പുതുവർഷം കേരളത്തിന് പ്രതീക്ഷകളുടേതുമാണ്. സമൂഹത്തെ പിന്നോട്ട് നടത്തി, ബ്രാഹ്മണ്യത്തിന്റെ പ്രാകൃതബോധത്തിലേക്ക് ഒതുക്കാൻ ശ്രമിച്ചവർക്ക് എതിരെ കേരളം പ്രതിരോധത്തിന്റെ മതിലുയർത്തിയത് രാജ്യാന്തര ശ്രദ്ധയാകർഷിച്ചു. ഇന്നിതാ ബിന്ദുവും കനകദുർഗയും ചരിത്രത്തിലേക്ക് മല ചവിട്ടി കയറിയിരിക്കുന്നു.
ഒരു ഭരണാധികാരി എന്ന നിലയ്ക്ക് ശ്രീ. പിണറായി വിജയൻ ചരിത്രത്തിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നു. ചുറ്റും രാഷ്ട്രീയ കോമാളികൾ ആചാര സംരക്ഷകരായി പ്രഹസനമാടിയപ്പോൾ, തലയുയർത്തിപ്പിടിച് നിന്നതിന്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ തുല്യതയും ഭരണഘടനാ ധാർമികതയും ഉയർത്തിപ്പിടിച്ചതിന്. സ്വന്തം പാർട്ടിക്കാർ പോലും അറച്ചു നിന്നപ്പോൾനിന്നപ്പോൾ അര നൂറ്റാണ്ടിനു ശേഷം കേരള സമൂഹത്തിൽ നാവോത്ഥനം എന്ന വാക്ക് ചർച്ചയാക്കിയതിന്.
അതിനീചമായ ഒരു സാമൂഹ്യ വ്യവസ്ഥ നില നിന്നിരുന്ന നമ്മുടെ രാജ്യത്തു സംഭവിച്ച ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു ഭരണഘടന. ബ്രഹ്മണ്യവും സ്മൃതികളും സമ്മാനിച്ച ശ്രേണീകൃത അസമത്വങ്ങളുടെ മൂല്യങ്ങളെ പാടെ നിരസിച്ചുകൊണ്ട്, നമുക്ക് തീർത്തും അപരിചിതമായിരുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആധുനിക മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയ ഒരു സാമൂഹ്യ പദ്ധതിയാണ് ഭരണഘടന നമുക്ക് വാഗ്ദാനം ചെയ്തത്.
1927-ലെ ക്രിസ്മസ് ദിനത്തിൽ മനുസ്മൃതി കത്തിച്ചുകൊണ്ട് ഡോ. ബി ആർ അംബേദ്‌കർ ഇന്ത്യയിലെ അധസ്ഥിത ജനതയ്ക്കു നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണത്.
ആ മഹത്തായ ലക്ഷ്യത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്നതാണ് ശബരിമല കേസിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടിന്റെ ചരിത്ര വിധിന്യായം. അതിന്റെ ഒരു ഭാഗം തുടങ്ങുന്നത് അംബേദ്കറിൽ നിന്നാണ്. അംബേദ്കറെ വായിച്ചിട്ടുള്ള ആർക്കും മനസിലാകും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് രണ്ട് ധാരകൾ ഉണ്ടായിരുന്നുവെന്ന്. ഒന്ന് വൈദേശികാധിപത്യത്തിൽ നിന്നും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം. മറ്റൊന്ന് നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന നികൃഷ്ടമായ സാമൂഹിക പരിസരങ്ങളിൽ ചരിത്രപരമായി അടിച്ചമർത്തപ്പെട്ട ജനതയുടെ വിമോചനം. ഈ രണ്ടു ധാരകളുടെയും ഉത്പന്നമാണ് നമ്മുടെ ഭരണഘടന.
സ്വാതന്ത്ര്യലബ്ധിയോടു കൂടി ആദ്യ ധാര ലക്‌ഷ്യം കണ്ടു. രാഷ്ട്രീയ ജനാധിപത്യത്തിന് വേണ്ട നിയമസംഹിതയും സ്ഥാപനഘടനയും ജന്മം കൊണ്ടു. അതിനുള്ള അടിസ്ഥാനപ്രമാനമായി ഭരണഘടനാ. ഇനിയും നാം മുന്നോട്ട് കൊണ്ട് പോകേണ്ടത് ചരിത്രപരമായ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും നിദാനമായ വ്യവസ്ഥിതിയോടുള്ള പോരാട്ടമാണ്. ആ പോരാട്ടത്തോടുള്ള പ്രതിബദ്ധതയാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവ്.
ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിലെ യുവതീ പ്രവേശനത്തെ കേവലം ഒരു അമ്പലത്തിനുള്ളിൽ മാത്രം നടക്കുന്ന ആചാരപരമായ വേർതിരിവ് മാത്രമായി ചുരിക്കിക്കണ്ടപ്പോൾ, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ ഈ വിവേചനത്തിന്റെ വേരുകൾ തേടുകയാണ് അദ്ദേഹം ചെയ്തത്.
