ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഭരണഘടനാ കോടതി, ‘ക്രമസമാധാന പാലനത്തിന്റെ മറവിൽ സംസ്ഥാന ഭരണകൂടം വംശഹത്യ നടത്തുകയാണോ?’ എന്ന സംശയം ഉന്നയിച്ചിരിക്കുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെതാണ് ചോദ്യം. സംസ്ഥാനത്തെ നൂഹ്, ഗുരുഗ്രാം ജില്ലകളിൽ വ്യാപകമായി ഉണ്ടായ വർഗീയ സംഘർഷങ്ങളെത്തുടർന്ന്, കേസിൽ പെട്ടവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്ന ഗവൺമെൻറ് നടപടിക്കെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി രൂക്ഷമായ പരാമർശം നടത്തിയിരിക്കുന്നത്. വീടുകൾ തകർക്കുന്ന നടപടി ഉടൻ നിർത്തിവയ്ക്കാൻ ഉത്തരവിട്ട കോടതി, സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കുകയും അഡ്വക്കേറ്റ് ക്ഷിതിജിത് ശർമയെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു.
സമകാലിക ഇന്ത്യയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ അധികാരഹുങ്കിന്റെ കാരുണ്യരഹിതമായ പ്രകടനമാണ് വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കുന്ന ‘ശിക്ഷാവിധി’. കൃത്യമായൊരു മാതൃകയ്ക്കൊപ്പിച്ച്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഇത് നടപ്പിലാക്കി വരുന്നുണ്ട്. യുപിയിൽ, മധ്യപ്രദേശിൽ, ഹരിയാനയിൽ, ആഭ്യന്തരവ വകുപ്പ് കയ്യാളുന്ന ഡൽഹിയിൽ ഒക്കെ ‘ബുൾഡോസർ നീതി’ എന്ന പേരിൽ ഈ ഭരണകൂട ഭീകരതയെ ആഘോഷിക്കുകയാണ് അവർ.
സംസ്ഥാനത്ത് ഒരു ക്രമാസമാധാന പ്രശ്നമുണ്ടാകുന്നു. ഒന്നുകിൽ ഒരു പ്രതിഷേധ സമരം, അല്ലെങ്കിൽ വർഗീയ കലാപം. പ്രതികളെ പോലീസ് ‘തിരിച്ചറിഞ്ഞാൽ’ ഉടൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അവരുടെ വീടുകൾ അനധികൃതമായാണ് നിർമ്മിച്ചിരിക്കുന്നത് എന്ന നോട്ടീസ് നൽകുന്നു. അടുത്ത പടി ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചു നിരത്തുന്നതാണ്. ഇതെല്ലാം 24 മണിക്കൂറിനുള്ളിൽ പൂർത്തിയായിരിക്കും. പലപ്പോഴും ഇരകൾക്ക് കോടതിയെയോ മറ്റോ സമീപിക്കുവാനുള്ള സാവകാശം പോയിട്ട്, വീടിനുള്ളിൽ നിന്ന് സാധനസാമഗ്രികൾ മാറ്റുന്നതിനുള്ള സമയം പോലും ലഭിക്കുകയുമില്ല. ഇങ്ങനെ തച്ചു തകർക്കുന്ന ഭവനങ്ങൾ ഏതാണ്ട് എല്ലാം തന്നെ ന്യൂനപക്ഷ സമുദായങ്ങളുടേതാണെന്ന പ്രത്യേകതയുമുണ്ട്.
