ഗവർണറുടെ അധികാരവും അനിവാര്യതയും 

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ അസാധാരണമായ വാർത്ത സമ്മേളനത്തോടുകൂടി, ഗവർണർ പദവിയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ഗവർണറും ഗവൺമെന്റും തമ്മിലുള്ള കേവല രാഷ്ട്രീയ തർക്കങ്ങൾ എന്ന നിലയിൽ മാത്രമല്ല, ഭരണഘടനാപരമായി ഗവർണറുടെ അധികാരങ്ങളെക്കുറിച്ചും, അതിൻറെ പരിമിതികളെക്കുറിച്ചും, ഗവർണർ  പദവിയുടെ ആവശ്യകതയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വിമർശനങ്ങൾ ഉയരുന്നത് ചരിത്രത്തിൽ ആദ്യമായല്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ എൻ ടി രാമറാവുമാണ് ഗവർണർ പദവി അനാവശ്യമാണ് എന്ന വാദം ഏറ്റവും ശക്തമായി ഉന്നയിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഗവർണർ ആയിരുന്ന രാംലാലിന്റെ നേതൃത്വത്തിൽ നടന്ന ഭരണഘടനാധ്വംസനമാണ് അദ്ദേഹത്തിനെ ഇത്തരമൊരു പ്രതികരണത്തിന് പ്രേരിപ്പിച്ചത്. മധ്യപ്രദേശ് ഗവർണർ ആയിരുന്ന ഡോക്ടർ പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന കെ എം മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരു അലങ്കാര പദവിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണറായിരിക്കേ, വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണ് എന്ന് പറയുകയുണ്ടായി. ഇതു സംബന്ധിച്ച കൃത്യമായ അഭിപ്രായ രൂപീകരണത്തിന് ഗവർണർ പദവിയുടെ ചരിത്രപരമായ പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യയിൽ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാതലത്തിൽ ഇന്ത്യക്കാർക്ക് നൽകുവാൻ ബ്രിട്ടീഷുകാർ തയ്യാറാക്കിയ, 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം, പ്രവിശ്യകളിൽ, പരിമിതമായ വോട്ട് അവകാശത്തിലൂടെയെങ്കിലും, ജനപ്രതിനിധി സഭകൾ ഉണ്ടായി. പ്രവിശ്യകൾക്കു മേൽ അധികാരം ഉറപ്പിക്കാനായി ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ പദവിയാണ് ഗവർണറുടേത്. അക്കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ നേതൃനിരയിലുള്ളവർ ഇതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിർമ്മാണസഭ ഗവർണർമാരെ നിലനിർത്താൻ തീരുമാനിച്ചു. രണ്ടു കാരണങ്ങളാലാണ് അത്. 

ഒന്ന്, സ്വാതന്ത്ര്യാനാനന്തരം ഇന്ത്യൻ രാഷ്ട്രരൂപീകരണം അത്യന്തം ശ്രമകരമായ  ദൗത്യമായിരുന്നു. അനേകം നാട്ടുരാജ്യങ്ങളും  വേഷ-ഭാഷ-സാംസ്കാരിക-ജാതി-മത വൈവിധ്യവും, വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുമായി സ്വാതന്ത്ര്യത്തിന്റെ അപരിചിത മണ്ഡലത്തിലേക്ക് നടന്നു കയറുമ്പോൾ, ഈ രാജ്യം എത്ര നാൾ ഇങ്ങനെ നിലനിൽക്കും എന്നതായിരുന്നു രാഷ്ട്രീയ പണ്ഡിതരുടെ ഏറ്റവും വലിയ ആശങ്ക. ജനാധിപത്യത്തിന്റെ നിലനിൽപ്പും രാജ്യത്തിൻറെ അഖണ്ഡതയും ആയിരുന്നു രാഷ്ട്രശില്പികൾക്ക് മുന്നിലെ പ്രഥമപരിഗണന. അതുകൊണ്ടുതന്നെ അടിസ്ഥാന പ്രമാണമായി ഫെഡറലിസമുണ്ട് എന്ന് പറയുമ്പോഴും, സാധാരണ ഫെഡറൽ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി യൂണിയൻ ഗവൺമെന്റിന് വളരെയധികം അധികാരങ്ങൾ അനുവദിച്ച് നൽകുന്ന സംവിധാനമാണ് നമ്മുടേത്. രാജ്യത്തിൻറെ അഖതണ്ഡതയ്ക്ക് ശക്തമായ  കേന്ദ്ര ഗവൺമെൻറ് അനിവാര്യമാണ് എന്ന കാഴ്ചപ്പാടായിരുന്നു അതിന് പിന്നിൽ. സംസ്ഥാനങ്ങളിൽ കാര്യപ്രാപ്തിയും അനുഭവ പരിചയമുള്ള ജനപ്രതിനിധികളുടെ അഭാവം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഗവർണർക്ക് കഴിയും എന്നതായിരുന്നു രണ്ടാമത്തെ കാര്യം. ഇതൊക്കെക്കൊണ്ടാണ്, ഒരു കൊളോണിയൽ ശേഷിപ്പ് ആണെങ്കിലും, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കിടയിലെ പാലം എന്ന നിലയ്ക്ക് ഗവർണർ പദവി നിലനിർത്തിയത്.  

ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉണ്ടായിരുന്ന അതേ ജോലിയല്ല ഒരു സ്വതന്ത്ര ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കിൽ ഗവർണർക്കുള്ളത്. ഇത് സംബന്ധിച്ച് ഭരണഘടനാ നിർമ്മാണ സമിതിയിൽ നടന്ന സംവാദങ്ങൾ  ചില ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. രാഷ്ട്രപതി പദവിക്ക് എന്നതുപോലെ, ഗവർണർ പദവിയിലേക്കും നേരിട്ട് തെരഞ്ഞെടുപ്പ് നടത്തണം എന്നൊരു നിർദ്ദേശമാണ് ആദ്യം മുന്നോട്ടു വന്നത്. എന്നാൽ ആ നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ല. “പ്രഗൽഭരായ ആളുകളെ രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കാനാണ് ഗവർണർ പദവി ഉപയോഗിക്കേണ്ടത്. വൈജ്ഞാനിക രംഗത്ത് മികവുള്ള ആളുകൾക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട്, അതിൽ വിജയിക്കുവാനുള്ള കഴിവോ, ആവേശമോ ഉണ്ടായിക്കൊള്ളണമെന്നില്ല.” നെഹ്റു അഭിപ്രായപ്പെട്ടു. അംബേദ്കറും ഇലക്ഷൻ വേണമെന്ന ആവശ്യത്തോട് യോജിച്ചില്ല. ജനഹിതത്തിലൂടെ അധികാരത്തിൽ വന്ന രണ്ടുപേർ, മുഖ്യമന്ത്രിയും ഗവർണറും, ഒരേസമയം സംസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നത് അധികാര സംഘർഷങ്ങൾക്ക് ഇടയാക്കും എന്ന് അദ്ദേഹം കരുതി. ഗവർണർ, സംസ്ഥാനങ്ങളുടെ ഔപചാരിക തലവനായി തുടരുമ്പോഴും ഭരണനിർവഹണം ജനാധിപത്യപരമായി തെരഞ്ഞെടുത്ത മന്ത്രിസഭ മുഖാന്തമായിരിക്കും എന്നായിരുന്നു കാഴ്ചപ്പാട്. പൊതു സമാധാനത്തിനും ശാന്തിക്കും ഭീഷണിയാകുന്ന അടിയന്തരഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, അത് കേന്ദ്ര ഗവൺമെൻറിന് റിപ്പോർട്ട് ചെയ്യുക എന്ന കാര്യത്തിലേക്ക് മാത്രമായി ഗവർണറുടെ അധികാരങ്ങൾ  പരിമിതപ്പെടുത്തണമെന്ന അഭിപ്രായമായിരുന്നു സർദാർ പട്ടേലിന്.

ഭരണഘടന പ്രകാരം ഗവർണറുടെ അധികാരങ്ങളും കടമകളും എന്തെല്ലാമാണ് എന്ന് പരിശോധിക്കാം. ഭരണഘടനയിലെ  153 മുതൽ 234 വരെയുള്ള അനുഛേദങ്ങളാണ് ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്നത്. അനുച്ഛേദം 154 അനുസരിച്ച് സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എല്ലാം ഗവർണറിൽ നിക്ഷിപ്തമാണ്. ഈ അധികാരങ്ങൾ ഭരണഘടനാനുശ്രതമായി നേരിട്ടോ ഉദ്യോഗസ്ഥർ വഴിയോ നടപ്പിലാക്കാം എന്നാണ്. ഭരണഘടനയുടെ കരട് രൂപത്തിൽ “the executive power of the state shall be vested in the governor and maybe exercised by him either directly or through officers subordinate to him in accordance with this constitution.” എന്നായിരുന്നു ചേർത്തിരുന്നത്. എന്നാൽ പിന്നീട് അതിൽ, maybe എന്നത് മാറ്റി shall be എന്നു ചേർത്തു. അതിലൂടെ, ഗവർണറുടെ അധികാര നിർവഹണം ‘നിർബന്ധമായും’ ഭരണഘടനാനുശ്രതമായിരിക്കണം എന്നുറപ്പിക്കുകയാണ് ഭരണഘടന നിർമ്മാണസഭ ചെയ്തത്. അനുഛേദം 159 പ്രകാരം ഭരണഘടനയെയും നാട്ടിലെ നിയമത്തെയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്തുകൊള്ളാം എന്ന് പ്രതിജ്ഞ ചെയ്താണ് ഗവർണർ അധികാരമേൽക്കുന്നത്. 