ഒരു റസ്റ്റോറന്റിൽ “കറുത്തവർക്ക് പ്രവേശനമില്ല” എന്ന ബോർഡ് വച്ചാൽ അതിനെ ഒരു സ്വകാര്യവ്യക്തിയുടെ റെസ്റ്റോറന്റിലെ ഒരു നിയന്ത്രണം മാത്രമായി നമുക്ക് വേണമെങ്കിൽ വ്യാഖ്യാനിക്കാം. പക്ഷെ സത്യമതല്ല. അതിന് കൃത്യമായും ഒരു സാമൂഹിക പശ്ചാത്തലമുണ്ട്. അത് പൊതു സമൂഹത്തെ ബാധിക്കുന്ന കാര്യം തന്നെയാണ്. അത് കറുത്തവരോടുള്ള വിവേചനമാണ്. അത് കറുത്തവർഗക്കാരുടെ അന്തസിനെ, ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്നതാണ്.
ശബരിമലയിലും അതാണ് നടക്കുന്നത്. സ്ത്രീകളോടുള്ള വിവേചനമണത്. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിയുടെ, അത് പേറുന്ന ബ്രഹ്മണിക്കൽ നീതിബോധത്തിന്റെ ബഹിർസ്ഫുരണം. ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കേണ്ട ബാധ്യത സ്ത്രീകൾക്ക് വന്നുചേരുന്ന നീചനീതി.
ഈ നീതിബോധത്തിന്റെ ഉറവിടം സവർണ ഹൈന്ദവതയുടെ ജീർണിച്ച പാരമ്പര്യമാണ്. കൃത്യമായി പറഞ്ഞാൽ മനുസ്മൃതി മുന്നോട്ടു വയ്ക്കുന്ന നീതിബോധമാണിത്.
സ്ത്രീ എന്നാൽ പുരുഷനെ കളങ്കപ്പെടുത്തുന്ന മാലിന്യമാണ് എന്ന ബോധം (മനുസ്മൃതി 2:213). ഇതേ ഗ്രന്ഥത്തിന്റെ ശ്ലോകം 2:215-ൽ പറയുന്നത് പുരുഷൻ ഒരു സ്ത്രീയോടൊപ്പം, അത് അമ്മയോ മകളോ സഹോദരിയോ ആയിക്കൊള്ളട്ടെ, ഒറ്റയ്ക്ക് ഇരിക്കരുത് എന്നാണ്. സ്ത്രീ സാന്നിധ്യത്തിൽ വികാരങ്ങൾ ഏതൊരു ജ്ഞാനിയെയും കീഴ്പ്പെടുത്തുതുമത്രെ!
ഈ നികൃഷ്ട ധാർമികതയുടെ ഉച്ചിയ്ക്ക് ഭരണഘടനാ ധാർമികതയുടെ ചുറ്റികയ്ക്ക് അടിച്ചുകൊണ്ടാണ് ജസ്റ്റിസ്. ചന്ദ്രചൂഡ് പറയുന്നത്, ദൈവത്തിന്റെ ബ്രഹ്മചര്യം കാത്തുരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്ത്രീയ്ക്ക് ഇല്ല എന്ന്.
ഇതേ നീതിബോധത്തിന്റെ മറ്റൊരു വശമാണ് ജാതീയതയ്ക്ക് ദാർശനിക ഭാഷ്യം രചിച്ചുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും നികൃഷ്ടമായ സാമൂഹിക വ്യവസ്ഥിതിയെ പരിപാലിച്ചു പോന്നത്. ആർട്ടിക്കിൾ 17, അയിത്തതിനെതിരെയുള്ള മൗലികാവകാശം, ഭരണഘടനയിൽ ഇടം നേടിയത് അങ്ങനെയാണ്. യഥാർത്ഥത്തിൽ മൗലീകാവകാശങ്ങളിൽ പെടേണ്ട ഒരു വകുപ്പേ അല്ല അത്. ആർട്ടിക്കിൾ 14-ഉം 15-ഉം 16-ഉം ഒക്കെ ഉയർത്തിപ്പിടിക്കുന്ന തുല്യതയുടെ കീഴിൽ ഇതും വരുമായിരുന്നു. പക്ഷേ, ഇന്ത്യയിൽ ഉണ്ടായിരുന്ന സമാനതകളില്ലാത്ത നീതി നിഷേധത്തിന്റെ ചരിത്രം, ആർട്ടിക്കിൾ 17-നെ ഒരു അനിവാര്യതയാക്കുന്നു എന്ന് നമ്മുടെ ഭരണഘടനാ ശിൽപ്പികൾ തിരിച്ചറിഞ്ഞു. ഭരണഘടനാ നിർമാണ സഭയിൽ ആളാടി കൃഷ്ണ ഐയ്യർ പറഞ്ഞത് “ഇന്ത്യയിൽ സാമൂഹിക വിഷയം കൂടിയല്ലാത്ത ഒരു മതകാര്യവും ഇല്ല” എന്നാണ്.
