34 ജഡ്ജിമാരുള്ള ഇന്ത്യൻ സുപ്രീംകോടതിയിൽ ചെറു ബഞ്ചുകളുടെ ബാഹുല്യം നീതിന്യായ സംവിധാനത്തിന്റെ സ്ഥിരതയെയും അന്തിമ സ്വഭാവത്തെയും ബാധിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഭൂമിയേറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വ്യവഹാരങ്ങൾ. ഒരേ നിയമത്തിൽ സുപ്രീംകോടതിയുടെ വ്യത്യസ്ത മൂന്നംഗ ബെഞ്ചുകൾ രണ്ടുതരത്തിൽ വ്യാഖ്യാനിക്കുന്നു. ആദ്യത്തേത് കർഷക പക്ഷത്തുനിന്ന് രണ്ടാമത്തേത് കോർപ്പറേറ്റ് അനുകൂലം. രണ്ടാമത്തെ വ്യാഖ്യാനം നടത്തിയ ന്യായാധിപൻ ആദ്യം രണ്ടംഗ ബഞ്ചിനും പിന്നീട് മൂന്ന് അംഗ ബെഞ്ചിനും പിന്നീട് രൂപീകരിച്ച ഭരണഘടനാ ബെഞ്ചിനും നേതൃത്വംനൽകുന്നു. അദ്ദേഹത്തെ മാറ്റണം എന്ന ആവശ്യം ഉയർന്നുവരുന്നു. അദ്ദേഹം വഴങ്ങുന്നില്ല. ഒടുവിൽ അദ്ദേഹത്തിന്റെ വ്യാഖ്യാനം തന്നെ ശരി എന്ന അന്തിമ വിധിയും വരുന്നു. സ്ഥലമേറ്റെടുക്കൽ-നഷ്ടപരിഹാരം സംബന്ധിച്ച നിയമത്തിലെ സെക്ഷൻ 24(2) സംബന്ധിച്ച കേസ് പരമോന്നത നീതിപീഠത്തിന്റെ സമീപകാല ചരിത്രത്തിന്റെ പരിച്ഛേദമാണ്.
യു.പി.എ. ഗവണ്മെന്റിന്റെ ഏറ്റവും ജനകീയമായ നടപടികളിൽ ഒന്നായിരുന്നു സ്ഥലമേറ്റെടുക്കലും നഷ്ടപരിഹാരവും സംബന്ധിച്ച നിയമം. (Land Acquisition and Resettlement Act 2013 ) . ഇത് അനുസരിച്ച് ഏതെങ്കിലും ഒരു പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് 5 വർഷത്തിനുള്ളിൽ സ്ഥലം ഭൗതീകമായി ഏറ്റെടുക്കുകയോ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്യാതിരുന്നാൽ പ്രസ്തുത നടപടികൾ റദ്ദാകും.
പതിറ്റാണ്ടുകളായി പല പ്രോജക്ടുകളുടെയും പേരിൽ ഭൂമി നഷ്ടപ്പെടുകയും എന്നാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതിരിക്കുകയും ചെയ്ത സാധാരണ മനുഷ്യർക്ക് ഒരു അനുഗ്രഹമായിരുന്നു ഈ നിയമം. രാജ്യത്തെ വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയിൽ ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ചും നിയമത്തെ കർഷകസൗഹൃദമായ തരത്തിൽ വ്യാഖ്യാനിച്ചു.
എന്നാൽ മോഡി ഗവണ്മെന്റ് അധികാരത്തിൽ വന്നതോടെ ഈ നിയമത്തിൽ വെള്ളം ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. കോർപ്പറേറ്റുകളും ഗവണ്മെന്റും ഒരേപോലെ ഇതിനെ ഒരു അസൗകര്യമായി കാണാൻ തുടങ്ങി. നിയമം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും പ്രതിഷേധത്തെത്തുടർന്നു നിയമം ആക്കാനായില്ല. അങ്ങനെയിരിക്കെയാണ് നിയമം സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു കേസ് ഗുജറാത്ത് ഹൈക്കോടതിയിൽ എത്തുന്നത്. 2005-ൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് ഇതുവരെ എങ്ങും എത്താതെപോയ പദ്ധതിക്ക് സ്ഥലം കൊടുക്കേണ്ടിയിരുന്ന കർഷകർ ആണ് സ്ഥലം വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചത്.
