സ്വകാര്യത ഒരു മൗലികാവകാശമല്ല എന്നു സുപ്രീംകോടതിയിൽ വാദിച്ച ഗവൺമെൻറാണ് ഇന്ത്യ ഭരിക്കുന്നത്. ഭരണകൂടത്തിെൻറ വിതണ്ഡവാദങ്ങൾ തള്ളി സ്വകാര്യത മൗലികാവകാശമാണെന്ന് പട്ടുസ്വാമി കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ െബഞ്ച് ഐകകണ്ഠ്യേന വിധിയെഴുതി. അതിനുശേഷവും നാളിതുവരെയായി ഒരു വിവരസംരക്ഷണനിയമം കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അപര്യാപ്തമായ ഐ.ടി ആക്ടിെൻറയും മറ്റു ചില ചട്ടങ്ങളുടെയും ബലത്തിൽ മാത്രമാണ് രാജ്യത്തിെൻറ സ്വകാര്യതനയങ്ങൾ നിലനിൽക്കുന്നത്. ഇൗ സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറിനെങ്കിലും സമഗ്രമായ ഒരു സ്വകാര്യത/വിവരസുരക്ഷാനയം രൂപവത്കരിക്കാൻ സ്പ്രിംഗ്ലർ വിവാദം ഒരു അവസരമായി കണക്കാക്കേണ്ടതാണ്. സ്വകാര്യതയെക്കുറിച്ച് വിശാലമായ കാഴ്ചപ്പാട് പുലർത്തിപ്പോന്ന രാഷ്ട്രീയകക്ഷിയാണ് കേരളം ഭരിക്കുന്നത്. ഘടകകക്ഷിയായ സി.പി.ഐയും ഇക്കാര്യത്തിൽ സുചിന്തിത നിലപാടുള്ളവരാണ്. മുൻമന്ത്രി ബിനോയ് വിശ്വം ആധാർകേസിൽ കക്ഷി ചേർന്നിരുന്നു. എന്തുകൊണ്ടും സമഗ്രമായൊരു നയരൂപവത്കരണത്തിന് അനുകൂലസമയമാണിത്.
പ്രതിപക്ഷനേതാവ് ഉയർത്തിക്കൊണ്ടുവന്നതുകൊണ്ടു മാത്രം സ്പ്രിംഗ്ലർ വിവാദം അപ്രസക്തമാകുന്നില്ല. 87 ലക്ഷം റേഷൻകാർഡ് വിവരങ്ങൾ അമേരിക്കക്ക് മറിച്ചുവിറ്റു എന്ന തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം അടിസ്ഥാനപരമായി ഇതിൽ ഉൾപ്പെടുന്ന ചില ഗൗരവതരമായ സംഗതികൾ ഗവൺമെൻറിനും ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് പ്രതികരണത്തിൽനിന്നു മനസ്സിലാകുന്നത്. സ്പ്രിംഗ്ലർ കമ്പനിയുമായി ഉണ്ടാക്കിയ സേവന ഉടമ്പടിയുടെ രേഖകൾ; വാങ്ങൽ ഉത്തരവും, എം.എസ്.എയും അനുബന്ധ രേഖകളും പരസ്യപ്പെടുത്താൻ ഗവൺമെൻറ് തയാറായത് സുതാര്യതയിലേക്കുള്ള നല്ലൊരു ചുവടുവെപ്പാണ്. ഏതെങ്കിലുമൊരു സാധാരണക്കാരൻ ഒരു വെബ്സേവനം ഉപയോഗപ്പെടുത്തുമ്പോൾ സേവന ദാതാവായ കമ്പനി മുന്നോട്ടുവെക്കുന്ന ടേംസ് ആൻഡ് കണ്ടീഷൻസ് വായിച്ചുനോക്കുകപോലും ചെയ്യാതെ ശരിയടയാളമിട്ടു പോകുന്ന പോലെ ഗവൺമെൻറുകൾ പ്രവർത്തിക്കരുത് എന്ന ബോധം ഭരിക്കുന്നവർക്ക് ഉണ്ടാവണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങള് ഉന്നയിച്ച ശേഷമാണ് നോൺ-ഡിസ്ക്ലോഷർ എഗ്രിമെൻറ് ഉൾപ്പെടുന്ന മറ്റു ആശയവിനിമയങ്ങൾ നടന്നതെന്നത് ആശങ്കകളോട് ഒരു തുറന്ന സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുവെന്നതിനും അതിനു ക്രിയാത്മകപ്രതികരണം ഉണ്ടാകുന്നു എന്നതിനും തെളിവാണ്. കമ്പനി ലെറ്റർപാഡിൽ അടിച്ചതായതുകൊണ്ടു മാത്രം അത് ഒരു കരാർ ആകില്ല എന്ന വാദം ശരിയല്ല.
