NEET: അതിസമ്പന്നർക്ക് സംവരണമൊരുക്കുന്ന സംവിധാനം 

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയമാണല്ലോ. നീറ്റ് പരീക്ഷയിൽ റിപ്പോർട്ട് ചെയ്ത വ്യാപകമായ ക്രമക്കേടുകൾക്ക് ശേഷം നെറ്റ് പരീക്ഷയും റദ്ദു ചെയ്യേണ്ട സാഹചര്യം ഉണ്ടായി. അധികാരത്തിന്റെ എല്ലാ മേഖലകളെയും ഏകശിലാത്മകമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നതിനോടൊപ്പം, അക്കാദമിക മേഖലയിൽ ഉൾപ്പെടെ ഫെഡറൽ മൂല്യങ്ങളെ അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞ ഒരു ദശകമെങ്കിലുമായി യൂണിയൻ ഗവൺമെൻറ് പ്രവർത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന പ്രത്യേക എൻജിനീയറിങ് – മെഡിസിൻ പ്രവേശന പരീക്ഷകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം തമിഴ്നാട് മാത്രമല്ല പശ്ചിമബംഗാളും ഉന്നയിച്ചു കഴിഞ്ഞു. മറ്റു പല മേഖലകളിലും ഇത് സംബന്ധിച്ച ചർച്ചകൾ വ്യാപകമാണ്. ഈ സമയത്താണ് നീറ്റ് എങ്ങനെയാണ് മെറിറ്റിനെ അട്ടിമറിക്കുന്നതെന്ന് വ്യക്തമാക്കുന്ന വാദങ്ങളുമായി മഹേശ്വർ പേരി രംഗത്തെത്തുന്നത്. IIPM എന്ന പേരിൽ, നേരത്തെ നടന്നിരുന്ന തട്ടിപ്പിനെതിരെ ഇദ്ദേഹം രംഗത്ത് വന്നതിനെ തുടർന്ന് അത് അവസാനിപ്പിക്കേണ്ടി വന്ന കാര്യം നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ‘കരിയർഴ്‌സ് 360’ യുടെ തലവൻ വീണ്ടും ഒരു പ്രശ്നമുന്നയിക്കുമ്പോൾ, അതിനെ ആ ഗൗരവത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.

നീറ്റ് പോലെയുള്ള പരീക്ഷകൾ പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ കഴിവും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതാണ് എന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്. മെറിറ്റാണ് ഇതിന്റെയൊക്കെ അടിസ്ഥാനമെന്ന്! എന്നാൽ മഹേശ്വർ പേരി നിരത്തുന്ന കണക്കുകൾ നമുക്ക് പരിശോധിക്കാം. രാജ്യത്താകെ 74 മെഡിക്കൽ കോളേജുകളിൽ ആയി ഒരു ലക്ഷത്തി ഒമ്പതിനായിരത്തി ഒരുനൂറ്റി എഴുപത് സീറ്റുകൾ ആണുള്ളത്. ഇവയിലേക്ക് പ്രവേശനം നടത്തുന്നതിന് വേണ്ടിയാണ് അഖിലേന്ത്യ തലത്തിൽ നീറ്റ് എന്ന പേരിൽ പരീക്ഷ നടത്തുന്നത്. 23,33,297 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 57 ശതമാനവും പെൺകുട്ടികളായിരുന്നു. 

മെഡിസിൻ വിഭാഗത്തിൽ രാജ്യത്ത് ആകെ ലഭ്യമായ സീറ്റുകളെ ഗവൺമെൻറ് മേഖല എന്നും സ്വകാര്യ മേഖല എന്നും രണ്ടായി തിരിക്കാം. ഗവൺമെൻറ് മേഖലയിൽ സെൻട്രൽ യൂണിവേഴ്സിറ്റികളും, വിവിധ സംസ്ഥാനങ്ങളിലെ ഗവൺമെൻറ് കോളേജുകളും ഉണ്ട്. 7 സെൻട്രൽ യൂണിവേഴ്സിറ്റികളിലായി 1180 കുട്ടികൾക്ക് പഠിക്കുവാൻ കഴിയും. വിവിധ സംസ്ഥാനങ്ങളിലെ 382 ഗവൺമെൻറ് കോളേജുകളിലായി 55,255 സീറ്റുകൾ. മറുവശത്ത് 264 പ്രൈവറ്റ് കോളേജുകളിൽ 42515 പേർക്ക് പ്രവേശനം നേടാനാകും. ഇതുകൂടാതെ 51 കൽപിത സർവകലാശാലകൾ  ഉണ്ട്. അവിടങ്ങളിൽ 10,250 സീറ്റുകളും. 

ഇനി ഇവിടങ്ങളിലെ ഫീസ് ഘടന നോക്കാം. 

