കെനിയയിലെ ആധാർ എന്നു വിശേഷിപ്പിക്കാവുന്ന NIIIMS(നാഷണൽ ഇന്റഗ്രെറ്റഡ് ഐഡൻറിറ്റി മാനേജ്മെന്റ് സിസ്റ്റം) അഥവാ ‘ഹിടുമ്പ നമ്പ’യ്ക്ക് താത്കാലിക സ്റ്റേ. ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ചുള്ള സമഗ്രമായ വിവരസംരക്ഷണ ചട്ടക്കൂടും നിയമവും നിലവിൽ വന്നതിനു ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാൻ പാടുള്ളു എന്ന് കെനിയൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇന്ത്യൻ സുപ്രീംകോടതിയുടെ ആധാർ വിധിയ്ക്ക് ശേഷം സമാനമായ ഐ.ഡി. പദ്ധതികളിന്മേൽ കോടതി വിധി പറയുന്ന രണ്ടാമത്തെ രാജ്യമാണ് കെനിയ. കഴിഞ്ഞ ജൂണിൽ ജമൈക്കൻ സുപ്രീംകോടതി അവിടുത്തെ ബയോമെട്രിക്ക് പദ്ധതി ഭരണഘടനാവിരുദ്ധമാണ് എന്ന് വിധി എഴുതിയിരുന്നു. ഇന്ത്യൻ സുപ്രീം കോടതിയുടെ വിധിന്യായം വിശദമായി പരിശോധിച്ച ജമൈക്കൻ കോടതി, ആധാർ ശരിവെച്ച ഭൂരിപക്ഷവിധിയിൽ നിരവധി പിഴവുകൾ ഉണ്ട് എന്ന് കാണുകയും ആധാർ ഭരണഘടനാവിരുദ്ധമാണ് എന്നു പ്രഖ്യാപിച്ച ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡിന്റെ വിധിന്യായമാണ് യുക്തിഭദ്രം എന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. അങ്ങനെ ജമൈക്കൻ സുപ്രീംകോടതി പദ്ധതി റദ്ദാക്കുകയായിരുന്നു.
കെനിയൻ കോടതി ഒരു മധ്യമാർഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്. ഹിഡുംബ നമ്പ പൂർണമായും ഭരണഘടനാവിരുദ്ധം ആണെന്ന് പറയാൻ കോടതി തയ്യാറായില്ല. പക്ഷെ പദ്ധതിയിലെ പ്രധാനപ്രശനങ്ങൾ കണ്ടെത്തുകയും അവ ഉപേക്ഷിക്കണം എന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
Update 8:42>> പൊതു പങ്കാളിത്തം, സ്വകാര്യത, ന്യൂബിയൻ വിഭാഗത്തിൽ പെട്ടവരുടെ അരികുവത്കരണം, എല്ലാ അവശ വിഭാഗങ്ങളുടെയും രേഖകൾ സംഘടിപ്പിക്കാൻ കഴിയാത്തവരുടെയും പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന ആശങ്കകൾ
500 പേജുള്ള വിധിന്യായത്തിൽ കോടതി പ്രധാനമായും പരിശോധിച്ചത് 3 കാര്യങ്ങളാണ്.
1. ഹിഡുംബ നമ്പ നടപോയിലാക്കുന്നതിന് കൊണ്ടുവന്ന മിസല്ലേനിയസ് അമെൻഡ്മെന്റ് നിയമം ഭരണഘടനാപരമാണോ? അതു പാസാക്കുന്നതിനു മുൻപ് പൊതുജന അഭിപ്രായ രൂപീകരണം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ശരിയാംവിധം പാലിച്ചിട്ടുണ്ടോ?
2. ഈ നിയമം സ്വകാര്യതയുടെ ലംഘനം ആണോ? (അനാവശ്യമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ടോ? ബാലാവകാശ ലംഘനം ഉണ്ടോ? വിവരസംരക്ഷണ തത്വങ്ങൾ പാലിക്കുന്നുണ്ടോ? സ്വകാര്യതാ ലംഘനം നീതിയുക്തമാണോ?)
