ഫലീസീൻ കബുഗാ ഫ്രാൻസിൽ- റുവാണ്ട 1994

റുവാണ്ടയിൽ 1994-ൽ നടന്ന വംശഹത്യക്ക് പണവും പിന്തുണയും നൽകിയ ബിസിനസുകാരനും കുപ്രസിദ്ധമായ റേഡിയോ റുവാണ്ടയുടെ ചെയർമാനുമായിരുന്ന ഫലീസീൻ കബുഗാ ഫ്രാൻസിൽ അറസ്റ്റിലായത് ഇന്നത്തെ പ്രധാനപ്പെട്ട വാർത്തയാണ്. പാരീസിൽ മറ്റൊരു പേരിൽ ഒളിവിൽ കഴിയുകയായിരുന്നു അയാൾ. 1994 ഏപ്രിൽ 7-ന് ആരംഭിച്ച വംശഹത്യയിൽ 100 ദിവസം കൊണ്ട് 8 ലക്ഷം ന്യൂനപക്ഷ, ട്യൂട്സി വംശജരാണ് കൊലചെയ്യപ്പെട്ടത്. “പാറ്റകളെ ഇല്ലാതാക്കേണ്ടതുണ്ട്‌” എന്ന ആഹ്വാനവുമായി ടി.എം.സി. റേഡിയോയും മറ്റു മാധ്യമങ്ങളും ചേർന്ന് നടത്തിയ വംശഹത്യക്ക് കളമൊരുക്കിയ പ്രോപഗാണ്ട, പൈശാചികമായ കൊലകൾ, അതിന്റെ ഞെട്ടിപ്പിക്കുന്ന വേഗം (ദിവസേന പതിനായിരത്തോളം പേരെയാണ് കൊന്നു തള്ളികൊണ്ടിരുന്നത് ) ഒക്കെ ലോകമാനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. എന്നിരുന്നാലും അന്താരാഷ്ട്ര സമൂഹം അക്കാലത്ത് ഇതിനെ ഏകദേശം അവഗണിച്ചു എന്നു തന്നെ പറയാം. ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം നിരാശാജനകമായിരുന്നു. രുവാണ്ടയിൽ UN സമാധാനസേനയും ബെല്ജിയൻ പട്ടാളവും രാജ്യത്ത് ഉണ്ടായിരുന്നു. പക്ഷെ അവർക്ക് ഇടപെടാനുള്ള അനുമതി കൊടുത്തില്ല. UN മിഷൻ തലവൻ, വംശഹത്യക്കുള്ള കൂടിയാലോചനകളും പദ്ധതിയും സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കോഫി അന്നാൻ ആയിരുന്നു യു.എൻ. ജനറൽ സെക്രട്ടറി. അമേരിക്കയും മറ്റു പശ്ചാത്യ രാജ്യങ്ങളും ഇടപെട്ടില്ല.ഒരു നൂറ്റാണ്ടോളം നീണ്ട ചരിത്രമുണ്ട് രുവണ്ടായിലെ വംശീയ സംഘർഷങ്ങൾക്ക്. ഒന്നാം ലോക മഹായുദ്ധത്തെത്തുടർന്ന് ലീഗ് ഓഫ് നേഷൻസിന്റ് ഉടമ്പടി അനുസരിച്ച് ജർമൻ കോളനിയായിരുന്ന രുവാണ്ട ബെല്ജിയത്തിന്റെ കയ്യിൽ എത്തുന്നു. പാശ്ചാത്യരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്വം ക്രൂരമായ രീതിയിൽ നടപ്പിലാക്കപ്പെട്ടു. സമൂഹത്തിൽ നിലനിന്നിരുന്ന വംശീയ വേർതിരുവിനെ ഔദ്യോഗികവത്കരിച്ചു. വംശീയത അടയാളപ്പെടുത്തിയ ഐഡന്റിറ്റി കാർഡുകൾ നൽകി. അതിനു മുൻപ് സഹോദര്യത്തോടെ കഴിഞ്ഞിരുന്ന 85 ശതമാനം വരുന്ന ഹുതു വംശജരും 15 ശതമാനം മാത്രമുള്ള ട്യൂട്സി വംശജരും പരസ്പരം ക്രമേണ സംശയതോടെയും വെറുപ്പോടെയും വീക്ഷിക്കാൻ തുടങ്ങി. ന്യൂനപക്ഷമായ ട്യൂട്സികളെ അധികാരസ്ഥാനങ്ങളിൽ എത്തിക്കുകയും അങ്ങനെയൊരു ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്തു. 1959-ലെ സ്വാതന്ത്ര്യ സമരത്തിന്റെ വിജയം ട്യൂട്സി-ബെല്ജിയൻ ഭരണം അവസാനിപ്പിച്ചപ്പോൾ ലക്ഷക്കണക്കിന് ട്യൂട്സികൾ ഉഗാണ്ടയിലേക്കും മറ്റു അയൽരാജ്യങ്ങളിലേക്കും പലായനം ചെയ്തു. 1980കളിൽ മിതാവാദികളായ ചില ഹുതുക്കളുടെ സഹായത്തോടെ ഉഗാണ്ടയിലെ ട്യൂട്സി അഭയാർഥികൾ റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് (ആർ.