നീതി തേടുന്ന മനുഷ്യർ കോടതിയിൽ അമിത പ്രതീക്ഷ പുലർത്താത്ത ഒരു ഘട്ടത്തിലാണ് ഇന്ത്യൻ സുപ്രീം കോടതി പുതുവർഷത്തെ വരവേൽക്കുന്നത്. നമ്മുടെ ജനാധിപത്യ സംവിധാനത്തിനകത്ത്, ഭരണഘടന മൂല്യങ്ങളുടെ അവസാന ആശ്രയവും, ദുരിതമനുഭവിക്കുന്നവരുടെ അഭയകേന്ദ്രവും, ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗങ്ങൾക്കെതിരെയുള്ള പ്രതിരോധവുമാണ് ജുഡീഷ്യറി. എന്നാൽ സമീപകാല ചരിത്രം ഭരണഘടന കോടതികൾ ഭരണകൂട കോടതികൾ ആയി പരിവർത്തനപ്പെടുന്നതിന്റേതാണ്. ഇതിൽ നിന്നുമൊരു മാറി നടത്തം സാധ്യമാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.
സമീപകാല ചരിത്രം
ജുഡീഷ്യറിയും ഭരണകൂടവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തിൻറെ ചുരുളുകൾ അനാവരണം ചെയ്യപ്പെട്ട വർഷങ്ങളാണ് കഴിഞ്ഞു പോയത്. ആധാർ മുതൽ കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച നടപടി വരെയുള്ള കേസുകളിൽ, ഭരണഘടനയുടെ വിചിത്ര വ്യാഖ്യാനങ്ങളിലൂടെ ഗവൺമെൻറ് നടപടികളെ സംരക്ഷിക്കുന്ന തീരുമാനങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്. ഇലക്ട്രൽ ബോണ്ട് പദ്ധതി റദ്ദാക്കിയതും, ബിൽകിസ് ബാനോ കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് കൊടുത്ത നടപടിക്കെതിരെ വിധിച്ചതും, ഉൾപ്പെടെയുള്ള അപൂർവ്വം കേസുകളിൽ ശ്രദ്ധേയമായ വിധികൾ ഉണ്ടായെങ്കിലും രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളിലധികവും ഭൂരിപക്ഷ രാഷ്ട്രീയ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് ജുഡീഷ്യറി അടിപ്പെട്ടുവെന്ന് മുൻ സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉദാഹരണത്തിന്, പൗരത്വ നിയമഭേദഗതി സംബന്ധിച്ച കേസും പള്ളി-അമ്പലം തർക്കങ്ങളിൽ വളരെ വൈകി മാത്രം ഉണ്ടായ ഇടപെടലുകളും വളരെ സെലക്ടീവായി മാത്രം ജാമ്യം അനുവദിക്കുന്ന സാഹചര്യവും നിലവിലുണ്ട്. നിതിന്യായ സംവിധാനത്തിന്റെ വിശ്വാസത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യപരതയും ഇതിനുണ്ട്.
2025: മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ വർഷം
മൂന്ന് ചീഫ് ജസ്റ്റിസുമാർ ഉണ്ടാവുന്ന വർഷം എന്ന പ്രത്യേകതയുണ്ട് 2025-ന്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്. ഇതിൽ ജസ്റ്റിസ് സൂര്യകാന്തിന് മാത്രമാണ് ദീർഘമായ ഒരു കാലയളവ് ഉള്ളത്. 2027 ഫെബ്രുവരിയിലാണ് അദ്ദേഹം വിരമിക്കുക. മറ്റു രണ്ടുപേർക്കും ഏതാനും മാസങ്ങൾ മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കാൻ കഴിയുക എന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിവർത്തനങ്ങൾക്കും പരിഷ്കരണങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു. ജസ്റ്റിസ് ഖന്ന, അടിയന്തരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ, ഹേബിയസ് കോർപ്പസ് കേസിൽ, ഗവൺമെൻറിനെതിരെ, വിയോജനവിധി എഴുതിയ ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ ബന്ധുവാണ്. ഒരു ന്യായാധിപൻ എന്ന നിലയിൽ ജുഡീഷ്യറിയെക്കുറിച്ച് പരമ്പരാഗതമായ കാഴ്ചപ്പാടുകളുള്ള അദ്ദേഹം, ഭരണഘടന ധാർമികതയും അവകാശങ്ങളും ഗൗരവമായി പരിഗണിക്കുന്ന ചരിത്രമുള്ള വ്യക്തിയാണ്. പരിഹരിക്കാനാകാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹമോചനം അനുവദിക്കാമെന്ന നിലപാട്, പ്രമോഷനിലും സംവരണം അനുവദനീയമാണെന്ന വിധി, ഓരോ കേഡറിലും പ്രമോഷൻ നൽകണമെന്ന അഭിപ്രായം, വിവരാവകാശം കോടതികൾക്കും ബാധകമാണെന്ന് ഉത്തരവിട്ടത്, തുടങ്ങി പല കാര്യങ്ങളിലും അതു ബോധ്യപ്പെട്ടിട്ടുണ്ട്.
