Home Blog Page 6

സംവരണം; പാറ്റ്ന ഹൈക്കോടതി വിധിയുയർത്തുന്ന ചോദ്യങ്ങൾ

ബീഹാറിൽ, ജാതി സെൻസസിന് ശേഷം, സംവരണം 65% ആയി വർധിപ്പിച്ച നടപടി പാറ്റ്ന ഹൈക്കോടതി റദ്ദു ചെയ്തിരിക്കുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം നമ്മുടെ ഭരണഘടനാ കോടതികളിൽ വിപുലമായ  ന്യായവിചാരങ്ങൾക്ക് വിധേയമാകാറുണ്ട്. ‘കഴിവും, കാര്യക്ഷമതയും’ ആണ് ഉയർന്നു വരാറുള്ള പ്രധാന മാനദണ്ഡം. സംവരണം തുല്യതയ്ക്കെതിരാണെന്ന മിഥ്യാധാരണയും കോടതികൾ ഒരുകാലത്ത് പുലർത്തി വന്നിരുന്നു. ചെമ്പകം ദൊരൈ രാജൻ കേസ് മുതൽ ഇങ്ങോട്ട് അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. അന്ന് മദ്രാസിലെ സംവരണ വിജ്ഞാപനം കോടതി റദ്ദ് ചെയ്തു. തുല്യതയ്ക്കെതിരാണ് എന്നായിരുന്നു നിഗമനം.  ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഗവൺമെൻറ് അതിനെ മറികടന്നത്. 

അടുത്തകാലത്ത്  ഗുജറാത്തിലെ പട്ടിദാർ സംവരണം, രാജസ്ഥാനിലെ ഗുജ്ജർ സംവരണം, മഹാരാഷ്ട്രയിൽ മറാഠി സംവരണം, ആന്ധ്രപ്രദേശിലെ മുസ്ലിം സംവരണം, ഗുജറാത്തിലെ ജാട്ട് സംവരണം തുടങ്ങിയവയൊക്കെ സുപ്രീംകോടതി റദ്ദു ചെയ്തിരുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഈ വിധികളിലെല്ലാം കോടതി ചൂണ്ടി കാണിച്ചിരുന്നത്: സമുദായങ്ങളുടെ പിന്നാക്കാവസ്ഥ വിദഗ്ധ സമിതി പഠിച്ചു വിലയിരുത്തിയിട്ടില്ല. പിന്നെ സംവരണ സീറ്റുകളുടെ എണ്ണം സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള 50 ശതമാനത്തിനു മുകളിലാണ്.

അത്തരം ധർമ്മ സങ്കടങ്ങളൊന്നും കോടതിയെ ബാധിക്കാതെ പോയത് ഇ. ഡബ്ലിയു. എസ്. എന്ന ഓമന പേരിൽ അറിയപ്പെടുന്ന സവർണ്ണ സംവരണ കേസിൽ മാത്രമാണ്. തുല്യതാ, കഴിവ്, കാര്യക്ഷമത തുടങ്ങിയ ഭാരിച്ച ചർച്ചകളൊന്നും വിധിയിൽ സംവരണത്തിനെതിരായി കടന്നുവന്നില്ല.  50 ശതമാനത്തിന്റെ കാര്യവും പരാമർശിക്കപ്പെട്ടില്ല. “സുപ്രീംകോടതിയുടെ 70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രത്യക്ഷത്തിൽ തന്നെ വിവേചനപരവും നീതി രഹിതവുമായ ഒരു കാര്യത്തിന് അനുമതി കൊടുക്കുന്നത് എന്ന വേദനയോടെയാണ് ഞാൻ എഴുതാൻ ആരംഭിക്കുന്നത്” എന്ന്, വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് എസ് ആർ ഭട്ടിനു പരിതപിക്കേണ്ടി വന്ന തരത്തിൽ, സവർണ്ണ സംവരണം നടപ്പിലാക്കുവാൻ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ ശരിവെക്കുകയാണ് കോടതി ചെയ്തത്. 

പാറ്റ്ന ഹൈക്കോടതി വിധി 

2023 ഒക്ടോബർ 2-ന് ബീഹാറിലെ ജാതി സെൻസസ് പൂർത്തിയായി. അതേത്തുടർന്ന് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമാക്കുന്നതിന് വേണ്ടി, നിലവിലുണ്ടായിരുന്ന സംവരണ സംവിധാനത്തിലെ സംവരണ ക്വോട്ട 50 ശതമാനത്തിൽ നിന്ന് 65% ആക്കി ഉയർത്തി. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നിട്ടുള്ളത്. ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് കുമാർ എന്നിവരുടെ ബെഞ്ചിന്റെതാണ് വിധി. 

ജാതി സെൻസസിൽ പിന്നാക്ക വിഭാഗക്കാരുടെ അനുപാതം, 85% വരെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംവരണം വർദ്ധിപ്പിക്കുവാൻ നിതീഷ് കുമാർ ഗവൺമെൻറ് തീരുമാനിച്ചത്. സംസ്ഥാന നിയമസഭാ ഏകപക്ഷീയമായാണ് ഈ തീരുമാനം അംഗീകരിച്ചത്. എന്നാൽ സംവരണ ക്വോട്ടയിൽ വരുത്തിയ ഭേദഗതി ഭരണഘടനാപരമല്ല എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. മൂന്നു കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിച്ചത്. ഒന്ന്, സംവരണം 50% പരിധി കഴിഞ്ഞിരിക്കുന്നു. രണ്ട്, ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്ന സംവരണം ‘ആനുപാതിക’ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയല്ല, ‘മതിയായ’ പ്രാതിനിധ്യമാണ് ലക്‌ഷ്യം. മൂന്ന്, പിന്നാക്ക വിഭാഗക്കാർക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് ബോധ്യപ്പെടുത്തുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ല. ഒരു വിദഗ്ധസമിതിയെയും നിയോഗിച്ചിട്ടില്ല. കണക്കുകൾ നോക്കുമ്പോൾ, ഈ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉണ്ടെന്നു കാണാം. 

വിധിയുടെ മറുവശം

ഈ മൂന്നു വിഷയങ്ങളും ഗൗരവതരമായ പരിശോധനകൾക്കു വിധേയമാക്കേണ്ടതാണ്. സംവരണം പരമാവധി 50 ശതമാനം മാത്രമേ പാടുള്ളുവെന്ന തത്വം ഭരണഘടനയിൽ ഉള്ളതൊന്നുമല്ല; പൂർണമായും കോടതികൾ സൃഷ്ടിച്ചതാണ്. 1962-ലെ എം ആർ ബാലാജി കേസ്, 1964-ലെ ടി ദേവദാസ് കേസ്, 1976- ലെ എൻ എം എം തോമസ് കേസ്, 1992-ലെ ഇന്ദിരാ സാഹ്നി കേസ്, 2006-ലെ എം നാഗരാജ് കേസ്, തുടങ്ങി നിരവധി വിധികളിൽ ഈ മാനദണ്ഡം നിഷ്കർഷിച്ചിട്ടുണ്ട്. സംവരണം 50 ശതമാനത്തിന് മുകളിൽ പോയാൽ, അത് മെറിറ്റിനെയും കാര്യക്ഷമതയെയും ബാധിക്കും എന്നാണ് നമ്മുടെ പരമോന്നത നീതിപീഠം പറഞ്ഞത്. സംവരണം 50%- ന് മുകളിൽ പോയാൽ അത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതാ സങ്കൽപ്പത്തിന് വിരുദ്ധമാകുമെന്ന് പറയുന്നുണ്ടെങ്കിലും, അതിനെ സാധൂകരിക്കാൻ പോന്ന ശക്തമായ നിയമ യുക്തി ഒന്നും വിധികളിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെയോ വിദഗ്ധ അഭിപ്രായത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല 50% എന്ന സംഖ്യ നമ്മുടെ നിയമവൈജ്ഞാനിക പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി തീർന്നത്.

ഇന്ദിരാ സാഹ്നി കേസിലെ ഒമ്പതംഗ വിശാല ബഞ്ചിന്റെ വിധിയിൽ, 50% ത്തിൻ്റെ മാനദണ്ഡം ഒരുതരത്തിൽ ലംഘിക്കുവാൻ പാടില്ലാത്തതല്ല എന്നു പറയുന്നുണ്ട്. വിദൂര ദേശങ്ങളിൽ, മുഖ്യധാരാ ജീവിതത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ ഒക്കെ 50 ശതമാനത്തിന് മുകളിൽ സംവരണമാകാം എന്നും പറയുന്നുണ്ട്. ഇ. ഡബ്ലിയു. എസ്. കേസിൽ, സംവരണം 50 ശതമാനത്തിന് മുകളിലായിരുന്നിട്ടും കോടതിയതു ശരി വച്ചിട്ടുണ്ട്. ബീഹാറിന്റെ കാര്യത്തിൽ, മാനവിക വളർച്ചാ സൂചികകൾ പരിശോധിച്ചാൽ, രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണിതെന്ന പരിഗണന നൽകാമായിരുന്നു. എന്നാൽ ഇന്ദിരാസാഹ്നി കേസിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ ബീഹാറിന് ബാധകമാണെന്ന് പാറ്റ്ന ഹൈക്കോടതി കണ്ടില്ല.

രണ്ടാമത്തെ കാര്യം, സംവരണം സംബന്ധിച്ച ‘ആനുപാതികമായ പ്രാതിനിധ്യം’, ‘മതിയായ പ്രാതിനിധ്യം’ എന്നിവ തമ്മിലുള്ള വ്യത്യാസമാണ്. നിയമനിർമ്മാണ സഭകളിലേക്കുള്ള സംവരണത്തിന് ആനുപാതികമായ പ്രാതിനിധ്യമാണ് പരിശോധിക്കുന്നത് എങ്കിൽ, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുഛേദം 16, ഉപഖണ്ഡം നാലിൽ ‘മതിയായ പ്രാതിനിധ്യം’ എന്ന പ്രയോഗമാണുള്ളത്. ഇത് രണ്ടും വ്യത്യസ്തമായ മാനദണ്ഡങ്ങളാണെന്ന് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വിശദീകരിച്ചിട്ടുണ്ട്. മതിയായ പ്രാതിനിധ്യം ഇല്ലെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് കോടതി പറയുന്നത്. ഇക്കാര്യങ്ങൾ പഠിക്കുവാൻ വിദഗ്ധരെ നിയോഗിച്ചിട്ടുമില്ല. എന്നാൽ, ബീഹാറിൽ ജാതി സെൻസസ് നടത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിന്റെയും പ്രാതിനിധ്യം സംബന്ധിച്ച കണക്കുകൾ സംസ്ഥാന സർക്കാരിനു മുന്നിലുണ്ട്. ഗവൺമെൻറ് തലത്തിൽ അത് പരിശോധിക്കപ്പെട്ടിട്ടുണ്ട്. ആ കാര്യം സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭ വിശദമായി ചർച്ച ചെയ്തതാണ്. അതിനുശേഷം ഏകപക്ഷീയമായാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ വിദഗ്ധരെ നിയോഗിക്കണമെന്ന ആവശ്യം എത്ര കണ്ട് അനിവാര്യമാണെന്നത് തർക്ക വിഷയമാണ്. കാരണം, മണ്ഡൽ കമ്മീഷന്റെ റിപ്പോർട്ട് നമുക്ക് മുന്നിലുണ്ട്. അതേ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പിന്നാക്കാവസ്ഥ അളക്കുവാൻ കഴിയും. അതിന് മറ്റൊരു വിദഗ്ധസമിതിയുടെ ആവശ്യമില്ല. മാത്രവുമല്ല, മണ്ഡൽ കമ്മീഷനിലെ മാനദണ്ഡങ്ങൾ രൂപീകരിക്കുവാൻ നിയോഗിക്കപ്പെട്ട വിദഗ്ധർ- എം എൻ ശ്രീനിവാസ്, യോഗേന്ദ്ര സിംഗ്, വി കെ ബർമൻ- എന്നിവർ കമ്മീഷൻ റിപ്പോർട്ടിനോട് വിയോജിക്കുകയാണ് ചെയ്തത്. എന്നിട്ടും കമ്മിറ്റി പറഞ്ഞിരിക്കുന്ന 17 മാനദണ്ഡങ്ങൾ സുപ്രീംകോടതി അംഗീകരിക്കുകയാണ് ചെയ്തത്. ബീഹാറിൽ ആണെങ്കിൽ, പുതിയൊരു വിഭാഗത്തിന് സംവരണം നൽകുകയല്ല ചെയ്തത് നിലനിന്നിരുന്ന സംവരണത്തിന്റെ ശതമാനം വർദ്ധിപ്പിക്കുക മാത്രമാണുണ്ടായത്. ഇക്കാര്യങ്ങളൊന്നും കോടതി അനുഭാവപൂർവ്വം പരിഗണിച്ചില്ല. 

സംവരണം, മെറിറ്റ്, കാര്യക്ഷമത എന്നിവയൊക്കെ വളരെ സങ്കീർണമായ സങ്കല്പനങ്ങളാണ്. ഈ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ തന്നെയാണ് ബീഹാറിൽ ജാതി സെൻസസ് ശരിവച്ചുകൊണ്ട് വിധിയെഴുതിയതും. സുപ്രീം കോടതിയുടെ തന്നെ നിരവധി വിധികൾ ഉയർത്തുന്ന പരിമിതികൾ ഹൈക്കോടതിക്കു മുന്നിലുണ്ടായിരുന്നു. അതിൻ്റെ ചുവടുപിടിച്ചാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മെറിറ്റിനെ അതിൻ്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് നിർവചിക്കേണ്ടതുണ്ട്. സംവരണം 50 ശതമാനത്തിനു മുകളിൽ വന്നാൽ അത് കാര്യക്ഷമതയെ ബാധിക്കുമെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഒന്നും ഇല്ല. ജനറൽ വിഭാഗത്തിൽ ജോലിയിൽ കയറുന്നവർ സംവരണം വഴി പ്രവേശനം ലഭിച്ചവരെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന വസ്തുതകളുമില്ല. ഉന്നത കുലജാതർ ജനറൽ കോട്ടയുടെ കാര്യക്ഷമതയും സംശുദ്ധിയും, സംവരണത്തിലൂടെ എത്തുന്നവർ വന്നാൽ ഇല്ലാതാകും എന്ന് പറയുന്നത് ഒരു പ്രാകൃത ചിന്തയുടെ പ്രതിഫലനം കൂടിയാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹിക മാറ്റത്തിന്റെ വിശാലദർശനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് സാമൂഹ്യനീതിയുടെ ബാലപാഠങ്ങളെ നിരാകരിക്കുന്നതാണ്.

First Published in Suprabhatham Daily on 8 June 2024

NEET: അതിസമ്പന്നർക്ക് സംവരണമൊരുക്കുന്ന സംവിധാനം 

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയമാണല്ലോ. നീറ്റ് പരീക്ഷയിൽ റിപ്പോർട്ട് ചെയ്ത വ്യാപകമായ ക്രമക്കേടുകൾക്ക് ശേഷം നെറ്റ് പരീക്ഷയും റദ്ദു ചെയ്യേണ്ട സാഹചര്യം ഉണ്ടായി. അധികാരത്തിന്റെ എല്ലാ മേഖലകളെയും ഏകശിലാത്മകമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നതിനോടൊപ്പം, അക്കാദമിക മേഖലയിൽ ഉൾപ്പെടെ ഫെഡറൽ മൂല്യങ്ങളെ അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞ ഒരു ദശകമെങ്കിലുമായി യൂണിയൻ ഗവൺമെൻറ് പ്രവർത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന പ്രത്യേക എൻജിനീയറിങ് – മെഡിസിൻ പ്രവേശന പരീക്ഷകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം തമിഴ്നാട് മാത്രമല്ല പശ്ചിമബംഗാളും ഉന്നയിച്ചു കഴിഞ്ഞു. മറ്റു പല മേഖലകളിലും ഇത് സംബന്ധിച്ച ചർച്ചകൾ വ്യാപകമാണ്. ഈ സമയത്താണ് നീറ്റ് എങ്ങനെയാണ് മെറിറ്റിനെ അട്ടിമറിക്കുന്നതെന്ന് വ്യക്തമാക്കുന്ന വാദങ്ങളുമായി മഹേശ്വർ പേരി രംഗത്തെത്തുന്നത്. IIPM എന്ന പേരിൽ, നേരത്തെ നടന്നിരുന്ന തട്ടിപ്പിനെതിരെ ഇദ്ദേഹം രംഗത്ത് വന്നതിനെ തുടർന്ന് അത് അവസാനിപ്പിക്കേണ്ടി വന്ന കാര്യം നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ‘കരിയർഴ്‌സ് 360’ യുടെ തലവൻ വീണ്ടും ഒരു പ്രശ്നമുന്നയിക്കുമ്പോൾ, അതിനെ ആ ഗൗരവത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.

നീറ്റ് പോലെയുള്ള പരീക്ഷകൾ പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ കഴിവും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതാണ് എന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്. മെറിറ്റാണ് ഇതിന്റെയൊക്കെ അടിസ്ഥാനമെന്ന്! എന്നാൽ മഹേശ്വർ പേരി നിരത്തുന്ന കണക്കുകൾ നമുക്ക് പരിശോധിക്കാം. രാജ്യത്താകെ 74 മെഡിക്കൽ കോളേജുകളിൽ ആയി ഒരു ലക്ഷത്തി ഒമ്പതിനായിരത്തി ഒരുനൂറ്റി എഴുപത് സീറ്റുകൾ ആണുള്ളത്. ഇവയിലേക്ക് പ്രവേശനം നടത്തുന്നതിന് വേണ്ടിയാണ് അഖിലേന്ത്യ തലത്തിൽ നീറ്റ് എന്ന പേരിൽ പരീക്ഷ നടത്തുന്നത്. 23,33,297 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 57 ശതമാനവും പെൺകുട്ടികളായിരുന്നു. 

മെഡിസിൻ വിഭാഗത്തിൽ രാജ്യത്ത് ആകെ ലഭ്യമായ സീറ്റുകളെ ഗവൺമെൻറ് മേഖല എന്നും സ്വകാര്യ മേഖല എന്നും രണ്ടായി തിരിക്കാം. ഗവൺമെൻറ് മേഖലയിൽ സെൻട്രൽ യൂണിവേഴ്സിറ്റികളും, വിവിധ സംസ്ഥാനങ്ങളിലെ ഗവൺമെൻറ് കോളേജുകളും ഉണ്ട്. 7 സെൻട്രൽ യൂണിവേഴ്സിറ്റികളിലായി 1180 കുട്ടികൾക്ക് പഠിക്കുവാൻ കഴിയും. വിവിധ സംസ്ഥാനങ്ങളിലെ 382 ഗവൺമെൻറ് കോളേജുകളിലായി 55,255 സീറ്റുകൾ. മറുവശത്ത് 264 പ്രൈവറ്റ് കോളേജുകളിൽ 42515 പേർക്ക് പ്രവേശനം നേടാനാകും. ഇതുകൂടാതെ 51 കൽപിത സർവകലാശാലകൾ  ഉണ്ട്. അവിടങ്ങളിൽ 10,250 സീറ്റുകളും. 

ഇനി ഇവിടങ്ങളിലെ ഫീസ് ഘടന നോക്കാം. 

എയിംസ് പോലെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ, എംബിബിഎസ് പഠനം പൂർത്തിയാക്കുന്നതിന് മൂന്നു ലക്ഷത്തി അറുപത്തിനാലായിരം രൂപ മാത്രമാണ് ചെലവ് വരിക. വിവിധ സംസ്ഥാനസർക്കാർ കോളജുകളിൽ ശരാശരി ചെലവ് 6.2 ലക്ഷമാണ്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എത്തുമ്പോഴേക്കും ശരാശരി ഫീസ് 78.8 ലക്ഷം ആകുന്നു. കൽപിത സർവകലാശാലകളിലാകട്ടെ 1-1.2 കോടിയാണ്‌ പഠനത്തിന് വരുന്ന ചെലവ്. എൻ ആർ ഐ സീറ്റുകളിൽ ഇത് മൂന്ന് നാല് കോടിയോളം വരും.

