ജി.എൻ സായിബാബ:പ്രതിക്കൂട്ടിലാകുന്ന യു.എ.പി.എ…

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ നിയമപ്രകാരം അറസ്റ്റിലായിരുന്ന, ഡൽഹി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസർ, ഡോ. എസ് എൻ സായിബാബയെയും കൂടെയുണ്ടായിരുന്ന അഞ്ചു പേരെയും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് കുറ്റവിമുക്തരാക്കിയ വാർത്ത, യുഎപിഎ പോലുള്ള മർദ്ദകനിയമങ്ങൾ എത്രയും വേഗം പിൻവലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പത്തുവർഷത്തെ ജയിൽവാസത്തിനുശേഷമാണ് ഇവരെ നിരപരാധികൾ എന്നു കണ്ട് മോചിപ്പിക്കുന്നത്. പ്രത്യേകിച്ച് തെളിവുകൾ ഒന്നുമില്ലാതെ, തങ്ങൾക്ക് അനഭിമതരായ മനുഷ്യരെ ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ, അധികാര പ്രയോഗത്തിനുള്ള സാധ്യതകൾ ഭരണകൂടത്തിന് ഒരുക്കി കൊടുക്കുന്നു എന്ന ഒരൊറ്റ സേവനം മാത്രമാണ് ഈ നിയമം ചെയ്യുന്നത്. നിയമത്തിൽ, കുറ്റകൃത്യങ്ങൾ നിർവചിച്ചിരിക്കുന്നതിലെ അവ്യക്തതയും അർത്ഥവിശാലതയും കാരണം, വിചാരണ കോടതികൾ പലപ്പോഴും സാധാരണ  നിലവാരത്തിലുള്ള പരിശോധനകൾ ഒന്നും കൂടാതെ ആളുകളെ ശിക്ഷിക്കുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷങ്ങൾ ജയിലറകൾക്കുള്ളിൽ തീർന്നു പോകുന്നു. 

ഗുരുതരമായ കുറ്റങ്ങളാണ് ഡോ. എസ് എൻ സായിബാബയ്ക്ക് മേൽ ചാർത്തിയിരുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടിയുള്ള ക്രിമിനൽ ഗൂഢാലോചന, നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലും അതിൻ്റെ മുന്നണിയായ റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിലും അംഗത്വം, ഭീകര പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവ നടപ്പിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക.. തുടങ്ങി നിരവധി ആരോപണങ്ങൾ.

സാമൂഹ്യ പ്രവർത്തകനും, ഭരണകക്ഷിയുടെ വിമർശകനും, അക്കാദമിക പണ്ഡിതനുമായ ഡോ. സായിബാബയുടെ വീട് റെയ്ഡ് ചെയ്താണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്; 2014-ൽ. ഏതെങ്കിലും ഭീകര പ്രവർത്തനവുമായി അദ്ദേഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കിയില്ല. രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രവും മറ്റും വിശദീകരിച്ചുകൊണ്ട് അദ്ദേഹം നൽകിയ ചില അഭിമുഖങ്ങൾ, ഗവൺമെന്റിനെ നിശിതമായി വിമർശിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്ത ഒരു മീറ്റിങ്ങിലെ സാന്നിധ്യം, ഗവൺമെൻ്റിനും മാവോയിസ്റ്റുകൾക്കുമിടയിൽ ചർച്ചയ്ക്ക് താൻ മധ്യസ്ഥനായി നിൽക്കാം എന്ന് അറിയിച്ച അദ്ദേഹത്തിൻ്റെ നടപടി, നിരവധിയായ വീഡിയോ ദൃശ്യങ്ങളും കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും, സ്വീകരിച്ചിട്ടുള്ള വിവിധ തൂലികാനാമങ്ങൾ എന്നിവയൊക്കെയാണ് അദ്ദേഹത്തിനെതിരായ തെളിവുകളായി കോടതിയിൽ എത്തിയത്.

