രാജ്യദ്രോഹം: ഒരു കൊളോണിയൽ ‘കുറ്റകൃത്യം’

രാജ്യദ്രോഹം, ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. കേൾക്കുമ്പോൾ തന്നെ അതിഹീനമായ ഒരു കുറ്റകൃത്യം എന്നാണ് നമ്മൾ മനസിലാക്കുക. എന്നാൽ ഏറ്റവും നിസ്സാരമായ കാര്യങ്ങൾക്ക്, ഏറ്റവും നിരാലംബരായ മനുഷ്യരെവരെ ഈ വകുപ്പ് ഉപയോഗിച്ചു വേട്ടയാടുന്നു എന്നതാണ് യാഥാർഥ്യം.

മാധ്യമപ്രവർത്തകരുടെയും നിയമജ്ഞരുടെയും വൈജ്ഞാനികരുടെയും ഗവേഷക കൂട്ടായ്മയായ ‘ആർട്ടിക്കിൾ 14’ ഇന്ത്യയിൽ രാജ്യദ്രോഹം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ‘ഒരു ഇരുണ്ട പതിറ്റാണ്ട്’ എന്ന പേരിൽ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളിൽ രാജ്യമെമ്പാടും നടത്തിയ പഠനത്തിൽ ശ്രദ്ധേയമായ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. 876 കേസുകളിലായി 13,000 പേരാണ് സെഡീഷൻ കേസിൽ പെട്ടിട്ടുള്ളത്. ഒരു മോട്ടോർ ബൈക്കിൽ സൈലൻസർ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം പോലും രാജ്യദ്രോഹ കേസായി രജിസ്റ്റർ ചെയ്തിട്ടുണ്ടത്രേ! ടീ ഷർട്ട് ധരിച്ചതിന്റെ പേരിൽ, ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ, മധ്യമപ്രവർത്തനത്തിന്റെ പേരിൽ ഒക്കെ രാജ്യദ്രോഹം ചാർത്തപ്പെടുന്ന സാഹചര്യത്തിൽ രാജ്യദ്രോഹത്തെപ്രതി ഗൗരവതരമായ രാഷ്ട്രീയ സംവാദങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.

നിയമം 

ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 124(എ):

” സംസാരമോ, എഴുത്തോ, ചിഹ്നങ്ങളോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ദൃശ്യചിത്രീകരണമോ ഉപയോഗിച്ച് ഗവണ്മെന്റിനെതിരെ അനാദരവോ, വിദ്വേഷമോ, വിരോധമോ ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും ജീവപര്യന്തം തടവും പിഴയുമോ, 3 വർഷം വരെ തടവും പിഴയുമോ, വരെയുള്ള ശിക്ഷയ്ക്ക് വിധേയമാക്കാവുന്നതാണ്.” എന്നാണ് നിയമം. അതിൽ ‘വിരോധം’ എന്നതിൽ  ‘അവിശ്വസ്തത’യും എല്ലാ തരത്തിലുള്ള ‘ശത്രുത’യും ഉൾപ്പെടും എന്ന് വിശദീകരണമുണ്ട്. അനാദരവോ, വിദ്വേഷമോ, വിരോധമോ  ഉണ്ടാക്കാതെ നിയമപരമായ മാർഗത്തിലൂടെ ഗവണ്മെന്റ് നയങ്ങളെയും നടപടികളെയും മാറ്റുവാനുള്ള ശ്രമങ്ങൾ ഇതിന്റെ പരിധിയിൽ വരില്ല എന്നും ചേർത്തിട്ടുണ്ട്. 

നിയമത്തിലെ വിശാലവും അസ്പഷ്ടവുമായ പദപ്രയോഗങ്ങൾ അധികാരികളുടെ  ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങൾക്കും പ്രയോഗങ്ങൾക്കും വഴിയൊരുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന വകുപ്പുകളിൽ ഒന്നാണിത്. പ്രത്യേകിച്ച്, എൻ.ഡി. എ. ഗവണ്മെന്റ് അധികാരത്തിൽ വന്നതിനുശേഷം, ദേശദ്രോഹക്കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. 2010-ന് ശേഷം രജിസ്റ്റർ ചെയ്ത കേസുകളിൽ 65 ശതമാനവും 2014-നു  ശേഷമുള്ളവയാണ്. 2016-2021 കാലഘട്ടത്തിൽ സെഡീഷൻ കേസുകളുടെ എണ്ണം 190 ശതമാനം കണ്ടു വർദ്ധിച്ചു  എന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളും ‘ആർട്ടിക്കിൾ 14’ നടത്തിയ പഠനവും  സൂചിപ്പിക്കുന്നു. 

