ആത്മഹത്യ: മിത്തും യാഥാര്ത്ഥ്യവും

ജീവതത്തിലേക്ക് ഒരു ചുവട്

ആത്മഹത്യ എന്ന വാക്ക് നമ്മിലുണര്‍ത്തുന്നത് ഞെട്ടലും നൈരാശ്യവും മരണഭയവുമാണ്. എന്നിരുന്നാലും ഒന്നു തുറന്നു സംസാരിക്കാനായാല്‍, ഓരോ ആത്മഹത്യക്കും  പിന്നിലെയും കാരണങ്ങള്‍ നമുക്ക് കണ്ടെത്താനുംഒരുപക്ഷേ അവ തടയാനും കഴിഞ്ഞേക്കും. എന്നാല്‍, ആത്മഹത്യ സംബന്ധിച്ച കെട്ടുകഥകളും യഥാര്‍ത്യങ്ങളും  എന്തൊക്കെയാണ്? നമ്മുടെ പ്രിയപ്പെട്ടവരെ ആത്മഹത്യയില്‍ നിന്നും എങ്ങനെ രക്ഷിക്കാനാകും ? അവരെ ജീവിതത്തിന്റെ പ്രതീക്ഷകളിലേക്ക് എങ്ങനെ തിരികെ കൊണ്ടുവരാനാകും ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ലോക-മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ചുള്ള ഈ പ്രത്യേക ലേഖനത്തില്‍ വായിക്കാം.
മറാഠി ഭാഷയില്‍ മൃണാളിനി ഓക്ക് എഴുതിയ ലേഖനം(ഇംഗ്ലിഷ് പരിഭാഷ: സരിക കുല്‍ക്കര്‍ണി, മലയാളം: പി ബി ജീജീഷ്)

ആത്മഹത്യയെ, മനുഷ്യവംശത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന വലിയ സമൂഹ്യപ്രശ്നമായിട്ടാണു ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ആത്മഹത്യ അത് ചെയ്യുന്ന വ്യക്തിയുടെ മരണം മാത്രമല്ല ആ കുടുംബത്തിന്റെയാകേ ദുര്‍വിധിയായി മാറുന്നു. ഒരു വ്യക്തിയുടെ തീരുമാനത്തിന്റെ തുടര്‍ഫലങ്ങള്‍ അയാളുടെ കുടുംബം വഹിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യകള്‍ തടയുന്നതിനുള്ള പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.മാനസിക രോഗങ്ങള്‍ തടയുക, കണ്ടെത്തുക, ചികിത്സിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1948-ല്‍ രൂപീകൃതമായ് സംഘടനയാണ് ലോക മാനസികാരോഗ്യ ഫെഡറേഷന്‍ (ഡബ്ല്യു‌എം‌എച്ച്‌എഫ്).  പൊതുജനങ്ങളുടെ മാനസികവും വൈകാരികവുമായ പരിചരണവും സൌഖ്യവും സംഘടനയുടെ ലക്ഷ്യങ്ങളാണ്. 1992-ല്‍ സംഘടന ഡിസംബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി പ്രഖ്യാപിച്ചു. ഇത് പൊതുസമൂഹത്തില്‍ നിരവധി അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാന്‍ അംഗരാജ്യങ്ങള്‍ക്ക് അവസരമൊരുക്കുന്നു. ഈ വര്ഷം ലോക ആത്മഹത്യാ പ്രതിരോധ വര്‍ഷമായാണ് ആചരിക്കുന്നത്. “ആത്മഹത്യ തടയുന്നതിനായി ഒന്നിക്കുക” എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 8 ലക്ഷം പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. യുവാക്കളും കുട്ടികളും വരെ ഈ വഴി തെരഞ്ഞെടുക്കുന്നു എന്ന വസ്തുത ഉത്കണ്ഠജനകമാണ്. 15-നും 19-നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ പ്രധാന മരണഹേതു ആത്മഹത്യയാണ്‍ എന്ന് പഠനങ്ങള്‍ പറയുന്നു. അക്രമങ്ങള്‍, പരീക്ഷാപ്പേടി, പരാജയം, പ്രണയനഷ്ടം, ലൈംഗീക ചൂഷണം, സൈബര്‍ ലോകത്തെ പരിഹാസങ്ങളും ഭീഷണികളും ഇവയൊക്കെയാണ്‍  യുവതലമുറയെ വിഷാദക്കയങ്ങളിലേക്ക് തള്ളി വിടുന്നത്.