“പൗരത്വത്തിനായി അപേക്ഷിക്കുന്നവർ സുന്നത്ത് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വേണം അവരുടെ മതം തിരിച്ചറിയുവാൻ” മുൻ മേഘാലയ ഗവർണറും ബിജെപി നേതാവുമായ തഥാഗത റോയിയുടെ ട്വീറ്റ് ആണ്! ഞെട്ടിപ്പിക്കുന്ന ഈ പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നപ്പോഴും അതിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം ചെയ്തത്. കേന്ദ്രമന്ത്രി ശാന്തനു താക്കൂർ, ആ പ്രസ്താവനയെ ശരി വയ്ക്കുകയും ചെയ്തു. “പൗരത്വ നിർണയത്തിന് ശാരീരിക പരിശോധന നടത്തുന്നത് ചട്ടങ്ങളിൽ അനുവദിക്കും പ്രകാരമാണ്. ഡോക്ടർമാരാണ് പരിശോധിക്കുക. ആറു മതങ്ങളിൽ ഉള്ളവർക്കാണ് പൗരത്വം നൽകുന്നത്. അത് തീർച്ചപ്പെടുത്താൻ ശാരീരിക പരിശോധനയാവാം.” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം.
ഇതേ മന്ത്രി തന്നെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ, 27 ലക്ഷം ആധാർ നമ്പറുകൾ റദ്ദു ചെയ്ത സംഭവം, കേവലം സാങ്കേതിക തകരാറു മൂലം ഉണ്ടായതാണെന്ന് ന്യായീകരിച്ചത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാകട്ടെ, ആധാർ റദ്ദാക്കിയതിലൂടെ, ലക്ഷക്കണക്കിന് മനുഷ്യർക്ക് ഗവൺമെൻറ് സേവനങ്ങൾ നിഷേധിച്ച നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്നും, ഇതിന് പൗരത്വ നിയമഭേദഗതിയുമായി ബന്ധമുണ്ടെന്നും പ്രതികരിച്ചു.
ഈ സംഭവം, ആധാർ ഡിജിറ്റൽ സേവന പരിസരം സൃഷ്ടിച്ചേക്കാവുന്ന ഭീതിദമായ സാമൂഹിക അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. അതൊരു സാങ്കേതിക പിഴവല്ല, ഒരു സാങ്കേതിക സാധ്യതയാണ്. ആധാറിന്റെ ഉപജ്ഞാതാവായ, നന്ദൻ നിലേകനി “ആധാർ ആയിരിക്കും എൻ ആർ സി യുടെ ബാക്ക്-എൻഡ്” എന്ന് ഒരിക്കൽ പ്രസ്താവിക്കുകയുണ്ടായി. ഗവൺമെന്റിന്റെ ഏക സത്യസ്രോതസ്സായി കണക്കാക്കപ്പെടുന്ന കേന്ദ്രീകൃത വിവരശേഖരം എന്ന നിലയ്ക്ക് ആധാറിന് വമ്പിച്ച പ്രാധാന്യമുണ്ട്. ഇന്ത്യക്കാരുടെ ജനനം മുതൽ മരണം വരെയുള്ള സർവ്വ കാര്യങ്ങളും ആധാറുമായി ബന്ധിതമാണ്. വിവിധ ഡാറ്റ പോയിന്റുകൾ വച്ച് എല്ലാവരെയും നിരീക്ഷിക്കുവാനും പട്ടികപ്പെടുത്തുവാനും ആധാർ ഉപയോഗിക്കാൻ കഴിയും. നിലേകനിയുടെ അഭിപ്രായം വളരെ ശരിയാണ്. ആധാർ സംവിധാനത്തിന്റെ സാദ്ധ്യതകൾ അനന്തമാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ ആധാറുമായി ബന്ധിപ്പിക്കാൻ 2015-ൽ ഗവൺമെൻറ് എടുത്ത തീരുമാനം വെറുതെയാണെന്ന് കരുതുക വയ്യ.
