മരിച്ചവന്റെ പൗരത്വം!

ആസാം സ്വദേശിയായ എംഡി റഹീം അലിക്ക്, 12 വർഷങ്ങൾക്കുശേഷം സുപ്രീം കോടതി ഇന്ത്യൻ പൗരത്വം തിരിച്ചുനൽകി എന്ന വാർത്ത, അളവറ്റ സന്തോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഹാജരാക്കിയ രേഖകളിലെ ചില അക്ഷരത്തെറ്റുകളുടെ പേരിൽ, പൗരത്വത്തെ സംശയിക്കാനാവില്ലെന്നും; തക്കതായ യാതൊരു തെളിവുകളും നിരത്താതെ, സാധാരണ മനുഷ്യനോട് ‘താനൊരു നുഴഞ്ഞുകയറ്റക്കാരനല്ല’ എന്ന് തെളിയിക്കാൻ ആവശ്യപ്പെടുന്നത് നീതി നിഷേധമാണെന്നും ജസ്റ്റിസ് അസനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുടെ ബെഞ്ച് വിധിയിൽ കുറിച്ചു. എന്നിരുന്നാലും, നീതി എന്ന് നമ്മൾ കരുതിയിടത്ത്, അനീതിയുടെ കടലാഴം അനാവരണം ചെയ്യുന്ന വാർത്തയാണ് പിന്നീട് വന്നത്. റഹിം അലി ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ടര വർഷം കഴിഞ്ഞിരിക്കുന്നു. 2021 ഡിസംബർ 28ന്, തൻ്റെ 58 മത്തെ വയസ്സിൽ,  ഒരു വിദേശി എന്ന നിലയിൽ തന്നെയാണ് അയാൾ മരിച്ചത്. ജീവിച്ചിരുന്ന കാലമത്രയും കടുത്ത ഭീതിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഏതുനിമിഷവും തന്നെ പോലീസുകാർ പിടിച്ചുകൊണ്ടു പോകാം എന്ന് അദ്ദേഹം ഭയപ്പെട്ടു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ പോലും, പേടി അയാളെ അനുവദിച്ചില്ല. രാത്രികളിൽ മക്കൾ പോലും അറിയാതെ, വീടുവിട്ടിറങ്ങി പരിചയക്കാരുടെ വീടുകളിൽ തങ്ങുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ഹാജിറാബീയുടെ ചോദ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഹൃദയത്തിൽ സൂചിമുനപോലെ തുളഞ്ഞു കയറുന്നതാണ്: 

“ഇനി പറഞ്ഞിട്ടെന്താണ് കാര്യം? ജീവിതകാലം മുഴുവൻ അദ്ദേഹത്തെ വേട്ടയാടിയിരുന്ന, തന്നെ പിടിച്ചുകൊണ്ടു പോകുമോ എന്ന ഭയം, അദ്ദേഹത്തോടൊപ്പം ഇല്ലാതായി. ഇനിയും അദ്ദേഹത്തെ ഒരു നുഴഞ്ഞുകയറ്റക്കാരനെന്ന് വിളിക്കാനാണ് അവർ തീരുമാനിക്കുന്നതെങ്കിൽ, അവർ എന്തു ചെയ്യുമായിരുന്നു? കുഴിമാടത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുമായിരുന്നോ?” 

ആസാമിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. പതിറ്റാണ്ടുകളായി അവിടെ  പാവപ്പെട്ട നിരവധി മനുഷ്യരെ ഇങ്ങനെ നിയമത്തിനു മുന്നിൽ നഗ്നരാക്കി നിർത്തുകയാണ്. അവരുടെ പൗരത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്. പൗരത്വം എന്നാൽ അവകാശമല്ല, അവകാശങ്ങൾക്കുള്ള അവകാശമാണ്. പൗരൻ ആകുമ്പോഴാണ് ഒരാൾ,  രാജ്യത്തിൻ്റെ ഭരണഘടനയും ഭരണസംവിധാനവും ഉറപ്പു നൽകുന്ന അവകാശങ്ങൾക്ക് അർഹത നേടുന്നത്. പൗരനല്ല എന്നുവന്നാൽ, സഞ്ചാര സ്വാതന്ത്ര്യമോ, അഭിപ്രായ സ്വാതന്ത്ര്യമോ, മിനിമം കൂലിയ്ക്കുള്ള അവകാശമോ, തുടങ്ങിയവ ഏതുമില്ലാതെ ജീവിക്കേണ്ടി വരും. അല്ലെങ്കിൽ ഡിറ്റെൻഷൻ സെന്ററുകളിൽ കഴിയണം. അതുകൊണ്ടുതന്നെ അത്ര കണിശമായ സാഹചര്യങ്ങളിലല്ലാതെ  പൗരത്വം റദ്ദ് ചെയ്യുവാൻ പാടില്ലാത്തതാണ്. ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ സ്ഥിതി അങ്ങനെയല്ല. ഭരണകൂടത്തിനും, കോടതിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. 

പൗരത്വ നിയമത്തിന്റെ പരിണാമം 

ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി രൂപം കൊണ്ടപ്പോൾ, ഈ മണ്ണിൽ ജനിച്ച എല്ലാവരെയും രാജ്യത്തെ പൗരന്മാരായി കണക്കാക്കുന്ന സിവിക് ദേശീയതയാണ് ഉയർത്തിപ്പിടിച്ചത്. പിന്നീട് പൗരത്വ നിയമത്തിലെ വിവിധ ഭേദഗതികളിലൂടെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും, ജന്മം കൊണ്ട് എന്നതിലുപരിയായി രക്തബന്ധം കൊണ്ട് പൗരത്വത്തെ നിർവചിക്കുന്ന എത്നിക് ദേശീയതയിലേക്ക് രാജ്യം വഴി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്രവും നമുക്ക് കാണാം. അതിൻ്റെ ഏറ്റവും പ്രകടമായ രൂപമായിരുന്നു 2019-ലെ പൗരത്വ നിയമ ഭേദഗതി. അങ്ങനെ അപരവൽക്കരണത്തിന്റെ, വിദ്വേഷത്തിന്റെ, വംശീയതയുടെ, ഒക്കെ ബോധ്യങ്ങൾ നമ്മുടെ പൗരത്വ സങ്കൽപ്പങ്ങളെ നിർവചിക്കാൻ തുടങ്ങി. അതിൻ്റെ മനസ്സാക്ഷിയെ നടുക്കുന്ന ഭാവങ്ങൾ ആകാരം പൂണ്ടൊരിടമായിരുന്നു ആസാം.

അനധികൃത കുടിയേറ്റക്കാർ പെരുകി, തദ്ദേശീയരുടെ അവസരങ്ങളും അവകാശങ്ങളും സമ്പത്തും തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ശക്തമായി. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഗ്രസിച്ചിരുന്ന നാടിൻ്റെ ദുരവസ്ഥയിൽ അക്ഷമരായി കഴിഞ്ഞ ജനങ്ങളുടെ അതൃപ്തിയത്രയും അനധികൃത കുടിയേറ്റക്കാർ എന്ന അപരരിലേക്ക് വഴി തിരിച്ചുവിടുന്നതിൽ രാഷ്ട്രീയ നേതൃത്വങ്ങൾ മത്സരിച്ചു. 1983-ലെ നെല്ലി കൂട്ടക്കൊലയിലാണ് അത് അവസാനിച്ചത്. ഓൾ ആസാം സ്റ്റുഡൻസ് യൂണിയന്റെ ബാനറിൽ ആയിരുന്നു അക്രമം. 1985-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരം എന്ന നിലയിൽ അസാം ഉടമ്പടി നിലവിൽ വന്നു. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യ, ഒരു രാഷ്ട്രേതര ശക്തിയുമായി ഉണ്ടാക്കുന്ന ആദ്യത്തെ ഉടമ്പടി ആയിരിക്കുന്നിരിക്കും അത്. അതനുസരിച്ച്, ബംഗ്ലാദേശ് യുദ്ധം ആരംഭിച്ച 1971 മാർച്ച് 25 നു ശേഷം ബംഗ്ലാദേശിൽ നിന്നും ആസാമിൽ എത്തിയവരെ കണ്ടെത്തി തിരികെ അയക്കാം എന്ന ധാരണ ഉണ്ടായി. 

