നെഹ്റു: മായ്ക്കാൻ കഴിയാത്ത ഓർമ.

നെഹ്‌റുവിനെ നമ്മൾ വീണ്ടും ഓർക്കുകയാണ്. വിസ്മൃതിയിലേക്ക് നടത്താനുള്ള കഠോരശ്രമങ്ങൾ നിർത്താതെ തുടരവേ, ചരിത്രം അദ്ദേഹത്തിനുവേണ്ടി സാക്ഷ്യം പറയുകയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയിൽ മാത്രമല്ല, അസാധ്യമെന്നു കരുതിയ ചരിത്രസന്ധിയിൽ, ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്ക് സ്വപ്നം കണ്ട ശുദ്ധകാല്പനികനെന്ന നിലയിൽകൂടിയാണ് ചരിത്രം അദ്ദേഹത്തെ വരച്ചിടുന്നത്. ആ കാല്പനികതയാണ് നമ്മുടെ രാഷ്ട്രത്തെ സൃഷ്ടിച്ചത്. ജനാധിപത്യത്തിന് ആവശ്യമെന്നു കരുതിയിരുന്ന സാഹചര്യങ്ങളൊന്നും തന്നെ നിലവില്ലായിരുന്ന ഒരിടത്ത്, ഡോക്ടർ അംബേദ്കർക്കൊപ്പം, അദ്ദേഹം വിഭാവനം ചെയ്തത് ഒരു സ്വപ്നരാജ്യമായിരുന്നു. 500-ലേറെ നാട്ടുരാജ്യങ്ങളായി, എണ്ണിയാലൊതുങ്ങാത്ത സാംസ്കാരികതകളായി, എണ്ണമറ്റ ഭാഷകളും വിശ്വാസപ്രമാണങ്ങളുമായി കിടന്ന ഈ രാജ്യത്ത്, വൈദേശിക രാഷ്ട്രീയ വിദഗ്ധരും തദ്ദേശീയരായ വിഘടനവാദികളും ഭിന്നിപ്പ് മാത്രം കണ്ടപ്പോൾ, അവിടെ ഐക്യപ്പെടലിന്റെ സുവർണ്ണ നൂലിഴകൾ കണ്ടെത്തിയെന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയെ കണ്ടെത്തൽ എന്നത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു പുസ്തകത്തിൻറെ പേരായിരുന്നില്ല, രാഷ്ട്രത്തിൻറെ ആത്മാവിനെ കണ്ടെത്തുന്ന തിരിച്ചറിവായിരുന്നു. അദ്ദേഹത്തിൻറെ ഓർമ്മകളും ആശയങ്ങളും ഇന്ന് നിരന്തരം ആക്രമണങ്ങളെ നേരിടുകയാണ്. ഇന്ത്യയുടെ ആത്മാവിനെ സങ്കുചിതമായ രാഷ്ട്രീയ ദർശനത്തിലൂടെ നിർവചിക്കാൻ ശ്രമിക്കുന്ന ശക്തികൾ, അദ്ദേഹത്തിൻറെ ഓർമ്മകളെ പോലും കളങ്കിതമാക്കാൻ ശ്രമിക്കുകയാണ്. 

ഈ ദുഷ്പ്രചരണത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നത് സംഘപരിവാരവും അവർ നിയന്ത്രിക്കുന്ന ഭരണകൂടവുമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന, വൈവിധ്യങ്ങളെ ഒന്നായി കാണുന്ന, നെഹ്റുവിൻറെ ദർശനങ്ങൾ അവരെ നയിക്കുന്ന ഹിന്ദുത്വ ആശയധാരയ്ക്കു കടകവിരുദ്ധമാണ്. നെഹ്റുവിന്, ജനാധിപത്യം എന്നത് യാതൊരു തർക്കത്തിനും ഇടനൽകാത്തൊരു വിശ്വാസമായിരുന്നു. മതേതരത്വം അതിൻറെ അടിസ്ഥാനമായിരുന്നു. എന്നാൽ ഈ രണ്ട് ഘടകങ്ങളെയും ദുർബലപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങൾ, സംഘടിതമായ ഗൂഢാലോചന, ഇക്കാലത്ത് നടക്കുന്നുണ്ടെന്നത് നിസ്തർക്കമായ വസ്തുതയാണ്.

 വൈവിധ്യങ്ങളെ അപരവത്കരിക്കുന്ന സങ്കുചിത രാഷ്ട്രീയ വാദം, ഹിന്ദുത്വവാദം, എന്നും ജവഹർലാൽ നെഹ്റുവിനെ വെറുപ്പോടെയാണ് കണ്ടിട്ടുള്ളത്. ഹിന്ദു രാഷ്ട്ര നിർമിതിയിലേക്കുള്ള അവരുടെ യാത്രയ്ക്ക് പ്രധാനപ്പെട്ടൊരു തടസ്സമായി അദ്ദേഹത്തെ അവർ കണക്കാക്കിയിരുന്നു. അദ്ദേഹം മുന്നോട്ടുവെച്ച സാർവ്വദേശീയ സങ്കല്പവും, മതേതരത്വവും, സർവ്വമത സമഭാവനയും, ‘അപരരെ’യെല്ലാം, പ്രത്യേകിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും, ശത്രുക്കളായി കാണുന്ന വിഭാഗീയ രാഷ്ട്രീയ തത്വശാസ്ത്രത്തിന് എതിരായി നിലകൊണ്ടു. അവരുടെ വരട്ടുരാഷ്ട്രവാദത്തിൽ, നെഹ്റുവിൻറെ വിശാല രാഷ്ട്രീയദർശനങ്ങൾക്ക് ഒരു കാലത്തും ഇടമുണ്ടായിരുന്നില്ല. ഇപ്പോൾ അവസരം വന്നപ്പോൾ അദ്ദേഹത്തിൻറെ ആശയ ലോകത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.

