അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഐ.ടി റൂൾസ് 

രാജ്യത്ത് സൈബർ ഇടങ്ങളിൽ സെൻസർഷിപ്പ് വരുന്നതിനുള്ള സാധ്യതകൾ തുറന്നിടുന്ന സംഭവവികാസങ്ങളാണ് ബോംബെ ഹൈക്കോടതിയിൽ അരങ്ങേറിയിട്ടുള്ളത്. യൂണിയൻ ഗവൺമെൻറ് 2023-ൽ വിജ്ഞാപനം ചെയ്ത വിവരസാങ്കേതികവിദ്യാ ചട്ടങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ള ‘ഫാക്ട് ചെക്കിംഗ് യൂണിറ്റ്’ അഥവാ ‘വസ്തുതാനിർണയ സമിതി’ക്ക് ഇനി പ്രവർത്തിക്കാൻ ആകും എന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ ഫലം.

നമ്മുടെ രാജ്യത്തെ സൈബർ ഡിജിറ്റൽ മേഖലകളെ  നിയന്ത്രിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട് ആണ്. പ്രസ്തുത നിയമത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉല്ലംഘിക്കുന്ന ‘വകുപ്പ് 66എ’ സുപ്രസിദ്ധമായ ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി റദ്ദു ചെയ്തതാണ്. ഇൻറർനെറ്റ്, ദേശരാഷ്ട്ര ഭേദങ്ങളുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് മാനവ സ്വാതന്ത്ര്യത്തിന്റെ വികാസത്തിനുള്ള ഉപാധിയായി കണ്ടവർക്ക് വലിയ ആശ്വാസമായിരുന്നു സുപ്രീംകോടതി വിധി. പലപ്പോഴും ജനാധിപത്യത്തിലെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും വിയോജിപ്പുകളും ഭയപ്പാടില്ലാതെ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരേയൊരു ഇടമായി, ഇൻറർനെറ്റ് സാധാരണ ജനങ്ങൾക്ക് പ്രാപ്യമാക്കിയ സാമൂഹ്യ മാധ്യമങ്ങളും മാറുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭരണകൂട താല്പര്യങ്ങൾക്കനുസരിച്ച് നീങ്ങുന്ന  പൊതുസ്വഭാവം കൈവരിച്ചിട്ടുള്ള സമകാലിക സാഹചര്യത്തിൽ, മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന ചെറുതുരുത്തുകൾ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ ധൈര്യപൂർവ്വം ഇടപെടുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരും സന്നദ്ധസേവകരും മാത്രമാണ്. പണം കൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും പിടിച്ചെടുക്കാൻ കഴിയാത്ത ഈ മേഖലയെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ ഭരണകൂടങ്ങൾ നടത്തുന്നത് സ്വാഭാവികമാണല്ലോ. അതിന്റെ ഭാഗമായിട്ടാണ് സൈബർ ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങൾ ഗവൺമെൻറ് രൂപീകരിച്ചത്.

ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 79-ആം വകുപ്പ് അനുസരിച്ച്, ഇന്റർമിഡിയറികൾക്ക്, ചില നിയന്ത്രണങ്ങൾക്ക് വിധേയമായി നിയമപരിരക്ഷയുണ്ട്. ഇൻറർമീഡിയറി എന്നാൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നമ്മളെ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകൾ ആണ്. ഉദാഹരണത്തിന് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ‘ഇടനിലക്കാരാ’ണ്. അതിൽ പ്രസിദ്ധീകൃതമാകുന്ന സംഗതികൾ പ്രസിദ്ധീകരിക്കുന്ന ആളുകളുടെ മാത്രം ഉത്തരവാദിത്വമാണ്.  അതിൻ്റെ ഉള്ളടക്കത്തിന് മേൽ ഇൻറർമീഡിയറികൾക്ക് പ്രാഥമികമായ നിയന്ത്രണമില്ല. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ആയിരിക്കും അവർ ചെയ്യുന്ന പ്രവർത്തിയുടെ ഉത്തരവാദിത്വവും. അതുകൊണ്ടുതന്നെ താരതമ്യേന സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ അവിടെ സാധ്യമാകുന്നു. 

