“രോഹിത്, കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രസാഹിത്യകാരനാകാനായിരുന്നു നിന്റെ ഒരു മോഹം. ഞങ്ങള്‍ക്കായി നീ ബാക്കിവയ്ക്കുന്നത് നിന്റെ വാക്കുകള്‍ മാത്രമാണ്. ഇന്നു ഞങ്ങളുടെ ഓരോ വാക്കിനും നിന്റെ മരണത്തിന്റെ ഭാരമുണ്ട്, ഓരോ കണ്ണുനീര്‍ത്തുള്ളിയും നിന്റെ പൂര്‍ത്തീകരിക്കാത്ത സ്വപ്നം പേറുന്നുണ്ട്. നീ പറയുന്ന സ്‌ഫോടനാത്മകമായ നക്ഷത്രധൂളിയായ് ഞങ്ങള്‍ മാറും. ഈ നിഷ്ഠൂരമായ ജാതിവ്യവസ്ഥയെ തകര്‍ത്തെറിയും. ഈ രാജ്യത്തെ ഓരോ യൂണിവേഴ്‌സിറ്റിയിലും, കോളേജിലും സ്‌കൂളിലും നിന്റെ സമരവീര്യം ഞങ്ങളുടെ മുദ്രാവാക്യങ്ങളിൽ നിറയും…” രോഹിത് വെമുലയുടെ മരണം രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച നാളുകളിൽ മീന കന്തസാമി എഴുതിയ വാക്കുകളാണ്. നമ്മളിൽ പലരും സമാനമായ പലതും മനസ്സിൽ കുറിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയിരുന്നു. രാഷ്ട്രീയ കക്ഷികൾ, രോഹിത്തിന്റെ അമ്മ രാധിക വെമുലയെ, അവരുടെ വേദികളിലേക്ക് ആനയിക്കുകയും പരസ്യ പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ അവശേഷിക്കുന്നത് അന്തസ്സാരശൂന്യമായ വാചകക്കസർത്തുകളുടെ അസ്ഥിപഞ്ജരങ്ങൾ മാത്രമാണ്. നീതി പ്രകാശ വര്ഷങ്ങള്ക്കപ്പുറമാണ്. രോഹിതിന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് തെലങ്കാന പോലീസ് കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നു. രാധിക വെമുലയെ ചേർത്തുപിടിച്ചുകൊണ്ട് തങ്ങൾ ‘രോഹിത് വെമുല ആക്ട്’ കൊണ്ടുവരും എന്ന് വാഗ്ദാനം ചെയ്ത രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനത്താണ് ഇത് നടക്കുന്നത് എന്നുകൂടി ഓർക്കണം.
രോഹിത് ഒരിക്കൽ തന്റെ ഫേസ്ബുക്ക് വാളിൽ എഴുതി: “ചരിത്രത്തില്‍, ഒരു ദിവസം, അരണ്ട വെളിച്ചത്തില്‍, മഞ്ഞച്ചു പഴകിയ താളുകളില്‍ നിങ്ങളെന്നെ കണ്ടുമുട്ടും. ഞാന്‍ അല്‍പം കൂടി ബുദ്ധികാട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഗ്രഹിക്കും, ആ രാത്രി എന്നെ നിങ്ങളോര്‍ക്കും, ഒരു മന്ദസ്മിതത്തോടെ എന്നെ നിങ്ങളറിയും. അന്ന്, ആ ദിവസം ഞാന്‍ പുനര്‍ജനിക്കും. (ഉയിര്‍ക്കും)”. വേദനയുടെ എരിയുന്ന വിളക്കും വിഷചഷകവും കയ്യിലേന്തിയ യുഗാന്തരങ്ങള്‍ക്കപ്പുറം, ജന്മാന്തര ദുരിതങ്ങളുടെ പ്രകാശവേഗങ്ങള്‍ക്കപ്പുറം, ഒരു നക്ഷത്രമായി പുനര്‍ജനിക്കുമെന്ന് രോഹിത് കരുതിയിരുന്നു. അയാള്‍ എഴുതിയതൊക്കെ അയാളനുഭവിച്ച വേദനയാണ്, അതിലേറെ വേദന അയാളനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാളുടെ വാചകങ്ങളില്‍ ദുരിതത്തിന്റെ വിത്തുകളുണ്ട്. സ്വയം ശൂന്യമെന്ന് ചിന്തിക്കേണ്ടുന്ന ആത്മബോധത്തിന്റെ ദൈന്യതലങ്ങളിലേക്ക് തന്നെ ആട്ടിപ്പായിച്ച, സാമൂഹ്യവ്യവസ്ഥിതിയുടെ അന്ത്യം കുറിക്കുന്ന പോരാട്ടത്തിന്റെ വിത്തുകളായി അത് മാറുമെന്ന് രോഹിത് ഒരുപക്ഷെ വിചാരിച്ചിരുന്നിരിക്കാം. എന്നാൽ, ആ പ്രതീക്ഷ വിഫലമായിരുന്നുവെന്ന്, വെറും ഒൻപതു വർഷങ്ങൾകൊണ്ട് നമ്മൾ അവനെ ബോധ്യപ്പെടുത്തിയിരിക്കുന്നു. രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ കുറ്റവിമുക്തമാക്കുന്ന പോലീസ് റിപ്പോർട്ട്, രോഹിത്തിനെതിരെയുള്ള കുറ്റപത്രംകൂടിയായി മാറിയിട്ടും നമ്മൾ പാലിക്കുന്ന അതിശയിപ്പിക്കുന്ന മൗനം അതാണ് സൂചിപ്പിക്കുന്നത്.