അനുഛേദം 161, സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള നിയമങ്ങൾക്ക് കീഴിലെ ശിക്ഷാനടപടികൾ റദ്ദ് ചെയ്യുവാനോ, ഇളവ് നൽകുവാനോ, മാപ്പ് നൽകുവാനോ ഉള്ള അധികാരം ഗവർണർക്ക് നൽകുന്നു. അനുഛേദം 163 ആണ് മന്ത്രിസഭയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഭരണഘടനാപരമായി സ്വന്തം വിവേചന അധികാരം ഉപയോഗിക്കേണ്ടി വരാത്ത വിഷയങ്ങളിലെല്ലാം, ഗവർണറെ സഹായിക്കുവാനും ഉപദേശങ്ങൾ നൽകുവാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്നാണ് അനുച്ഛേദം നിർദ്ദേശിക്കുന്നത്.  (There shall be a council of Ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion ). ഇവിടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൽ ഗവർണറുടെ കടമ നിർദ്ദേശിച്ചിരിക്കുന്നതിൽ നിന്നും പ്രകടമായ വ്യത്യാസം നമുക്ക് കാണാൻ കഴിയും. ആക്ടിലെ സെക്ഷൻ 50 ഇങ്ങനെയാണ്: “There shall be a council of ministers to aid and advice the Governor in the exercise of his functions, except insofar as he is by or under this Act required to exercise his functions or any of them in his discretion: Provided that nothing in this subsection shall be construed as preventing the Governor from exercising his individual judgment in any case whereby or under this Act he is required so to do.” ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ”വൈയക്തിക ബോധ്യം (individual judgment)” എന്ന് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അനുച്ഛേദം 163(1)ല്‍ ‘വൈയക്തിക ബോധ്യം’ എന്ന പ്രയോഗമില്ല. ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ പ്രതിയുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇത് വളരെ പ്രധാനമാണ്.

ഭരണഘടനാ നിര്‍മാണ സഭയില്‍ പണ്ഡിറ്റ് ഹൃദയനാഥ് കൂന്‍ശ്രു ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡോ. ബി. ആര്‍. അംബേദ്കര്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്:”The clause is a very limited clause; it says: ‘except in so far as he is by or under this Constitution’. Therefore, Article 143 will have to be read in conjunction with such other Articles which specifically reserve the power to the Governor. It is not a general clause giving the Governor power to disregard the advice of his ministers in any matter in which he finds he ought to disregard’ അനുച്ഛേദം 143 (ഭരണഘടനയിലെ അനുച്ഛേദം 163, കരട് ഭരണഘടനയിലെ  143 ആയിരുന്നു), മന്ത്രിസഭയുടെ ഏത് തീരുമാനവും അവഗണിക്കുവാനുള്ള അധികാരം നല്‍കുന്ന പൊതുവകുപ്പല്ല എന്നും, വിവേചനാധികാരം ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും, അത് ഭരണഘടനയുടെ മറ്റു ഭാഗങ്ങളോട് ചേര്‍ത്ത് വായിക്കേണ്ടതാണ് എന്നും അംബേദ്കര്‍ പ്രസ്താവിച്ചു.

വിവിധ മേഖലകളിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ 1983-ല്‍ നിയോഗിക്കപ്പെട്ട സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഗവര്‍ണറുടെ കടമകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം പ്രാമാണികമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും യഥാര്‍ഥ അധികാരം മന്ത്രിസഭക്കാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിവേചനാധികാരം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 163(1)ല്‍ ‘required’ എന്ന വാക്ക് ഉള്ളതുകൊണ്ട് തന്നെ ഭരണഘടനാപരമായി അനിവാര്യമായ അവസരങ്ങളില്‍ മാത്രമാണ് വിവേചനാധികാരം ഉപയോഗിക്കുവാന്‍ സാധിക്കുക എന്നും വിശദീകരിക്കുന്നു (Sarkaria, 1983).