പി.എഫ്.) എന്നൊരു സംഘടനയുണ്ടാക്കി. 1990-ൽ സംഘടനയുടെ പട്ടാളം രുവാണ്ട ആക്രമിച്ചു. 1993 ആഗസ്തിൽ രുവാണ്ടൻ പ്രസിഡന്റ് യുവനൽ ഹബിയരിമാനയും ആർ.പി.എഫും തമ്മിൽ സമാധാനകരാർ ഒപ്പിട്ടു. 1994 ഏപ്രിൽ 6-ന് പ്രസിഡന്റ് യുവനൽ ഹബിയരിമാന സഞ്ചരിച്ചിരുന്ന വിമാനം വെടി വച്ചിട്ടു. ഇത് ട്യൂട്സികളാണ് ചെയ്തത് എന്ന പ്രചാരണം ഉണ്ടായി. കബുഗയുടെ റേഡിയോയൊക്കെ ഇതിൽ വലിയ പങ്കാണ് വഹിച്ചത്. എന്നാൽ വംശഹത്യക്ക് കളമൊരുക്കാൻ ഹുതു തീവ്രവാദികൾ തന്നെ ചെയ്തതാണ് ഇത് എന്നാണ് ആർ.പി.എഫിന്റെ വാദം.എന്തായാലും പിറ്റേന്ന് മുതൽ, 1994 ഏപ്രിൽ 7 മുതൽ അരങ്ങേറിയത് പിശാചമായ നരനായാട്ടാണ്. ആളുകളെ വഴിയിൽ ചെക്ക്പോസ്റ്റുകൾ വച്ച് ഐ.ഡി. കാർഡ് പരിശോധിച്ച് കൊന്നൊടുക്കി. (കോളനിയാക്കി വച്ച ബെല്ജിയംകാരാണ് ചരിത്രത്തിൽ ആദ്യമായി രുവാണ്ടൻ ജനതയെ ഔദ്യോഗികമായി വേർതിരിച്ച് അതു ഐ.ഡി. കാർഡിൽ രേഖപ്പെടുത്തിയത്) സ്ത്രീകളെയും കുട്ടികളെയും ഉൾപ്പടെ വധിച്ചു. അനേകം പേരെ ലൈംഗീക അടിമകളാക്കി. ജൂലൈ 4-ന് ആർ.പി.എഫും. പട്ടാളവും ചേർന്ന് ഭീകര സംഘത്തെ അടിച്ചമർത്തി അധികാരം പിടിച്ചെടുത്തപ്പോഴേക്കും 8 ലക്ഷം ജീവനുകൾ പൊലിഞ്ഞിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയുടെ പേരിൽ കുറ്റം ചാർത്തപ്പെട്ട പ്രധാനിയാണ് ഇപ്പോൾ അറസ്റിലായിട്ടുള്ളത്. അയാളും അയാളുടെ നേത്രത്വത്തിൽ നടന്ന മാധ്യമ നുണപ്രചാരവും വിദ്വേഷവർത്തമാനങ്ങളുമാണ് വംശഹത്യക്ക് ഇത്രയേറെ വ്യാപ്തിയുണ്ടാക്കിയത്. തന്റെ പല സ്ഥാപനങ്ങളുടെയും പേരിൽ അക്രമികൾക്ക് ആയുധവും ഇറക്കുമതി ചെയ്തു നൽകി ഇയാൾ. ഭരണമാറ്റത്തിനൊപ്പം രാജ്യം വിട്ട ഇയാൾ തന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട്, ജർമനി, ബെൽജിയം, കോംഗോ, കെനിയ, സ്വിറ്റ്സർലൻഡ് തുടങ്ങുയ രാജ്യങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു എന്നു വിശ്വസിക്കുന്നു. ഇപ്പോൾ പാരീസിൽ നിന്നാണ് പിടി കൂടിയിരിക്കുന്നത്. അമേരിക്ക ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 5 മില്യൻ ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നതാണ്. ഇത്രയേറെ അന്വേഷിക്കപ്പെട്ട ഈ മനുഷ്യൻ എങ്ങനെ ഫ്രാൻസിൽ കഴിഞ്ഞുപോന്നു എന്നത് ദുരൂഹമാണ്. ഹുതു ഗവണ്മെന്റുമായി നല്ല ബന്ധമായിരുന്നു ഫ്രാന്സിന് ഉണ്ടായിരുന്നത്. അതും മറ്റു പല വിഷയങ്ങളും വരും ദിവസങ്ങളിൽ മനസിലാക്കേണ്ടതാണ്.എന്നിരുന്നാലും അന്താരാഷ്ട്ര നീതീന്യായ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് കബുഗായുടെ അറസ്റ്റ്. ഇന്റർനാഷണൽ റെസിഡ്യുവൽ മേക്കാനിസം ഓഫ് ക്രിമിനൽ ട്രിബ്യൂണലിൽ ഇയാൾക്കെതിരായ നിയമ നടപടികൾ തുടരും.

ref

LEAVE A REPLY

Please enter your comment!
Please enter your name here