ഈ തെളിവുകൾ അംഗീകരിച്ച വിചാരണ കോടതി ഡോ. സായിബാബയ്ക്കും 5 കൂട്ടുപ്രതികൾക്കും ജീവപര്യന്തം തടവു ശിക്ഷ വിധിക്കുകയായിരുന്നു. സായിബാബ ഈ  വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് രോഹിത് ബി ദിയോ, ജസ്റ്റിസ് അനിൽ പൻസാരെ എന്നിവർ അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഡോക്ടർ സായിബാബയെയും മറ്റ് അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കി. യു എ പി എ നിയമത്തിന്റെ വകുപ്പ് 45 (1) പ്രകാരം പ്രതികൾക്ക് എതിരെ കേസെടുത്തു വിചാരണ ചെയ്യുന്നതിന് അനിവാര്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്നും പ്രോസിക്യൂഷന് ലഭിച്ചിരുന്നില്ല എന്ന കാരണം കൊണ്ട്, വിചാരണ നടപടികൾ ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു. 2022 ഒക്ടോബർ 14-നായിരുന്നു വിധി. തുടർന്ന് ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് സുപ്രീംകോടതിയിൽ അരങ്ങേറിയത്.

അന്നുതന്നെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവൺമെൻറ് സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മുന്നിൽ കേസ് പരാമർശിക്കപ്പെട്ടപ്പോൾ “ഇതിനിത്ര അടിയന്തര പ്രാധാന്യമെന്താണ്?അല്പം കൂടി കാത്തിരുന്നാൽ ആകാശമിടിഞ്ഞു വീഴുകയൊന്നുമില്ലല്ലോ…” എന്ന് പരാമർശിച്ചുകൊണ്ട് ധൃതിയിൽ കേസെടുക്കാൻ വിസമ്മതിച്ചു. തുടർന്ന് അഡ്വക്കേറ്റ് ജനറൽ, ചീഫ് ജസ്റ്റിസ് ആയിരുന്ന യു.യു. ലളിത് മുൻപാകെ വിഷയം ഉന്നയിച്ചു. പിറ്റേന്ന് ശനിയാഴ്ച, കോടതി അവധി ആയിരുന്നിട്ടും, ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരെ ഉൾപ്പെടുത്തിയ പ്രത്യേക ബഞ്ച് രൂപീകരിച്ച് അടിയന്തരമായി വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പ്രശംസിച്ച് വിവാദം സൃഷ്ടിച്ചിട്ടുള്ള ജസ്റ്റിസ് എം ആർ ഷാ, സാധാരണഗതിയിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാത്തയാളാണ്. എന്തായാലും കാര്യകാരണസഹിതം ഉള്ള ഹൈക്കോടതി വിധി ലഭ്യമായിരുന്നിട്ടും, അതിൻ്റെ ഉള്ളടക്കത്തിലേക്ക് കടക്കാതെ ആദ്യഘട്ടത്തിൽ തന്നെ വിധി ‘സസ്പെൻഡ്’ ചെയ്യുക എന്ന വിചിത്രമായ നടപടിയാണ് സുപ്രീംകോടതി സ്വീകരിച്ചത്. യുഎപിഎ നിയമത്തിൽ  കുറ്റാരോപിതർക്കുള്ള അപൂർവ്വം സംരക്ഷണങ്ങളിലൊന്നായ, മുൻകൂർ അനുമതി വേണമെന്ന വകുപ്പ് പാലിച്ചിട്ടില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനെ, വെറും സാങ്കേതികത്വമായി പരിഗണിച്ച്, കേസ്  തിരിച്ചയക്കുകയാണ് സുപ്രീംകോടതി ചെയ്തത്. 

ഈ കേസിന്മേലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കുറ്റാരോപിതരായവരെ പ്രതിചേർക്കുവാനുള്ള അനുമതി മഹാരാഷ്ട്ര പോലീസ് നേടിയിട്ടില്ല. സായിബാബയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നിയമപരമല്ല. അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നും കൃത്യമായ എന്തെങ്കിലും തെളിവുകൾ പിടിച്ചെടുക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇന്ത്യൻ തെളിവ് നിയമത്തിന്റെയും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി ബോധ്യപ്പെടുന്ന യാതൊരു ഇലക്ട്രോണിക് എവിഡൻസും പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. 