അനുഛേദം 174 നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനും പിരിച്ചുവിടാനുമുള്ള അധികാരം ഗവർണർക്ക് നൽകുന്നു. ഇതിനെ പ്രതി,  2016-ല്‍ അരുണാചല്‍ പ്രദേശില്‍ നബാം തുകിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് മന്ത്രിസഭയെ വിമതരുടെ സഹായത്തോടെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച നിയമ പോരാട്ടങ്ങള്‍ക്ക് വഴി വെയ്ക്കുകയുണ്ടായി.  ആ കേസിൽ, സുപ്രീംകോടതി ഗവർണറുടെ വിവേചന അധികാരം സംബന്ധിച്ച്, വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ വിവേചനാധികാരം പ്രധാനമാണെന്നും അത് ഭരണഘടനാപരമാണെന്നും ആയിരുന്നു എന്നായിരുന്നു ഗവർണറുടെ വാദം. “ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയാണ്, തീരുമാനമെടുക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മനോവ്യാപാരം അദ്ദേഹത്തിന് മാത്രമേ വിശദീകരിക്കാനാകൂ. ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം ഗവര്‍ണറുടെ ഭരണപരമായ നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. അനുച്ഛേദം 163(2) ആകട്ടെ ഗവര്‍ണറുടെ വിവേചനാധികാര പ്രയോഗം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്നു പറയുന്നു. നിയമസഭാ പ്രവര്‍ത്തനങ്ങളിലുള്ള ഗവര്‍ണറുടെ ഇടപെടലുകളാകട്ടെ അനുച്ഛേദം 212 അനുസരിച്ച് നിയമനിര്‍മാണ സഭകള്‍ക്കുള്ള പരിരക്ഷയുടെ പരിധിയില്‍ വരുന്നതുമാണ്. അനുച്ഛേദം 174 പ്രകാരം നിയമസഭാ സമ്മേളനം വിളിക്കുവാനും മാറ്റി വെയ്ക്കുവാനും പിരിച്ചു വിടുവാനുമെല്ലാമുള്ള അവകാശം ഗവര്‍ണര്‍ക്കാണ്.” അതുകൊണ്ടു തന്നെ സ്പീക്കറുടെ ഹരജി തള്ളിക്കളയണം എന്നാണ് വാദിച്ചത്. സുപ്രീംകോടതി പക്ഷേ, ഈ വാദങ്ങള്‍ തള്ളി. ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ് എന്ന് കോടതി വിലയിരുത്തി:

“മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഗവര്‍ണര്‍ക്ക് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാകൂ. യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അതു മാറ്റി വയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്ക് ഉള്ളു. ഗവര്‍ണര്‍ക്ക് പരിമിതമായ അധികാരമുള്ള ഇടങ്ങളില്‍ പോലും അധികാരം സ്വേച്ഛാപരമോ, വിചിത്രമോ ആയിക്കൂടാ, യുക്തിയും അവധാനതയും അനുസരിച്ചുവേണം അതു പ്രയോഗിക്കാന്‍. ഭരണഘടനാപരമായ അനിവാര്യതയുള്ളപ്പോഴാണ് വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കേണ്ടത്. അനുച്ഛേദം 163 പ്രകാരമുള്ള വിവേചനാധികാരം അനുച്ഛേദം 174-ന് ബാധകമല്ല. അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ. സ്വന്തം നിലയില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ല.” എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കി.

അനുഛേദം 200 ആണ് ബില്ലുകൾക്ക് അംഗീകാരം നൽകാനുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കുകയോ, നിരാകരിക്കുകയോ, രാഷ്ട്രപതിയുടെ  പരിഗണനക്കായി സമർപ്പിക്കുകയോ ചെയ്യാനുള്ള അവകാശം ഗവർണർക്കുണ്ട്. അത് എത്രയും പെട്ടെന്ന് ചെയ്യണമെന്നും  ഭരണഘടന പറയുന്നു. ബില്ല് അംഗീകരിക്കാം, അല്ലെങ്കിൽ കാര്യകാരണസഹിതം പുന പരിശോധനയ്ക്ക് വേണ്ടി നിയമസഭയ്ക്ക് തിരിച്ചയക്കാം, ഭേദഗതികൾ നിർദ്ദേശിക്കാം. തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും സമർപ്പിച്ചാൽ, അത് ഗവർണർ അംഗീകരിച്ചേ മതിയാവൂ. അല്ലാതെ നിയമസഭ പാസാക്കിയ ബില്ല് താൻ ഒപ്പിടുകയില്ല എന്നു പറയാനുള്ള അധികാരമൊന്നും ഗവർണർക്ക് ഭരണഘടന നൽകുന്നില്ല. ഒപ്പിടുന്നതിനുള്ള കാലാവധി ഭരണഘടനയിൽ നിശ്ചയിച്ചിട്ടില്ല എന്നും, അതുകൊണ്ട് എത്ര കാലം വേണമെങ്കിലും ഗവർണർക്ക് ബില്ലുകൾ തടഞ്ഞു വയ്ക്കാൻ കഴിയും എന്നുമുള്ള വാദം ശരിയല്ല. ജനാധിപത്യ സംവിധാനത്തിന് കീഴിൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറ് ജനഹിതമനുസരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നാണ്. ആ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുക എന്നതാണ് ഗവർണറുടെ കടമ. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചു കൊള്ളാം എന്ന് പ്രതിജ്ഞയെടുത്ത് അധികാരം ഏൽക്കുന്ന ഗവർണർക്ക് സംസ്ഥാനത്തെ ഗവൺമെൻറിൻറെ പ്രവർത്തനങ്ങളെ അട്ടിമറിക്കുവാനോ, മരവിപ്പിക്കുവാനോ, തടസ്സപ്പെടുത്തുവാനോ അവകാശമില്ല. 