അതായത് ഗവൺമെൻറ് മേഖലയിലുള്ള സീറ്റുകളിൽ മാത്രമാണ് സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠിക്കുവാൻ സാധിക്കുക. 72 ലക്ഷം മുതൽ നാലു കോടി രൂപ വരെ മുടക്കി പഠിക്കുവാൻ കഴിയുക സമൂഹത്തിലെ ഏറ്റവും ഉന്നതിയിലുള്ള ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രമാണ്. അതായത് രാജ്യത്തെ വൈദ്യത്തിനുള്ള സീറ്റുകളിൽ പകുതിയോളം അതിസമ്പന്നർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതുമാത്രമല്ല, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന സമ്പന്നർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ തരത്തിലാണ് സംവിധാനത്തെ ഡിസൈൻ  ചെയ്തിരിക്കുന്നത്. ഈ മേഖല കയ്യടക്കുന്നത് സവർണ സമ്പന്ന വിഭാഗങ്ങൾ ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലല്ലോ. നാഴികയ്ക്ക് നാല്പതു വട്ടം സംവരണ വിരുദ്ധതയും, മെറിറ്റിനെ കുറിച്ചുള്ള ഗീർവാണങ്ങളും കാച്ചുന്ന ഉപരിവർഗ്ഗത്തിനോ, മാധ്യമങ്ങൾക്കോ, ഇതിൽ ഒരു ആശങ്കയുമില്ല. 

2021 മുതലുള്ള നീറ്റ് പരീക്ഷയുടെ കട്ട് ഓഫ് മാർക്കും, വിജയിക്കാൻ വേണ്ട ശതമാനവും, പരീക്ഷാ ക്വാളിഫൈ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണവും നോക്കുക. 2021-ൽ ആകെ 83075 സീറ്റുകളിലേക്കായി യോഗ്യത നേടിയത് 87074 വിദ്യാർത്ഥികളാണ്. പരമാവധി 720 മാർക്കുകളിൽ നടത്തുന്ന നീറ്റ് പരീക്ഷയിൽ ആ വർഷം കട്ട് ഓഫ് വച്ചിരുന്നത് 138 മാർക്കാണ്. അതായത് 19.17%.  2022-ലെ കട്ട് ഓഫ് 117, ശതമാനം 16.3, യോഗ്യത നേടിയവർ 9,93,069. 2023-ൽ കട്ട് ഓഫ് 137, അതായത് 19%. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 11,45,976. 2024-ൽ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 13,16,218. കട്ട് ഓഫ് 164 മാർക്ക്; അഥവാ 22.7%. 

സാധാരണ പരീക്ഷകളിൽ വിജയിക്കാൻ വേണ്ടത് 30-40 ശതമാനം മാർക്ക് ആണ്. എന്നിട്ടും രാജ്യത്തെ ഏറ്റവും മെറിറ്റോറിയസ് ആയ വിദ്യാർത്ഥികളെ കണ്ടെത്തുവാൻ നടത്തുന്നതെന്ന് അവകാശപ്പെടുന്ന നീറ്റ് പരീക്ഷയ്ക്ക് മാത്രം എന്തുകൊണ്ടാണ് കട്ട് ഓഫ് മാർക്ക് 20 ശതമാനത്തിലും താഴെയാകുന്നത്? ഇത്രയും താഴ്ന്ന മർക്കിൽ വിജയിക്കുന്ന ഏക പരീക്ഷ ഒരു പക്ഷേ നീറ്റ് ആയിരിക്കും. ഒരു കാര്യം കൂടി ശ്രദ്ധിക്കുക- ആകെ ഒരു ലക്ഷത്തിനോടടുത്തു മാത്രം സീറ്റുകൾ ഉള്ള മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ, നീറ്റ് പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം 8 ലക്ഷം മുതൽ 14 ലക്ഷം വരെയാണ്. പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് ഉയർത്തി യോഗ്യത നേടുന്നവരുടെ എണ്ണം ഒരു രണ്ടോ മൂന്നോ ലക്ഷം ആക്കി പരിമിതപ്പെടുത്തിയാൽ, മെറിറ്റ് ഉറപ്പുവരുത്താൻ പറ്റുമല്ലോ. പിന്നെ എന്തുകൊണ്ട് അത് ചെയ്യുന്നില്ല? 

അതിനുത്തരം തേടുമ്പോഴാണ്, മെറിറ്റിനെ പരിപൂർണ്ണമായി അട്ടിമറിക്കുകയും വിദ്യാഭ്യാസം സമ്പന്നർക്ക് സംവരണം ചെയ്യുകയും ചെയ്യുന്ന, വ്യവസ്ഥിതിയുടെ ചതി നമുക്ക് മനസ്സിലാവുന്നത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഫീസ് 70 ലക്ഷത്തിനും 80 ലക്ഷത്തിനും  ഇടയ്ക്കാണ്. കല്പിത സർവകലാശാലകളിൽ അത് കോടികളാണ്. അത്രയും പണം മുടക്കി പഠനം നടത്തുവാൻ കഴിയുന്നവർ സമ്പന്നരാണ്. മാത്രവുമല്ല, പ്രവേശന പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്ക് മാത്രം നേടിയവരും ആയിരിക്കും.

ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ചെന്നൈയിലെ എസിഎസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയ കുട്ടിയുടെ നീറ്റ് മാർക്ക് 137 മാത്രമാണ്. റാങ്ക് ആകട്ടെ 10,12,292-ഉം. പുതുച്ചേരിയിലെ ശ്രീലക്ഷ്മി നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശനം നേടിയ കുട്ടിക്ക് ലഭിച്ചത് കേവലം 110 മാർക്ക് മാത്രമാണ്. റാങ്ക് ആകട്ടെ 11,91,412-ഉം. എൻ ആർ ഐ സീറ്റിലാണ് ഏറ്റവും കൂടുതൽ മെറിറ്റ് അട്ടിമറിക്കപ്പെടുന്നത്. ഒഡീഷയിൽ, ഭുവനേശ്വരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ഹോസ്പിറ്റലിൽ 12,15,544 -ആം റാങ്കുകാരന് വരെ പ്രവേശനം ലഭിച്ചു. അയാളുടെ നീറ്റ് സ്കോർ 107 ആയിരുന്നു.

സവർണ്ണ സമ്പന്ന വിഭാഗങ്ങൾ അവശവിഭാഗങ്ങൾക്കെതിരെ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന മെറിറ്റ് എന്ന ആയുധം, മെഡിസിൻ പഠനത്തിന് പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ആരും പറഞ്ഞു കേൾക്കുന്നില്ല. അക്കാര്യത്തിൽ മാത്രമല്ല, പ്രാദേശിക ഭാഷകളിൽ പഠിക്കുന്നവരെ, വിദൂര ദേശങ്ങളിൽ നിന്നുള്ളവരെ, സംസ്ഥാന പാഠ്യപദ്ധതികൾ പിന്തുടരുന്നവരെ, ഒക്കെ  നീറ്റ് എന്ന കേന്ദ്രീകൃത സംവിധാനം പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനു പുറമെയാണ് വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ള ക്രമക്കേടുകൾ. അതോടൊപ്പം, അടിസ്ഥാനപരമായി സമ്പന്നർക്ക്, മെഡിക്കൽ വിദ്യാഭ്യാസം സംവരണം ചെയ്യുന്ന മാനദണ്ഡങ്ങൾ കൂടി ചേരുമ്പോൾ നീറ്റ്, രാജ്യത്തെ സാമൂഹ്യനീതിയുടെ പ്രാഥമിക പാഠങ്ങൾക്ക് വിരുദ്ധമാകുന്നു. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ആധിക്യം, വിദ്യാഭ്യാസ കച്ചവടക്കാർക്ക് തോന്നും പ്രകാരം ഫീസ് നിശ്ചയിക്കാനുള്ള അവസരം നൽകുന്നു. അങ്ങനെ സാധാരണക്കാരെ പുറന്തള്ളുന്നു. കുറഞ്ഞ കട്ട് ഓഫ് മാർക്കുകൾ കൂടിയാകുമ്പോൾ, മെറിറ്റ് അട്ടിമറിക്കപ്പെടുന്നു. ഈ സംവിധാനത്തെ ആകെ ഉടച്ചു വാർക്കാതെ, നീതിയുക്തമായ മെഡിസിൻ പ്രവേശം സാധ്യമാവുകയില്ല.

First Published in 29 June 2024, DoolNews

ReplyForwardAdd reaction

ആർഎസ്എസും ബിജെപിയും 

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടർന്ന്, ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ഉയർത്തിയ വിമർശനങ്ങളും, സംഘടനയുടെ മുഖപത്രമായ ഓർഗനൈസറിൽ രത്തൻ ശർദ എഴുതിയ ലേഖനവും, ആർഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. ‘ഒരു വർഷമായി മണിപ്പൂരിനെ അവഗണിച്ചതും, രാഷ്ട്രീയ സംവാദങ്ങളിലെ ഔചിത്യമീല്ലായ്മയും’ ആണ് മോഹൻ ഭഗവത് ഉയർത്തിക്കാണിച്ച വിഷയങ്ങൾ. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രാജ്യനന്മയ്ക്കുതകും വിധം നല്ല ബന്ധം വേണം. തെരഞ്ഞെടുപ്പുകൾ ഭൂരിപക്ഷം നേടുന്നതിന് വേണ്ടിയിട്ടാണ്, അല്ലാതെ യുദ്ധമല്ല. അതുകൊണ്ടുതന്നെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ കക്ഷികൾക്കുണ്ട്. ജയിക്കാനായി നുണകൾ പ്രചരിപ്പിക്കുന്നതും മാന്യത വിട്ടു പെരുമാറുന്നതും ശരിയല്ല എന്നൊക്കെ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മോദി 3.0: തെറ്റ് തിരുത്തുന്നതിനുള്ള വർത്തമാനങ്ങൾ’ എന്ന  ലേഖനത്തിൽ, ഓർഗനൈസർ ബിജെപി പ്രവർത്തകരുടെ അമിത ആത്മവിശ്വാസത്തെ വിമർശിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകളും സെൽഫികളും പങ്കുവെക്കുന്നതിനപ്പുറം  സാധാരണ മനുഷ്യരുടെ ആവലാതികൾ കേൾക്കുവാൻ തയ്യാറാകണം. മന്ത്രിമാരെ വിടുക, ഒരു എംഎൽഎ-യെ പോലും സാധാരണക്കാർക്ക് സമീപിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അനാവശ്യമായ രാഷ്ട്രീയ കുതന്ത്രങ്ങൾ, പ്രത്യേകിച്ചും മഹാരാഷ്ട്ര സംഭവവികാസങ്ങൾ, കോൺഗ്രസുകാരെയൊക്കെ ഒരു സുപ്രഭാതത്തിൽ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരുത്തുന്നത്, എന്നിവയൊക്കെ വിമർശന വിധേയമാകുന്നുണ്ട്.  ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിൽ ഒറ്റയ്ക്ക് നിലനിൽക്കുന്നതിനുള്ള സംഘടനാ ബലം തങ്ങൾ നേടിയിട്ടുണ്ടെന്ന ബിജെപി പ്രസിഡൻറ് ജെപി നദ്ദയുടെ പ്രസ്താവന കൂടി ചേർത്ത് വായിക്കുമ്പോൾ, ആർഎസ്എസിനും ബിജെപിയും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം ഉയരുന്നു.

സംഘപരിവാറിനകത്ത് ഏകപക്ഷീയമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ബിജെപിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷം മുഴുവൻ ഒരുമിച്ച് നിന്ന, വളരെ സങ്കീർണമായ പൊതുതെരഞ്ഞെടുപ്പിനെ ‘മോദി കീ ഗ്യാരണ്ടി’ എന്ന ഒറ്റ വാചകത്തിലേക്ക് ഒതുക്കിയത് ആർഎസ്എസിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മോദിയുടെ ജനപ്രീതീക്കൊപ്പം ദേശസുരക്ഷയും സാംസ്കാരിക പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകണം എന്നായിരുന്നുവത്രേ ആർഎസ്എസിന്റെ നിർദ്ദേശം.   

ആർഎസ്എസിന്റെ ചരിത്രം

നിശ്ചയമായും ആർഎസ്എസിന് എന്നും രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രവും, വർഗീയ രാഷ്ട്രീയത്തിലേക്ക് വഴുതിപ്പോയ ദേശീയ പ്രസ്ഥാനത്തിൻറെ ചില ധാരകളും സമൂഹത്തിൽ സൃഷ്ടിച്ച സംഘർഷങ്ങളെ മതേതര ചിന്താധാരയ്ക്കകത്തു നിന്നു പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി രൂപം കൊണ്ട സാമൂഹ്യ സാഹചര്യത്തെ മുതലെടുത്തുകൊണ്ടാണ് ആർഎസ്എസ് പ്രവർത്തനമാരംഭിച്ചത്. ഭിന്നിച്ചുനിന്നിരുന്ന ഹൈന്ദവ സമൂഹത്തിലെ ദൗർബല്യങ്ങളെ സമർത്ഥമായി ചൂഷണം ചെയ്യുവാൻ ഈ വർഗീയ രാഷ്ട്രീയത്തിന് കഴിഞ്ഞു. അങ്ങനെയാണ് 1925-ൽ, നാഗ്പൂരിൽ, ഹെഗ്ദേവാർ എന്നാൽ മറാഠി ബ്രാഹ്മണൻ ആർഎസ്എസിന് രൂപം നൽകുന്നത്. ഹിന്ദുത്വരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് രൂപം നൽകിയ വി ഡി സവർക്കറും, ആർഎസ്എസിനെ മുന്നോട്ടു നയിച്ച ഗോൾവാൾക്കറും മറാഠി ബ്രാഹ്മണർ തന്നെയായിരുന്നു.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അനുകരിച്ചുകൊണ്ട്, വംശീയതയിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര നിർമിതിയാണ് അതിൻറെ ആത്യന്തിക ലക്ഷ്യം. അത് ഫാസിസ്റ്റ് കൽപ്പനയായ റൈഷിനോടാണ് ചേർന്നുനിൽക്കുന്നത്. അതിൽ മുസ്ലീങ്ങൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ഥാനമില്ല. ഹിന്ദുക്കൾ ഹിന്ദുസാംസ്കാരികതയോട് താദാത്മ്യം പ്രാപിക്കുകയും അതിനെ ബഹുമാനിക്കാനും ആരാധിക്കാനും പഠിക്കുകയും ചെയ്യണം എന്നുമാത്രമല്ല, ഈ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി നിലനിൽക്കണം എന്നു കൂടിയാണ് പറഞ്ഞുവെക്കുന്നത്. ആർഎസ്എസിന്റെ നേതാക്കൾ നാസി ജർമ്മനിയെയും ഫാസിസ്റ്റ് ഇറ്റലിയെയും ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്തിരുന്നു. 

വംശവിശുദ്ധിയിൽ അധിഷ്ഠിതമായ വിദ്വേഷ പ്രചാരണ തന്ത്രം വളരെ ഫലപ്രദമായി അവർ നടപ്പിലാക്കിയതിന്റെ ഫലമായിരുന്നു ഗാന്ധിവധത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ എന്ന് സർദാർ വല്ലഭായി പട്ടേലും, ജവഹർലാൽ നെഹ്റുവും കപൂർ കമ്മീഷനുമെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഗാന്ധിവധം അന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആർഎസ്എസിന് തിരിച്ചടിയായിരുന്നു. ആരംഭ കാലം മുതൽ തന്നെ രഹസ്യാത്മക സ്വഭാവവും, ഗോപ്യമായ പ്രവർത്തനങ്ങളും പുലർത്തി പോന്ന  സംഘടന അതിനുശേഷം കൂടുതൽ ശ്രദ്ധാലുമായി മാറിയെന്ന് കാണാം. പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയെങ്കിലും, ഗവൺമെന്റിനായി കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള ഭരണഘടനാ മാറ്റങ്ങൾ വരുത്തിയെങ്കിലും, അവരുടെ ലക്ഷ്യത്തിലേക്കുള്ള പാത തെളിയിക്കുന്നതിന് സമൂഹത്തിൻറെ എല്ലാ മേഖലകളിലും സാന്നിധ്യവും സാമീപ്യവും  ഉറപ്പിക്കുന്നതിനും സ്വാധീനം ചെലുത്തുന്നതിനുള്ള  സമഗ്രമായ പദ്ധതി അവർക്കുണ്ടായിരുന്നു. അതിൻറെ ഭാഗമായാണ്, ഇന്ന് നമ്മൾ കാണുന്ന സംഘപരിവാർ സംഘടനകൾ രൂപം കൊള്ളുന്നത്. 

പരിവാർ സംഘടനകളുടെ രൂപീകരണം 

സമൂഹത്തിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, സ്വാധീനം നേടിക്കൊണ്ടിരുന്ന ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ചിന്താഗതികളെ നേരിടുന്നതിനും, ഇതര വിദ്യാർഥി പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കുന്നതിനും വേണ്ടി 1948-ൽ ആർഎസ്എസ് പ്രവർത്തകനായ ബൽരാജ് മധോക്ക് രൂപം നൽകിയ സംഘടനയാണ് എബിവിപി. ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ സ്വാധീനം ഉണ്ടായിരുന്ന ട്രേഡ് യൂണിയൻ മേഖല കൈവശപ്പെടുത്തുന്നതിന് വേണ്ടി, 1940 കളിൽ ഗോൾവാൾക്കാരുടെ നിർദ്ദേശപ്രകാരം ഡി പി തെംഗഡി എന്ന പ്രചാരകൻ, ഐഎൻടിയുസിയിൽ കടന്നുകയറുകയും, ക്രമേണ 1955 ആയപ്പോഴേക്കും ഭോപ്പാലിൽ ഭാരതീയ മസ്ദൂർ സംഘ് രൂപീകരിക്കുകയും ചെയ്തു. 

ആദിവാസി മേഖലകളിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾക്ക് ബദലായി രൂപംകൊണ്ട സംഘടനയാണ് വനവാസി കല്യാൺ. 1952 ആർ കെ ദേശ് പാണ്ഡയാണ് അതിനു ചുക്കാൻ പിടിച്ചത്. അതുപോലെതന്നെ അധസ്ഥിത വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതിന് സേവാഭാരതി രൂപീകരിക്കപ്പെട്ടു. വിഷ്ണുകുമാർ എന്ന ആർഎസ്എസ് പ്രവർത്തകനായിരുന്നു അതിൻറെ നേതൃത്വം. 1960 ബാബു സാഹിബ് ഭൂഷ്കൂതേ ഭാരതീയ കിസാൻ സംഘ് രൂപീകരിച്ചു. 1964 വിശ്വ ഹിന്ദു പരിഷത്ത് ഉണ്ടായി. 

 സമൂഹത്തിൻറെ എല്ലാ തുറകളിലും സ്വാധീനം ചെലുത്തുന്നതിന് ആവശ്യമായ സംഘടനകൾ സംഘപരിവാരത്തിന്റെ ഭാഗമായുണ്ട്. ഡി.കെ ഝാ സംഘപരിവാറിനെ നിരവധി തലകളോട് കൂടിയ ഹൈഡ്ര പോലുള്ള സംഘടന എന്നാണ് വിശേഷിപ്പിച്ചത്. നേതൃതലത്തിൽ മാത്രമേ  വ്യത്യസ്തമായി കാണാൻ കഴിയൂ, ശരീരം ഒന്നുതന്നെയാണ്. ഇലക്ഷൻ പോലുള്ള സന്ദർഭങ്ങളിൽ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാര സംഘടനകളെല്ലാം ഒരു ഭീകര യന്ത്രം പോലെ ഒരുമിച്ച് പ്രവർത്തിക്കും. നിശ്ചയമായും രാഷ്ട്രീയകക്ഷി എന്ന നിലയിൽ ബിജെപിയെ അതിൽ നിന്നും വേർപെടുത്തി കാണാനാവില്ല. 