ഈ വകുപ്പിന് കീഴിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള പ്രസ്താവനകൾ പോലും ദേശദ്രോഹമായി കണക്കാക്കി പ്രതികാര നടപടികൾ സ്വീകരിച്ചു പോരുന്നു.  രാഷ്ട്രീയ നേതാക്കളെ വിമർശിച്ചതിന് രാജ്യദ്രോഹകുറ്റം ചാർത്തിയ കേസുകളുടെ 96 ശതമാനവും ഉണ്ടായത് 2014-നു ശേഷമാണ് എന്ന് ‘ആർട്ടിക്കിൾ14’ റിപ്പോർട്ട് ചെയ്യുന്നു. നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ 149-പേരെയാണ് ദേശദ്രോഹക്കേസിൽ പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ യോഗി ആദിത്യ നാഥാണ്; 144 കേസുകൾ. 2016-ൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനേതാക്കളായിരുന്ന കനയ്യ കുമാറും ഉമർ ഖാലിദും മുതൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർ വരെ  എത്രയോ വിദ്യാർത്ഥികളെ ഭരണകൂടം ഈ  നിയമം ഉപയോഗിച്ചു വേട്ടയാടിക്കൊണ്ടിരിക്കുന്നു! കേന്ദ്ര ഗവണ്മെന്റ് കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചതിനാണ് മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരെ 124എ ചാർത്തിയത്.  കൂടംകുളം ആണവ നിലയത്തിനെതിരെ പ്രതിഷേധിച്ചതിന് 8,856 ഗ്രാമീണർക്കെതിരെ കേസെടുത്തിരുന്നു. ഗ്രെറ്റ തൻബർഗിന്റെ ‘ടൂൾ കിറ്റ്’ പ്രചരിപ്പിച്ചു എന്ന കേസിൽ ദിഷ രവിക്കെതിരെ,  കാർട്ടൂണിസ്റ് അസീം ത്രിവേദിക്കെതിരെ,അരുന്ധതി റോയിക്കെതിരെ, ബിനായക് സെന്നിനെതിരെ, കർഷക സമരം സംബന്ധിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പേരിൽ മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മിനാൽ പാണ്ഡെ, അനന്ത് നാഥ്, പരേഷ് നാഥ്, സഫർ ആഘ, വിനോദ് ദുവ, പാർലമെന്റേറിയൻ ശശി തരൂർ, അങ്ങനെ പ്രമുഖരും അല്ലാത്തവരുമായ  അനേകർ  ഈ വകുപ്പിന്റെ ഇരകളാണ്. മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ, സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവർ, മുദ്രാവാക്യം വിളിച്ചവർ, വ്യക്തിപരമായി ചില സന്ദേശങ്ങൾ അയച്ചവർ,  ക്രിക്കറ്റ് കളിയിൽ പാകിസ്ഥാൻ ജയിച്ചപ്പോൾ അഭിനന്ദന സന്ദേശം കൈമാറിയവർ തുടങ്ങി നിരവധി പേർ,  ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ചാർത്തപ്പെട്ടവരാണ്. അതിൽ നല്ലൊരു ശതമാനം കേസുകളിലും യാതൊരു തെളിവും നിരത്താനില്ലാത്തവയാണ്. അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടാറുമില്ല.  2019-ലെ കണക്കുകൾ നോക്കിയാൽ കോടതി ശിക്ഷിച്ച കേസുകൾ 3.3 ശതമാനം മാത്രമാണ്. എന്നിരുന്നാലും ദീർഘമായ വിചാരണാ നടപടികൾ തന്നെ കുറ്റാരോപിതർക്ക് ശിക്ഷയായി മാറുകയാണ് പതിവ്. 

സമകാലിക സാഹചര്യങ്ങളിൽ ഈ നിയമത്തിന്റെ പ്രധാന  ഉപയോഗം ‘ദുരുപയോഗം’ മാത്രമാണെന്നകാര്യം രാജ്യത്തെ ഭരണഘടനാ കോടതികൾ തന്നെയും തിരിച്ചറിഞ്ഞിട്ടുണ്ട്. “തങ്ങളുടെ നയങ്ങളോട് വിയോജിക്കുന്നു എന്ന കാരണം കൊണ്ട് ഒരു പൗരനെ ജയിലിലാക്കാൻ ഗവണ്മെന്റിനുകഴിയില്ല. ഈ നിയമത്തെ, സർക്കാരിന്റെ ദുരഭിമാനം സംരക്ഷിക്കാനുള്ള ഉപകരണമാക്കാൻ കഴിയില്ല.” – ദിഷ രവിയുടെ കേസ് പരിഗണിച്ചുകൊണ്ട്, ദൽഹി ഹൈക്കോടതി പ്രസ്താവിച്ചിരുന്നു. 

ഭരണഘടനാ വിരുദ്ധമായ 124(എ) റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്, സുപ്രീംകോടതിയിൽ നാല് കേസുകൾ നിലവിലുണ്ട്. മാധ്യമപ്രവർത്തകരായ കിഷോർ ചന്ദ്ര വംഖേം, കനയ്യ ലാൽ ശുക്ല എന്നിവരുടെ ഹർജി പരിഗണനക്കെടുത്തപ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ആശങ്കകൾ പങ്കു വച്ചിരുന്നു. “രാജ്യദ്രോഹം ഒരു കൊളോണിയൽ നിയമമാണ്. ഗാന്ധിയേയും തിലകിനെയും ശിക്ഷിച്ചിട്ടുള്ള നിയമം. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ചു വർഷങ്ങൾക്കു ശേഷവും ഇങ്ങനെയൊരുനിയമം നമുക്ക് ആവശ്യമുണ്ടോ?” അദ്ദേഹം ചോദിച്ചു.

1922-ലാണ് ബ്രിട്ടീഷുകാർ ഗാന്ധിജിയെ ദേശദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യുന്നത്; ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124എ തന്നെ. നിയമം മൂലം സ്ഥാപിതമായ ഗവണ്മെന്റിനെതിരെ വിരോധമുണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടുവെന്നാണ് കുറ്റം. വിചാരണക്കോടതിയിൽ ഗാന്ധി കുറ്റമേറ്റ് പറയുകയാണ്:

