പാന്തെറ ലിയോയെ സീതയെന്നു വിളിക്കാമോ?

ഒരു പേരിലെന്തിരിക്കുന്നുവെന്നല്ലേ, കൽക്കട്ട ഹൈക്കോടതിയോടു ചോദിക്കണം. രണ്ടു സിംഹങ്ങളെ കൊണ്ടുവന്നു ദൈവത്തിന്റെയും രാജാവിന്റെയും പേരിട്ടതെന്തിനെന്ന്  ചോദിച്ചിരിക്കുകയാണ് കോടതി. വിശ്വഹിന്ദു പരിഷത്ത് സമർപ്പിച്ച അസംബന്ധ ഹർജിയുടെ സ്ഥാനം ചവറ്റുകുട്ടയാണെന്നു പ്രതീക്ഷിച്ച നമ്മുടെ ഭാഗത്തും തെറ്റുണ്ട്. സിംഹങ്ങളെ അവയുടെ ശാസ്ത്രീയനാമമായ ‘പാന്തെറ ലിയോ’ എന്ന് വിളിച്ചാൽ മതിയാകുമല്ലോ, എന്തിനാണ് പലപേരിട്ടിട്ടുള്ള ഈ ഡെക്കറേഷൻ. കൺഫ്യൂഷൻ ഒഴിവാക്കുന്നതിന്  പാന്തെറ ലിയോ-01, പാന്തെറ ലിയോ-02 എന്നിങ്ങനെ വിളിക്കട്ടെ!

പശ്ചിമബംഗാളിലെ സിലിഗുരി, ‘ബംഗാൾ സഫാരി പാർക്കി’ലെ രണ്ടു സിംഹങ്ങൾക്ക് ‘സീത’, ‘അക്ബർ’ എന്നിങ്ങനെ പേരിട്ടതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചത്. സീതയെന്നു പേരിട്ട സിംഹത്തെ  അക്ബർ സിംഹവുമൊന്നിച്ചു ഒരേ കേന്ദ്രത്തിൽ പാർപ്പിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തും എന്നായിരുന്നു വാദം. വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുതരുന്ന  ഭരണഘടനയുടെ  അനുച്ഛേദം 25-ന്റെ ലംഘനം! പിന്നെ സീത എന്നൊക്കെ വെറുതെയങ്ങു പേരിടുന്നത് ‘തോന്ന്യാസം’ (arbitrary)  ആണെന്നായിരുന്നു അടുത്ത വാദം. അനുച്ഛേദം 14-ന്റെ ലംഘനം! എന്തായാലും കോടതി കേസ് പരിഗണിച്ചു. വെറുതെ ഒരു റിട്ട് ആയിട്ടല്ല ‘പൊതുതാത്പര്യ ഹർജി’യായി പരിഗണിക്കാനും തീരുമാനമായി. 

എന്തായാലും ഇത്രയേറെ പൊതു താത്പര്യമടങ്ങിയൊരു വിഷയം ദ്രുതഗതിയിൽ തന്നെ പരിഗണിക്കാൻ കോടതിയെടുത്ത താത്പര്യം അഭിനന്ദനീയമാണ്. നമ്മുടെ സുപ്രീംകോടതിയിൽ തന്നെ 80,349 കേസുകളാണ് പെൻഡിംഗ് ആയിട്ടുള്ളത്. ഹൈക്കോടതികളുടെ കൂടി കണക്കെടുത്താൽ ഇതിലും പലമടങ്ങു വരും. ഇതിൽ അടിയന്തര പ്രാധാന്യമുള്ള ജാമ്യാപേക്ഷകൾ മുതൽ വളരെ പ്രധാനപ്പെട്ട ഭരണഘടനാപ്രശ്നങ്ങൾ വരെയുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയിൽ ഡോക്ടറൽ ഗവേഷണം നടത്തിവന്ന ഒരു ചെറുപ്പക്കാരൻ ജാമ്യാപേക്ഷയുമായി കോടതി കയറിയിറങ്ങി തുടങ്ങിയിട്ട് മൂന്നര വർഷമായി. ആഗോള താപനം മുതൽ, യുദ്ധക്കെടുതികൾ വരെയുള്ള കൊച്ചു കൊച്ചു പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തിയ നിലയ്ക്ക് സിംഹത്തിനു പേരിട്ടതുപോലെയുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങൾ കോടതികൾക്ക് തീർപ്പാക്കാനുണ്ട്. മറ്റുകേസുകളെല്ലാം കുറച്ചുനാൾ കൂടി കാത്തിരിക്കട്ടെ!