ബിജെപിയും ആർഎസ്എസും

ഗാന്ധി വധത്തോടുകൂടി  രാഷ്ട്രീയ രംഗത്ത് ഇടപെടുന്നതിൽ ആർഎസ്എസിന് പരിമിതികൾ വന്നു. ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാൻ കഴിയുന്നതായിരുന്നില്ല അതിൻറെ സംഘടനാ സംവിധാനം. അതുകൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള എണ്ണമറ്റ ശാഖകൾക്ക് പുറമേ പ്രത്യക്ഷ രാഷ്ട്രീയശരീരം കൂടിയാവാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. അങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിനു മുൻപായി ഭാരതീയ ജനസംഘ് രൂപീകരിച്ചു. 1953-ല്‍ മരണപ്പെടും വരെ ശ്യാമപ്രസാദ് മുഖർജി ആയിരുന്നു നേതൃത്വത്തിൽ. തുടർന്ന് ദീൻദയാൽ ഉപാധ്യായ എന്ന ആർഎസ്എസ് പ്രവർത്തകൻ ജനസംഘ് തലപ്പത്ത് വന്നതോടുകൂടി, ആർഎസ്എസ് ഇതര നേതാക്കന്മാർ തഴയപ്പെട്ടു. പ്രധാനപ്പെട്ട പദവികളിൽ ആർഎസ്എസ് പ്രവർത്തകരെ ‘സംഘാടൻ മന്ത്രി’മാരായി നിയമിക്കുന്ന രീതി നിലവിൽ വന്നു. 

വളരെ സാവധാനമെങ്കിലും സംഘടനയുടെ പ്രത്യയശാസ്ത്രത്തിന് വേരോടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പശ്ചാത്തലത്തിൽ നടന്നു വരുന്നുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കൂടി, സംഘടനാ ജയപ്രകാശ് നാരായണന്റെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചേർന്നു. ലോക് സംഘർഷ് സമിതിയിലൂടെ രാജ്യത്താദ്യമായി, അവർക്ക് പൊതു സ്വീകാര്യത ലഭിക്കുന്ന സാഹചര്യമുണ്ടായി. ജനതാ പാർട്ടിയിൽ ലയിക്കുകയും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ജനത പാർട്ടിയുടെ പൊതുസമ്മേപനത്തോട് ഒത്തു പോകാത്ത  നേതാക്കൾക്കിടയിൽ സ്വാഭാവികമായും ഭിന്നതകൾ ഉടലെടുത്തു. ആർഎസ്എസ് ബന്ധമുള്ളവർ പുറത്തുവന്ന്, 1980-ല്‍ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചു. കൃത്യമായും സംഘപരിവാറിന്റെ ഭാഗമായാണ് ബിജെപിയും പ്രവർത്തിച്ചുവരുന്നത്. 

ആർഎസ്എസുമായുള്ള ബന്ധത്തിൽ ഭിന്നതകളും ഉയർച്ച താഴ്ചകളും ഉണ്ടായിട്ടില്ലെന്നല്ല. വാജ്പേയി-സുദർശൻ കാലഘട്ടത്തിൽ ബിജെപിയും ആർഎസ്എസും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ മോഹൻ ഭഗവത് സർവ്വ സംഘ ചാലക് ആയതോടുകൂടി അഭിപ്രായവ്യത്യാസങ്ങൾ നേർത്ത് നേർത്ത് വന്നു. നരേന്ദ്ര മോദി ആർഎസ്എസിന്റെ പ്രതിനിധിയായി തന്നെയാണ് കടന്നുവന്നത്. 2002ലെ ഗുജറാത്ത് കലാപവും, തുടർന്നുണ്ടായ വിദ്വേഷപ്രചാരണ പരീക്ഷണത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തുടർച്ചയുമെല്ലാം ആ ബന്ധത്തെ ദൃഢപ്പെടുത്തി.  

ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്ന അഭിപ്രായവ്യത്യാസങ്ങൾ ആശയപരമല്ലെന്ന് കാണാം. കഴിഞ്ഞ മോദി ഗവൺമെൻറ് നടപ്പിലാക്കിയ നയങ്ങൾ ആർഎസ്എസിന്റെ പദ്ധതിയോട് കലഹിക്കുന്നവയല്ല. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും, രാമക്ഷേത്രം നിർമ്മിച്ചതും, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതുമെല്ലാം ആ രാഷ്ട്രീയ പദ്ധതിയുടെ ഭാഗം തന്നെയാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ, പ്രത്യക്ഷ വർഗീയത യിലേക്കും, ആർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന നുണപ്രചാരണങ്ങളിലേക്കും ആർഎസ്എസ് പോലൊരു സംഘടനയ്ക്ക് അന്യമായ വ്യക്തിപൂജയിലേക്കും നീങ്ങിയപ്പോൾ, ആർഎസ്എസിന് തങ്ങൾ വ്യത്യസ്തമായ അഭിപ്രായം പുലർത്തുന്നുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യം വന്നുചേർന്നതായിരിക്കാം. പരസ്പരം വ്യത്യസ്തമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധപൂർവ്വമായ ചില പ്രസ്താവനകൾ കാലഘട്ടത്തിൻറെ അനിവാര്യതയായിരിക്കും. കാരണം ആർഎസ്എസ് രൂപം കൊണ്ട് 100 വർഷം തികയുന്ന 2025-നെ  ലക്ഷം വച്ചുകൊണ്ട് രാജ്യത്ത് സംഭവിക്കാവുന്ന രാഷ്ട്രീയ സാമൂഹ്യ മാറ്റത്തെ, ന്യൂനപക്ഷങ്ങൾ മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ബഹുജൻ വിഭാഗങ്ങളും ഭീതിയോടെ കണ്ടു തുടങ്ങിയെന്ന യാഥാർത്ഥ്യം ഈതെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതോടെ സംഘപരിവാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പ്രധാന അജണ്ടകൾ വിചാരിച്ചത്ര വേഗത്തിൽ നടത്തിയെടുക്കാനുള്ള രാഷ്ട്രീയ സാഹചര്യമല്ല രാജ്യത്തു നിലനിൽക്കുന്നതെന്ന തിരിച്ചറിവുമുണ്ട്. അതുകൊണ്ട് സാവകാശം ആവശ്യമാണ്. വലിയ കുതിപ്പിന് തയ്യാറെടുക്കുന്നവർക്കുള്ള  കരുതൽ. അതിനപ്പുറത്തേക്ക് ഈ അഭിപ്രായവ്യത്യാസ പ്രകടനത്തെ കാണുന്നത് അലസമായ രാഷ്ട്രീയ വായനയാണ്.

നിയമപണ്ഡിതനും രാഷ്ട്രീയ വിചക്ഷണനുമായിരുന്ന എ ജി നൂറാനി, തൻറെ ‘ആർ എസ് എസ്: എ മെനെസ് ടു ഇന്ത്യ’ എന്ന പുസ്തകം ആരംഭിക്കുന്നത്, “അപകടത്തിലിയിരിക്കുന്നത് ഇന്ത്യൻ സ്വപ്നം മാത്രമല്ല; ഇന്ത്യയുടെ ആത്മാവാണ്.” എന്ന വാചകത്തിലൂടെയാണ്. ആർഎസ്എസ് എന്നും ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നു. അതിൽ നിന്നും വിഭിന്നമായ നിലപാടെടുക്കാൻ അവർക്കാവില്ല. സംഘപരിവാരത്തിലെ ഒരു സംഘടനയ്ക്കുമാവില്ല. എന്നും ഗാന്ധിയുടെ സ്വരാജിനും ടഗോറിന്റെ വൈവിധ്യങ്ങളിലെ ഏകത്വത്തിനും നെഹ്റുവിൻറെ മതേതര നിലപാടുകൾക്കും അംബേദ്കറുടെ ഭരണഘടനയ്ക്കും അവർ ഭീഷണിയായിരിക്കും.  നെഹ്റുവും അംബേദ്കറും അതിനെ കൃത്യമായി തിരിച്ചറിയുകയും ജ്ഞാനോദയ മൂല്യങ്ങൾ സ്വാംശീകരിച്ച ഭരണഘടനയിലൂടെ അതിനെ നേരിടുകയും ചെയ്തു. സവർക്കർ എന്ന വംശീയവാദിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് സമ്പൂർണ്ണമായും വഴുതിവീഴാതെ രാജ്യത്തെ കാത്തത് ഭരണഘടനയാണ്. പലതലകളുള്ള ഹൈഡ്രക്ക് അതിനെ വിട്ടു കൊടുക്കാതിരിക്കാനുള്ള നിതാന്ത ജാഗ്രത നമുക്കുണ്ടാവണം.

First Published in Suprabhatham Daily on June 15, 2023

ReplyForwardAdd reaction

ആവിഷ്കാര സ്വാതന്ത്ര്യ റിപ്പോർട്ട്: ചോര വാർന്ന് ഇന്ത്യൻ ജനാധിപത്യം

തെരഞ്ഞെടുപ്പുകൾ നടക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു നാടും ജനാധിപത്യ രാജ്യമാവില്ല.  ജനാധിപത്യം ആവശ്യപ്പെടുന്ന ഒരു തുറന്ന സമൂഹമായി നിലനിൽക്കാൻ കഴിയുന്നുണ്ടോ എന്ന കാര്യമാണ് പ്രധാനം. ജനാധിപത്യ മൂല്യബോധത്തെ എത്ര കണ്ട് സ്വാംശീകരിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നുവെന്നതും പ്രസക്തമാണ്. അതിൽ ഏറ്റവും അനിവാര്യമായ  ഘടകമാണ് അഭിപ്രായസ്വാതന്ത്ര്യം. നിരന്തരമായ ചോദ്യം ചെയ്യലുകളിലൂടെ, വിയോജിപ്പുകളിലൂടെ, സംവാദങ്ങളിലൂടെ, സൂക്ഷ്മപരിശോധനകളിലൂടെ, മാത്രമേ ജനാധിപത്യം സാർത്ഥകമാവുകയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാവർഷവും ‘ആർട്ടിക്കിൾ 19’ പ്രസിദ്ധപ്പെടുത്തുന്ന ‘ആഗോള ആവിഷ്കാരസ്വാതന്ത്ര്യ റിപ്പോർട്ട്’ ലോകം ഉറ്റു നോക്കുന്നൊരു രേഖയാണ്. റിപ്പോർട്ടിൽ ഈ വർഷം ഇന്ത്യയുടെ സ്ഥാനം ഏറ്റവും അപകടകരമായ, ആവിഷ്കാര സ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്ന പ്രദേശം’ എന്ന വിഭാഗത്തിലാണ്. 

റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ പകുതിയിലേറെ ജനത ഈ അപകടകരമായ വിഭാഗത്തിലാണ്. 2022 ലോക ജനതയുടെ 34 ശതമാനമാണ് അഭിപ്രായ സ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിൽ ജീവിച്ചിരുന്നതെങ്കിൽ, ഇന്നത് 53% ആണ്. അതിനുള്ള പ്രധാന കാരണം, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമുള്ള പ്രദേശം എന്നതിൽ നിന്ന് അഭിപ്രായസ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്ന പ്രദേശം എന്ന വിഭാഗത്തിലേക്ക് മാറിയതാണ്. ജനാധിപത്യത്തിൻ്റെ മാതാവ് എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ഒരിടത്ത്, ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് റിപ്പോർട്ട് വരുന്നത്. 

161 ലോകരാജ്യങ്ങളിലെ, 25 സൂചകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇന്ത്യ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പറയുന്നത്. ലോകമെമ്പാടും, തീവ്രവലതുപക്ഷ, ഏകാധിപത്യ സ്വഭാവമുള്ള പ്രസ്ഥാനങ്ങൾ രാഷ്ട്രീയ അധികാരം നേടുകയും, വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രീയ സമവാക്യങ്ങൾ ഉണ്ടായി വരികയും ചെയ്ത പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലേത് അസാധാരണമായ മാറ്റമാണ്. 2014 ൽ നിന്നും 35 പോയിന്റിന്റെ ഇടിവാണ് ഇന്ത്യയ്ക്ക് സംഭവിച്ചിട്ടുള്ളത്. 161 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 123 ആണ്. സൂചികയിൽ  ഇന്ത്യ നേടിയത് കേവലം നൂറിൽ 19 പോയിന്റുകൾ മാത്രമാണ്. കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെയും, യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്ന പല രാജ്യങ്ങളെക്കാളും താഴെയാണ് നമ്മുടെ സ്ഥാനം. പൊതുസുരക്ഷിതത്വം, ധാർമികത, ദേശ സുരക്ഷ എന്നതിൻ്റെയൊക്കെ പേരിൽ നടന്നിട്ടുള്ള നിയമനിർമാണങ്ങളും, ഭേദഗതികളും, തുറന്ന സമൂഹത്തോട് സൈദ്ധാന്തികമായി എതിരെ നിൽക്കുന്ന രാഷ്ട്രീയാധികാര കേന്ദ്രങ്ങളുമൊക്കെ ഇതിന് കാരണമാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള ഭീഷണമായ കടന്നുകയറ്റമാണ്. ആഗോള മാധ്യമസൂചികയിൽ നമ്മുടെ സ്ഥാനം 159 ആണ്. 2023-ൽ 161 ആയിരുന്നു.  ഇക്കൊല്ലം 2 സ്ഥാനം ഉയർന്നത് നമ്മളെക്കാൾ മോശം പ്രകടനം നടത്തിയ ചില രാജ്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ്. പോയിന്റ് നോക്കുകയാണെങ്കിൽ പോക്ക് കീഴോട്ടു തന്നെയാണ്.  “ഇന്ത്യയിലെ പ്രധാന മാധ്യമങ്ങളെല്ലാം റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. എൻ.ഡി. ടി.വി. അദാനി ഗ്രൂപ്പ് കൈവശമാക്കിയതോട് കൂടി, മുഖ്യധാരയിൽ സ്വതന്ത്രമാധ്യമങ്ങൾ ഇല്ലാതായിക്കഴിഞ്ഞു.” റിപ്പോർട്ട് പറയുന്നു. മാധ്യമങ്ങളെല്ലാം തന്നെ പ്രോപ്പഗാണ്ട ഉപകരണങ്ങളായി മാറുന്ന സാഹചര്യമുണ്ട്. പലവിധത്തിലാണ് ഇതു സംഭവിക്കുന്നത്. വരുമാനമാണ് പ്രധാനം.  രാജ്യത്ത് മാധ്യമങ്ങളുടെ പ്രധാന വരുമാനസ്രോതസ് ഗവണ്മെന്റ് പരസ്യങ്ങളാണ്. ഗവണ്മെന്റിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക് പരസ്യം നിഷേധിക്കുന്നതോടെ സാമ്പത്തിക കാരണങ്ങൾകൊണ്ട് തന്നെ ആ സ്ഥാപനങ്ങൾ അധികാരികൾ വരയ്ക്കുന്ന വഴിക്ക് വരും.

വഴങ്ങാത്ത മാധ്യമ സ്ഥാപനങ്ങൾക്കെതിരെ വിവിധ ഗവണ്മെന്റ് ഏജൻസികളുടെ അന്വേഷണവും റെയ്ഡുകളും വരും. ‘ദൈനിക് ഭാസ്കറി’നെതിരെയും ന്യൂസ്‌ക്ളിക്കിനെതിരെയും ഉണ്ടായ നടപടികൾ ഉദാഹരണങ്ങളാണ്. വിദേശ മധ്യമങ്ങളെപ്പോലും വെറുതെ വിടാറില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനു പിന്നാലെ ബി.ബി.സി. ഓഫീസുകളിൽ നടന്ന വരുമാന നികുതി വകുപ്പിന്റെ തെരച്ചിൽ ലോകശ്രദ്ധ നേടിയിരുന്നു. മീഡിയവൺ ചാനലിന് തുടരനുമതി നിഷേധിച്ച സംഭവത്തിൽ സുപ്രീംകോടതിയ്ക്ക് ഇടപെടേണ്ടിവന്നു. 

പ്രചാരകവേല ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന മാധ്യമപ്രവർത്തകരെ ഇല്ലാതാക്കുന്ന രീതിയുമുണ്ട്. ഗൗരി ലങ്കേഷ്‌ മാത്രമല്ല, നിരവധിപ്പേർ. 2022-ൽ 22 പേര് കൊലചെയ്യപ്പെട്ടുവെന്നാണ് സി.പി.ജെ.യുടെ കണക്കുകൾ. ഒരൊറ്റ വർഷവും വധിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. കൊലപ്പെടുത്താൻ കഴിയാത്തവരെ യു.എ. പി.എ. പോലുള്ള മർദ്ദക നിയമങ്ങൾ ചുമത്തി അകത്താക്കുന്നു. ഹത്രാസിൽ വാർത്തയ്ക്കായി പോയ സിദ്ദീഖ് കാപ്പൻ മൂന്നു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നു. ബംഗളൂരു സ്ഫോടന കേസിലെ പോലീസിന്റെ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്ന മാധ്യമപ്രവർത്തക ഷാഹിന കെ കെ ഒന്നര പതിറ്റാണ്ടോളമായി യു.എ. പി.എ. കേസിൽ പ്രതിയാണ്. രണ്ടു മലയാളികളെ ഉദാഹരിച്ചുവെന്നേയുള്ളൂ, ഇന്ത്യയൊട്ടുക്ക് എണ്ണിയാലൊടുങ്ങാത്തത്ര മാധ്യമ പ്രവർത്തകർ കിരാതമായ നിയമനടപടികളും മർദ്ദനവും നേരിടുന്നുണ്ട്. 

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന ചെറുതുരുത്തുകൾ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ ധൈര്യപൂർവ്വം ഇടപെടുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരും സന്നദ്ധസേവകരും മാത്രമാണ്. പണം കൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും പിടിച്ചെടുക്കാൻ കഴിയാത്ത ഈ മേഖലയെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ ഭരണകൂടങ്ങൾ നടത്തുന്നത് സ്വാഭാവികമാണല്ലോ. അതിന്റെ ഭാഗമായിട്ടാണ് സൈബർ ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങൾ ഗവൺമെൻറ് രൂപീകരിച്ചത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 79-ആം വകുപ്പ് അനുസരിച്ച്, ഇന്റർമീഡിയറികൾക്ക്, ചില നിയന്ത്രണങ്ങൾക്ക് വിധേയമായി നിയമപരിരക്ഷയുണ്ട്. ഇൻറർമീഡിയറി എന്നാൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നമ്മളെ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകൾ ആണ്. ഉദാഹരണത്തിന് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ‘ഇടനിലക്കാരാ’ണ്. അതിൽ പ്രസിദ്ധീകൃതമാകുന്ന സംഗതികൾ പ്രസിദ്ധീകരിക്കുന്ന ആളുകളുടെ മാത്രം ഉത്തരവാദിത്തമാണ്.  അതിൻ്റെ ഉള്ളടക്കത്തിന് മേൽ ഇൻറർമീഡിയറികൾക്ക് പ്രാഥമികമായ നിയന്ത്രണമില്ല. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ആയിരിക്കും അവർ ചെയ്യുന്ന പ്രവർത്തിയുടെ ഉത്തരവാദിത്തവും. അതുകൊണ്ടുതന്നെ താരതമ്യേന സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ അവിടെ സാധ്യമാകുന്നു. എന്നാൽ ഐ.ടി. ഇന്റർമീഡിയറി റൂൾസിലൂടെ ആ പരിരക്ഷ ഗവണ്മെന്റ് നീക്കം ചെയ്‌തു. അതോടൊപ്പം ഗവണ്മെന്റിനെ സംബന്ധിച്ച വാർത്തകളിലെ ‘വാസ്തവം’ ഏതെന്നു തിരിച്ചറിഞ്ഞു സെൻസർ ചെയ്യാൻ ഗവണ്മെന്റിന്റെ തന്നെ ഒരു കമ്മറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വാദിയും വിധികർത്താവുമെല്ലാം ഗവണ്മെന്റ് തന്നെ!