എയിംസ് പോലെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ, എംബിബിഎസ് പഠനം പൂർത്തിയാക്കുന്നതിന് മൂന്നു ലക്ഷത്തി അറുപത്തിനാലായിരം രൂപ മാത്രമാണ് ചെലവ് വരിക. വിവിധ സംസ്ഥാനസർക്കാർ കോളജുകളിൽ ശരാശരി ചെലവ് 6.2 ലക്ഷമാണ്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എത്തുമ്പോഴേക്കും ശരാശരി ഫീസ് 78.8 ലക്ഷം ആകുന്നു. കൽപിത സർവകലാശാലകളിലാകട്ടെ 1-1.2 കോടിയാണ്‌ പഠനത്തിന് വരുന്ന ചെലവ്. എൻ ആർ ഐ സീറ്റുകളിൽ ഇത് മൂന്ന് നാല് കോടിയോളം വരും.

അതായത് ഗവൺമെൻറ് മേഖലയിലുള്ള സീറ്റുകളിൽ മാത്രമാണ് സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠിക്കുവാൻ സാധിക്കുക. 72 ലക്ഷം മുതൽ നാലു കോടി രൂപ വരെ മുടക്കി പഠിക്കുവാൻ കഴിയുക സമൂഹത്തിലെ ഏറ്റവും ഉന്നതിയിലുള്ള ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രമാണ്. അതായത് രാജ്യത്തെ വൈദ്യത്തിനുള്ള സീറ്റുകളിൽ പകുതിയോളം അതിസമ്പന്നർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതുമാത്രമല്ല, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന സമ്പന്നർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ തരത്തിലാണ് സംവിധാനത്തെ ഡിസൈൻ  ചെയ്തിരിക്കുന്നത്. ഈ മേഖല കയ്യടക്കുന്നത് സവർണ സമ്പന്ന വിഭാഗങ്ങൾ ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലല്ലോ. നാഴികയ്ക്ക് നാല്പതു വട്ടം സംവരണ വിരുദ്ധതയും, മെറിറ്റിനെ കുറിച്ചുള്ള ഗീർവാണങ്ങളും കാച്ചുന്ന ഉപരിവർഗ്ഗത്തിനോ, മാധ്യമങ്ങൾക്കോ, ഇതിൽ ഒരു ആശങ്കയുമില്ല. 

2021 മുതലുള്ള നീറ്റ് പരീക്ഷയുടെ കട്ട് ഓഫ് മാർക്കും, വിജയിക്കാൻ വേണ്ട ശതമാനവും, പരീക്ഷാ ക്വാളിഫൈ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണവും നോക്കുക. 2021-ൽ ആകെ 83075 സീറ്റുകളിലേക്കായി യോഗ്യത നേടിയത് 87074 വിദ്യാർത്ഥികളാണ്. പരമാവധി 720 മാർക്കുകളിൽ നടത്തുന്ന നീറ്റ് പരീക്ഷയിൽ ആ വർഷം കട്ട് ഓഫ് വച്ചിരുന്നത് 138 മാർക്കാണ്. അതായത് 19.17%.  2022-ലെ കട്ട് ഓഫ് 117, ശതമാനം 16.3, യോഗ്യത നേടിയവർ 9,93,069. 2023-ൽ കട്ട് ഓഫ് 137, അതായത് 19%. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 11,45,976. 2024-ൽ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 13,16,218. കട്ട് ഓഫ് 164 മാർക്ക്; അഥവാ 22.7%. 

സാധാരണ പരീക്ഷകളിൽ വിജയിക്കാൻ വേണ്ടത് 30-40 ശതമാനം മാർക്ക് ആണ്. എന്നിട്ടും രാജ്യത്തെ ഏറ്റവും മെറിറ്റോറിയസ് ആയ വിദ്യാർത്ഥികളെ കണ്ടെത്തുവാൻ നടത്തുന്നതെന്ന് അവകാശപ്പെടുന്ന നീറ്റ് പരീക്ഷയ്ക്ക് മാത്രം എന്തുകൊണ്ടാണ് കട്ട് ഓഫ് മാർക്ക് 20 ശതമാനത്തിലും താഴെയാകുന്നത്? ഇത്രയും താഴ്ന്ന മർക്കിൽ വിജയിക്കുന്ന ഏക പരീക്ഷ ഒരു പക്ഷേ നീറ്റ് ആയിരിക്കും. ഒരു കാര്യം കൂടി ശ്രദ്ധിക്കുക- ആകെ ഒരു ലക്ഷത്തിനോടടുത്തു മാത്രം സീറ്റുകൾ ഉള്ള മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ, നീറ്റ് പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം 8 ലക്ഷം മുതൽ 14 ലക്ഷം വരെയാണ്. പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് ഉയർത്തി യോഗ്യത നേടുന്നവരുടെ എണ്ണം ഒരു രണ്ടോ മൂന്നോ ലക്ഷം ആക്കി പരിമിതപ്പെടുത്തിയാൽ, മെറിറ്റ് ഉറപ്പുവരുത്താൻ പറ്റുമല്ലോ. പിന്നെ എന്തുകൊണ്ട് അത് ചെയ്യുന്നില്ല? 