ഇതു സംബന്ധിച്ച് 2014 -ൽ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ vs ഹാരിക്ചന്ദ് മിശ്രിവാൾ സോളങ്കി കേസിൽ സുപ്രീംകോടതിയുടെ, ജസ്റ്റിസുമാരായ ആർ. എം. ലോധ, ആർ. എം. ലോകുർ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചിന്റെ വിധി ഉണ്ടായിരുന്നു. കർഷകരുടെ സ്വന്തം അകൗണ്ടിലോ അല്ലെങ്കിൽ അവർക്ക് ഇപ്പോൾ വേണമെങ്കിലും പലിശ സഹിതം പിൻവലിക്കാൻ കഴിയുന്ന തരത്തിൽ കോടതിയിലോ നഷ്ടപരിഹാര തുക നിക്ഷേപിക്കേണ്ടതുണ്ട് എന്നായിരുന്നു വിധി. ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം കർഷകന് നഷ്ടപരിഹാരം നൽകിയതായി കണക്കാനാകില്ല എന്ന് കോടതി പറഞ്ഞു.
റിലയൻസിന്റെ കേസ് കോടതിയിൽ നിൽക്കുമ്പോഴാണ് മോഡി ഗവണ്മെന്റ് ഓർഡിനൻസ് കൊണ്ടുവരുന്നത്. പണം കർഷകർക്ക് നൽകേണ്ട, ഏതെങ്കിലും നിയതമായ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതി എന്നായിരുന്നു ഭേദഗതി. (റിലയൻസ് തുക സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. മറ്റു നടപടികൾ പൂർത്തിയാക്കി തുക കർഷകർക്ക് നൽകി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നില്ല). ഓർഡിനൻസ് പക്ഷെ ലാപ്സായി. കടുത്ത എതിർപ്പ് മൂലം പാർലമെന്റിൽ നിയമം കൊണ്ടുവരാനുമായില്ല.
റിലയൻസ് ഇതേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയിൽ ഉന്നയിച്ചു. സ്ഥലം ഏറ്റെടുക്കൽ സർക്കാരിന്റെ പണിയാണ് എന്നും തങ്ങൾ തുക സർക്കാരിൽ അടച്ചിട്ടുള്ളതുകൊണ്ട് സ്വകാര്യ കമ്പനി എന്ന നിലയ്ക്ക് ഇതിൽ ഇനി ബാധ്യതകൾ ഒന്നുമില്ല എന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. കർഷകർ സുപ്രീംകോടതിയെ സമീപിച്ചു. കേസ് വന്നത് ജസ്റ്റിസ് അരുൺ മിശ്രയും അമിതാവ് റോയിയും ഉള്ള 2 അംഗ ബഞ്ചിൽ. 2014-ലെ വിധിയിൽ സംശയം പ്രകടിപ്പിച്ച ബഞ്ച് കേസ് 3 അംഗ ബഞ്ചിനു വിട്ടു. ആ ബെഞ്ചും ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിൽ ആയിരുന്നു. ഇൻഡോർ ഡവലപ്മെന്റ് അതോറിറ്റി vs ശൈലിന്ദ്ര കേസിൽ ജസ്റ്റിൽ മിശ്രയും ജസ്റ്റിസ് ഗോയലും എഴുതിയ ഭൂരിപക്ഷ വിധി 2014-ലെ വിധി തെറ്റാണ് എന്ന് വിലയിരുത്തി. അദ്ദേഹം തന്നെ നേതൃത്വം നൽകിയ 3 അംഗ ബഞ്ച് ഭൂവുടമകൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ട് അത് അവർ സ്വീകരിക്കാത്തത് ആണെങ്കിൽ നടപടികൾ റദ്ദാകില്ല എന്നു വിധിച്ചു. മോഡി ഗവണ്മെന്റ് കൊണ്ടുവന്ന ഓർഡിനൻസിലെ അതേ വാഗ്ദാനമായിരുന്നു ജസ്റ്റിസ് മിശ്രയുടേതും. എന്നാൽ ജസ്റ്റിസ് എം.എം. ശാന്തന ഗൗഡർ വിയോജിച്ചു. ഒരേ ആൾബലമുള്ള ബഞ്ചിന്റെ വിധി റദ്ദാക്കുവാൻ കഴിയില്ല എന്ന ശരിയായ നിലപാടെടുത്തു.