മാധ്യമസ്വാതന്ത്ര്യം മാത്രല്ല, അഭിപ്രായ പ്രചാരണത്തിന്റെ സർവ മേഖലകളിലും  ഈ പ്രവണത കാണാം. വെൻഡി ഡോയ്‌ൻഗറുടെ ‘ഹിന്ദു: ആൻ ആൾറ്റനേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകം പിൻവലിക്കേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സിനിമകൾ, നാടകങ്ങൾ, പാട്ടുകൾ, ഹാസ്യപരിപാടികൾ, കാർട്ടൂണുകൾ തുടങ്ങി എല്ലാറ്റിനെയും ഭരണകൂടമോ അവരെ പിന്തുണയ്ക്കുന്ന അക്രമിസംഘങ്ങളോ പിന്തുടരുന്നുണ്ടായിരുന്നു. വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും നേരിടുന്നത് ഏറ്റവും ഹീനമായ മാർഗങ്ങളിലൂടെയാണ്. പൗരത്വനിയമഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മനുഷ്യർ ജയിലിലാണ്. നമ്മുടെ സംവിധാനങ്ങളൊന്നും അവർക്ക് തുണയാവുന്നില്ല. ഉമർ ഖാലിദിന് ഒടുവിൽ, സുപ്രീംകോടതിയിൽ നിന്ന് ജാമ്യാപേക്ഷ പിൻവലിക്കേണ്ടി വന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വലിയ കളങ്കമാണ്. കർഷകസമരം, തൊഴിലാളി പ്രക്ഷോഭങ്ങൾ, തുടങ്ങി വിയോജിക്കുന്ന ശബ്ദങ്ങളൊക്കെ വേട്ടയാടപ്പെടുന്നുണ്ട്. ലോകം, നമ്മളെ ഒരു ജനാധിപത്യരാഷ്ട്രമായി കണക്കാക്കാൻ വിസമ്മതിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ആർട്ടിക്കിൾ 19-ന്റെ റിപ്പോർട്ട് ഒരു സൂചനയാണ്, അതിലുപരി അത് ഒരു ജനാധിപത്യ സംവിധാനമെന്ന നിലയ്ക്ക് നമ്മുടെ  നിലനിൽപ്പിനെതിരെ ഉയരുന്ന ചോദ്യചിഹ്നമാണ്. അതു കണ്ടില്ലെന്നു നടിച്ചാൽ, നിസ്സംഗത തുടർന്നാൽ ചരിത്രം നമുക്ക് മാപ്പ് തരില്ല.

First Published Suprabhatham Daily on 06/01/2024

കള്ളപ്പണ നിരോധന നിയമം; പ്രതീക്ഷ നൽകുന്ന വിധി

രാഷ്ട്രീയ ആയുധമായി പരിണമിച്ച കള്ളപ്പണ നിരോധന നിയമത്തെയും  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തെയും സംബന്ധിച്ച സുപ്രധാനമായ ഒരു വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നു. ആരെയും എപ്പോഴും അറസ്റ്റ് ചെയ്യുവാനുള്ള അന്വേഷണ ഏജൻസിയുടെ അനിയന്ത്രിതമായ അധികാരത്തിന് കടിഞ്ഞാണിടുന്ന ഒരു വിധിയാണിത്. ഒരാൾക്കെതിരെ കേസെടുത്ത്, പ്രത്യേകകോടതിയിൽ കംപ്ലൈൻറ് ഫയൽ ചെയ്തു കഴിഞ്ഞാൽ, പി.എം.എൽ. നിയമത്തിന്റെ വകുപ്പ് 19 അനുസരിച്ച് പ്രതിയെ അറസ്റ്റു ചെയ്യാൻ ഇ.ഡി.യ്ക്ക് അധികാരമില്ലെന്നാണ് വിധി. ജസ്റ്റിസ്. എ. എസ്. ഓക, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് വിധിയെഴുതിയത്.

കള്ളപ്പണ നിയമപ്രകാരം സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകുന്ന വകുപ്പാണ് 19. നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരം,  കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കള്ളപ്പണം വെളുപ്പിക്കൽ.  പ്രസ്തുത കുറ്റം പ്രതിയ്ക്കുമേൽ ചാർത്തി, കേസ് കോടതി സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ, സെക്ഷൻ 19 അനുസരിച്ചുള്ള അറസ്റ്റ് സാധ്യമല്ല. അങ്ങനെ പ്രതിപട്ടികയിലുള്ള ഒരാളെ കസ്റ്റഡിയിൽ വേണമെങ്കിൽ, സ്‌പെഷ്യൽ കോടതിയിൽ അപേക്ഷ സമർപ്പിച്ച് അനുമതി തേടണം.   കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നു ബോധ്യപ്പെട്ടാൽ മാത്രം, കാര്യകാരണസഹിതമുള്ള ഉത്തരവിലൂടെ, കോടതിക്ക് അറസ്റ്റിന് അനുമതി നൽകാവുന്നതാണ്. എന്നാൽ നിലവിൽ പ്രതി പട്ടികയിലില്ലാത്ത ആളുകളെ അറസ്റ്റ് ചെയ്യുകയുമാവാം. 

കള്ളപ്പണനിയമം സെക്ഷൻ 44 പ്രകാരം  പ്രത്യേക കോടതികളിണ്  കേസുകൾ പരിഗണിക്കേണ്ടത്. അങ്ങനെ കംപ്ലൈന്റ്റ് ഫയൽ ചെയ്തു കഴിഞ്ഞാൽ, ഇന്ത്യൻ ക്രിമിനൽ നടപടിക്രമമനുസരിച്ചാണ് മുന്നോട്ടുപോകേണ്ടത്. 44 ഉപവകുപ്പ് ഡി അത് വ്യക്തമാക്കുന്നുണ്ട്. സി.ആർ.പി.സി.  200 മുതൽ 205 വരെയുള്ള വകുപ്പുകളാണ് ബാധകമാവുക. ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ, ആദ്യഘട്ടത്തിൽ തന്നെ ‘വാറണ്ട’ല്ല, കോടതി സമൻസ് അയക്കുകയാണ് വേണ്ടത്.  അതും ബെയിലബിൾ ആയിരിക്കണം. സി.ആർ.പി.സി. സെക്ഷൻ 88 അനുസരിച്ച് ബോണ്ട് വയ്ക്കുവാൻ ആവശ്യപ്പെടാം. ഈ ബോണ്ട്, കള്ളപ്പണ നിയമപ്രകാരം ജാമ്യമെടുക്കുന്നതിന് തുല്യമാണെന്നായിരുന്നു ഇ.ഡി.യുടെ നിലപാട്. അതുകൊണ്ടുതന്നെ ജാമ്യത്തിനുള്ള ഇരട്ട നിബന്ധനകൾ ബാധകമാണെന്നും. കള്ളപ്പണം നിരോധന നിയമത്തിന്റെ 45 ആം വകുപ്പ് അനുസരിച്ച്, പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയ്ക്ക് ബോധ്യം വരണം. ജാമ്യത്തിൽ അയച്ചാൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നുള്ള ഉറപ്പും ഉണ്ടാവണം. എന്നിവയാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ജാമ്യം ലഭിക്കാനുള്ള ‘ഇരട്ട നിബന്ധനകൾ.

എന്നാൽ, സിആർപിസി 88 അനുസരിച്ചുള്ള ബോണ്ട് കള്ളപ്പണനിരോധന നിയമത്തിലെ സെക്ഷൻ 45 പ്രകാരമുള്ള ജാമ്യത്തിന് തുല്യമല്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതുകൊണ്ടു തന്നെ  ‘ഇരട്ട നിബന്ധനകൾ’ ഇവിടെ ബാധകമാവില്ല.  ഈ വിധി പി.എം.എൽ. ആക്റ്റിന് അല്പമെങ്കിലും മാനുഷികമുഖം പകരുന്നുണ്ട്. മാത്രവുമല്ല, മർദ്ദക നിയമങ്ങളുടെ കാര്യത്തിൽ, കഴിഞ്ഞ കുറേ കാലങ്ങളായി പരമോന്നത നീതിപീഠം പിന്തുടർന്നു പോന്ന, ഭരണകൂടാനുകൂല നിലപാടിൽ നിന്നുള്ള മാറ്റവും ഇവിടെ കാണാം. കള്ളപ്പണനിരോധന നിയമം സംബന്ധിച്ച സുപ്രീംകോടതിയിലെ വ്യവഹാരങ്ങളുടെ ചരിത്രം മുഴുവൻ എക്സിക്യൂട്ടീവിന്റെ താല്പര്യങ്ങൾക്കൊപ്പം നിയമ തത്വങ്ങളെ ചേർത്തുവയ്ക്കുന്നതിന്റെ ചരിത്രമായിരുന്നു. 

നിയമത്തിന്റെ ചരിത്രം 

കള്ളപ്പണ നിരോധന നിയമം വളരെ സങ്കീർണ്ണമായ ആഗോള സാഹചര്യത്തിൽ രൂപം കൊണ്ടതാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് കച്ചവടം അതിഭീമമായ തോതിൽ കള്ളപ്പണ രൂപീകരണത്തിലേക്ക് നയിക്കുകയും, രാജ്യങ്ങളുടെ പരമാധികാരത്തെ തന്നെ അപകടപ്പെടുത്തും വിധം മയക്കുമരുന്ന് മാഫിയ ശക്തി പ്രാപിച്ചു വരികയും ചെയ്ത സാഹചര്യത്തിൽ, രാഷ്ട്ര സഭാ ജനറൽ അസംബ്ലി 1990-ല്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട നിയമമാണിത്. നിരോധിത ലഹരിവസ്തുക്കളുടെ വിപണത്തിൽ നിന്നും ഉണ്ടാവുന്ന അനധികൃത സമ്പദ്ഘടനയെ തകർക്കുക എന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ കഠിനമായ വ്യവസ്ഥകളാണ് നിയമത്തിലുണ്ടായിരുന്നത്. 2005  നിലവിൽ വരുമ്പോൾ, സാധാരണഗതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ നിയമത്തിന്റെ ഭാഗമായിരുന്നുമില്ല.  പ്രത്യേക കുറ്റകൃത്യങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള ഒരു നിയമം എന്ന നിലയ്ക്ക്, അതിൽ നീതിരാഹിത്യമോ ജനാധിപത്യവിരുദ്ധയോ ആരും ഉന്നയിച്ചില്ല. എന്നാൽ പലപ്പോഴായി കൊണ്ടുവന്ന ഭേദഗതികളിലൂടെ, കള്ളപ്പണനിയമം ആർക്കെതിരെയും പ്രതികാരബുദ്ധിയോടെ ഉപയോഗിക്കാവുന്ന ആയുധമായി മാറുകയായിരുന്നു.

ജനാധിപത്യവിരുദ്ധമായ ഉള്ളടക്കം

പലതരത്തിലും ജനാധിപത്യ വിരുദ്ധമാണ് കള്ളപ്പണനിരോധന നിയമം. എന്നാൽ ഇവയെല്ലാം ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിയെഴുതിയിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, കള്ളപ്പണനിരോധന നിയമത്തിൽ ‘ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണ് എന്ന തത്വം) ലംഘിക്കപ്പെടുന്നു എന്നതാണ്.

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ബാധ്യതയാണ്.   ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്. എന്നാൽ കള്ളപ്പണ നിയമത്തിന്റെ സെക്ഷൻ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളിൽ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തിൽ മാത്രമാണ്. 

യു.എ.പി.എ.നിയമത്തിൽ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റ സമ്മതം തെളിവായി സ്വീകരിക്കുന്നില്ല. എന്നാൽ, കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തിൽ അന്വേഷണ എജൻസിയ്ക്ക് നൽകുന്നത്. 

ഒരാൾ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നൽകുന്ന സംരക്ഷണവും ഇ.ഡി. കേസുകളിൽ ബാധകമല്ല.  ഇ.ഡി. ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകിയ മൊഴി തെളിവായി സ്വീകരിക്കും. അനുച്ഛേദം 20(3)-ലെ ഭാഷാ പ്രയോഗത്തിലെ സാങ്കേതികത്വം പറഞ്ഞ് സുപ്രീംകോടതി ഇതിനെയും അംഗീകരിക്കുകയാണുണ്ടായത്.

ക്രിമിനൽ നടപടിക്രമങ്ങൾ നൽകുന്ന സംരക്ഷണങ്ങൾ പലതും പി എം എൽ എ നിയമത്തിന്റെ കാര്യത്തിൽ അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണ ഗതിയിൽ പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ.-ന്റെ പകർപ്പ് കുറ്റാരോപിതർക്ക് ലഭിക്കും. എന്നാൽ ഇ.ഡി.-യ്ക്ക് അങ്ങനെയൊരു നടപടിക്രമമില്ല. താരതമ്യം ചെയ്യാവുന്ന ഏകരേഖ   ഇ.സി.ഐ.ആർ.  എന്ന ആഭ്യന്തര രേഖയാണ്. ഇതിന്റെ പകർപ്പ് കുറ്റാരോപിതർക്ക് നൽകേണ്ടതില്ല എന്നാണ് കോടതി നിലപാട്. ഇ.ഡി.-യ്ക്ക് മുന്നിൽ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് എന്തിനാണ് താനിതിനൊക്കെ വിധേയമാകുന്നത് എന്ന് കൃത്യമായി അറിയാനുള്ള അവകാശം നൽകണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസിൽ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാൻ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ. ആറും  ഒന്നല്ല എന്ന സാങ്കേതികത്വത്തിലൂന്നി കോടതി ശരിയാക്കുകയും ചെയ്തു. 

കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കുകയില്ലെന്നുറപ്പു വരുത്തുന്ന ഇരട്ട നിബന്ധനകളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45(2) അനുസരിച്ച്, (i) പ്രോസിക്യൂട്ടർക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതർ, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാൽ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസിൽ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചർച്ചയാവുന്ന ‘ഇരട്ട നിബന്ധനകൾ’. 2018-ൽ നികേഷ് താരാചന്ദ് കേസിൽ ഈ നിബന്ധനകൾ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് അർഹതയുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾക്കായിരുന്നു ഈ നിബന്ധനകൾ. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയിൽ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ, ‘എ’, ‘ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകൾ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തിൽ വന്നുവെന്നാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുൻകാല പ്രാബല്യമുണ്ടെന്നും ഭേദഗതിയിൽ ഉണ്ടായിരുന്നു. ‘ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമ തത്വം പോലും മറന്നുകൊണ്ടാണ് ഇരട്ടഉപാധികൾ പുനഃസ്ഥാപിച്ചത് കോടതി അംഗീകരിച്ചത്. 

രാജ്യത്തിൻറെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവർത്തിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ കഠിന വ്യവസ്ഥകളെല്ലാം ന്യായീകരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കിൽ ഭരണഘടനാപരമായ ഏതു സംരക്ഷണത്തെയും മറികടക്കാൻ പാർലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്ന് വരും. ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതൽ ഏതു കുറ്റവും വേണമെങ്കിൽ നിയമത്തിന്റെ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല. ആരുടെയും സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.-യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു ‘ശിക്ഷാനിയമം’ അല്ല എന്ന് വരെ  സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലത്രേ!

ഈ നിയമ ഭേദഗതികളെല്ലാം, രാജ്യസഭയെ മറികടക്കുന്നതിന് വേണ്ടി ധന ബില്ലുകളായാണ് അവതരിപ്പിച്ചു പാസാക്കിയത്. ആ നടപടി പോലും സുപ്രീംകോടതി ശരി വയ്ക്കുകയാണുണ്ടായത്. അങ്ങനെ, ഗവൺമെൻറ് കൊണ്ടുവരുന്ന മർദ്ദക നിയമങ്ങളെല്ലാം ശരി വയ്ക്കുന്ന പൊതുപ്രവണതയിൽ നിന്ന് ചില മാറ്റങ്ങൾ സംഭവിക്കുന്നതിൻറെ  ചില സൂചനകൾ ദൃശ്യമാകുന്നുണ്ട്. ഇലക്ടറൽ ബോണ്ട് കേസിൽ വൈകിയെങ്കിലും, സുപ്രീംകോടതി സ്വീകരിച്ച നിലപാട്, ഭീമ കൊറേഗാവ് യു എ പി എ കേസിലെ പുതിയ സംഭവവികാസങ്ങൾ, അങ്ങനെ പ്രതീക്ഷയുടെ ചില നാളങ്ങൾ. ഈ വിധയും അതിനോട് ചേർത്തുവയ്ക്കാവുന്നതാണ്. എന്നിരുന്നാലും, വിജയ് മദൻലാൽ ചൗധരി കേസിൽ ജസ്റ്റിസ്. ഖാൻവിൽക്കർ പ്രസ്താവിച്ച വിധി കൂടി പുനപരിശോധിക്കാതെ നിയമത്തിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവം മാറുകയില്ല.

രോഹിത്, നിൻറെ മരണം പോലും കുറ്റകരമാണ്! 

“രോഹിത്, കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രസാഹിത്യകാരനാകാനായിരുന്നു നിന്റെ ഒരു മോഹം. ഞങ്ങള്‍ക്കായി നീ ബാക്കിവയ്ക്കുന്നത് നിന്റെ വാക്കുകള്‍ മാത്രമാണ്. ഇന്നു ഞങ്ങളുടെ ഓരോ വാക്കിനും നിന്റെ മരണത്തിന്റെ ഭാരമുണ്ട്, ഓരോ കണ്ണുനീര്‍ത്തുള്ളിയും നിന്റെ പൂര്‍ത്തീകരിക്കാത്ത സ്വപ്നം പേറുന്നുണ്ട്. നീ പറയുന്ന സ്‌ഫോടനാത്മകമായ നക്ഷത്രധൂളിയായ് ഞങ്ങള്‍ മാറും. ഈ നിഷ്ഠൂരമായ ജാതിവ്യവസ്ഥയെ തകര്‍ത്തെറിയും. ഈ രാജ്യത്തെ ഓരോ യൂണിവേഴ്‌സിറ്റിയിലും, കോളേജിലും സ്‌കൂളിലും നിന്റെ സമരവീര്യം ഞങ്ങളുടെ മുദ്രാവാക്യങ്ങളിൽ നിറയും…” രോഹിത് വെമുലയുടെ മരണം രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച  നാളുകളിൽ മീന കന്തസാമി എഴുതിയ വാക്കുകളാണ്. നമ്മളിൽ പലരും സമാനമായ പലതും മനസ്സിൽ കുറിച്ചിരുന്നു.  സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയിരുന്നു. രാഷ്ട്രീയ കക്ഷികൾ,  രോഹിത്തിന്റെ അമ്മ രാധിക വെമുലയെ, അവരുടെ വേദികളിലേക്ക് ആനയിക്കുകയും പരസ്യ പിന്തുണ നൽകുകയും ചെയ്തിരുന്നു.  എന്നാൽ, ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ അവശേഷിക്കുന്നത് അന്തസ്സാരശൂന്യമായ വാചകക്കസർത്തുകളുടെ അസ്ഥിപഞ്ജരങ്ങൾ  മാത്രമാണ്. നീതി പ്രകാശ വര്ഷങ്ങള്ക്കപ്പുറമാണ്. രോഹിതിന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് തെലങ്കാന പോലീസ് കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നു. രാധിക വെമുലയെ ചേർത്തുപിടിച്ചുകൊണ്ട് തങ്ങൾ ‘രോഹിത് വെമുല ആക്ട്’ കൊണ്ടുവരും എന്ന് വാഗ്ദാനം ചെയ്ത രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനത്താണ് ഇത് നടക്കുന്നത് എന്നുകൂടി ഓർക്കണം. 

രോഹിത് ഒരിക്കൽ തന്റെ ഫേസ്ബുക്ക് വാളിൽ എഴുതി: “ചരിത്രത്തില്‍, ഒരു ദിവസം, അരണ്ട വെളിച്ചത്തില്‍, മഞ്ഞച്ചു പഴകിയ താളുകളില്‍ നിങ്ങളെന്നെ കണ്ടുമുട്ടും. ഞാന്‍ അല്‍പം കൂടി ബുദ്ധികാട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഗ്രഹിക്കും, ആ രാത്രി എന്നെ നിങ്ങളോര്‍ക്കും, ഒരു മന്ദസ്മിതത്തോടെ എന്നെ നിങ്ങളറിയും. അന്ന്, ആ ദിവസം ഞാന്‍ പുനര്‍ജനിക്കും. (ഉയിര്‍ക്കും)”. വേദനയുടെ എരിയുന്ന വിളക്കും വിഷചഷകവും കയ്യിലേന്തിയ യുഗാന്തരങ്ങള്‍ക്കപ്പുറം, ജന്മാന്തര ദുരിതങ്ങളുടെ പ്രകാശവേഗങ്ങള്‍ക്കപ്പുറം, ഒരു നക്ഷത്രമായി പുനര്‍ജനിക്കുമെന്ന് രോഹിത് കരുതിയിരുന്നു. അയാള്‍ എഴുതിയതൊക്കെ അയാളനുഭവിച്ച വേദനയാണ്, അതിലേറെ വേദന അയാളനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാളുടെ വാചകങ്ങളില്‍ ദുരിതത്തിന്റെ വിത്തുകളുണ്ട്. സ്വയം ശൂന്യമെന്ന് ചിന്തിക്കേണ്ടുന്ന ആത്മബോധത്തിന്റെ ദൈന്യതലങ്ങളിലേക്ക് തന്നെ  ആട്ടിപ്പായിച്ച, സാമൂഹ്യവ്യവസ്ഥിതിയുടെ അന്ത്യം കുറിക്കുന്ന പോരാട്ടത്തിന്റെ വിത്തുകളായി അത് മാറുമെന്ന് രോഹിത് ഒരുപക്ഷെ വിചാരിച്ചിരുന്നിരിക്കാം. എന്നാൽ, ആ പ്രതീക്ഷ വിഫലമായിരുന്നുവെന്ന്,  വെറും ഒൻപതു വർഷങ്ങൾകൊണ്ട് നമ്മൾ അവനെ ബോധ്യപ്പെടുത്തിയിരിക്കുന്നു. രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ കുറ്റവിമുക്തമാക്കുന്ന പോലീസ് റിപ്പോർട്ട്, രോഹിത്തിനെതിരെയുള്ള കുറ്റപത്രംകൂടിയായി മാറിയിട്ടും നമ്മൾ പാലിക്കുന്ന അതിശയിപ്പിക്കുന്ന മൗനം അതാണ് സൂചിപ്പിക്കുന്നത്. 