ആത്മഹത്യ തടയല്‍ ഒരു ആഗോള വെല്ലുവിളിയാണ്, അതിനു കൂട്ടായ പരിശ്രമം ഉണ്ടായേ തീരൂ. ആത്മഹത്യ എന്ന ഒരൊറ്റ  തീരുമാനം ആ വ്യക്തിയുടെ ജീവിതമില്ലാതാക്കുക മാത്രമല്ല ആ കുടുംബത്തിന്റെയാകെ മനസികാരോഗ്യത്തെ ഗുരുതരമായി അപകടപ്പെടുത്തുന്നു. ഇത് വിരല്‍ ചൂണ്ടുന്നത് “ആത്മഹത്യ തടയുന്നതിനായി ഒന്നിക്കുക” എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തിയിലേക്കാണ്.  ഈ മുദ്രാവാക്യം, സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ മാനസിക ആരോഗ്യത്തിന് അര്‍ഹിക്കുന്ന പ്രധാന്യം നല്കാനും ആത്മഹത്യ തടയുന്നതിനെക്കുറിച്ച് ഗൌരവതാരമായി ചിന്തിക്കുവാനും അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നു. സമൂഹം ആത്മഹത്യയെ  ഒരു മാനക്കേട് ആയി കണക്കാക്കുന്നതുകൊണ്ടു തന്നെ അത് മറച്ചു വയ്ക്കാനുള്ള പ്രവണത എല്ലാക്കാലത്തും ഉണ്ട്. എന്നിരുന്നാലും ആത്മഹത്യപ്രവണതകള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടി നമ്മള്‍ അതേക്കുറിച്ച് തുറന്നു സംസാരിക്കേണ്ടതുണ്ട്.‘ആത്മഹത്യാ പ്രവണത’ സങ്കീര്‍ണമായ ഒരു സങ്കല്‍പ്പമാണ്‍. ഒരിയ്ക്കലും ജീവിതത്തിലെ ഒരു പ്രത്യേക സംഭവം ആയിരിക്കില്ല ആത്മഹത്യാപ്രവണതയ്ക്കുള്ള കരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പലപ്പോഴും, ജീവിതം അവസാനിപ്പിക്കുന്നതിന് മുന്‍പുള്ള അവസാന സംഭവം നേരത്തെതന്നെ തകര്‍ന്ന അവരുടെ മനസിന്നേല്‍ക്കുന്ന അവസാന പ്രഹരമായിരിക്കും. അനുദിനം ജീവിതത്തെ ദുരിതപൂര്‍ണം ആക്കിക്കൊണ്ട് കുന്നുകൂടുന്ന അനേകം അനുഭവങ്ങളുടെ ആത്യന്തിക ഫലമായിരിക്കും ആത്മഹത്യ. മരണത്തെ സ്വയം പുല്‍കാനുള്ള തീരുമാനമെടുക്കുന്നവരെല്ലാം ജീവിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ അല്ലെന്നു നമ്മള്‍ മനസിലാക്കണം. അവരുടേതായ പ്രശ്നങ്ങളില്‍ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്തവിധം അകപ്പെട്ട്, മരണം മാത്രമാണ് പരിഹാരം അല്ലെങ്കില്‍ രക്ഷ എന്നു കണ്ടവരായിരിക്കും അവര്‍. ആത്മഹത്യ  ചെയ്തവരുടെ കുടുംബാംഗങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കാറുണ്ട്.ഹതാശത, വേദന, മോഹഭംഗം, അങ്ങനെ നിരവധി ഋണാത്മക വികാരങ്ങളാല്‍ അടയാളപ്പെടുത്തുന്ന പദമാണ് ‘ആത്മഹത്യ’. ഞെട്ടിപ്പിക്കുന്ന ഒന്ന്. മരണത്തെ സംബന്ധിക്കുന്നതായതുകൊണ്ട് അതിനെ അഭിമുഖീകരിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ അതാമഹത്യയെക്കുറിച്ച് വളരെ കുറച്ചുമാത്രമാണ് സംസാരിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്യുക. അതുകൊണ്ട് ആത്മഹത്യ പ്രവണതയുടെ സൂചനകള്‍ നമ്മള്‍ കാണാതെ പോകുന്നു. ഇതേക്കുറിച്ച് ഒരുപാട് കെട്ടുകഥകള്‍ പരക്കുവാന്‍ ഇടയാക്കുന്നു. ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള അബദ്ധധാരണകള്‍ മനസിലാക്കി തിരുത്തേണ്ടതുണ്ട്.