മറ്റൊരു മാർഗം,  ബില്ലുകൾ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കാം എന്നതാണ്. ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്നതോ, കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതോ, കേന്ദ്ര നിയമത്തിന്റെ ലംഘനമാകുന്നതോ, മൗലിക അവകാശങ്ങളെ ബാധിക്കുന്നതോ ആയിട്ടുള്ള നിയമങ്ങളാണ് ഇങ്ങനെ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വിടാൻ കഴിയുക. ഇവിടെ ഇപ്പോൾ പരിഗണനയ്ക്കിരിക്കുന്ന, ലോകായുക്ത ബില്ലോ സർവകലാശാല ബില്ലോ ഹൈക്കോടതിയുടെ പ്രവർത്തനത്തെയോ അധികാരത്തെയോ ബാധിക്കുന്നതല്ല. കേന്ദ്രസർക്കാറിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ളതുമല്ല. അതുകൊണ്ട് അങ്ങനെയും വൈകിപ്പിക്കുന്നത് സാധ്യമല്ല. 

തമിഴ്നാട്ടിൽ രാജീവ് ഗാന്ധി വധക്കേസ് പ്രതിവാളിന്റെ ശിക്ഷ ഇളവ് ഇളവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നിർദ്ദേശം വെച്ച് താമസിക്കുകയും, പിന്നീട് സുപ്രീംകോടതി ഇടപെടും എന്ന ഘട്ടം വന്നപ്പോൾ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കുകയും ചെയ്ത ഗവർണറുടെ നടപടിയോട് കോടതിയുടെ പ്രതികരണം എന്തായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. മന്ത്രിസഭ നിർദേശങ്ങൾ അനന്തമായി വെച്ച് താമസിക്കുവാനോ, സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളെ സംബന്ധിച്ച് നിർദ്ദേശങ്ങൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനോ, ഗവർണർക്ക് അധികാരമില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. (AG Perarivalan vs State of Tamilnadu & Anr).

ഗവർണറുടെ മറ്റൊരു സുപ്രധാന അധികാരം അനുഛേദം 356 ആണ്. ഒരു സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉണ്ടായാൽ സംസ്ഥാന മന്ത്രസഭയെയും പിരിച്ചുവിടുവാനുള്ള നിർദ്ദേശം രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള അധികാരമാണിത്. പൊതുവേ ‘രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക’ എന്ന് അറിയപ്പെടുന്ന അത്തരം സന്ദർഭങ്ങളിൽ സംസ്ഥാന നിയമസഭയുടെ അധികാരങ്ങൾ ഗവർണർ ഏറ്റെടുത്തു പ്രവർത്തിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള അനുച്ഛേദമാണ് ഇത്. ഇത് രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽതന്നെ ദുരുപയോഗം ആരംഭിച്ചതാണ്. 1952ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്തു ഭൂരിപക്ഷം ലഭിച്ചിട്ടും കമ്യൂണിസ്​റ്റ്​ പാർട്ടി ഓഫ് ഇന്ത്യ നേതൃത്വം കൊടുത്ത യുനൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് (യു.ഡി.എഫ്) സഖ്യത്തെ തഴഞ്ഞ്​ കോൺഗ്രസിനെയാണ് ഗവർണർ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത്. ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ ഉണ്ടാക്കുകയും പിന്നീട് കുതിരക്കച്ചവടത്തിലൂടെ എതിർപക്ഷത്തുനിന്നു ജനപ്രതിനിധികളെ വിലക്കെടുക്കുകയും ചെയ്യുന്ന സമീപനത്തിന് അന്നേ തുടക്കം കുറിച്ചതാണ്. ഗവർണർ ശ്രീ പ്രകാശ് രാജാജിയെ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത് ഒരു വിഡ്ഢിദിനത്തിലായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. 1959 ൽ കേരള സർക്കാറിനെ അട്ടിമറിച്ചതുമുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം ചോദിച്ച യെദിയൂരപ്പക്ക്​ 15 ദിവസം നൽകിയതും, തോറ്റ ബി.ജെ.പി നേതാക്കന്മാരെ ജനപ്രതിനിധികളായി മന്ത്രിസഭയുടെ അറിവോ സമ്മതമോ ഇല്ലാതെ നാമനിർദേശം ചെയ്ത പുതുച്ചേരി ​െലഫ്​. ഗവർണറുടെ നടപടിയും, അരുണാചൽ പ്രദേശിൽ അവസാനം കലിഖോ പുലി​​െൻറ ആത്മഹത്യയിൽ കലാശിച്ച അധികാര വടംവലിയും ഗവർണർ എന്ന ഭരണഘടനാ പദവി ജനാധിപത്യത്തെ അപകടപ്പെടുത്തിയതി​​ൻറെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്.