പല ഗവൺമെൻറുകളും ഇത്തരത്തിൽ നിരവധി കമ്പനികളുടെ സേവനങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. സ്പ്രിംഗ്ലർ തന്നെ നേരത്തെയും അവരുടെ സേവനം ഗവൺമെൻറിന് നൽകിയിട്ടുണ്ടാകാം. പക്ഷേ, ഇതിനെയൊക്കെ അർഹിക്കുന്ന അവധാനതയോടെയാണോ ഗവൺമെൻറുകൾ സമീപിച്ചിട്ടുള്ളത് എന്നു ചോദിച്ചാൽ, ഉത്തരം അല്ല എന്നായിരിക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി സ്വകാര്യത സംബന്ധിച്ച സർക്കാർനയങ്ങൾ സുസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് ഇത് ആധികാരികമായി പറയാൻ കഴിയും.
ഒരു ‘സോഫ്റ്റ്വെയർ ആസ് സർവിസ്’ (SaaS ) സേവന ദാതാവാണ് സ്പ്രിംഗ്ലർ. ഉപഭോക്താക്കൾക്കായി അവരുടെ സോഫ്റ്റ്വെയറുകൾ അവരുടെതന്നെ സെർവറുകളിൽ പ്രവർത്തിപ്പിച്ച്, ഉപയോഗിക്കാൻ അനുവദിക്കുന്ന സംവിധാനമാണത്. നമ്മുടെ കമ്പ്യൂട്ടറിൽ ഓഫിസ് സ്യൂട്ട് ഇൻസ്റ്റാൾ ചെയ്യാതെതന്നെ നമുക്ക് ആവശ്യഘട്ടങ്ങളിൽ ഗൂഗ്ൾ ഡോക്സ് മുഖേന സ്പ്രെഡ്ഷീറ്റുകളും ഡോക്യുമെൻറുകളും ഉപയോഗിക്കാൻ കഴിയുന്നതുപോലെ. പലപ്പോഴും കമ്പനികളുടെയോ ഗവൺമെൻറുകളുടെയോ ഉപയോഗത്തിന് ഉപയുക്തമായ സോഫ്റ്റ്വെയറുകൾ സ്വയം വികസിപ്പിച്ചെടുക്കാൻ മെനക്കെടാതെതന്നെ ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഇതിെൻറ ഗുണം. പ്രത്യേകിച്ചും അടിയന്തരഘട്ടങ്ങളിൽ വിലപ്പെട്ട സമയം ലാഭിക്കാനും ഇത്തരം റെഡിമെയ്ഡ് ഉൽപന്നങ്ങൾ സഹായിക്കും. സ്പ്രിംഗ്ലർ ക്രോഡീകൃതമല്ലാത്ത വിവിധ വിവരങ്ങൾ (സോഷ്യൽ മീഡിയ ഫീഡുകളും മറ്റും) ശേഖരിച്ചു ക്രോഡീകരിക്കാൻ സഹായിക്കുന്ന ഒരു SaaS പ്ലാറ്ഫോം ആണ്. ആരോഗ്യമേഖലയുമായി നേരിട്ട് ബന്ധമുള്ളതല്ല. അതിനെ കസ്റ്റമൈസ് ചെയ്തു കേരളസർക്കാറിെൻറ ആവശ്യത്തിന് ഉതകുന്ന തരത്തിൽ ആക്കിയിട്ടുണ്ടാകും. മുതലാളിത്ത വ്യവസ്ഥിതിയിൽ ‘സൗജന്യ ഊൺ ഇല്ല’ എന്നു പറയുന്നതുപോലെ ഒന്നാംഘട്ടത്തിൽ ഒരു വിജയകഥ ആയിരുന്ന കേരളത്തിെൻറ കോവിഡ് പ്രതിരോധഗാഥയിൽ തങ്ങളുടെ പേരുകൂടി എഴുതിച്ചേർക്കുക വഴി ഒരു ഗവൺമെൻറ് സേവനദാതാവ് എന്ന നിലയിൽ സ്വയം പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യതകൂടി സ്പ്രിൻക്ലർ കണ്ടിട്ടുണ്ടാവാം. അത് വേറൊരു വശമാണ്.