പൗരത്വ നിയമത്തിൻ്റെ വകുപ്പ് 6(എ) അനുസരിച്ച്, 1966-നു മുൻപ് ഇന്ത്യയിൽ എത്തിയവർ ഇവിടുത്തെ പൗരന്മാരാണ്. 1966 മുതൽ 1971 മാർച്ച് 24 വരെ ഇവിടെ എത്തിയിട്ടുള്ളവർക്ക്, പൗരത്വത്തിനായി രജിസ്റ്റർ ചെയ്യാം. ആദ്യത്തെ 10 വർഷത്തേക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല എന്ന് മാത്രം. എന്നാൽ 1971 മാർച്ച് 25ന് ശേഷം വന്നവരെ കണ്ടെത്തി, രേഖകളിൽ നിന്ന് നീക്കംചെയ്ത്, ഡീപോർട്ട് ചെയ്യണം എന്നാണ് വ്യവസ്ഥ. 

തെളിയിക്കാനുള്ള ബാധ്യത ജനങ്ങൾക്ക്. 

ആസാം ഉടമ്പടി അനുസരിച്ച് കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി 1983-ല്‍, ഇല്ലീഗൽ മൈഗ്രന്റ്സ് (ഡിറ്റർമിനേഷൻ ബൈ ട്രിബൂണൽ), ഐ.എം.ഡി. ടി.,  നിയമം കൊണ്ടുവന്നു. ഈ നിയമപ്രകാരം ഒരു വ്യക്തി ഇന്ത്യൻ പൗരനല്ല എന്ന് കണ്ടാൽ, അതു തെളിയിക്കാനുള്ള ബാധ്യത ഗവൺമെൻറിനാണ്. എന്നാൽ ‘ആസൂ’ നേതാവും പിന്നീട് ആസാം മുഖ്യമന്ത്രിയുമായ, സർബാനന്ദ സോനോവാൾ ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഒരാൾ ഇന്ത്യൻ പൗരൻ അല്ല എന്ന് തെളിയിക്കുക ബുദ്ധിമുട്ടാണെന്നും, അതുകൊണ്ട് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിന് ഈ നിയമം തടസ്സമാണെന്നും സുപ്രീംകോടതിയിൽ വാദിച്ചു. പകരം, പൗരനെന്ന് തെളിയിക്കാനുള്ള ബാധ്യത ജനങ്ങൾക്കു മേൽ ചാർത്തുന്ന, 1946-ലെ ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് നടപടികൾ കൈക്കൊള്ളേണ്ടത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. ഫോറിനേഴ്സ് ആക്ട് ഒരു കൊളോണിയൽ നിയമമാണ്. അത് രാജ്യത്തെത്തിച്ചേർന്ന വിദേശികളെ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ ഐ.എം.ഡി.ടി. നിയമം, അസമിൽ നിലവിൽ ജീവിക്കുന്ന മനുഷ്യരുടെ പൗരത്വം നിർണയിക്കുന്നതിനുള്ളതാണ്. ഈ പ്രാഥമിക വ്യത്യാസം കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, സുപ്രീംകോടതിയിൽ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ച് ആസാമിൽ ഫോറിനേഴ്സ് ആക്ട് ആണ് ബാധകമാവുക എന്ന് വിധിച്ചു. 