പ്രോസിക്യൂഷൻ ഹാജരാക്കിയ സി ഡി ആര്‍ വിവരങ്ങൾ, അങ്ങേയറ്റം, ചില വ്യക്തികളുമായുള്ള പരിചയം മാത്രമാണ് വെളിവാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടത്തിയതായോ ഭീകര പ്രവർത്തനത്തിന് തയ്യാറെടുപ്പുകൾ നടത്തിയതായോ ബോധ്യപ്പെടുത്തുന്ന വിധം അനുബന്ധ തെളിവുകൾ ഒന്നും നിലവിലില്ല. 

ഇലക്ട്രോണിക് എവിഡൻസ് ആയി ഹാജരാക്കിയിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്ന യാതൊന്നുമില്ല. വിയോജിപ്പുകൾ പ്രകടിപ്പിക്കുന്ന പ്രസംഗങ്ങളോ, ഗവൺമെന്റിനെതിരായ വിമർശനങ്ങളോ ഉൾക്കൊള്ളുന്ന വിഡിയോ ദൃശ്യങ്ങളിൽ നിന്ന്, യുഎപിഎ നിയമത്തിന് കീഴിൽ വരുന്ന ഭീകരവാദ പ്രവർത്തനങ്ങൾ നടന്നുവെന്ന് സ്ഥാപിച്ചെടുക്കാൻ കഴിയില്ല. .

ഇൻറർനെറ്റിൽ പരസ്യമായി ലഭ്യമായ വീഡിയോകളോ, നക്സൽ ആശയങ്ങളുമായി ബന്ധപ്പെട്ട സാഹിത്യമോ ഡൗൺലോഡ് ചെയ്തതിൽ നിന്നും, അല്ലെങ്കിൽ അത്തരം ആശയസംഹിതകളോട് താൽപര്യം പ്രകടിപ്പിച്ചതിൽ നിന്നും മാത്രം, ഭീകര പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുകൊണ്ടതിന്റെ തെളിവുകൾ ഒന്നുമില്ലാതെ, ഒരാളെ ശിക്ഷിക്കാൻ കഴിയില്ല. 

മാത്രമല്ല, അന്വേഷണ ഏജൻസി, യു.എ. പി.എ. നിയമം അനുശാസിക്കും വിധം കേസ് ഡയറി കൃത്യമായി നമ്പർ ഇട്ടു തയ്യാറാക്കി സൂക്ഷിച്ചിരുന്നില്ല. പകരം വെറുതെ കുത്തഴിഞ്ഞ പേജുകൾ ആയിട്ടാണ് സൂക്ഷിച്ചിരുന്നത്. ഇത് അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും,  ആവശ്യമായ വിവരങ്ങൾ ഇതിനോട് കൂട്ടിച്ചേർക്കാനും,  തെളിവുകൾ ഉണ്ടാക്കുവാനും വേണ്ടി മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. “കോടതിമുറിയിൽ നിരവധി വീഡിയോ ദൃശ്യങ്ങൾ വെറുതെ പ്രദർശിപ്പിച്ചതുകൊണ്ടോ, കോടതിയെ കൊണ്ട് ആയിരക്കണക്കിന് പേജുകൾ വരുന്ന ലേഖനങ്ങൾ വായിപ്പിച്ചത് കൊണ്ടോ തെളിവുകൾ ആവില്ല.” കോടതി വിധിന്യായത്തിൽ രേഖപ്പെടുത്തി.

ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കോടിക്കണക്കിന് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷ നൽകുന്ന ഒരു വിധിയാണ് ബോംബെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഭീകര പ്രവർത്തനം സംബന്ധിച്ച് നിയമം അനുവദിക്കുന്ന ചട്ടക്കൂടിനകത്ത് നിന്ന്, കേസിലകപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ന്യായമായ നിലപാടുകൾ സ്വീകരിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ നിരപരാധികളായ ആറു പേർ, ഈ കേസിൽ പെട്ട് പത്തു വർഷം ജയിൽവാസം അനുഭവിക്കേണ്ടിവന്നു എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്. 