മിത്ത് 1: ആത്മഹത്യയെക്കുറിച്ച് നിരന്തരം സംസാരിക്കുന്നവര്‍ അത് ചെയ്യില്ല …വസ്തുത: ആത്മഹത്യ ചെയ്യുന്ന പത്തില്‍ എട്ട് പേരും അതേക്കുറിച്ച് പല സൂചനകളും നല്‍കാറുണ്ട്. 
മിത്ത് 2: ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നതു ദുര്‍ബലരായ മനുഷ്യരുടെ മനസില്‍ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കും.വസ്തുത: ആത്മഹത്യയെക്കുറിച്ച് ചര്ച്ച ചെയ്യുന്നത് അതിനെക്കുറിച്ച് ആലോചിക്കുന്ന മനുഷ്യരെ സാന്ത്വനിപ്പിക്കുകയാണ് ചെയ്യുക. ആരെങ്കിലുമൊക്കെ അവരെ മനസിലാക്കുന്നുണ്ട് എന്നും അവരെക്കുറിച്ചു ശ്രദ്ധിക്കുന്നുണ്ട് എന്നും അവര്‍ക്ക് തോന്നുവാന്‍ ഇത് കാരണമായേക്കാം. സഹായത്തിന് വേണ്ടിയുള്ള അവരുടെ വിളിയ്ക്കു ഒരു മറുപടി ഉണ്ടാകും എന്ന ഒരു പ്രതീക്ഷ പകര്‍ന്നു നല്‍കലാകും ഇത്.
മിത്ത് 3: ഭീരുക്കള്‍ക്കുള്ള പാത തെരഞ്ഞെടുക്കുന്ന സ്വാര്‍ഥരായ മനുഷ്യരാണ്‍ ആത്മഹത്യ ചെയ്യുന്നത്.വസ്തുത: സഹനസീമകള്‍ക്കപ്പുറമുള്ള ദുരിതവും മനോവേദനയും അനുഭവിക്കുന്നവരാണ് ആത്മഹത്യ ചെയ്യുന്നത്.  നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളില്‍ പെട്ട് പോയതായി അനുഭവപ്പെടുന്ന അവര്‍ക്ക് യുക്തിപരമായി ചിന്തിക്കാന്‍ കഴിയില്ല. ആത്മഹത്യ അവര്‍ക്ക് ഒരു ‘തെരഞ്ഞെടുപ്പ്’ അല്ല അവസാന ആശ്രയമാണ്.
മിത്ത് 4: ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് വീണ്ടും അത് ചെയ്തു പൂര്‍ത്തിയാക്കാനുള്ള പ്രവണത ഉണ്ടാകും.വസ്തുത: നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള മാനസിക വ്യഥ അനുഭവിക്കുന്നവര്‍ ആണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. അസ്വസ്ഥമായ മനസാണ് അവരെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവരുടെ സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷിയെയാണ് അത് ബാധിക്കുന്നത് ജീവിതാസക്തിയെയല്ല. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് ശേഷവും ഒരാള്‍ക്ക് സന്തോഷകരവും ആരോഗ്യകരവും വിജയകരവുമായ ഒരു ജീവിതം നയിക്കാനാകും.