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പതിനാലാം അനുച്ഛേദത്തിന്റെ വരെ ഭാഗമാണ് ‘ആനുമാനിക നിരപരാധിത്വം’. അതായത്, കുറ്റക്കാരനാണെന്ന് തെളിയിക്കും വരെ ഒരാളെ നിരപരാധിയായി കണക്കാക്കണം എന്ന പ്രാഥമിക നിയമ തത്വം. ഇന്ത്യൻ നിയമസംവിധാനത്തിന്റെയും അടിസ്ഥാനം ഇതാണ്. ഏതൊരു കേസിലും കുറ്റം തെളിയിക്കുക എന്നത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. കാരണം, അതിനുള്ള സംവിധാനങ്ങളും അധികാരവും ഗവൺമെന്റിനുണ്ട്. അതേസമയം വ്യക്തികൾ ഇത്തരം അധികാരങ്ങളോ വിഭവങ്ങളോ സംവിധാനങ്ങളോ ഇല്ലാത്തവരാണ്. എന്നാൽ ഫോറിനേഴ്സ് ആക്ട് ഈ തത്വത്തിന് വിരുദ്ധമാണ്. ഒരാളെ സ്വതവേ കുറ്റക്കാരനെന്ന് കാണുകയും, അല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത അയാൾക്ക് മേൽ ചുമത്തുകയുമാണ്  ചെയ്യുന്നത്. ഇത് അനീതിയാണെന്ന് സുപ്രീംകോടതി അംഗീകരിച്ചു എന്നുള്ളതാണ് റഹീം അലി കേസിന്റെ പ്രാധാന്യം. 

കേസിന്റെ നാൾവഴി

റഹീം അലിയുടെ കുടുംബം തലമുറകളായി ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്നവരാണ്. 1968-ലെയും 1970-ലെയും വോട്ടർപട്ടികളിൽ അദ്ദേഹത്തിൻ്റെ അച്ഛനമ്മമാരുടെ പേരുകളുണ്ട്. വിലാസവും ഒന്നുതന്നെയാണ്. 1985-ലെ പട്ടികയിൽ റഹീം അലിയുമുണ്ട്. വിവാഹത്തിനുശേഷം, റഹീം അലി കാശിംപൂർ ജില്ലയിലേക്ക് താമസം മാറ്റി. 1997-ൽ അവിടുത്തെ വോട്ടർപട്ടികയിലും അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഈ മനുഷ്യനെതിരെ 2004-ൽ പോലീസ് അന്വേഷണം ആരംഭിക്കുകയാണ്. ബംഗ്ലാദേശിലെ മൈമൻസിംഗ് ജില്ലയിൽ, തൊരൈൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ദോരി ജഹാംഗീർപൂർ സ്വദേശിയാണ് റഹീം അലി എന്നായിരുന്നു ആരോപണം.  എസ് പി നിർദ്ദേശിച്ചത് അനുസരിച്ച് സബ് ഇൻസ്പെക്ടർ ബിബിൻ ദത്ത അന്വേഷണത്തിന് വരുന്നു. 1971 മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയതാണ് എന്നതിന് തെളിവുകൾ, ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ നിന്ന് ഇവിടെ വന്നതേയല്ലാത്ത ഒരാൾ, ഇവിടെ ജനിച്ചു വളർന്ന വ്യക്തി, പോലീസ് ആവശ്യപ്പെടുന്ന തീയതിക്ക് മുമ്പ്  ബംഗ്ലാദേശിൽ നിന്നും ഇവിടെ വന്നു താമസിച്ചവനാണെന്ന് എങ്ങനെയാണ് തെളിയിക്കുക? 