അതിനുത്തരം തേടുമ്പോഴാണ്, മെറിറ്റിനെ പരിപൂർണ്ണമായി അട്ടിമറിക്കുകയും വിദ്യാഭ്യാസം സമ്പന്നർക്ക് സംവരണം ചെയ്യുകയും ചെയ്യുന്ന, വ്യവസ്ഥിതിയുടെ ചതി നമുക്ക് മനസ്സിലാവുന്നത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഫീസ് 70 ലക്ഷത്തിനും 80 ലക്ഷത്തിനും  ഇടയ്ക്കാണ്. കല്പിത സർവകലാശാലകളിൽ അത് കോടികളാണ്. അത്രയും പണം മുടക്കി പഠനം നടത്തുവാൻ കഴിയുന്നവർ സമ്പന്നരാണ്. മാത്രവുമല്ല, പ്രവേശന പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്ക് മാത്രം നേടിയവരും ആയിരിക്കും.

ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ചെന്നൈയിലെ എസിഎസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയ കുട്ടിയുടെ നീറ്റ് മാർക്ക് 137 മാത്രമാണ്. റാങ്ക് ആകട്ടെ 10,12,292-ഉം. പുതുച്ചേരിയിലെ ശ്രീലക്ഷ്മി നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശനം നേടിയ കുട്ടിക്ക് ലഭിച്ചത് കേവലം 110 മാർക്ക് മാത്രമാണ്. റാങ്ക് ആകട്ടെ 11,91,412-ഉം. എൻ ആർ ഐ സീറ്റിലാണ് ഏറ്റവും കൂടുതൽ മെറിറ്റ് അട്ടിമറിക്കപ്പെടുന്നത്. ഒഡീഷയിൽ, ഭുവനേശ്വരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ഹോസ്പിറ്റലിൽ 12,15,544 -ആം റാങ്കുകാരന് വരെ പ്രവേശനം ലഭിച്ചു. അയാളുടെ നീറ്റ് സ്കോർ 107 ആയിരുന്നു.

സവർണ്ണ സമ്പന്ന വിഭാഗങ്ങൾ അവശവിഭാഗങ്ങൾക്കെതിരെ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന മെറിറ്റ് എന്ന ആയുധം, മെഡിസിൻ പഠനത്തിന് പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ആരും പറഞ്ഞു കേൾക്കുന്നില്ല. അക്കാര്യത്തിൽ മാത്രമല്ല, പ്രാദേശിക ഭാഷകളിൽ പഠിക്കുന്നവരെ, വിദൂര ദേശങ്ങളിൽ നിന്നുള്ളവരെ, സംസ്ഥാന പാഠ്യപദ്ധതികൾ പിന്തുടരുന്നവരെ, ഒക്കെ  നീറ്റ് എന്ന കേന്ദ്രീകൃത സംവിധാനം പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനു പുറമെയാണ് വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ള ക്രമക്കേടുകൾ. അതോടൊപ്പം, അടിസ്ഥാനപരമായി സമ്പന്നർക്ക്, മെഡിക്കൽ വിദ്യാഭ്യാസം സംവരണം ചെയ്യുന്ന മാനദണ്ഡങ്ങൾ കൂടി ചേരുമ്പോൾ നീറ്റ്, രാജ്യത്തെ സാമൂഹ്യനീതിയുടെ പ്രാഥമിക പാഠങ്ങൾക്ക് വിരുദ്ധമാകുന്നു. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ആധിക്യം, വിദ്യാഭ്യാസ കച്ചവടക്കാർക്ക് തോന്നും പ്രകാരം ഫീസ് നിശ്ചയിക്കാനുള്ള അവസരം നൽകുന്നു. അങ്ങനെ സാധാരണക്കാരെ പുറന്തള്ളുന്നു. കുറഞ്ഞ കട്ട് ഓഫ് മാർക്കുകൾ കൂടിയാകുമ്പോൾ, മെറിറ്റ് അട്ടിമറിക്കപ്പെടുന്നു. ഈ സംവിധാനത്തെ ആകെ ഉടച്ചു വാർക്കാതെ, നീതിയുക്തമായ മെഡിസിൻ പ്രവേശം സാധ്യമാവുകയില്ല.

First Published in 29 June 2024, DoolNews

ReplyForwardAdd reaction

LEAVE A REPLY

Please enter your comment!
Please enter your name here