മിത്ത് 5: ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന മനുഷ്യര്‍ക്കൊക്കെ മാനസിക രോഗമുണ്ട്വസ്തുത: മാനസിക രോഗമുള്ള എല്ലാവരും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കാറില്ല എന്നും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവരെല്ലാം മനോരോഗികള്‍ അല്ല എന്നുമാണ്‍ പഠനങ്ങള്‍ തെളിയിക്കുന്നത്.
മിത്ത് 6: ആത്മഹത്യ അതി ധനികര്‍ക്കും അതി ദരിദ്രര്‍ക്കും ഇടയില്‍ മാത്രമുള്ള ഒരു പ്രതിഭാസമാണ്.വസ്തുത: ആത്മഹത്യാപ്രവണതയും സാമ്പത്തികനിലയും തമ്മില്‍ ബന്ധമൊന്നുമില്ല.
മിത്ത് 7: ആത്മഹത്യശ്രമത്തില്‍ പരാജയപ്പെട്ടവര്‍ നാണക്കേടും പശ്ചാത്തപവും മൂലം വീണ്ടുമൊരിക്കല്‍ കൂടി അതിനു ശ്രമിക്കില്ല.വസ്തുത: ആദ്യ ശ്രമത്തിന് ശേഷമുള്ള മൂന്നു മാസം വളരെ പ്രധാനമാണ്. വീണ്ടും ഒരു ശ്രമം നടത്തിയേക്കാം.
ആത്മഹത്യാപ്രവണതയുടെ ലക്ഷണങ്ങള്‍നീണ്ട കാലത്തെ ദുഖവും നിരാശയും. വളരെ ഗൌരവ സ്വഭാവത്തോടെയോ, ചിന്താമഗ്നനായോ മാത്രം കാണപ്പെടുക.  വിദ്യാഭ്യാസ രംഗത്തെ പരാജയം, ബന്ധങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ നഷ്ടം, ആക്സിഡന്‍റ് തുടങ്ങിയ ബാഹ്യ കാരണങ്ങളുമാകാം. 
ശ്രദ്ധിക്കേണ്ട സ്വഭാവ മാറ്റങ്ങള്‍ഒരു വ്യക്തി എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കാന്‍ ആരംഭിക്കുക, സാമൂഹിക ബന്ധങ്ങളില്‍ നിന്ന്  ഒഴിഞ്ഞു നില്‍ക്കുക, പണ്ട് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളില്‍ തല്‍പര്യം നഷ്ടപ്പെടുക, വേഷഭൂഷകളില്‍ ശ്രദ്ധ ചെലുത്താതിരിക്കുക, മദ്യപാനം, മയക്കുമരുന്ന്, അശ്രദ്ധ, അപകടകരമായ അല്ലെങ്കില്‍ സാഹസികമായ പെരുമാറ്റങ്ങള്‍, സ്വന്തം സുരക്ഷയില്‍ ശ്രദ്ധിക്കാതിരിക്കുക, എല്ലാവരോടും വിടപറയുന്നതുപോലെ ഉള്ള ഹൃസ്വദൂര പരിപാടികളില്‍ ശ്രദ്ധിയ്ക്കുക, വിലപിടിപ്പുള്ള സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്കുക, വില്‍പ്പത്രം എഴുതുക, ആത്മഹത്യാക്കുറിപ്പ് എഴുതുക എന്നിങ്ങനെ…
നമുക്ക് ആത്മഹത്യ തടയാനാകുമോ?            ജീവിതം അവസാനിപ്പിക്കണം എന്നു പറയുന്ന ഒരാളെ ഗൌരവമായി പരിഗണിക്കുക എന്നത് പ്രധാനമാണ്. ആത്മഹത്യാപ്രവണതയുടെ സൂചനകള്‍  കണ്ടെത്തി യഥാസമയം ഇടപെടേണ്ടത് അത്യാവശ്യമാണ്. പരിചയത്തിലുള്ള അര്‍ക്കെങ്കിലും ആത്മഹത്യപ്രവണത ഉണ്ടെന്ന് തോണിയാല്‍ അവരോടു അത് നേരിട്ടു ചോദിക്കേണ്ടതാണ്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് തന്നെ കേള്‍ക്കാന്‍ തയ്യാറുള്ള ഒരാളുടെയെങ്കിലും സാമീപ്യം അനിവാര്യമാണ്. അവരുടെ ഇരുണ്ട ചിന്തകളെക്കുറിച്ച് കേള്‍ക്കാന്‍ തയ്യാറായി, അവര്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ സൃഷ്ടിക്കേണ്ടതാണ്.