“ഞാൻ മാപ്പു പറയുവാൻ ഉദ്ദേശിക്കുന്നില്ല. പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങൾ എല്ലാം ഞാൻ ഏൽക്കുന്നു എന്നുമാത്രമല്ല, അവർ ഇവിടെ സൂചിപ്പിച്ചതിനേക്കാൾ മുൻപ് തന്നെ ഞാൻ ഈ ഗവണ്മെന്റിനെതിരെ അനാദരവ് ഉണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുണ്ട് എന്നു വ്യക്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.  ഇവിടെ നിന്ന് ഇറങ്ങുന്ന നിമിഷം മുതൽ ഞാൻ ആ പ്രവർത്തികൾ തുടരുകയും ചെയ്യും. എന്റെ രാജ്യത്തെയും ജനങ്ങളെയും ചൂഷണം ചെയ്യുന്ന ഒരു ഗവണ്മെന്റാണ് ഇവിടെ നിലനിൽക്കുന്നത്. ഈ ഗവണ്മെന്റിനെതിരെ അനാദരവ് പ്രചരിപ്പിക്കുന്നത് നിയമപരമായി തെറ്റായിരിക്കാം പക്ഷേ, അപ്രകാരം പ്രവർത്തിക്കുക എന്നത് ഒരു പൗരൻ എന്ന നിലയിലുള്ള എന്റെ കടമയും എന്റെ ജനതയോടുള്ള ഉത്തരവാദിത്തവും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. 

വിയോജിപ്പുകളെ ക്രിമിനൽവത്കരിക്കാൻ സൃഷ്ടിച്ച ഐ.പി.സി. 124എ, ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങൾക്കിടയിലെ രാജ്ഞിയാണ്. അതു പ്രകാരം ശിക്ഷിക്കപ്പെടുന്നത് ഒരു അംഗീകാരമായി ഞാൻ കണക്കാക്കുന്നു. അതുകൊണ്ട് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ എനിക്ക് നൽകണമെന്നാണ് ഈ കോടതിയോട് എനിക്ക് പറയാനുള്ളത്.” (അദ്ദേഹം കോടതിയിൽ എഴുതി തയ്യാറാക്കി വായിച്ച പ്രസ്താവനയുടെ സംക്ഷിപ്തമാണ് ഇത്).

‘രാഷ്ട്രീയ നിയമങ്ങൾക്കിടയിലെ രാജ്ഞി’ എന്ന് ഗാന്ധിജി  വിശേഷിപ്പിച്ച ഐ.പി.സി. 124എ, സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ  പിന്നിടുമ്പോഴും, ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമാണ് എന്നത് ചരിത്രത്തിലെ ദൗർഭാഗ്യകരമായ വൈരുദ്ധ്യമാണ്.  ഇന്ത്യൻ ദേശീയപ്രസ്ഥാനം  മുന്നോട്ടു വച്ച രാഷ്ട്ര സങ്കല്പത്തോടും ആധുനിക ജനാധിപത്യ മൂല്യങ്ങളോടും ഒത്തുപോകാൻ കഴിയുന്നതല്ലായിരുന്നിട്ടും,  നമ്മുടെ നിയമപുസ്തകത്തിൽ കൊളോണിയൽ ശേഷിപ്പിന്റെ മർദ്ദകമുദ്രയായ ഈ വകുപ്പ് നിലനിന്നുപോരുന്നു. 

രാജ്യദ്രോഹം നിയമസംഹിതയുടെ ഭാഗമാക്കിയിരുന്ന ഇംഗ്ലണ്ട് ഉൾപ്പടെയുള്ള പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം തന്നെ നിയമപുസ്തകങ്ങളിൽ നിന്ന് അതു നീക്കം ചെയ്തു കഴിഞ്ഞു. ബ്രിട്ടീഷ് പാർലമെന്റിൽ, കൊറോനേഴ്സ് ആൻഡ് ജസ്റ്റിസ് ആക്ട് 2009 അവതരിപ്പിച്ചുകൊണ്ട് ജസ്റ്റിസ് മിനിസ്റ്റർ ക്ലെയർ വാർഡ് പറഞ്ഞത് ഇപ്രകാരമാണ്: “നാമിന്നു കാണുന്നത് പോലെയുള്ള ഒരവകാശമായി ‘അഭിപ്രായസ്വാതന്ത്ര്യം’ കണക്കാക്കപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തിൽ രൂപം കൊണ്ട, പ്രാകൃതമായ വകുപ്പാണ് രാജ്യദ്രോഹം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിൻ്റെ ഉരകല്ല് ആയാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത്. ഗവൺമെൻറിനെ വിമർശിക്കാനുള്ള ജനങ്ങളുടെ അവകാശം സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പരമപ്രധാനമാണ് “. ബ്രിട്ടീഷുകാർ അവശേഷിപ്പിച്ചുപോയ ഈ കൊളോണിയൽ കുറ്റകൃത്യം ഇനിയും നമ്മൾ ചുമക്കേണ്ടതുണ്ടോ?

കൊളോണിയൽ ശേഷിപ്പ് 

1860-ൽ മെക്കാളെ ഇന്ത്യൻ പീനൽ കോഡിന് രൂപം നൽകുമ്പോൾ അതിൽ ദേശദ്രോഹം എന്ന കുറ്റം ഉണ്ടായിരുന്നില്ല. പിന്നീട് 1870 നവംബർ 25-ന് കൂട്ടിച്ചേർത്തതാണിത്. ഇന്ത്യയിലെ മുസ്‌ലിം മത നേതൃത്വം ബ്രിട്ടീഷുകാർക്കെതിരെയുള്ള ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ട് ഫത്വ ഇറക്കിയതിന് പിന്നാലെ ആയിരുന്നു ഇത്.  തുടർന്ന് ഗാന്ധി ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടു.

ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിലും  ‘രാജ്യദ്രോഹം’ ഒരു ചർച്ചാ വിഷയമായിരുന്നു. ഭരണഘടനയുടെ അന്തിമ രൂപത്തിൽ, ആർട്ടിക്കിൾ 19 ഉറപ്പു നൽകുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള  നിയന്ത്രണങ്ങളിൽ, അനുച്ഛേദം 19(2)-ൽ, രാജ്യദ്രോഹം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഭരണഘടനയുടെ ഡ്രാഫ്റ്റിൽ ‘സെഡീഷൻ’ ഉൾപ്പെടുത്തിയിരുന്നു. ഭരണഘടനാനിർമാണ സഭയിൽ, കെ.എം. മുൻഷിയാണ് അതിനെതിരെ ശക്തമായ നിലപാടെടുത്തത്. പ്രസ്തുത അനുച്ഛേദത്തിൽ രാജ്യദ്രോഹം എന്നതിനു പകരമായി ‘രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഗവൺമെൻറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതോ ആയ പ്രവർത്തി ‘ എന്ന ഭേദഗതി അദ്ദേഹം ആവശ്യപ്പെട്ടു. “ഗവൺമെൻ്റിനെതിരെയുള്ള ഏതൊരു പ്രവൃത്തിയും -വിയോജിപ്പും അഭിപ്രായവ്യത്യാസവും എല്ലാം-കുറ്റകൃത്യമായി വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള വാക്കാണ് ‘രാജ്യദ്രോഹം’. സമ്മേളനം സംഘടിപ്പിക്കുന്നതോ ജാഥ നടത്തുന്നതോ പോലും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു.  ഒരു ജില്ലാ മജിസ്ട്രേറ്റിനെ വിമർശിച്ചത് 124എ-ക്കു കീഴിൽ കുറ്റകൃത്യമായി കണക്കാക്കുന്നതിന് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ നമുക്ക് ഒരു ജനാധിപത്യ ഭരണകൂടമുള്ള സാഹചര്യത്തിൽ, ഗവൺമെൻറിനെതിരായ വിമർശനങ്ങളെയും രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഭരണകൂടത്തെ അട്ടിമറിക്കുന്നതോ ആയ പ്രവർത്തനങ്ങളെയും വേർതിരിച്ചു കാണേണ്ടതുണ്ട്. അതുകൊണ്ട് ‘രാജ്യദ്രോഹം’ എന്ന വാക്ക് ഒഴിവാക്കണം. കാരണം ഗവൺമെൻറിനെതിരായ വിമർശനമാണ് ജനാധിപത്യത്തിൻ്റെ ആത്മാവ്. ഈ സാഹചര്യത്തിൽ ‘രാജ്യദ്രോഹം’ എന്നതു മാറ്റി, ഇന്നത്തെ തലമുറ രാജ്യദ്രോഹം കൊണ്ട് അർത്ഥമാക്കുന്നത് എന്താണോ അതേ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്നാണ് ഈ ഭേദഗതി നിർദേശിക്കുന്നത്. അല്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ ഇനിയും നിലനിർത്തണം എന്ന ഒരു തെറ്റായ സന്ദേശമായിരിക്കും അതു നൽകുക.” 1948 ഡിസംബർ ഒന്നിന് കെ എം മുൻഷി മുന്നോട്ടുവച്ച ഈ ഭേദഗതി അംഗീകരിക്കപ്പെട്ടു. ഭരണഘടനാ നിർമാണ സഭയിൽ അന്ന് നടന്ന ചർച്ചയുടെ അന്ത:സത്ത  ഇന്ത്യൻ ശിക്ഷാനിയമം 124എ മുന്നോട്ടുവയ്ക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിൽ  സ്ഥാനമുണ്ടാവരുത് എന്നതായിരുന്നുവെന്നുകാണാം. പക്ഷേ, തുടർന്ന് സംഭവിച്ചത് അതല്ല.

നെഹ്രുവിന്റെ നിലപാടും ഒന്നാം ഭരണഘടനാ ഭേദഗതിയും.

രാജ്യദ്രോഹക്കുറ്റം ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല എന്ന കാര്യത്തിൽ നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനും സംശയമൊന്നും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ രണ്ടുതവണ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചേർത്ത് കേസെടുക്കുകയും ചെയ്തതാണ്; 1930-ലും 1934-ലും. ഗാന്ധിജിയെ പോലെതന്നെ നെഹ്റുവും കുറ്റം ഏറ്റുപറയുകയും ശിക്ഷ ചോദിച്ചു വാങ്ങുകയും ചെയ്തു. പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ പാർലമെൻറിലും നെഹ്റു രാജ്യദ്രോഹത്തെക്കുറിച്ച് തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്: ” എന്നെ സംബന്ധിച്ചിടത്തോളം, 124എ  നിന്ദ്യവും ദോഷകരവുമായ ഒരു വകുപ്പാണ്. നാം നിർമ്മിക്കുന്ന ഒരു നിയമസംഹിതയിലും, ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ, ഇത്തരമൊരു വകുപ്പിന് ഇടമുണ്ടാകാൻ പാടില്ലാത്തതാണ്. എത്ര പെട്ടെന്ന് ഈ വകുപ്പ് നീക്കം ചെയ്യുന്നോ അത്രയും നല്ലത്.”

എന്നാൽ നെഹ്റു ഈ അഭിപ്രായം രേഖപ്പെടുത്തിയത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമ ഭേദഗതി പാർലമെൻറിൽ അവതരിപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തിലായിരുന്നു. പരിപൂർണ്ണ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയുടെ പത്തൊൻപതാം അനുച്ഛേദത്തിൽ ഗവൺമെന്റിന്  നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള അധികാരങ്ങൾ വിപുലീകരിക്കുന്ന ഭേദഗതി ആയിരുന്നു 1951-ലേത്. ആധുനിക ലിബറൽ ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകനായി അറിയപ്പെടുന്ന ജവഹർലാലിൻ്റെ പ്രധാനമന്ത്രി പദത്തിലെ അനുകരണീയമല്ലാത്ത ഒരു ഏടായിരുന്നു  ഒന്നാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് സംഭവിച്ചത്. 