3. ന്യൂബിയൻസ് ഉൾപ്പടെയുള്ള അവശ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം സമത്വം ലംഘിക്കപ്പെടുന്നുണ്ടോ
ഇതിൽ പൊതു പങ്കാളിത്തത്തെക്കുറിച്ച് ഗവണ്മെന്റിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. 2018 മുതൽ ഇത് പൊതു സമൂഹത്തിന് മുന്നിൽ ഉണ്ടായിരുന്നു. ഹിയറിംഗിന് ആവശ്യത്തിന് സമയം ഗവണ്മെന്റ് നല്കിയിട്ടുണ്ട്. ഒരുപാട് നിയമഭേദഗതികൾ ഒരേസമയം കുത്തിനിറച്ച ‘ഓമ്നിബസ് ബില്ല്’ ആണ് ഇത് എന്ന ആരോപണം ഉയർന്നു വന്നിരുന്നു.
ഇത്രയധികം കാര്യങ്ങൾ ഒരൊറ്റ ബില്ലിന് കീഴിൽ വന്നാൽ പൊതു സമൂഹത്തിന് ഓരോ വിഷയവും പഠിച്ചു പ്രതികരിക്കാൻ കഴിയില്ല.
അതുകൊണ്ട് ഓമ്നിബസ് ബില്ലുകൾ ചെറു ഭേദഗതികൾക്ക് മാത്രമേ കൊണ്ടുവരാൻ പാടോള്ളു. പക്ഷെ ജനപങ്കാളിത്തം ആവശ്യത്തിന് സാധ്യമായിരുന്നു എന്നു തെളിഞ്ഞു കഴിഞ്ഞാൽ പിന്നെ കോടതിക്ക് പക്ഷെ ഇതിനെതിരെ വിധിക്കാൻ ആകില്ല. ഏതു ബില്ല് വേണം എന്നു തീരുമാനിക്കേണ്ടത് പാർലമെന്റ് ആണ്.
ദേശീയ ജനസംഖ്യാ രജിസ്റ്റർ കൗണ്ടികളുടെ അധികാരപരിധിയിലല്ല. എന്നതുകൊണ്ട് കൗണ്ടികളെ ബാധിക്കുന്ന വിഷയമാണ് എന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല.നാഷണൽ അസംബ്ലി തീരുമാനിച്ചാൽ മതി. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ല എന്നതുകൊണ്ട് നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നു പ്രഖ്യാപിക്കണം എന്ന വാദം നിലനിൽക്കില്ല.
അടുത്ത പ്രശ്നം ശേഖരിക്കുന്ന വിവരങ്ങൾ അനുപാതികമാണോ എന്നതായിരുന്നു.
ആർട്ടിക്കിൾ 31 സ്വകാര്യതാ ഉറപ്പുനൽകുന്നു. സ്വകാര്യ വിവരങ്ങൾക്ക് മേലുള്ള നിയന്ത്രണം പ്രധാനമാണ്. ബയോമെട്രിക്ക് വിവരങ്ങളും ജി.പി.എസ്. കോർഡിനെറ്റുകളും സ്വീകരിക്കുന്നത് ആനുപതികമാണോ എന്നതാണ് ചോദ്യം.
ബയോമെട്രിക്ക് വിവരങ്ങൾ ഇപ്പോൾ തന്നെ മറ്റു നിയമങ്ങൾക്ക് കീഴിൽ ശേഖരിക്കപ്പെടുന്നുണ്ട് എന്നും ഡി. എൻ.എ. യും ജി.പി.എസ്. ഉം ശേഖരിക്കുന്നില്ല എന്നും ഗവണ്മെന്റ് കോടതിയിൽ വ്യക്തമാക്കി.
ബയോമെട്രിക്ക് വിവരങ്ങൾ സ്വതവേ സ്വകാര്യ വിവരങ്ങൾ ആണ്. പേരോ നമ്പറോ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാനും കഴിയും. അതുകൊണ്ട് നിശ്ചയമായും ഇത് സുപ്രധാന വിവരങ്ങളുമാണ്.