മാറ്റത്തിന്റെ സൂചനകൾ
രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ തീരുമാനമെടുക്കാതെ നീട്ടിവെച്ച് ഗവൺമെന്റിന് ഏത് നിയമവിരുദ്ധമായ കാര്യങ്ങളും സാധിച്ചു കൊടുക്കുന്ന സമീപനം കുറച്ചുകാലങ്ങളായി സുപ്രീംകോടതി സ്വീകരിക്കുന്നു എന്ന വിമർശനം പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപകാലത്ത് ചില മാറ്റങ്ങളുടെ സൂചനയുമുണ്ട്. ജസ്റ്റിസ് യു യു ലളിത്, ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് കുറെയധികം കേസുകൾ പരിഗണിക്കുകയും, ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും, വിധികളോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പോലും, പല കേസുകളിലും തീർപ്പുണ്ടാകണമെന്ന സമീപനം സ്വീകരിച്ചിരുന്നു. ബുൾഡോസർ നീതിക്കെതിരെ ഉണ്ടായ വിധി ശ്രദ്ധേയമായിരുന്നു. ജസ്റ്റിസ് ഖന്ന, ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട കേസിൽ സ്വീകരിച്ച നിലപാടും ആശാവഹമാണ്.
അതോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലഘട്ടത്തിൽ, കോടതി നടപടികളുടെ ഡിജിറ്റൈസേഷനിൽ ഉണ്ടായ പുരോഗതി. വെർച്വൽ കോടതിയും, ലൈവ് സ്ട്രീമിങ്ങും,
സുതാര്യതയും പൊതുജനങ്ങളിൽ വിശ്വാസതയും വളർത്തുന്നതിന് ഉപകരിക്കും. ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുവാൻ 2025 ലും ശ്രമങ്ങൾ ഉണ്ടാവണം.
രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ
2025-ൽ, രാഷ്ട്രീയ പ്രാധാന്യമുള്ളതും, ഭരണഘടനാധാർമികതയുടെ മാറ്റുരയ്ക്കുന്നതുമായ നിരവധി കേസുകളാണ് തീർപ്പാക്കേണ്ടതായുള്ളത്.