ഇത് റിലയൻസിന് അനുകൂലമാകുമായിരുന്നു, പക്ഷെ മറ്റൊരു കേസിൽ ജസ്റ്റിസ് ലോകുർ കുര്യൻജോസഫ് ദീപക്ഗുപ്ത എന്നിവരുടെ ബഞ്ച്, മേൽപ്പറഞ്ഞ വിധി സ്റ്റേ ചെയ്തു. കർഷകർക്ക് അനുകൂലമായ ആദ്യ വിധി പറഞ്ഞ ബഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ലോകുറും കുര്യൻജോസഫും. ഒരു മൂന്നംഗ ബഞ്ചിന്റെ വിധി മറ്റൊരു മൂന്നംഗ ബഞ്ച് റദ്ദു ചെയ്യുന്നത് ശരിയല്ല എന്നും, അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ, കേസ് മറ്റൊരു വലിയ ബഞ്ച് പരിഗണിക്കേണ്ടതുണ്ട് എന്നുമുള്ള കൃത്യമായ നിയമ തത്വമാണ് അവർ സ്വീകരിച്ചത്. അങ്ങനെ കേസ് ഒരു ഭരണഘടനാ ബെഞ്ചിന് മുന്നിൽ എത്തുന്നു.
ഇനിയാണ് ട്വിസ്റ്റ്. ഈ ഭരണഘടനാ ബെഞ്ചും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിൽ ആണ്. തന്റെ തന്നെ വിധിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടുന്ന വിശാലബെഞ്ചിൽ ജസ്റ്റിസ് മിശ്ര വരുന്നതിനെക്കുറിച്ച് ആക്ഷേപം ഉയർന്നു. അദ്ദേഹം പിന്മാറണം എന്ന ആവശ്യം കോടതിയിൽ ഉയർന്നു. എന്നാൽ അതിൽ തെറ്റില്ല എന്ന നിലപാടിലായിരുന്നു ജസ്റ്റിസ് മിശ്ര. ചെറിയ ബെഞ്ചിൽ വിധി പറഞ്ഞ ന്യായാധിപൻ കേസ് വീണ്ടും പരിഗണിക്കുന്ന വിശാലബെഞ്ചിൽ അംഗമാകുന്നതിൽ തെറ്റില്ല എന്ന് ജസ്റ്റിസ് മിശ്രയുടെ ബഞ്ച് കഴിഞ്ഞ നവംബറിൽ വിധി എഴുതി. സുപ്രീംകോടതി വിവിധ ബഞ്ചുകളായി അല്ലാതെ ഒറ്റ കോടതിയായി വാദം കേട്ടിരുന്ന കാലത്തെ കീഴ് വഴക്കങ്ങളും അതേ രീതിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ചില വിദേശ കോടതികളുടെയും നടപടിക്രമങ്ങളും ചൂണ്ടി കാണിച്ചായിരുന്നു വിധി. എന്തായാലും ജസ്റ്റിസ് മിശ്രയുടെ വിധിയിന്മേൽ അദ്ദേഹം നയിക്കുന്ന ഭരണഘടനാബഞ്ചു തന്നെ വാദം കേൾക്കുന്ന മുൻപ് കേട്ടുകേൾവി ഇല്ലാത്ത നടപടിക്രമത്തിന് സുപ്രീംകോടതി സാക്ഷ്യം വഹിച്ചു. ആ കേസിൽ ആണ് ഇന്ന് വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.
Land Acquisition Act Section 24(2)-ലെ ‘ഓർ’ എന്ന വാക്ക് ‘ആൻഡ്’ എന്നു വായിക്കണം എന്നാണ് നിരീക്ഷണം. പ്രസ്തുത വകുപ്പ് പ്രകാരം 1894-ലെ നിയമപ്രകാരം സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ച് 5 വർഷത്തിനകം ഭൗതീകമായി സ്ഥലം ഏറ്റെടുക്കാതിരിക്കുകയോ നഷ്ടപരിഹാരം നല്കാതിരിക്കുകയോ ചെയ്‌താൽ സ്ഥലമെടുപ്പ് നടപടികൾ റദ്ദാകും. എന്നാൽ പുതിയ വ്യഖ്യാനത്തിലൂടെ സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം കൊടുക്കാതിരിക്കുകയും ചെയ്‌താൽ മാത്രമേ നടപടികൾ റദ്ദാകൂ. അതായത് സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം ഭൂവുടമയ്ക്ക് ലഭിക്കാതിരിക്കുകയും ചെയ്താലോ നഷ്ടപരിഹാരം ലഭിക്കുകയും ഭൂമിഏറ്റെടുക്കാൻ വൈകുകയും ചെയ്താലോ സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാകില്ല. അതുപോലെ തന്നെ നഷ്ടപരിഹാര തുക ഗവൺമെന്റിൽ ഒടുക്കിയാൽ മതിയാകില്ല, ഭൂവുടമയുടെ അക്കൗണ്ടിലോ കർഷകന് ഏതുസമയത്തും എടുക്കാൻ കഴിയുംവിധം കോടതിയിലോ നഷ്ടപരിഹാര തുക എത്തിയാൽ മാത്രമേ ഭൂവുടമയ്ക്ക് ലഭിച്ചു എന്ന് കണക്കാക്കാൻ കഴിയൂ എന്ന പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ വിധിയും ഫലത്തിൽ റദ്ദായിരിക്കുന്നു.