പേര്, പങ്കാളിയുടെ പേര്, കുട്ടികളുടെ പേര്, ജനിതക വിവരങ്ങൾ എന്നിവയെല്ലാം പ്രധാനം തന്നെ. അവ പുറത്തായാൽ പ്രശ്നമാണ് അതുകൊണ്ട് ആവശ്യമായ വിവരസംരക്ഷണ സംവിധാനങ്ങൾ ആവശ്യമാണ്.
ഈ വിവരങ്ങൾ വ്യക്തികളുടെ സമ്മതമില്ലാതെതന്നെ ശേഖരിക്കപ്പെടുന്നുണ്ട് എന്നു ഹർജിക്കാർ പറയുന്നു. എന്നാൽ വിവരശേഖരണ രേഖകളിൽ നിന്ന് ‘നിര്ബന്ധിതം’ എന്ന വാക്ക് ഒഴിവാക്കിയിട്ടുണ്ട് എന്ന് ഗവണ്മെന്റ അറിയിച്ചു. സമ്മതമില്ലാതെ വിവരങ്ങൾ നൽകുവാൻ നിര്ബന്ധിതമാകുന്നു എന്നതിന് തെളിവൊന്നും ഹർജിക്കാർ ഹാജരാകിയിട്ടില്ല.
ജി.പി. എസ്. സാങ്കേതികവിദ്യ ഉപഗ്രഹസഹായതാൽ ഉള്ളതാണ്. അത് കാറുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആളുകളുടെ അറിവില്ലാതെ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനാകും എന്നാണ് ഇതിന്റെ പ്രത്യേകത. ബയോമെട്രിക്ക്/ജി.പി. എസ്. വിവരങ്ങൾ വ്യക്തിപരവും, സെന്സിറ്റീവും ആണ്. അവിടെ സ്വകാര്യതാ ലംഘനം ഉണ്ടോ എന്ന് അറിയണമെങ്കിൽ നിലവിലുള്ള വിവരസംരക്ഷണ വ്യവസ്ഥിതി പരിശോധിക്കേണ്ടതുണ്ട്.
ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിച്ചത് ആവശ്യമാണോ എന്ന് നോക്കാം:
ഈ വിവരങ്ങൾ ശേഖരിക്കുന്നത് എന്തിനെന്ന് വ്യക്തമല്ല എന്നാണ് ഹർജിക്കാർ പറയുന്നത്. കൃഷി സംബന്ധിയായ വിവരങ്ങൾ വരെ ശേഖരിക്കപ്പെടുന്നുണ്ട് എന്ന്. വിരലടയാളം അധിഷ്ടിതമായ തിരിച്ചറിയൽ സംവിധാനം ‘സാധ്യതകളുടെ’ അടിസ്ഥാനത്തിൽ ആണെന്നും തെറ്റാനുള്ള സാധ്യത ഉണ്ടെന്നും സാക്ഷി മൊഴി ഉണ്ട്.
സ്വകാര്യത അനിയന്ത്രിതമായ അവകാശമല്ല എന്നാണ് ഗവണ്മെന്റ് വാദിച്ചത്. സേവനങ്ങൾക്കും സുരക്ഷക്കും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാം. കൃത്യമായ ഒരൊറ്റ വിവര സ്രോതസ്സ് ആയ ദേശീയ ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കാൻ ബയോമെട്രിക്ക് വിവരങ്ങൾ ആവശ്യമാണ് എന്നും പറയുന്നു. പൂർണമായ കൃത്യതയുള്ള ഒരു മൾട്ടി മോഡൽ ബയോമെട്രിക്ക് സംവിധാനം ആണ് ആണ് NIIMS ന് ഉപയോഗിക്കുന്നത് എന്ന് സാക്ഷികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തിരിച്ചറിയൽ പ്രക്രിയയ്ക്ക് വേണ്ടിയാണ് ബയോമെട്രിക്ക് വിവരം ഉപയോഗിക്കുന്നത്. അതുകൊണ്ട് ആവശ്യവുമാണ്.