അതിന് കാരണമായത് സുപ്രീംകോടതിയുടെ രണ്ടു വിധികളാണ്. ‘ക്രോസ് റോഡ്സ്’, ‘ഓർഗനൈസർ’ എന്നീ പ്രസിദ്ധീകരണങ്ങളുടെ  നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഗവൺമെൻറിനെതിരെ വിധി പ്രസ്താവിച്ചത്. ബോംബെയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ക്രോസ് റോഡ്സ്’ എന്ന ഇംഗ്ലീഷ് ആഴ്ചപ്പതിപ്പിൽ, നെഹ്റു-ഗവൺമെൻറിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് രമേശ് ഥാപ്പർ ഒരു ലേഖനം എഴുതുകയുണ്ടായി. ഇതേത്തുടർന്ന് അന്ന് മദ്രാസ് പൊതുസമാധാനനിയന്ത്രണ നിയമത്തിലെ വകുപ്പ് 9 (7എ) അനുസരിച്ച്, കോൺഗ്രസ് ഗവൺമെൻറ്,  ‘ക്രോസ് റോഡ്സ്’ നിരോധിച്ചു. അതുപോലെ, പഞ്ചാബിൽ ഈസ്റ്റ് പഞ്ചാബ് സേഫ്റ്റി നിയമത്തിലെ വകുപ്പ് 7(1സി) പ്രകാരം ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിന് സെൻസർഷിപ്പ് ഏർപ്പെടുത്തി. നിരന്തരം വർഗീയ ചുവയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു എന്നതായിരുന്നു കാരണം.

രമേശ് ഥാപ്പർ കേസ്

ഗവൺമെൻറ് ഉത്തരവിനെതിരെ ‘ക്രോസ്റോഡ്സ്’ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് എച്ച് ജെ കനിയ, ജസ്റ്റിസുമാരായ സയ്യിദ് ഫസൽ അലി, എം പതഞ്ജലി ശാസ്ത്രി, എം സി മഹാജൻ, ബി കെ മുഖർജി, എസ് ആർ ദാസ് എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ ഫുൾ ബെഞ്ച് ഗവൺമെൻറിന് എതിരായി വിധിയെഴുതി. 

“കരട് ഭരണഘടനയുടെ അനുച്ഛേദം 13(2)-ൽ നിന്നും ‘ദേശദ്രോഹം’ എന്ന വാക്ക് നീക്കം ചെയ്തതിലൂടെ, ഗവൺമെന്റിനെതിരായ വിമർശനങ്ങളോ അനാദരവോ വിരോധമോ ഒന്നും, ദേശസുരക്ഷയ്ക്ക് ഭീഷണി ആവുകയോ ഗവൺമെൻറ് അട്ടിമറിക്കപ്പെടാൻ കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം, അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള ന്യായീകരണമാകുകയില്ല. ‘പൊതു സമാധാനത്തെയോ ഭരണകൂടത്തിൻ്റെ അധികാരത്തെയോ ദുർബലപ്പെടുത്തുന്ന’ എന്ന ഐറിഷ്  സങ്കൽപവും ഭരണഘടനാ ശില്പികൾക്ക് സ്വീകാര്യമായിരുന്നില്ല. അങ്ങനെ  അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം കൊണ്ട് മറികടക്കുന്നതിന് വളരെ കർക്കശമായ നിയന്ത്രണങ്ങളാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്….

……..ഒരുപക്ഷേ ക്രമസമാധാനപാലനം ലക്ഷ്യം വച്ചിട്ടുള്ളതാണെങ്കിൽ പോലും, രാജ്യസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന അഭിപ്രായങ്ങളെ നിരോധിക്കുന്ന നിയമങ്ങളല്ലാതെ മറ്റൊന്നും ഭരണഘടനയുടെ അനുച്ഛേദം 19(2)-ന് കീഴിൽ സംരക്ഷണം അർഹിക്കുന്നില്ല” എന്നായിരുന്നു കോടതിയുടെ അഭിപ്രായം. അക്കാലത്ത്  അനുച്ഛേദം 19(2)-ന് കീഴിലുള്ള നിയന്ത്രണങ്ങളിൽ പൊതു സമാധാനം ഉൾപ്പെട്ടിരുന്നില്ല.

ബ്രിജ് ഭൂഷൻ കേസ്

സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനെതിരെ ഓർഗനൈസറും സുപ്രീംകോടതിയെ സമീപിച്ചു. ഇവിടെയും ഗവണ്മെന്റ് നടപടി അംഗീകരിക്കാൻ സുപ്രീം കോടതി കൂട്ടാക്കിയില്ല. 

1950-ലെ ഈ കോടതി വിധികളെ മറികടക്കുന്നതിന് വേണ്ടിയിട്ടാണ് സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി ഭരണഘടന ഭേദഗതി ചെയ്യുന്നത്. അങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളിൽ പൊതു സമാധാനം, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം, കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ ഘടകങ്ങൾ കൂട്ടിച്ചേർത്തു. അതുവഴി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങളെ മാത്രമല്ല, പൊതു ക്രമ  പ്രശ്നമുണ്ടാക്കുന്നതോ ഏതെങ്കിലും ഒരു കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതോ സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം അപകടപ്പെടുത്തുന്നതോ ആയ അഭിപ്രായ പ്രകടനങ്ങളെയും നിരോധിക്കാൻ കഴിയുമെന്നു വന്നു.