അങ്ങനെ കേസ് ഫോറിനേഴ്സ് ട്രിബ്യൂണലിൽ എത്തി. ഒരുതവണ അദ്ദേഹം ഹാജരായി. എന്നാൽ പിന്നീട് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ഉണ്ടായതിനെ തുടർന്ന്  ഹാജരാവാൻ കഴിയാത്ത നിലവന്നു. രോഗം സംബന്ധിച്ച ഗവൺമെൻറ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ട്രിബ്യൂണലിൽ ഹാജരാക്കിയിട്ടുമുണ്ട്. എന്നിട്ടും, ട്രിബ്യൂണൽ, കക്ഷിയുടെ അസാന്നിധ്യത്തിൽ തന്നെ, അയാളെ വിദേശിയായി പ്രഖ്യാപിച്ചുകൊണ്ട് 2006-ൽ ഉത്തരവിട്ടു. ഗുവാഹത്തി ഹൈക്കോടതിയും ആ ഉത്തരവ് ശരിവെച്ചു. സുപ്രീംകോടതിയിൽ അപ്പീൽ പോയി. 2017-ൽ ഒരിക്കൽ കൂടി പരിഗണിക്കുവാൻ നിർദ്ദേശിച്ചു കൊണ്ട് റഹീം അലിയുടെ കേസ്, സുപ്രീം കോടതി ഫോറിനേഴ്സ് ട്രിബ്യൂണലിന് മടക്കി. എന്നിട്ടും ട്രിബ്യൂണൽ ഉത്തരവ് തിരുത്തിയില്ല. അദ്ദേഹം ഹാജരാക്കിയ രേഖകളിലെ അക്ഷരത്തെറ്റുകളും, തീയതികളിലെ പിഴവുകളും എല്ലാം ഉയർത്തിക്കാട്ടി വീണ്ടും അയാളെ വൈദേശികനാക്കുന്ന വിധി വന്നു. അതിന്മേലുള്ള അപ്പീലിലാണ് ഇപ്പോഴത്തെ വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.

സുപ്രീംകോടതി വിധി 

1946-ലെ, ‘ഫോറിനേഴ്സ് ആക്ടി’ന്റെ ഒമ്പതാം വകുപ്പാണ് കോടതി വ്യാഖ്യാനിച്ചത്. പ്രസ്തുത വകുപ്പ് അനുസരിച്ച് ഒരാൾ വൈദേശികനല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത അയാൾക്ക് തന്നെയാണ്. എന്നാൽ, ഒരാൾ വൈദേശികനാണ് എന്ന് ആരോപിച്ചുകൊണ്ട് നടപടികൾ ആരംഭിച്ചതിനുള്ള കാരണം അയാളെ ബോധിപ്പിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട് എന്ന മിനിമം നീതിബോധമാണ് സുപ്രീംകോടതി പ്രകടിപ്പിച്ചത്. ഇവിടെ റഹീം അലി, ബംഗ്ലാദേശിലെ മൈമൻസിംഗ് ജില്ലയിൽ, തൊരൈൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ദോരിജഹാംഗീർപൂരിൽ നിന്നും ഇന്ത്യയിലേക്ക് കടന്നതാണെന്ന കാര്യം പോലീസ് സൂപ്രണ്ട് അറിഞ്ഞതെങ്ങനെയാണ്? എങ്ങനെയാണ് ഈ അന്വേഷണം ആരംഭിച്ചത്? ഇത്തരം ആരോപണം ഉയർന്നു വരാനുള്ള കാരണമെന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുവാൻ പോലീസിന് കഴിഞ്ഞില്ല. കേവലം ആരോപണവും, ‘ആരോപണത്തിന്റെ അടിസ്ഥാനവും’ തമ്മിൽ വ്യത്യാസമുണ്ട്. കേവലം ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയില്ല. കുറ്റാരോപണത്തിന്റെ കാരണമെന്തെന്നറിഞ്ഞാലാണ് ഒരാൾക്ക് നിയമപരമായി പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട്, അന്വേഷണം ആരംഭിക്കുന്നതിനുള്ള കാരണം എന്തായിരുന്നു എന്ന് വിശദീകരിക്കാനുള്ള ബാധ്യതയിൽ നിന്ന്, ഫോറിനേഴ്സ് ആക്ടിന്റെ ഒമ്പതാം വകുപ്പ് പ്രോസിക്യൂഷനെ ഒഴിവാക്കുന്നില്ല എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. 