കോടതി പ്രശ്നമുള്ളതായി കണ്ടെത്തിയത് ഡി.എൻ.എ. മാത്രമാണ്. കാരണം അത് താരതമ്യം വഴിയാണ് പരിശോധിക്കുന്നത്. അതിനൊരു വിദഗ്ധ സഹായവും ആവശ്യമാണ്. അതിന്റെ ഉപയോഗം അനാവശ്യമാണ്. ജി.പി.എസ്. അതിലേറെ അനാവശ്യവും.
ബയോമെട്രിക്ക് വിവരം സർവത്രികം ആണെന്ന് പറയാമെങ്കിലും എല്ലാവർക്കും അതുണ്ടാകണം എന്നില്ല. എന്നാൽ പല ബയോമെട്രിക്സ് കൂട്ടിയിണക്കി കൃത്യതയുള്ള സംവിധാനം ഉണ്ടാക്കാൻ കഴിയും. രജിസ്ട്രേഷൻ ഓഫ് പീപ്പിൾ ആക്ട് സെക്ഷൻ 9എ-യ്ക്കു കീഴിൽ ഒരു ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കി അനന്യമായ ഒരു നമ്പർ നൽകുകയാണ്. ഒരു തിരിച്ചറിയൽ സംവിധാനം എന്ന നിലയ്ക്ക് ഒരു ഡാറ്റാബേസ് ആവശ്യമാണ്; കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയത്. ആ അർത്ഥത്തിൽ ബയോമെട്രിക്സ് വിവരങ്ങൾ ഹിഡുംബ നമ്പയ്ക്ക് ആവശ്യമാണ്.
കുട്ടികകുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെട്ടിരുന്നു.
കുട്ടികളുടെ നന്മക്കു വേണ്ടിയാണ് NIIMS എന്നു ഗവണ്മെന്റ് പറയുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയുവാൻ ഇത് ഉപകരിക്കും. ആരോഗ്യം, പാർപ്പിടം ഒക്കെ ഒരുക്കാൻ സഹായിക്കും. പക്ഷെ കുട്ടികളുടെ സ്വാകാര്യത അവകാശങ്ങൾ കൂടുതൽ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെയും മാതാപിതാക്കളുടെയും അറിവും സമ്മതവും പ്രധാനമാണ്. ഇക്കാര്യങ്ങൾ നിയമത്തിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നു കോടതിക്ക് തോന്നുന്നില്ല.
കൊഅതിയുടെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ 2019-ലെ വിവരസംരക്ഷണ നിയമപ്രകാരം ഉള്ള സംരക്ഷണങ്ങൾ ഹിഡുംബ നമ്പയിൽ ഇല്ല എന്നതാണ്.
കേന്ദ്രീകൃത ഡാറ്റാബേസ് വേണോ, ഓപ്പണ്/ക്ളോസ്ഡ് ഡിസൈൻ വേണോ എന്നതായിരുന്നു മറ്റോരു പ്രശ്നം. അതു പക്ഷെ കോടതിക്ക് തീരുമാനിക്കാവുന്ന കാര്യങ്ങൾ അല്ല പക്ഷേ ഇതു
സ്വകാര്യതയെ ബാധിക്കുന്നുവോ എന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രശ്നം. ദുരുപയോഗം അത് കേന്ദ്രീകൃത ഡാറ്റാബേസിൽ ആണെങ്കിലും വികേന്ദ്രീകൃത ഡാറ്റാബേസിൽ ആണെങ്കിലും നടക്കും.
അന്താരാഷ്ട്ര തലത്തിൽ ഉള്ള റെഗുലേഷൻസ് അതിന് ആവശ്യമാണ്. (ആധാറും പരാമര്ശിക്കപ്പെടുന്നുണ്ട് ഇവിടെ). അതുകൊണ്ടു തന്നെ വിവരസുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണ് എന്നല്ല ഒട്ടും തന്നെയില്ല എന്നു കോടതി കാണുന്നു. നിയന്ത്രണ വ്യവസ്ഥകളും ചട്ടങ്ങളും ഇല്ലാതെ വന്നത് എന്തുകൊണ്ട് എന്നു വിശദീകരിക്കാൻ ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ല. ഈ പദ്ധതി വളരെ തിടുക്കപ്പെട്ടാണ് നടപ്പിലാക്കിയിട്ടുള്ളത്.അതുകൊണ്ടു തന്നെ ഭരണഘടനാതത്വങ്ങൾ പാലിക്കുന്ന സമഗ്രമായ വിവരസംരക്ഷണ നിയമ ചട്ടക്കൂട് പാസ്സ് ആക്കിയത്തിന് ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ.
