സംവരണം; പാറ്റ്ന ഹൈക്കോടതി വിധിയുയർത്തുന്ന ചോദ്യങ്ങൾ

ബീഹാറിൽ, ജാതി സെൻസസിന് ശേഷം, സംവരണം 65% ആയി വർധിപ്പിച്ച നടപടി പാറ്റ്ന ഹൈക്കോടതി റദ്ദു ചെയ്തിരിക്കുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം നമ്മുടെ ഭരണഘടനാ കോടതികളിൽ വിപുലമായ  ന്യായവിചാരങ്ങൾക്ക് വിധേയമാകാറുണ്ട്. ‘കഴിവും, കാര്യക്ഷമതയും’ ആണ് ഉയർന്നു വരാറുള്ള പ്രധാന മാനദണ്ഡം. സംവരണം തുല്യതയ്ക്കെതിരാണെന്ന മിഥ്യാധാരണയും കോടതികൾ ഒരുകാലത്ത് പുലർത്തി വന്നിരുന്നു. ചെമ്പകം ദൊരൈ രാജൻ കേസ് മുതൽ ഇങ്ങോട്ട് അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. അന്ന് മദ്രാസിലെ സംവരണ വിജ്ഞാപനം കോടതി റദ്ദ് ചെയ്തു. തുല്യതയ്ക്കെതിരാണ് എന്നായിരുന്നു നിഗമനം.  ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഗവൺമെൻറ് അതിനെ മറികടന്നത്. 

അടുത്തകാലത്ത്  ഗുജറാത്തിലെ പട്ടിദാർ സംവരണം, രാജസ്ഥാനിലെ ഗുജ്ജർ സംവരണം, മഹാരാഷ്ട്രയിൽ മറാഠി സംവരണം, ആന്ധ്രപ്രദേശിലെ മുസ്ലിം സംവരണം, ഗുജറാത്തിലെ ജാട്ട് സംവരണം തുടങ്ങിയവയൊക്കെ സുപ്രീംകോടതി റദ്ദു ചെയ്തിരുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഈ വിധികളിലെല്ലാം കോടതി ചൂണ്ടി കാണിച്ചിരുന്നത്: സമുദായങ്ങളുടെ പിന്നാക്കാവസ്ഥ വിദഗ്ധ സമിതി പഠിച്ചു വിലയിരുത്തിയിട്ടില്ല. പിന്നെ സംവരണ സീറ്റുകളുടെ എണ്ണം സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള 50 ശതമാനത്തിനു മുകളിലാണ്.

അത്തരം ധർമ്മ സങ്കടങ്ങളൊന്നും കോടതിയെ ബാധിക്കാതെ പോയത് ഇ. ഡബ്ലിയു. എസ്. എന്ന ഓമന പേരിൽ അറിയപ്പെടുന്ന സവർണ്ണ സംവരണ കേസിൽ മാത്രമാണ്. തുല്യതാ, കഴിവ്, കാര്യക്ഷമത തുടങ്ങിയ ഭാരിച്ച ചർച്ചകളൊന്നും വിധിയിൽ സംവരണത്തിനെതിരായി കടന്നുവന്നില്ല.  50 ശതമാനത്തിന്റെ കാര്യവും പരാമർശിക്കപ്പെട്ടില്ല. “സുപ്രീംകോടതിയുടെ 70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രത്യക്ഷത്തിൽ തന്നെ വിവേചനപരവും നീതി രഹിതവുമായ ഒരു കാര്യത്തിന് അനുമതി കൊടുക്കുന്നത് എന്ന വേദനയോടെയാണ് ഞാൻ എഴുതാൻ ആരംഭിക്കുന്നത്” എന്ന്, വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് എസ് ആർ ഭട്ടിനു പരിതപിക്കേണ്ടി വന്ന തരത്തിൽ, സവർണ്ണ സംവരണം നടപ്പിലാക്കുവാൻ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ ശരിവെക്കുകയാണ് കോടതി ചെയ്തത്. 

പാറ്റ്ന ഹൈക്കോടതി വിധി 

2023 ഒക്ടോബർ 2-ന് ബീഹാറിലെ ജാതി സെൻസസ് പൂർത്തിയായി. അതേത്തുടർന്ന് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമാക്കുന്നതിന് വേണ്ടി, നിലവിലുണ്ടായിരുന്ന സംവരണ സംവിധാനത്തിലെ സംവരണ ക്വോട്ട 50 ശതമാനത്തിൽ നിന്ന് 65% ആക്കി ഉയർത്തി. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നിട്ടുള്ളത്. ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് കുമാർ എന്നിവരുടെ ബെഞ്ചിന്റെതാണ് വിധി. 