പലരും സാങ്കേതിക വാചാടോപങ്ങൾ കൊണ്ട് വിവാദത്തെ അപ്രസക്തമാക്കിത്തീർക്കാൻ ശ്രമിക്കുന്നുണ്ട്. സാങ്കേതികതകളല്ല, വിവരശേഖരണ-വിശകലന സംവിധാനങ്ങൾ ആവിഷ്കരിക്കുമ്പോൾ മൗലികാവകാശ സംരക്ഷണത്തിനുതകുന്ന ഭരണപരവും നിയമപരവുമായ നടപടികൾക്കു ഭരണഘടനാബാധ്യതയുള്ള ഗവൺമെൻറ് സ്വീകരിച്ചിട്ടുണ്ടോ എന്നതാണ് കാതലായ ചോദ്യം.
സ്പ്രിംഗ്ലറുമായി കേരളം ഏർപ്പെട്ട ഉടമ്പടി 2018 മുതൽ കമ്പനി എല്ലാ ഉപഭോക്താക്കൾക്കുമായി രൂപകൽപന ചെയ്ത പൊതു കരാറാണ്. ഗവൺമെൻറ് ഒരു സ്വകാര്യ വിവര വിശകലന കമ്പനിയുമായി ഉടമ്പടിയിൽ എത്തുമ്പോൾ അത് നാട്ടുകാർക്കെല്ലാം വേണ്ടി കമ്പനി ഉണ്ടാക്കിയ പൊതുരേഖയിൽ തുല്യം ചാർത്തൽ ആകരുത്. കാരണം സർക്കാർ സംസ്ഥാനത്തെ/രാജ്യത്തെ മുഴുവൻ ജനങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. പൗരർ സർക്കാറിനെ വിശ്വസിച്ചാണ് വിവരങ്ങൾ കൈമാറുന്നത്. അവരുടെ വിശ്വാസത്തെ സാധൂകരിക്കുന്ന, അതത് നാടുകളിലെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ ഘടകങ്ങൾ ഉൾപ്പെടുത്തി, സർക്കാർ നിശ്ചയിക്കുന്ന നിബന്ധനകളിന്മേൽ ആയിരിക്കണം വിവരശേഖരണ-വിശകലന പരിപാടികൾ നടത്തേണ്ടത്. സമ്മത ശേഖരണം ഉൾെപ്പടെയുള്ള കാര്യങ്ങൾ ഒരു മൂന്നാം കക്ഷി ചെയ്യേണ്ടതല്ല. അത് ഗവൺമെൻറിെൻറ ഉത്തരവാദിത്തമാണ്. ഇവിടെ കോവിഡ്-19മായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കപ്പെടുന്നത് രോഗിയുടെയോ വീട്ടുകാരുടെയോ സമ്മതത്തോടുകൂടിയാണോ എന്ന് നിശ്ചയമില്ല. അത് ഗവൺമെൻറ് ഉറപ്പുവരുത്തേണ്ട കാര്യമാണ് എന്നു കമ്പനി അനുബന്ധ കരാറിൽ വ്യക്തമാക്കുന്നുണ്ട്. അതുവഴി സമ്മതശേഖരണം എന്ന നിയമപരമായ ബാധ്യതയിൽനിന്നു കമ്പനി ഒഴിവാകുകയാണ്. ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ശേഖരിച്ച് അവർതന്നെ വിവരശേഖരണ വെബ്സൈറ്റിൽ സമ്മതം രേഖപ്പെടുത്തി വിവരശേഖരണം നടത്തുന്ന രീതിയാണ് ഉള്ളത്. ഈ വിവരങ്ങൾ ശേഖരിക്കുന്നത് ആരാണ്, ഏതു സ്ഥാപനമാണ് വിശകലനം നടത്തുന്നത്, എങ്ങനെയൊക്കെയാണ് ഈ വിവരങ്ങൾ ഉപയോഗിക്കുക എന്ന കാര്യങ്ങളൊക്കെ ആത്യന്തികമായി വിവരങ്ങളുടെ ഉടമയായ വ്യക്തികൾ അറിയേണ്ടതാണ്. ഇതിനൊക്കെ അവരുടെ സമ്മതം ആവശ്യമാണ് എന്നത് വിവരസുരക്ഷയുടെ അടിസ്ഥാനതത്ത്വമാണ്. കൂടാതെ ആരോഗ്യ വിവരങ്ങൾ ഇന്ത്യൻ വൈദ്യഗവേഷണ സമിതി(ഐ.