ഒറ്റ വായനയിൽ തന്നെ അസംബന്ധജടിലം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുറ്റപത്രത്തിന്റെ പേരിൽ, ജീവപര്യന്തം ശിക്ഷ വിധിച്ച, വിചാരണ കോടതിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. യുഎപിഎ ഒരു കിരാത നിയമമാണ്; വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും അടിച്ചമർത്താൻ ഭരണകൂടത്തിന്റെ കൈവശമുള്ള ഒരു മർദ്ദനോപാധി. നിയമവിരുദ്ധ പ്രവർത്തനങ്ങളെയും ഭീകര പ്രവർത്തനങ്ങളെയും ഈ ഒറ്റ നിയമം കൈകാര്യം ചെയ്യുന്നുണ്ട്. അതിൽ നിയമവിരുദ്ധ പ്രവർത്തനം ഏതൊക്കെ, ഭീകര പ്രവർത്തനം ഏതൊക്കെ എന്നത് സംബന്ധിച്ച Rനിർവചനങ്ങളിൽ വലിയ അവ്യക്തതയുണ്ട്. അതുകൊണ്ടുതന്നെ  കൈകാര്യം ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ മനോനിലക്കനുസരിച്ചാണ് കേസിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ഭീകര പ്രവർത്തനം ചാർജ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഭരണകൂടത്തിന് കാര്യങ്ങൾ എളുപ്പമാണ്. ജാമ്യം ലഭിക്കാനുള്ള സാധ്യതകൾ ഒന്നുമില്ല. പ്രത്യേകിച്ചും ‘വത്താലി കേസി’നു ശേഷം സുപ്രീംകോടതിയുടെ ഇടപെടലിന്റെ ഫലമായി നിയമപ്രകാരം മനുഷ്യർക്ക് ജാമ്യം ലഭിക്കുന്നതിനുള്ള നേരിയ സാധ്യത പോലും അടഞ്ഞിരിക്കുന്നു. ജാമ്യേപേക്ഷയുടെ ഘട്ടത്തിൽ അന്വേഷണ ഏജൻസികൾ ഹാജരാക്കുന്ന തെളിവുകൾ യാതൊരു തരത്തിലും പരിശോധിക്കേണ്ടതില്ലെന്നും, പ്രഥമ ദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്ന് കാണിക്കാൻ പ്രോസിക്ക്യൂഷനു കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം മാത്രം നോക്കിയാൽ മതി എന്നുമാണ് നമ്മുടെ സുപ്രീംകോടതി സ്വീകരിച്ച നിലപാട്. ജസ്റ്റിസ് കൃഷ്ണയ്യരുടെ കാലത്ത് രൂപീകരിക്കപ്പെട്ട “ജാമ്യമാണ് നിയമം” എന്ന പൊതു തത്വം നേരെ തിരിഞ്ഞ് “ജയിലാണ് നിയമം” എന്ന തരത്തിൽ പരമോന്നത നീതിപീഠം തന്നെ വികല വ്യാഖ്യാനങ്ങൾ നടത്തുന്ന കാലമാണിത്.