ജനാധിപത്യ സംവിധാനത്തിന് കീഴിൽ പുലരേണ്ട നീതിബോധത്തെ അട്ടിമറിക്കുന്ന പ്രവർത്തിയാണിത്. ഭരണഘടനാപരമായും നിയമപരമായും വലിയ തെറ്റ്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദം നൽകുന്ന ജീവിക്കാനുള്ള അവകാശം മൃഗതുല്യമായ ജീവിതത്തിനുള്ള അവകാശമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ്. ഉപജീവനമാർഗ്ഗത്തിനും പാർപ്പിടത്തിനുമുള്ള അവകാശവും അതിൻറെ ഭാഗമാണ്. 1985-ലെ ഓൾഗാ ടെല്ലിസ് കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപജീവനത്തിനും പാർപ്പിടത്തിനുമുള്ള അവകാശം എന്ന് പറഞ്ഞാൽ, താമസിക്കുന്ന വീട്ടിൽ നിന്ന് കുടിയുറക്കുന്നതിന് മുൻപ് നോട്ടീസ് കൊടുത്തിരിക്കണം, നിലവിലുള്ള ഗവൺമെൻറ് സ്കീമുകൾ പ്രകാരം കൃത്യമായ പുനരധിവാസം ഉറപ്പുവരുത്തണം. പിന്നീട്, 2010-ൽ സുധാമ സിംഗ് കേസിൽ ഡൽഹി ഹൈക്കോടതി ഇക്കാര്യത്തിന് കുറച്ചുകൂടി വ്യക്തത വരുത്തിയിട്ടുണ്ട്. ഒരു സർവ്വേ നടത്തി കുടിയൊഴിക്കപ്പെടുന്നവർ ക്ക് വിവിധ ഗവൺമെൻറ് സ്കീമുകളിൽ, സഹായം ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കണം. മാത്രവുമല്ല, ഇരകളുമായി നേരിട്ട് കൂടിയാലോചിച്ച് അർത്ഥവത്തായ പുനരധിവാസ പാക്കേജ് ഉറപ്പുവരുത്തണം. ഈ രണ്ട് നിർദ്ദേശങ്ങളും മേൽപ്പറഞ്ഞ സംസ്ഥാന ഗവൺമെൻറുകൾ പാലിച്ചിട്ടില്ല.
മറ്റൊന്ന് ആനുപാതികത എന്ന നിയമ സങ്കൽപ്പമാണ്. ഇന്ത്യയിൽ സ്വകാര്യത സംബന്ധിച്ച പുട്ടസ്വാമി കേസിലാണ് ഏറ്റവും വ്യക്തമായി അനുപാതികതാ സിദ്ധാന്തത്തെ നിർവചിച്ചിട്ടുള്ളത്. പൗരന്റെ അവകാശങ്ങൾക്കുമേൽ ഗവൺമെന്റുകൾ കടന്നു കയറുമ്പോൾ നിശ്ചയമായും ഉണ്ടായിരിക്കേണ്ട നിയന്ത്രണങ്ങളാണ് വിധിയിൽ വിശദീകരിക്കുന്നത്. പ്രാഥമികമായി ഗവൺമെന്റിന്റെ ഏതൊരു നടപടിയ്ക്കും അനുയോജ്യമായ ഒരു നിയമം അനിവാര്യമാണ്. പിന്നെ, ഭരണകൂടത്തിന് ന്യായീകരിക്കത്തക്കതായ ഉദ്ദേശ്യലക്ഷ്യം ഉണ്ടായിരിക്കണം. ആ ലക്ഷ്യവും അതിനുവേണ്ടി തെരഞ്ഞെടുത്ത മാർഗ്ഗവും തമ്മിൽ യുക്തിസഹമായ ബന്ധം ഉണ്ടായിരിക്കണം. ആ മാർഗ്ഗം അവകാശങ്ങൾക്കുമേൽ ഏറ്റവും കുറഞ്ഞ രീതിയിൽ കടന്നു കയറുന്നതായിരിക്കും. അതായത് ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇത്രയധികം അവകാശ ലംഘനം ആവശ്യമില്ലാത്ത ഇതര മാർഗങ്ങളുണ്ടോ എന്ന അന്വേഷണം ഗവൺമെൻറ് നടത്തിയിട്ടുണ്ടാവണം. പോലീസ് പ്രതിപട്ടികയിൽ ഉള്ളവരുടെ വീട് ഇടിച്ചു നിരത്തുന്നത് ഈ നിയമ തത്വങ്ങളുടെയെല്ലാം ലംഘനമാണെന്നത് പകൽപോലെ വ്യക്തമാണല്ലോ.