ആത്മഹത്യാക്കുറിപ്പിൽ, ‘തന്റെ മരണത്തിന്റെ പേരിൽ സുഹൃത്തുക്കളെയും ശത്രുക്കളെയും ഉപദ്രവിക്കരുതെ’ന്ന് രോഹിത് കുറിച്ചിരുന്നു. , അതിനെ മരണത്തിനു മുൻപ് അദ്ദേഹത്തിന് നേരിടേണ്ടിവന്ന അനീതിയുടെ അലമാലകളെ മറച്ചു വയ്ക്കാനുള്ള ഉപായമായിട്ടാണ് പോലീസ് കണ്ടത്. 

അങ്ങനെ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന അതിക്രമങ്ങളുടെ ഒരു നീണ്ട പരമ്പര നിസാരവൽക്കരിക്കപ്പെട്ടു. എബിവിപിയുടെ നേതൃത്വത്തിൽ രോഹിത് ഉൾപ്പെടുന്ന എ. എസ് എ എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് നേരെ നടന്ന അതീവ ഗൗരവതരമായ കുപ്രചരണങ്ങളും, വിദ്യാർത്ഥി പ്രവർത്തകർക്കെതിരെ എബിവിപി നേതാക്കൾ നൽകിയ വ്യാജ പരാതിയും മറ്റതിക്രമങ്ങളും എല്ലാം മറവിയിലാണ്ടു. സംഘപരിവാറിന്റെ കള്ള കേസിൽ, രോഹിത് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ, നിരപരാധികൾ ആണെന്ന് കണ്ടെത്തിയതാണ്. എന്നിട്ടും ഹിന്ദുത്വ ശക്തികൾ അവരെ വെറുതെ വിടാൻ തയ്യാറല്ലായിരുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിക്ക് പരാതി പോയി. അവിടെനിന്നും നിരവധി കത്തുകളാണ് യൂണിവേഴ്സിറ്റിക്ക് ലഭിച്ചത്. അതേ തുടർന്ന് ഈ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുവാൻ സർവകലാശാല നിർബന്ധിതമായി. ക്ലാസുകളിൽ നിന്നും കാൻറീനിൽ നിന്നും ലൈബ്രറിയിൽ നിന്നും അവരെ പുറത്താക്കി. ഹോസ്റ്റലിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് തെരുവോരത്ത്  താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് പ്രതികാര നടപടികളുടെയാണ് അവസാന കാലത്ത് രോഹിത് സഞ്ചരിച്ചുകൊണ്ടിരുന്നത്. സർക്കാരിൻറെ തന്നെ  സമിതികളുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾ നിരന്തരം അനുഭവിക്കേണ്ടിവരുന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും സ്വാഭാവികമാർഗ്ഗങ്ങൾക്ക് പുറമയായിരുന്നു ഈ പ്രതികാര നടപടികൾ.

ദുരിത പൂർണമായ ഒരു ജീവിത സാഹചര്യത്തിൽ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നിൽ സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ എത്തിയ ഒരു ദളിത് വിദ്യാർഥിക്ക് നേരിടാൻ കഴിയുന്നതിനപ്പുറമുള്ള ദുരനുഭവങ്ങളുടെ ഫലമായിട്ടാണ് ‘തന്റെ ജനനമാണ് ഏറ്റവും വലിയ ദുരന്തം’ എന്ന് പറഞ്ഞുകൊണ്ട് രോഹിത്തിന് ആത്മഹത്യ  ചെയ്യേണ്ടി വന്നത്. ഈ ദുഃഖകരമായ യാഥാർത്ഥ്യത്തെ പോലീസ് റിപ്പോർട്ട് പരിപൂർണ്ണമായി അവഗണിക്കുന്നു എന്നുമാത്രമല്ല സംഘപരിവാറിന്റെ നുണ ഫാക്ടറിയിൽ ചുട്ടെടുത്ത വിദ്വേഷ ജഡിലമായ കഥകളിലൂടെ അവനെ കുറ്റക്കാരനായി മാറ്റാനും പോലീസ് ശ്രമിക്കുന്നു. 

രോഹിത്തിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും, അത് പിടിക്കപ്പെടും എന്ന സാഹചര്യത്തെ തുടർന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നുമാണ് പൊലീസിന്റെ നിഗമനം!  രോഹിത്തിന്റെ അച്ഛൻ ഒ ബി സി ആണെന്നും, അതുകൊണ്ടുതന്നെ രോഹിത്തും അതെ വിഭാഗത്തിൽപ്പെടുന്നു എന്നുമാണ് പോലീസ് വാദം. എന്നാൽ രോഹിത് വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അവനെയും അമ്മയെയും പിതാവ് ഉപേക്ഷിച്ചിരുന്നു എന്ന യാഥാർത്ഥ്യം ഇവർ കണക്കിലെടുക്കുന്നില്ല. ഒരു ദളിത് സ്ത്രീയായ അമ്മയുടെ സ്വത്വത്തിലാണ് രോഹിത് രോഹിത് വളർന്നതും ജീവിച്ചതും. സമൂഹം എന്നും രോഹിത്തിനെ അങ്ങനെയാണ് കണ്ടിട്ടുള്ളതും. രോഹിത് ബാല്യമുതൽ അനുഭവിച്ചു വന്ന  ജീവിതമാണ് അവൻറെ ജാതി. അതിനെ എന്നോ ഉപേക്ഷിച്ചു പോയ അച്ഛൻറെ ജാതിയുടെ സാങ്കേതികത്വം പറഞ്ഞു നിഷേധിക്കാൻ കഴിയുന്നതല്ല. 

ഒരുദാഹരണം പറഞ്ഞാൽ മലയാളിക്ക് പെട്ടെന്ന് മനസ്സിലാകും. എൻ എസ് എസിന്റെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജാതി നാം അറിയുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ ആരാണെന്നും അയാളുടെ ജാതി ഏതെന്നും നോക്കിയല്ലല്ലോ? ഈശ്വരന്‍ നമ്പൂതിരിക്കു ജനിച്ചതാണെങ്കിലും മന്നം വളര്‍ന്നതും ജീവിച്ചതും നായരായാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ ജാതിയും. രോഹിതിന്റെ ഉപേക്ഷിച്ചു പോയ അച്ഛനെ കണ്ടെത്തിയാനയിച്ച് അത് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പുച്ഛമടക്കി വിളമ്പുന്ന വക്താക്കളാരും മന്നത്തിന്റെ പിതൃത്വം തേടി പോയതായി അറിയില്ല. എന്നാൽ രോഹിത്തിന്റെ കാര്യത്തിൽ അവർ അങ്ങനെ ചെയ്യും. അതാണ് അവൻറെ മരണത്തിലേക്ക് നയിച്ച വ്യവസ്ഥിതിയുടെ സ്വഭാവം. 

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യമായല്ല, ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത്.  ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലും ആദ്യത്തെ സംഭവമല്ലത്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ  അല്ലെങ്കില്‍ അതിലേറെ ജാതിവിവേചനം നിലനില്‍ക്കുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം.  ഇതേക്കുറിച്ച് പഠിച്ചിട്ടുള്ള നിരവധി കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അതാതു സ്ഥാപനങ്ങളില്‍ ഒരിക്കലും തുറക്കാത്ത അലമാരകളില്‍ ഭദ്രമായി ഇരിക്കുന്നുണ്ട്. 

ഉദാഹരണത്തിന്, മുന്‍ യു ജി സി ചെയര്‍മാനും,  ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ തലവനുമായ ഡോ. സുഖദേവ് തൊറാട്ടിന്റെ നേതൃത്വത്തില്‍ ഡല്‍ഹി  എയിംസിൽ നിലനില്ക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് ഒരു പഠനം നടത്തി, അതിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ക്ലാസ്സ്മുറികളില്‍, ഹോസ്റ്റലില്‍, കാന്റീനില്‍ അങ്ങനെ എല്ലാ മേഖലകളിലും വിവേചനവും ഒറ്റപ്പെടുത്തലുകളും വ്യാപകമായിരുന്നു. ഹോസ്റ്റലുകളില്‍ സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ നിന്നു മാറി ദളിത് കുട്ടികളെല്ലാം അകന്ന ഒരു മൂലയിലാണ് താമസിച്ചിരുന്നത്. ഒരു തരം ഘെറ്റോയിസേഷന്‍ തന്നെ. സവര്‍ണ്ണ മുറികള്‍ക്കടുത്ത് താസിച്ചിരുന്ന ദളിത് വിദ്യാര്‍ത്ഥി ഒരു ദിവസം ഹോസ്റ്റലില്‍ എത്തുമ്പോള്‍ മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്.  വാതിലില്‍ ഇവിടെ നിന്നും പുറത്തു പോവുക എന്ന് എഴുതി വച്ചിരുന്നു. സാംസ്‌കാരിക പരിപാടികളില്‍ നിന്നും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ നിന്നും അവരെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഷെഡ്യൂളുകള്‍ മാറുന്നതു പോലും ക്ലാസ്സ് മോണിറ്റര്‍മാര്‍ അവരെ അറിയിക്കാറില്ലത്രേ.

അധികൃതര്‍ പക്ഷേ, തൊറാട്ടു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. 

2007-2013 കാലഘട്ടത്തില്‍ ഹൈദരാബാദിലെ യൂണിവേഴ്‌സിറ്റികളില്‍ 9 ദളിത് ആത്മഹത്യകള്‍ നടന്നു. അതില്‍ രണ്ടെണ്ണം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ഇതേതുടര്‍ന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനുത്തരവിട്ടു. 30 വിദഗ്ദ്ധരടങ്ങുന്ന സമിതിയാണ് പഠനം നടത്തിയത്. രൂക്ഷമായ ജാതി വിവേചനം, ഹീനരെന്നു മുദ്രകുത്തി അപമാനിക്കല്‍, വെറുപ്പ്, വേദന, പരാജയഭീതി, പരാജയം…….കാലങ്ങളായുള്ള അപകര്‍ഷതാ ബോധത്തിന്റേയും അമിത പ്രതീക്ഷകളുടേയും ഉത്തരവാദിത്തങ്ങളുടേയും  മാനസികഭാരവും പേറി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എത്ര നാള്‍ പിടിച്ചു നില്ക്കാനാകും? ഒപ്പം ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും തടഞ്ഞുവയ്ക്കുക, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡും ഗൈഡന്‍സും നല്കാതിരിക്കുക.ഇന്റേണല്‍ അസ്സസ്സ്‌മെന്റുകളില്‍ വിവേചനം കാണിക്കുക. ഇക്കാര്യത്തിലൊന്നും ചെയ്യാതിരുന്നത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയാണെന്ന് തൊറാട്ടു പറയുന്നു. 2014-ല്‍ HCU വില്‍ ഇതേ വിഷയത്തെക്കുറിച്ച് പഠിച്ച് പ്രമുഖ സോഷ്യോളജിസ്റ്റ് സഹ്ജീല്‍ ഹെഗ്‌ഡെയും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേലും ഒരു തുടര്‍ നടപടിയും ഉണ്ടായിരുന്നില്ല.

കാലാകാലങ്ങളില്‍ അധികാര സ്ഥാനങ്ങളിലുള്ളവര്‍ സ്വീകരിച്ച നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് വീണ്ടും ഒരു കുടുംബത്തിന്റേയും സമുദായത്തിന്റേയും മുഴുവന്‍ പ്രതീക്ഷകളും ചുമലേന്തിയ ഒരു ജീവിതം കൂടി അകാലത്തിലവസാനിക്കുവാന്‍ ഇടയാക്കിയത്. ഈ സാമൂഹിക യാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്യാനുള്ള ഒരു അവസരമായിരുന്നു രോഹിത് വിമുലയുടെ മരണം. ഈ പ്രശ്നങ്ങളെ ക്രിയാത്മകമായി സമീപിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു രോഹിത്തിനോട്  ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി. പകരം ഈ വ്യവസ്ഥിതി അവനോട് ചെയ്തതെന്താണ്? കൊലചെയ്യപ്പെട്ട രോഹിത്തിനെതിരെയുള്ള ഒരു കുറ്റപത്രം പോലീസ് തയ്യാറാക്കിയിരിക്കുന്നു. രോഹിത്തിനെ കൊലചെയ്ത വ്യവസ്ഥിതി അതുപോലെ തുടരുന്നു. അവൻറെ മരണത്തിന് ഉത്തരവാദികളായവർ  ചിരിക്കുന്നു. പൊതു സമൂഹം കുറ്റകരമായ മൗനത്തിലാണ്. ഈ മൗനം, നീതി തേടുന്ന മനുഷ്യരെ ആശങ്കാകുലരാക്കുന്നുണ്ട്.

ഹിന്ദു വിവാഹ നിയമം; സുപ്രീംകോടതി പറഞ്ഞത്

ആചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കിയാൽ മാത്രമേ ഹൈന്ദവവിവാഹത്തിന് നിയമ സാധുതയുള്ളൂ എന്ന സുപ്രീ കോടതി വിധി രാജ്യത്തെമ്പാടുമുള്ള ഹൈന്ദവർക്കിടയിൽ ഞെട്ടലും ആശയക്കുഴപ്പവും ഉളവാക്കിയിട്ടുണ്ട്. തങ്ങളുടെ വിവാഹം നിയമപ്രകാരം നിലനിൽക്കുന്നതാണോ എന്ന സംശയവും ആശങ്കയും പലർക്കുമുണ്ട്. അതുകൊണ്ടു തന്നെ കോടതിവിധിയെ അതിന്റെ വസ്തുനിഷ്ഠ സാഹചര്യത്തിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

“ഇന്ത്യൻ സമൂഹത്തിൽ ഉന്നതമായ പദവി അർഹിക്കുന്ന, ഒരു സംസ്കാരവും ദൈവികശുശ്രൂഷയുമാണ് വിവാഹം.  അതുകൊണ്ടുതന്നെ യുവതി യുവാക്കൾ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് കുടുംബവ്യവസ്ഥയെ കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. ഹിന്ദു വിവാഹം കേവലം ‘ആട്ടവും പാട്ടും സൽക്കാരവും’ നടത്തുവാനുള്ള മുഹൂർത്തമല്ല, അതൊരു വ്യാപാര ഇടപാടുമല്ല, സ്ത്രീധനവും സമ്മാനങ്ങളും കൈമാറ്റം ചെയ്യാനുള്ള സന്ദർഭവുമല്ല, കൃത്യമായ ചടങ്ങുകളില്ലാതെ  വിവാഹം നിയമപരമായി അംഗീകരിക്കാൻ കഴിയില്ല.ചടങ്ങുകൾ കൃത്യമായി പൂർത്തീകരിക്കാതെ വിവാഹിതരാണെന്ന് സാക്ഷ്യപത്രം ലഭിച്ചു എന്നതുകൊണ്ട് മാത്രം നിയമപരമായ വിവാഹം നടന്നുവെന്നു പറയാനാവില്ല.” കോടതി വിധിയെഴുതി.

ഇന്ത്യൻ സമൂഹത്തിൽ വിവാഹത്തിനും കുടുംബങ്ങൾക്കുമുള്ള പ്രാധാന്യവും, ഹൈന്ദവ വിവാഹ സംവിധാനങ്ങളുടെ പ്രത്യേകതകളുമെല്ലാം വിശദീകരിക്കുന്ന ഈ വിധി വലിയ ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിവാഹത്തിന് നിയമ പ്രാബല്യം നൽകുന്നില്ല എന്നുള്ള നിരീക്ഷണം. എന്നാൽ കേസിന്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ, കോടതി നിലപാടിന് കൂടുതൽ വ്യക്തത വരുന്നതായി കാണാം. 

കൊമേഴ്സ്യൽ പൈലറ്റുമാരായ യുവതിയുവാക്കൾ നൽകിയ ജോയിൻറ് പെറ്റീഷനിലാണ് സുപ്രീംകോടതി വിധി വന്നിട്ടുള്ളത്.  2021-ൽ ഇവർ ഇരുവരും വിവാഹിതരാകാൻ തീരുമാനമെടുക്കുന്നു. 2022 ഡിസംബർ മാസത്തിൽ  ഇരു വീട്ടുകാരും ചേർന്ന് കല്യാണം നടത്താമെന്ന ധാരണയിൽ, ‘വേദിക് കല്യാൺ സമിതി’യിൽ നിന്നും സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഹിന്ദു വിവാഹ നിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നു. 2017=ലെ ഉത്തർപ്രദേശ് മാരേജ് രജിസ്ട്രേഷൻ ചട്ടങ്ങൾ അനുസരിച്ച് വിവാഹരജിസ്ട്രേഷൻ സാക്ഷ്യപത്രം അവർക്ക് ലഭിക്കുകയും ചെയ്തു. ഇരുവരും അവരവരുടെ വീടുകളിൽ തന്നെയാണ് താമസിച്ചു പോന്നത്. പിന്നീട് ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവരികയും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന ഘട്ടത്തിലെത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഗാർഹിക പീഡനത്തിനന്റെ പേരിലും സ്ത്രീധനനിരോധനനിയമത്തിന്റെ കീഴിലും യുവതി യുവാവിനെതിരെ കേസ് ഫയൽ ചെയ്യുന്നു. ഇരുവരും ‘വിവാഹമോചനം’ നേടുവാൻ തീരുമാനിക്കുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കവെയാണ് ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ച് തങ്ങളുടെ വിവാഹബന്ധം നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്ന് വിധിയെഴുതണം എന്ന ആവശ്യവുമായി ഇരുവരും സുപ്രീംകോടതിയിലെത്തുന്നത്. നിയമപരമായ അവ്യക്തതയും ശൂന്യതയുമുള്ള അവസരങ്ങളിൽ ‘സമ്പൂർണ നീതി’ നടപ്പിലാക്കുന്നതിനുവേണ്ടി ഏതൊരു കാര്യത്തിലും തീരുമാനമെടുക്കാൻ സുപ്രീംകോടതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ അനുച്ഛേദമാണ് 142. 

ഹിന്ദു വിവാഹനിയമത്തിന്റെ വകുപ്പ് 7(1) അനുസരിച്ച് ഹിന്ദുവിവാഹങ്ങൾ ‘മാമൂൽ അനുസരിച്ചുള്ള’ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കേണ്ടതാണ്. വകുപ്പ് 7(2)-ൽ ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്. ‘സപ്‌തപദി’ അഥവാ വധുവിന്റെ കൈപിടിച്ച് അഗ്നിയ്ക്കു ചുറ്റും ഏഴു തവണ പ്രദക്ഷിണം ചെയ്യുന്നത് ചടങ്ങുകളുടെ ഭാഗമാണ്. വിവാഹച്ചടങ്ങുകൾ ഉറപ്പിക്കുന്നതും പൂര്ണമാകുന്നതും, ഏഴാമത്തെ പ്രദക്ഷിണം കഴിയുമ്പോഴാണെന്നും  നിയമത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ ചടങ്ങുകൾ, പ്രത്യേകിച്ച് സപ്തപദി ഹൈന്ദവ വിവാഹ ചടങ്ങുകളിൽ പരമപ്രധാനമാണ്. ഇവിടെ, ഈ ദമ്പദികൾ ആചാരങ്ങളനുസരിച്ച് വിവാഹം ചെയ്ത് ഒരുമിച്ചു താമസിച്ചു പോന്നിരുന്നവരായിരുന്നില്ല. ആചാരപ്രകാരമുള്ള കല്യാണം പിന്നീട് നടത്താമെന്ന ധാരണയിൽ രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. 