ആരെയും ഭീകര സംഘടനകളുടെ മുന്നണി സംഘടനയിൽ അംഗമാണ് എന്ന തരത്തിൽ കസ്റ്റഡിയിൽ എടുക്കാം. കാരണം മുന്നണി സംഘടന എന്നാൽ എന്താണെന്ന് നിയമത്തിൽ കൃത്യമായി വിശദീകരിച്ചിട്ടില്ല. ‘ഏതെങ്കിലും തരത്തിലുള്ള ആളുകളുടെ കൂട്ടം’ എന്നൊക്കെ ആർക്കും എങ്ങനെയും കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് നിയമം രചിക്കപ്പെട്ടിരിക്കുന്നത്. നിയമത്തിന്റെ വകുപ്പ് 20 പ്രകാരം നിരോധിത സംഘടനയിലെ അംഗത്വം ക്രിമിനൽ കുറ്റമാണ്. അത്തരം സംഘടനകളുമായി ബന്ധപ്പെടുന്നതും സഹകരിക്കുന്നതും, സഹകരിക്കുന്നുണ്ടെന്ന് പറയുന്നതും എല്ലാം വകുപ്പ് 38 അനുസരിച്ച് കുറ്റകൃത്യമായി നിർവചിച്ചിട്ടുണ്ട്. ആളുകളുടെ പിന്തുണ ക്ഷണിക്കുകയോ, മീറ്റിംഗ് സംഘടിപ്പിക്കുകയോ, ഒക്കെ ചെയ്യുന്ന തരത്തിലുള്ള സഹായങ്ങൾ വകുപ്പ് 39 പ്രകാരം കുറ്റകരമാണ്. 

വളരെ അവ്യക്തമായതും,  എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വകുപ്പുകളുമാണ് ഈ നിയമത്തിൽ മുഴുവൻ. ആർക്കെതിരെ വേണമെങ്കിലും ചാർത്താവുന്ന തരത്തിൽ അർത്ഥവിശാലതയും അവയ്ക്കുണ്ട്. അതുകൊണ്ടാണ് ദാർശനിക പുസ്തകങ്ങളും, സാഹിത്യ ശേഖരവും, പ്രസംഗങ്ങളും, തൂലികാനാമങ്ങളുമെല്ലാം എന്തോ ഭീകര പ്രവർത്തനത്തിന് തെളിവുകളാണെന്ന നിലക്ക് ഹാജരാക്കുവാനും, അപസർപ്പക കഥകളെ തോൽപ്പിക്കും തരത്തിലുള്ള കുറ്റപത്രങ്ങൾ തയ്യാറാക്കാനും, അതു കോടതിയിൽ ഹാജരാക്കാനും  പ്രോസിക്യൂഷനു കഴിയുന്നത്. ജീവിതത്തിലെ പത്തും ഇരുപതും മുപ്പതും വർഷങ്ങൾ വരെ, ഇത്തരം കഥകളുടെ അടിസ്ഥാനത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന അനേകരുണ്ട് നമ്മുടെ രാജ്യത്ത്. “സമൂഹ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം” വധശിക്ഷ വിധിക്കുവാൻ നീതിപീഠങ്ങൾക്ക് കഴിയുന്നതും ഇതുകൊണ്ടൊക്കെയാണ്. 

നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ അവശ്യവും അനിവാര്യവുമായ വിയോജിപ്പുകൾക്ക് കൂച്ചുവിലങ്ങിടുവാൻ, പ്രതികരിക്കുന്ന മനുഷ്യരുടെ ഉള്ളിൽ ഭയത്തിൻ്റെ വിത്തുകൾ പാകുവാൻ, ഏകാധിപതികളായ ഭരണവർഗത്തിന് ആയുധമാകുന്ന നിയമങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയർന്നു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  തൊണ്ണൂറ് ശതമാനത്തിലേറെ വികലാംഗത്വമുള്ള, സദാനേരം വീൽചെയറിൽ കഴിയുന്ന ഒരു മനുഷ്യൻ, 10 വർഷം യാതൊരു തെറ്റും ചെയ്യാതെ ജയിലിൽ കിടന്ന ദുരവസ്ഥ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഡോ

 സായിബാബ ജയിൽ വിമോചിതനാകുമ്പോൾ അദ്ദേഹത്തിന് നഷ്ടപ്പെട്ട പത്തു വർഷങ്ങൾക്ക് ഈ രാഷ്ട്രം മറുപടി പറഞ്ഞേ തീരൂ.

First Published in Suprabhatham Daily on 10, March 2024

LEAVE A REPLY

Please enter your comment!
Please enter your name here