രാജ്യത്തെ ധ്രുവീകരണ രാഷ്ട്രീയത്തിന് കോടതി കൂട്ടു നിൽക്കുന്നുവെന്ന ആശങ്ക ഉണർത്തുന്ന പല കേസുകളുമുണ്ട്. ആരാധനാലയ നിയമത്തിന്റെ ഭരണഘടനാസാധ്യത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കോടതിയുടെ പരിഗണനയിലാണ്. പ്രതീക്ഷ നൽകുന്ന ഇടക്കാല ഉത്തരവുണ്ടായെങ്കിലും, അന്തിമമായി കോടതി എന്താണ് തീരുമാനിക്കുന്നത്, ഇക്കാര്യത്തിൽ ഗവൺമെൻറ് സമീപനം എന്തായിരിക്കും എന്നതൊക്കെ പ്രധാനമാണ്. ശബരിമല വിധി പുന:പരിശോധനയുടെ ഭാഗമായി, ‘അവശ്യമതാചാരങ്ങൾ’ സംബന്ധിച്ച അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങൾ കോടതി വിലയിരുത്തേണ്ടതുണ്ട്. ഹിന്ദു, മുസ്ലിം, സിഖ് ആചാരക്രമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. മറ്റൊന്ന് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ഭരണഘടനാ പ്രശ്നങ്ങളാണ്. വൈവിധ്യങ്ങളെ കോർത്തിണക്കുന്ന ഇന്ത്യൻ ദേശീയതയെ പുനർനിർവചിക്കാനുള്ള ശക്തി ഈ വിഷയത്തിനുണ്ട്. കർണാടക സംസ്ഥാന ഗവൺമെൻറ് കോളേജുകളിൽ ഹിജാബ് നിരോധിച്ച നടപടി രണ്ടംഗ സുപ്രീംകോടതി ബെഞ്ചിൽ ഭിന്നാഭിപ്രായമാണ് ഉണ്ടാക്കിയത്. അതിൻറെ അന്തിമ പരിഹാരത്തിനു വേണ്ടി രൂപീകരിക്കുന്ന പുതിയ ബെഞ്ചിന്റെ തീരുമാനവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഇതിൽ ഏറ്റവും പ്രസക്തമായ കേസ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടാണ്. സിവിക്ക് ദേശീയതയിൽ നിന്ന് എത്ത്നിക് ദേശീയതയിലേക്കുള്ള സമ്പൂർണ്ണമായ മാറ്റം സുപ്രീംകോടതി അനുവദിക്കുമോയെന്ന് കാത്തിരുന്നു കാണാം.
കഴിഞ്ഞ ഒരു ദശകക്കാലം കൊണ്ട്, ഇന്ത്യ ക്രമേണ ഒരു ജനാധിപത്യ രാജ്യമല്ലാതായിക്കൊണ്ടിരിക്കുന്നു, എന്ന വിലയിരുത്തലുകൾക്ക് കാരണമായ പ്രധാനപ്പെട്ട പ്രശ്നം പൗരാവകാശ ലംഘനങ്ങളായിരുന്നു. രാഷ്ട്രീയമായും നിയമപരമായും അവകാശങ്ങളെ വകവയ്ക്കാത്ത നിലപാടുകൾക്കാണ് പ്രാമുഖ്യം ലഭിച്ചത്. രാജ്യത്തെ ജയിലുകളിൽ വിചാരണയില്ലാതെ, വിവിധ മർദ്ദകനിയമങ്ങൾക്ക് കീഴിൽ കഴിയുന്ന നിരാലംബരായ മനുഷ്യരുടെ ഭാവി സുപ്രീംകോടതി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെ എത്രയോ മനുഷ്യരാണ് തടവറയിൽ കഴിയുന്നത്. വിവാഹബന്ധത്തിനകത്തെ ബലാത്സംഗം, മതസ്വാതന്ത്ര്യം, ലിംഗ സമത്വം തുടങ്ങിയ മേഖലകളിലും പ്രഥമ പരിഗണന ലഭിക്കേണ്ട കേസുകളുണ്ട്.
ഭരണകൂടത്തിന്റെ അമിതാധികാരം പ്രയോഗം നിയന്ത്രിക്കുകയെന്ന പ്രാഥമിക കർത്തവ്യം സുപ്രീംകോടതി നിർവഹിക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അനിയന്ത്രിതമായ അധികാരങ്ങൾ സംബന്ധിച്ച് ചില ചോദ്യങ്ങൾ കോടതി ഉന്നയിച്ചുമെങ്കിലും, 2022-ൽ ഇ.ഡി.യുടെ എല്ലാ അധികാരങ്ങളും ശരിവച്ചു കൊണ്ടുണ്ടായ വിധി സുപ്രീംകോടതി തിരുത്തുമോ എന്ന കാര്യം കണ്ടറിയണം. പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ചുള്ള ഹർജികളും ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്നതാണ്. ജനാധിപത്യമൂല്യബോധം ഉയർത്തിപ്പിടിക്കുന്ന നിലപാട് സുപ്രീംകോടതി സ്വീകരിച്ചില്ലെങ്കിൽ അത് രാജ്യത്തിൻറെ ഭാവിയെ ഇരുളിലാഴ്ത്തും.