1950-ലെ കോടതിവിധികൾ ഏകകണ്ഠമായിരുന്നില്ല. ഇരു കേസുകളിലും ചീഫ് ജസ്റ്റിസ് കനിയ ഉൾപ്പെടെ അഞ്ച് ജഡ്ജിമാർ ഗവൺമെൻ്റിന് എതിരായി വിധി എഴുതിയപ്പോൾ, രണ്ടു കേസുകളിലും ജസ്റ്റിസ് സയ്യിദ് ഫസൽ അലി, ഗവൺമെൻറിന് അനുകൂലമായ വിയോജന വിധിന്യായം രചിച്ചു. ഇതിനെ തുടർന്ന് സുപ്രീം കോടതിയിൽ നെഹ്റു ഗവൺമെൻറ് നടത്തിയ ഇടപെടലുകൾ ലജ്ജാകരമാണ്. ചീഫ് ജസ്റ്റിസ് കനിയ ഹൃദയാഘാതംമൂലം അന്തരിച്ചപ്പോൾ, സീനിയറായിരുന്ന ജസ്റ്റിസ് പതഞ്ജലി ശാസ്ത്രികൾ ചീഫ് ജസ്റ്റിസ് ആകുന്നതിനെ ഗവൺമെൻറ് എതിർത്തു. അദ്ദേഹമായിരുന്നു മേൽപ്രസ്താവിച്ച കേസിൽ ഭൂരിപക്ഷവിധിന്യായം എഴുതിയത്. തുടർന്ന്, സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും രാജിഭീഷണി മുഴക്കിയപ്പോഴാണ് നെഹ്റു വഴങ്ങിയത്. അവിടംകൊണ്ട് അവസാനിച്ചില്ല.  ആ കേസിൽ വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് സയ്യിദ് ഫസൽ അലിക്ക് 1951 സെപ്റ്റംബർ മാസത്തിൽ വിരമിക്കൽ പ്രായം ആയിരുന്നുവെങ്കിലും, ഗവൺമെൻറ് അദ്ദേഹത്തെ തുടരാൻ അനുവദിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരോട് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയുടെ അംഗീകാരത്തോട് കൂടി തുടർന്നും സേവനം തുടരാൻ ആവശ്യപ്പെടാൻ കഴിയുന്ന അനുച്ഛേദം 128 ഉപയോഗിച്ചായിരുന്നു ഇത്.  1952 മെയ് മാസം ഒറീസ്സാ ഗവർണറായി നിയമിതനാകുന്നതുവരെ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി തുടർന്നു. ഒറീസ്സാ ഗവർണർ ആയിരിക്കെ, 1954-ൽ, സംസ്ഥാന പുന:സംഘടനാ സമിതിയുടെ തലവനായിട്ടായിരുന്നു അടുത്ത നിയമനം. 1956- ൽ  പദ്മവിഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തെ പിന്നീട് വീണ്ടും ഗവർണർ പദവി നൽകി ആസാമിലേക്ക് അയച്ചു. അതായത് ഗവൺമെന്റിന് അനുകൂലമായി വിയോജന വിധിന്യായം എഴുതിയ ജഡ്ജി തുടർച്ചയായി സർക്കാർ പദവികളിൽ നിയമിതനാവുകയും അംഗീകാരങ്ങൾ ഏറ്റുവാങ്ങുകയുമുണ്ടായി; ഗവണ്മെന്റിനെതിരെ വിധി എഴുതിയ ജഡ്ജിയെ ചീഫ് ജസ്റ്റിസ് ആക്കാതിരിക്കാനുള്ള ശ്രമവും നടന്നു. 

അങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ആദ്യ ഭരണഘടനാ ഭേദഗതി, സുപ്രീംകോടതിയിലെ അനഭിലഷണീയമായ  ഇടപെടലുകൾ എന്നിവയെല്ലാം പ്രധാനമന്ത്രി നെഹ്രുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ അപമാനകരമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.  ഗവൺമെൻറുകൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെ വ്യാപകമായ തോതിൽ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്തു എന്നുമാത്രമല്ല, പ്രസ്തുത ഭരണഘടനാഭേദഗതി അവതരിപ്പിച്ചുകൊണ്ട് പാർലമെൻറിനകത്ത് താൻ തന്നെ വിമർശിച്ച, രാജ്യദ്രോഹക്കുറ്റം അഥവാ ഇന്ത്യൻ ശിക്ഷാനിയമം 124എ വകുപ്പ്, നീക്കം ചെയ്യാനും നെഹ്റു തയ്യാറായില്ല. ഈ വകുപ്പ് പിന്നീട് ചർച്ചയാകുന്നത് ബീഹാറിലെ ഫോർവേഡ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന കേദാർ നാഥ് സിംഗ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമ്പോഴാണ്.

കേദാർനാഥ് കേസ്

രാജ്യദ്രോഹത്തെക്കുറിച്ചുള്ള  ചർച്ചകൾ ഉയർന്നു വരുമ്പോഴെല്ലാം ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നത്  1962-ലെ കേദാർ നാഥ് കേസിലെ സുപ്രീംകോടതി വിധിയാണ്. 1953-ൽ, ബിഹാറിലെ ബഗുസുരായിയിൽ, കേദാർ നാഥ് സിംഗ് നടത്തിയ പ്രസംഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചേർത്ത് കേസെടുത്തത്. പ്രസംഗത്തിന്റെ പ്രസക്തഭാഗം താഴെ ചേർക്കുന്നു: 