ജാതി സെൻസസിൽ പിന്നാക്ക വിഭാഗക്കാരുടെ അനുപാതം, 85% വരെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംവരണം വർദ്ധിപ്പിക്കുവാൻ നിതീഷ് കുമാർ ഗവൺമെൻറ് തീരുമാനിച്ചത്. സംസ്ഥാന നിയമസഭാ ഏകപക്ഷീയമായാണ് ഈ തീരുമാനം അംഗീകരിച്ചത്. എന്നാൽ സംവരണ ക്വോട്ടയിൽ വരുത്തിയ ഭേദഗതി ഭരണഘടനാപരമല്ല എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. മൂന്നു കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിച്ചത്. ഒന്ന്, സംവരണം 50% പരിധി കഴിഞ്ഞിരിക്കുന്നു. രണ്ട്, ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്ന സംവരണം ‘ആനുപാതിക’ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയല്ല, ‘മതിയായ’ പ്രാതിനിധ്യമാണ് ലക്‌ഷ്യം. മൂന്ന്, പിന്നാക്ക വിഭാഗക്കാർക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് ബോധ്യപ്പെടുത്തുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ല. ഒരു വിദഗ്ധസമിതിയെയും നിയോഗിച്ചിട്ടില്ല. കണക്കുകൾ നോക്കുമ്പോൾ, ഈ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉണ്ടെന്നു കാണാം. 

വിധിയുടെ മറുവശം

ഈ മൂന്നു വിഷയങ്ങളും ഗൗരവതരമായ പരിശോധനകൾക്കു വിധേയമാക്കേണ്ടതാണ്. സംവരണം പരമാവധി 50 ശതമാനം മാത്രമേ പാടുള്ളുവെന്ന തത്വം ഭരണഘടനയിൽ ഉള്ളതൊന്നുമല്ല; പൂർണമായും കോടതികൾ സൃഷ്ടിച്ചതാണ്. 1962-ലെ എം ആർ ബാലാജി കേസ്, 1964-ലെ ടി ദേവദാസ് കേസ്, 1976- ലെ എൻ എം എം തോമസ് കേസ്, 1992-ലെ ഇന്ദിരാ സാഹ്നി കേസ്, 2006-ലെ എം നാഗരാജ് കേസ്, തുടങ്ങി നിരവധി വിധികളിൽ ഈ മാനദണ്ഡം നിഷ്കർഷിച്ചിട്ടുണ്ട്. സംവരണം 50 ശതമാനത്തിന് മുകളിൽ പോയാൽ, അത് മെറിറ്റിനെയും കാര്യക്ഷമതയെയും ബാധിക്കും എന്നാണ് നമ്മുടെ പരമോന്നത നീതിപീഠം പറഞ്ഞത്. സംവരണം 50%- ന് മുകളിൽ പോയാൽ അത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതാ സങ്കൽപ്പത്തിന് വിരുദ്ധമാകുമെന്ന് പറയുന്നുണ്ടെങ്കിലും, അതിനെ സാധൂകരിക്കാൻ പോന്ന ശക്തമായ നിയമ യുക്തി ഒന്നും വിധികളിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെയോ വിദഗ്ധ അഭിപ്രായത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല 50% എന്ന സംഖ്യ നമ്മുടെ നിയമവൈജ്ഞാനിക പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി തീർന്നത്.

ഇന്ദിരാ സാഹ്നി കേസിലെ ഒമ്പതംഗ വിശാല ബഞ്ചിന്റെ വിധിയിൽ, 50% ത്തിൻ്റെ മാനദണ്ഡം ഒരുതരത്തിൽ ലംഘിക്കുവാൻ പാടില്ലാത്തതല്ല എന്നു പറയുന്നുണ്ട്. വിദൂര ദേശങ്ങളിൽ, മുഖ്യധാരാ ജീവിതത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ ഒക്കെ 50 ശതമാനത്തിന് മുകളിൽ സംവരണമാകാം എന്നും പറയുന്നുണ്ട്. ഇ. ഡബ്ലിയു. എസ്. കേസിൽ, സംവരണം 50 ശതമാനത്തിന് മുകളിലായിരുന്നിട്ടും കോടതിയതു ശരി വച്ചിട്ടുണ്ട്. ബീഹാറിന്റെ കാര്യത്തിൽ, മാനവിക വളർച്ചാ സൂചികകൾ പരിശോധിച്ചാൽ, രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണിതെന്ന പരിഗണന നൽകാമായിരുന്നു. എന്നാൽ ഇന്ദിരാസാഹ്നി കേസിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ ബീഹാറിന് ബാധകമാണെന്ന് പാറ്റ്ന ഹൈക്കോടതി കണ്ടില്ല.