നിലവിലെ ഐടി ആക്ട് അനുസരിച്ച് നേരിട്ടുള്ള നിയന്ത്രണം അസാധ്യമാണ് എന്നറിഞ്ഞതുകൊണ്ട്  ചട്ടങ്ങളുടെ ഭാഗമായി വിവിധ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. 2019-ലും 2021-ലുമെല്ലാം ഇൻറർമീഡിയറി റെഗുലേഷൻ ചട്ടങ്ങൾ രൂപീകരിച്ചിരുന്നു. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ഇവ ചോദ്യം ചെയ്യുന്ന വ്യവഹാരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചട്ടങ്ങളിലെ പല വ്യവസ്ഥകളും ഇതിനോടകം സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ചട്ടങ്ങൾ വിഭാവനം ചെയ്തിരുന്നത് പോലെയുള്ള സെൻസർഷിപ്പ് സാധ്യമായിരുന്നില്ല. അതേ തുടർന്നാണ് 2013-ൽ വീണ്ടും പുതിയ ഐടി റൂൾസ് വരുന്നത്. വ്യാജവാർത്തകൾ തടയാനെന്ന പേരിൽ, വാർത്തകൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമേൽ യൂണിയൻ ഗവൺമെന്റിന്റെ സമ്പൂർണ്ണമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് ഈ ചട്ടങ്ങൾ. 

യൂണിയൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച വാർത്തകളിലെ വാസ്തവം തിരിച്ചറിയുന്നതിന് ഒരു ‘വസ്തുതാ പരിശോധനാ സമിതി’ രൂപീകരിക്കുവാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തുന്നതാണ് 2003-ലെ ചട്ടങ്ങൾ. ‘വ്യാജമോ, നുണയോ, തെറ്റിദ്ധരിപ്പിക്കുന്നതോ’ ആയ ഉള്ളടക്കങ്ങൾ കണ്ടെത്തി അവയെ ഇൻറർ മീഡിയറി പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം നൽകുകയാണ് ഈ സമിതി ചെയ്യുക. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിവരസാങ്കേതിക നിയമത്തിലുള്ള സംരക്ഷണം ഇവർക്ക് നഷ്ടപ്പെടുന്നു. ഉള്ളടക്കങ്ങൾക്കു നേരിട്ട് ഉത്തരവാദികളായി തീരും. ‘ഇടനിലക്കാർ’ നിയമനടപടികൾ നേരിടേണ്ടി വരും. വസ്തുതാ പരിശോധന സമിതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഒന്നും ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ല. കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് ഒരു പരിഹാരമുള്ളത്. 

മാത്രമല്ല ഇടനിലക്കാരൻ എന്ന നിർവചനം ഇൻറർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ഉൾപ്പെടെ സൈബർ മേഖലയിലെ സേവനദാതാക്കളെല്ലാം ഉൾപ്പെടുന്നത്ര  വിശാലമാണ്. കോടിക്കണക്കിന് വരുന്ന ഉപയോക്താക്കളുടെയെല്ലാം പ്രവർത്തികൾക്കുമേൽ യാതൊരു നിയന്ത്രണവും ഇടനിലക്കാർ എന്ന നിലയിൽ ഈ സേവനദാതാക്കൾക്കില്ല.  വ്യാജമെന്ന് ടാഗ് ചെയ്ത വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചു മനസ്സിലാക്കാനുള്ള സംവിധാനവുമില്ല. ചട്ടങ്ങൾക്കകത്തും സമിതി നിർദ്ദേശങ്ങൾ മറികടക്കാനുള്ള മാർഗ്ഗങ്ങൾ ഒന്നും വിശദീകരിച്ചിട്ടില്ല. ആയതിനാൽ, ചൂണ്ടിക്കാണിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക എന്നതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഇടനിലക്കാർക്കു മുന്നിലില്ല. ഫലത്തിൽ യൂണിയൻ ഗവൺമെന്റിന്റെ സെൻസർ ബോർഡുകൾ ആയിട്ടാണ് ഈ സമിതികൾ പ്രവർത്തിക്കുക. ഈ ചട്ടങ്ങളാണ് ബോംബെ ഹൈക്കോടതിയിൽ ഹർജിക്കാർ ചോദ്യം ചെയ്തത്.