‘സിംഹനാമകേസി’ന്റെ ഗതിവിഗതികൾ സമകാലിക ഇന്ത്യൻ ജുഡീഷ്യറിയുടെ കൗതുകകരമായ അവസ്ഥയുടെ മറ്റൊരുദാഹരണമാണ്. കേസ് പരിഗണിച്ചദിവസം “സീതയെന്ന പേരിലെന്തിരിക്കുന്നു, അത് സ്നേഹം കൊണ്ട് ഇട്ടതായിക്കൂടെ” എന്ന ചോദ്യമുന്നയിച്ച കൽക്കട്ട ഹൈക്കോടതിയുടെ ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിൾ ബഞ്ച് രാത്രി പുലർന്നെഴുന്നേറ്റപ്പോഴേക്കും അഭിപ്രായം മാറ്റി. മൃഗങ്ങൾക്ക് എന്തിനാണ് ദൈവങ്ങളുടെയും ചരിത്രപുരുഷന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേരിടുന്നത് എന്ന് മലക്കം മറിഞ്ഞു. “ദൈവങ്ങളുടെയും, പ്രവാചകന്റെയും ഒക്കെ പേര് നിങ്ങൾ വീട്ടിലെ വളർത്തു മൃഗത്തിനിടുമോ?” എന്നാണ് അഡീഷണൽ സോളിസിറ്റർ ജനറലിനോട് കോടതി ചോദിച്ചത്. 

ഒരു രാത്രികൊണ്ട്, കോടതിയുടെ കാഴ്ചപ്പാടിൽ ഉണ്ടായ മാറ്റം കൗതുകമുണർത്തുന്നതാണ്. പണ്ടൊരു ജില്ലാ കോടതി ജഡ്ജി, കോടതി വളപ്പിലെ കുരങ്ങനെ കണ്ട് ഹനുമാനെന്നു ധരിച്ചു എന്ന് എഴുതിയത് ഓർമവരുന്നു. ബാബ്‌റി പള്ളിയുടെ പൂട്ട് ഹൈന്ദവർക്ക് തുറന്നു കൊടുക്കാൻ ഒരു വിഭാഗത്തിന്റെ മാത്രം വാദം കേട്ട് ഉത്തരവിട്ട ന്യായാധിപന്റെ അനുഭവമാണ് സൂചിപ്പിച്ചത്. ദൈവങ്ങളുമായി ബന്ധമില്ലാത്ത എത്ര പേരുകൾ നമ്മുടെ നാട്ടിലുണ്ട് എന്നാലോചിക്കണം. തെച്ചിക്കോട് രാമചന്ദ്രൻ മുതൽ മംഗലംകുന്ന് അയ്യപ്പൻ വരെ ദൈവനാമത്തിലുള്ള എത്രയോ ആനകളെ നമുക്ക് അറിയാം.  ഒരു ആനയ്ക്ക് ‘ഗണപതി’ എന്നു പേരിട്ടാൽ, ഇവരിനി എന്തു പറയും? അക്ബർ പ്രഗത്ഭനായ ഒരു ചക്രവർത്തിയായിരുന്നില്ലേ, അദ്ദേഹത്തിന്റെ പേര് മൃഗങ്ങൾക്ക് ഇടാമോ എന്നും ചോദിക്കുന്നുണ്ട് കോടതി. ചരിത്രവും മതവും ഒന്നും പേരിൽ ഉണ്ടാവാൻ പാടില്ലത്രേ! പാത്തുമ്മ എന്നു ആടിനു പേരിട്ട ബഷീറിനെ നമ്മളെന്ത് ചെയ്യണം?