ആത്മഹത്യാക്കുറിപ്പിൽ, ‘തന്റെ മരണത്തിന്റെ പേരിൽ സുഹൃത്തുക്കളെയും ശത്രുക്കളെയും ഉപദ്രവിക്കരുതെ’ന്ന് രോഹിത് കുറിച്ചിരുന്നു. , അതിനെ മരണത്തിനു മുൻപ് അദ്ദേഹത്തിന് നേരിടേണ്ടിവന്ന അനീതിയുടെ അലമാലകളെ മറച്ചു വയ്ക്കാനുള്ള ഉപായമായിട്ടാണ് പോലീസ് കണ്ടത്.
അങ്ങനെ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന അതിക്രമങ്ങളുടെ ഒരു നീണ്ട പരമ്പര നിസാരവൽക്കരിക്കപ്പെട്ടു. എബിവിപിയുടെ നേതൃത്വത്തിൽ രോഹിത് ഉൾപ്പെടുന്ന എ. എസ് എ എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് നേരെ നടന്ന അതീവ ഗൗരവതരമായ കുപ്രചരണങ്ങളും, വിദ്യാർത്ഥി പ്രവർത്തകർക്കെതിരെ എബിവിപി നേതാക്കൾ നൽകിയ വ്യാജ പരാതിയും മറ്റതിക്രമങ്ങളും എല്ലാം മറവിയിലാണ്ടു. സംഘപരിവാറിന്റെ കള്ള കേസിൽ, രോഹിത് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ, നിരപരാധികൾ ആണെന്ന് കണ്ടെത്തിയതാണ്. എന്നിട്ടും ഹിന്ദുത്വ ശക്തികൾ അവരെ വെറുതെ വിടാൻ തയ്യാറല്ലായിരുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിക്ക് പരാതി പോയി. അവിടെനിന്നും നിരവധി കത്തുകളാണ് യൂണിവേഴ്സിറ്റിക്ക് ലഭിച്ചത്. അതേ തുടർന്ന് ഈ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുവാൻ സർവകലാശാല നിർബന്ധിതമായി. ക്ലാസുകളിൽ നിന്നും കാൻറീനിൽ നിന്നും ലൈബ്രറിയിൽ നിന്നും അവരെ പുറത്താക്കി. ഹോസ്റ്റലിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് തെരുവോരത്ത് താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് പ്രതികാര നടപടികളുടെയാണ് അവസാന കാലത്ത് രോഹിത് സഞ്ചരിച്ചുകൊണ്ടിരുന്നത്. സർക്കാരിൻറെ തന്നെ സമിതികളുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾ നിരന്തരം അനുഭവിക്കേണ്ടിവരുന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും സ്വാഭാവികമാർഗ്ഗങ്ങൾക്ക് പുറമയായിരുന്നു ഈ പ്രതികാര നടപടികൾ.
ദുരിത പൂർണമായ ഒരു ജീവിത സാഹചര്യത്തിൽ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നിൽ സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ എത്തിയ ഒരു ദളിത് വിദ്യാർഥിക്ക് നേരിടാൻ കഴിയുന്നതിനപ്പുറമുള്ള ദുരനുഭവങ്ങളുടെ ഫലമായിട്ടാണ് ‘തന്റെ ജനനമാണ് ഏറ്റവും വലിയ ദുരന്തം’ എന്ന് പറഞ്ഞുകൊണ്ട് രോഹിത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഈ ദുഃഖകരമായ യാഥാർത്ഥ്യത്തെ പോലീസ് റിപ്പോർട്ട് പരിപൂർണ്ണമായി അവഗണിക്കുന്നു എന്നുമാത്രമല്ല സംഘപരിവാറിന്റെ നുണ ഫാക്ടറിയിൽ ചുട്ടെടുത്ത വിദ്വേഷ ജഡിലമായ കഥകളിലൂടെ അവനെ കുറ്റക്കാരനായി മാറ്റാനും പോലീസ് ശ്രമിക്കുന്നു.