ഇത്തരം ഭരണകൂട അതിക്രമങ്ങൾ വ്യാപകമായിട്ടും, ഫലപ്രദമായ ഇടപെടലുകൾ നടത്താൻ നമ്മുടെ കോടതികൾക്ക് കഴിഞ്ഞിരുന്നില്ല. ഒന്നുകിൽ കോടതി നടപടികളിലേക്ക് കടക്കുന്നതിനു മുൻപ് ‘ബുൾഡോസർ നീതി’ നടപ്പിലായിരിക്കും, അല്ലെങ്കിൽ ഓരോരോ ഇടിച്ച് നിരത്തലുകളെയും വ്യക്തിപരമായ കേസുകളായി പ്രത്യേകം പ്രത്യേകം പരിഗണിച്ചു വരുമ്പോൾ കേസിന്റെ സംഘടിത സ്വഭാവം നഷ്ടമാകുന്നു എന്ന് മാത്രമല്ല അനഭിലഷണീയമായ കാലവിളമ്പം ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ ഒരു വിഭാഗത്തെ സംഘടിതമായി ശിക്ഷിക്കുന്ന ഭരണകൂട നീക്കത്തെ മനസ്സിലാക്കുവാൻ ജുഡീഷ്യറിക്ക് കഴിയാതെ പോകുന്നു. എന്നാൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ജി എസ് സന്തവാലിയ, ജസ്റ്റിസ് ഹർപ്രീത് കൗർ ജീവൻ എന്നിവരുടെ നടപടികൾ പ്രതീക്ഷ നൽകുന്നതാണ്.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ്. വളരെ കാലങ്ങളായി നിലനിൽക്കുന്ന വീടുകളും കെട്ടിടങ്ങളും ഹോട്ടലുകളും ഇടിച്ചുനിരത്തുന്നതിനെ കുറിച്ചുള്ള വാർത്തകൾ ആശങ്ക ഉണർത്തുന്നതാണ്. കലാപകാരികൾക്കുള്ള മരുന്നാണ് ബുൾഡോസർ എന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന കൂടി പരിഗണിച്ചുകൊണ്ട്, പോലീസ് അന്വേഷണത്തിലെ പ്രതി ചേർക്കലും കെട്ടിടം പൊളിച്ചു മാറ്റാനുള്ള നോട്ടീസും തമ്മിലുള്ള ബന്ധത്തെ കോടതി തിരിച്ചറിഞ്ഞു എന്നുള്ളത് പ്രധാനമാണ്. ക്രമസമാധാനപാലനം ഒരു മറയാക്കി, നിയമപ്രകാരമുള്ള യാതൊരു നടപടികളും സ്വീകരിക്കാതെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുള്ള ശ്രമമാണ് ഗവൺമെൻറ് നടത്തുന്നത്. ഒരു പ്രത്യേക സമുദായത്തിൽ പെട്ട ആളുകളുടെ വീടുകൾ മാത്രമാണോ ഇടിച്ചു തകർക്കുന്നത് എന്നതും പരിശോധിക്കേണ്ടതുണ്ട്. മാത്രവുമല്ല കലാപത്തിന്റെ പേരിൽ കെട്ടിടങ്ങൾ ആസൂത്രിതമായി തകർക്കുക വഴി ഭരണകൂടം വംശഹത്യ നടത്താൻ ശ്രമിക്കുകയാണോ എന്ന ചോദ്യവും കോടതി ഉന്നയിക്കുന്നു. ‘ബുൾഡോസർ രാജ്’ ഒരു പ്രത്യേക സമുദായത്തിന് നേരെ ഭരണകൂടം നേതൃത്വം കൊടുക്കുന്ന അതിക്രമത്തിന്റെ ഭാഗമാണെന്നും, അതൊരു സംഘടിത ശിക്ഷാ മുറയാണെന്നും ആദ്യമായി ഒരു ഭരണഘടനാ കോടതി തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് വലിയ കാര്യമാണ്. വ്യക്തിപരമായ ന്യായാന്യായങ്ങൾക്കപ്പുറം, സംഘടിത ശിക്ഷയുടെ പ്രശ്നമായി ഇതിനെ പരിഗണിച്ചാൽ വിഷയത്തെ അതിൻറെ സമഗ്രതയിൽ മനസ്സിലാക്കാനും തീർപ്പു കൽപ്പിക്കാനും കോടതിക്ക് കഴിയും. അതുകൊണ്ടുതന്നെ വളരെയേറെ പ്രതീക്ഷകൾ നൽകുന്ന ഇടപെടലാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
Published in Madhyamam Daily on Aug, 11, 2023