രാജ്യത്തിൻറെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന അതിഭീമമായ എണ്ണം കേസുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും പ്രധാനമാണ്. ഭരണഘടനാ കോടതികളിൽ പോലും ഒഴിവു നികത്തുവാൻ കഴിയുന്നില്ല. കൊളീജിയം നാമനിർദ്ദേശങ്ങൾ ഗവൺമെൻറ് പരിഗണിക്കുന്നില്ല. കൊളീജിയം സംവിധാനം തീർത്തും സുതാര്യതയില്ലാത്തതാണെന്നൂം ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കൊപ്പം മാത്രമാണ് ഇപ്പോൾ നിലകൊള്ളുന്നതെന്നും ജസ്റ്റിസ് മുരളീധർ ഉൾപ്പെടെയുള്ള സത്യസന്ധരായ ന്യായാധിവർക്കുണ്ടായ അനുഭവ പശ്ചാത്തലത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിൽ മാറ്റമുണ്ടാവുമെന്ന് വിചാരിക്കാൻ കഴിയില്ല. അതുപോലെതന്നെയാണ് മാസ്റ്റർ ഓഫ് ദ റോസ്റ്റർ പദവി ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് കേസുകൾ വിവിധ ബഞ്ചികൾക്ക് നൽകുന്ന സംവിധാനം. രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പരിഗണനകൾ വച്ച് വീതിച്ചു നൽകുന്നുവെന്ന ആരോപണത്തിനും എളുപ്പം മറുപടി ഉണ്ടാകാനിടയില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൈസേഷൻ കൊണ്ടു മാത്രം നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം വന്നുകൊള്ളണമെന്നില്ല. അതിന് വളരെ നിശ്ചയദാർഢ്യത്തോടെയുള്ള ഭരണപരമായ ഇടപെടലുകൾ ആവശ്യമാണ്. അതിനുതകുന്ന സാഹചര്യം 2025ൽ പൊടുന്നനെ സൃഷ്ടിക്കപ്പെടുമെന്നും കരുതുക വയ്യ.
അവസാന പ്രതീക്ഷ
വിമർശനങ്ങളും വെല്ലുവിളികളും ഏറെയുള്ളപ്പോഴും, രാജ്യത്ത് പ്രതീക്ഷയുടെ അവസാന നാളമായി സുപ്രീംകോടതിയെ ഇപ്പോഴും നമ്മൾ പരിഗണിക്കുന്നുണ്ട്. സങ്കീർണമായ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിൽ, ഇടപെടാനുള്ള സന്നദ്ധത സമീപകാലത്ത് സുപ്രീംകോടതി കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. ബുൾഡോസർ നീതി, ആരാധനാലയ നിയമം, അറസ്റ്റ് ചെയ്യാനുള്ള ഇ.ഡി.യുടെ അധികാരം തുടങ്ങിയ വിഷയങ്ങളിൽ അതു നാം കണ്ടതാണ്. ഒപ്പം ഭരണപരമായ പരിഷ്കാരങ്ങളും സുതാര്യത ഉറപ്പുവരുത്തുന്ന ആധുനികവൽക്കരണവും ഉണ്ടായാൽ, വലിയ മാറ്റത്തിന് വഴിവയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.
പുതുവർഷത്തെ വരവേൽക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങളുടെ നിതാന്ത കാവൽക്കാരൻ എന്ന നിലയിൽ സ്വന്തം സാന്നിധ്യം ആവർത്തിച്ചുറപ്പിക്കുന്നതിനുള്ള ബാധ്യത നിതിന്യായ സംവിധാനത്തിനുണ്ട്. സമ്മർദ്ദങ്ങൾക്കു മുകളിൽ ഭരണഘടനാ ധാർമികതയെ പ്രതിഷ്ഠിക്കാൻ കഴിഞ്ഞാൽ, നീതിന്യായ വ്യവസ്ഥയും ഭരണകൂടവും തമ്മിലുള്ള വിമർശനവിധേയമായ ബാന്ധവത്തെ തരണം ചെയ്ത്, നീതിയുടെ വീഥിയിലൂടെ മുന്നോട്ടു നടക്കാൻ ജുഡീഷ്യറിക്കു കഴിയും. വഴിയിൽ ഉപേക്ഷിച്ച, ജനാധിപത്യത്ത മൂല്യങ്ങളെ വീണ്ടെടുക്കാൻ നമ്മുടെ രാഷ്ട്രത്തിന് കഴിയട്ടെ.
First published on 29/12/2024 in Suprabhatham Sunday