ഇന്ത്യാചരിത്രത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെ മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. സ്കൂൾ പാഠപുസ്തകങ്ങൾ അദ്ദേഹത്തിന്റെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിൽ മാറ്റിയെഴുതപ്പെടുന്നു. സമീപകാലത്ത്, അദ്ദേഹത്തിൻറെ നേട്ടങ്ങൾ ഔദ്യോഗിക രേഖകളിൽ വളരെ അപൂർവമായി മാത്രമേ പരാമർശിക്കപ്പെടാറുള്ളൂ. സ്വതന്ത്ര ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഏറ്റവും വലിയ സംഭാവനകൾ നൽകിയ അദ്ദേഹത്തിൻറെ പേര് പോലും പല ഔദ്യോഗിക പരിപാടികളിൽ നിന്നും ഒഴിവാക്കപ്പെടുന്നു. അദ്ദേഹത്തിൻറെ മഹത്തരങ്ങളായ കൃതികളെ പോലും അവഗണിച്ച് ഹിന്ദുത്വവാദികളെ പ്രകീർത്തിക്കുന്ന ഗ്രന്ഥങ്ങൾ മുഖ്യധാരയിൽ ഇടം നേടുന്നു.

ഇന്ത്യയുടെ മതേതര പാരമ്പര്യത്തിൽ നിന്നും തെന്നി മാറുന്നതിനു വേണ്ടി, ചരിത്രത്തെ പുനർനിർമ്മിക്കാനും, തിരുത്തി എഴുതാനുമുള്ള ശ്രമങ്ങൾ അതിശക്തമായി മുന്നോട്ടു പോവുകയാണ്. ഔദ്യോഗിക ചടങ്ങുകൾ പോലും സംഘടിപ്പിക്കുന്നത് സംഘപരിവാർ രാഷ്ട്രീയദർശനത്തിനോട് ആഭിമുഖ്യമുള്ള ചരിത്ര വ്യക്തികളെ ചേർത്തുനിർത്തി കൊണ്ടാണ്. നെഹ്റുവിനെ നിരന്തരം അവഗണിക്കുന്നത് കാണാം. ആ അവഗണന പരോക്ഷമായ മാർഗങ്ങളിൽ നിന്ന്, നേരിട്ടുള്ള ആക്രമണങ്ങളിലേക്ക് ഈ അടുത്തകാലത്ത് തിരിഞ്ഞിട്ടുള്ളതായും കാണുന്നുണ്ട്. ദീർഘകാലം കൊണ്ട്, ഇന്ത്യയുടെ ജനാധിപത്യത്തെയും അഖണ്ഡതയെയും ബൗദ്ധിക സ്വാതന്ത്ര്യത്തെയും നിലനിർത്തുന്നതിന് വേണ്ടി, വളരെ പണിപ്പെട്ട് നെഹ്റു പടുത്തുയർത്തിയ പല ജനാധിപത്യ സ്ഥാപനങ്ങളും ഇല്ലാതാക്കുകയോ, സാവധാനത്തിൽ നിഷ്ക്രിയമാക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ട്. പ്ലാനിങ് കമ്മീഷൻ മുതൽ പാർലമെന്റിന്റെ പരമാധികാരം വരെ, സർവകലാശാലകൾ മുതൽ പരമോന്നത നീതിപീഠം വരെ ഈ ആക്രമണത്തിന് ഇരയാണ്.