പലരും കരുതുന്നതുപോലെ രാജ്യത്ത് മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വത്തെ നിർണയിക്കാനുള്ള ശ്രമമാരംഭിക്കുന്നത് 2019-ലല്ല. വാജ്പേയി ഗവൺമെൻറ് തന്നെ ഇതിനുള്ള പശ്ചാത്തലം ഒരുക്കിയിരുന്നു. അക്കാലത്താണ് ദേശീയ പൗരത്വ രജിസ്റ്റർ എന്ന ആശയം കൊണ്ടുവരുന്നത്, 2003-ലെ പൗരത്വ നിയമ ഭേദഗതിയിലൂടെ 1956-ലെ പൗരത്വ നിയമത്തിൽ വകുപ്പ് 14(എ) കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. അതു പ്രകാരം രാജ്യത്ത് പൗരത്വ പട്ടിക തയ്യാറാക്കുവാനും, സംശയമുള്ളവരെ മറ്റൊരു ലിസ്റ്റിൽപ്പെടുത്തുവാനും, എല്ലാവർക്കും ദേശീയ തിരിച്ചറിയൽ കാർഡ് നൽകുവാനും വ്യവസ്ഥയുണ്ട്.
തുടർന്ന് ‘രജിസ്ട്രേഷൻ ഓഫ് സിറ്റിസൺസ് ആൻഡ് ഇഷ്യൂ ഓഫ് നാഷണൽ ഐഡൻറിറ്റി കാർഡ്’ എന്ന പേരിൽ ചട്ടങ്ങൾ നിലവിൽ വന്നു. അതിൻ്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) പദ്ധതിയ്ക്ക് തുടക്കമായി. സാധാരണ സെൻസസിൽ നിന്നും വ്യത്യസ്തമായി, ഓരോരുത്തരുടെയും വ്യക്തിപരമായ വിവരങ്ങൾ കൃത്യമായി ശേഖരിച്ച്, കേന്ദ്രീകൃതമായി സൂക്ഷിക്കുന്ന സംവിധാനമാണിത്. 2015-ൽ എൻ.പി.ആറിനെ ആധാറുമായി ബന്ധിപ്പിക്കുവാൻ ഗവൺമെൻറ് തീരുമാനമെടുത്തു. രണ്ടുതരത്തിൽ നിയമവിരുദ്ധമായ തീരുമാനമായിരുന്നു അത്. ഒന്ന്, ജനസംഖ്യ രജിസ്റ്ററുമായി ആധാറിനെ ബന്ധിപ്പിച്ചത് പട്ടികയുടെ ഭാഗമായ മനുഷ്യരുടെ അറിവോടുകൂടിയുള്ള സമ്മതമില്ലാതെയാണ്. രണ്ട്, സബ്സിഡിയ്ക്കല്ലാതെ, മറ്റു കാര്യങ്ങൾക്ക് ആധാർ ഉപയോഗിക്കാൻ അനുവദിക്കുന്ന ആധാർ ആക്റ്റിലെ സെക്ഷൻ 57 സുപ്രീംകോടതി റദ്ദു ചെയ്തതാണ്. എന്തായാലും ഇന്ന് ആധാറും എൻ.പി.ആർ. വിവരശേഖരത്തിന്റെ ഭാഗമാണ്.
ഇനിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ ‘ക്രോണോളജി’ കടന്നുവരുന്നത്. “ആദ്യം സിഎഎ, അതിലൂടെ ആറു മതങ്ങളിൽ പെട്ട ആളുകൾക്ക് പൗരത്വം, പിന്നെ എൻ പി ആർ, അതിനുശേഷം എൻ ആർ സി, അങ്ങനെ ‘അവരെ’ നമ്മൾ പുറത്താക്കും” എന്നാണ് പ്രസംഗിച്ചത്. ‘സി എ എ ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്നമല്ല, ഇന്ത്യയിൽ എത്തിച്ചേർന്നിട്ടുള്ള വിദേശികളെയാണ് ഇത് ബാധിക്കുക. കാരണം ചില രാജ്യങ്ങളിൽ നിന്നുള്ള ചില മതത്തിൽപ്പെട്ട പീഡിത ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുന്നു എന്ന സംഗതി മാത്രമാണ് ഇതിലുള്ളത്.’ എന്ന ന്യായീകരണം പൊള്ളയാണെന്ന് നമ്മൾ തിരിച്ചറിയുന്നതും അതിനെ ക്രോണോളജിയോട് ചേർത്തു വായിക്കുമ്പോഴാണ്.
ആദ്യം ആധാർ. അതുവഴി സകല മനുഷ്യരുടെയും വിവരങ്ങൾ ഒരു കേന്ദ്രീകൃത വിവരശേഖരത്തിൽ ലഭ്യമാക്കുന്നു. അടുത്തത് എൻ പി ആർ. മുഖേന രാജ്യത്ത് താമസിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കുന്നു. അതിനുശേഷം, ജനസംഖ്യാ രജിസ്റ്ററിൽ നിന്നും സംശയമുള്ളവരെ ഒഴിവാക്കിയാണ് പൗരത്വ പട്ടിക തയ്യാറാക്കുന്നത്. അവിടെയാണ് 2014-ന് ശേഷം എൻപിആർ വിവരശേഖരത്തിൽ വന്നിട്ടുള്ള ചില വ്യത്യാസങ്ങൾ പ്രസക്തമാകുന്നത്. രണ്ട് ചോദ്യങ്ങളാണ് വിവരശേഖരത്തിൽ കൂട്ടിച്ചേർത്തത്. ഒന്ന്, ഓരോരുത്തരുടെയും ജനനത്തീയതി. രണ്ട്, മാതാപിതാക്കളുടെ ജന്മദിനവും ജന്മദേശവും. നിർദോഷകരമെന്ന് തോന്നിപ്പിക്കുന്ന ഈ രണ്ടു ചോദ്യങ്ങൾ ഇന്ത്യയിൽ ഒരുമനുഷ്യൻ്റെ പൗരത്വത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളവയാണ്. അത് ഇന്ത്യയിലെ പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ്!
നിയമപ്രകാരം 1956 മുതൽ 1987 ജൂൺ 30 വരെ ഇന്ത്യയിൽ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. ഏതൊരു പരിഷ്കൃത സമൂഹവും സ്വീകരിക്കുന്ന, ജന്മത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുക എന്ന നയമാണ് നമുക്കുണ്ടായിരുന്നത്. 1987 ജൂലൈ 1 മുതൽ ചിത്രം മാറി. ഇന്ത്യയിൽ ജനിച്ചാൽ മാത്രം പോരാ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനായിരിക്കണം എന്ന നിബന്ധന വന്നു. 2004 ഡിസംബർ 3-നുശേഷം ഒരാൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ഇന്ത്യയിൽ ജനിക്കുകയും, മാതാപിതാക്കൾ ഇരുവരും ഇന്ത്യൻ പൗരരായിരിക്കണം എന്ന മാനദണ്ഡം കൂടി നിയമത്തിന്റെ ഭാഗമായി. അതായത് പൗരത്വനിർണയത്തിന് വ്യക്തികളുടെയും അവരുടെ മാതാപിതാക്കളുടെയും ജനനത്തീയതിയും ജന്മദേശവും പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് വന്നു. ഈ സാഹചര്യത്തിലാണ് എൻപിആറിൽ പുതിയ ചോദ്യാവലി വരുന്നത്.