ഈ ജനുവരി 31-ന് ഹർജിയിൽ ബോംബെ ഹൈക്കോടതിയുടെ വിധി വന്നു. ജസ്റ്റിസ് ഗൗതം പട്ടേൽ, ജസ്റ്റിസ് നീലം ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവരും പരസ്പരവിരുദ്ധമായ നിലപാടുകളിലേക്കാണ് എത്തിച്ചേർന്നത്. ജസ്റ്റിസ് ഗോഖലെ പ്രസ്തുത ചട്ടങ്ങൾ ഭരണഘടനാപരം തന്നെയെന്ന് പ്രസ്താവിച്ചു. ആക്ഷേപഹാസ്യം, ഹാസ്യം, രാഷ്ട്രീയ വിമർശനങ്ങൾ എന്നിവ നിയന്ത്രിക്കില്ലെന്ന ഉറപ്പ് കേന്ദ്ര ഗവൺമെൻറ് തന്നിട്ടുള്ളതുകൊണ്ട്, ചട്ടങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാവില്ല എന്നായിരുന്നു അനുമാനം. വസ്തുതാ പരിശോധന സമിതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഉള്ളടക്കം നീക്കം ചെയ്യണമെന്ന് നിർബന്ധമില്ലെന്നും,  ഈ നിർദ്ദേശം സംബന്ധിച്ച ഒരു ലേബലോട് കൂടി  അവയെ തുടരാൻ അനുവദിക്കാമല്ലോയെന്നും വിധിയിൽ പറയുന്നു. മാത്രവുമല്ല ഇടനിലക്കാർക്ക് സമിതി നിർദേശത്തെ കോടതിയിൽ ചോദ്യം ചെയ്യാനും കഴിയും.

എന്നാൽ ജസ്റ്റിസ് പട്ടേൽ, തികച്ചും വിരുദ്ധമായ ഒരു വായനയാണ് നടത്തിയത്.  പ്രസ്തുത ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി. ‘യൂണിയൻ ഗവൺമെന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ’ എന്ന നിർവചനം മുതൽ തോന്ന്യാസപരമായ തരത്തിലാണ് ചട്ടങ്ങൾ രൂപീകരിച്ചിട്ടുള്ളത് എന്ന് അദ്ദേഹം കണ്ടെത്തി. ഈ നിർവചനത്തിന് കീഴിൽ ഏതൊക്കെ വിഷയങ്ങളാണ് വരിക എന്നത്, അവ്യക്തവും അനാവശ്യമായ അർത്ഥ വിശാലതയുള്ളതുമാണ് എന്ന് ചൂണ്ടിക്കാണിച്ചു. നിയന്ത്രണങ്ങൾ ഇൻഫർമേഷൻ ടെക്നോളജി ആക്ട് അനുശാസിക്കുന്ന നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതാണെന്നും സർവ്വോപരി അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ അനുച്ഛേദം 19 (1) അനുവദിക്കുന്നതിനുമപ്പുറമുള്ളതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ലേബൽ ചെയ്തു തുടരാൻ അനുവദിക്കാം എന്ന ഒരു സാധ്യത ചട്ടങ്ങളിൽ എവിടെയും പറയുന്നില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വസ്തുതാ പരിശോധന സമിതികളുടെ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല, കോടിക്കണക്കിന് ഉപഭോക്താക്കളെ സംബന്ധിച്ച ഇത്തരം ആക്ഷേപങ്ങൾ പരിശോധിച്ചു അവയെ കോടതിയിൽ പ്രതിരോധിക്കാനുള്ള യാതൊരു സാധ്യതയും സൈബർ ഇടനിലക്കാർക്കില്ല. അതുകൊണ്ടുതന്നെ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുന്നതാണ് ഈ പരിഷ്കാരങ്ങളെന്ന് സ്പഷ്ടവും യുക്തിയുക്തവുമായി അദ്ദേഹത്തിൻ്റെ വിധിയിൽ സ്ഥാപിക്കപ്പെടുന്നുണ്ട്.