ഇതിന് കൃത്യമായ കാരണമുണ്ട്. നെഹ്റു എല്ലാ കാലത്തും സംഘപരിവാറിന്റെ, ഹിന്ദുത്വ ശക്തികളുടെ, ചിന്തകൾക്കതീതനായി നിലകൊണ്ട വ്യക്തിത്വമായിരുന്നു. സർവ്വം മതമയമായ ഇന്ത്യയെ പോലൊരു രാജ്യത്ത്, ജാതീയത അരങ്ങു വാഴുന്നൊരു നാട്ടിൽ, ആത്മീയത സ്വീകാര്യതയ്ക്കുള്ള കുറുക്കുവഴിയായ ഒരു സമൂഹത്തിൽ, സ്വയം അവിശ്വാസി എന്ന് പ്രഖ്യാപിച്ചുകൊണ്ട്, മതപരമായ ആചാരാനുഷ്ഠാനങ്ങളെ എല്ലാം നിഷേധിച്ചുകൊണ്ട്, രാഷ്ട്രീയത്തിലെ മത പ്രതീകങ്ങളെ ഉപേക്ഷിച്ചുകൊണ്ട്, ഒരു മനുഷ്യന് ഇത്ര ജനകീയനായി നിലകൊള്ളുവാൻ എങ്ങനെ കഴിയും എന്നത് അവർക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ്. യാഥാസ്ഥിതികമായ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ, സൗഹൃദങ്ങളിലും സ്നേഹബന്ധങ്ങളിലും ലിംഗ ഭേദമില്ലാതിരുന്ന രാഷ്ട്രീയ നേതാവ് അവരുടെ സങ്കുചിത സങ്കൽപ്പനങ്ങൾക്ക് അപ്പുറമായിരുന്നു.വിശ്വാസി അല്ലാതിരുന്നിട്ടും, മതാതീതമായി, ഭിന്നിപ്പുകൾക്കപ്പുറമുള്ള ഐക്യത്തെയും, ഭയത്തെ ജയിക്കുന്ന കാരുണ്യത്തെയും തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി മാറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എക്കാലത്തും നെഹ്റുവിൻറെ പൈതൃകം ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

വ്യക്തിപരമായി രാജ്യത്തിന് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവന, തൻറെ സമകാലികരായ പലരെയും പോലെ, സർവാധികാരത്തിന്റെ പ്രലോഭനത്തിന് അടിപ്പെട്ടില്ല എന്നുള്ളതാണ്. സമാനതകളില്ലാത്ത ജനകീയതയും, സ്വീകാര്യതയും, ഏകാധിപതിയായി തീരാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും, നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിൻറെ അടിസ്ഥാനശിലകൾ പാകിയുറപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിൽ ഭാവി തലമുറയുടെ പ്രാധാന്യത്തെ പ്രത്യേകം തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളോട് അനന്യമായ ഒരു വാത്സല്യവും കരുതലും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ‘ചാച്ചാജി’ എന്നത് ആ സ്നേഹവത്സല്യങ്ങളുടെയും കരുതലിന്റെയും മറ്റൊരു പേരായിരുന്നു. 1964-ൽ അദ്ദേഹത്തിൻറെ മരണത്തിനുശേഷം, നവംബർ 14, ഇന്ത്യയിൽ ഔദ്യോഗികമായി ശിശുദിനമായി ആചരിക്കുവാൻ പാർലമെൻറ്, പ്രമേയത്തിലൂടെ തീരുമാനമെടുത്തത് അതുകൊണ്ടാണ്. ദൗർഭാഗ്യവശാൽ, പാഠപുസ്തകങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ട ചാച്ചാജിയെ തേടുന്ന കുട്ടികൾ നിരാശപ്പെടേണ്ട ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 

ഇതുകൊണ്ടൊന്നും പക്ഷേ, നെഹ്റുവിൻറെ ആശയപ്രപഞ്ചത്തെ നിഷ്പ്രഭമാക്കാൻ കഴിയില്ല. കാരണം ഇന്ത്യയെന്ന രാജ്യത്തിൻറെ അടിത്തറ അതിനുമേൽ പടുത്തുയർത്തിയതാണ്. വിയോജിക്കുന്നവരെ അതിക്രൂരമായി വേട്ടയാടുന്ന ഇക്കാലത്ത്, സത്യം പറയാൻ ധൈര്യപ്പെടുന്ന മാധ്യമപ്രവർത്തകരും, നീതിക്കുവേണ്ടി നിലകൊള്ളുന്ന ആക്ടിവിസ്റ്റുകളും, തുല്യതയ്ക്ക് വേണ്ടി സംസാരിക്കുന്ന വിദ്യാർത്ഥികളും വരെ ജയിലിൽ അടയ്ക്കപ്പെടുന്ന നാട്ടിൽ, സ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടും മതേതരത്വത്തോടും അചഞ്ചലമായ കൂറു പ്രഖ്യാപിച്ചിരുന്ന നെഹ്റുവിയൻ ആശയധാര, ഒരു രാജ്യമെന്ന നിലയ്ക്ക് നമുക്ക് എങ്ങനെ നിലകൊള്ളാൻ കഴിയുമെന്നും, നമ്മൾ എങ്ങനെയാണ് ആയിത്തീരേണ്ടതെന്നും നമ്മളെ ഓർമ്മപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിൻറെ ഓർമ്മ, നമ്മെ വിഭജിക്കുവാനും നമുക്കു മേൽ അധികാരം സ്ഥാപിക്കുവാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടുവാനും, എല്ലാ മനുഷ്യർക്കും ഒന്നിച്ചൊരുമയോടെ വസിക്കാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ മഹാസൗധം കെട്ടിപ്പടുക്കുവാൻ കൈകോർത്തു പ്രവർത്തിക്കുവാനുമുള്ള ആഹ്വാനമാണ്. 

First Published on 14/11/2025 on Suprabhatham Daily

LEAVE A REPLY

Please enter your comment!
Please enter your name here