രണ്ടാമത്തെ കാര്യം, സംവരണം സംബന്ധിച്ച ‘ആനുപാതികമായ പ്രാതിനിധ്യം’, ‘മതിയായ പ്രാതിനിധ്യം’ എന്നിവ തമ്മിലുള്ള വ്യത്യാസമാണ്. നിയമനിർമ്മാണ സഭകളിലേക്കുള്ള സംവരണത്തിന് ആനുപാതികമായ പ്രാതിനിധ്യമാണ് പരിശോധിക്കുന്നത് എങ്കിൽ, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുഛേദം 16, ഉപഖണ്ഡം നാലിൽ ‘മതിയായ പ്രാതിനിധ്യം’ എന്ന പ്രയോഗമാണുള്ളത്. ഇത് രണ്ടും വ്യത്യസ്തമായ മാനദണ്ഡങ്ങളാണെന്ന് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വിശദീകരിച്ചിട്ടുണ്ട്. മതിയായ പ്രാതിനിധ്യം ഇല്ലെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് കോടതി പറയുന്നത്. ഇക്കാര്യങ്ങൾ പഠിക്കുവാൻ വിദഗ്ധരെ നിയോഗിച്ചിട്ടുമില്ല. എന്നാൽ, ബീഹാറിൽ ജാതി സെൻസസ് നടത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിന്റെയും പ്രാതിനിധ്യം സംബന്ധിച്ച കണക്കുകൾ സംസ്ഥാന സർക്കാരിനു മുന്നിലുണ്ട്. ഗവൺമെൻറ് തലത്തിൽ അത് പരിശോധിക്കപ്പെട്ടിട്ടുണ്ട്. ആ കാര്യം സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭ വിശദമായി ചർച്ച ചെയ്തതാണ്. അതിനുശേഷം ഏകപക്ഷീയമായാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ വിദഗ്ധരെ നിയോഗിക്കണമെന്ന ആവശ്യം എത്ര കണ്ട് അനിവാര്യമാണെന്നത് തർക്ക വിഷയമാണ്. കാരണം, മണ്ഡൽ കമ്മീഷന്റെ റിപ്പോർട്ട് നമുക്ക് മുന്നിലുണ്ട്. അതേ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പിന്നാക്കാവസ്ഥ അളക്കുവാൻ കഴിയും. അതിന് മറ്റൊരു വിദഗ്ധസമിതിയുടെ ആവശ്യമില്ല. മാത്രവുമല്ല, മണ്ഡൽ കമ്മീഷനിലെ മാനദണ്ഡങ്ങൾ രൂപീകരിക്കുവാൻ നിയോഗിക്കപ്പെട്ട വിദഗ്ധർ- എം എൻ ശ്രീനിവാസ്, യോഗേന്ദ്ര സിംഗ്, വി കെ ബർമൻ- എന്നിവർ കമ്മീഷൻ റിപ്പോർട്ടിനോട് വിയോജിക്കുകയാണ് ചെയ്തത്. എന്നിട്ടും കമ്മിറ്റി പറഞ്ഞിരിക്കുന്ന 17 മാനദണ്ഡങ്ങൾ സുപ്രീംകോടതി അംഗീകരിക്കുകയാണ് ചെയ്തത്. ബീഹാറിൽ ആണെങ്കിൽ, പുതിയൊരു വിഭാഗത്തിന് സംവരണം നൽകുകയല്ല ചെയ്തത് നിലനിന്നിരുന്ന സംവരണത്തിന്റെ ശതമാനം വർദ്ധിപ്പിക്കുക മാത്രമാണുണ്ടായത്. ഇക്കാര്യങ്ങളൊന്നും കോടതി അനുഭാവപൂർവ്വം പരിഗണിച്ചില്ല. 

സംവരണം, മെറിറ്റ്, കാര്യക്ഷമത എന്നിവയൊക്കെ വളരെ സങ്കീർണമായ സങ്കല്പനങ്ങളാണ്. ഈ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ തന്നെയാണ് ബീഹാറിൽ ജാതി സെൻസസ് ശരിവച്ചുകൊണ്ട് വിധിയെഴുതിയതും. സുപ്രീം കോടതിയുടെ തന്നെ നിരവധി വിധികൾ ഉയർത്തുന്ന പരിമിതികൾ ഹൈക്കോടതിക്കു മുന്നിലുണ്ടായിരുന്നു. അതിൻ്റെ ചുവടുപിടിച്ചാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മെറിറ്റിനെ അതിൻ്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് നിർവചിക്കേണ്ടതുണ്ട്. സംവരണം 50 ശതമാനത്തിനു മുകളിൽ വന്നാൽ അത് കാര്യക്ഷമതയെ ബാധിക്കുമെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഒന്നും ഇല്ല. ജനറൽ വിഭാഗത്തിൽ ജോലിയിൽ കയറുന്നവർ സംവരണം വഴി പ്രവേശനം ലഭിച്ചവരെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന വസ്തുതകളുമില്ല. ഉന്നത കുലജാതർ ജനറൽ കോട്ടയുടെ കാര്യക്ഷമതയും സംശുദ്ധിയും, സംവരണത്തിലൂടെ എത്തുന്നവർ വന്നാൽ ഇല്ലാതാകും എന്ന് പറയുന്നത് ഒരു പ്രാകൃത ചിന്തയുടെ പ്രതിഫലനം കൂടിയാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹിക മാറ്റത്തിന്റെ വിശാലദർശനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് സാമൂഹ്യനീതിയുടെ ബാലപാഠങ്ങളെ നിരാകരിക്കുന്നതാണ്.

First Published in Suprabhatham Daily on 8 June 2024

LEAVE A REPLY

Please enter your comment!
Please enter your name here