രോഹിത്തിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും, അത് പിടിക്കപ്പെടും എന്ന സാഹചര്യത്തെ തുടർന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നുമാണ് പൊലീസിന്റെ നിഗമനം! രോഹിത്തിന്റെ അച്ഛൻ ഒ ബി സി ആണെന്നും, അതുകൊണ്ടുതന്നെ രോഹിത്തും അതെ വിഭാഗത്തിൽപ്പെടുന്നു എന്നുമാണ് പോലീസ് വാദം. എന്നാൽ രോഹിത് വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അവനെയും അമ്മയെയും പിതാവ് ഉപേക്ഷിച്ചിരുന്നു എന്ന യാഥാർത്ഥ്യം ഇവർ കണക്കിലെടുക്കുന്നില്ല. ഒരു ദളിത് സ്ത്രീയായ അമ്മയുടെ സ്വത്വത്തിലാണ് രോഹിത് രോഹിത് വളർന്നതും ജീവിച്ചതും. സമൂഹം എന്നും രോഹിത്തിനെ അങ്ങനെയാണ് കണ്ടിട്ടുള്ളതും. രോഹിത് ബാല്യമുതൽ അനുഭവിച്ചു വന്ന ജീവിതമാണ് അവൻറെ ജാതി. അതിനെ എന്നോ ഉപേക്ഷിച്ചു പോയ അച്ഛൻറെ ജാതിയുടെ സാങ്കേതികത്വം പറഞ്ഞു നിഷേധിക്കാൻ കഴിയുന്നതല്ല.
ഒരുദാഹരണം പറഞ്ഞാൽ മലയാളിക്ക് പെട്ടെന്ന് മനസ്സിലാകും. എൻ എസ് എസിന്റെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജാതി നാം അറിയുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ ആരാണെന്നും അയാളുടെ ജാതി ഏതെന്നും നോക്കിയല്ലല്ലോ? ഈശ്വരന്‍ നമ്പൂതിരിക്കു ജനിച്ചതാണെങ്കിലും മന്നം വളര്‍ന്നതും ജീവിച്ചതും നായരായാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ ജാതിയും. രോഹിതിന്റെ ഉപേക്ഷിച്ചു പോയ അച്ഛനെ കണ്ടെത്തിയാനയിച്ച് അത് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പുച്ഛമടക്കി വിളമ്പുന്ന വക്താക്കളാരും മന്നത്തിന്റെ പിതൃത്വം തേടി പോയതായി അറിയില്ല. എന്നാൽ രോഹിത്തിന്റെ കാര്യത്തിൽ അവർ അങ്ങനെ ചെയ്യും. അതാണ് അവൻറെ മരണത്തിലേക്ക് നയിച്ച വ്യവസ്ഥിതിയുടെ സ്വഭാവം.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യമായല്ല, ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലും ആദ്യത്തെ സംഭവമല്ലത്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ അല്ലെങ്കില്‍ അതിലേറെ ജാതിവിവേചനം നിലനില്‍ക്കുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. ഇതേക്കുറിച്ച് പഠിച്ചിട്ടുള്ള നിരവധി കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അതാതു സ്ഥാപനങ്ങളില്‍ ഒരിക്കലും തുറക്കാത്ത അലമാരകളില്‍ ഭദ്രമായി ഇരിക്കുന്നുണ്ട്.
