ വിശേഷിപ്പിക്കുന്നത്.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാൻ ഏകാധിപത്യപരമായ അധികാരങ്ങളാണ് കൊറോണക്കാലത്ത് നേടിയെടുത്തത്. അടിയന്തര ഘട്ടം കണക്കിലെടുത്ത്, പാർലമെന്റിന്റെ അനുമതിയോ, തെരഞ്ഞെടുപ്പോ, റഫറണ്ടമോ ഇല്ലാതെ നിലവിലുള്ള ഏതു നിയമത്തെയും അവഗണിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് കൈവന്നിരിക്കുന്നു. 
ഇതുപോലെ അടിയന്തരഘട്ടങ്ങളിൽ കൈക്കൊള്ളുന്ന അസാധാരണ നടപടികൾ പലപ്പോഴും അടിയന്തര ഘട്ടങ്ങൾ കഴിഞ്ഞാലും അതുപോലെ തന്നെ തുടരും എന്നതാണ് അനുഭവം. കൊറോണക്കാലത്ത് കൊണ്ടുവരുന്ന നിരീക്ഷണ സംവിധാനങ്ങൾ അതിനുശേഷവും തുടരും. ഇനി പകർച്ചവ്യാധികൾ ഉണ്ടാവാതിരിക്കാൻ അത് അവശ്യമാണെന്നാകും ഗവണ്മെന്റിന്റെ വാദം. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യതയ്ക്ക് വേണ്ടിയുള്ള വലിയ പോരാട്ടങ്ങൾ നടന്നു വരികയാണ്. ക്ഷേമരാഷ്ട്രത്തിന്റെ മറവിൽ ആയിരുന്നു ഗവണ്മെന്റുകൾ സ്വകാര്യതയെ എതിർത്തു പോന്നിരുന്നത്. ഇന്ത്യയിൽ ആധാറിന് വേണ്ടി, സ്വകാര്യതാ ഒരു മൗലിക അവകാശമല്ല എന്നുവരെ സർക്കാർ വാദിച്ചു. ദരിദ്രനിർമാർജനത്തിനുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സ്വകാര്യത ഒരു തടസ്സമാണ് എന്നായിരുന്നു നിലപാട്. ദാരിദ്ര്യം വേണോ സ്വകാര്യത വേണോ എന്നായിരുന്നു ചോദ്യം. ഇനിയിപ്പോൾ അത് ആരോഗ്യം വേണോ സ്വകാര്യത വേണോ എന്നാകും. തീർച്ചയായും മനുഷ്യർ ആരോഗ്യമാകും തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പുകൾ ഇങ്ങനെയുള്ള ദ്വന്ദങ്ങളിൽ ഒതുക്കുവാൻ ഭരണകൂടങ്ങൾക്ക് ഒരു പ്രത്യേക ചാതുര്യം ഉണ്ട്. 
തെറ്റായ തെരഞ്ഞെടുപ്പുകൾ
നിങ്ങൾക്ക് സ്വാകാര്യത വേണോ ആരോഗ്യം വേണോ എന്ന ചോദ്യം തന്നെ തെറ്റാണ്. അങ്ങനെയൊരു തെരഞ്ഞെടുപ്പിന് യാതൊരു പ്രസക്തിയുമില്ല. ജനങ്ങളുടെ സ്വകാര്യതയും മറ്റ് അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണത്തിനുള്ള പ്രവർത്തിക്കുന്ന മാതൃകകൾ സാധ്യമാണ്. ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും പോലെ കോവിഡിനെ വിജയകരമായി പ്രതിരോധിച്ച രാഷ്ട്രങ്ങളിൽ ട്രാക്കിംഗ് സംവിധാനങ്ങൾ ഉണ്ടെങ്കിൽ തന്നെയും വ്യാപകമായ രോഗനിർണയവും സാഹചര്യത്തെക്കുറിച്ചു ബോധ്യമുള്ള ജനതയുമാണ് അവരുടെ വിജയത്തിനടിസ്ഥാനം.
കോവിഡിനെ തടയാനായി ഗവൻമെന്റുകൾ സ്വീകരിക്കുന്ന മാർഗങ്ങൾ പലപ്പോഴും പൗരരുടെ അന്തസിനെ ഹനിക്കുന്ന തരത്തിലായേക്കാം. ബറേലിയിൽ കിലോമീറ്ററുകൾ നടന്നു നാട്ടിലെത്തിയ തൊഴിലാളികൾക്കുമേൽ നടുറോട്ടിൽ വച്ച് വെള്ളവും അണുനാശിനികളും ഫയർ ഫോഴ്‌സുകാർ  വന്നു ചീറ്റിയടിക്കുന്ന കാഴ്ച എത്ര അസ്വാസ്ഥ്യം ഉണ്ടാക്കുന്നതാണ്. മൃഗങ്ങളെക്കാൾ മോശമായാണ് മനുഷ്യരെ നമ്മൾ കൈകാര്യം ചെയ്യുന്നത്. ഇവരിൽ ആരെങ്കിലും രോഗബാധിതരാണോ എന്നു നമുക്കറിയില്ല. എന്തുവന്നാലും രോഗബാധിതരാജ്യങ്ങളിൽ നിന്നു ചാർട്ട് ചെയ്ത വിമാനങ്ങളിൽ നാട്ടിലെത്തിച്ചവരോട് എയർപോർട്ടിന് വെളിയിൽ വച്ചു ഇതുപോലൊന്നു ചെയ്യാൻ നമ്മൾ മുതിരുമോ? സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആ പാവങ്ങൾ അവരുടെ തലയിലേന്തിയ ചെറു സഞ്ചികളും അടക്കിപ്പിടിച് നിലത്തു ചേർന്നിരിക്കുന്ന കാഴ്ച രാജ്യത്തിന്റെ മനസാക്ഷിയെ ലജ്ജിപ്പിക്കേണ്ടതാണ്.
