തീർച്ചയായും വായിച്ചിരിക്കേണ്ട സുപ്രീംകോടതി വിധികളിലൊന്നാണ് നവറെജ് സിംഗ് ജോഹർ കേസിലേത് (ഐ പി സി സെക്ഷൻ 377) . പതിറ്റാണ്ടുകളുടെ സാംസ്‌കാരിക ഹിംസാത്മകതയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് പ്രണയത്തിന്റെ വിശാലാകാശത് ലിംഗരാജികളുടെ വർണങ്ങൾ വിരിയിച്ച വിധി നിരവധി ഭരണഘടനാ തത്വങ്ങളുടെ കാലോചിതമായ പുനർവായനകൾ കൂടിയാണ്. 5 അംഗ ബെഞ്ചിന്റെ അഭിപ്രായം ഏകമാണെങ്കിലും 4 പ്രത്യേക വിധി ന്യായങ്ങളുണ്ട്. നാലുവിധികളും എത്തുന്നത് ഒരേ അഭിപ്രായത്തിലേക്കാണെങ്കിലും അതിനായി കണ്ടെത്തുന്ന നിയമവീഥികൾ അനന്യങ്ങളാണ് . ഓരോ വിധിയും ഇതുവരെ നാം പിന്തുടർന്നിരുന്ന ഭരണഘടനാ മൂല്യങ്ങളുടെ വിപുലീകരണമാണ്. ഭരണ ഘടന രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് അതിന്റെ ആമുഖം മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രകാശ ഗോപുരങ്ങളാണ്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായം (തനിക്കും ജസ്റ്റിസ്. ഖാൻവാൾക്കറിനും വേണ്ടി എഴുതിയത്) ഉയർത്തിപ്പിടിക്കുന്നത് വ്യക്തിയുടെ സ്വയം നിർണയാവകാശമാണ്. ജന്മനായുള്ള വ്യക്തിത്തവും അതോടൊപ്പം തെരഞ്ഞെടുക്കാനുള്ള അവകാശവും ആണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. ലൈംഗീകതയെ ജന്മവുമായോ തെരെഞ്ഞെടുപ്പുമായോ മാത്രം ബന്ധിക്കാതെ ഇരു കാര്യങ്ങളെയും പരിഗണിക്കുകയും അങ്ങനെ ലൈംഗീകത ഒരു ആൺ-പെൺ ദ്വന്ദമല്ല എന്നും ഒരു വർണരാജിയാണ് എന്നുമുള്ള ആധുനിക സാമൂഹിക മൂല്യത്തെ ഭരണഘടനാപരമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു ഈ വിധിന്യായം.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, വിഖ്യാതമായ സ്വകാര്യത വിധിയിലൂടെ താൻ തുടങ്ങി വച്ച നിയമവ്യാഖ്യാനത്തെ പിന്തുടർന്നുകൊണ്ട് ലൈംഗീകത എന്നത് സ്വകാര്യതയുടെ സ്വാഭിമാനത്തിന്റെ ഒക്കെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം ആർട്ടിക്കിൾ 14 (തുല്യത) ആർട്ടിക്കിൾ 15 (ലിംഗസമത്വം) എന്നിവയ്ക്കെതിരാണ് ഐ.പി.സി. സെക്ഷൻ 377 എന്നും കണ്ടെത്തുന്നു. മാനസികാരോഗ്യ നിയമപ്രകാരം ലൈംഗീകത ഒരു മാനസിക രോഗമല്ല എന്നതിനെയും വിവിധ ശാസ്ത്രീയ ധാരണകളെയും മുൻ നിർത്തി സ്വവർഗ്ഗപ്രണയത്തെ ക്രിമിനൽ വത്കരിക്കുന്നത് ഭരണഘടനയുടെ 14-ആം അനുച്ഛേദത്തിന്റെ ലംഘനമാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം 377 ആർട്ടിക്കിൾ 15-ന്റെയും ലംഘനമാണ്. പ്രത്യക്ഷത്തിൽ നിയമത്തിൽ ലിംഗവിവേചനമില്ല എന്നത് സത്യമാണ്.
377. Unnatural offences: Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.
എന്ന് പറഞ്ഞാൽ അതിൽ ലിംഗ വിവേചനം ഇല്ല. പക്ഷെ അത് നടപ്പിലാക്കുമ്പോൾ ഇതിന്റെ ഭാരം ഒരു വിഭാഗത്തിനുമേൽ മാത്രം വന്നു ചേരുന്നു. ഇപ്രകാരം പ്രത്യക്ഷത്തിൽ വിവേചനം ഇല്ലാത്ത ഒരു നിയമം നടപ്പിലാക്കുമ്പോൾ അത് ഒരു വിഭാഗത്തെ മാത്രം ബാധിക്കും എന്ന കാരണം കൊണ്ട് ഭരണഘടനാ വിരുദ്ധമാണ് എന്ന് സുപ്രീം കോടതി പറയുന്നത് ചരിത്രത്തിൽ ആദ്യമായാണ് എന്ന നിയമ ഗവേഷകർ പറയുന്നു. ആണ് പെണ്ണ് എന്ന തരത്തിലുള്ള വാർപ്പുമാതൃകകളെ, സമൂഹത്തിൽ ആൺ/പെൺ ഭാവങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങൾക്ക് ഭരണഘടനാപരമായ നിലനിൽപ്പില്ല എന്ന കണ്ടെത്തൽ വളരെ പ്രധാനമാണ്.
എന്ത് ധാർമിക/ ഭരണപര താത്പര്യങ്ങൾ ഉണ്ടെങ്കിലും വ്യക്തികളെ നൈസർഗികവും ആന്തരികവുമായ സ്വഭാവഗുണങ്ങളുടെ പേരിൽ വേർതിരിച്ചു കാണാൻ ഗവണ്മെന്റുകൾക്ക് കഴിയില്ല എന്ന വിശാലമായ സമത്വ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയെഴുതിയിരിക്കുന്നത്.
സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഭരണഘടനധാർമികതയും ജനാധിപത്യത്തിന്റെ ആന്തരികസത്തയാണെന്നു കരുതുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു വിധിയാണ് #377 കേസിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. വിധി വായിക്കണമെന്നുള്ളവർക്ക് ഇവിടെ വായിക്കാം.