“…ഇന്ന് സിബിഐയുടെ പട്ടികൾ ബറൗനിയിൽ കറങ്ങി നടക്കുന്നുണ്ട്. പല ഔദ്യോഗിക നായ്ക്കളും ഇവിടെയും വന്നിരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെ നമ്മൾ തുരത്തിയത് പോലെ ഈ കോൺഗ്രസ് ഗുണ്ടകളെയും തുരത്തേണ്ടതുണ്ട്… ഒരു വിപ്ലവമുണ്ടാവും എന്ന് തന്നെ നമ്മൾ വിശ്വസിക്കുന്നു. അതിൻ്റെ അഗ്നിയിൽ മുതലാളിമാരും ജന്മിമാരും കോൺഗ്രസ് നേതാക്കന്മാരും ഒരുപിടി ചാരമായി മാറും.  അവരുടെ ചാരത്തിന് മുകളിലായിരിക്കും നമ്മൾ ഇന്ത്യയിലെ ദരിദ്രരുടെയും പീഡിതരുടെയും ഭരണകൂടം പടുത്തുയർത്തുന്നത്.”

ഐ.പി.സി. 124എ, അതിന്റെ വാചികാർത്ഥത്തിലെടുത്താൽ, ഈ പ്രസംഗം രാജ്യദ്രോഹമാണ്. അതാണ് കൊളോണിയൽ നിയമപാരമ്പര്യവും. എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിന് കീഴിൽ ഭരണകൂടത്തിനെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കാൻ പൗരന് അവകാശമുണ്ട് എന്നായിരുന്നു കേദാർ നാഥിന്റെ നിലപാട്.അതുകൊണ്ടു തന്നെ,  കേദാർ നാഥ് സിംഗ്, ഐ.പി.സി. 124എ-യുടെ  ഭരണഘടനാ സാധുത സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. 1962-ൽ, ആ പ്രസംഗം ഒരു അക്രമാഹ്വാനമല്ല എന്നു കണ്ട്, സുപ്രീം കോടതി അദ്ദേഹത്തെ വെറുതെ വിട്ടു, എന്നിരുന്നാലും അതേവിധിയിൽ തന്നെ  124എ വകുപ്പിൻ്റെ ഭരണഘടനാപരത ശരിവക്കുകയും ചെയ്തു. അങ്ങനെയൊരു തീരുമാനത്തിലെത്താൻ രാജ്യദ്രോഹം എന്ന വകുപ്പിനെയാകെ പുനർനിർവചിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. യഥാർത്ഥത്തിൽ 1950-ലെ  രമേശ് ഥാപ്പർ വിധിയിൽ നിന്നുള്ള ഒരു പിൻനടത്തം ആണ് 1962-ൽ ഉണ്ടായത്. ഭരണഘടനയുടെ അനുച്ഛേദം 19(2)-ൽ നിന്ന് രാജ്യദ്രോഹം എന്ന വാക്ക് ഒഴിവാക്കിയത്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124 എ മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യവിരുദ്ധമായ ആശയത്തെ നിഷേധിക്കുന്നതിനും രാജ്യദ്രോഹം എന്ന കുറ്റത്തെ നിരാകരിക്കുന്നതിനും വേണ്ടിയാണ് എന്ന ശരിയായ ചരിത്ര വായനയാണ് 1950-ലെ കോടതിവിധിയിൽ പ്രതിഫലിച്ചിരുന്നതെങ്കിൽ, 124എ എന്ന വകുപ്പ് നിലനിർത്തുന്നതിനുവേണ്ടി ചരിത്രത്തെയും നിയമത്തെയും അതിനനുകൂലമായി വ്യാഖ്യാനിക്കുകയാണ് കേദാർനാഥ് കേസിൽ സുപ്രീംകോടതി ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് ഭുവനേശ്വർ പ്രസാദ് സിൻഹ ആണ് വിധിയെഴുതിയത്. രമേശ് ഥാപ്പർ കേസിൽ വിധിയെഴുതിയ ബെഞ്ചിലെയും അംഗമായിരുന്ന ജസ്റ്റിസ് എസ്. ആർ. ദാസ് പക്ഷേ ഇവിടെ വിയോജിപ്പ് രേഖപ്പെടുത്തിയില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. ജസ്റ്റിസുമാരായ എ കെ സർക്കാർ, എൻ രാജഗോപാല അയ്യങ്കാർ, ജെ ആർ മുധോൽകർ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ.

എന്തായാലും 124എ-യിൽ പറയുന്ന വളരെ വിപുലമായ അർത്ഥതലങ്ങളിൽ നിന്ന് രാജ്യദ്രോഹം എന്ന വകുപ്പ് പ്രയോഗിക്കാൻ കഴിയുന്ന സാഹചര്യങ്ങളെ വലിയതോതിൽ പരിമിതപ്പെടുത്തി എന്നുള്ളത് കേസിലെ ഒരു നേട്ടവുമാണ്. ഗവൺമെൻറിനെതിരെയുള്ള വിമർശനങ്ങളോ വിയോജിപ്പുകളോ അനാദരവോ ഭരണത്തിൽ ഇരിക്കുന്ന വ്യക്തികളോടുള്ള അനാദരവോ ഒന്നും രാജ്യദ്രോഹത്തിൻ്റെ പരിധിയിൽ വരില്ലയെന്നും  അക്രമത്തിനുള്ള ആഹ്വാനമാണ് കുറ്റകൃത്യത്തിൻ്റെ മാനദണ്ഡം എന്നും വന്നു. എന്നാൽ ‘പൊതു സമാധാനമോ പൊതു ക്രമമോ ഇല്ലാതാക്കുന്നതിനുള്ള, ഉദ്ദേശ്യമോ പ്രവണതയോ’ എന്ന വിധിയിലെ പ്രയോഗം അവ്യക്തതകൾ ബാക്കിയാക്കുന്നതാണ്. 