വിവിധ പദ്ധതികളുടെ പേരിൽ ഭൂമി നഷ്ടപ്പെടുകയും, വർഷങ്ങൾക്ക് ശേഷവും ഏറ്റെടുക്കൽ നടപടികളോ നഷ്ടപരിഹാരവിതരണമോ പൂർത്തിയാകാതെ ദുരിതത്തിലായ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു 2014ലെ ഈ നിയമം. രാജ്യത്തെ വിവിധ ഭരണഘടനാ കോടതികൾ ഈ നിയമത്തിന്റെ പരിധിക്കകത്ത് നിന്നുകൊണ്ട് കർഷകർക്ക് ആശ്വാസകരമാകുംവിധമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഗുജറാത്തിലെ റിലയൻസ് ഇന്സ്ടസ്ട്രീസിന്റെ കേസ് വന്നതോടുകൂടി ചിത്രമാകെ മാറുകയായിരുന്നു. നിയമത്തെ ഫലത്തിൽ റദ്ദാക്കാനുള്ള മോഡി സർക്കാരിന്റെ ശ്രമങ്ങൾ 2014ൽ കൊണ്ട് വന്ന ഓർഡിനൻസ് കാലാവധി കഴിഞ്ഞതോടെ അവസാനിച്ചതാണ്. പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിരോധം തീർത്തിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ പുതിയ വിധിയിലൂടെ വീണ്ടും സാഹചര്യങ്ങൾ മാറിയിരിക്കുന്നു. കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ മൂന്നംഗ ബഞ്ചിന്റെ വിധിയിൽ സംശയം പ്രകടിപ്പിച്ചത് ജസ്റ്റിസ് അരുൺ മിശ്രയുടെ രണ്ടംഗ ബെഞ്ച് ആണ്, തുടർന്ന് ഈ വിഷയം പരിശോധിച്ച് വിധി റദ്ദു ചെയ്തത് അദ്ദേഹം തന്നെ നേതൃത്വം നൽകിയ മൂന്നംഗ ബെഞ്ചാണ്, നിലവിലുള്ള ഒരു വിധിയിൽ സംശയം പ്രകടിപ്പിക്കുകയും അത് റദ്ദു ചെയ്യുകയും ചെയ്ത ജഡ്ജ് തന്നെ അതേ വിഷയം പിന്നീട് പരിശോധിക്കുന്ന വിശാലബഞ്ചിന്റെ ഭാഗമാകുന്നതിൽ തെറ്റില്ല (അതായത് അദ്ദേഹം ഈ കേസ് പരിശോധിക്കുന്നതിൽ തെറ്റില്ല എന്ന) വിധിച്ചതും അദ്ദേഹം തന്നെയാണ്, ഇപ്പോൾ ഇതാ ആ തീരുമാനം പരിശോധിച്ച് 2014-ലെ വിധി റദ്ദാക്കിയിരിക്കുന്നതും അദ്ദേഹം ഉൾപ്പെടുന്ന അഞ്ചംഗ ബെഞ്ച് തന്നെ. നിയമവ്യാഖ്യാനത്തിന്റെ കാര്യത്തിൽ മാത്രമല്ല സുപ്രീംകോടതി വിധികളുടെ അന്തിമത്വവും സ്ഥിരതയും നിലനിർത്തുവാൻ വേണ്ട മുൻകരുതലുകളും കീഴ് വഴക്കങ്ങളും സംബന്ധിച്ചും ഈ വിധി ദീർഘകാലം ചർച്ച ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
This article was first published in Madhyamam Daily on 09/03/2020