വിവാഹ രജിസ്‌ട്രേഷനെ, പലരും, രജിസ്റ്റർ വിവാഹമായി തെറ്റിദ്ധരിക്കുന്നുണ്ട് എന്ന് ഈ വിധിയെ സംബന്ധിച്ച് നടക്കുന്ന പല ചർച്ചകളിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇത് രണ്ടും തികച്ചും വ്യത്യസ്തമാണ്. ഇന്ത്യയിൽ, ഓരോ മതവിശ്വാസികൾക്കും അവരുടേതായ വ്യക്തി നിയമങ്ങളുണ്ട്. വിവാഹത്തെ സംബന്ധിച്ചാണെങ്കിൽ, ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, മുസ്‌ലിം വ്യക്തിനിയമം, ഹിന്ദു വിവാഹനിയമം എന്നിങ്ങനെ. ഇതുകൂടാതെ എല്ലാവര്ക്കും ഒരുപോലെ പിന്തുടരുവാൻ കഴിയുന്ന മതേതര വിവാഹ നിയമമായ ‘സ്‌പെഷ്യൽ മാരേജ് ആക്ടു’മുണ്ട്. ഈ നിയമത്തിനു കീഴിലാണ് നമ്മൾ പൊതുവെ ‘രജിസ്റ്റർ വിവാഹങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന വിവാഹങ്ങൾ നടക്കുന്നത്. എന്നാലിവിടെ, ഹിന്ദു വിവാഹനിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ചുള്ള രജിസ്‌ട്രേഷനാണ് നടന്നിട്ടുള്ളത്. സംസ്ഥാനഗവണ്മെന്റുകൾ രൂപം നൽകിയ ചട്ടങ്ങൾ അനുസരിച്ചാണ് രജിസ്‌ട്രേഷൻ. ഹിന്ദു നിയമപ്രകാരം വിവാഹം നടന്നു എന്ന കാര്യമാണ് സാക്ഷ്യപ്പെടുത്തുന്നത്. അതിന് ഫോട്ടോയോ, മറ്റു സംഘടനകളുടെ സർട്ടിഫിക്കറ്റോ ഒക്കെ തെളിവായി സ്വീകരിക്കാം. ഇവിടെ ആചാരപ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയ സ്ഥിതിയ്ക്ക് വിവാഹത്തിന് നിയമസാധുതയില്ല.  സെക്ഷൻ 7 അനുസരിച്ചുള്ള വിവാഹം നടന്നിട്ടുണ്ട് എന്ന ഉറപ്പ് നൽകുക മാത്രമാണ് വിവാഹ സർട്ടിഫിക്കറ്റ് ചെയ്യുന്നത്. വിവാഹം നടന്നിട്ടില്ലെന്നിരിക്കെ, ചടങ്ങുകൾക്കനുസരിച്ച് ഇവർ വിവാഹിതരായിട്ടുണ്ടെന്ന സാക്ഷ്യപത്രത്തിനും വിലയൊന്നുമില്ല എന്നാണ് കോടതിയുടെ നിലപാട്. അതായത് ഹിന്ദു വിവാഹനിയമത്തിന്റെ ഏഴാം വകുപ്പ് അനുശാസിക്കുംവിധം വിവാഹച്ചടങ്ങുകൾ നടക്കാതെ, എട്ടാം വകുപ്പ് അനുസരിച്ചു നൽകുന്ന സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന്. 

നിലവിലെ നിയമസംഹിതയ്ക്കുള്ളിൽ നിന്നുകൊണ്ട്, മറിച്ചൊരു വിധി കോടതിയ്ക്ക് സാധ്യമാവുകയില്ലായിരുന്നു. ഹിന്ദു വിവാഹനിയമം സംവിധാനം ചെയ്തിരിക്കുന്നത് അങ്ങനെയാണ്. 1955-ലാണ് ഹിന്ദു വിവാഹ നിയമം നിലവിൽ വരുന്നത്. അതിനുമുൻപ് ഹിന്ദുക്കോട് ബില്ല് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. നിരവധി നിയമ സംഹിതകളിലും ആചാര പ്രമാണങ്ങളിലും ശ്രുതികളിലും സ്മൃതികളിലും ആയി വിഭജിച്ച് കിടക്കുന്ന ഹൈന്ദവ വ്യക്തിനിയമങ്ങളെ ആധുനിക സമൂഹത്തിന് നിരക്കുന്ന തരത്തിൽ പരിഷ്കരിച്ച് ക്രോഡീകരിക്കുക എന്നതായിരുന്നു ഹിന്ദു കോഡ് ബില്ലിന്റെ ഉദ്ദേശ്യം. 1940-കൾ മുതൽ ഈ ദിശയിലുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യലബ്ദിയ്ക്കു ശേഷം നിയമമന്ത്രി അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെ കോൺഗ്രസ്സ് പ്രസിഡന്റ് സീതരാമയ്യരും, രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദും ഉൾപ്പടെയുള്ള യാഥാസ്ഥിതിക ഹിന്ദു നേതൃത്വം എതിർത്ത് തോൽപ്പിച്ചു. അംബേദ്കർക്ക് രാജിവയ്‌ക്കേണ്ടിവന്നു. അദ്ദേഹത്തെ അടിമുടിയുലച്ചുകളഞ്ഞ അനുഭവമായിരുന്നു അത്. ഹിന്ദു കോഡ് നടപ്പിലാകാതെ വന്ന ഘട്ടത്തിലാണ് ഒരു വികാരത്തള്ളിച്ചയിൽ “ഈ ഭരണഘടന കത്തിച്ചു കളയുന്ന ആദ്യത്തെയാൾ ഞാനായിരിക്കും” എന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.

പിന്നീട് പല നിയമങ്ങളായി ഹിന്ദു കോഡ് സാവധാനത്തിൽ നടപ്പിലാക്കും എന്ന വാഗ്ദാനം നെഹ്റു പാലിച്ചു. 1955-ലെ ഹിന്ദു മാരേജ് ആക്ട്; 1956-ലെ ഹിന്ദു സക്സഷൻ, അഡോപ്ഷൻ ആൻഡ് മെയിൻറനൻസ് ആക്ട്; മൈനോരിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട് എന്നിവ നിലവിൽ വന്നു. എന്നിരുന്നാലും നേരത്തെ ആലോചിച്ചിരുന്ന കരട് ബില്ലുകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്.   രാജ്യമെമ്പാടും ഉയർന്നുവന്ന ഹിന്ദു മൗലീകവാദികളുടെ  എതിർപ്പിനെ മറികടക്കുന്നതിന് വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഒരു ദൈവീക ശുശ്രൂഷയായിട്ടാണ് ഹിന്ദു നിയമം വിവാഹത്തെ സമീപിക്കുന്നത്. ആചാരങ്ങൾക്ക് അതിൽ അദ്വിതീയമായ സ്ഥാനമുണ്ട്. എണ്ണമറ്റ ആചാരവൈജാത്യങ്ങൾ  ഹിന്ദുമതത്തിലുണ്ടെങ്കിലും, നിയമത്തിലിടം പിടിച്ചത് ഉത്തരേന്ത്യൻ ഉന്നതജാതിക്കാരുടെ ആചാരങ്ങളാണ്. ചുരുക്കത്തിൽ ഉത്തരേന്ത്യൻ സവർണജാത്യാചാരങ്ങളുടെ സാമാന്യവത്കരണമായി നിയമം മാറി. ശാസ്ത്രിക് ആചാരങ്ങൾക്ക്  നിയമപരമായ ദൃഢത കൈവന്നു. കോടതിയ്ക്ക് അത് അംഗീകരിക്കുകയല്ലാതെ മറ്റു മാര്ഗങ്ങളൊന്നുമില്ല. എന്നാൽ വിധിയിലുടനീളം നിറഞ്ഞു നിൽക്കുന്ന, വിവാഹത്തെക്കുറിച്ചുള്ള പിന്തിരിപ്പൻ ആശയങ്ങൾക്ക് ഇതൊരു എക്സ്ക്യൂസല്ല. 

ഇത്തരമൊരു വിധി സൃഷ്ടിക്കാനിടയുള്ള ‘മറ്റു പ്രശ്നങ്ങ’ളെക്കുറിച്ചും കോടതിവിധിയിൽ ഒറ്റ വാക്കിലൊരു പരാമർശമുണ്ട്. എങ്കിലും  അക്കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള അവസരം ഇതല്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പിന്നീട്  അവഗണിക്കുകയാണുണ്ടായത്. ദമ്പതികൾ  ഇരുവരും ഒരുപോലെ ഉന്നയിച്ച ആവശ്യം എന്ന നിലയ്ക്ക് ഈ കേസിൽ ഈ തീരുമാനം യുക്തിസഹമാണെങ്കിലും, വിവാഹിതരായ പല സ്ത്രീകളുടെയും വൈവാഹികപദവിയെ തുലാസിൽ നിർത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് ഈ വിധി കാരണമായിക്കൂടാ എന്നുകണ്ട് ആവശ്യമായ മാനദണ്ഡങ്ങൾ വിധിയിൽ ചേർക്കുവാൻ കോടതിയ്ക്ക് കഴിയണമായിരുന്നു. ഈ കേസിൽ ഹർജിക്കാർ ഒരുമിച്ചു താമസിച്ചിട്ടില്ല എന്നതും ഇരുവരും ഒരുമിച്ചാണ് കോടതിയ്ക്ക് മുന്നിലെത്തിയതും എന്നത് കോടതിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നത് നേരുതന്നെ. ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. അനുച്ഛേദം 142-നു കീഴിൽ വലിയ അധികാരങ്ങളാണ് സുപ്രീംകോടതിക്കുള്ളത്. ‘പരിപൂർണ നീതി’ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പ്രസ്തുത വകുപ്പ്. നീതി ഏകശിലാത്മകമല്ലെന്നും സമഗ്രമായ അർത്ഥത്തിൽ അതിനെ മനസ്സിലാക്കേണ്ടതുണ്ടെന്നും നമ്മുടെ നീതീന്യായ സംവിധാനം തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദു വിവാഹനിയമം കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ പാര്ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ഭാഗത്തു നിന്നുണ്ടാവണം. കേവല ആചാരങ്ങൾക്കപ്പുറം, കൃത്യമായ ധാരണകളുടെ പാരസ്പര്യത്തിൽ ജീവിതം പങ്കിടാൻ വ്യക്തികൾക്ക് ഇടം അനുവദിക്കുന്നതാകണം വ്യക്തി നിയമങ്ങൾ. മനുഷ്യർക്ക് വിവാഹമെന്നാൽ ആട്ടവും പാട്ടും സത്കാരവുമൊക്കെ കൂടിയാണ്. ആനന്ദവും ആഘോഷവുമാണ്. അതിനെ സവർണ ജാത്യാചാരങ്ങളിൽ തളച്ചിടുന്ന നിയമം മാറിയേ തീരൂ. 

First Published on 09/05/2024 in TrueCopyThink

പൗരത്വത്തിന്റെ ക്രോണോളജി

“പൗരത്വത്തിനായി അപേക്ഷിക്കുന്നവർ സുന്നത്ത് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വേണം അവരുടെ മതം തിരിച്ചറിയുവാൻ” മുൻ മേഘാലയ ഗവർണറും ബിജെപി നേതാവുമായ തഥാഗത റോയിയുടെ ട്വീറ്റ് ആണ്!  ഞെട്ടിപ്പിക്കുന്ന ഈ പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നപ്പോഴും അതിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം ചെയ്തത്. കേന്ദ്രമന്ത്രി ശാന്തനു താക്കൂർ, ആ പ്രസ്താവനയെ ശരി വയ്ക്കുകയും ചെയ്തു. “പൗരത്വ നിർണയത്തിന് ശാരീരിക പരിശോധന നടത്തുന്നത് ചട്ടങ്ങളിൽ അനുവദിക്കും പ്രകാരമാണ്. ഡോക്ടർമാരാണ് പരിശോധിക്കുക. ആറു മതങ്ങളിൽ  ഉള്ളവർക്കാണ് പൗരത്വം നൽകുന്നത്. അത് തീർച്ചപ്പെടുത്താൻ ശാരീരിക പരിശോധനയാവാം.” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം.

ഇതേ മന്ത്രി തന്നെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ,  27 ലക്ഷം ആധാർ നമ്പറുകൾ റദ്ദു ചെയ്ത സംഭവം, കേവലം സാങ്കേതിക തകരാറു മൂലം ഉണ്ടായതാണെന്ന് ന്യായീകരിച്ചത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാകട്ടെ, ആധാർ റദ്ദാക്കിയതിലൂടെ, ലക്ഷക്കണക്കിന് മനുഷ്യർക്ക് ഗവൺമെൻറ് സേവനങ്ങൾ നിഷേധിച്ച നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്നും, ഇതിന് പൗരത്വ നിയമഭേദഗതിയുമായി ബന്ധമുണ്ടെന്നും പ്രതികരിച്ചു. 

ഈ സംഭവം, ആധാർ ഡിജിറ്റൽ സേവന പരിസരം സൃഷ്ടിച്ചേക്കാവുന്ന ഭീതിദമായ സാമൂഹിക അവസ്ഥയെക്കുറിച്ചുള്ള  ആശങ്കകൾ ഉയർത്തുന്നുണ്ട്. അതൊരു സാങ്കേതിക പിഴവല്ല, ഒരു സാങ്കേതിക സാധ്യതയാണ്. ആധാറിന്റെ ഉപജ്ഞാതാവായ, നന്ദൻ നിലേകനി “ആധാർ ആയിരിക്കും എൻ ആർ സി യുടെ ബാക്ക്-എൻഡ്” എന്ന് ഒരിക്കൽ പ്രസ്താവിക്കുകയുണ്ടായി. ഗവൺമെന്റിന്റെ  ഏക സത്യസ്രോതസ്സായി കണക്കാക്കപ്പെടുന്ന കേന്ദ്രീകൃത വിവരശേഖരം എന്ന നിലയ്ക്ക് ആധാറിന്  വമ്പിച്ച പ്രാധാന്യമുണ്ട്. ഇന്ത്യക്കാരുടെ ജനനം മുതൽ മരണം വരെയുള്ള സർവ്വ കാര്യങ്ങളും ആധാറുമായി ബന്ധിതമാണ്. വിവിധ ഡാറ്റ പോയിന്റുകൾ വച്ച് എല്ലാവരെയും നിരീക്ഷിക്കുവാനും പട്ടികപ്പെടുത്തുവാനും ആധാർ ഉപയോഗിക്കാൻ കഴിയും. നിലേകനിയുടെ അഭിപ്രായം വളരെ ശരിയാണ്. ആധാർ സംവിധാനത്തിന്റെ സാദ്ധ്യതകൾ അനന്തമാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ ആധാറുമായി ബന്ധിപ്പിക്കാൻ 2015-ൽ ഗവൺമെൻറ് എടുത്ത തീരുമാനം വെറുതെയാണെന്ന് കരുതുക വയ്യ.

പലരും കരുതുന്നതുപോലെ രാജ്യത്ത് മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വത്തെ നിർണയിക്കാനുള്ള ശ്രമമാരംഭിക്കുന്നത് 2019-ലല്ല. വാജ്പേയി ഗവൺമെൻറ് തന്നെ ഇതിനുള്ള പശ്ചാത്തലം ഒരുക്കിയിരുന്നു. അക്കാലത്താണ് ദേശീയ പൗരത്വ രജിസ്റ്റർ എന്ന ആശയം കൊണ്ടുവരുന്നത്, 2003-ലെ പൗരത്വ നിയമ ഭേദഗതിയിലൂടെ 1956-ലെ  പൗരത്വ നിയമത്തിൽ വകുപ്പ് 14(എ) കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. അതു പ്രകാരം രാജ്യത്ത് പൗരത്വ പട്ടിക തയ്യാറാക്കുവാനും, സംശയമുള്ളവരെ മറ്റൊരു ലിസ്റ്റിൽപ്പെടുത്തുവാനും, എല്ലാവർക്കും ദേശീയ തിരിച്ചറിയൽ കാർഡ് നൽകുവാനും വ്യവസ്ഥയുണ്ട്. 

തുടർന്ന് ‘രജിസ്ട്രേഷൻ ഓഫ് സിറ്റിസൺസ് ആൻഡ് ഇഷ്യൂ ഓഫ് നാഷണൽ ഐഡൻറിറ്റി കാർഡ്’ എന്ന പേരിൽ ചട്ടങ്ങൾ നിലവിൽ വന്നു. അതിൻ്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) പദ്ധതിയ്ക്ക് തുടക്കമായി. സാധാരണ സെൻസസിൽ നിന്നും വ്യത്യസ്തമായി, ഓരോരുത്തരുടെയും വ്യക്തിപരമായ വിവരങ്ങൾ കൃത്യമായി ശേഖരിച്ച്, കേന്ദ്രീകൃതമായി സൂക്ഷിക്കുന്ന സംവിധാനമാണിത്. 2015-ൽ എൻ.പി.ആറിനെ ആധാറുമായി ബന്ധിപ്പിക്കുവാൻ ഗവൺമെൻറ് തീരുമാനമെടുത്തു. രണ്ടുതരത്തിൽ നിയമവിരുദ്ധമായ തീരുമാനമായിരുന്നു അത്. ഒന്ന്, ജനസംഖ്യ രജിസ്റ്ററുമായി ആധാറിനെ ബന്ധിപ്പിച്ചത് പട്ടികയുടെ ഭാഗമായ മനുഷ്യരുടെ അറിവോടുകൂടിയുള്ള സമ്മതമില്ലാതെയാണ്. രണ്ട്, സബ്സിഡിയ്ക്കല്ലാതെ, മറ്റു കാര്യങ്ങൾക്ക് ആധാർ ഉപയോഗിക്കാൻ അനുവദിക്കുന്ന ആധാർ ആക്റ്റിലെ സെക്ഷൻ 57 സുപ്രീംകോടതി റദ്ദു ചെയ്തതാണ്. എന്തായാലും ഇന്ന് ആധാറും എൻ.പി.ആർ. വിവരശേഖരത്തിന്റെ ഭാഗമാണ്.

ഇനിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ ‘ക്രോണോളജി’ കടന്നുവരുന്നത്. “ആദ്യം സിഎഎ, അതിലൂടെ ആറു മതങ്ങളിൽ പെട്ട ആളുകൾക്ക് പൗരത്വം, പിന്നെ എൻ പി ആർ, അതിനുശേഷം എൻ ആർ സി, അങ്ങനെ ‘അവരെ’ നമ്മൾ പുറത്താക്കും” എന്നാണ്  പ്രസംഗിച്ചത്. ‘സി എ എ ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്നമല്ല, ഇന്ത്യയിൽ എത്തിച്ചേർന്നിട്ടുള്ള വിദേശികളെയാണ് ഇത് ബാധിക്കുക. കാരണം ചില രാജ്യങ്ങളിൽ നിന്നുള്ള ചില മതത്തിൽപ്പെട്ട പീഡിത ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുന്നു എന്ന സംഗതി മാത്രമാണ് ഇതിലുള്ളത്.’ എന്ന ന്യായീകരണം പൊള്ളയാണെന്ന് നമ്മൾ തിരിച്ചറിയുന്നതും അതിനെ ക്രോണോളജിയോട് ചേർത്തു വായിക്കുമ്പോഴാണ്.