1994ലെ എസ് ആർ ബൊമ്മൈ കേസ് ആണ്  അനുച്ഛേദം 356 സംബന്ധിച്ച സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട തീരുമാനം. സർക്കാരിയാ കമ്മീഷൻറെ  നിർദേശങ്ങൾ പരിഗണിച്ച സുപ്രീംകോടതി, സംസ്ഥാനങ്ങളിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കേവല ബുദ്ധിമുട്ടുണ്ടാകുന്ന അവസരങ്ങളിലല്ല, ഭരണം പൂർണ്ണമായും അസാധ്യമായ സാഹചര്യങ്ങളിൽ മാത്രമാണ് 356 ഉപയോഗിക്കാൻ കഴിയൂ എന്ന് വിധിച്ചു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച രാഷ്ട്രപതിയുടെ വിവേകപൂർണ്ണമായ വിലയിരുത്തലിനെ കോടതിക്ക് പരിശോധിക്കാൻ കഴിയില്ലെങ്കിലും, അത്തരം തീരുമാനത്തിലേക്ക് എത്തിച്ചേരാൻ ആധാരമാക്കിയ രേഖകൾ, ഗവർണറുടെ റിപ്പോർട്ടടക്കം, പരിശോധിക്കുവാൻ കഴിയും എന്നായിരുന്നു സുപ്രീംകോടതി വിധി. സ്വേച്ഛാപരമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ അരുണാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും സംസ്ഥാന ഗവൺമെന്റുകളെ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് സുപ്രീംകോടതി.

ഇനിയും ഗവർണറുടെ വിവേചനാധികാരം  വരുന്നത് മന്ത്രിസഭാ രൂപീകരണത്തിന്റെ സമയത്താണ്. നിയമസഭ തെരഞ്ഞെടുപ്പ് ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നാൽ ഈ വിവേചനാധികാരം പ്രധാനമാകും. 1952 മുതൽ ഇങ്ങോട്ട് വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് ഭരണഘടനാ നിർമാണ സമിതി കരുതിയിരുന്നത്. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ ടെം സ്പീക്കർമാരെക്കൊണ്ട് സഭാനടപടികളിൽ തിരിമറിനടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്​ട്രീയക്കാർ തകിടം മറിച്ചു.ഗവൺമ​െൻറ്​ രൂപവത്​കരണത്തിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെങ്കിൽ ഗവർണർ പദവി ഇല്ലാതെതന്നെ കാര്യങ്ങൾ സുഗമമായി നടത്താം. വ്യക്തമായചട്ടങ്ങൾ ഉണ്ടെങ്കിൽ ഇലക്​ഷൻ കമീഷനോ, അതത് സംസ്ഥാനത്തെ ഹൈകോടതി ചീഫ് ജസ്​റ്റിസിനോ ഒക്കെ തീരുമാനമെടുക്കാവുന്നതേയുള്ളൂ. 

ഗവർണർ പദവി നിലനിർത്തുന്നതിനുള്ള ന്യായീകരണമായി ഭരണഘടനാ നിർമ്മാണ സഭയിൽ ഉയർന്നു വന്ന രണ്ട് വാദങ്ങൾ. ഒന്ന് രാജ്യത്തിൻറെ അഖണ്ഡത സംരക്ഷിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവൺമെൻറ് ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുക. രണ്ട്, സംസ്ഥാനങ്ങളിൽ, ഭരണ രംഗത്ത് ആവശ്യമായ പ്രാഗൽഭ്യവും പരിചയവുമുള്ള രാഷ്ട്രീയ നേതാക്കളുടെ അഭാവം. ഇവ രണ്ടും ഇന്ന് അപ്രസക്തമാണ്. കാരണം, സ്വാതന്ത്ര്യലബ്ധിയുടെ സമയത്തുണ്ടായിരുന്ന അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ച്, ഇന്ത്യ കെട്ടുറപ്പുള്ള ഒരു സ്വതന്ത്രപരമാധികാര രാജ്യമായി മാറിക്കഴിഞ്ഞു. രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് വിഘാതമാകുന്നത്ര ഗുരുതരമായ പ്രശ്നങ്ങളോ പ്രവർത്തനങ്ങളോ ഒരു സംസ്ഥാനത്തും നിലനിൽക്കുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിലേറെ ഭരണപരിചയവും വൈദഗ്ദ്യവുമുള്ള രാഷ്ട്രീയ നേതാക്കൾ വന്നു കഴിഞ്ഞു.  ഇനിയിപ്പോൾ സർക്കാർ രൂപവത്​കരണത്തിന് കാർമികത്വം വഹിക്കാനും ആർട്ടിക്കിൾ 356 വഴി റിപ്പോർട്ട് നൽകി പ്രസിഡൻറ്​ ഭരണം ഏർപ്പെടുത്താനും മാത്രമായി ഒരു ഗവർണർ പദവിയുടെ ആവശ്യമുണ്ടോ? ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജൻറ്​ മാത്രമായി മാറുന്ന, ജനങ്ങൾ തെരഞ്ഞെടുക്കാത്ത ഗവർണർപദവി ഒരു കൊളോണിയൽ ശേഷിപ്പാണ്. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗവർണർ-സർക്കാർ പോര്, ഇക്കാര്യം അടിവരയിട്ടു പറയുന്നു. 