റഹീം അലിയുടെ അച്ഛനും അമ്മയും സഹോദരനും ഇന്ത്യൻ പൗരരാണ്. അയാളും മകളും ഇവിടത്തെ സ്ഥിരതാമസക്കാരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ ഉണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ട്. ഹാജരാക്കിയ സാക്ഷ്യപത്രങ്ങൾ വ്യാജമാണെന്ന ആരോപണവുമില്ല. രേഖകളിലെ അക്ഷരത്തെറ്റുകളും, തീയതിയിലെ പിശകുകളും നമ്മുടെ രാജ്യത്ത് വളരെ സാധാരണമാണ്. വോട്ടർ പട്ടികയിലെയും, തിരിച്ചറിയൽ കാർഡിലെയും, റേഷൻ കാർഡിലെയും, ആധാറിലെയും, വിവിധ സാക്ഷ്യപത്രങ്ങളിലും എല്ലാം അക്ഷരപ്പിശകുകൾ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും പല ഭാഷകളിൽ പേരുകൾ ആവർത്തിക്കുമ്പോൾ. ശിക്ഷാനിയമങ്ങൾ വളരെ കണിശമായി അന്വയിക്കേണ്ടതാണ്. കാരണം അത് മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന വിഷയമാണ്. ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21 പ്രകാരം പൗരർക്കു മാത്രമല്ല, ഇന്ത്യൻ മണ്ണിലെ എല്ലാ മനുഷ്യർക്കും ബാധകമാണ്. ജീവിക്കാനുള്ള അവകാശം എന്നാൽ, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ്. അതിൽ പൗരത്വം അതീവ പ്രാധാന്യമുള്ള ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. കേവലം അക്ഷരപ്പിശകുകളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാൾ ഇന്ത്യൻ പൗരൻ അല്ലെന്നു പ്രഖ്യാപിക്കാനാവില്ല. 

ഇത് വളരെ പ്രധാനപ്പെട്ട ഒരു നിലപാടാണ്. അസാമിലെ പൗരത്വ നിയമങ്ങൾ സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ എല്ലാം ഉന്നയിച്ചു പോന്നതും, കോടതി നിഷ്കരുണം അവഗണിച്ചതുമായ വിഷയമാണിത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് നരിമാൻ എന്നിവരുടെ ബഞ്ചാണ് അസാമിലെ നീതി രാഹിത്യത്തിന് തുടക്കം കുറിച്ചത്. സമ്പത്തും വിഭവങ്ങളും അധികാരവും അന്വേഷണ സംവിധാനങ്ങളും എല്ലാമുള്ള ഭരണകൂടം മറുവശത്തു നിൽക്കുമ്പോൾ താൻ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ബാധ്യത സാധാരണ പൗരനുമേൽ വന്നുചേരുന്ന നിയമ പ്രക്രിയയെ  ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ് കോടതി ചെയ്തത്. മനുഷ്യത്വരഹിതമായ ആ സമീപനത്തിൽ നിന്നുള്ള മാറ്റമാണ് ഈ വിധിയിലൂടെ ആരംഭിക്കുന്നതെങ്കിൽ അത് ഒരു ശുഭ സൂചനയാണ്. ജസ്റ്റിസ് അസനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുടെ ഈ വിധി പ്രതീക്ഷ നൽകുന്നതാണ്.