സ്വകാര്യതയ്ക്ക് ആർട്ടിക്കിൾ 24(1) അനുസരിച്ചുള്ള നിയന്ത്രണം സാധ്യമാണെങ്കിലും
ഡി. എൻ.എ./ജി.പി.എസ്. വിവരങ്ങൾ, അതിന്റെ ശേഖരണവും ഉപയോഗവും സംബന്ധിച്ച നിയമം ഇല്ലാതെ, ശേഖരിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. അത് സ്വകാര്യതാ ലംഘനം ആണ്.
NIIIMS നിർബന്ധിതം ആകുന്നതുകൊണ്ട് വിവേചനം ഉണ്ടോ എന്ന കാര്യവും കോടതി പരിശോധിച്ചു. രണ്ടു വശങ്ങളാണ് ഇവിടെ ഉള്ളത്. ഒന്ന് ഹർജിക്കാർ പറയുംപോലെ ഈ നമ്പർ കാരണം ഒഴിവാക്കപ്പെടുന്നവർ. അവകാശങ്ങൾ നിഷേധികപ്പെടുന്നവർ. മറ്റൊന്ന് ഗവണ്മെന്റ് പറയുന്ന കാര്യക്ഷമതയുടെയും എളുപ്പത്തിൽ കുത്താൽ ആളുകൾക് സേവനങ്ങൾ എത്തിക്കുന്നതിന്റെയും ചിത്രമാണ്. രേഖകൾ ഇല്ലാത്തതുകൊണ്ടോ ബയോമെട്രിക് പ്രശ്നങ്ങൾ ഏതാനും പേർ ഒഴിവാക്കപ്പെടാൻ സാധ്യത ഉണ്ട് എന്നതുകൊണ്ട് നിയമം ആകെ ഭരണഘടനാ വിരുദ്ധമെന്ന് കരുതാനാവില്ല. എന്നാൽ എല്ലാവർക്കും രേഖകളും സേവനങ്ങളും ലഭ്യമാകാണുള റെഗുലേറ്ററി സംവിധാനം ഒരുക്കുകയാണ് വേണം എന്ന് കോടതി പറഞ്ഞു.
റെഗുലേഷനുകൾ വന്നതുകൊണ്ട് ഒഴിവാക്കലുകൾ എങ്ങനെ ഇല്ലാതാകുമെന്നാണ് കോടതി കരുതുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു. സാങ്കേതികമായി പരിഹരിക്കാനാകാത്ത കാര്യം നിയമം കൊണ്ടു പരിഹരിക്കാൻ കഴിയില്ല എന്ന പ്രാഥമിക തത്വം കോടതികൾ മനസിലാക്കാതെ പോകുന്നതിന്റെ ദുരവസ്ഥയാണിത്.
വിധി ആകെ പരിശോധിക്കുമ്പോൾ
ഹർജിക്കാർക്ക് ഭാഗീക വിജയം എന്നു പറയാം. ആവശ്യമായ വിവര സംരക്ഷണ സംവിധാനങ്ങൾ ഒരുങ്ങുന്നത് വരെ NIIMS നിർത്തി വക്കേണ്ടി വരും. പദ്ധതി മൂലം ഒഴിവാക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്ന ചട്ടങ്ങളും രൂപീകരിക്കേണ്ടതുണ്ട്. കെനിയൻ ഹ്യൂമൻ റൈറ്റ്സ് കമ്മീഷനും, കെനിയൻ നാഷണൽ കമ്മീഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും, ന്യൂബിയൻ റൈറ്റ്സ് ഫോറവുമായിരുന്നു പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്.
This was published in DoolNews on 01/02/2020