കേരള ഗവർണർക്ക് ഒരുപക്ഷേ വളരെ വളരെ പ്രധാനമെന്ന് വിശ്വസിക്കുന്ന പല കാര്യങ്ങളിലും ഗവൺമെന്റുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അതു പക്ഷേ അവതരിപ്പിക്കേണ്ടത് ഗവർണർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉന്നതമായ ഭരണഘടനാ പദവിക്ക് യോജിച്ച തരത്തിലാണ്.  ഗവൺമെൻറുമായി അവധാനതയോടെ ചർച്ചചെയ്ത് തീരുമാനത്തിലെത്തേണ്ടതാണ്. മുൻപും ഗവർണർ സംസ്ഥാന സർക്കാരുമായി ഇടഞ്ഞിട്ടുണ്ട്. പൗരത്വം നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭകാലത്ത്, പ്രസ്തുത ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അത് തന്നെ അറിയിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഗവർണർ പ്രതിഷേധിച്ചിരുന്നു. ക്യാബിനറ്റ് തീരുമാനവും നിയമനിർമ്മാണവും സംബന്ധിച്ച കാര്യങ്ങൾ ഗവർണറെ മുഖ്യമന്ത്രി അറിയിക്കേണ്ടതുണ്ട് എങ്കിലും സുപ്രീംകോടതിയിൽ ഹർജി കൊടുക്കുന്നത് അദ്ദേഹത്തെ അറിയിക്കണമെന്ന് ഭരണഘടനാ ബാധ്യതയൊന്നും ഗവൺമെൻറിനില്ല. നിയമമങ്ങനെയാണെങ്കിലും, സൗഹൃദപരമായ ഒരു ബന്ധം പുലർത്തുന്നതിനു വേണ്ടി  മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഇക്കാര്യം ഗവർണറെ അറിയിക്കാമായിരുന്നു. ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്ന ആളുകൾ പെരുമാറേണ്ടതും അത്തരത്തിലുള്ള വിശാലമായ മനോഭാവത്തോടുകൂടി ആയിരിക്കണം. എന്നാൽ കർഷക നിയമങ്ങൾക്കെതിരെയുള്ള സമരകാലത്ത് നിയമസഭ വിളിച്ചു ചേർക്കില്ല എന്ന് പ്രസ്താവിച്ചതിനും, ഇപ്പോൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന കാടടച്ചുള്ള ആരോപണങ്ങൾക്കും അത് ന്യായീകരണം ആകുന്നില്ല. 

സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട ഗവർണർക്ക് അതിർത്തി ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങളും കാണാം. പക്ഷേ നിയമനം കേരള ഹൈക്കോടതി ശരിവെച്ചതാണ് എന്ന കാര്യം നമ്മൾ മറക്കരുത്. വിവിധ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഞ്ഞൂറ്റി അറുപതോളം നിയമനങ്ങളിൽ, നാലോ അഞ്ചോ നിയമനങ്ങൾ മാത്രമാണ് വിവാദമായിട്ടുള്ളത്. അതിൽ പരാതികൾ ഉണ്ടെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നതാണ്. പകരം രാഷ്ട്രീയ നേതാക്കളെ പോലെ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഗവർണർ പദവിക്ക് ചേരുന്ന നടപടിയാണോ എന്ന് അദ്ദേഹം ആലോചിക്കേണ്ടതാണ്. 