ഉദാഹരണത്തിന്, മുന്‍ യു ജി സി ചെയര്‍മാനും, ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ തലവനുമായ ഡോ. സുഖദേവ് തൊറാട്ടിന്റെ നേതൃത്വത്തില്‍ ഡല്‍ഹി എയിംസിൽ നിലനില്ക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് ഒരു പഠനം നടത്തി, അതിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ക്ലാസ്സ്മുറികളില്‍, ഹോസ്റ്റലില്‍, കാന്റീനില്‍ അങ്ങനെ എല്ലാ മേഖലകളിലും വിവേചനവും ഒറ്റപ്പെടുത്തലുകളും വ്യാപകമായിരുന്നു. ഹോസ്റ്റലുകളില്‍ സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ നിന്നു മാറി ദളിത് കുട്ടികളെല്ലാം അകന്ന ഒരു മൂലയിലാണ് താമസിച്ചിരുന്നത്. ഒരു തരം ഘെറ്റോയിസേഷന്‍ തന്നെ. സവര്‍ണ്ണ മുറികള്‍ക്കടുത്ത് താസിച്ചിരുന്ന ദളിത് വിദ്യാര്‍ത്ഥി ഒരു ദിവസം ഹോസ്റ്റലില്‍ എത്തുമ്പോള്‍ മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. വാതിലില്‍ ഇവിടെ നിന്നും പുറത്തു പോവുക എന്ന് എഴുതി വച്ചിരുന്നു. സാംസ്‌കാരിക പരിപാടികളില്‍ നിന്നും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ നിന്നും അവരെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഷെഡ്യൂളുകള്‍ മാറുന്നതു പോലും ക്ലാസ്സ് മോണിറ്റര്‍മാര്‍ അവരെ അറിയിക്കാറില്ലത്രേ.
അധികൃതര്‍ പക്ഷേ, തൊറാട്ടു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചില്ല.
2007-2013 കാലഘട്ടത്തില്‍ ഹൈദരാബാദിലെ യൂണിവേഴ്‌സിറ്റികളില്‍ 9 ദളിത് ആത്മഹത്യകള്‍ നടന്നു. അതില്‍ രണ്ടെണ്ണം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ഇതേതുടര്‍ന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനുത്തരവിട്ടു. 30 വിദഗ്ദ്ധരടങ്ങുന്ന സമിതിയാണ് പഠനം നടത്തിയത്. രൂക്ഷമായ ജാതി വിവേചനം, ഹീനരെന്നു മുദ്രകുത്തി അപമാനിക്കല്‍, വെറുപ്പ്, വേദന, പരാജയഭീതി, പരാജയം…….കാലങ്ങളായുള്ള അപകര്‍ഷതാ ബോധത്തിന്റേയും അമിത പ്രതീക്ഷകളുടേയും ഉത്തരവാദിത്തങ്ങളുടേയും മാനസികഭാരവും പേറി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എത്ര നാള്‍ പിടിച്ചു നില്ക്കാനാകും? ഒപ്പം ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും തടഞ്ഞുവയ്ക്കുക, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡും ഗൈഡന്‍സും നല്കാതിരിക്കുക.ഇന്റേണല്‍ അസ്സസ്സ്‌മെന്റുകളില്‍ വിവേചനം കാണിക്കുക. ഇക്കാര്യത്തിലൊന്നും ചെയ്യാതിരുന്നത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയാണെന്ന് തൊറാട്ടു പറയുന്നു. 2014-ല്‍ HCU വില്‍ ഇതേ വിഷയത്തെക്കുറിച്ച് പഠിച്ച് പ്രമുഖ സോഷ്യോളജിസ്റ്റ് സഹ്ജീല്‍ ഹെഗ്‌ഡെയും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേലും ഒരു തുടര്‍ നടപടിയും ഉണ്ടായിരുന്നില്ല.
കാലാകാലങ്ങളില്‍ അധികാര സ്ഥാനങ്ങളിലുള്ളവര്‍ സ്വീകരിച്ച നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് വീണ്ടും ഒരു കുടുംബത്തിന്റേയും സമുദായത്തിന്റേയും മുഴുവന്‍ പ്രതീക്ഷകളും ചുമലേന്തിയ ഒരു ജീവിതം കൂടി അകാലത്തിലവസാനിക്കുവാന്‍ ഇടയാക്കിയത്. ഈ സാമൂഹിക യാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്യാനുള്ള ഒരു അവസരമായിരുന്നു രോഹിത് വിമുലയുടെ മരണം. ഈ പ്രശ്നങ്ങളെ ക്രിയാത്മകമായി സമീപിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു രോഹിത്തിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി. പകരം ഈ വ്യവസ്ഥിതി അവനോട് ചെയ്തതെന്താണ്? കൊലചെയ്യപ്പെട്ട രോഹിത്തിനെതിരെയുള്ള ഒരു കുറ്റപത്രം പോലീസ് തയ്യാറാക്കിയിരിക്കുന്നു. രോഹിത്തിനെ കൊലചെയ്ത വ്യവസ്ഥിതി അതുപോലെ തുടരുന്നു. അവൻറെ മരണത്തിന് ഉത്തരവാദികളായവർ ചിരിക്കുന്നു. പൊതു സമൂഹം കുറ്റകരമായ മൗനത്തിലാണ്. ഈ മൗനം, നീതി തേടുന്ന മനുഷ്യരെ ആശങ്കാകുലരാക്കുന്നുണ്ട്.