അസാം എൻ ആർ സി യിൽ, വോട്ടർ പട്ടികയിൽ ചുവന്ന പേന കൊണ്ട് ‘ഡി’ എന്ന് എഴുതിച്ചേർക്കപ്പെട്ട മനുഷ്യരെയാണ് സംശയത്തിന്റെ നിറവിൽ നിർത്തിയത്. ഏറെ മനുഷ്യപ്രയത്നം ആവശ്യപ്പെടുന്ന പ്രക്രിയയായിരുന്നു അത്. എന്നാൽ ഇപ്പോൾ വളരെ എളുപ്പത്തിൽ അതെല്ലാം ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നമുക്കുണ്ട്, അതിൻ്റെ പേരാണ് ആധാർ. എൻ പി ആറിൽ നിന്ന് എൻആർസിയിലേക്കുള്ള പരിവർത്തനത്തെ ഓട്ടോമേറ്റ് ചെയ്യുന്നത് ആധാറായിരിക്കും. സ്വിച്ചിടുന്ന വേഗത്തിൽ സംശയിക്കുന്നവരുടെ ലിസ്റ്റ് നമുക്കു മുന്നിലെത്തും. തുടർന്ന് സി എ എ.
2019-ലെ സി.എ.എ. പ്രകാരം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മതക്കാർക്ക് പൗരത്വം ലഭിക്കും. അവിടെയും സങ്കീർണ്ണതകൾ ഉണ്ടായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള പീഡിത ന്യൂനപക്ഷങ്ങൾക്കാണ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. സ്വന്തം നാട്ടിലെ യാതൊരു രേഖകളും ഹാജരാക്കാൻ കഴിയാത്ത പാവപ്പെട്ട മനുഷ്യർ മറ്റൊരു രാജ്യക്കാരാണെന്നും അവിടെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിനും രേഖകൾ എങ്ങനെ ഹാജരാക്കാനാണ്? ഫലത്തിൽ പൗരത്വ പട്ടിക ജാതിമതഭേദമെന്യേ അവശതയനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിക്കുമെന്ന് വരും. അസമിൽ സംഭവിച്ചതതാണ്. എൻ ആർ സി പൂർത്തിയായപ്പോൾ രാജ്യ രഹിതരായ 19 ലക്ഷം പേരിൽ ഭൂരിപക്ഷവും ഹൈന്ദവരായിരുന്നു. അതുകൊണ്ടാണ് ഭരിക്കുന്ന പാർട്ടിക്ക് തന്നെ അവിടെ എൻ ആർ സി യെ തള്ളിപ്പറയേണ്ടിവന്നത്. എന്നാൽ ഈ പ്രശ്നം ദേശീയ പൗരത്വ ഭേദഗതി ചട്ടങ്ങളിലൂടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമവും, ചട്ടങ്ങളും തമ്മിൽ സുപ്രധാനമായൊരു അന്തരമുണ്ട്. നിയമത്തിൽ പീഡിത ന്യൂനപക്ഷങ്ങൾക്കാണ് അനുകൂല്യം നൽകുന്നതെങ്കിൽ, ചട്ടങ്ങളിൽ പീഡനം എന്ന വാക്കില്ല! ഉണ്ടായിരുന്നുവെങ്കിൽ അത് ഒരിക്കലും തെളിയിക്കപ്പെടാതെ പോയേനെ. ഇപ്പോൾ വിജ്ഞാപനം ചെയ്തിരിക്കുന്ന ചട്ടങ്ങളിൽ സിഎഎയുടെ ആനുകൂല്യം ലഭിക്കാൻ അപേക്ഷകർ നിയമത്തിൽ പറയുന്ന രാജ്യക്കാരാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിയാവും. ഒപ്പം ഏതെങ്കിലും മതസംഘടനയുടെ സാക്ഷ്യപത്രവും. ജനസംഖ്യാനുപാതികമായി പ്രധാനമായും മുസ്ലിങ്ങളൊഴിച്ചുള്ള മറ്റ് ആറ് മതത്തിൽ പെട്ടവർക്കും വളരെ എളുപ്പത്തിൽ പൗരത്വ പട്ടികയിൽ ഇടം നേടാൻ കഴിയുമെന്ന് സാരം!