മറ്റ് മൗലീകവകാശങ്ങളെപ്പോലെ കേവലം സ്‌റ്റേറ്റിന് എതിരായുള്ള ഒരു അവകാശമല്ല ആർട്ടിക്കിൾ 17. തിരശ്ചീനമായ ഒരു തലമുണ്ട് അതിന്. മാർദ്ധനോപാധിയായി മാറുന്ന സാമൂഹിക വ്യവസ്ഥിതിയ്‌ക്കെതിരെയാണ്. അശുദ്ധ സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായ പ്രാകൃത മത ബോധങ്ങൾക്കെതിരെയാണ്. ചരിത്രപരമായ വിവേചനങ്ങൾക്കെതിരെയാണ്.
ആർട്ടിക്കിൾ 17, കേവലം ജാതി വിവേചനത്തിന് എതിരെയുള്ള വകുപ്പല്ല. ഭരണഘടനാ നിർമാണ സമിതിയിൽ ഒരുപാട് ചർച്ച ചെയ്ത വിഷയമാണിത്. ജാതി എന്ന വാക്ക് ഈ വകുപ്പിൽ ഉൾപ്പെടുത്തണമോ എന്നത്. വിശദമായ ചർച്ചയ്ക്കു ശേഷം ‘ജാതി’ വേണ്ട എന്ന് വച്ചു. അതായത് മറ്റു വിവേചനങ്ങളും ഇതിൽ വരും. എന്ന് വച്ചാൽ എന്ത് വിവേചനവും ഇത്ര കർശനമായ വകുപ്പിന് കീഴിൽ വരുമെന്നല്ല. പക്ഷെ നമുക്ക് അതിന്റെ സ്വഭാവത്തെ മനസിലാക്കാൻ കഴിയും.
സ്ത്രീകൾക്കെതിരായ ‘ആർത്തവ-വിവേചനം’ പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ഇതിന്റെ പേരിൽ ചരിത്രപരമായി അവർ അടിച്ചമർത്തപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രത്യേക വിഭാഗമാണവർ. ധനികയെന്നോ, ദരിദ്രയെന്നോ വ്യത്യാസമില്ല അതിൽ. ജാതിഭേദവുമില്ല. ഒരു ജൈവ പ്രക്രിയയുടെ പേരിൽ അശുദ്ധി കൽപ്പിക്കുന്നത് ജനനം കൊണ്ട് അശുദ്ധി കല്പിക്കുന്നതിന് തുല്യമാണ്. അത് പ്രാകൃതമായ മതബോധം നൽകുന്ന ശുദ്ധാശുദ്ധ സങ്കല്പങ്ങളുടെ ഭാഗവുമാണ്.
അതുകൊണ്ട് ആർത്തവത്തിന്റെ പേരിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം അയിത്തമാണ്. ആർട്ടിക്കിൾ 17ന്റെ ലംഘനമാണ്. മനുഷ്യത്വ വിരുദ്ധമാണ്. ആധുനിക സമൂഹത്തിന് യോജിക്കാത്തതാണ്.
ഭരണഘടന മനസിലാക്കുകയും ഇല്ലാതാക്കുവാനും മാറ്റിമറിക്കുവാനും ആഗ്രഹിക്കുകയും ചെയ്ത അനീതിയുടെ വേരുകളന്വേഷിക്കുകയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തത്. അംബേദ്‌കർ കൈപിടിച് എഴുതിപ്പിച്ചതുപോലെ മനോഹരമായി, ഭരണഘടനയുടെ ആത്മാവിനെ തൊട്ടറിയുന്ന ഒരു വിധിന്യായത്തിലൂടെ അദ്ദേഹം ആ ജോലി സ്തുത്യർഹമായി നിർവഹിക്കുകയും ചെയ്തു.
ഇനിയും പ്രാകൃത ആചാരങ്ങൾ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നവർ നവോത്ഥാന പരമ്പര്യത്തെക്കുറിച് ഊറ്റം കൊള്ളുന്ന സമൂഹത്തിന് അപമാനമാണ്.
അതുകൊണ്ടുതന്നെ ശബരിമല തന്ത്രിയുടെ ഇന്നത്തെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത് നിയമവിരുദ്ധമാണ്, സുപ്രീംകോടതി വിധിയുടെ അന്തസതയ്ക്ക് എതിരാണ്. കാരണം ശുദ്ധാശുദ്ധങ്ങളെ അടിസ്ഥാനമാക്കിയ സാമൂഹിക വ്യവസ്ഥിതിയ്ക്ക് എതിരെയുള്ള സംസ്കാരികവിയോജനം കൂടിയായിരുന്നു ശബരിമല വിധി. അതുകൊണ്ടാണ് യുവതികളോടുള്ള വിവേചനം അയിത്തമാണെന്ന നിഗമനത്തിൽ. കോടതി എത്തിച്ചേർന്നത്
ശുദ്ധിക്രിയ ആയിത്താചാരമാണ്. 6 മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത് ചെയ്ത തന്ത്രി ഇനി അവിടെ ഇരിക്കാൻ യോഗ്യനല്ല. എത്രയും പെട്ടെന്ന് അയാളെ പുറത്താക്കി, ബാക്കി നിയമപരമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
An abridged version of this artcle was published in Mangalam Daily on 03/01/2019