അദ്ദേഹത്തിൻറെ അടുത്ത ആരോപണം ബാലിശമാണെന്ന് എല്ലാവർക്കും അറിയാം. ഇർഫാൻ ഹബീബ് എന്ന വന്ധ്യ വയോധികൻ ഗവർണറെ വധിക്കാൻ ൾ ഗൂഢാലോചന നടത്തി, ആക്രമിച്ചു, എന്നൊക്കെ പറയുന്നത് അപഹാസ്യമാണ്. പൗരത്വം നിയമ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ടുള്ള ഗവർണറുടെ പ്രസംഗം ചില പ്രതിഷേധങ്ങൾക്ക് വഴിവെച്ചു എന്നതിനപ്പുറമൊന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവങ്ങളിൽ ഇല്ല. സംഭവം നടന്ന് മൂന്നുവർഷങ്ങൾക്ക് ശേഷം ഇത്തരമൊരു ആരോപണവുമായി ഗവർണർ മുന്നോട്ടുവരുന്നത് രാഷ്ട്രീയ ലാക്കോടെയാണ് എന്ന് കരുതുന്നവരുണ്ട്. കാരണം ആ വേദിയിൽ അദ്ദേഹം തന്നെ പ്രതിഷേധക്കാരെ അവഗണിച്ചാൽ മതി അവർക്കെതിരെ നടപടി ഒന്നും എടുക്കേണ്ടതില്ല എന്ന് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും എംപി ആയിരുന്ന കെ കെ രാജേഷിൻറെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാനാണ് ഗവർണർ ശ്രമിച്ചത്. 1986 മുതലെങ്കിലും താൻ ഒരു ആർഎസ്എസുകാരൻ ആണ് എന്ന് പറയുകയും, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് കേരളം സന്ദർശിച്ചപ്പോൾ അങ്ങോട്ട് പോയി അദ്ദേഹത്തെ കാണുകയും ചെയ്ത ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് ഇരുന്നുകൊണ്ട് കാണിക്കേണ്ട രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. തനിക്കെതിരായ വധശ്രമത്തിന്റെയും മുഖ്യമന്ത്രിയുടെ ഇടപെടലുകളുടെയും  തെളിവുകൾ പുറത്തുവിടുന്നു എന്ന വലിയ അവകാശവാദങ്ങളോടെ സംഘടിപ്പിച്ച പത്രസമ്മേളനം വളരെ പഴയ വൈരാഗ്യങ്ങളുടെ ആവർത്തനമായി മാറിയത് ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കുന്നതായിരുന്നില്ല.

എന്തുകൊണ്ടാണ് ഗവർണർമാർക്ക് ഇങ്ങനെ പെരുമാറേണ്ടി വരുന്നത്? ഗവര്‍ണര്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കേവലമൊരു ജോലിക്കാരനല്ല എന്നു സുപ്രീംകോടതി വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും, സിവില്‍ സര്‍വീസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ തൊഴില്‍ സുരക്ഷ മാത്രമേ ഗവര്‍ണര്‍ക്ക് ഉള്ളു എന്നതാണ് സത്യം.

സിവില്‍ സര്‍വീസുകാരെ നീക്കം ചെയ്യണമെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണമെന്നാകില്‍, ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് ഇത്തരം യാതൊരു നടപടിക്രമങ്ങളുമില്ല. ആര്‍ട്ടിക്കിള്‍ 156(1) അനുസരിച്ച് പ്രസിഡന്റിന് തൃപ്തികരമായിരിക്കുവോളം മാത്രമാണ് ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാനാകുക. കേന്ദ്ര ഭരണസംവിധാനത്തിന് അനഭിമതനായാല്‍ ഏതു നിമിഷവും നീക്കം ചെയ്യപ്പെടാം. ഇത് ഗവര്‍ണര്‍ പദവിയ്ക്ക് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാകില്ല എന്നു വരുന്നു. പലപ്പോഴും കേന്ദ്രത്തിൽ പുതിയ ഗവൺമെന്റുകൾ അധികാരത്തിൽ വരുമ്പോൾ ഗവർണർമാരുടെ കൂട്ട  പിരിച്ചുവിടലും പുതിയ നിയമനവും എല്ലാം ഉണ്ടാവുന്നത് അതുകൊണ്ടാണ്.

അതുകൊണ്ടൊക്കെയാണ് കൃത്യമായി നിര്‍വചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ജനാധിപത്യരാഷ്ട്രഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണര്‍മാര്‍ നിര്‍ബന്ധിതരാകുന്നത്. അങ്ങനെയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ശരണാലയമായി രാജ്ഭവനുകൾ മാറുന്നത്.

എന്തായാലും ഗവർണർ പദവിയുടെ അനിവാര്യതയെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുവാൻ ഇതൊരു അവസരമാകട്ടെ.

First Published in True Copy Think on 22/09/2022

LEAVE A REPLY

Please enter your comment!
Please enter your name here