സി.എം.ആർ)യുടെ ധാർമിക മാർഗനിർദേശങ്ങൾ അനുസരിച്ചാണോ കൈകാര്യം ചെയ്യുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അവിടെയാണ് ആരോപണങ്ങൾ ഉയർന്ന ശേഷമുള്ള ഗവൺമെൻറ് നടപടികൾ പ്രതീക്ഷ നൽകുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തിൽ ഭാവിയിലേക്ക് അവധാനതയോടെയുള്ള തുടർനടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
സ്വകാര്യത ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണ്. സ്വകാര്യതയില്ലാതെ അന്തസ്സോടെയുള്ള ജീവിതം അസാധ്യമാണ്. അതുകൊണ്ടുതന്നെ ഓരോ പൗരെൻറയും സ്വകാര്യത സംരക്ഷിക്കാനുള്ള ഋണാത്മകവും ധനാത്മകവുമായ ബാധ്യത ഗവൺമെൻറുകൾക്കുണ്ട്. അനുവദനീയമായ നിയന്ത്രണങ്ങൾക്ക് അകത്തുനിന്നുകൊണ്ടു മാത്രമേ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവൺമെൻറുകൾക്കു പ്രവർത്തിക്കാനാകൂ. വിവരശേഖരണം, വിവര ഭരണം, വിവരവിശകലനം എന്നീ കാര്യങ്ങളിൽ ആനുപാതികത ഉറപ്പുവരുത്താൻ ഗവൺമെൻറുകൾ ബാധ്യസ്ഥരാണ്.
സർക്കാറുകൾ ബ്രാൻഡഡ് സോഫ്റ്റ്വെയർ സങ്കേതങ്ങൾ ഉപയോഗിക്കണോ, അതോ സർക്കാർതലത്തിൽ സ്വന്തമായി വികസിപ്പിച്ച സംവിധാനങ്ങൾ മാത്രമാണോ ഉപയോഗിക്കേണ്ടത് എന്നത് മറ്റൊരു വിഷയമാണ്. കേരളത്തിൽ സി-ഡിറ്റിനും, ഐ.ടി മിഷനും ഒക്കെ അതിനു കഴിയുമോ എന്ന ചോദ്യം വേറെ. സങ്കീർണമായ നിയമ, സാങ്കേതിക, സുരക്ഷ പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ, ക്രോഡീകൃതമല്ലാത്ത വിവരശേഖരങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്വെയർ സൊലൂഷൻസ് തെരഞ്ഞെടുത്തു കസ്റ്റമൈസ് ചെയ്തു ഉപയോഗിക്കാൻ കഴിയുന്ന വിധം സർക്കാർസംവിധാനങ്ങൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യകതയാണ്. അതുകൊണ്ടുതന്നെ ഇതൊരു അവസരമായി കാണുവാൻ കേരളത്തിന് കഴിയണം.
This article was first published in Madhyamam Daily on 18/04/2020