മൃഗങ്ങൾ മാത്രമല്ല, ‘പരശുറാം’ എന്നു പേരുള്ള തീവണ്ടിയിൽ മലമൂത്രവിസർജ്ജനം പാടില്ലെന്ന് ആവശ്യപ്പെട്ടാൽ? അല്ലെങ്കിൽ പരശുറാം ഓടുന്ന ട്രാക്കിൽ നിസാമുദ്ദീൻ ഓടാൻ പാടില്ലെന്ന് പറഞ്ഞാൽ? അരുതുകളുടെ ഘോഷയാത്രയാവും പിന്നാലെ വരിക. ലൈവ് ലോയ്ക്ക് നൽകിയ അഭിമുഖത്തിൽ,സുപ്രീം കോടതി ബാർ അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയായ  അഡ്വ.  ദുഷ്യന്ത് ദവെ,  “കഴിഞ്ഞ കുറച്ചു നാളുകളായി  ഇന്ത്യൻ കോടതികൾ, കീഴ്‌ക്കോടതികൾ മുതൽ പരമോന്നത നീതിപീഠം വരെ ഭൂരിപക്ഷരാഷ്ട്രീയാധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞതിന്റെ സാഹചര്യം നമ്മൾ ഇങ്ങനെയൊക്കെയാണ് മനസിലാക്കുന്നത്.

ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ബാലിശമായ വാദങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. ഒന്ന്, സീത എന്ന് സിംഹത്തിനു പേരിടുന്നത് മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 25-ന്റെ ലംഘനമാണത്രേ. അനുച്ഛേദം 25 മത സ്വാതന്ത്ര്യം മാത്രമല്ല. അത് ആരംഭിക്കുന്നത് മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്ന വാക്കിൽ നിന്നാണ്. മനസ്സാക്ഷി എന്നത് വമ്പിച്ച അർത്ഥഗഹനതയുള്ളൊരു പദമാണ്. ഒരുവന്റെ വ്യക്തിസത്തയുടെ ആകെത്തുകയാണ്. അതിനു ശേഷമാണ് മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം.  അവിടെയും ഒരു കാര്യം ശ്രദ്ധിക്കണം. ഭരണഘടനാപരമായ സംരക്ഷണമുള്ളത് മതത്തിനല്ല, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനാണ്. അതും പൊതു ആരോഗ്യം, സാമൂഹികക്രമം, ധാർമികത എന്നിവയ്ക്ക് വിധേയമായി മാത്രം. മറ്റൊരു മൗലിക അവകാശത്തിലും ഇത്തരം നിബന്ധനകൾ ഇല്ലെന്നോർക്കണം. ഒരു സിംഹത്തിനു സീതയെന്നു പേരിടുന്നത് ആരുടെയെങ്കിലും ഇഷ്ടമതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു തടസ്സമാകുമെന്ന് സമർത്ഥിക്കാൻ കഴിയുമോ?പിന്നെങ്ങനെയാണ് ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരം മൗലികാവകാശലംഘനം എന്ന നിലയ്ക്ക് ഹൈക്കോടതിയ്ക്ക് ഇത് പരിഗണിക്കാനാവുക? മതവികാരം വ്രണപ്പെടുത്തിയെന്ന തരത്തിൽ കേസ് കൊടുക്കുകയാണെങ്കിൽ അതു പിന്നെയും മനസിലാക്കാം.മറ്റൊന്ന് പേരിടുന്നത് സ്വേച്ഛാപരമായ പ്രവർത്തിയാണെന്ന വാദമാണ്. തോന്ന്യാസം എന്നും പറയാം. ആർബിട്രറി എന്നു നിയമഭാഷ. ഭരണഘടനാപരമായി തുല്യതയുടെ ലംഘനം! അനുച്ഛേദം 14-ന് എതിര്! ഈ വാദം അംഗീകരിച്ചാൽ പിന്നെ സ്വേച്ഛാപരമല്ലാതെ എന്തു നാമകരണമാണ് നടക്കുക? ശുദ്ധ അസംബന്ധവാദമാണിത്. 

ഇത്തരം വാദഗതികൾ കോടതി പരിഗണിക്കുന്നുവെന്നതുതന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ സമകാലിക സാഹചര്യത്തിന്റെ നേർക്കാഴ്ചയാണ്. പശു ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ തന്നെ പുറത്തേക്കു വിടുകയും ചെയ്യുന്ന ജീവിയാണെന്നൊക്കെ വിധിയിൽ രേഖപ്പെടുത്തിയ ഭരണഘടനാകോടതികൾ ഉള്ള കാലമാണിത്.  ഈ കാലവും കടന്നു പോകുമായിരിക്കാം. പക്ഷേ ചരിത്രം നമ്മളെ നോക്കി ചിരിക്കുമെന്ന് ഉറപ്പാണ്.

First Published in Suprabhatham on 26 February 2024

LEAVE A REPLY

Please enter your comment!
Please enter your name here