എന്നിരുന്നാലും, നമ്മുടെ നീതിന്യായ സംവിധാനത്തിൽ ഈ പ്രാഥമിക നീതിബോധത്തിന്റെ വെളിച്ചമെത്താൻ 12 വർഷങ്ങൾ വേണ്ടിവന്നു എന്നത് സങ്കടകരമാണ്. രണ്ടുതവണ സുപ്രീംകോടതിയിൽ എത്തിയതിനുശേഷം ആണ് ഇത് സംഭവിക്കുന്നത്. അതിനും എത്രയോ മുമ്പ്, പാവപ്പെട്ട ആ കർഷകൻ മരണമടഞ്ഞിരുന്നു. ഒരു ചെറിയ കർഷക കുടുംബമാണ് അദ്ദേഹത്തിന്റേത്. ആസാമിലെ നൽബാരി ജില്ലയിലെ കാശിംപൂർ ഗ്രാമത്തിലാണ് താമസം. കേസ് നടത്തുന്നതിന് വേണ്ടി നാല് പശുക്കളെയും അഞ്ച് ആടുകളെയും, അദ്ദേഹത്തിൻ്റെ അച്ഛൻ്റെ പേരിൽ ഉണ്ടായിരുന്ന കുറച്ച് സ്ഥലവും വിൽക്കേണ്ടിവന്നു, കൃഷിയിടം പണയത്തിലാണ്. രണ്ടര ലക്ഷത്തിലേറെ രൂപ കേസ് നടത്തിപ്പിനായി ചെലവഴിക്കേണ്ടി വന്നുവെന്ന് മകൻ മാധ്യമങ്ങളോട് പറഞ്ഞു. 12 വർഷം അനീതിയുടെ ദുരിതപർവത്തിലൂടെ, ഭീതിയുടെ മുൾമുനയിലൂടെ, ജീവിച്ചു മരിച്ച ആ മനുഷ്യനോട് നീതിപുലർത്താൻ നമുക്ക് കഴിഞ്ഞില്ല. 

സമാനമായ ആകുലതകളുമായി ആയിരക്കണക്കിന് മനുഷ്യർ ഈ രാജ്യത്തിനിയും ജീവിക്കുന്നുണ്ട്. കൊട്ടിഘോഷിച്ചു നടത്തിയ അസാമിലെ പൗരത്വ രജിസ്റ്റർ, 19 ലക്ഷം മനുഷ്യരെയാണ് രാജ്യരഹിതരായി പ്രഖ്യാപിച്ചത്. അവരിൽ ഭൂരിപക്ഷവും ഹൈന്ദവരായിരുന്നു എന്നത് ഇതിൻ്റെ പ്രയോക്താക്കൾക്ക് ഒരു രാഷ്ട്രീയപ്രഹരമായി എന്നതു മാറ്റി നിർത്തിയാൽ, മനുഷ്യരുടെ ദുരിതം അവിടെ നിലനിൽക്കുകയാണ്. അതിന് എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ കഴിയില്ല. ഇപ്പോൾ തന്നെ അപ്പീലിന് പോകാനോ ഹിയറിങ്ങിന് ഹാജരാകാനോ ആളുകൾ തയ്യാറാകാത്ത സ്ഥിതിയുണ്ട്. ആകെ 8 പേർ മാത്രമാണ് അപേക്ഷിച്ചത്, ഹാജരായതോ മൂന്നുപേരും! ഇന്ത്യക്കാരായ ഞങ്ങൾ പൗരത്വത്തിനുവേണ്ടി ആരുടെ മുന്നിലും യാചിക്കേണ്ടതില്ലെന്നാണ് അവർ പറയുന്നത്. ദൗർഭാഗ്യവശാൽ നിയമം അങ്ങനെയല്ലല്ലോ. വിദ്വേഷ വിചാരങ്ങൾ കൊണ്ട് നയങ്ങൾ ഉണ്ടാക്കുകയും, പരമോന്നത നീതിപീഠം അതിന് കൂട്ടുനിൽക്കുകയും ചെയ്തപ്പോൾ സംഭവിച്ചതാണിത്. റഹീം അലി കേസ്, ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നുവെങ്കിൽ…

First published in Suprabhatham Daily on 21/07/2024 and 22/07/2024

LEAVE A REPLY

Please enter your comment!
Please enter your name here