ആദ്യം ആധാർ. അതുവഴി സകല മനുഷ്യരുടെയും വിവരങ്ങൾ ഒരു കേന്ദ്രീകൃത വിവരശേഖരത്തിൽ ലഭ്യമാക്കുന്നു. അടുത്തത് എൻ പി ആർ.  മുഖേന രാജ്യത്ത് താമസിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കുന്നു. അതിനുശേഷം, ജനസംഖ്യാ രജിസ്റ്ററിൽ നിന്നും സംശയമുള്ളവരെ ഒഴിവാക്കിയാണ് പൗരത്വ പട്ടിക തയ്യാറാക്കുന്നത്. അവിടെയാണ് 2014-ന് ശേഷം എൻപിആർ വിവരശേഖരത്തിൽ വന്നിട്ടുള്ള ചില വ്യത്യാസങ്ങൾ പ്രസക്തമാകുന്നത്. രണ്ട് ചോദ്യങ്ങളാണ് വിവരശേഖരത്തിൽ കൂട്ടിച്ചേർത്തത്. ഒന്ന്, ഓരോരുത്തരുടെയും ജനനത്തീയതി. രണ്ട്, മാതാപിതാക്കളുടെ ജന്മദിനവും ജന്മദേശവും. നിർദോഷകരമെന്ന് തോന്നിപ്പിക്കുന്ന ഈ രണ്ടു ചോദ്യങ്ങൾ ഇന്ത്യയിൽ ഒരുമനുഷ്യൻ്റെ പൗരത്വത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളവയാണ്. അത് ഇന്ത്യയിലെ പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ്!

നിയമപ്രകാരം 1956 മുതൽ 1987 ജൂൺ 30 വരെ ഇന്ത്യയിൽ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. ഏതൊരു പരിഷ്കൃത സമൂഹവും സ്വീകരിക്കുന്ന, ജന്മത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുക എന്ന നയമാണ് നമുക്കുണ്ടായിരുന്നത്. 1987 ജൂലൈ 1 മുതൽ ചിത്രം മാറി. ഇന്ത്യയിൽ ജനിച്ചാൽ മാത്രം പോരാ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനായിരിക്കണം എന്ന നിബന്ധന വന്നു. 2004 ഡിസംബർ 3-നുശേഷം ഒരാൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ഇന്ത്യയിൽ ജനിക്കുകയും, മാതാപിതാക്കൾ ഇരുവരും ഇന്ത്യൻ പൗരരായിരിക്കണം എന്ന മാനദണ്ഡം കൂടി നിയമത്തിന്റെ ഭാഗമായി. അതായത് പൗരത്വനിർണയത്തിന് വ്യക്തികളുടെയും അവരുടെ മാതാപിതാക്കളുടെയും ജനനത്തീയതിയും ജന്മദേശവും പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് വന്നു. ഈ സാഹചര്യത്തിലാണ് എൻപിആറിൽ പുതിയ ചോദ്യാവലി വരുന്നത്. 

അസാം എൻ ആർ സി യിൽ, വോട്ടർ പട്ടികയിൽ ചുവന്ന പേന കൊണ്ട് ‘ഡി’ എന്ന് എഴുതിച്ചേർക്കപ്പെട്ട മനുഷ്യരെയാണ്  സംശയത്തിന്റെ നിറവിൽ നിർത്തിയത്. ഏറെ മനുഷ്യപ്രയത്നം ആവശ്യപ്പെടുന്ന  പ്രക്രിയയായിരുന്നു അത്. എന്നാൽ ഇപ്പോൾ വളരെ എളുപ്പത്തിൽ അതെല്ലാം ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നമുക്കുണ്ട്, അതിൻ്റെ പേരാണ് ആധാർ. എൻ പി ആറിൽ നിന്ന് എൻആർസിയിലേക്കുള്ള പരിവർത്തനത്തെ ഓട്ടോമേറ്റ് ചെയ്യുന്നത് ആധാറായിരിക്കും. സ്വിച്ചിടുന്ന വേഗത്തിൽ സംശയിക്കുന്നവരുടെ ലിസ്റ്റ് നമുക്കു മുന്നിലെത്തും. തുടർന്ന് സി എ എ. 

2019-ലെ സി.എ.എ. പ്രകാരം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മതക്കാർക്ക് പൗരത്വം ലഭിക്കും. അവിടെയും  സങ്കീർണ്ണതകൾ ഉണ്ടായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള പീഡിത ന്യൂനപക്ഷങ്ങൾക്കാണ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. സ്വന്തം നാട്ടിലെ യാതൊരു രേഖകളും ഹാജരാക്കാൻ കഴിയാത്ത പാവപ്പെട്ട മനുഷ്യർ മറ്റൊരു രാജ്യക്കാരാണെന്നും അവിടെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിനും രേഖകൾ എങ്ങനെ ഹാജരാക്കാനാണ്? ഫലത്തിൽ പൗരത്വ പട്ടിക ജാതിമതഭേദമെന്യേ അവശതയനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിക്കുമെന്ന് വരും. അസമിൽ സംഭവിച്ചതതാണ്. എൻ ആർ സി പൂർത്തിയായപ്പോൾ രാജ്യ രഹിതരായ 19 ലക്ഷം പേരിൽ ഭൂരിപക്ഷവും ഹൈന്ദവരായിരുന്നു. അതുകൊണ്ടാണ് ഭരിക്കുന്ന പാർട്ടിക്ക് തന്നെ അവിടെ എൻ ആർ സി യെ തള്ളിപ്പറയേണ്ടിവന്നത്. എന്നാൽ ഈ പ്രശ്നം ദേശീയ പൗരത്വ ഭേദഗതി  ചട്ടങ്ങളിലൂടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമവും, ചട്ടങ്ങളും തമ്മിൽ സുപ്രധാനമായൊരു അന്തരമുണ്ട്. നിയമത്തിൽ പീഡിത ന്യൂനപക്ഷങ്ങൾക്കാണ് അനുകൂല്യം നൽകുന്നതെങ്കിൽ, ചട്ടങ്ങളിൽ പീഡനം എന്ന വാക്കില്ല! ഉണ്ടായിരുന്നുവെങ്കിൽ അത് ഒരിക്കലും തെളിയിക്കപ്പെടാതെ പോയേനെ. ഇപ്പോൾ വിജ്ഞാപനം ചെയ്തിരിക്കുന്ന ചട്ടങ്ങളിൽ  സിഎഎയുടെ ആനുകൂല്യം ലഭിക്കാൻ അപേക്ഷകർ നിയമത്തിൽ പറയുന്ന രാജ്യക്കാരാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിയാവും. ഒപ്പം ഏതെങ്കിലും മതസംഘടനയുടെ സാക്ഷ്യപത്രവും.  ജനസംഖ്യാനുപാതികമായി പ്രധാനമായും മുസ്ലിങ്ങളൊഴിച്ചുള്ള മറ്റ് ആറ് മതത്തിൽ പെട്ടവർക്കും വളരെ എളുപ്പത്തിൽ പൗരത്വ പട്ടികയിൽ ഇടം നേടാൻ കഴിയുമെന്ന് സാരം! 

അങ്ങനെ പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്നവരെ എന്തുചെയ്യും എന്നൊരു ചോദ്യമുണ്ട്. വേറെ ഏതെങ്കിലും രാജ്യങ്ങൾ അവരുടെ പൗരരാണെന്ന് അംഗീകരിച്ച്, അതാത് ഗവൺമെന്റുകളുടെ അനുമതിയോട് കൂടി മാത്രമേ അവരെ മടക്കി അയക്കാൻ കഴിയൂ. പതിറ്റാണ്ടുകളായി താമസിക്കുന്ന നാട്ടിലെ പൗരരാണെന്ന് തെളിയിക്കാനുള്ള രേഖകൾ സൂക്ഷിക്കാൻ കഴിയാത്ത ഈ മനുഷ്യർ എങ്ങനെയാണ് മറ്റൊരു രാജ്യത്തെ രേഖകൾ കൊണ്ടുവരിക? അപ്പോൾ ‘സ്വന്തം രാജ്യങ്ങളി’ലേക്ക് തിരിച്ചയക്കുക സാധ്യമല്ല. എന്നാൽ ഇവിടെ എല്ലാ പൗരാവകാശങ്ങളും നൽകിക്കൊണ്ട് പാർപ്പിക്കാനും കഴിയില്ല. പൗരത്വം നഷ്ടപ്പെടുന്നതോടെ അവർക്ക് നഷ്ടമാകുന്നത് അവകാശങ്ങൾക്കുള്ള അവകാശമാണ്. അവർക്കുവേണ്ടിയാണ് രാജ്യമൊട്ടുക്കും ഡിറ്റൻഷൻ സെൻററുകൾ ഉയരുന്നത്.

ഡിറ്റൻഷൻ സെൻററുകൾ ഇല്ലാതെ തന്നെ മനുഷ്യരെ അവകാശരഹിതരാക്കി തീർക്കാൻ കഴിയുന്ന പശ്ചാത്തല സംവിധാനം നമുക്കുണ്ടെന്നുള്ളതാണ് മറ്റൊരു വിഷയം. പൗരന്റെ അവകാശങ്ങളും ഭരണകൂടത്തിൽ നിന്ന് അവന് ലഭിക്കേണ്ട ആനുകൂല്യങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന ഒരു കില്ലർ സ്വിച്ച് നമുക്കുണ്ട്. ആധാർ എന്നാണതിനു പേര്. റേഷനും വിദ്യാഭ്യാസ സ്കോളർഷിപ്പുകളും മുതൽ തൊഴിലുറപ്പ് പദ്ധതി വരെയുള്ള എല്ലാ അവകാശ-ആനുകൂല്യങ്ങളും ലഭിക്കാതെ വരും.. ഫലത്തിൽ മനുഷ്യരുടെ ‘സിവിൽ ഡെത്താ’ണ് സംഭവിക്കുക. സവർക്കറുടെ ഭാഷയിൽ പറഞ്ഞാൽ രണ്ടാം തരം പൗരന്മാരായി മാറും!

ഭീതിദമായ ഒരു ‘ആവാസ വ്യവസ്ഥ’യ്ക്കകത്താണ് നമ്മൾ ജീവിക്കുന്നത്. പരസ്പരം വേർപെടുത്താനാകാത്ത തരത്തിൽ, ആധാർ-എൻ പി ആർ-എൻ ആർ സി-സി എ എ-ആധാർ എന്നിങ്ങനെയൊരു സമയ ചക്രം. നമ്മുടെ രാജ്യം, ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ, പൗരത്വത്തിന്റെ ഈ ക്രോണോളജി തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്. അതിനു പിന്നിൽ പ്രവർത്തിക്കുന്ന, രാജ്യത്ത് രണ്ടുതരം പൗരരെ സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന  വംശവെറിയുടെ പ്രത്യയശാസ്ത്രത്തെ തിരിച്ചറിയേണ്ടതുണ്ട്.

First Published in Suprabhatham Daily on

കെജ്രിവാളിന്റെ അറസ്റ്റ്; ജുഡീഷ്യറി വിചാരണ ചെയ്യപ്പെടു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് യഥാർത്ഥത്തിൽ വിചാരണയ്ക്ക് നിർത്തിയിരിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെയാണ്. അന്വേഷണ ഏജൻസികൾക്ക് അനന്തവും അനിർവചിതവുമായ അധികാരങ്ങൾ കൊടുക്കുന്ന കള്ളപ്പണ നിയമത്തിന്റെ കിരാത വകുപ്പുകളെല്ലാം ശരിവെച്ചുകൊണ്ട്, നീതിയെ സംബന്ധിച്ചുള്ള പ്രാഥമിക ധാരണകളെ പോലും കാറ്റിൽ പറത്തുന്ന നിലപാടെടുത്തത് ദൗർഭാഗ്യവശാൽ നമ്മുടെ സുപ്രീംകോടതിയാണ്. ഇപ്പോൾ ലോക്പാൽ തലവൻ ആയിരിക്കുന്ന ജസ്റ്റിസ് ഖാൻവിൽക്കർ ആണ് സുപ്രീംകോടതിയിൽ കള്ളപ്പണ നിയമം ( പിഎംഎൽഎ ആക്ട്) സംബന്ധിച്ച ഭരണഘടനാ വിഷയങ്ങളിൽ തീർപ്പ് കൽപ്പിച്ചത്.

കള്ളപ്പണ നിയമം (പി.എം.എൽ.എ. ആക്ട്) ഇന്ന് ഭരണാധികാരികളുടെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ്. എതിർ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരെ, വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ, വിമർശകരെ, ഒക്കെ വേട്ടയാടുന്ന സമീപനത്തിന്റെ ഭാഗമാണിത്. ഈ നിയമപ്രകാരം ആകെ ചാർജ്ജ് ചെയ്യപ്പെടുന്ന കേസുകളിൽ കേവലം മൂന്ന് ശതമാനത്തിൽ മാത്രമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്.  ഏതുവിധേനയും ദുരുപയോഗം ചെയ്യാനും വേട്ടയാടുവാനും സാധ്യതകൾ തുറന്നിടുന്ന നിയമമാണ് പി.എം.എൽ.എ. സാധാരണ പോലീസ് കേസൊക്കെ വരുമ്പോൾ കുറ്റാരോപിതർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും  ഇതിലില്ല.

നിയമത്തിലെ നീതികേട് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഭരണകൂടത്തിന് അനുകൂലമായ സമീപനമാണ് കോടതി സ്വീകരിച്ചത്.  ഒരാൾ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നൽകുന്ന സംരക്ഷണവും ഇ.ഡി. കേസുകളിൽ ബാധകമാകില്ലെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. അതായത് ഒരു വ്യക്തി ഇ.ഡി. ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകിയ മൊഴി പോലും തെളിവായി സ്വീകരിക്കാമെന്ന വ്യവസ്ഥ പോലും കോടതി അംഗീകരിച്ചു. അനുച്ഛേദം 20(3) ലെ ഭാഷാ പ്രയോഗത്തിലെ സങ്കേതികത്വത്തിലാണ് ഈ നീതികേടിനുള്ള പഴുത് കോടതി കണ്ടെത്തിയത്. ഒരു വ്യക്തിയെയും അയാൾക്കെതിരെ തന്നെ  സാക്ഷി പറയാൻ നിർബന്ധിക്കരുത് എന്നല്ല, ‘ഒരു കുറ്റാരോപിതരെ’യും അയാൾക്ക്  തന്നെ എതിരെ സാക്ഷി പറയാൻ നിർബന്ധിക്കരുതെന്ന പ്രയോഗമാണ് ഭരണഘടനയിലുള്ളത്. ഭരണകൂടവും പൗരനും തമ്മിലുള്ള ഭീമമായ അധികാര അസമത്വം പരിഗണിച്ച്, പൗരന് ഭരണഘടന നൽകിയിട്ടുള്ള സംരക്ഷണമാണിത്. അന്വേഷണ ഏജൻസികൾക്കും ഭരണകൂടത്തിനും ഏതു സമ്മർദ്ദം വഴിയും ഒരാളെകൊണ്ടു ആവശ്യമായ മൊഴി നൽകിപ്പിക്കുവാൻ കഴിയും എന്നുള്ള ബോധ്യത്തിൽ നൽകിയിട്ടുള്ള സംരക്ഷണം. എന്നാൽ ഒരാൾ ‘കുറ്റാരോപിതൻ’ ആകുമ്പോൾ മാത്രമാണ് ഈ അനുച്ഛേദം പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ എന്ന ഗവൺമെന്റിന്റെ വാദം അംഗീകരിച്ച്, ഒരാൾ എപ്പോഴാണ് കുറ്റാരോപിതനാകുന്നത് എന്ന സാങ്കേതികത്വം തേടുകയാണ് കോടതി ചെയ്തത്. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണോ, അയാൾ അറസ്റ്റിലാകുമ്പോഴാണോ, അതോ കോടതി അയാളെ റിമാൻഡ് ചെയ്യുമ്പോഴാണോ അയാൾ കുറ്റാരോപിതനാകുന്നത് എന്നതൊക്കെയാണ് തർക്കം! പോലീസിന് മുന്നിലെ കുറ്റസമ്മതം, തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് പറയുന്ന, തെളിവ് നിയമത്തിലെ വകുപ്പ് 25 ‘കേവലം തെളിവുകളെ സംബന്ധിച്ച ചട്ടം’ മാത്രമാണെന്നാണ് കോടതി പറയുന്നത്. അതിൽ, കൂടുതൽ മൗലികമായ അനുച്ഛേദം 21, 20, എന്നിവ ഉൾച്ചേർന്നിട്ടുണ്ട് എന്ന കാര്യം സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു. 

‘ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണ് എന്ന തത്വം) എന്ന പ്രാഥമിക നിയമതത്വം പോലും ഇവിടെ ബാധകമല്ല. കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ബാധ്യതയാണ്. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ് എന്ന ഹർജിക്കാരുടെ വാദം തള്ളിക്കൊണ്ട്, കള്ളപ്പണ നിയമത്തിന്റെ സെക്ഷൻ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളിൽ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തിൽ മാത്രമാണ്. യു.എ.പി.എ.നിയമത്തിൽ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റ സമ്മതം തെളിവായി സ്വീകരിക്കുന്നില്ല എന്നോർക്കണം.

കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തിൽ അന്വേഷണ എജൻസിയ്ക്ക് നൽകുന്നത്. ആരുടെയും സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.-യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു ‘ശിക്ഷാനിയമം’ അല്ല എന്ന് വരെ സാങ്കേതികമായി സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലത്രേ.  അങ്ങനെ വരുമ്പോൾ ക്രിമിനൽ നടപടിക്രമങ്ങൾ നൽകുന്ന സംരക്ഷണങ്ങളും  അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണ ഗതിയിൽ പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ.-ന്റെ പകർപ്പ് കുറ്റാരോപിതർക്ക് ലഭ്യമാക്കേണ്ടതാണ്. എന്നാൽ കള്ളപ്പണ നിയമത്തിൽ അങ്ങനെയല്ല. അതിനുള്ള കാരണവും കേവല സാങ്കേതികത്വമാണ്. ഇ.ഡി.-യ്ക്ക് എഫ് ഐ ആർ ഇടുകയെന്ന നടപടിക്രമമില്ല. പകരം   ഇ.സി.ഐ.ആർ.  എന്ന ആഭ്യന്തര രേഖയാണുള്ളത്. എഫ് ഐ ആർ അല്ലാത്തതുകൊണ്ട് ഇതിന്റെ പകർപ്പ് കുറ്റാരോപിതർക്ക് നൽകേണ്ടതില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഇ.ഡി.-യ്ക്ക് മുന്നിൽ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക്, തൻറെ മേൽ ചാർത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാനുള്ള അവകാശം നൽകണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസിൽ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാൻ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ. ആറും  ഒന്നല്ല എന്ന സാങ്കേതികത്വത്തിൽ ഊന്നിയാണ് കോടതി നീങ്ങിയത്. ഇതിന് പിൻബലമാകുന്ന പഴയ ചില കോടതി വിധികളും ഉണ്ട്. പോലീസിന്റേതിന് സമാനമായ അധികാരങ്ങളും പ്രവർത്തികളും ആണെങ്കിലും ഇ.ഡി. പൊലീസല്ല എന്നായിരുന്നു കോടതി നിലപാട്. കുറ്റപത്രം ചാർജ്ജ് ചെയ്യുന്ന ഏജൻസികളാണ് ‘പോലീസ്’, ഇ.ഡി.  ഫയൽ ചെയ്യുന്നത് ‘കമ്പ്ലൈന്റ്’ ആണ് എന്ന സാങ്കേതികവാദം കോടതി അംഗീകരിക്കുകയായിരുന്നു.  

രാജ്യത്തൻ്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവർത്തിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിയമത്തിലെ കഠിന വ്യവസ്ഥകളെയെല്ലാം ന്യായീകരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കിൽ ഭരണഘടനാപരമായ ഏതു സംരക്ഷണത്തെയും മറികടക്കാൻ പാർലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്ന സാഹചര്യമല്ലേ ഉണ്ടാവുക? അത് ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ? ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതലിങ്ങോട്ട് ഏതു കുറ്റവും വേണമെങ്കിൽ നിയമത്തിന്റെ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല. 

കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കുകയില്ല എന്നുറപ്പു വരുത്തുന്ന ‘ഇരട്ട നിബന്ധന’കളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45 അനുസരിച്ച്, (i) പ്രോസിക്യൂട്ടർക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതർ, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാൽ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസിൽ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചർച്ചയാവുന്ന ‘ഇരട്ട നിബന്ധനകൾ’. 2018-ൽ നികേഷ് താരാചന്ദ് കേസിൽ ഈ നിബന്ധനകൾ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് അർഹതയുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾക്കായിരുന്നു ഈ നിബന്ധനകൾ. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയിൽ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ, ‘എ’, ‘ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകൾ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തിൽ വരുത്തുന്നതാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുൻകാല പ്രാബല്യമുണ്ടെന്നും ഭേദഗതിയിൽ ഉണ്ടായിരുന്നു. ‘ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമ തത്വം പോലും മറന്നുകൊണ്ടാണ് ഇരട്ടഉപാധികൾ പുനഃസ്ഥാപിച്ച നടപടി കോടതി അംഗീകരിച്ചത്. ഇത്തരത്തിൽ കൂറ്റാരോപിതൻ ഇപ്പോൾ കുറ്റം ചെയ്തിട്ടില്ലെന്ന് മാത്രമല്ല ഇനി കുറ്റം ചെയ്യുകയുമില്ല എന്നു ബോധ്യപ്പെട്ടാൽ മാത്രമേ കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയൂ എന്നൊക്കെ നിബന്ധനയുള്ള ഒരു നിയമം അധികാരികൾക്ക് എതിർപക്ഷത്തുള്ളവരെ ജാമ്യം ലഭിക്കാതെ എത്ര കാലം വേണമെങ്കിലും തുറുങ്കിലടയ്ക്കുവാനുള്ള ഉപാധിയായി പരിണമിച്ചതിന്റെ കാഴ്ചകളാണ് നമ്മൾ ഇന്ന് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്.

കോടതിയ്ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഈ ഭേദഗതികൾ ‘ധന ബില്ല്’ ആയി അവതരിപ്പിച്ചത് ശരിയാണോ എന്നായിരുന്നു. ഒരു ശിക്ഷാ നിയമത്തിന് ഒരിക്കലും ധനബില്ലാകാൻ കഴിയില്ല. അതുകൊണ്ടാവും ഇത് ശിക്ഷാ നിയമം അല്ല എന്ന ഗവണ്മെന്റ് വാദം അംഗീകരിക്കപ്പെട്ടത്. എന്നാലും ധനബില്ല് ആയി വിഭാഗീകരിച്ചത് ശരിയാണോയെന്ന് അന്വേഷണത്തിലേക്ക് കോടതി കടന്നില്ല. ധനബിൽ സംബന്ധിച്ച പ്രശ്നങ്ങൾ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതുകൊണ്ട് ഇക്കാര്യത്തിൽ ഇപ്പോൾ തീർപ്പുകൽപ്പിക്കാനാകില്ല എന്നായിരുന്നു നിലപാട്. ആധാർ ബിൽ ധനബില്ലായി അവതരിപ്പിച്ചതിൽ തെറ്റില്ലെന്ന് വിധിയെഴുതിയ ആളാണ് ജസ്റ്റിസ്. ഖാൻവിൽക്കർ എന്നുമോർക്കണം.

അങ്ങനെ ഇ.ഡി.യ്ക്ക് ആരെയും ചോദ്യം ചെയ്യാനും, അറസ്റ്റ് ചെയ്യാനും, സ്വത്തു കണ്ടുകെട്ടാനും, കുറ്റസമ്മതം നടത്തിപ്പിക്കാനും എല്ലാമുള്ള അധികാരം സംരക്ഷിക്കുകയും,  ജാമ്യം ഒരു കാരണവശാലും ലഭിക്കുകയില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന വിധിയായിരുന്നു വിജയ് മദൻലാൽ ചൗധരി കേസിൽ ജസ്റ്റിസ്. ഖാൻവിൽക്കർ നയിച്ച സുപ്രീംകോടതി ബഞ്ച് പുറപ്പെടുവിച്ചത്. 

അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത അരവിന്ദ് കെജ്രിവാളിനെപ്പോലൊരു വ്യക്തി, ഒരു മൊഴിക്കപ്പുറം, പണം കൈമാറിയതിന്റേതുൾപ്പെടെ മറ്റൊരു തെളിവും ഇല്ലാതിരുന്നിട്ട് പോലും സംസ്ഥാന മുഖ്യമന്ത്രി കസേരയിലിരിക്കെ അറസ്റ്റിലായിയെന്നത്, ഒരു തിരിച്ചറിവിൻ്റെ നിമിഷം കൂടിയാണ്. നീതിരഹിതമായ നിയമങ്ങളും, ധാർമികതയേതുമില്ലാത്ത അന്വേഷണ ഏജൻസികളും അധികാര താല്പര്യങ്ങളുടെ ഉപകരണങ്ങൾ മാത്രമാകുന്ന സാഹചര്യം ഇപ്പോഴെങ്കിലും കോടതികൾ തിരിച്ചറിയേണ്ടതുണ്ട്. നീതിയെ സംബന്ധിച്ച സാമാന്യബോധ്യങ്ങളെല്ലാം നിരാകരിച്ച്, വിധിന്യായങ്ങളിൽ ഭരണകൂടഭാഷയെഴുതിയ പരമോന്നത നീതിപീഠം തന്നെ വിചാരണ നേരിടുന്ന സമയമാണിത്.

First Published in TrueCopyThink on 25 March 2024

അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഐ.ടി റൂൾസ് 

രാജ്യത്ത് സൈബർ ഇടങ്ങളിൽ സെൻസർഷിപ്പ് വരുന്നതിനുള്ള സാധ്യതകൾ തുറന്നിടുന്ന സംഭവവികാസങ്ങളാണ് ബോംബെ ഹൈക്കോടതിയിൽ അരങ്ങേറിയിട്ടുള്ളത്. യൂണിയൻ ഗവൺമെൻറ് 2023-ൽ വിജ്ഞാപനം ചെയ്ത വിവരസാങ്കേതികവിദ്യാ ചട്ടങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ള ‘ഫാക്ട് ചെക്കിംഗ് യൂണിറ്റ്’ അഥവാ ‘വസ്തുതാനിർണയ സമിതി’ക്ക് ഇനി പ്രവർത്തിക്കാൻ ആകും എന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ ഫലം.

നമ്മുടെ രാജ്യത്തെ സൈബർ ഡിജിറ്റൽ മേഖലകളെ  നിയന്ത്രിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട് ആണ്. പ്രസ്തുത നിയമത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉല്ലംഘിക്കുന്ന ‘വകുപ്പ് 66എ’ സുപ്രസിദ്ധമായ ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി റദ്ദു ചെയ്തതാണ്. ഇൻറർനെറ്റ്, ദേശരാഷ്ട്ര ഭേദങ്ങളുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് മാനവ സ്വാതന്ത്ര്യത്തിന്റെ വികാസത്തിനുള്ള ഉപാധിയായി കണ്ടവർക്ക് വലിയ ആശ്വാസമായിരുന്നു സുപ്രീംകോടതി വിധി. പലപ്പോഴും ജനാധിപത്യത്തിലെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും വിയോജിപ്പുകളും ഭയപ്പാടില്ലാതെ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരേയൊരു ഇടമായി, ഇൻറർനെറ്റ് സാധാരണ ജനങ്ങൾക്ക് പ്രാപ്യമാക്കിയ സാമൂഹ്യ മാധ്യമങ്ങളും മാറുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭരണകൂട താല്പര്യങ്ങൾക്കനുസരിച്ച് നീങ്ങുന്ന  പൊതുസ്വഭാവം കൈവരിച്ചിട്ടുള്ള സമകാലിക സാഹചര്യത്തിൽ, മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന ചെറുതുരുത്തുകൾ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ ധൈര്യപൂർവ്വം ഇടപെടുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരും സന്നദ്ധസേവകരും മാത്രമാണ്. പണം കൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും പിടിച്ചെടുക്കാൻ കഴിയാത്ത ഈ മേഖലയെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ ഭരണകൂടങ്ങൾ നടത്തുന്നത് സ്വാഭാവികമാണല്ലോ. അതിന്റെ ഭാഗമായിട്ടാണ് സൈബർ ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങൾ ഗവൺമെൻറ് രൂപീകരിച്ചത്.

ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 79-ആം വകുപ്പ് അനുസരിച്ച്, ഇന്റർമിഡിയറികൾക്ക്, ചില നിയന്ത്രണങ്ങൾക്ക് വിധേയമായി നിയമപരിരക്ഷയുണ്ട്. ഇൻറർമീഡിയറി എന്നാൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നമ്മളെ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകൾ ആണ്. ഉദാഹരണത്തിന് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ‘ഇടനിലക്കാരാ’ണ്. അതിൽ പ്രസിദ്ധീകൃതമാകുന്ന സംഗതികൾ പ്രസിദ്ധീകരിക്കുന്ന ആളുകളുടെ മാത്രം ഉത്തരവാദിത്വമാണ്.  അതിൻ്റെ ഉള്ളടക്കത്തിന് മേൽ ഇൻറർമീഡിയറികൾക്ക് പ്രാഥമികമായ നിയന്ത്രണമില്ല. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ആയിരിക്കും അവർ ചെയ്യുന്ന പ്രവർത്തിയുടെ ഉത്തരവാദിത്വവും. അതുകൊണ്ടുതന്നെ താരതമ്യേന സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ അവിടെ സാധ്യമാകുന്നു. 

നിലവിലെ ഐടി ആക്ട് അനുസരിച്ച് നേരിട്ടുള്ള നിയന്ത്രണം അസാധ്യമാണ് എന്നറിഞ്ഞതുകൊണ്ട്  ചട്ടങ്ങളുടെ ഭാഗമായി വിവിധ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. 2019-ലും 2021-ലുമെല്ലാം ഇൻറർമീഡിയറി റെഗുലേഷൻ ചട്ടങ്ങൾ രൂപീകരിച്ചിരുന്നു. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ഇവ ചോദ്യം ചെയ്യുന്ന വ്യവഹാരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചട്ടങ്ങളിലെ പല വ്യവസ്ഥകളും ഇതിനോടകം സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ചട്ടങ്ങൾ വിഭാവനം ചെയ്തിരുന്നത് പോലെയുള്ള സെൻസർഷിപ്പ് സാധ്യമായിരുന്നില്ല. അതേ തുടർന്നാണ് 2013-ൽ വീണ്ടും പുതിയ ഐടി റൂൾസ് വരുന്നത്. വ്യാജവാർത്തകൾ തടയാനെന്ന പേരിൽ, വാർത്തകൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമേൽ യൂണിയൻ ഗവൺമെന്റിന്റെ സമ്പൂർണ്ണമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് ഈ ചട്ടങ്ങൾ. 

യൂണിയൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച വാർത്തകളിലെ വാസ്തവം തിരിച്ചറിയുന്നതിന് ഒരു ‘വസ്തുതാ പരിശോധനാ സമിതി’ രൂപീകരിക്കുവാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തുന്നതാണ് 2003-ലെ ചട്ടങ്ങൾ. ‘വ്യാജമോ, നുണയോ, തെറ്റിദ്ധരിപ്പിക്കുന്നതോ’ ആയ ഉള്ളടക്കങ്ങൾ കണ്ടെത്തി അവയെ ഇൻറർ മീഡിയറി പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം നൽകുകയാണ് ഈ സമിതി ചെയ്യുക. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിവരസാങ്കേതിക നിയമത്തിലുള്ള സംരക്ഷണം ഇവർക്ക് നഷ്ടപ്പെടുന്നു. ഉള്ളടക്കങ്ങൾക്കു നേരിട്ട് ഉത്തരവാദികളായി തീരും. ‘ഇടനിലക്കാർ’ നിയമനടപടികൾ നേരിടേണ്ടി വരും. വസ്തുതാ പരിശോധന സമിതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഒന്നും ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ല. കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് ഒരു പരിഹാരമുള്ളത്. 

മാത്രമല്ല ഇടനിലക്കാരൻ എന്ന നിർവചനം ഇൻറർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ഉൾപ്പെടെ സൈബർ മേഖലയിലെ സേവനദാതാക്കളെല്ലാം ഉൾപ്പെടുന്നത്ര  വിശാലമാണ്. കോടിക്കണക്കിന് വരുന്ന ഉപയോക്താക്കളുടെയെല്ലാം പ്രവർത്തികൾക്കുമേൽ യാതൊരു നിയന്ത്രണവും ഇടനിലക്കാർ എന്ന നിലയിൽ ഈ സേവനദാതാക്കൾക്കില്ല.  വ്യാജമെന്ന് ടാഗ് ചെയ്ത വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചു മനസ്സിലാക്കാനുള്ള സംവിധാനവുമില്ല. ചട്ടങ്ങൾക്കകത്തും സമിതി നിർദ്ദേശങ്ങൾ മറികടക്കാനുള്ള മാർഗ്ഗങ്ങൾ ഒന്നും വിശദീകരിച്ചിട്ടില്ല. ആയതിനാൽ, ചൂണ്ടിക്കാണിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക എന്നതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഇടനിലക്കാർക്കു മുന്നിലില്ല. ഫലത്തിൽ യൂണിയൻ ഗവൺമെന്റിന്റെ സെൻസർ ബോർഡുകൾ ആയിട്ടാണ് ഈ സമിതികൾ പ്രവർത്തിക്കുക. ഈ ചട്ടങ്ങളാണ് ബോംബെ ഹൈക്കോടതിയിൽ ഹർജിക്കാർ ചോദ്യം ചെയ്തത്.

ഈ ജനുവരി 31-ന് ഹർജിയിൽ ബോംബെ ഹൈക്കോടതിയുടെ വിധി വന്നു. ജസ്റ്റിസ് ഗൗതം പട്ടേൽ, ജസ്റ്റിസ് നീലം ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവരും പരസ്പരവിരുദ്ധമായ നിലപാടുകളിലേക്കാണ് എത്തിച്ചേർന്നത്. ജസ്റ്റിസ് ഗോഖലെ പ്രസ്തുത ചട്ടങ്ങൾ ഭരണഘടനാപരം തന്നെയെന്ന് പ്രസ്താവിച്ചു. ആക്ഷേപഹാസ്യം, ഹാസ്യം, രാഷ്ട്രീയ വിമർശനങ്ങൾ എന്നിവ നിയന്ത്രിക്കില്ലെന്ന ഉറപ്പ് കേന്ദ്ര ഗവൺമെൻറ് തന്നിട്ടുള്ളതുകൊണ്ട്, ചട്ടങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാവില്ല എന്നായിരുന്നു അനുമാനം. വസ്തുതാ പരിശോധന സമിതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഉള്ളടക്കം നീക്കം ചെയ്യണമെന്ന് നിർബന്ധമില്ലെന്നും,  ഈ നിർദ്ദേശം സംബന്ധിച്ച ഒരു ലേബലോട് കൂടി  അവയെ തുടരാൻ അനുവദിക്കാമല്ലോയെന്നും വിധിയിൽ പറയുന്നു. മാത്രവുമല്ല ഇടനിലക്കാർക്ക് സമിതി നിർദേശത്തെ കോടതിയിൽ ചോദ്യം ചെയ്യാനും കഴിയും.

എന്നാൽ ജസ്റ്റിസ് പട്ടേൽ, തികച്ചും വിരുദ്ധമായ ഒരു വായനയാണ് നടത്തിയത്.  പ്രസ്തുത ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി. ‘യൂണിയൻ ഗവൺമെന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ’ എന്ന നിർവചനം മുതൽ തോന്ന്യാസപരമായ തരത്തിലാണ് ചട്ടങ്ങൾ രൂപീകരിച്ചിട്ടുള്ളത് എന്ന് അദ്ദേഹം കണ്ടെത്തി. ഈ നിർവചനത്തിന് കീഴിൽ ഏതൊക്കെ വിഷയങ്ങളാണ് വരിക എന്നത്, അവ്യക്തവും അനാവശ്യമായ അർത്ഥ വിശാലതയുള്ളതുമാണ് എന്ന് ചൂണ്ടിക്കാണിച്ചു. നിയന്ത്രണങ്ങൾ ഇൻഫർമേഷൻ ടെക്നോളജി ആക്ട് അനുശാസിക്കുന്ന നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതാണെന്നും സർവ്വോപരി അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ അനുച്ഛേദം 19 (1) അനുവദിക്കുന്നതിനുമപ്പുറമുള്ളതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ലേബൽ ചെയ്തു തുടരാൻ അനുവദിക്കാം എന്ന ഒരു സാധ്യത ചട്ടങ്ങളിൽ എവിടെയും പറയുന്നില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വസ്തുതാ പരിശോധന സമിതികളുടെ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല, കോടിക്കണക്കിന് ഉപഭോക്താക്കളെ സംബന്ധിച്ച ഇത്തരം ആക്ഷേപങ്ങൾ പരിശോധിച്ചു അവയെ കോടതിയിൽ പ്രതിരോധിക്കാനുള്ള യാതൊരു സാധ്യതയും സൈബർ ഇടനിലക്കാർക്കില്ല. അതുകൊണ്ടുതന്നെ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുന്നതാണ് ഈ പരിഷ്കാരങ്ങളെന്ന് സ്പഷ്ടവും യുക്തിയുക്തവുമായി അദ്ദേഹത്തിൻ്റെ വിധിയിൽ സ്ഥാപിക്കപ്പെടുന്നുണ്ട്.

ഡിവിഷൻ ബെഞ്ചിന് ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ ജസ്റ്റിസ് ചാന്തുർക്കറെ കൂടി ഉൾപ്പെടുത്തി ബഞ്ച് വിപുലീകരിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. ഹർജി കോടതിയിൽ എത്തിയപ്പോൾ, കോടതിയുടെ തീർപ്പുണ്ടാവുന്നത് വരെ വസ്തുതാ പരിശോധന സമിതികൾ രൂപീകരിക്കുകയില്ല എന്ന ഒരു ഉറപ്പ് യൂണിയൻ ഗവൺമെൻറ് നൽകിയിരുന്നു. പരസ്പര വിരുദ്ധമായ വിധി ന്യായങ്ങൾ പുറത്തുവന്നതോടെ ഈ ഉറപ്പ് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിലായിരുന്നു അടിയന്തര തീരുമാനമെടുക്കേണ്ടത്. അതു സംബന്ധിച്ചാണ് ഇപ്പോൾ കോടതി തീരുമാനത്തിലെത്തിയിരിക്കുന്നത്. കോടതിക്ക് യൂണിയൻ ഗവൺമെൻറ് നൽകിയിട്ടുള്ള ഉറപ്പുകൾ കൂടി പരിശോധിക്കുമ്പോൾ മുന്നോട്ട് പോകാം എന്ന അഭിപ്രായമായിരുന്നു മൂന്നാമത്തെ ന്യായാധിപനും.  ഇതോടുകൂടി ഇന്ത്യയിൽ സൈബർ ഇടങ്ങളിൽ സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള യൂണിയൻ ഗവൺമെന്റിന്റെ നീക്കങ്ങൾക്ക് കോടതിയുടെ അനുമതി കൂടി താൽക്കാലികമായെങ്കിലും ലഭിച്ചിരിക്കുന്നു 

കേസ് ഇവിടം കൊണ്ട് അവസാനിക്കില്ലെന്ന് ഉറപ്പാണ്. സുപ്രീംകോടതിയിലും ഇത് സംബന്ധിച്ച സുദീർഘമായ നിയമ പോരാട്ടങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. ‘1984’ എന്ന നോവലിൽ ‘മിനിസ്ട്രി ഓഫ് ട്രൂത്ത്’ എന്നൊരു മന്ത്രാലയമുണ്ട്. രാജ്യത്തെ ഔദ്യോഗിക സത്യങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന മന്ത്രാലയമാണ്. ചരിത്രപരവും സാംസ്കാരികവും സാമൂഹികവുമായ  എല്ലാ പാഠങ്ങൾക്കും അന്തിമരൂപവും അംഗീകാരവും നൽകുന്നത് ആ മന്ത്രാലയമാണ്. ക്ലോക്കിൽ പതിമൂന്നാം മണിയടിച്ച ഒഷ്യാനയിലല്ല,  ജനാധിപത്യ ഇന്ത്യയിൽ സത്യങ്ങൾ ഏതെന്ന് ഔദ്യോഗികമായി  തീരുമാനിക്കുന്ന ഒരു സംവിധാനം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നത് ഭാവിയെ സംബന്ധിച്ച ദിശാസൂചികയാണ്. 

First Published in DoolNews on 15 March 2024