ആത്മഹത്യ ശ്രമത്തില്‍ നിന്ന് രക്ഷപെട്ടു വന്നവരുടെ മാനസികാവസ്ഥ.നിര്‍വികാരതയുടെ ഒരു ചെറിയ ഘട്ടത്തിന് ശേഷം അതാമഹത്യയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഒരു ആശയക്കുഴപ്പവും അവരോടു തന്നെ ദേഷ്യവും കുറ്റബോധവും ഒക്കെ ആയിരിയ്ക്കും. “ഇനി എന്തു?’ എന്ന ചോദ്യം അവരുടെ മനോ വേദനയ്ക്ക് ആക്കം കൂട്ടും. അങ്ങനെയൊരു ദുര്‍ബലഘട്ടത്തില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വലിയ അനുഗ്രഹമായിരിക്കും.  അങ്ങനെയുള്ള ഒരാള്‍ക്ക് നിരുപാധികമായ  പിന്തുണ നല്കുക പ്രധാനമാണ്‍. അവരോടു ദേഷ്യപ്പെടുകയോ കുറ്റപ്പെടുത്തുകയോ അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയോ ചെയ്യുന്നത് ഒന്നിന്നും പരിഹാരമാകില്ല.
ആത്മഹത്യ ചെയ്ത വ്യക്തിയുടെ കുടുംബാംഗങ്ങളുടെ മനോനിലഏറെ പ്രിയപ്പെട്ട ഒരാളെ ഒരു ആക്സിഡന്‍റില്‍ നഷ്പ്പെടുന്നതുപോലെ തന്നെ വേണ്ടപ്പെട്ട ആത്മഹത്യയും  ഞെട്ടിപ്പിക്കുന്നതും, അവിശ്വസനീയവും, ഹൃദയഭേദകവും ആയിരിയ്ക്കും. “ഒരു പക്ഷേ അയാള്‍ക്ക് ഞാന്‍ വേണ്ടത്ര സ്നേഹമോ പരിഗണനയോ നല്‍കിയില്ലായിരുന്നിരിക്കാം. തെറ്റ് എന്റേതായിരിക്കാം” എന്ന തരത്തില്‍ ഉള്ള ഒരു കുറ്റബോധമോ പരാജയബോധമോ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായേക്കാം. മരിച്ച ആളോടു ദേഷ്യവും തോന്നാം. ആകെ ആശയക്കുഴപ്പത്തിലായിരിക്കും അവര്‍; അസ്വസ്ഥരും. ഈ സമയത്ത് ആണ് നഷ്ടം സംഭവിച്ച ദുഖിതരായ കുടുംബാംഗങ്ങള്‍ക്ക് വൈകാരിക പിന്തുണ ആവശ്യമായി വരിക; അവരുടെ ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരാളെ. അവരെ വെറുതെ ഉപദേശിക്കാതെ, പിന്തുണയും സഹായവും നല്‍കുന്ന ഒരാളെ. നമ്മുടെ സമൂഹത്തില്‍ ഈയൊരു ഇടവും പിന്തുണയും നല്‍കുന്നത് വളരെ പ്രധാനമായ കാര്യമാണ്. അത് നല്കാന്‍ നമുക്ക് കഴിയും, നല്‍കിയേ മതിയാകൂ.
ഹെല്പ് ലൈന്‍ നമ്പര്‍: 8422984628/29/30(എല്ലാ ദിവസവും ഉച്ചകഴിഞ്ഞു  3-മുതല്‍ രാത്രി 9 മണി വരെ)Samaeitans.helpline@gmail.comTalk2samaritans@gmail.com
www.samaritansmumbai.com

LEAVE A REPLY

Please enter your comment!
Please enter your name here