അങ്ങനെ പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്നവരെ എന്തുചെയ്യും എന്നൊരു ചോദ്യമുണ്ട്. വേറെ ഏതെങ്കിലും രാജ്യങ്ങൾ അവരുടെ പൗരരാണെന്ന് അംഗീകരിച്ച്, അതാത് ഗവൺമെന്റുകളുടെ അനുമതിയോട് കൂടി മാത്രമേ അവരെ മടക്കി അയക്കാൻ കഴിയൂ. പതിറ്റാണ്ടുകളായി താമസിക്കുന്ന നാട്ടിലെ പൗരരാണെന്ന് തെളിയിക്കാനുള്ള രേഖകൾ സൂക്ഷിക്കാൻ കഴിയാത്ത ഈ മനുഷ്യർ എങ്ങനെയാണ് മറ്റൊരു രാജ്യത്തെ രേഖകൾ കൊണ്ടുവരിക? അപ്പോൾ ‘സ്വന്തം രാജ്യങ്ങളി’ലേക്ക് തിരിച്ചയക്കുക സാധ്യമല്ല. എന്നാൽ ഇവിടെ എല്ലാ പൗരാവകാശങ്ങളും നൽകിക്കൊണ്ട് പാർപ്പിക്കാനും കഴിയില്ല. പൗരത്വം നഷ്ടപ്പെടുന്നതോടെ അവർക്ക് നഷ്ടമാകുന്നത് അവകാശങ്ങൾക്കുള്ള അവകാശമാണ്. അവർക്കുവേണ്ടിയാണ് രാജ്യമൊട്ടുക്കും ഡിറ്റൻഷൻ സെൻററുകൾ ഉയരുന്നത്.
ഡിറ്റൻഷൻ സെൻററുകൾ ഇല്ലാതെ തന്നെ മനുഷ്യരെ അവകാശരഹിതരാക്കി തീർക്കാൻ കഴിയുന്ന പശ്ചാത്തല സംവിധാനം നമുക്കുണ്ടെന്നുള്ളതാണ് മറ്റൊരു വിഷയം. പൗരന്റെ അവകാശങ്ങളും ഭരണകൂടത്തിൽ നിന്ന് അവന് ലഭിക്കേണ്ട ആനുകൂല്യങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന ഒരു കില്ലർ സ്വിച്ച് നമുക്കുണ്ട്. ആധാർ എന്നാണതിനു പേര്. റേഷനും വിദ്യാഭ്യാസ സ്കോളർഷിപ്പുകളും മുതൽ തൊഴിലുറപ്പ് പദ്ധതി വരെയുള്ള എല്ലാ അവകാശ-ആനുകൂല്യങ്ങളും ലഭിക്കാതെ വരും.. ഫലത്തിൽ മനുഷ്യരുടെ ‘സിവിൽ ഡെത്താ’ണ് സംഭവിക്കുക. സവർക്കറുടെ ഭാഷയിൽ പറഞ്ഞാൽ രണ്ടാം തരം പൗരന്മാരായി മാറും!
ഭീതിദമായ ഒരു ‘ആവാസ വ്യവസ്ഥ’യ്ക്കകത്താണ് നമ്മൾ ജീവിക്കുന്നത്. പരസ്പരം വേർപെടുത്താനാകാത്ത തരത്തിൽ, ആധാർ-എൻ പി ആർ-എൻ ആർ സി-സി എ എ-ആധാർ എന്നിങ്ങനെയൊരു സമയ ചക്രം. നമ്മുടെ രാജ്യം, ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ, പൗരത്വത്തിന്റെ ഈ ക്രോണോളജി തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്. അതിനു പിന്നിൽ പ്രവർത്തിക്കുന്ന, രാജ്യത്ത് രണ്ടുതരം പൗരരെ സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വംശവെറിയുടെ പ്രത്യയശാസ്ത്രത്തെ തിരിച്ചറിയേണ്ടതുണ്ട്.
First Published in Suprabhatham Daily on