1995-ലെ ‘ബൽവന്ത് സിംഗ് കേസ്’ കേദാർനാഥ് വിധിയെ പിൻപറ്റി വന്നിട്ടുള്ള മറ്റൊരു തീരുമാനമാണ്. “ഖാലിസ്ഥാൻ സിന്ദാബാദ്! ഹിന്ദുസ്ഥാൻ മൂർദ്ദാബാദ്!” എന്നു മുദ്രാവാക്യം മുഴക്കിയതിൻ്റെ പേരിൽ രാജ്യദ്രോഹം ചാർത്തപ്പെട്ട  വ്യക്തികളുടെ അപ്പീലിൽ സുപ്രീംകോടതി അവരെ കുറ്റവിമുക്തരാക്കുകയും, ‘കേവലം മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമല്ല’ എന്ന് പ്രസ്താവിക്കുകയുമുണ്ടായി.

കേദാർനാഥ് വിധിയെ അതുണ്ടായ പ്രത്യേക കാലഘട്ടത്തിൽ നിന്നുകൊണ്ട് മനസ്സിലാക്കേണ്ടതാണ് എന്ന് തോന്നുന്നു. ഒന്ന്, രമേശ് ഥാപ്പർ കേസിലെ വിധി വരുന്നത് നമ്മുടെ ഭരണഘടന നിലവിൽ വന്നതിന് കേവലം ഒരു വർഷത്തിനു ശേഷംമാത്രമാണ്. ദേശീയപ്രസ്ഥാനവും ഭരണഘടനാനിർമ്മാണ പ്രക്രിയയുമൊക്കെ പൊതുബോധത്തിൽ സജീവമായി നിലനിന്നിരുന്ന സമയം.   അതിൽ നിന്നും വ്യത്യസ്തമായി സ്വാതന്ത്ര്യസമര പ്രസ്ഥാനം നേരിട്ടിരുന്ന രാഷ്ട്രീയ പരിതസ്ഥിതിയെക്കുറിച്ചുള്ള ബോധം പൊതുസമൂഹത്തിൽ നിന്നും  മാഞ്ഞു തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് കേദാർനാഥ് വിധി  ഉണ്ടായത്. രണ്ട്, മൗലികാവകാശങ്ങൾ ഇത്രമേൽ വിശാലമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന കാലത്തുള്ള വിധിയല്ലത്. മൗലികാവകാശങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളായി നീതിപീഠം കണക്കാക്കിയ എ.കെ. ഗോപാലൻ കേസിന്റെ കാലമാണ്. മൗലികാവകാശങ്ങൾ ഒറ്റപ്പെട്ട കമ്പാർട്ട്മെന്റുകൾ അല്ല എന്നും, അവയെല്ലാം പരസ്പരപൂരകങ്ങളാണെന്നും സുപ്രീംകോടതി വിലയിരുത്തിയ മനേക ഗാന്ധി കേസിനും, വ്യക്തിയുടെ സ്വയം നിർണയ അവകാശവും ഭരണകൂട നടപടികളുടെ ആനുപാതികത സംബന്ധിച്ചും നിർണായക നിലപാടുകൾ മുന്നോട്ടു വച്ച  പട്ടു സ്വാമിക്കും, മൗലികാവകാശങ്ങളുടെ വിശാലമാനങ്ങൾ അംഗീകരിക്കപ്പെട്ട നാസ് ഫൗണ്ടേഷൻ (സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമായി കണക്കാക്കിക്കൊണ്ടുള്ള ഐ.പി.സി. വകുപ്പ് 377 റദ്ദ് ചെയ്ത വിധി)  വിധിക്കും  ഒക്കെ മുന്നേയാണ്. ലോകരാജ്യങ്ങളിലെല്ലാം തന്നെ രാജ്യദ്രോഹക്കുറ്റം നിയമത്തിൽ നിന്ന് നീക്കം ചെയ്തു തുടങ്ങുന്നതിനും മുൻപാണ്. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിടുന്ന ഈ കാലഘട്ടത്തിൽ 124 എ പോലൊരു നിയമത്തിന് പ്രസക്തിയൊന്നുമില്ല. എങ്ങനെ പരിശോധിച്ചാലും തിരുത്തേണ്ട ഒരു തീരുമാനമായിരുന്നു 1962-ൽ കേദാർനാഥ് കേസിൽ സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഐപിസി 124എ-യുടെ ഭരണഘടനാ സാധുത പരിശോധിക്കുമ്പോൾ, ഇക്കാര്യങ്ങൾ കൂടി സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുമെന്ന് പ്രത്യാശിക്കാം. രാജ്യദ്രോഹം പോലെയുള്ള മർദ്ദക നിയമങ്ങൾ  ഇനിയും നിയമവ്യവസ്ഥയുടെ ഭാഗമായി തുടരുന്നത് ഏറെ പൊരുതി നേടിയ നമ്മുടെ ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്താനേ സഹായകമാകൂ; പ്രത്യേകിച്ചും ആധുനിക ഇന്ത്യയുടെ ശിൽപ്പികൾ ഉയർത്തിപ്പിടിച്ച ജ്ഞാനോദയ മൂല്യങ്ങളെയും, ഭരണഘടനാ ധാർമികതയെയും  അംഗീകരിക്കാൻ കൂട്ടാക്കാത്ത ഫാഷിസ്റ്റ് രാഷ്ട്രീയം അധികാരം കയ്യാളുന്ന കാലഘട്ടത്തിൽ.  

First published in DoolNews on 08 Feb 2022

LEAVE A REPLY

Please enter your comment!
Please enter your name here