ഇതുപോലെ മനുഷ്യത്വരഹിതമായ രീതിയിലാണോ രോഗത്തെ നേരിടേണ്ടത് എന്നു നമ്മൾ ചിന്തിക്കണം. കാര്യങ്ങൾ സുതാര്യമായും കാര്യക്ഷമമായും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. പിഞ്ഞാണം കൊട്ടിയാൽ വൈറസ് ഇല്ലാതാകും എന്ന കപടശാസ്ത്രം പ്രചരിപ്പിക്കുവാൻ ഉപയോഗിച്ച സംവിധാനങ്ങളുടെ പകുതി മതി ഇതു ചെയ്യാൻ. ഇസ്രായേലി ചരിത്രകാരനും ഗ്രന്ഥകാരനായ യുവാൻ നോവ ഹാരാറി ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ഡോക്ടര്മാർപോലും കൈകഴുകണം എന്ന പാഠം പഠിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനു മുൻപ് ഓപ്പറേഷൻ തിയറ്ററുകളിൽ പോലും ഒന്നു കഴിഞ്ഞു അടുത്ത ശസ്ത്രക്രിയയ്ക്ക് കൈകൾ കഴുകാതെ നീങ്ങുന്ന രീതിയാണ് ഉണ്ടായിരുന്നത്. സോപ്പ് ഉപയോഗിച്ചാൽ രോഗം പരത്തുന്ന അണുക്കൾ നശിച്ചുപോകും എന്ന അറിവാണ് നമ്മുടെ ശീലങ്ങൾ മാറ്റിയത്. അല്ലാതെ പോലീസ് ലാത്തിയുമായി നിന്നിട്ടല്ല. അതാണ് ലോകം സ്വീകരിക്കേണ്ട മാതൃകയും. 
സർവേയിലൻസ് സംവിധാനങ്ങൾ പോലും സ്വയം ശാക്തീകരണത്തിന് കഴിയുന്ന തരത്തിലാക്കാൻ കഴിയും. ഒരോരുത്തർക്കും സ്വന്തം ശാരീരിക നില നിരീക്ഷിച്ച് ഒരു തീരുമാനമെടുക്കാൻ സാധിക്കുന്ന തരത്തിലേക്ക് അതു മാറ്റാം. ഇതെല്ലാം ഗവണ്മെന്റ് കേന്ദ്രീകൃതമായ നിരീക്ഷിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതരുത്. കേരളത്തിലൊക്കെ സാധ്യമായതുപോലെ വ്യാപകമായ ജനകീയ ആരോഗ്യ ശൃംഖല സൃഷ്ടിക്കുവാൻ കഴിയണം. വികേന്ദ്രീകൃത തലത്തിൽ പ്രവർത്തിക്കുന്ന വൈദ്യസംവിധാനങ്ങൾ ഉപയോഗിക്കണം.  കേന്ദ്രീകൃത നായരൂപീകരണങ്ങൾക്ക് ഓരോരുത്തരുടെയും വ്യക്തി വിവരങ്ങളോ പ്രൊഫൈലോ ആവശ്യമില്ല. സാമൂഹിക രൂപരേഖ മതിയാകും.
ഭരണനേതൃത്വത്തിന്റെ താത്പര്യങ്ങൾക്കാനുസരിച്ചല്ല കൃത്യമായ ശാസ്ത്രീയ വിവരങ്ങളുടെയും  വിദഗ്ധാഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം നയങ്ങൾ രൂപീകരിക്കപ്പെടേണ്ടത്. ഓരോ തീരുമാനവും ചർച്ച ചെയ്യപ്പെടണം. ദേശസ്നേഹത്തിന്റെയോ, ‘ആരോഗ്യവും സ്വകാര്യതയും’എന്നതുപോലുള്ള വ്യാജ ദ്വന്ദങ്ങളുടെ പേരിലോ പ്രതിപക്ഷം അതിന്റെ കടമയിൽ നിന്നു പിന്മാറുകയുമരുത്. അതുറപ്പു വരുത്തുവാൻ ജനതയും ബാധ്യസ്ഥരാണ്. നമ്മൾ ജാഗ്രതയോടെയിരുന്നില്ലെങ്കിൽ നമുക്ക് നഷ്ടമാകുക നമ്മുടെ വിലപ്പെട്ട സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആയിരിക്കും. ഒപ്പം ഓരോ തീരുമാനമെടുക്കുമ്പോഴും അത് ഈ രാജ്യത്തെ ഏറ്റവും നിരാലംബനായ വ്യക്തിയെ എങ്ങനെ ബാധിക്കും എന്നൊരു  ചിന്തയില്ലെങ്കിൽ കൊറോണയെക്കാൾ വലിയ ദുരന്തത്തിലേക്കാവും നടന്നടുക്കുക എന്ന തിരിച്ചറിവും നമുക്ക് വേണം. വിശപ്പാണ് ഏറ്റവും വലിയ മഹാമാരി എന്ന സത്യം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മൾ ഈ ‘യുദ്ധം’ തോറ്റുപോകും; വിശപ്പിനോടും കൊറോണയോടും.


This article was published in Chandrika weekly

LEAVE A REPLY

Please enter your comment!
Please enter your name here