ഡിവിഷൻ ബെഞ്ചിന് ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ ജസ്റ്റിസ് ചാന്തുർക്കറെ കൂടി ഉൾപ്പെടുത്തി ബഞ്ച് വിപുലീകരിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. ഹർജി കോടതിയിൽ എത്തിയപ്പോൾ, കോടതിയുടെ തീർപ്പുണ്ടാവുന്നത് വരെ വസ്തുതാ പരിശോധന സമിതികൾ രൂപീകരിക്കുകയില്ല എന്ന ഒരു ഉറപ്പ് യൂണിയൻ ഗവൺമെൻറ് നൽകിയിരുന്നു. പരസ്പര വിരുദ്ധമായ വിധി ന്യായങ്ങൾ പുറത്തുവന്നതോടെ ഈ ഉറപ്പ് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിലായിരുന്നു അടിയന്തര തീരുമാനമെടുക്കേണ്ടത്. അതു സംബന്ധിച്ചാണ് ഇപ്പോൾ കോടതി തീരുമാനത്തിലെത്തിയിരിക്കുന്നത്. കോടതിക്ക് യൂണിയൻ ഗവൺമെൻറ് നൽകിയിട്ടുള്ള ഉറപ്പുകൾ കൂടി പരിശോധിക്കുമ്പോൾ മുന്നോട്ട് പോകാം എന്ന അഭിപ്രായമായിരുന്നു മൂന്നാമത്തെ ന്യായാധിപനും.  ഇതോടുകൂടി ഇന്ത്യയിൽ സൈബർ ഇടങ്ങളിൽ സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള യൂണിയൻ ഗവൺമെന്റിന്റെ നീക്കങ്ങൾക്ക് കോടതിയുടെ അനുമതി കൂടി താൽക്കാലികമായെങ്കിലും ലഭിച്ചിരിക്കുന്നു 

കേസ് ഇവിടം കൊണ്ട് അവസാനിക്കില്ലെന്ന് ഉറപ്പാണ്. സുപ്രീംകോടതിയിലും ഇത് സംബന്ധിച്ച സുദീർഘമായ നിയമ പോരാട്ടങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. ‘1984’ എന്ന നോവലിൽ ‘മിനിസ്ട്രി ഓഫ് ട്രൂത്ത്’ എന്നൊരു മന്ത്രാലയമുണ്ട്. രാജ്യത്തെ ഔദ്യോഗിക സത്യങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന മന്ത്രാലയമാണ്. ചരിത്രപരവും സാംസ്കാരികവും സാമൂഹികവുമായ  എല്ലാ പാഠങ്ങൾക്കും അന്തിമരൂപവും അംഗീകാരവും നൽകുന്നത് ആ മന്ത്രാലയമാണ്. ക്ലോക്കിൽ പതിമൂന്നാം മണിയടിച്ച ഒഷ്യാനയിലല്ല,  ജനാധിപത്യ ഇന്ത്യയിൽ സത്യങ്ങൾ ഏതെന്ന് ഔദ്യോഗികമായി  തീരുമാനിക്കുന്ന ഒരു സംവിധാനം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നത് ഭാവിയെ സംബന്ധിച്ച ദിശാസൂചികയാണ്. 

First Published in DoolNews on 15 March 2024

LEAVE A REPLY

Please enter your comment!
Please enter your name here